എഴുതിക്കടന്ന പുഴകള്‍.
14

കണ്ണീര്‍വീണു മുറിഞ്ഞ നിഴലുകള്‍

ത്രമേല്‍ മൃദുവായ ഒരു ജീവിതത്തെ അഭിസംബോധന ചെയ്യാന്‍ നമുക്ക് കൂട്ടക്ഷരങ്ങളെ ഉപയോഗിക്കേണ്ടിവരുന്നു എന്നതാണ് മലയാളി മനുഷ്യന്റെ ദുരന്തം എന്ന് ഞാന്‍ വ്യാകുലപ്പെടുന്നു. നോക്കൂ.... ഞാന്‍ നിങ്ങളോട് സംവദിക്കാന്‍വേണ്ടി ഉപയോഗിക്കാന്‍ ധൈര്യപ്പെട്ട ഒരു പ്രയോഗം! "വ്യാകുലപ്പെടുന്നു" എന്ന വാക്ക് ഒരു മലയാളി എങ്ങിനെയാണ്‌ സ്വന്തം ജീവിതത്തില്‍ അനുഭവിക്കുന്നത്. (എന്നിട്ടും അതൊരു മലയാള വാക്കുതന്നെയായി നിലനില്‍ക്കുന്നതങ്ങിനെയാണ്)  അതു ചിലപ്പോള്‍ നമ്മേ ബൈബിളിലേക്ക് കൂട്ടിക്കൊണ്ട് പോയേക്കാം. ഉപമകളോടുള്ള നമ്മുടെ സത്വരപ്രണയം ഇന്നും ഉപാധികളോടെ അംഗീകരിക്കുന്നുണ്ട് നമ്മുടെ വിശ്വാസപുസ്തകങ്ങള്‍. ഇപ്പോള്‍ എന്റെ മുന്‍പില്‍ വന്നുനിന്നു മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന ഒരു രൂപകമുണ്ട്. കഴിഞ്ഞയാഴ്ച മീനങ്ങാടിയില്‍ മരണംവരിച്ച ഒരു കര്‍ഷകന്‍. മരണംവരിച്ചു എന്ന് ഞാന്‍ സ്വരുകൂട്ടി ഉപയോഗിച്ചതുതന്നെയാണ്. ഒരു കര്‍ഷകനുമേല്‍ നാം എങ്ങിനെയാണ്‌ ആത്മഹത്യഎന്ന കുറ്റംചുമത്തുക. ജീവിതത്തിന് അവന്‍ തെരഞ്ഞെടുത്തത് ആത്മഹത്യാപരമായ ഒരു വഴിയാണ്. കൃഷി എന്ന് നാം മലയാളികള്‍ ഗൃഹാതുരമായി അതിനെ വിളിക്കും... 

       നോക്കൂ എന്തെന്തു വിപ്ലവാത്മകമായ വഴികളിലൂടെയാണ് അവന്‍ കടന്നുവന്നിരിക്കുന്നത്. വിത്ത്‌ സൂക്ഷിക്കാന്‍ ഇടമില്ലാതെ കരുതിയതിലധികവും കാലേക്കൂട്ടി മഴകൊണ്ട്‌ മുളച്ചുപൊങ്ങി, നമുക്കിതിനെ പാഴ് മുള എന്ന് പറയാനാവില്ല. അനുകൂല കാലാവസ്ഥയില്‍ പൊട്ടിമുളക്കുക എന്നതാണ് വിത്തിന്റെ പ്രകൃതിനിയമം. ആ പ്രകൃതിനിയമത്തെ സമയബന്ധിതമയി സാധൂകരിക്കുക എന്നതാണ് ഒരു കര്‍ഷകന്റെ ലക്ഷ്യബോധം. ഇവിടെ കാലംതെറ്റി മുളച്ചവിത്തുപോലെ കര്‍ഷകനും ഇരയാണ്. മാറിമാറി വന്നേക്കാവുന്ന ഉമ്മന്‍ ചാണ്ടി + വി എസ്‌ സര്‍ക്കാരുകള്‍ മലയാളികളെ രൂപീകരിച്ച സംസ്കരസമുച്ചയത്തില്‍ ഇരകളുടെ വവ്വാല്‍ ചിറകടിയൊച്ചകളില്ല..ഇപ്പോഴും പ്രിയ വായനക്കാരാ നീ അത്ഭുതംകൂറും ഇതെന്തൊരു പ്രയോഗമെന്ന്! " ഇരകളുടെ വവ്വാല്‍ ചിറകടിയൊച്ചകള്‍ "...വവ്വാലുകള്‍ അരൂപികളുടെ പ്രത്യയശാസ്ത്രചിഹ്നമല്ലേ എന്ന്. അതാണ് ഞാന്‍ പറഞ്ഞത്. കുലചിഹ്നങ്ങള്‍ നഷ്ടപ്പെട്ട ജീവിതഭാഷാശാസ്ത്രങ്ങളിലൂടെയാണ് നാം മിനുക്കമാര്‍ന്ന ഒരു ജീവിതം ഷോകേസ്സില്‍ ധ്യാനനിമഗ്നമാക്കി വെക്കുന്നത്. നോക്കൂ ജീസ്സസ്സിന്റെ ആ കുരിശുശില്‍പ്പം എന്ത് മനോഹരം ഒരു സ്പോട്ട് ലൈറ്റ് കൂടിയുണ്ടായിരുന്നെങ്കില്‍ എന്ന് നാം, അതിഥി വീട്ടില്‍വെച്ച് സഹൃദയനാകും. അന്നേരം ജീസസ് നമുക്ക് വെറുമൊരു ശില്‍പ്പം മാത്രമാണ്. ഒരു ജീവിതമോ, ഒരു ചോരത്തുള്ളിയോ അല്ല. ചോരത്തുള്ളിയില്‍ നിന്നുമാണ് നാം ഒരു സംസ്കാരത്തെ ആലേഖനം ചെയ്യേണ്ടതെന്ന് മറന്നു പോകുന്നു. അപ്പോഴും കൂട്ടക്ഷരങ്ങളുടെ പിന്‍ ബലത്തില്‍ നാം ഒരു ഗൃഹാതുരതയില്‍ അടയിരിക്കുന്നു. ഓര്‍ത്തു നോക്കൂ... ആ കര്‍ഷകന്‍ ആത്മഹത്യചെയ്യാന്‍ തീരുമാനിച്ച് അവന്റെ കൃഷിഭൂമിയില്‍ അവസാനമായി വിടവാങ്ങിയത് എന്തെന്തു വേദന കുടിച്ചാവണം... അവന്‍ മുളപ്പിച്ചു പോറ്റിയ ഏലതൈകളോട് അവന്‍ വിടവാങ്ങുന്നതിന്റെ ഭാഷ മലയാളമായിരിക്കുമോ.... സ്വന്തം മക്കളോടും, ഭാര്യയോടും പറയാന്‍ നിരക്കാത്ത എന്ത് സത്യവിശ്വാസമാണ് അവന്‍ അവന്റെ കുരുമുളക് ചെടികളോടും, വാനില പടര്‍പ്പുകളോടും പറഞ്ഞിരിക്കുക. അപ്പോള്‍ അതൊരു ലോകഭാഷയാണ്‌. ലോകദുരന്തവും.നമുക്ക് കൂട്ടക്ഷരങ്ങളെ വിസ്മരിക്കാന്‍ നേരമാകുന്നു.
                  
             പ്തിചെയ്യാനുള്ളതൊക്കെയും അധികാരത്തിന്റെ പിന്‍ബലത്തില്‍ നമുക്ക് നഷ്ടമാകുമ്പോള്‍ തൊടിയില്‍ മഞ്ഞുതുള്ളികളില്‍ വിഭ്രമിച്ചു കുരുമുളക് വള്ളികള്‍ അതിന്റെ കര്‍ഷകനെ കിനാവുകണ്ട്‌ സ്വയം ജാഗ്രത്താവുന്നു. ആ ജാഗ്രതയുടെ പിന്ബലത്തിലാണ് നമ്മുടെ പില്‍ക്കാല ജീവിതത്തെ ചരിത്രം രേഖപ്പെടുത്തുക. ചരിത്രത്തില്‍ തിരിച്ചറിഞ്ഞവനും, തിരിച്ചറിയപ്പെടാത്തവനും ഇല്ല...പുറമ്പോക്കില്‍ ഇരയും പിന്നെ രാജധാനിയില്‍ യജമാനനും മാത്രമേ ഉള്ളൂ...
           ട്ടുപോറ്റിയ മരക്കൊമ്പുകളില്‍ ജീവിതം ഒരു ഷോകേസിലെന്ന പോലെ തൂക്കിവെച്ചുകൊണ്ട് വയനാട്ടിലെയും പാലക്കാട്ടെയും ഇടുക്കിയിലെയും കര്‍ഷകര്‍ എന്തൊരു കാല്‍പ്പനിക വിടവാങ്ങലാണ് നടത്തിയിരിക്കുന്നത്. ഇതിനിടയിലൂടെയാണ്‌ തിരുമുല്‍പ്പാടിന്റെ ജനസമ്പര്‍ക്ക പരിപാടി എന്ന ജാലവിദ്യയുമായുള്ള പലായനം.

           ഴിഞ്ഞ രണ്ട്‌ ദിവസ്സമായി ഞാന്‍ എന്തൊരു ആഹ്ലാദത്തിലാണ് എന്റെ ദിവസങ്ങളെ തള്ളിവിട്ടത്... പ്രതീക്ഷ എന്നത് അവസാനത്തെ നിമിഷത്തിലും നാം പുലര്‍ത്തിപ്പോരേണ്ട ഒന്നാണെന്നാണ് ഹര്‍വിന്ദ ര്‍സിംഗ് എന്ന പഞ്ചാബി നമ്മോടു പറയുന്നത്. അത്രമാത്രം നിരാശയോടെ ആത്മഹത്യചെയ്യാനുള്ള സമയമായില്ലെന്നും അയാള്‍ നമ്മുടെ കര്‍ഷകരോട് പറഞ്ഞു വെക്കുന്നു. ചാവാന്‍ തീരുമാനിക്കുമ്പോള്‍ ഭരിക്കുന്നവന്റെ നെഞ്ചില്‍ ഒരു കത്തിമൂര്‍ച്ച ആഴ്ത്തിവെക്കാനുള്ള സൗകര്യം കേരളത്തില്‍ ലഭ്യമാണ്. അത് വരുന്ന തലമുറയോടുള്ള ഒരു പുണ്ണ്യമാകുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ സെക്യൂരിറ്റി എന്ന ആര്ഭാടമില്ലെങ്കില്‍ നമ്മുടെ എത്ര മന്ത്രിമാര്‍ ഇന്ന് ജീവിച്ചിരിക്കുമായിരുന്നു. ശരിയായ തീരുമാനങ്ങ ളെടുക്കുന്ന ഒരു മന്ത്രിയെ ആരെങ്കിലും ആക്രമിക്കുമോ? അപ്പോള്‍ തെറ്റായ തീരുമാനമെടുക്കാനുള്ള ലൈസെന്‍സ്സാണോ സെക്യൂരിറ്റി? 
     
       ക്ഷിണാഫ്രിക്കയിലെ ആ തീവണ്ടിമുറിയില്‍ വെച്ചുകിട്ടിയ ആദ്യത്തെ അടിയാണ് ഗാന്ധിയെ രൂപീകരിച്ചത്. ഒരളവോളം ഇന്ത്യയേയും.... പഞ്ചസാര, ഖനി, ഉരുക്ക് മുതലാളിമാര്‍ രൂപികരിക്കുന്ന കോണ്‍ഗ്രസ്സില്‍ നിന്നും നാം തിരുത്തലുകള്‍ പ്രതീക്ഷിക്കുന്നത് അബദ്ധമാണ്. ഈ അടി അവരില്‍ ഉളവാക്കുന്ന മാറ്റം, ഭയക്കാന്‍ പഠിക്കും എന്നത്  മാത്രമായിരിക്കും... ഭയം ചിലപ്പോള്‍ നേര്‍വഴിക്കു നടത്താന്‍ ചിലരെ പ്രാപ്തരാക്കിയേക്കാം. വാറിന് കിട്ടിയ അടിയില്‍ നിന്നും പാഠം പഠിക്കാനല്ല അതിനെ അപലപിക്കാനാണ് നമ്മുടെ സ്വന്തം സി.പി.എം പോലും പത്രക്കുറിപ്പിറക്കിയത്... നാളേ ഈ അടി പിണറായിക്ക് കിട്ടുമ്പോള്‍ ഉമ്മന്‍ അതിനെ തിരിച്ച് അപലപിക്കാനുള്ള ഒരു മുന്‍‌കൂര്‍ ജാമ്മ്യമാണെന്ന് തിരിച്ചറിഞ്ഞ് അതിനെ തള്ളിക്കളയുക.... കേരളത്തില്‍ ഈ അടി തുടങ്ങേണ്ടത് ആരോഗ്യസ്വാമി അടൂര്‍പ്രകാശില്‍ നിന്നു മാണെന്നാണ് എന്റെ അഭിപ്രായം. നാം വെറും സാധാരണ ജനത ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ ഇവന്മാരെയൊക്കെ തല്ലി.... പിന്നെയും തല്ലി നേരെയക്കുന്നത്. ആ ഒരവസ്സരത്തില്‍ എന്റെ വായനക്കാരാ നീ ആരെയാണ് ആദ്യം തല്ലുക.      (പാവം ജയലക്ഷ്മിയെ വെറുതെ വിട്ടേക്കുക, അത്  പൂരപ്പറമ്പില്‍ ആനയെകണ്ട് വഴിതെറ്റിപ്പോയ ഒരു അഞ്ചുവയസ്സുകാരിയാണ്. എന്നാലും അതിനേയും എല്ലാരും "മാഡം" എന്നാണ് വിളിക്കുന്നത്‌ )
        മുല്ലപ്പെരിയാറാണ് ഇന്നത്തെ നമ്മുടെ താരം.... ഇന്ന് പൊട്ടും നാളേ പൊട്ടും എന്ന് പറഞ്ഞു കൊതിപ്പിക്കാന്‍ തുടങ്ങിയിട്ടു നാളേറെയായി. വെള്ള മന്ത്രി ഔസേപ്പിന്റെ എഞ്ചുവടി പ്രകാരം മുപ്പതുലക്ഷം മല്ലൂസ്സാണ് ഇഹലോകവാസം വെടിയാന്‍ പോകുന്നത്. അതോര്‍ത്തിട്ടു ടിയാന് രാത്രിയില്‍ നിമ്മതിയില്ലത്രേ.. മന്ത്രിക്കസേരയേക്കാളും മുക്കിയം ഈ മല്ലൂസിന്റെ ജീവനാണെന്ന് ഇന്നലെ അതിയാന്‍ കാച്ചിക്കളഞ്ഞു. കെ.എം. മാണിക്കുഞ്ഞിനെപ്പോലെ അതു കേട്ടപ്പോള്‍ ഞാനും അന്ധാളിച്ചു. എന്തൊരു ഔസേപ്പാണ് നീ ഔസേപ്പേ എന്ന് നീട്ടി ഒരു പിന്തുണയും, ഇവനെ എത്രയും വേഗം കര്‍ത്താവില്‍ നിദ്രപ്രാപിപ്പിക്കണേ എന്നൊരു സ്തുതിയും ഞാന്‍ വെച്ചു കൊടുത്തു. ( കര്‍ത്താവിനു അങ്ങിനെ തന്നെ വേണം)

         മുപ്പതു ലക്ഷം മല്ലൂസ് വടിയാകുമെന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം അത്രയും തൊഴിലവസരങ്ങള്‍ കേരളത്തിലുണ്ടാവും എന്നാണ്. അത് ഒരുപക്ഷെ പരോക്ഷമായി ഒരു കോടിവരേയാവാം. വര്‍ഷങ്ങളായി മരുഭൂമികളില്‍ നരകിക്കുന്ന പ്രവാസികള്‍ ഇതിനെ ഒരു നല്ല അവസ്സരമായി കണക്കാക്കണം. മുല്ലപ്പെരിയാര്‍ ഇന്നോ നാളെയോ പൊട്ടുമെന്ന പ്രതീക്ഷയില്‍, ഇതേവരേ നിങ്ങള്‍ അനുഭവിക്കുന്ന മേലധികാരികളുടെ ആ മനുഷത്യരഹിതമായ ഇടപെടലുകളെ ധൈര്യമായി ചോദ്യം ചെയ്യാം.
വി. എസ്‌, പി.ടി തോമസ്‌, മുതല്‍ പേര്‍ നിരാഹാരമിരുന്നു രക്ഷിച്ചെടുത്തു കൊണ്ട് വരേണ്ട ഒന്നാണോ മുപ്പതുലക്ഷം മലയാളികളുടെ ജീവന്‍ ! അതു നാം ശരികളുടെ ഭാഗത്ത് മാത്രം നില്‍ക്കുമ്പോള്‍... ഈ ദുരന്തം നാം അനുഭവിക്കാന്‍ പോകുന്നത് കേരളത്തെ ഭരിക്കുന്നത്‌ ഇടതായാലും വലതായാലും ദേശീയ പാര്‍ട്ടികളാണെന്നത് കൊണ്ടാണ്. എഴുതിക്കൂട്ടാന്‍ നമ്മള്‍ ചെറിയവര്‍ക്ക് അസാധ്യമായത്ര ഭീകരമായ കളവ് കാണിച്ചിട്ടും ഡി. എം. കെ. അവസാന നിമിഷം വരേ, യു. പി. എ സര്‍ക്കാരിനെ പേടിപ്പിച്ചുനിര്‍ത്താന്‍ കഴിഞ്ഞതിന്റെ ഒരു ശതമാനമെങ്കിലും മുപ്പതുലക്ഷം ജനതയുടെ ജീവിതപ്രസ്നത്തിനുമേല്‍ നമുക്ക് പിടിച്ചു നില്‍ക്കാനാവാത്തതെന്തു കൊണ്ടാണ്? ഉമ്മന്‍, മലയാളിയോടുള്ള പിരിശം കാണിക്കേണ്ടത് ഈ അവസരത്തില്‍ ഇന്ത്യന്‍ കോണ്ഗ്രസ്സില്‍ നിന്നും വേര്‍പെട്ടുകൊണ്ടാണ്. പിണറായി ആത്മാര്‍ത്ഥത കാണിക്കേണ്ടത്, കാരാട്ടില്‍ നിന്നും വേര്‍പെട്ടു കൊണ്ടാണ്. നമുക്ക് ചെറിയ രാഷ്ട്രീയ ബോധത്തിന്റെ ആവശ്യമേയുള്ളൂ. ഭീരുക്കള്‍ ഗള്‍ഫിലേക്ക് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു കൊള്ളും! അവര്‍ കേരളത്തെ പതിവുപോലെ ജീവിപ്പിച്ചുകൊള്ളും. മുപ്പതു ലക്ഷം പേര്‍ മരിച്ചേക്കാവുന്ന ഒരു ദുരന്തത്തെ മുന്നില്‍കണ്ട് നാം എന്തൊക്കെ മുന്കരുതലുകളാണ് ചെയ്തത്. ചാനലുകളില്‍ മറിമാറി നമ്മുടെ നേതാക്കന്മാര്‍ ശര്ദിക്കുന്നതൊഴികെ... മുപ്പതു ലക്ഷം പേരെ മാറ്റിപാര്‍പ്പിക്കുക എന്നത് സ്വപ്നത്തില്‍പോലും സാധ്യമല്ല എന്നിരിക്കെ നമുക്ക് പ്രാര്‍ത്ഥിക്കുക എന്നതല്ലാതെ..... അച്യുതം കേശവം രാമനാരയണം... കൃഷ്ണദാമോദരം വാസുദേവം ഭജേ...  

            ഞാന്‍ പറഞ്ഞു തുടങ്ങിയത് വയനാട്ടിലെ ആത്മഹത്യചെയ്ത കര്‍ഷകനില്‍ നിന്നാണ്. ഇരകള്‍, എഴുതുന്നവനെ എന്നും മത്തുപിടിപ്പിച്ചിട്ടേയുള്ളൂ. എന്നാല്‍ ഈ കുറിപ്പിലെ ഒടുവിലത്തെ ഖണ്ഡികയില്‍ പരാമര്‍ശിക്കപ്പെടാന്‍ മാത്രം എഴുപതുവയസ്സിനുമേലെ ജീവിച്ചിരിക്കുന്ന ഒരാളുണ്ട് ഇന്ത്യയില്‍. പേര് പഞ്ഞാല്‍ നിങ്ങളില്‍ എത്ര പേരറിയുമെന്ന് എനിക്കറിയില്ല. എങ്കിലും ഞാനാവിശുദ്ധ നാമം കുറിക്കുന്നു  " മന്‍മോഹന്‍ സിംഗ് ". യുവരാജാവ്  പ്രായപൂര്‍ത്തി യാവുമ്പോള്‍ കൊല്ലപ്പെടാനുള്ള ഒരു സസ്യഭുക്ക് ! അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കൂ..... മരണം ഒരു ഭാരത്തിന്റെ ആള്‍മാറാട്ടം നടത്തി മറഞ്ഞിരിക്കുന്നത് കാണാം. പറയുമ്പോള്‍ വാക്കുകള്‍ വിറച്ചുപോകുന്നത് കാണാം. അദ്ദേഹത്തിന്റെ മരണശേഷം, ലാല്‍ ബഹദ്രൂര്‍ ശാസ്ത്രിയുടെതുപോലെ, സുഭാഷ്‌ ചന്ദ്രബോസ്സിന്റെ തുപോലെ, ഒരു അവ്യക്തത ഇന്ത്യന്‍ ചരിത്രം പില്‍ക്കാ ലം പഠിക്കുന്നവനെ പൊതിഞ്ഞു നില്‍ക്കും. പക്ഷെ നമുക്കെല്ലാം അറിയാം.. കാരണം നാം ചരിത്രം പഠിക്കുകയാണെന്ന വ്യാജേന ചരിത്രത്തില്‍ ജീവിക്കു കയാണ്. ക്ലാസ്സ് മുറിയില്‍ ഒരു തവണപോലും നമ്മുടെ ഹാജര്‍ വിളിക്കുന്നില്ലെങ്കില്‍ പോലും ! 
               
         കര്‍ന്നു പോകുന്ന കിംഗ്‌ഫിഷര്‍ വിമാനത്തെ രക്ഷിക്കാന്‍ രവിമുതലാളി പുറപ്പെടുവിച്ച കല്‍പ്പന നോക്കൂ... ബാങ്കുകളും, സംസ്ഥാനങ്ങളും വിജയ്‌ മല്യ  എന്ന പാവത്തിനെ രക്ഷിക്കാന്‍ ഇളവുകള്‍ അനുവദിക്കണം! കടംപെരുകി അയല്‍പക്കങ്ങള്‍  ആത്മഹത്യ ചെയ്യുമ്പോളാണ് രവി മുതലാളിയുടെ ഈ കട്ടായം. ഒറ്റക്ക് കിട്ടിയാല്‍ പ്രിയവായനക്കാരാ നീ........
ഈ കുത്തുകളെ  നിങ്ങള്‍ക്ക് പൂരിപ്പിക്കാം.
   
      രു കേരളാ എയര്‍ വൈസ്സിനെപ്പറ്റി ഉമ്മന്‍ സദാചാര പ്രസംഗം നടത്തിയിരുന്നു പണ്ട്, പ്രവാസ്സികളുടെ കണ്ണില്‍ പൊടിയിടാന്‍. ഇന്ന് അതിന്റെ സ്ഥിതിയെന്താണ്. രവി മുതലാളി വ്യോമയാനം ഭരിക്കു മ്പോള്‍ ലാഭവിഹിതത്തിന്റെ ഒരു പങ്ക് അതിയാനും ഓഫര്‍ ചെയ്‌താല്‍ നേടിയെടുക്കാവുന്നതേയുള്ളൂവല്ലോ... കൌപീനത്തില്‍ ഉറുമ്പുകയറിയ രാജാവിന്‌ ഇതിനൊ ക്കെ നേരംതികയുമോ ആവോ!
            
              മീപകാല വര്‍ത്തമാനത്തില്‍ കൈപ്പത്തിക്ക് ആത്മാര്‍ഥമായി വോട്ട് ചെയ്ത ഒരേഒരാള്‍ ഹര്‍വിന്ദര്‍സിംഗ് മാത്രമാണ്. ഹര്‍വിന്ദര്‍ സിംഗിനെ നാളെ കോടതി എങ്ങിനെ ശിക്ഷിച്ചാലും ഇന്ത്യയിലെ നൂറ്റിമുപ്പതുകോടി ജനങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബ ത്തെ ഏറ്റെടുക്കേണ്ടതുണ്ട്. അതു നമുക്ക് നമ്മോടു ചെയ്യാന്‍ കഴിയാതെപോയ ചില ഉത്തരവാദിത്വങ്ങളുടെ കുമ്പസാരം കൂടിയാവണം. അല്ലെങ്കില്‍ ഇത്രയും മസിലുള്ള ഒരു മനുഷ്യന്‍, ശരത്പവാര്‍ എന്ന തീട്ടത്തിനെ തല്ലേണ്ടതില്ല. അതു സ്വന്തമായി മസ്സിലില്ലാത്ത മലയാളികള്‍ക്ക് കൂടിയുള്ള പിന്തുണയാണ്. ഈ അടിക്കുശേഷം മൈക്കിനു മുന്നില്‍ വന്നു നിന്നു ഗീര്‍വാണം പറഞ്ഞ പ്രണബ് മുഖര്‍ജി ആശങ്കപ്പെട്ടത്‌ രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്നാണ്.... "നിങ്ങള്‍ ശിഖണ്ടികളെല്ലാംകൂടി രാജ്യത്തെ എങ്ങോട്ടാണ് കൊണ്ട് പോകുന്നതെന്ന് "ഞങ്ങളാണ് ചോദിക്കേണ്ടത്‌.... കലികാലത്ത് ഇരകളുടെയും വേട്ടക്കരുടെയും ഡയലോഗുകളും പരസ്പരം മാറിപ്പോകുമോ ആവോ?          
ഒരുനാള്‍ എന്റെ നാട്ടിലെ ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍ നമ്മുടെ രാജാക്കന്മാര്‍ ചേദ്യംചെയ്യപ്പെടും എന്ന് എഴുതിവെച്ച സ്വപ്നജീവിക്ക് നമോവാകം.  

                                             

5

കൊമ്പ് കത്തിയിട്ടും മരം പറയുന്നു


           രിച്ചവരൊക്കെയും വിശുദ്ധരായി മാമോദീസമുങ്ങുന്ന ഒരു പ്രദേശമാണ് കേരളം. അവര്‍ക്ക് ഇനി സാധ്യത കളില്ലാത്തതിനാല്‍ നാം ചില സൌജന്യങ്ങള്‍ അനുവദിച്ചുകൊടുക്കുന്നതാണോ, അതോ മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ നിസ്സംഗത മുതലെടുത്ത്‌ ചില വികാരജീവികള്‍ വായില്‍ തോന്നുന്നത് വിളിച്ചുപറഞ്ഞു മരിച്ചവനെ പുണ്യാളനാക്കുന്നതാണോ....
ഈ കുറിപ്പിനാധാരം രണ്ട് പരേതാത്മാക്കളും ചത്തതിനൊക്കുമേ ജീവിക്കുന്നതും എന്ന അവസ്ഥയിലെത്തിയ ഒരു വയോവൃദ്ധനുമാണ്.

                   ഒന്നാം പരേതാത്മാവ് ടി. എം. ജേക്കബ്ബാണ്. ഏറണാകുളം ഒലിയാപുറത്ത് ടി. എസ്. മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റെയും മകനായി 1950 സെപ്തംബര്‍ 16 നാണ് ടി എം ജേക്കബ് ജനിച്ചത്. എന്ന് വെച്ചാല്‍ ഒരു ശരാശരി മലയാളിയുടെ ആയുസ്സ് വരെ ജീവിച്ച നേതാവ്.
അനുശോചനത്തിലും, മുഖപ്രസംഗത്തിലും പലരും പറഞ്ഞ ജലനയവും, പ്രിഡിഗ്രി ബോര്‍ഡു രൂപീകരണവുമൊക്കെ ജേക്കബല്ല ഏത് മന്ത്രിയാ യിരുന്നാലും സംഭവിക്കാവുന്ന കാര്യങ്ങള്‍ മാത്രം. അതല്ല ടിയാന്‍ തന്നെ കൊണ്ടുവന്നതാണെന്ന് വെക്കുക, ആദ്ധ്യാപകന്‍ പഠിപ്പിച്ചു എന്നോ, പോലീസുകാരന്‍ കേസ് തെളിയിച്ചു എന്നോ നമ്മളാരും ആഘോഷിക്കാറില്ലല്ലോ, കാരണമെന്താണ്? അതവരുടെ ജോലിയാണ്. പിന്നെന്തിന്നാണ് നമ്മളില്‍ നിന്നും വെട്ടിവിഴുങ്ങുന്ന നികുതിപ്പണം മന്ത്രിമാര്‍ക്ക് ശമ്പളമായും കിമ്പളമായും കൊടുക്കുന്നത്. പ്രീ ഡിഗ്രി ബോര്‍ഡിനെതിരെ പല്ലും നഖവും പറിച്ചുകാട്ടിയ ഇടതുപക്ഷംതന്നെ പിന്നീട്  അതിനെ സ്വാഗതം ചെയ്തതില്‍ നിന്നും നാം ഒന്ന് മനസ്സിലാക്കണം. അത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. കേരളത്തില്‍ നടക്കുന്ന ഓരോ വികസന പ്രക്രീയയും കാലഘട്ടത്തിന്റെ ആവശ്യം മാത്രമാണ്. അവിടെ ഭാവനാപൂര്‍ണ്ണമായ ഒരു പദ്ധതിക്കും സാധ്യതകളില്ല. ടി. എം. ജേക്കബല്ല ഞാനോ നിങ്ങളോ ആ കസേരയില്‍ കയറിയിരുന്നാലും കേരളത്തില്‍ ജലനയം വരുമായിരുന്നു. പ്രീഡിഗ്രി കോളേജില്‍ നിന്നും വേര്‍പെടുമായിരുന്നു. മുനീറിന്റെ എക്സ് പ്രസ് ഹൈവെ പോലും ഭാവനാപൂര്‍ണ്ണമായ ഒരു സാധ്യതയായിരുന്നില്ല അത് കൊണ്ടാണ് പ്രജകളുടെ കണ്ണില്‍ പൊടിയിടാനുള്ള ചില തന്ത്രങ്ങള്‍പറഞ്ഞു ഇടതുപക്ഷം അതിനെ കിഴക്ക് പടിഞ്ഞാറന്‍ കോറിഡോര്‍ എന്നോ മറ്റോ പുനര്‍ബലാല്‍സംഘംചെയ്തു അവതരിപ്പിക്കാന്‍ നിര്‍ബന്ധിതരായത്. അങ്ങിനെ കേരളത്തിലെ എല്ലാ വികസന പ്രക്രീയകളും കാലം ഭാരണാധി കാരികളുടെ ചെവിയില്‍ പിടിച്ചുചെയ്യിക്കുന്നത് മാത്രമാണ്. അത് കൊച്ചിന്‍ മെട്രോ ആയാല്‍ പോലും. 
 
                    പരേതനായി ചില്ല് കൂട്ടില്‍ കിടക്കുന്ന സര്‍ ടി. എം ജേക്കബ് എന്ന മുന്‍വിദ്യാഭ്യാസമന്ത്രി. എന്റെ ജീവിതത്തിലും പരോക്ഷമായി ചില ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവത്തേയും, നവോഥാന കാലഎഴുത്തുകാരെയും പറ്റിയുമൊക്കെ, വീണ്ടും പഠിക്കാന്‍ അവസരം ഉണ്ടാക്കിതന്നത് എനിക്ക് പരേതനാണ്. പ്രീ ഡിഗ്രീപഠനകാലത്ത്‌ പ്രീഡിഗ്രീ ബോര്‍ഡ് സമരത്തിന്റെ തീച്ചൂളയില്‍ എന്റെ ലോകചരിത്ര ഉത്തരപേപ്പര്‍ കാണാതാവുകയും വീണ്ടും ഞാന്‍ ആ പേപ്പര്‍ മറ്റു പലരെയും പോലെ എഴുതാന്‍ നിര്ബന്ധിതനാവുകയും ചെയ്യുകയായിരുന്നു. എന്നിട്ടും ഞാന്‍ ലോകചരിത്രത്തിലെവിടെയും കണ്ടില്ല, ജേക്കബിനെപ്പോലെ ഇത്രയും ഭീരുവായ ഒരു ഭരണാധികാരിയേ. ഒരു ഭരണാധികാരിയുടെ പേര്‍ സുവര്ണ്ണലിപികളില്‍ എഴുതിവെക്ക പ്പെ
ടേണ്ടത് അയാളുടെ ഇച്ചാശക്തി കൊണ്ടൊന്നു മാത്രമാണ്. അല്ലാതെ സ്കൂള്‍യുവജനോല്സവത്തിലെ സുവര്‍ണ്ണ ശില്‍പ്പത്തില്‍ അല്ല. അന്ന് നമുക്ക് അതൊക്കെ കാണിച്ചുതരാന്‍ ഒരു നേര്ച്ചക്കണ്ണുണ്ടായിരുന്നു. നവാബ് രാജേന്ദ്രന്റെ... ശല്യക്കാരനായി പ്രഖാപിക്കണം എന്ന് കോടതിയോട് പില്‍ക്കാലത്ത് ലീഡര്‍ ആവശ്യപ്പെട്ട മലയാളത്തിന്റെ തുറുകണ്ണ്. നവാബിന് ശേഷമാണ് നാം മലയാളികള്‍ കണ്ണുകള്‍ ഇത്രമാത്രം ഇറുകെ അടച്ചു ശീലിച്ചത്. 

               ടി. എം ജേക്കബ്.നമ്മുടെ ജനാധിപത്യ സംവിധാനത്തിന്, കൊട്ടാരത്തില്‍ നിന്നും കിട്ടാവുന്ന ഒടുവിലത്തെ ഇരയാണ്. ആ ഇര വീണതിന്റെ വേദന നിര്ദോഷികളായ നമ്മുടെ പ്രജകളും നിരവധി അര്‍ത്ഥങ്ങളില്‍ അനുഭവിക്കുന്നു. പതിയെ നമുക്ക് പരിശോധിക്കാം... പ്രിയ വായനക്കാരാ നീ എനിക്ക് കാവല്‍ നില്‍ക്കുക, കാരണം ഞാന്‍ അത്രമേല്‍ ദുര്‍ഘടമായ ഒരു കോട്ടയിലേക്കാണ് കയറുന്നത്. അറുപത്തൊന്നു വയസ്സും നിരന്തര രോഗങ്ങളുടെ തടവിലുമായ ഒരാള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാഹചര്യം എന്തായിരുന്നു ? ഈ മന്ത്രി സഭയില്‍ ടി.എം ജേക്കബ് ഒരു അഭിഭാജ്യ ഘടകമായിരുന്നുവോ ? ബി. പി. എല്‍. കാരന് എത്രകിലോ അരി കൊടുക്കണം എന്ന് തീരുമാനിക്കാന്‍, മന്ത്രിയായതിനു ശേഷമാത്രം തിരുവനന്തപുരം പോലുംകണ്ട മന്ത്രി ജയലക്ഷ്മിക്ക് പോലും കഴിയുമായിരുന്നില്ലേ ? ഇവിടെ പഴയ കേരളാ കൊണ്ഗ്രസ്സുകാരനൊക്കെ യും ഒന്നിച്ചുനില്‍ക്കുന്നു എന്ന തോന്നലുണ്ടാക്കുക കഴിഞ്ഞ തെരഞ്ഞെടു പ്പിലെ ഒരു തന്ത്രമായിരുന്നു എന്ന് നാം കാണണം, അതിന് ഉചിതമായ ബിംബങ്ങളെ കുഴിമാടത്തില്‍ നിന്നയാല്‍ പോലും കിളച്ചുകൊണ്ട് വരാന്‍ ക്രിസ്തീയസഭകള്‍ സന്നദ്ധമായിരുന്നു. തെരഞ്ഞെടുപ്പ് കാലത്തെ വിശ്രമമില്ലാത്ത അലച്ചില്‍, മന്ത്രയായതിനു ശേഷമുള്ള അമിത ജോലിഭാരം ഇവ ഇല്ലാതിരുന്നെങ്കില്‍ ജേക്കബ് ഇന്നും കുടുംബത്തില്‍ ഇരുന്നേനെ. ഈ അര്‍ത്ഥത്തില്‍ ടി. എം. ജേക്കബ് ഒരേ സമയം മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും രക്തസാക്ഷിയാണ്. ജനാധിപത്യത്തിന്റെയും എന്ന് പറയാമോ എന്നെനിക്കറിയില്ല. ഇത് ജേക്കബ് എന്ന രാജാവിന്റെ കാര്യം. പ്രജ എന്ന മലയാളിയുടെതോ?

                   
ക്ഷ്യമന്ത്രി അനാരോഗ്യം മൂലം സഭയില്‍ പലപ്പോഴും ഹാജരുണ്ടായിരുന്നില്ല. അദ്ദേഹം ലണ്ടനില്‍ചികിത്സയിലായിരുന്നു. കേരളത്തില്‍ റേഷന്‍ കടകളില്‍ അന്നേരവും കോരനും കുഞ്ഞിരാമനും അരിക്ക് ക്യൂ നില്‍ക്കുകയായിരുന്നു. എന്നിട്ടും, സന്ദര്‍ശക ഗ്യാലറിയില്‍ നിന്നൊരാള്‍ എം. എ. ബേബിയെ കൊഞ്ഞനം കാട്ടിയതിന്റെ പേരില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതിനേക്കാള്‍ വലിയ ഒരു  കലാപവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല ഇടതു പക്ഷത്തിനുപോലും! മൂന്ന് ദിവസമാണ് ടിയാന്റെ മരണഹേതുവായി നിയമസഭ എന്ന ചിന്നവീട് സ്തംഭിച്ചത്. ഇനി അടുത്ത തെരഞ്ഞെടുപ്പുവരെ അരി മന്ത്രിയുടെ വേക്കന്സിയും അവിടെ ഉണ്ട്. അടുത്ത പിറവം തെരഞ്ഞെടുപ്പിന്റെ വലിയ ചെലവ്.(ശോഭനാ ജോര്‍ജ് മുതല്‍ പേര്‍ ഇങ്ങോട്ടുള്ളവരുടെ സ്ഥാനാര്‍ത്ഥിത്വസാധ്യത പഠനങ്ങള്‍, ഏത് സ്ഥാനാര്‍ത്ഥിയെ വെച്ചാലാണ് ജേക്കബ് എന്ന പരേതന്‍ വോട്ടയിമാറുക എന്ന നിന്ദ്യമായ ഗണിതം, ഇതൊക്കെ നമ്മുടെ ജനാധിപത്യത്തിന്റെ സ്ഥിരസ്ഥായീ ഘടകങ്ങളാണ്. കൂട്ടത്തില്‍ ഞാനൊന്ന് നമസ്സു തുറന്നോട്ടെ, ശോഭനാ ജോര്‍ജിനാണ് എന്റെ വോട്ട്. ഡയറ്റു ശ്രദ്ധിക്കണം, പിന്നെ ശബ്ദത്തിലെ ആ ഷക്കീലത്തരം ഒരു കഴഞ്ചികൂടെ കൂട്ടണം. ഫ്രെണ്ട് ഓപ്പണ്‍ ബ്ലൌസ് ധരിച്ചാല്‍ ഉല്‍കൃഷ്ടം. മുടി അങ്ങിനെതന്നെ കോതിവെക്കാതെ ഇട്ടോള്ളൂ..ജയം ഉറപ്പ്.)       
      
                   കേവലം മെത്രാന്‍മാരുടെ ശുഷ്ക്കമായ ആലോചനാത്തെറ്റിന്റെ ഫലം അനുഭവിക്കാന്‍ പോകുന്നത് കേരളത്തിലെ മീന്പിടുത്തകരും, മരയാശാരികളും, മുതല്‍ ഇടതുപക്ഷ കോര്‍പ്പറേറ്റുകള്‍ വരെയാണ്. ജേക്കബ്ബിന്റെ മൃതശരീരത്തിനരികെനിന്ന മാണി മന്ത്രി എന്തൊരു അഭിനയമാണ് കാഴ്ചവെച്ചത്. "വളരെ ശ്രദ്ധിച്ച്.. സൂക്ഷിച്ച്... നാം അച്ഛന്റെ ശവംചുമക്കുന്ന മക്കളാണ് അത്യഭിനയത്തിലേക്ക് പെട്ടെന്ന് വീണു പോയേക്കാം" ഇത് എം. ടി. യുടെ വിലാപയാത്ര എന്ന നോവലിലെ വരികള്‍ ഓര്‍മ്മയില്‍ നിന്നും. മഹാന്‍മാര്‍ നമുക്കനുഭവിക്കേണ്ടുന്ന വ്യഥകള്‍ എന്നേ എഴുതിവെക്കുന്നു. അതു മാണിയുടെ കാര്യത്തിലെങ്കിലും ശരിയാണെന്ന് ജേക്കബിന്റെ വിലാപയാത്ര നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ ആറടി മണ്ണിനുവേണ്ടിയായിരുന്നുവോ എല്ലാം എന്ന് ജേക്കബ് എന്ന കേരളകോണ്ഗ്രസ്സുകാരനില്‍ തൊട്ടു മാണി എന്ന കേരളാകോഗ്രസ്സുകാരന് എന്തെങ്കിലും ശപഥം ചെയ്യാനുണ്ടെങ്കില്‍ അത് കേരളത്തിലെ ഭാവി തലമുറയ്ക്ക് ഉപകാരമാകും. അല്ലെങ്കില്‍ ഒരു മുന്നറിയിപ്പുണ്ട് നാളെ മാണിയുടെ മൃതപേടകത്തിനൊപ്പവും ഒരു ചെന്നായുണ്ടാവും ഇതേപോലെ അഭിനയം ഗംഭീരമാക്കാന്‍.                
 
     ഇനി അടുത്ത മരിപ്പിന്റെ കഥ.
      പൈപ്പ് ഗംഗാധരന്‍ എന്ന് എതിരാളികള്‍ വിളിച്ചു വേദനിപ്പിച്ച ഉല്‍കൃഷ്ട ഗംഗേട്ടന്‍ ചാക്കാല വിശേഷം. നല്ലവനായിരുന്നു എന്ന് അയല്‍വാസികള്‍ സാക്ഷ്യം. മോന്തയില്‍ തുപ്പിയാലും പരാതിയില്ല. വോട്ടുതന്നാല്‍ മതി എന്നൊരു അടിക്കുറിപ്പ് സ്ഥലകാലബോധമില്ലാതെ പറഞ്ഞുകളയും എന്ന് മാത്രം. പതിനെട്ടാം വയസ്സില്‍ മകളുടെ ഗര്‍ഭപാത്രം ഇരുപതു വയസ്സിനെക്കാളും  വികസ്സിച്ചിരിക്കും എന്ന പിതൃധാരണയില്‍
   വിവാഹം ചെയ്തയച്ചതില്‍ എനിക്കുമുണ്ട് കു"ണ്ടി"തം. മന്ത്രി എന്നത് ഒരു മകളുടെ രക്ഷാധിക്കാരി മാത്രമല്ല ഒരു സ്ടേറ്റിന്റെ മുഴുവന്‍ രക്ഷാധികാ രിയാണ്. നമ്മെളേക്കാലും ഭാവനാ സമൃദ്ധിയും, യുക്തിയും ഉണ്ടായിരിക്കെണ്ടയാള്‍. ഐസ് ക്രീം കേസ്സില്‍ കുഞ്ഞാലിക്കുട്ടിയെ വിചാരണചെയ്യണം എന്ന പ്രസ്താവന നടത്തി , പന്ത്രണ്ടു മണിക്കൂറിനകം അത്തരം ഒരു സാധ്യതയെ തള്ളിക്കളയണം എന്ന് പറഞ്ഞു കൂളിംഗ് ഗ്ലാസുവെച്ചു ചിരിച്ച ഗംഗധാരനെ എനിക്കോര്‍മ്മയുണ്ട്. തലേന്ന് അദ്ദേഹം കോഗ്രസ്സിലും, പിറ്റേന്ന് ഡി .ഐ. സി യിലുമായിരുന്നു. ആ വാര്‍ത്ത കേട്ട അന്നും, ഈ കുറിപ്പിടുന്ന ഇന്നും ഞാന്‍ നവാബ് എന്ന ആ നേര്ച്ചക്കണ്ണിനെ ഓര്‍ക്കുന്നു. ചത്തവരെല്ലാം വിശുദ്ധരല്ലെന്നും ഓര്‍ക്കുന്നു. നീ ഈ തെറ്റ് ചെയ്തു എന്ന് നമുക്ക് അവരുടെ കുഴിമാടത്തില്‍ നിന്നെങ്കിലും വിളിച്ചു പറയാനായില്ലെങ്കില്‍,പരേതര്‍ അതേ തെറ്റ് അടുത്ത ജന്മത്തിലും ആവര്‍ത്തിക്കും. അപ്പോള്‍  ഈ ജന്മത്തില്‍ നീ ശരിയായിരുന്നു എന്ന് നുണ  പറയുന്നവര്‍ പരതന്റെ ശത്രുമാത്രമാണ്.
   
                      എട്ടു വീട്ടില്‍പിള്ള എന്ന സംജ്ഞ കേട്ടനാള്‍  മുതല്‍ എന്റെ ചേതനയെ ആകമിച്ച ഒന്നായിരുന്നു അത്. എന്ത് കൊണ്ട് എന്നതിന്റെ ഉത്തരം തരുന്നു ഒരു കൊട്ടാരക്കരക്കാരന്‍ പിള്ള. പിള്ളക്ക് പേര്‍ ബാലകൃഷ്ണന്‍. ബാലകൃഷ്ണപ്പിള്ള എന്ന് മലയാളിയുടെ ജനാധിപത്യ തര്‍ജ്ജിമ. ചിലപ്പോള്‍ കുലപ്പേര് കൂട്ടിയേ നാം തിരിച്ചറിയൂ അത് കള്ളനായാല്‍ പോലും. ഒരു വര്ഷം കഠിനതടവെന്നത് കേവലം അറുപത്തോന്പതു ദിവസത്തെ തടവാണ് രാജക്കാന്‍ മാര്‍ക്കെന്നു ഉമ്മന്ച്ചണ്ടിയുടെ പരിഭാഷ. പിള്ളയുടെ കാര്യത്തിലെ ചില പ്രതികരണത്തിലേക്ക് പോകാം. വെള്ളാപ്പള്ളി പറയുന്നു "അയാള്‍ അത് അര്‍ഹിക്കുന്നു". സുകുമാരന്‍ നായര്‍ പറയുന്നു "അയാള്‍ അത് അര്‍ഹിക്കുന്നില്ല" ഇതില്‍ ഏതു ശരി എന്ന് നാം വെറും സാധാരണ മനുഷ്യര്‍ സങ്കോചിക്കുമ്പോള്‍ നമുക്ക് കഥപറയാനുള്ള എളുപ്പത്തിന് ഒരു സൂത്രധാരനെ വെക്കാം. സൂത്രധാരന്‍ പറയുന്നു ഇപ്പോള്‍ പിള്ള ഒരു ഈഴവനാണെന്ന് ( കഥയില്‍ ചോദ്യമില്ലെന്ന എഴ്ക്യൂസ് ഇന്നുമുണ്ടേ) അപ്പോള്‍ സൂമാരന്‍നായര്‍ പറഞ്ഞതൊക്കെ വെള്ളാപ്പള്ളി പറയും, വെള്ളാപ്പള്ളി പറഞ്ഞതൊക്കെ സൂമാരന്‍ നായരും പറയും.... ഇതേ കളി രാഷ്ട്രീയത്തിലും പ്രയോഗിക്കാവുന്നതാണ്..  പിള്ള എല്‍. ഡി. എഫിലാനെന്നു കരുതുക ഇന്നലെ വി. എസ് എന്ന നീതിആനന്തസ്വാമികള്‍ ഉരുവിടുന്നത് ഇന്ന് ശ്രീ ഉമ്മന്‍‌ചാണ്ടി സ്വരൂപാനന്ത ഉരുവിടും തിരിച്ചും. ഇനി നമുക്ക് സൂത്രധാരനെ ഒഴിവാക്കാം. കേരളം മനുഷ്യനെ മതമായും, രാഷ്ട്രീയമായും, മാത്രമേ വിശകലനം ചെയ്യുന്നുള്ളൂ. ഇനി ഒരു സ്വാതന്ത്ര്യ സമരംപോലും അപ്രാപ്യമായ സെറ്റപ്പിലാണ് ഉമ്മന്‍ചാണ്ടിയും, അച്ചുതാനന്തനും നമ്മുടെ കേരളത്തെ രൂപീകരിച്ചു നിലനിര്‍ത്തുന്നത്. വിമോചനത്തിനായുള്ള ഓരോ കുതിപ്പിനേയും ഇവര്‍ ലഷ്കര്‍ എന്നോ നക്സല്‍ എന്നോ പറഞ്ഞു തകര്‍ക്കും. അധികാരത്തിലിരുന്നവര്‍ക്കും, അധികാരം രുചിച്ചവര്‍ക്കും അതൊരു എളുപ്പവഴിയാണ്.അധികാരികള്‍ക്കും അധികാര മോഹികള്‍ക്കും ഇടയില്‍ നാം കേവലം അഞ്ചു വര്‍ഷത്തെ ഇടവേളകളെ നല്‍കുന്നുള്ളൂ. അപ്പോള്‍ മോഹഭംഗം കൊണ്ട് പോലും ഒരു വിപ്ലവസാധ്യത കേരളം സ്വപനം കാണുന്നില്ല. സ്വന്തം മകളുടെ ഗര്‍ഭപാത്രത്തിന്റെ വളര്‍ച്ച മനസ്സിലാക്കാത്ത ഗംഗാധരനും ചെയ്തതതാണ്. എന്നെങ്കിലും അതു വളര്ച്ചയിലെത്തി
ക്കോളും എന്ന സ്വപ്നം.

            ചായകുടിച്ച് തെളിഞ്ഞ കണ്ഠത്തില്‍ പ്രോജക്റ്റു വാര്ഡര്‍ അടുത്ത പേര് വിളിച്ചു." പശുപതി സിംഗ്.. ഉയരം നൂറ്റിയെഴുപത്. ഭാരം എഴുപത്തി അഞ്ച്. തടവുകാരില്‍ നിന്നും എഴുന്നേറ്റു വന്ന മനുഷ്യന്‍ മറ്റു തടവുകാരുടെ പോലെ കൂസലില്ലാതെയല്ല, ദയനീയ മുഖത്തോടെയാണ് കുന്ദന്റെ മുന്നില്‍ ഹാജരായത്. മെലിഞ്ഞ് ഉയരം കുറഞ്ഞ ഒരാള്‍. "നില്‍ക്കൂ ഒന്ന് കൂടി " അതിനിടക്ക് അടയാളവും വിളിച്ചു പറഞ്ഞു കഴിഞ്ഞ വാര്‍ഡറോട് കുന്ദന്‍ അത് ആവര്‍ത്തിക്കുവാന്‍ പറഞ്ഞു.
" ഇടത്തെ കൈയ്യിലെ ചെറുവിരല്‍ പകുതിയില്‍ മുറിഞ്ഞത് " അയാള്‍ അത് ആവര്‍ത്തിച്ചു. ഇത് വിഖ്യാതമായ മരുഭൂമികള്‍ ഉണ്ടാവുന്നത് എന്ന നോവലില്‍ നിന്നും. ഈ നോവല്‍ വായിച്ചിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി ബാലകൃഷ്ണപിള്ളക്ക് പകരം ഒരു സുലൈമാനെ തടവറയിലേക്ക് അയച്ചേനെ. അതിനുണ്ടായിരിക്കാവുന്ന ഒരേ ഒരു തടസം പിള്ളയുടെ മുഖം നമുക്ക് അറിയാം എന്നതാണ്. ഇങ്ങനെ ഐടന്ടിറ്റില്ലാത്ത രാഷ്ട്രീയ പിളളമാര്‍ക്കുവേണ്ടി
വിടെയൊക്കെ സുലൈമാന്‍മാര്‍ തടവില്‍ കിടക്കുന്നു എന്ന് ആര്‍ക്കറിയാം. ഓരോ കോടതി വിധിയും ആ കേസിലെ വേട്ടക്കാരനേക്കാള്‍, സമൂഹത്തിനു ഒരു പാഠം നല്‍കുന്നുണ്ട്. സൌമ്യ വധക്കേസിലെ പ്രതി ഗോവിന്ദചാമിയെക്കാള്‍ ആ വിധി സമൂഹത്തിനു ഒരു പാഠമാണ്. പിള്ളവിഷയത്തിലെ പാമെന്താണ്. നീ എന്ത് കുറ്റവും ചെയ്തോളൂ ഭരണകൂടം നിന്നെ ഇറക്കികൊണ്ട്‌ വരും. അതിന് വകുപ്പുണ്ടെന്ന് ഇന്ന് ഉമ്മന്‍‌ചാണ്ടി. നാളെ പിണറായി പറയും. അന്ന് ഉമ്മന്‍‌ചാണ്ടി ചെയ്തതേ ഇന്ന് ഞങ്ങളും ചെയ്യുന്നുള്ളൂ എന്ന്. ചുരുക്കി പറഞ്ഞാല്‍ പ്രജകള്‍ക്കും, രാജാക്കന്മാര്‍ക്കും പ്രത്യേകം നിയമങ്ങള്‍ ഉണ്ട് എന്നതാണ്.            
               
                    നാം അത്യാവശ്യങ്ങളില്‍ മലയാളം സംസാരിക്കുന്നു എന്നേയുള്ളൂ. ശരിക്കും നാം അനുഭവം കൊണ്ട് ലിബിയക്കാരാണ്, ചിലപ്പോള്‍ ടുനീഷ്യക്കാരും, ചിലപ്പോള്‍ യമനികളും, ചിലപ്പോള്‍  ഈജിപ്തുകാരും... ദുരന്തങ്ങള്‍ കൊണ്ട്  പ്രാതലടക്കിയ ജനത നാം തന്നെയാണ്... ഏത് നട്ടുച്ചയിലാണ് ഒരു രാജബലി കൊണ്ട്‌ നാം നമ്മുടെ സൂര്യനെ അഭിവാദ്യം ചെയ്യുക.                 

4

പറഞ്ഞതിന്റെ ബാക്കി

 
            ഴുതിയ വിഷയത്തിന് ഒരു രണ്ടാംകുറിപ്പിടണം എന്ന് കരുതി യതല്ല. "ഗര്‍ഭപാത്രത്തിന്റെ ആ താക്കോല്‍ " എന്റെ മനസ്സിലേക്ക് വീണ്ടും നീട്ടിപ്പിടിച്ചത് മുഹമ്മദ്‌ എന്ന ഈജിപ്തുകാരന്‍ സഹപ്രവര്‍ത്തകനാണ്. അപ്പോള്‍ അതൊരു താക്കോലായിരുന്നില്ല, ചുട്ടുകാച്ചി അതൊരു പിച്ചാത്തിയായി സ്വയം മാറിയിരുന്നു. അഞ്ചിന് മേലെ പിറപ്പിക്കുന്ന കുഞ്ഞോരോന്നിനും ഇരുന്നൂറു ഡോളര്‍ അഥവാ പതിനായിരം ഉറുപ്പിക റൊക്കം  സീറോ മലബാര്‍സഭ സമ്മാനം കൊടുക്കുന്നതായിരിക്കും. അതിനാല്‍ കുഞ്ഞാടുകളെ സീറോ മലബാര്‍സഭക്ക് കീഴെവന്നു പാര്‍പ്പാകാനും, പ്രസ്തുതസമ്മാനം കൈപ്പറ്റാനും താല്പപര്യപ്പെടുന്നു. ഈ വാര്‍ത്ത ബി. ബി. സി. വഴി കുവൈറ്റിലെ അല്‍ ഖാബസ് ദിനപത്രത്തില്‍
കയറിപ്പറ്റിയ അറബി വാര്‍ത്തയാണ്‌ എന്റെ സഹപ്രവര്‍ത്തകന്‍ മുഹമ്മദിന്റെ കൈവശമിരിക്കുന്നത്.  

               വാര്‍ത്തയുടെ ആഘാതത്തിലാണ് ഞങ്ങള്‍ അതേവരേ കെട്ടിപ്പൊക്കിയ കേരളത്തിന്റെ മുഖച്ഛായ തകര്‍ന്നു വീണത്‌. കേവലം ഇരുന്നൂറു ഡോളറിനു വേണ്ടി അഞ്ചിലേറെ കുട്ടികളെ ഉണ്ടാക്കുന്ന പിതാമഹന്‍മാരുടെ നാടായി കേരളം കേവലം നിമിഷങ്ങള്‍ക്കകം മാറ്റിമറിക്കപ്പെട്ടു. അരമനകളിലിരുന്നു ഉത്തരവിറക്കുന്നവര്‍, കടലിനക്കരെ നിന്നും മാസാമാസം പ്രവാസികള്‍ അയക്കുന്ന പണം കൊണ്ടാണ് കേരളം കഞ്ഞികുടിച്ചു പോകുന്നതെന്ന് ഒരു പകലുറക്കത്തിലെ പേക്കിനാവിലെങ്കി ലും ഒന്നോര്‍ക്കുന്നത്‌ നല്ലത്. ഒരു വിധം സഭകളും കഴിഞ്ഞു പോകുന്നത് കടലിനപ്പുറത്തെ ഈ കറന്സികൊണ്ട് തന്നെയാണ്. അടിസ്ഥാന ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ കിരീടമണിയുമ്പോള്‍, അത് രാഷ്ട്രീയത്തിലായാലും, മതത്തിലായാലും നമുക്കെന്തു സംഭവിക്കു മെന്നതിന്റെ ഉദാഹരണ ജീവിതത്തിലൂടെയാണ് മലയാളി അവന്റെ ജാതകം വേവിച്ചെടുക്കുന്നത്.

               ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ താഴ്ത്തിപ്പിടിച്ച ശിരസ്സ് നാം പ്രവാസികള്‍ക്കിനിയും ഉയര്‍ത്തിപ്പിടിക്കാനായിട്ടില്ല. മതം അധികാരം പിടിച്ചെടുക്കാന്‍ ഒരുംബെട്ടിറങ്ങിയതിന്റെ ഫലശ്രുതിയായിരുന്നു ആ താണ്ഡവം. ഇതാ വോട്ടുരാഷ്ട്രീയത്തിന്റെ വെള്ളെഴുത്തുമായി സീറോ മലബാര്‍ സഭ ഇരുന്നൂറു ഡോളര്‍ ദാനംചെയ്യുന്നു. മതത്തിനും അധികാരമില്ലാതെ നിലനില്‍ക്കാനാവാത്ത സാഹചര്യത്തില്‍ ഇത്തരം വാഗ്ദാനങ്ങള്‍ ഇടയലേഖനങ്ങളായോ, അല്ലെങ്കില്‍ വിശ്വാസികളുടെ കിടപ്പറയില്‍ വിതരണം ചെയ്യാന്‍ പാകത്തിലുള്ള നോട്ടീസുകളായോ, വിതരണം ചെയ്യാന്‍ ശ്രദ്ധിച്ചാല്‍ നന്നായിരുന്നു. ഞങ്ങളും വല്ലപ്പോ ഴെങ്കിലും ശിരസ്സൊന്നു കഴുത്തിനുമേല്‍ ഉയര്‍ത്തിപ്പിടിച്ചോട്ടെ...
പ്രസവം നിര്‍ത്തിയാല്‍ സര്‍ക്കാര്‍വക നമുക്ക് കിട്ടുന്നത് ഒരു ബക്കറ്റും, കേരള സര്‍ക്കാരിന്റെ ഒരു ഭാഗ്യക്കുറിയുമാണ്. ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍ സീറോമലബാര്‍ സഭയുടെ ഓഫര്‍ ഒരു ബംബര്‍ തന്നെയാണ്. മലയാളിക്ക് മികച്ചത് മാത്രം തെരഞ്ഞെടുത്തേ ശീലമുള്ളൂ... സഭയുടെ സമാധാനയും അതുമാത്രമാണ്. 

 
                ജോലികഴിഞ്ഞ് മുഹമ്മദിന്റെ കാറില്‍ തിരിച്ചു പോരുമ്പോള്‍ കുവൈറ്റ്‌ എഫ്. എമ്മില്‍ നിന്നും ഒരു കുവൈറ്റി, കേരളത്തിപ്പറ്റി വാതോരാതെ സംസാരിക്കുന്നു. അദ്ദേഹം ആസ്വദിച്ച ഒരു അവധി ക്കാലത്തിന്റെ ആഹ്ലാദവും, ആയുര്‍വേദ ചികിത്സയുടെ ഗുണങ്ങളുമൊക്കെയായിരുന്നു വിഷയം. കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അറബിക് ഗാനത്തിന്റെ അതേ ഈണത്തിലുള്ള  "ചന്ദ്രലേഖ" എന്ന ചിത്രത്തിലെ " ഹബീബി ഹബീബി " എന്ന ഗാനം മുഴുവനുമായും പിന്നീട് പ്രക്ഷേപണം ചെയ്തു. കഴുത്തിനു മേലെ ശിരസ്സ്‌ ഞാനറിയാതെ എഴുന്നേറ്റു നില്‍ക്കാന്‍ തുടങ്ങുമ്പോള്‍ മുഹമ്മദ്‌ എന്റെ  കണ്ണുകളിലേക്ക് കുനിഞ്ഞുവന്നു. എന്നിട്ട് ചോദിച്ചു ഇരുന്നൂറു ഡോളര്‍വീതം വെച്ചുതന്നാല്‍ നീ എത്ര കുഞ്ഞുങ്ങളെ ഉണ്ടാക്കും? ലോകത്ത് ഏറ്റവുംകുറഞ്ഞ ചെലവില്‍ കുഞ്ഞുങ്ങളെ ഉണ്ടാക്കാന്‍ പറ്റുന്ന നാട് നിന്റെത് മാത്ര മായിരിക്കും അല്ലെ...കേരളം ! കാലടി ചുവട്ടിലാണ് അപ്പോള്‍ എന്റെ ശിരസ്സ്‌പോയി ഒളിച്ചത്. പാതിരിമാര്‍ക്ക് ഇപ്പോള്‍
അത്‌ എളുപ്പത്തില്‍ അറുത്തെടുക്കാം. 

2

പ്യൂപ്പകളുടെ വസന്തം

       
             മ്മുടെ മക്കളെ എന്താക്കണം എന്ന് ആരെങ്കിലും നമ്മളോടു ചോദിച്ചാല്‍ നമ്മുടെ ഹൃദയം നമ്മുടെ നാക്കോളം ഉരുട്ടിക്കൊണ്ടുവന്നു പുറത്തേക്ക്തള്ളുന്ന ആദ്യത്തെ ഉത്തരം ഇതായിരിക്കും മക്കളില്‍ ഒന്നി നെയെങ്കിലും ഡോക്ടറാക്കണം. നമ്മുടെ കുഞ്ഞുങ്ങളോട് ചോദിച്ചാലോ ഉത്തരത്തില്‍ വ്യത്യാസമുണ്ടാവാന്‍ ഇടയില്ല. ഈ രണ്ട് ഉത്തരങ്ങളും അവരില്‍ സ്വമേധയാ അങ്കുരിക്കാനുള്ള കാരണമെന്താവണം. ആതുരസേവനം എന്നൊരു കേവലയുക്തിക്ക് പിറകില്‍ നമുക്കീ ഉത്തരങ്ങളെ തളച്ചിടാനാവില്ല. ഒരു എല്‍.പി.സ്കൂള്‍ അധ്യാപകനും സാമൂഹികസേവനം ചെയ്യാനുള്ള ഇടം കേരളത്തില്‍ ഒഴിഞ്ഞുകിടപ്പുണ്ട്. പ്രത്യകിച്ചും സേവന തല്പപരതയില്‍ നിന്നും നമ്മുടെ ദിശാബോധത്തെ ആരൊക്കെയോ വല്ലാതെ മാറ്റിപ്പണിഞ്ഞിരിക്കുന്ന ഈ കാലത്ത്.

               പ്പോള്‍ ഈ ഒരു ഉത്തരത്തിനു പിറകില്‍ ഒന്നേ ലക്ഷ്യമുള്ളൂ. സമ്പത്ത് ആര്‍ജ്ജിക്കാനുള്ള ത്വര എന്നത്. റിയാലിറ്റി ഷോകള്‍ക്ക് വേണ്ടി നാം നമ്മുടെ മക്കളെ പാകപ്പെടുത്തിയെടുക്കുന്നതു പോലെ നാം ഇവരെ നമ്മുടെ ഇങ്കിതങ്ങളിലേക്ക് വഴിനടത്തുന്നു. ശരിക്കും നടന്നുതുടങ്ങുന്ന ഒരു കുഞ്ഞിന് കൈകള്‍ നീട്ടിക്കൊടുത്ത്‌ നാം അവനെ അവന്റെ വഴികളില്‍ നിന്നും അടര്‍ത്തിമാറ്റുകയാണ്.  തത്വത്തില്‍ നമുക്ക് വേണ്ടത് മക്കളെയല്ല, നാം കാണിച്ചു കൊടുക്കുന്ന ഉന്നങ്ങളിലേക്ക്  തുളച്ചുകയറുന്ന വെടിയുണ്ടകളെയാണ്. നമ്മുടെ ലക്ഷ്യങ്ങളെ  അവര്‍ മറികടക്കാന്‍ കൊതിക്കുമ്പോള്‍ നമുക്കവര്‍ ലക്ഷ്യ ബോധമില്ലാത്തവരാണ്, ഒരു പരിധിവരെ ശത്രുക്കളും.

                            ഈ ഒരു പൂര്‍വനിയുക്ത ലക്ഷ്യങ്ങളിലേക്ക് വെടിയുണ്ട പായിക്കുമ്പോളാണ് സമൂഹത്തില്‍ പലപ്പോഴും ക്രിമിനലുകള്‍ ഉണ്ടാവുന്നത്. ഞാന്‍ എന്തിന് ഒരു ഡോക്ടറാവണം എന്നതിനുത്തരം അപ്പോള്‍ എനിക്ക് കിട്ടിയക്കാവുന്ന സൌകര്യങ്ങള്‍ എന്നതിലേക്ക് ക്ലിപ്തപ്പെടുത്താതെ ഇന്നത്തെ തലമുറയ്ക്ക് ഉത്തരം പറയാനാവില്ല. അങ്ങിനെയാണ് നമുക്ക് ഒരു ഡോക്ടര്‍ ചിത്രയെയും, ഡോക്ടര്‍ ഷേര്‍ളി വാസുവിനെയും, ഡോക്ടര്‍ ഉന്മേഷിനെയും കിട്ടുന്നത്. നമുക്ക് ഗോവിന്ദചാമിമാരെ കിട്ടുന്നത്. ആ കിട്ടലില്‍ നമുക്ക് ഞെട്ടിപ്പിക്കുന്ന നിരവധി നഷ്ടങ്ങളുണ്ട്. പരിശീലന

ത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും സഹജീവികളോടുള്ള ഇവരുടെ സഹാനുഭൂതി എന്തെന്ന് തിട്ടപ്പെടുന്നില്ലെന്നത് നാം ഉച്ചത്തില്‍ അത്ഭുതപ്പെടെണ്ടതാണ്. അതുകൊണ്ടാണ് മനുഷ്യജീവിതം കൊണ്ട് അവര്‍ക്കിങ്ങനെ ഡ്രാക്കുളവിനോദമാടാന്‍ കഴിയുന്നത്‌. 

              വിവാഹ സ്വപ്നങ്ങളുമായി തീവണ്ടിയില്‍ യാത്രതിരിച്ച സൌമ്യ എന്ന പെണ്‍കുട്ടി അതിഭീകരമായി പീഡിപ്പിക്കപ്പെട്ടു കൊല്ലപെട്ടതിന്റെ നടുക്കം ഇനിയും മാറാത്തവരാണ് നാം. അന്നേരം
നമുക്കൊന്നേ
ആശ്വാസമുണ്ടായിരുന്നുള്ളൂ. പ്രതി, മലയാളത്തിനു പുറത്തുള്ള ഒരു ഒറ്റ കൈയ്യന്‍ ഗോവിന്ദചാമിയായിരുന്നു എന്നത്. എന്നാല്‍ അവന് വേണ്ടി മുംബെയില്‍ നിന്നും അതിപ്രശസ്തരായ വക്കീലന്‍മാര്‍ പറന്നിറങ്ങിയ പ്പോളാണ് നാം നമ്മുടെ കണ്ണുകളിലെ കണ്ണീര്‍ തുടച്ചുമാറ്റി അതില്‍ അത്ഭുതം നിറച്ച് വെച്ചത്. അതിന് ശേഷം ഇതാ പുതിയ അറിവുകള്‍. സൌമ്യയുടെ പോസ്റ്റ്മോര്ട്ടത്തെപ്പറ്റി. ഞാന്‍ ചെയ്തു വെന്നും നീ ചെയ്തില്ലെന്നുമാണ് ഡോക്ടര്‍ ഷേര്‍ലിയും, ഡോക്ടര്‍ ഉന്മേഷും, പരസ്പ്പരം അവകാശപ്പെ ടുന്നത്. ഒരു ശവം കീറിമുറിച്ചതിന്റെ പേരിലാണ് ഈ  കടിപിടി. ഇത് പുറത്ത് വന്നതാകട്ടെ ഡോക്ടര്‍മാര്‍ തമ്മിലുള്ള ഏതോ ഒരു ശീതസമര
ത്തിന്റെ പേരിലും. അത്തരം ഒരു ഭിന്നത ഇവര്‍ക്കിടയില്‍ ഇല്ലായിരുന്നെ
ങ്കില്‍ നാം ഈ വിവരം അറിയാതെ പോകുമായിരുന്നു. ആ ഒരു പോസ്റ്റ്മോര്ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം സൌമ്യ  എന്ന ഇരക്കുമേലുള്ള അന്തിമവിധി കോടതി നടപ്പാക്കുമായിരുന്നു. ഈ അര്‍ത്ഥ ത്തില്‍ ഈ കഥയിലെ വേട്ടക്കാരന്‍ ഒറ്റകൈയ്യന്‍ ഗോവിന്ദചാമിയല്ല, അങ്ങേയറ്റത്തെ അറിവും അംഗീകാരവുമുള്ള ഡോക്ടര്‍മാരാണ്.  അവര്‍ക്ക് ഈ ചങ്കൂറ്റത്തിനു ചങ്ക് കടംകൊടുകൂന്നത് അവരവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയസംഘടനകളാണ്. ഈയൊരു വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ നമുക്ക് ന്യായമായും സ്വയം ചോദിക്കാവുന്ന നിരവധി സംഗതികള്‍ ഉണ്ട്.

                        രോ ദുരന്തത്തിനു ശേഷവും നാം ശവമുറികളിലേക്ക് നിലവിളികളോടെ കൊണ്ടുചെന്ന് വെക്കുന്ന മൃതശരീരങ്ങളൊക്കെയും ശരിക്കും പോസ്ടുമോര്ട്ടം ചെയ്യപ്പെടുന്നുണ്ടോ, അതോ തലയിലൊരു വെറുംകെട്ടും കെട്ടി, ഒരു കുറിപ്പും എഴുതി നമുക്ക് തിരിച്ചുതരികയാണോ? ആ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഒരു നാം നിയമ യുദ്ധത്തിനൊരുങ്ങുമ്പോള്‍ അതിന്റെ യുക്തി എന്താണ്? പ്രിയപ്പെട്ടവരുടെ ശരീരം
പോസ്റ്റ്മോര്ട്ടം  ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് നാം ഒരിക്കലും ആ കെട്ടുകള്‍ അഴിച്ചുനോക്കാറി ല്ല. കാരണം നമുക്ക് അത് വെറും മൃതശരീരങ്ങളല്ല. അതേവരെ നമ്മുടെ  ഓരോ നിശ്വാസങ്ങള്‍ക്കൊപ്പവും കൂടെയുണ്ടായിരുന്ന ഒരു പിന്തുണയാണ ല്ലോ. ഈ സ്നേഹത്തിനാണ്‌  ഡോക്ടര്‍ എന്ന കഴുകന്‍ വിലയിടിന്നത്. നാലുനാളത്തെ അവധിക്കുവേണ്ടി കൂട്ട സിസേറിയന്‍ നടത്തിയ ഒരു സമീപകാല ചരിത്രം കേരളത്തിലെ ഡോക്ടര്‍മാര്‍ക്കിടയിലുണ്ട്. കേവലം ഒരു സ്ഥലംമാറ്റം കൊണ്ടാണ് സര്‍ക്കാര്‍ ഈ വലിയ തെറ്റിനെ അതിജീവിച്ചത് !

            കാലാവധി കഴിഞ്ഞ ഹൃദയവാള്‍വ് ഘടിപ്പിച്ചുകൊടുത്തുകൊണ്ട് ലക്ഷങ്ങള്‍ തട്ടിയെടുത്ത മറ്റൊരു കഴുകന്റെ കഥ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നും തത്സമയം മുളച്ചുപൊങ്ങുന്നു. ഓരോ അവശതകളിലും നാം ആ വാതില്‍ക്കല്‍ ഓടിപ്പോയി ടോക്കനെടുത്ത് നാം വാങ്ങിക്കഴിക്കുന്ന മരുന്നുകള്‍, ആരില്‍ നിന്നെങ്കിലും അച്ചാരംവാങ്ങി  നമ്മേ ഘടംഘട്ടമായി കൊല്ലാനുള്ള വിഷബീജങ്ങളല്ലെന്ന് മേല്ക്കുറിച്ച അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നാമെങ്ങിനെയാണ് ഉറപ്പിക്കുക.                 
             നമ്മുടെ എല്ലാ ജനജാഗ്രതകളിലും രാഷ്ട്രീയത്തിന്റെ കൊടും വിഷം വന്നുവീഴുന്നതിന്റെ ഇരകളാണ് നാമെന്ന കാനേഷുമാരിയിലെ ഓരോ ഒറ്റസംഖ്യയും. പ്രതിരോധം അന്യമാകുംവിധം രോഗം നമ്മുടെ ഹൃദയത്തെയടക്കം ബാധിച്ചുകഴിഞ്ഞു. ഉടനെ മരിക്കില്ലെന്ന ഒരു അന്ധധാരണയോടെ വെറും പകല്‍ കിനാവുകളിലേക്ക് പലായനം ചെയ്യാനേ ഇനി നാം മലയാളികള്‍ക്ക് പഴുതുകള്‍ ശേഷിക്കുന്നുള്ളൂ... ആ പഴുതിലും ഒരു പഴുതാര വന്ന് ഉടനെ കൂടുവെച്ചേക്കാം... നമ്മളിന്നും സ്വയം തോട് പോട്ടിക്കാനാവാത്ത ഒരു പ്യൂപ്പമാത്രമാണ്. ചിത്രശലഭങ്ങളെ
സ്വപ്നം കാണാന്‍ നമുക്ക് അവകാശമില്ല.          
ഒരു ശലഭത്തിന് ചിറക് നഷ്ടമാവും വിധം (പേടിയില്ലെങ്കില്‍ മാത്രമേ ഇവിടെ ഞെക്കാവൂ )
ഈ വിഷയത്തില്‍ താങ്കളുടെ അഭിപായം എഴുതുമല്ലോ..  

6

മരണവാര്‍ഡിലേക്ക് ഒരു താക്കോല്‍പ്പഴുത്


                  പ്രതീക്ഷിതമായി പിന്കഴുത്തിലേക്ക് ചാടിക്കയറി നഖമുനയാഴ്ത്തിത്തുടങ്ങിയ പൂച്ചയെ മുതുകില്‍നിന്നും  ഇത്തിരി മാംസംകൊടുത്ത് മെരുക്കിയെടുത്ത് വലിച്ചെറിഞ്ഞിട്ട്‌ ഇന്നേക്ക് കൃത്യം മൂന്ന്‌വര്‍ഷം. ഞാനിപ്പോള്‍ നില്‍ക്കുന്നത് ജനിമൃതികള്‍ക്കിടയിലെ മഹാസാഗരങ്ങളുടെ അഴിമുഖത്ത്, നിലാവിന് ഖേദം എന്ന് പേരുള്ള ഒരു രാത്രിക്ക് ചുവട്ടില്‍...പിന്നീട് എന്നില്‍നിന്നും മാറ്റിപ്പണിയപ്പെട്ട   കോശങ്ങളോരോന്നിലും ഞാന്‍ അന്നേവരെ ബലമായി പിടിച്ചുവെച്ച എന്റെതായ കൈയ്യടയാളങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.
 
             
  മു തുകിലും കൈമുട്ടുകളിലും ആഴത്തിലുള്ള വേദനാസത്രങ്ങളുണ്ടിപ്പോഴും. മനസ്സില്‍ വേദാന്തം  തോന്നുന്ന അപൂര്‍വനേരങ്ങളില്‍ ആ നോവിനെ മൃദുവായിഒന്നുഴിഞ്ഞു ജീവിതത്തിന്റെ മുഖത്തുനോക്കി ഞാന്‍ ഊറിച്ചിരിക്കാറുണ്ട്‌ ഇപ്പോഴും. മരണത്തിന്റെ ഗുഹവരെഎത്തി തിരിച്ചുപോരുന്ന ഒരാള്‍ക്ക്‌ ശേഷ ജീവിതം എന്തായിരിക്കും, എന്തായിരിക്കണം? വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാള്‍, രാഷ്ട്രപതിയുടെ ഒറ്റ കയ്യൊപ്പിന്റെ ഔദാര്യത്തില്‍ മാത്രം ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ സ്വന്തം ജീവിതത്തിന്റെ വിശ്വാസ്യത എന്തായാണ് അയാള്‍ക്ക്‌ അനുഭവപ്പെടുക! ഭരണകൂടത്തിന്റെ ദയ എന്ന ഒരത്ഭുതം പിന്നീടുള്ള അയാളുടെ ജീവിതത്തെ എമ്മട്ടിലൊക്കെ വേട്ടയാടുന്നുണ്ടാവണം... ആ അര്‍ത്ഥത്തില്‍ പില്‍ക്കാലജീവിതം തന്നെയാണ് അയാള്‍ക്കുള്ള ഏറ്റവുംനല്ല ശിക്ഷ. ഇത് മരണമുഖത്തു നിന്നും അവിശ്വസനീയമായി തിരിച്ചുപോരുന്ന ഓരോ ജീവിയുടെയും സ്ഥായീയുക്തിയാണ്.
                
ണ്ട് ഒരു പള്ളിക്കൂടംകാലത്ത് വീട്ടിലെ എലിപ്പെട്ടിയില്‍ കുരുങ്ങിയ ഒരെലിയെ, അടുത്ത പറമ്പിലെ പൊട്ടക്കുളത്തില്‍ മുക്കിക്കൊല്ലാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടിരുന്നു. ഒട്ടേറെനേരം കുളത്തിലെ വെള്ളത്തില്‍ മുക്കിപ്പിടിച്ച എലിയെ, നീ ഇനി പെട്ടിയിലല്ലാതെ അങ്ങിനെ സ്വയം മുങ്ങിമരിക്കൂ  എന്ന ക്രൂരതയോടെ കുളത്തിനടിയില്‍ തന്നെ തുറന്നു വിട്ടു. മറുകരയിലെ മരക്കുറ്റിയിലേക്ക് നീന്തിക്കയറിയ മൂഷികന്റെ ഒരു തിരിഞ്ഞു നോട്ടമുണ്ടായിരുന്നു. ( എലികളെ നീന്താന്‍ പഠിപ്പിച്ചത് ആരാണ് !!) പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം അടിമപ്പെട്ട റോഡപകടത്തില്‍ നിന്നും അവിശ്വസനീയമായി രക്ഷപ്പെട്ടു നടുറോട്ടില്‍ എഴുന്നേറ്റിരുന്നു ഞാനും അതേ തിരിഞ്ഞു നോട്ടം ജീവിതത്തിന് നേരെ നീട്ടി .. അന്നേരമാണ് ഞാന്‍ അറിയുന്നത് ഒരു ജീവിതത്തിന്റെ വില.. അത് എലിയുടെതായാലും.... മനുഷ്യന്റെതായാലും ഒന്നാണെന്ന്...

              
രണത്തില്‍ നിന്നും തിരിച്ചെത്തുന്നവരെ വല്ലാതെ അലട്ടുന്ന ഒരേകാന്തതയുണ്ട് അത് ഭയം മുളപ്പിക്കുന്നതല്ല, ജീവിതത്തിന്റെ അര്‍ത്ഥം നിരന്തരം അന്വേഷിച്ചു തുടങ്ങുന്നത് കൊണ്ട് സ്വയം അലഞ്ഞു മടുത്ത് പോകുമ്പോള്‍ ഏകാന്തത എന്ന ഒരഭയസത്രം മാത്രമേ അവന് മുന്നിലുള്ളൂ. അവിടെ ചെന്നിരുന്ന്‍  ശരീരത്തില്‍ അവശേഷിക്കുന്ന വൃണങ്ങളെ അവന്‍ ഉള്ളില്‍ കരഞ്ഞു കൊണ്ട് തഴുകും. അപ്പോള്‍ ആ വൃണങ്ങളോരോന്നും അയാള്‍ക്ക്‌ മകള്‍, മകന്‍, ഭാര്യ, അമ്മ, വീട്.... എന്നിങ്ങനെ ഏറ്റവും പ്രിയപ്പെട്ടവരായി പരിവര്‍ത്തനം ചെയ്യപ്പെടും. പിന്നീട് അയാള്‍ കിന്നാരംപറഞ്ഞു തുടങ്ങുക ആ വൃണങ്ങളോടാവും. വൃണങ്ങളോരോന്നും കരിഞ്ഞു തുടങ്ങുന്നതോടെ അയാള്‍ വീണ്ടും ഏകാകിയാവും.. അപ്പോള്‍ അയാളോട് ഇരുളില്‍ നിന്നും പഴയ അതേ പൂച്ച വിളിച്ചു ചോദിക്കും "ഞാന്‍ വരട്ടെ"
അന്നേരം ഏറ്റവും ഉചിതമായ ഉത്തരം വാക്കല്ല മൌനമാണ് അയാള്‍ക്ക്‌.

           
ഒരു ചാക്രികതക്കിടയില്‍ രണ്ട്‌ ചോദ്യങ്ങളാണ് അയാള്‍ക്ക്‌ ചോദിക്കാനുണ്ടാവുക. ജീവിതം എന്താണ്? അത് ജീവിച്ചു തീര്‍ക്കേണ്ടത് തന്നെയാണോ?  അപ്പോള്‍ ജീവിക്കാതെ തീര്‍ത്ത്‌ കളയുന്ന ജീവിതങ്ങളെ നാം എന്ത് വിളിക്കും? ജീവന്‍ ഉള്ളത് കൊണ്ട് മാത്രം ധാരാളിത്തത്തോടെ ജീവിക്കേണ്ടാതാണോ ജീവിതം? 

                 രു ജീവന്‍ തുടങ്ങുന്നത് തന്നെ ഒരു യുദ്ധത്തില്‍  നിന്നുമാണ്. പരകോടി അണ്ഡങളില്‍ നിന്നും ഒന്ന്  മാത്രം നീന്തിനീന്തി നൈസര്‍ഗിക സങ്കേതത്തിലെത്താനുള്ള യുദ്ധം. ഈ യുദ്ധത്തില്‍ ഞാന്‍ എന്ന അണ്ഡം ജയിച്ചത്‌ കൊണ്ട്മാത്രം ജീവിക്കനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെട്ട മറ്റു ജന്മങ്ങള്‍.... അല്ലെങ്കില്‍ അവര്‍ എനിക്ക് വഴിമാറിത്തന്നതായിരുന്നുവോ! എങ്കില്‍ ആ സ്നേഹത്തിനു പ്രതിഫലമായി അവരുടെ സ്വപ്നംപോലെ എനിക്ക് എന്റെ ജീവിതം വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നുവോ? ശരിക്കും ഞാന്‍ എങ്ങിനെയാണ്‌ നിരവധി കോടി അണ്ഡങ്ങളെ തോല്‍പ്പിച്ചുകളഞ്ഞത്! ഇന്നാണെങ്കില്‍ ചെറിയൊരു ആള്‍ക്കൂട്ടത്തിനു മുന്നില്‍പ്പോലും തനിച്ചു നില്‍ക്കാന്‍ അശക്തനായവന്‍, ഈ അശക്തി എനിക്ക് തന്നത് എന്റെ ജീവിതമായിരുന്നുവോ? ജീവിച്ച് ജീവിച്ച് അശക്തനായിത്തീരുക ഒരു ജീവിത വിജയമാണോ? മറ്റൊരാള്‍ക്ക് ജയിക്കാന്‍ വേണ്ടി മാത്രം മാറിക്കൊടുക്കുന്ന ലജ്ജാലുവായ ഞാന്‍, ആകാശത്തിലേക്ക്, മേഘങ്ങളിലേക്ക്, ജലത്തിലേക്ക്, എന്തിന് കുറെനേരം സ്വന്തം കൈവെള്ളയിലേക്ക് പോലും മിഴിയൂന്നുവാന്‍ പോലും ഭീരുവായ ഞാന്‍.... എന്നിട്ടും പ്രാഥമികമായ ആ  യുദ്ധത്തില്‍ എന്നെ ജയിപ്പിച്ച "ജീവിതം" എന്ന ഒരു സ്വപ്നമുണ്ടായിരുന്നുവോ? അമ്മ എന്ന കവചത്തില്‍ എന്നെകൊണ്ട് ചെന്നാക്കി തിരിച്ചുപോയ ഒരേ യുദ്ധത്തിലെ ആ വെളുത്ത പടയാളികളേ കാണതാവുമ്പോഴുള്ള ഏകാന്തത നാം പിന്നീട് അനുഭവിക്കുന്നത് ഒരു മരണത്തില്‍ നിന്നും രക്ഷപെട്ടു സ്വന്തം വീട്ടിലെത്തുമ്പോളാണ്. എനിക്ക് തന്നെ മടുപ്പുളവാക്കിയിരുന്ന എന്നിലെ ചില ദുശാട്യങ്ങളെ ഈ പൂച്ച ഒരു ഞൊടികൊണ്ട് മാറ്റിമറിച്ചിട്ട് ഏതോ ഇരുളില്‍ ഒളിച്ചിരിപ്പാണ്. ഇനിയും നീ ശരിയായില്ലെങ്കില്‍ ഞാനിവിടെത്തന്നെയുണ്ട്‌, നിന്റെ കഴുത്തിലേക്ക്‌ ചാടിവീഴാന്‍ പാകത്തില്‍ എന്ന് പറയുമ്പോലെ ഇരുട്ടും...                        .     

            
    മ ലക്കം മറിച്ചിലിനൊടുവില്‍ അമ്പതു മീറ്ററോളം തെന്നിനീങ്ങിയ വാഹനം ഇത്തിരികൂടെ നിരങ്ങി യിരുന്നെങ്കില്‍ മുതുകില്‍ നിന്നും, കൈമുട്ടുകളില്‍ നിന്നും, എന്റെ മജ്ജയും ഞാനീ കരിമ്പൂച്ചക്ക്  കൊടുക്കേണ്ടി വരുമായിരുന്നു. മറിഞ്ഞു വീണു നിരങ്ങിനീങ്ങിയ വാഹനം റോഡില്‍ ഉരച്ചുതീര്‍ത്ത എന്റെ മാംസം, അസ്ഥികളിലേക്ക് ആ ഉരപ്പ് എത്തുന്നതിനു മുമ്പേ എല്ലാം നിയന്ത്രിച്ചു നിര്‍ത്തിയ കൈകള്‍ ആരുടെതാണ്? ആ കൈകളാണ് എന്റെ മരണശിക്ഷയില്‍ ഇളവുനല്‍കിക്കൊണ്ട് കൈയൊപ്പ്‌ ചാര്‍ത്തിയത്.
                 
               ടാ
റും, ലോഹവും, ചോരയും, നിലവിളിയും, ചേര്‍ന്ന ഒരു ഗന്ധമാണ് മരണത്തിനെന്നു തിരിച്ചറിഞ്ഞു തിരിച്ചെത്തിയിട്ട്‌
ഇന്നേക്ക് മൂന്ന്‌ വര്‍ഷംതികയുന്നു. ഈ മൂന്ന് വര്‍ഷംകൊണ്ട് ഞാന്‍ ജീവിച്ചുതീര്‍ത്തത് എന്റെ മൊത്തം ജീവിതത്തിന്റെ എത്രയോ ഇരട്ടിയാണ്. 

                   ടന്നു പോകുന്നവരുടെയൊന്നും പേരുകള്‍ കൊത്തി വെക്കപ്പെടാത്ത  ഈ വഴിസത്രത്തില്‍ ഇത്തിരി നേരം ഇരുന്നു പ്രിയമുള്ളവനെ / പ്രിയമുള്ളവളെ, ഓര്‍ത്തുനോക്കുക നമുക്ക് നമ്മുടെ എത്ര പൂര്‍വ്വികരുടെ
പേരുകള്‍ ഓര്‍ത്തെടുക്കാനാവും! അച്ഛന്‍... വല്യച്ഛന്‍... മുത്തച്ഛന്‍... പിന്നെ...? അപ്പോള്‍ ഞാന്‍ എന്ന ജീവിതത്തിന്റെ ഓര്‍മ്മയുടെ പരമാവധി, എന്റെ മകളുടെ... മകളുടെ.... മകളുടെ... ഓര്‍മ്മക്കാലംവരെ മാത്രം! അതിനപ്പുറം ഞാന്‍ ജീവിച്ച എന്റെ ജീവിതം ? ഞാന്‍ കരഞ്ഞ കരച്ചിലുകള്‍... അലഞ്ഞ തീക്കാടുകള്‍.... പട്ടിണിതിന്ന് ഉറങ്ങിയ സുല്‍ത്താന്‍ ബത്തേരിയിലെയും, തിരുപ്പൂരെയും, മാട്ടുംഗയിലെയും, അശാന്തരാവുകള്‍... ഒക്കെ എന്റേത് മാത്രമായിരുന്നുവോ... ഞാന്‍ എന്റെ മാത്രം ഓഹാരിയാണോ... അച്ഛന്‍ അലഞ്ഞു തീര്‍ത്ത കനല്‍ വഴികളുടെ ബാക്കിയല്ലെ ഞാന്‍..  അതിലൊക്കെ കൂടെ കടന്നുപോയിക്കൊണ്ടല്ലേ ഞാന്‍ എന്നെ രൂപപ്പെടുത്തിയത്.... ആ രൂപപ്പെടലിന്റെ ആനുകൂല്യങ്ങളിലൂടെ സ്വരൂപിക്കപ്പെട്ടതല്ലേ എന്റെ മകള്‍.... അവള്‍ക്കു വേണ്ടി ഞാന്‍ സ്വപ്നം കാണുന്ന ആകാശം...

              
   രു വ്രണത്തില്‍ സ്വയം മറന്നു ഉഴിഞ്ഞിരിക്കുന്ന പോലെ വെറുതെ ഓര്‍ത്ത്, ഉള്ളില്‍ കരഞ്ഞ്, ഏകാന്തത അസഹ്യമാകുമ്പോള്‍ തനിക്ക് മാത്രം അഭയം പ്രാപിക്കാനുള്ള ഇടങ്ങളില്‍ സ്വയം അലഞ്ഞ്... ഇങ്ങനെയോക്കെയാവാം മരണത്തോളം പോയി തിരിച്ചെത്തിയ ഒരാളുടെ ദിനസരികള്‍.. അപ്പോള്‍ അയാള്‍ ആജീവനാന്തം സ്വപ്നം കണ്ട ചൂടുള്ള സൌഹൃദങ്ങളോ,  ഗൃഹാതുരമായ പ്രണയ ചാപല്യങ്ങളോ, രതിയുടെ ദിവ്യരസബോധ്യങ്ങളോ, പാപിയുടെ കുമ്പസാരവാമൊഴികളോ, അവനെ കൈപിടിച്ചു നടത്തുകയില്ല. അങ്ങിനെ വേച്ചു വേച്ചു നടന്നു നമുക്ക് വഴിമടുക്കുമ്പോളാണ് നടവഴിയിലെ ചെമ്പരത്തിക്കാടുകള്‍ക്കിടയില്‍ നിന്നും ആ പഴയ പൂച്ച നമ്മേനോക്കി ചിരിക്കുക ആ ചിരിക്ക്, "വരുന്നില്ലേ" എന്ന് മാത്രമാണര്‍ത്ഥം.     

               
      ഞാ ന്‍ മരിച്ചത് നിങ്ങള്‍ക്ക് മാത്രമാണ്, എനിക്ക് ഞാന്‍ മരിച്ചിട്ടില്ല എന്ന ഒരു തിരിച്ചറിവ് മരിച്ച ഒരാള്‍ക്ക്‌ ഉണ്ടാവുമെങ്കില്‍ അതിനുമപ്പുറം ഖേ
ദം മരിച്ച ഒരാള്‍ക്ക്‌ മറ്റെന്താണ് ? ആ ഖേദം ശരിയോ എന്നറിയാന്‍ നമുക്ക് മരണം വരേക്കും കാത്തിരിക്കേണ്ടതുണ്ട്. പ്രിയമുള്ളവനേ / പ്രിയമുള്ളവളെ, നീയാണ് ആദ്യം മരിക്കുന്നതെങ്കില്‍ നിരന്തരം എന്റെ ജാലകങ്ങളില്‍ വന്നുമുട്ടി എന്നെ കൈപിടിച്ച് അരൂപികളുടെ ഖേതങ്ങളിലേക്ക് വഴിനടത്തുക. അത്രമേല്‍ ജീവിതത്തില്‍ ഞാന്‍ ഏകാകിയായിത്തീരുന്നു.. ആ കരിമ്പൂച്ചയുടെ സൌഹൃദത്തിന് ശേഷം.

3

ഗര്‍ഭപാത്രത്തിന്റെ താക്കോല്‍


                                                      
        കേരളം ഒരു സംസ്കൃത സംസ്ഥാനമാണെന്നാണ് നാം വിധിവശാല്‍ ധരിച്ചുവശായിരിക്കുന്നത്. ഭൂപരിഷ്ക്കരണം മുതല്‍, സചേതനമായ വിദ്യാഭ്യാസ പരിഷ്കരണത്തിലൂടെ കടന്നുവന്നിട്ടുള്ള ഒരു ജനത എഴുപതുകളെക്കുറിച്ചോര്‍ത്താണ് ഇന്നും ഊറ്റം കൊള്ളുന്നതെന്ന് നാം അപ്പോഴും സ്വയം തിരിച്ചറിയുന്നില്ല. എഴുപതുകളും, എണ്‍പതുകളും നമുക്കു തന്നുപോയ വസന്തങ്ങളുടെ ഇടിമുഴക്കങ്ങളടക്കം നമുക്ക് മനോഹരമായൊരു ഗൃഹാതുരതയാണ് ഇന്ന്. നാം അതില്‍ എങ്ങിനെയൊക്കെ വ്യാകരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നത് ഓര്‍മ്മകളുടെ ആവേശങ്ങള്‍ കെട്ടടങ്ങുമ്പോള്‍ സ്വയം വിശകലനം ചെയ്യേണ്ടതാണ്. ഭൂതകാലം കുടിച്ച് എത്രകാലം ഒരു ജനതക്ക്  ജീവിക്കാനാവും. അന്നംതേടി കേരളം വിട്ടുപോയ പരകോടി ജന്മങ്ങളത്രയും ജീവന്‍ നിലനിര്‍ത്താന്‍ ചേര്‍ത്ത്പിടിക്കുന്ന ഒറ്റമൂലി അവന്റെ ഗൃഹാതുരതയാണ്.

         "1950കളില്‍ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയില്‍ വന്‍മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത,ആരോഗ്യം,കുടുംബാസൂത്രണം, തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹികവികസനത്തെ "കേരളമോഡല്‍" എന്ന പേരില്‍ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്‌.
"
     

       ഇത്രയും വാക്കുകള്‍ കേരളത്തെപറ്റി വിക്കീപിഡിയ പറയുന്നതാണ്. രണ്ടായിരത്തിപതിനൊന്നില്‍ നമുക്ക് ഈവാക്കുകള്‍ വെറും വിക്കീപീഡിയയിലൂടെ വായിച്ചുപോകാനുള്ളതാണ്. അതില്‍ പറഞ്ഞ കേരളമോഡല്‍ ഇന്നതതെ അവസ്ഥയില്‍ എന്താണ്. സദ്ദാം ഹുസൈനെ തൂക്കി കൊന്നാലും നാം ഹര്‍ത്താല്‍ നടത്തുമെന്നുള്ളതോ? അതോ നിരീക്കാത്തത് ചെയ്‌താല്‍ അധ്യാപകന്റെ കൈവെട്ടുമെന്നുള്ളതോ? നമ്മുടെ സാക്ഷരത പള്ളിക്കാര്‍ക്കുള്ള വരുമാനമാര്‍ഗ്ഗം മാത്രമാണിന്ന്‍. അമ്പലവും പള്ളിയുംപോലെ മതം, വിദ്യാഭ്യാസവും കൃഷിചെയ്തു തുടങ്ങിയിരിക്കുന്നു. ആരോഗ്യ രംഗത്തെകുറിച്ച് പരാമര്‍ശിക്കാന്‍ വളരെയധികം ഉചിതമായ ഒരു സമയത്താണ് ഇത് കുറിക്കുന്നത്. മുന്‍മന്ത്രി ശ്രീമതി ടീച്ചറെക്കാളും മോശമായൊരു ആരോഗ്യമന്ത്രിയെ നമുക്കിനി കിട്ടാനില്ലെന്ന്‍ പത്തുനൂറ്റിയിരുപതു ദിവസം മുമ്പുവരെ വിശ്വസിച്ചവരാണ് നാം. എന്നാല്‍ വിശ്വാസം അതല്ലേഎല്ലാം എന്ന പരസ്യവാചകത്തെപ്പോ ലും ലജ്ജിപ്പിച്ചുകൊണ്ട്‌ ഉത്തമനായ ശ്രീമാന്‍ അടൂര്‍ പ്രകാശ് എന്ന ഡിസ്റ്റിലറി മുതലാളിയെ അവതരിപ്പിക്കാന്‍ വലതുപക്ഷത്തിനായി. എന്ത് കൊണ്ട് ഡോക്ടര്‍ ബി. ഇക്ബാലിനെപോലുള്ള ഹൃദയവും തലചോറുമുള്ള ഒരാളെ ഇടതുപക്ഷത്തിനു പോലും ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കാന്‍ കഴിഞ്ഞില്ല. മുന്‍മന്ത്രി ശ്രീമതി ടീച്ചറുടെ ഇംഗ്ലീഷ് പ്രസംഗതെറാപ്പി അറിയാത്തവര്‍ "ശ്രീമതി ടീച്ചര്‍" എന്ന്‌ യുട്യൂബില്‍ ഒന്ന് തിരയൂ. ഒരു ടീച്ചറാവാനുള്ള പരിജ്ഞാനം പോലും അവര്‍ക്കില്ലെന്ന് അപ്പോള്‍ നമുക്ക് മനസ്സിലാവും. ജനാധിപത്യം ചിലര്‍ക്ക് ചിലപ്പോള്‍ മഹാ ഭാഗ്യങ്ങളാണ് വരുത്തിവെക്കുന്നത്. ഈ മഹാഭാഗ്യത്തിന്റെ പരിഷ്ക്കരിച്ച പതിപ്പാണ്‌ പട്ടിക വകുപ്പ് മന്ത്രി ജയലക്ഷ്മിയുടെത്. വലതു പക്ഷത്തു  തെരഞ്ഞെടുക്കപ്പെട്ട വനിതാ സ്ഥാനാര്‍ഥികള്‍ ഒന്ന് പോലും ഉണ്ടായില്ലെന്നതാണ് ജയലക്ഷ്മിയുടെ യോഗ്യത! രോഗത്തെ ദയവുചെയ്ത് രാഷ്ട്രീയ വല്ക്കരിക്കരുതെന്നൊരു ഉപദേശം ആരോഗ്യമന്ത്രി എലിപ്പനി വിഷയത്തില്‍ ഇന്ന് ഉരുവിട്ടിട്ടുണ്ട്. പ്രിയപ്പെട്ട സര്‍, എത്ര രാഷ്ട്രീയ നേതാക്കള്‍ എലിപ്പനി ബാധിച്ചു കേരളത്തില്‍ മരിച്ചിട്ടുണ്ടെന്ന് നമ്മള്‍ തിരിച്ചൊരു ചോദ്യം ചോദിച്ചാലോ?
     നി കുടുംബാസൂത്രണം. "നാം രണ്ട് നമുക്ക് രണ്ട് " എന്ന മലയാളിയുടെ ബോധത്തിലേക്ക്‌ വാര്‍ന്നുവീണ ഒരു കുടുംബാസൂത്രണ സംഹിത ഉണ്ടായിരുന്നു നമുക്ക്. വിവരമുള്ളവര്‍ അതിനെ " നം ഒന്ന് നമുക്കൊന്ന് " എന്നൊരു അണുകുടുംബ സംഹിതയിലേക്ക് തര്‍ജ്ജിമ ചെയ്തു വരികയായിരുന്നു. അത് നമ്മുടെ ഒരു സംസ്ക്കാരത്തിന്റെ ഭാഗം കൂടിയായിരുന്നു ഒരളവുവരെ. തൊഴിലില്ലായ്മ എന്നിട്ടും നമുക്കിടയില്‍ വല്ലാത്ത ഉയര്‍ന്ന അനുപാതത്തിലാണ്. ഉരുവിലും കള്ളലോഞ്ചിലും കയറി രക്ഷപ്പെട്ട് പോയവര്‍ പെട്രോള്‍ കുഴിച്ചെടുക്കുന്നിടങ്ങളില്‍ എത്തിപ്പെട്ടി   ല്ലായിരുന്നെങ്കില്‍ കേരളം ഇന്നെന്താവുമായിരുന്നു. ഭീകരവാദം ഏത് തോതിലായിരുന്നു നമുക്കിടയില്‍ നഖമാഴ്തുമായിരുന്നത്. തത്വത്തില്‍ പെട്രോള്‍ അവതരിച്ച നാട്ടിനെക്കാള്‍ അതിന്റെ പ്രയോജനം കിട്ടിയത് കേരളത്തിനാണ്. കമ്മ്യൂണിസമല്ല കേരളത്തെ രക്ഷിച്ചത്‌ ഗള്‍ഫുനാടുക ളിലെ മണ്ണിനടിയിലെ പെട്രോളാണെന്നു ഞാന്‍ പറയും. (കേരളത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയും, വൈകിയാണെങ്കിലും അതു മനസ്സിലാക്കിയിരിക്കു ന്നു. അല്ലെങ്കില്‍ ഒരു തൊഴിലാളി വര്‍ഗ്ഗത്തിന്റെ ചാനല്‍ റിയാലിറ്റി ഷോ ഫൈനല്‍ അവതരിപ്പിക്കാനുള്ള വേദി എങ്ങിനെ ദുബായ് എന്ന, എണ്‍പതുകളില്‍ കമ്മ്യൂണിസ്റ്റുകാരന്‍ അഭിസംബോധന ചെയ്ത ഒരു ബൂര്‍ഷ്വാ നഗരത്തിനാകും!) അതിന്റെ അടിസ്ഥാനത്തില്‍ നാം നമ്മുടെ രുചിശീലം മുതല്‍ ലൈംഗികശീലം വരെമാറ്റിപ്പണിതു.
       

       ആവഴിക്കു നാളേക്കുള്ള നമ്മുടെ പലകണ്ണുകളും അടഞ്ഞുപോയി. മുന്‍പേ രണ്ട്കുട്ടികള്‍ എന്ന നിലയില്‍ നാം സംവിധാനം ചെയ്തിരുന്ന കുടുംബബോധത്തെ ഒരു കുഞ്ഞ് എന്ന നിലയിലേക്ക് പരാവര്‍ത്തനം ചെയ്യേണ്ടുന്ന കാലം അതിക്രമിച്ചിട്ട് കാലമേറെയായി. തൊഴില്‍,ഭൂമി, ജലം,എന്നിവയുടെ ദൌര്‍ലഭ്യത.... ആരോഗ്യരംഗത്തെ പിടുപ്പുകേട്, വൈദ്യതി ക്ഷാമം,ആഗോള സാമ്പത്തിക പ്രതിസന്ധി, എന്നിവയൊക്കെ മുന്‍ നിര്‍ത്തിയാണ് നാം ഇനി കുടുംബത്തെ സംവിധാനം ചെയ്യേണ്ടത്. എരിവിനു വേണമെങ്കില്‍ സ്വര്ണ്ണത്തിന്റെ വിലയും കൂടെ കണക്കാക്കാം.
       

       മേല്‍പറഞ്ഞതൊന്നും കേരളത്തില്‍ ഒരിക്കലും നേരെയാകാത്തവിധം താറുമറായിക്കിടക്കുകയാണ്. ഇതിനെ നേരാംവണ്ണം ശരിയാക്കാനാവാത്ത വിധം നമ്മുടെ പൌരബോധം കേട്ട്പോയിരിക്കുന്നു. രാഷ്ട്രീയക്കാരന് ഭരിക്കുക, ആജ്ഞാപിക്കുക, എതിരാളിയെ കുറ്റം പറയുക,ഹര്‍ത്താല്‍ നടത്തുക, എന്നതില്‍ കവിഞ്ഞു നമ്മുടെ രാഷ്ട്രീയം ഒന്നും നല്‍കുന്നില്ല.
ഉദാഹരണത്തിന്, കൊതുകിനെ നശിപ്പിക്കാന്‍ ഡി. വൈ. എഫ്. ഐ. ഈ വര്ഷം എന്ത് ചെയ്തു?
എലികളെ നശിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് എന്ത് ചെയ്തു?

മാലിന്യ സംസ്ക്കരണത്തിന് കേരളത്തിലെ അദ്ധ്യാപക സംഘടനകള്‍ എന്ത് ചെയ്തു... ചുരുങ്ങിയത് ഒരു ബോധവല്‍ക്കരണമെങ്കിലും? (സെന്സസ്സെടുക്കാനും, തെരഞ്ഞെടപ്പ്‌ പ്രക്രീയക്കും  ഇവര്‍ പോകുന്നത് അതിന്റെ സാമ്പത്തിക ഫലം ഓര്‍ത്തുകൊണ്ട്‌ മാത്രമാണ് ) ഈ ചോദ്യം ആരോട് ചോദിച്ചാലും കേള്‍ക്കുന്നവന്‍ പൊട്ടിച്ചിരിച്ചു പോകും. അതേ സമയം ഇവര്‍ ആരോഗ്യമന്ത്രിയെ വഴിയില്‍ തടയും! അപ്പോള്‍ കര്‍മ്മം എന്നത് ഞാന്‍ ചെയ്യേണ്ടുന്നതല്ല മറ്റാരോ ചെയ്യേണ്ടാതാണെന്ന അലമ്പ് വിശ്വാസത്തില്‍ കുടുങ്ങിക്കിടക്കുകയാണ് നാം. തത്വത്തില്‍ നമ്മുടെ യുവജനങ്ങളെ പ്രസ്ഥാനങ്ങളില്‍ കുരുക്കിയിട്ട് അവരുടെ പൌരബോധ ത്തെ ഊറ്റിക്കളയുകയാണ് നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങള്‍ ചെയ്യുന്നത്. ഒരു ഉദാഹരണം കൂടിവെക്കട്ടെ. ഒരു മുന്നണിക്കും വേണ്ടാതെ കെ. മുരളീധരന്‍ ഫുട്പാത്തില്‍ കിടന്നുറങ്ങിയ കാലത്തുപോലും പേരിനെങ്കിലും ഏതെങ്കിലും ഒരു അനുയായിയെ എങ്കിലും വിളിച്ച് ഒന്നിച്ചു ഒരു സര്‍ക്കാര്‍ ആശുപത്രി അല്ലെങ്കില്‍, ഏതെങ്കിലും ഒരു കെ. എസ്. ആര്‍. ടി. സി. മൂത്രപ്പുര കഴുകിയതായി ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? താന്‍ കോണ്ഗ്രസ്സി ല്‍ ചേര്‍ന്നാലേ ജനസേവനം നടത്താനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടൂ എന്നാണീ എക്സ്. ഗള്‍ഫുകാരന്‍ വിചാരിച്ചത്. അപ്പോള്‍ മേലപ്പറഞ്ഞ ക്രീയാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ആള്‍ ആരാണ് ?
       ണ്ട് വര്ഷം മുന്‍പേ കെ. സി. ബി. സി. സന്താനങ്ങളെ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഇടയന്‍മാരോട് ഒരു ആഹ്വാനം നടത്തിയിരുന്നു. സ്വന്തം അനുയായികളെ വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു പ്രത്യക്ഷന്യായം. അതുവഴി കേരളത്തില്‍ ഒരു സമ്മര്‍ദ്ദശക്തിയാവുക എന്നതും, തങ്ങള്‍ കെട്ടിവെച്ച പള്ളിക്കൂടങ്ങളിലേക്ക് കാശെണ്ണിവാങ്ങി പണപ്പെട്ടിനിറക്കാന്‍ കുഞ്ഞുങ്ങളെ ഉണ്ടാക്കുക എന്നതും പരോക്ഷലക്ഷ്യ വും. അതു ഫലംകണ്ടോ എന്ന് ഒരു സര്‍വേയും നമുക്ക് വിവരം തന്നില്ല. എന്നാല്‍ ഇതിലേറെ ഭീകരമായ വസ്തുത ഈ പ്രസ്താവനയെ അപലപിക്കാ ന്‍ കേരളത്തില്‍ ഒരു രാഷ്ട്രീഷയകക്ഷിയും ഇല്ലാതെപോയി എന്നതാണ്. വോട്ടുബാങ്കില്‍ കണ്ണിട്ടുനില്‍ക്കുന്ന നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളില്‍ ആര്  ഈ പൂച്ചക്ക് മണി കെട്ടും? ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ സഭ ആഴ്ചയില്‍ അഞ്ചു ദിവസ്സമെങ്കിലും അവധിനല്‍കി ഇണകളെ വീട്ടിലിരുത്ത ണം എന്നൊരു ഇടയലേഖനം ഇറക്കാന്‍ നോക്കുന്നേരത്താണ് പുതിയ
      "വുമണ്സ് കോഡ് ബില്‍ " എന്നൊരു സാധനം പുറപ്പെട്ടു വരുന്നത്.  അതായത് രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരില്‍  നിന്നും പിഴയീടാക്കാനുള്ള വകുപ്പുള്ളതും സ്ത്രീകളുടെതും, കുട്ടികളുടെതുമായ ക്ഷേമത്തിനായുള്ള ഒരു സാധനം സാക്ഷാല്‍ കൃഷ്ണയ്യര്‍ വക അവതരിക്കുന്നത്.
    

          നസംഖ്യ വര്‍ദ്ധനനവിനെതിരെ കര്‍ശന നിലപാടുകളുള്ള, രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്കെണ്ടതില്ലെന്നുള്ള പ്രസ്തുത ബില്‍ തികഞ്ഞ സാമൂഹികനീതി പ്രധാനംചെയ്യുന്നത് തന്നെയാ ണ്. ലോകത്തു മുഴുവനും ഇന്ന് പ്രത്യേകിച്ച് ഇന്ത്യയില്‍ ജനസംഖ്യ നിയന്ത്രണം കര്കശമായ നിയമവിധേയമാക്കി മാറ്റെണ്ടുന്ന കാലം കഴിഞ്ഞു. ലോകം ഒരു ആഗോളഗ്രാമമായി പരിണമിച്ചുകൊണ്ടിരിക്കു മ്പോള്‍ ഒരു കുഞ്ഞെങ്കിലും ഇന്ത്യയില്‍ പിറക്കാതിരിക്കുമ്പോള്‍ അതിന്റെ ഗുണഭോക്താവ് ഇന്ത്യമാത്രമല്ല ലോകം മുഴുവനുമാണ്. ആ കുഞ്ഞ് ചെയ്യേണ്ടുന്ന തൊഴിലില്‍ ഇടപെടാന്‍ ലോകത്തിന്റെ ഏത് മൂലയില്‍ നിന്നും കുഞ്ഞുങ്ങള്‍ പറന്നു വരും. ഇന്ത്യപോലൊരു ദരിദ്രരാജ്യത്ത് കുടുംബാസൂത്രണം ശക്തമായി നടപ്പാക്കാന്‍ അടിയന്തിരാവസ്ഥപോലെരു കറുത്ത കാലഘട്ടം വേണ്ടിവന്നു.അടിയന്തിരാവസ്ഥ കൊണ്ട് രാജ്യത്തി നുണ്ടായ ഒരേഒരുമെച്ചം അത് മാത്രമായിരിക്കാം ഒരു പക്ഷെ. ഇതില്‍ തന്നെ ചില ദുരന്തങ്ങള്‍ വന്നു പെട്ടിട്ടുണ്ടെങ്കിലും. 
      
        എന്നാല്‍ ഈ പുതിയ ബില്ലിനെതിരെ സഭകള്‍ ഇളകിത്തുടങ്ങി. കൂടുതല്‍ തവണ ഗര്‍ഭംധരിക്കുന്ന സ്ത്രീകളോടും, കൂടുതല്‍ തവണ അണ്ഡ വിക്ഷേപണം നടത്തുന്ന പുരുഷന്മാരോടുമാണ് സഭക്കിപ്പോള്‍ കൂടുതല്‍ ഇഷ്ടം... അവന്‍ സത്യവിശ്വാസി.. നല്ല ഇടയന്‍ ...  സ്വാശ്രയസ്കൂളുകള്‍ക്ക് കുട്ടികളെ ഉണ്ടാക്കിക്കൊടുക്കലല്ല തങ്ങളുടെ ജോലി എന്ന് കൃസ്ത്യന്‍ സമുദായത്തിലെ വിശ്വാസികള്‍ ഉച്ചത്തില്‍ പറയേണ്ടുന്ന കാലം അതി ക്രമിച്ചു. കെസിബിസി.യുടെ അല്മായകമ്മീഷന്‍ എങ്ങിനെ പ്രതികരിക്കുന്നു എന്ന് നോക്കൂ...
 
"ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്‌കരണ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച വിമന്‍സ് കോഡ് ബില്‍ മനുഷ്യത്വത്തോടും മനുഷ്യന്റെ സ്വകാര്യതയോടുമുള്ള വെല്ലുവിളിയാണ് രണ്ടു കുട്ടികള്‍ എന്നത് നിര്‍ബന്ധമാക്കുകയും, അത് ലംഘിച്ചാല്‍ സര്‍ക്കാര്‍ സഹായങ്ങള്‍ നിഷേധിക്കപ്പെടുക മാത്രമല്ല, പിഴയും ജയില്‍ശിക്ഷയും വേണമെന്നുമാണ് ശുപാര്‍ശ. നിക്ഷിപ്ത താത്പര്യമുള്ള ചിലരോട് മാത്രം ചര്‍ച്ചകള്‍ നടത്തിയാ ണ് ഏകപക്ഷീയമായി സമിതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നത്.

മാതാപിതാക്കളുടെ സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന വിമന്‍സ് കോഡ് ബില്‍ തള്ളിക്കളയുന്നതോടൊപ്പം ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്ന നിയമപരിഷ്‌കരണ സമിതിതന്നെ പിരിച്ചുവിടണമെന്നും അല്മായകമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ ആവശ്യപ്പെട്ടു."
  ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ശുപാര്‍ശ ചെയ്തിരിക്കുന്ന വിമന്‍സ് കോഡ് ബില്ലിലെ ശുപാര്‍ശകള്‍ വിശ്വാസങ്ങള്‍ക്കും ജീവന്റെ മൂല്യങ്ങള്‍ക്കുംനേരെ വെല്ലുവിളി ഉയര്‍ത്തുന്നതും മനുഷ്യമഹത്വത്തെയും മാതൃത്വത്തെയും അപമാനിക്കുന്നതുമാണെന്ന് സീറോമലബാര്‍ സഭ അല്മായകമ്മീഷന്‍ സെക്രട്ടി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. വിമന്‍സ് കോഡ് ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ തള്ളണമെന്നും തുടര്‍നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ശക്തമായി നേരിടുമെന്നും സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.
        

            ഈ വാദത്തിലെ ജീവന്റെ മൂല്യങ്ങള്‍ക്കു നേരെ വെല്ലുവിളി ഉയര്‍ത്തുന്നതും, മനുഷ്യമഹത്വത്തെയും മാതൃത്വത്തെയും അപമാനിക്കു ന്നതുമാണ്  എന്ന വരികളെ ഒന്ന് വിശകലനം ചെയ്തുനോക്കൂ. സ്വന്തം വിശ്വാസികള്‍ എത്ര പ്രസവിക്കണമെന്നു നിശ്ചയിക്കാന്‍ മെത്രാന്‍മാര്‍ ക്കെന്ത് അധികാരം... ഈ വിളമ്പരത്തിലൂടെ സഭക്ക് അധികംകിട്ടുന്ന ക്രൈസ്തവ സന്താനങ്ങളെ സഭകള്‍ നിരുപാധികം ഏറ്റെടുക്കുമോ? മെത്രാന്‍മാര്‍ക്ക് കുടിപാര്‍ക്കാന്‍ അരമനയും, ഭുജിക്കാന്‍ വിശ്വാസികളുടെ ബാങ്ക് ബാലന്സുമുണ്ട്. എന്നാല്‍ സാദാവിശ്വാസികളുടെ  സ്ഥിതിയെന്താ ണ് ?അനുദിനം ഇടവകകളില്‍ മരിച്ചു ജീവിക്കുന്ന സമുദായക്കാരെ ചേര്‍ത്തു പിടിക്കാനാണ് തിരുമേനിമാര്‍ ഇറങ്ങിപ്പുറപ്പെടെണ്ടത് അല്ലാതെ ചാനല്‍ ചര്‍ച്ചകള്‍ക്ക് കോളം തികക്കാന്‍ സന്ധ്യാനേരത്തു തിരുമുഖം കാണിക്കാന ല്ല. മെത്രാന്‍ന്മാരുടെ ഈ വിളംബരത്തില്‍ ദൈവഹിതം ഒട്ടുമില്ല, മറിച്ചു വ്യാപാരഹിതം മാത്രമാണെന്ന് തിരിച്ചറിയാന്‍ രാവേറെ വിയര്ക്കെണ്ട തില്ല. ഇത്തരം പ്രഖ്യപനങ്ങളിലൂടെ സീറോമലബാര്‍ സഭ അക്ഷരാര്‍ഥ ത്തില്‍ സീറോ ആയിത്തീരുന്നു. സംപൂജ്യരായ തിരുമേനിമാര്‍ വെറും പൂജ്യമായിമാറുന്നു.  
        മത പോലുള്ള മുസ്ലിംസംഘടനകളുംകൂടെ വന്നിരിക്കുകയാണ് കരിങ്കൊടികളുമായി. ഈബില്‍ ശരീയത്തിനെതിരാണെന്നാണ് വാദം. ആ അര്‍ത്ഥത്തില്‍ സ്ത്രീക്ക് ഗര്‍ഭധാരണശേഷി സ്വമേധയാനഷ്ടമാവുന്നത് വരെ സന്താനോല്‍പ്പാദനം നടത്തേണ്ടതുണ്ട്. ദൈവം തരുന്നത് കൈനീട്ടി വാങ്ങുന്നു എന്നത് കുട്ടികളുടെ കാര്യത്തില്‍ വിശ്വാസികള്‍ ഉയര്‍ത്തിപ്പി ടിക്കുന്ന ഒരു മുദ്രാവാക്യമാണ്. എന്നാല്‍ ഇതേ ദൈവം നിശ്ചയിക്കുന്ന രോഗംമാറ്റാന്‍ ശസ്ത്രക്രീയ ചെയ്യാന്‍ ഇവര്‍ക്ക് മടിയില്ല.. സയന്‍സും, ടെക്നോളജിയും, പുരോഗമിക്കുമ്പോള്‍ മതം ഒരു പഴയ സോഫ്റ്റ്വെയറായി നിലനിന്നാല്‍ അതൊരു ദുരന്തമാവും, മതം അതിനെ ദിവ്യബലികളായി എഴുതിചേര്‍ത്താലും അത് ദുരന്തംതന്നെയാണ്, കൊല്ലപ്പെട്ടവന്റെ വീട്ടിനെങ്കിലും!
       

തിനെ പിന്താങ്ങി ജനാധിപത്യ മഹിളാ അസോസിയേഷന്‍വക ശ്രീമതി ഷൈലജടീച്ചര്‍ രംഗത്ത് വന്നുകഴിഞ്ഞു. ഈ പരിഷ്ക്കരണം സ്ത്രീത്വത്തിനെതിരാണെന്നാണ് അവരുടെ വാദം. രണ്ട്‌ കുഞ്ഞുങ്ങള്‍ മാത്രമേആകാവൂ എന്ന നിയമം ഒരു പൊതുസമൂഹത്തില്‍ എങ്ങിനെ സ്ത്രീകളുടെമാത്രം പ്രശ്നമാകും. എക്സ്പ്രസ് ഹൈവേ വന്നാല്‍ കേരളം രണ്ടായിമുറിഞ്ഞുപോകും എന്ന്‌ പ്രസ്താവിച്ച ഒരു രാഷ്ട്രീയ കക്ഷിയില്‍നിന്നും, അത് അവരുടെ അവസാനത്തെ വിഡ്ഢിത്വമായിരിക്കുമെന്നു വിശ്വസിച്ച നമ്മളാണ് കോമാളികള്‍. പോരാതെ ഇരുപത് വയസ്സിനു ശേഷം ആദ്യത്തെ കുഞ്ഞിനു ജന്മംനല്കുന അമ്മമാര്‍ക്ക് അമ്പതിനായിരംരൂപ പാരിതോഷികം നല്‍കാനുള്ള ഒരു നിര്‍ദേശവും ബില്ലിലുണ്ട്. കുട്ടികളുടെ ക്ഷേമത്തിനായി സംസ്ഥാന കമ്മീഷന്‍, ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുന്നതിന് ഷെല്‍ട്ടര്‍ ഹോം എന്നിവയും നിര്‍ദേശങ്ങളിലുണ്ട്. സ്‌കൂള്‍ പ്രവേശനസമയത്ത് തലവരിപ്പണം ഈടാക്കുന്നതും മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ അഭിമുഖത്തിന് വിധേയമാക്കുന്നതും തടയണമെന്നും കൃഷ്ണയ്യര്‍ ആവശ്യപ്പെടുന്നു. ഇതിന് നേരെ തിരുമേനിമാരോ, ടീച്ചര്മാരോ, കണ്ണടച്ചിട്ട് കാര്യമില്ല. കേരളത്തിലെ കോടാനുകോടികള്‍ ഈ ബില്ലിനെ നെഞ്ചേറ്റും. ഷൈലജടീച്ചരുടെ പ്രശ്നം ഈ കാണുന്നതൊന്നുമല്ല. ഒന്ന്, ഉമ്മന്‍ചാണ്ടി കൊണ്ടുവരുന്നതെന്തായാലും എതിര്‍ക്കുക.
രണ്ട്, ഈവിധം ഒരു പ്രസ്താവനയിലൂടെ ക്രിസ്ത്യാനികളെയും, മുസ്ലീങ്ങളെയും , പ്രീണിപ്പിച്ചു കൂടെ നിര്‍ത്തുക..
      ഇത് പാര്‍ട്ടിയുടെ ബുദ്ധിയാണ്. ഈ വിഷയത്തില്‍ പൊതുവേ പുരോഗമാനക്കാരെന്നു നടിക്കുന്ന ഇടതുപക്ഷത്തിനു നേരിട്ടിറങ്ങാന്‍ കഴിയില്ല, പകരം അടുക്കളച്ചുവരിലെ ആണിയില്‍തൂക്കിയ ഷൈലജടീച്ചര്‍ എന്ന ചട്ടുകത്തെ ഉപയോഗിച്ചു എന്ന് മാത്രം. ഈ വിഷയത്തോട് കേരളത്തിലെ ഓരോ സംഘനയും എങ്ങിനെ പ്രതികരിക്കുന്നു എന്ന് നോക്കിമാത്രം നമുക്ക് അവരെ വിലയിരുത്താനവും. കാരണം ഭൂപരിഷ്ക്കരണ നിയമത്തിനു ശേഷം കേരളത്തില്‍ നമുക്ക് മുമ്പിലുള്ള ഏറ്റവും നല്ല ഒരു നിയമ പരിഷ്ക്കരണമാണിത്.       
        പ്പോള്‍തന്നെ രണ്ടിലധികം കുഞ്ഞുങ്ങളുള്ളവര്‍ക്ക് നേരെ ഒരു നെറ്റിചുളിപ്പ് നമ്മുടെ സമൂഹത്തിലുണ്ട്. സാമൂഹിക ബോധവും, വിദ്യാഭ്യാസവുമില്ലാത്തവരെ നിലക്ക് നിര്‍ത്താനാണ് സാധാരണഗതിയില്‍ നിയമം കൊണ്ടുവരുന്നത്. അതിനെ തുരംഗം വെക്കാന്‍ ഒരച്ചനേയും അനുവദിച്ചു കൂടാ. അത് പള്ളിയിലെ അച്ഛനായാലും ശരി വീട്ടിലെ അച്ഛനായാലും ശരി.
ഈ ബില്‍ മനുഷ്യത്വത്തിനെതിരാണെന്ന്‍ സ്ഥാപിക്കുന്ന തിരുമേനിമാര്‍, കന്യാസ്ത്രീകളെ വിവാഹിതരാവാന്‍ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തുകയാണ് വേണ്ടത്. കന്യാസ്ത്രീകള്‍ വിവാഹിതരായാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്. കന്യാമറിയവും ഒരമ്മയായിരുന്നില്ലേ.. ആ തിരുരൂപത്തിന് മുമ്പില്‍ മുട്ട്കുത്തുമ്പോള്‍ തനിക്കു വിലക്കപ്പെട്ട മാതൃത്വമോര്‍ത്തു സ്വയം ചുരക്കാത്ത മാറിടമുള്ള ഒരു കന്യാസ്ത്രീപോലും ഒരു സഭയിലും ഉണ്ടാവില്ല. ആ വിശുദ്ധ നേരത്ത്  ജീസസ് അവരുടെ ഓരോരുത്തരുടെയും കുഞ്ഞാണ്. പുറമേ നിന്നു നോക്കുന്ന നാം ആ വേദനയെ പ്രാര്‍ത്ഥന എന്ന് തെറ്റിവായിക്കുന്നു. ചാരിറ്റിക്ക് കുടുംബം ഒരു തടസ്സമാണെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്. വീട്ടിലെ കാവല്‍ നായക്ക് ശ്രദ്ധ മാറിപ്പോകാതിരിക്കാന്‍ വരിയുടച്ച് കളയുന്നതിനു സമമാണിത്. മറിച്ച് ഒരു കുടുംബം അവര്‍ക്കുമുണ്ടാവുമ്പോള്‍ ചില ഗുണങ്ങള്‍ കൂടിയുണ്ട് താനും! ആശ്രമമുറ്റത്തെ കിണറ്റിലേയും, വെള്ളച്ചാലുകളിലേയും, കന്യാമരണങ്ങള്‍ക്ക് ഒരു പരിധിവരെയെങ്കിലും അറുതിയുണ്ടാവും.  തിരുമേനിമാര്‍ തലയറഞ്ഞു ചിന്തിക്കേണ്ട വിഷയം ഇതാണ്.              
        കേരളത്തില്‍ ഏറ്റവുമധികം ജനസാന്ദ്രതയുള്ള ജില്ല മലപ്പുറമാണ്. എന്ത് കൊണ്ട്? കെ. സി. ബി. സി. രണ്ട് വര്ഷം മുന്‍പേ വിളംബരം ചെയ്ത സന്താനവര്‍ധന പ്രഭാഷണം മലപ്പുറത്ത് വര്‍ഷങ്ങള്‍ക്കു മുമ്പെ മുസ്ലീംപള്ളികളില്‍ മൊല്ലാക്കമാര്‍ നടത്തി വന്നിരുന്നു. നേതാക്കന്‍മാര്‍ക്ക് വേണ്ടിയിരുന്നത് സാമുദായികവോട്ടുകള്‍ ഇരട്ടിപ്പിക്കുക എന്നത് മാത്രമായിരുന്നു. ഇങ്ങനെ അഞ്ചുവര്ഷംകൂടുമ്പോള്‍ വോട്ടുചെയ്യാന്‍ വേണ്ടി മാത്രം ജനിപ്പിച്ച ഒരു ആള്‍ക്കൂട്ടത്തെ ദുരന്തമാക്കാതെ നെഞ്ഞോട് ചേര്‍ത്തു പിടിച്ചത്  അറബ് നാടുകളിലെ പെട്രോമണി മാത്രമാണ്.
ഭരണപക്ഷത്തായത് കൊണ്ട് മാത്രമാണ് കുഞ്ഞാലിക്കുട്ടി ഈ ബില്ലിനെതിരെ ഒന്നും പറയാതിരിക്കുന്നത്. അല്ലെങ്കില്‍ ഈ ബില്ല് ഹറാമാണെന്ന് കാച്ചിക്കളഞ്ഞേനെ.
            തിരുമേനിമാര്‍ ആദ്യം കുട്ടികളെ ഉണ്ടാക്കാന്‍ പറയും, പിന്നെ തലവരി ചോദിക്കും, ഗത്യന്തര മില്ലതാവുന്നവരോട് അരമനയിലേക്കു പോരൂ വെള്ളക്കുപ്പായം തരാം എന്ന്പറയും ... വെള്ളാപ്പള്ളി നടേശനും, സുകുമാരന്‍നായരും ഇങ്ങനെ സ്വന്തം വര്ഗ്ഗത്തോട് സന്താനവര്‍ധനവിന് വേണ്ടി ഒരു വാറോല ഇറക്കിയാല്‍ കേരളത്തിന്റെ സ്ഥിതി എന്താണ്? കൃസ്ത്യാനികളെല്ലാം കേരളാകോണ്ഗ്രസ്സിനു വോട്ടുചെയ്യുന്നതും, സന്താന വര്‍ധനവിലൂടെ, കേരളത്തെ കൃസ്ത്യാനികള്‍ പിടിച്ചടക്കുന്നതുമാണ് കേരളത്തിലെ തിരുമേനിമാര്‍ സ്വപ്നംകാണുന്നത്. കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയില്‍ അത്തരം ഒരു വിഷം കുത്തിനിറക്കാന്‍  അമ്പലങ്ങളിലെ ശാന്തിക്കാരനാവാത്തിടത്തോളം കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണ്‌. അതു കൊണ്ടാണ് കേരളത്തില്‍ ഒരിടത്തും ബി. ജെ. പി. ഇന്നും പറ്റ് കുറിക്കാത്തത്. അല്ലാതെ പിണറായി വിജയനോ, ജയരാജന്‍മാരോ കാവല്‍നില്‍ക്കുന്നത് കൊണ്ടല്ല. ഇടക്ക് അവര്‍ അങ്ങിനെ ഫലിതം പറയാറുണ്ടെങ്കിലും...              
         
എതിരഭിപ്രായങ്ങള്‍ പറയുന്നവര്‍ കേരളത്തില്‍ പരമാവധി എത്ര ജനസംഖ്യയാവാം എന്ന്‌ ആധികാരികമായി പറയാന്‍ ബാധ്യസ്ഥരാ ണ്. സംസ്ഥാനത്തെ പ്രതിപക്ഷ കഷികള്‍ ഇതേവരെ ഈ വിഷയത്തില്‍ ഒന്നും പ്രതികരിച്ചുകണ്ടില്ല. വാസ്ഥവത്തില്‍ ഒന്നില്‍ കൂടുതല്‍ കുട്ടികളുള്ള വരില്‍നിന്നും നികുതി ഈടാക്കേണ്ട സ്ഥിതി ഇന്ന് കേരളത്തിലെങ്കിലും ഉണ്ട്. ഒരു കുഞ്ഞുമാത്രമാണെങ്കില്‍ ആ കുഞ്ഞിനു നൂറുശതമാനം വിദ്യാഭ്യാസവും,ചികിത്സയും,സര്‍ക്കാര്‍ ജോലിയും ഉറപ്പു വരുത്തിയാല്‍... ആ കുഞ്ഞ് അകാലത്തില്‍ മരിച്ചു പോവുകയാണെങ്കില്‍, അവന്റെ /അവളുടെ മാതാപിതാക്കളെ സര്‍ക്കാര്‍ നൂറു ശതമാനം ഏറ്റെടുക്കുകയാണെങ്കില്‍, ഒരു ബില്ലിന്റെയും പരിരക്ഷയില്ലാതെ ഇതേകാര്യം വളരെ ഫലപ്രദമായി കേരളത്തില്‍ നടപ്പാക്കവുന്നതെയുള്ളൂ..ഒരു തിരുമേനിയും ന്യൂസ് ഹവറുക ളില്‍ കയറിയിരുന്നു ശര്ദ്ധിക്കുകയില്ല... അതിന് ഇച്ചാശക്തിയുള്ള  ഒരു  മുഖ്യമന്ത്രിയാണ് വേണ്ടത്... തിരുമേനിമാരെയും പി.സി. ജോര്‍ജ്  എന്ന കവലക്കുരങ്ങനെയും പേടിക്കുന്ന ഒരു മുഖ്യമന്ത്രിയെ അല്ല. വേറൊരു കാര്യം ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ ചാനലുകള്‍ ക്ഷണിക്കേ ണ്ടത് മതഅധ്യക്ഷന്‍മാരെയാണോ, അതോ സാമുഹിക ചിന്തകരെയോ? കുളം കലങ്ങിയാലും ചാനലുകലുടെ റേറ്റ് കൂടട്ടെ എന്നേ  ഇവര്‍ക്ക് വിചാരമുള്ളൂ...  
 
    
         ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം കുശലം പറയാനെത്തുന്ന പെണ്‍വിശ്വാസികളുടെ അടിവയറ്റില്‍ നോക്കി പള്ളിയിലെ അച്ഛന്‍മാര്‍ ഇനിയും വിശേഷമൊന്നുമായില്ലേ കുഞ്ഞാടെ എന്ന്‌ ശാസിക്കുന്ന രംഗമൊ ന്നോര്‍ത്തു നോക്കൂ...             
        ഒന്ന് മാത്രം ഊന്നിപ്പറയട്ടെ കേരളത്തിലെ സ്ത്രീകളുടെ ഗര്‍ഭപത്രത്തി ല്‍ എത്ര അണ്ഡങ്ങള്‍ നിക്ഷേപിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാ ശം ആത്മാഭിമാനമുള്ള ഒരു പെണ്ണും ഒരു മെത്രാനും വിട്ടുകൊടുക്കരുത്. അത് അവളുടെ അവകാശമാണ്. കുഞ്ഞ് ഒന്നെങ്കില്‍ ഒന്ന് അതിനെ ആരോ ഗ്യത്തോടും, സ്നേഹത്തോടും വളര്‍ത്താനുള്ള അവകാശം അമ്മക്കാണ്  പിന്നെ അച്ഛനും... തെറ്റിദ്ധരിക്കരുത്, അരമനയിലെ അച്ഛനല്ല, വീട്ടിലെ അച്ഛന്... അതുകൊണ്ട് പ്രിയപ്പെട്ട കൂടപ്പിറപ്പുകളേ നിങ്ങളുടെ ഗര്‍ഭപാത്ര ത്തിന്റെ താക്കോല്‍ നിങ്ങളുടെ ഹൃദയത്തില്‍ തന്നെ സൂക്ഷിക്കൂ.. അല്ലെങ്കില്‍ ഉടനെ അതും മോഷണം പോയേക്കാം  
ആമേന്‍...
പ്രിയ വായനക്കാരാ/വായനക്കാരീ ഏറ്റുപറയൂ...
ആമേന്‍.          

2

ആതുര വിചാരം


      ന്നലത്തെ പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയുടെ ചുവടുപിടിച്ചു ചില വിശകലനങ്ങളാണ് ഇക്കുറി. വാര്‍ത്ത ഇതായിരുന്നു. "പത്തു വര്ഷം പൂര്‍ത്തിയാക്കിയ വിദേശ നേഴ്സുമാരെ സൗദി അറേബ്യ പിരിച്ചു വിടും". ഒറ്റനോട്ടത്തില്‍ ഈ വാര്‍ത്ത പുറമ്പോക്കില്‍ കിടക്കുന്ന ഞാനെന്തിനു വിശകലനം ചെയ്യണം എന്ന് നിങ്ങള്‍  ആലോചിക്കുന്നുണ്ടാവണം.എന്തുകൊണ്ടോ രണ്ട് ദിവസം മുഴുവന്‍ ആ വാര്‍ത്ത എന്തിനെന്നറിയാതെ ഉള്ളില്‍ കിടന്നുപുകഞ്ഞു. അങ്ങിനെയാണ് ഒരു വിശകലനത്തിന് ഞാന്‍ ആലോചിച്ചത്. ഈ വിശകലനത്തിന്റെ ഭൂമിക വാര്‍ത്തയിലേത്പോലെ സൗദി അല്ല. ഞാന്‍ ജീവിക്കുന്ന കുവൈത്ത് ആണ്.
   നിരവധി രോഗാവസ്ഥകളില്‍ എനിക്ക് പരിധിവിട്ട്  പല സഹായങ്ങളും ചെയ്തു തന്നിട്ടുള്ളവരാണ് ഇവിടുത്തെ നേഴ്സുമാര്‍. പ്രത്യകിച്ചു രണ്ട് വര്ഷം മുമ്പെ ഞാന്‍ ഇരയായ ഒരു റോഡ്‌ അപകടത്തിന്റെ സമയത്ത്. എന്നാല്‍ എനിക്ക് ലഭ്യമായ ചില ഉദാര സമീപനങ്ങലുടെ വെളിച്ചത്തിലല്ല ഞാന്‍ ഈ കു
റിപ്പിടുന്നതെന്ന് ആദ്യമേ കുമ്പസരിക്കട്ടെ.
     
    കുവൈറ്റില്‍ ഇന്ന് ജോലിക്ക് ചേരുന്ന ഒരു നേഴ്സിനു ശരാശരികിട്ടുന്ന ശമ്പളം അഞ്ഞൂറ് ദിനാറാണെന്നു നമുക്ക്കണക്കാക്കാം. അത്തരത്തില്‍ സൗദി മുന്നോട്ടു വെക്കുന്ന പത്തു വര്‍ഷത്തിന്റെ കാലയളവില്‍ കിട്ടിയേക്കാവുന്ന വരുമാനം നമുക്കൊന്ന് വിശകലനം ചെയ്തു നോക്കാം. 

10  X 12  = 120  മാസം 120 X 500 ദിനാര്‍ = 60,000 ദിനാര്‍. ഇതിനെ രൂപയിലാക്കുമ്പോള്‍ ഏകദേശം ഒരുകോടി രൂപയോളം വരും. കുടുംബനാഥന്‍ കൂടെയുള്ളവരാണെങ്കില്‍ അദ്ദേഹത്തിന്റെ വരുമാനം കൊണ്ട് വട്ടചെലവുകള്‍ ഒരുവിധം നടത്തിക്കൊണ്ടു പോകാന്‍ കഴിഞ്ഞേക്കാം.
      
  സൗദിയെപ്പോലെ ഒരുതീരുമാനം കുവൈറ്റിലും വരാന്‍ നാം ആഗ്രഹിക്കേണ്ടതുണ്ടോ എന്നതാണ് ഇനിയത്തെക്കാര്യം. ശക്തമായ ഒരു ഇടപെടലില്ലാതെ ഈ കൊയ്ത്തുകാലം ഇട്ടെറിഞ്ഞു നാട്ടിലേക്ക് തിരിച്ചു നടക്കാന്‍ ആരും താല്‍പ്പര്യപ്പെടില്ല. കണക്കെടുത്ത് നോക്കുമ്പോള്‍ ഒരു പക്ഷെ മറ്റേതൊരു ജനതെയെക്കാളും, ഇത്രയും പ്രായാധിക്യമുള്ള നേഴ്സുമാര്‍ മലയാളികളായിരിക്കും ഇവിടുത്തെ ആശുപത്രികളില്‍. ദിനാറുകള്‍ക്കപ്പുറ ത്തുനിന്ന്‍ ഉള്ളിലേക്ക് തിരിഞ്ഞുനോക്കി സ്വയം ഒരു കണക്കെടുപ്പ് നടത്തുമ്പോള്‍ വൈകിയെങ്കിലും അവര്‍ക്ക് തിരിച്ചറിയാനാകും തങ്ങള്‍ക്കു നഷ്ടപ്പെട്ടു പോയ ഒരു ജീവിതത്തെപറ്റി. സ്വന്തം വീട്ടില്‍ നിന്നുമകന്ന്‍, മക്കളില്‍നിന്നുമകന്ന് .... പത്തു വര്‍ഷത്തെ ഒരു സേവനരീതി എന്നൊരു നിയമം വരുമ്പോള്‍ ഈ അര്‍ത്ഥത്തില്‍  അവര്‍ക്ക് തിരിച്ചു കിട്ടുന്നത് അവരുടെ സ്വന്തം ജീവിതം തന്നെയാണ്.ഈ ഒരു കാലയളവില്‍ അവരുടെ മക്കള്‍ ടീനേജില്‍ എത്തിപ്പെടും കാലമായിരിക്കും. ഈ സമയത്താണ്  മക്കളെ ഇവിടെനിന്നും പ്ലസ് വണ്‍ ആവശ്യാര്‍ത്ഥം നാട്ടിലേക്ക് എക്സ്പോര്‍ട്ട്  ചെയ്യപ്പെടുത്. ഏറ്റവും അപകടകരമായ ഒരു സമയത്ത് നാം അവരെ നിരുപാധികം തുറന്നു വിടുകയാണ് ചെയ്യുന്നത്.  ഓര്‍ക്കുക വിവാഹിതരായി പത്തു വര്‍ഷത്തിനു ശേഷം നാം ജീവിച്ചിരിക്കുന്നത്‌ നമ്മുടെ മക്കള്‍ക്ക്‌ വേണ്ടിയാണ്. അപകടങ്ങള്‍ പടിവാതിലിലല്ല  കിടപ്പറയില്‍ പോലും പെറ്റുപെരുകും കാലമാണ്. ഈപ്പോഴ്ത്തെ ഒരു വേതന നിലവെച്ച് പത്തു വര്‍ഷത്തിനു ശേഷം സ്വന്തം മക്കളോടു കൂടെ നാട്ടിലേക്ക്‌ മടങ്ങിപ്പോയി അവരെ സുരക്ഷിതരായി സംരക്ഷിക്കുക്ക എന്നൊരു തീരുമാനമെടുക്കാന്‍ ഒരു സത്യവിശ്വാസിക്കും ഇന്ന് കഴിയില്ല. അതാണ്‌ ദിനാറിന്റെ മൂല്യം.
              ഈ വരുമാന സ്രോതസ്സുകൊണ്ട് നാട്ടില്‍ പണി കഴിപ്പിച്ചിട്ടിരിക്കുന്ന വീടുകള്‍ പുരവാസ്തുബലിക്ക് ശേഷം കാല്‍പ്പെരുമാറ്റമില്ലാതെ ഏകാന്ത തടവിലാണ്. വീടിനൊരു മനസ്സുണ്ടെന്നു നാം തിരിച്ചറിയുമ്പോള്‍ മാത്രമേ ആ ഖേതം നമുക്ക് പിടിതരികയുള്ളൂ. കറന്സിക്ക് മൂല്യമേറുരുമ്പോള്‍ നാം തത്വത്തില്‍ പലതും വിസ്മരിക്കപ്പെടുന്നുണ്ടെ ന്നത് അംഗീകരിച്ചേ മതിയാവൂ. നാട്ടിലെ പല സാധാരനക്കാര്‍ക്കും പൂട്ടിയിട്ട
വീടുകള്‍ ഒരുതരത്തില്‍ ഭാര്‍ഗവീനിലയങ്ങള്‍ തന്നെയാണ്.
             ഈയൊരു പത്തു വര്‍ഷകാലയളവ്‌ എന്ന രീതി വരുമ്പോള്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള ഒരു സാഹചര്യം കൂടിയാണത് സൃഷ്ട്ടിക്കുന്നത്. ഒരു കൈയ്യില്‍ മാത്രം സമ്പത്ത് സ്വരൂപിക്കപ്പെടുന്നതി ന്റെ ദൂഷ്യം ഒരു പരിധി വരെ ഇത് വഴി പിഴുതെറിയാന്‍ ഇത് വഴി സാധിക്കും. ഈ മേഖലയില്‍ അസാധാരണമായ പ്രൌഡിക്കും ഇത് തടയിടും. ഒരു പക്ഷെ നാട്ടിലെ നേഴ്സ്സിഗ് കോളേജുകളിലെ തലവരിപ്പണ നിരക്ക് കീഴോട്ടു പോകാനും ഇത് ഉപകരിച്ചേക്കാം.
 ത്തു വര്ഷം അദ്ധ്വാനിച്ചിട്ടും ഒന്നും  ഉണ്ടാക്കാനാ യില്ലെന്ന പരാധിക്കാര്‍ക്ക് നാട്ടില്‍ തിരിച്ചു പോയാലും അവിടെ സ്വകാര്യമേഖലയില്‍  തൊഴിലവസരങ്ങള്‍ ധാരാളം കിടക്കുന്നുണ്ട്.
ഇനി രോഗികളുടെ ഭാഗത്ത് നിന്നും ഒന്ന്  നിരീക്ഷിക്കാം. ആശുപത്രികളില്‍ രോഗികള്‍ ക്കാവശ്യം ആശ്വാസമാണ്. അതു നിരവധി വര്‍ഷത്തെ സേവനം വഴി സ്വയം മടുപ്പനുഭവപ്പെടുന്ന വരില്‍ നിന്നും കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ പത്തു വര്‍ഷത്തില്‍ താഴെ സര്‍വീസുള്ള പുതുമുഖങ്ങളില്‍ നിന്നും കിട്ടും, തീര്‍ച്ച.
                ഇനി ഇവിടെ തന്നെ സംജാതമാകുന്ന ചില സാമ്പത്തിക പൊരുത്തക്കേടുകളെപ്പറ്റി ആലോചിക്കാം. അബ്ബാസിയ മേഖലയില്‍ ഇത്ര യധികം വാടക വര്‍ധനവിന്റെ കാര്യം നേഴ്സുമാരുടെ ശമ്പളത്തെ അടിസ്ഥാനമാക്കിയാണെന്നത്  അവിതര്‍ക്കിതമാണ്. പറയുന്ന വാടക കൊടുത്ത് ഫ്ലാറ്റെടുക്കാന്‍ ഇവിടെ ആളുണ്ട്. ഇതിലും വലിയ സത്യം ഫ്ലാറ്റ് തരപ്പെടാന്‍ ഹാരിസ്സുമാര്‍ക്കുള്ള ( കാവല്‍ക്കാരന്‍ എന്ന് മലയാള ഭാഷ്യം. എന്നാല്‍ പെരുമാറ്റത്തില്‍ ഇവനാണ് മുതലാളി) കൈമടക്ക്‌  നൂറും കടന്നു നൂറ്റമ്പതും ഇരുന്നൂറുമാണ്. എന്ത് കൊണ്ട് നമുക്ക് ബില്‍ഡിഗ് ഓണറെ നേരിട്ട് ബന്ധപ്പെട്ട് ഈ കൈക്കൂലി ഒഴിവാക്കിക്കൊണ്ട് ഫ്ലാറ്റ് വാങ്ങിക്കൂട എന്ന് ആലോചിക്കാന്‍ ആര്‍ക്കും നേരം കിട്ടാത്തത് ഈ ഉയര്‍ന്ന ശമ്പളം
കൊണ്ട് മാത്രമാണ്. തത്വത്തില്‍ കൈക്കൂലി എന്നൊരു സംഗതി കൂടി നാം ഇവിടെ പരിശീലിപ്പിച്ചു വരികയാണ്. ആസ്സോസിയേഷനുകള്‍ ഒട്ടുമുക്കാലും ഓണം, ഈസ്റ്റര്‍, ഈദ്, മിനിമം പരിപടികളാല്‍ സ്വയം സമ്പൂര്‍ണ്ണമാവുമ്പോള്‍ നിശബ്ദതയിലൂടെ നമുക്ക് ഒന്ന് നഷ്ടമാകുന്നു നമ്മളെ തന്നെ. 
      ഒന്ന് മാത്രമേ മേല്ക്കുറിച്ച വരികളിലൂടെ പറയാനുള്ളൂ. ഒരു നിയമം വരും മുന്‍പേ, നേഴ്സിഗ് മേഖലയില്‍ പത്തുവര്ഷം തികച്ചവര്‍ സ്വയം വിരമിച്ചുപോകുക. ആ പിരിഞ്ഞുപോക്കും ഒരര്‍ത്ഥത്തില്‍ ആതുരസേവനമാണ്.

"To do what nobody else will do, a way that nobody else can do, in spite of all we go through; is to be a nurse."- Rawsi Williams



2

വിരലും വിജാഗിരിയും



അമ്മയ്ക്കും  മകള്‍ക്കുമിടയിലെ
കരയുന്ന വിജാഗിരി ഞാന്‍!
അവിചാരിതമായി വന്ന അതിഥിയുടെ
ചൂണ്ടുവിരല്‍ തിന്നു ഞാന്‍ വിഷം തീണ്ടി.
വിരല്‍മുനമ്പിലെ കരിമഷിയായിരുന്നു
വിശക്കുന്ന ഏതൊരു ജനതയ്ക്കുമെന്ന പോലെ
എന്റെയും അജീര്‍ണ്ണം!.
മകള്‍ വീടിനെക്കാളും വലിയ വാതില്‍
അമ്മ അടുക്കളയിലും വലിയ കരി.
വാതില്‍ കടന്നു വരുന്ന അതിഥി
അത്താഴവും കഴിഞ്ഞു തിരിച്ചു പോകുമ്പോള്‍
പണ്ടത്തെപ്പോലെ വിരല്‍ മുനയല്ല
അവന്റെ കഴുത്തുതന്നെയാണ് എന്റെ സ്വപ്നം!
                     ഇത് ഒരുപക്ഷെ അശ്വതിയുടെതായി നമുക്ക് കിട്ടിയേക്കാവുന്ന ഒടുവിലത്തെ വരികളാവാം. ജീവിതം അത്രമേല്‍ അവര്‍ക്കുമേല്‍ ചുഴികളേര്‍പ്പെടുത്തുകയാണ്. അതില്‍ മുങ്ങിത്താണ് ഒടുവില്‍ അവശേഷിക്കുക എന്താണെന്ന് ആര്‍ക്കറിയാം. 
      
ശ്വതി എന്ന ഗദ്ദാമ നാളെ (ഏഴാം തീയ്യതി ) തിരിച്ചു പോകുന്നു. രണ്ട്‌ മാസത്തെ ശംബള കുടിശ്ശിക ഈ മണ്ണില്‍ ബാക്കിയിട്ടുകൊണ്ട്. പതിവുപോലെ തന്നെ "യൂത്ത് ഇന്ത്യ" അശ്വതിയുടെ കാര്യത്തില്‍ ജാഗ്രത പാലിച്ചു. ഒരു ടിക്കറ്റ് ഒരുക്കിക്കൊടുക്കുന്നത് അവരാണ്. നാട്ടില്‍ അവര്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന തുടര്‍സഹായങ്ങള്‍ പെട്ടെന്ന് നിര്‍ത്താതിരിക്കാനുള്ള നടപടികളും അവര്‍ ആലോചിക്കുന്നു എന്നറിയാന്‍ കഴിഞ്ഞു.    
 അശ്വതി വരുന്ന  വിവരം അറിയിക്കാന്‍ അവരുടെ വീട്ടില്‍ വിളിച്ചപ്പോള്‍ അമ്മ നീതിസ്റ്റോറിലെ നീണ്ട വരികളിലെവിടെയോ ആയിരുന്നു. നാലാം ക്ലാസ്സ് കാരി ഇളയമകളായിരുന്നു ഫോണ്‍ എടുത്തത്. അപ്പോള്‍ അവള്‍ ഉച്ച ഊണിന്റെ ചോറ് അടുക്കളക്കലത്തില്‍ നിന്നും കോരിയെടുക്കുകയായിരുന്നു.
 അമ്മ വരുന്നു എന്നറിഞ്ഞപ്പോള്‍ അവള്‍ ചോറ് കാലത്തിലേക്ക് തിരികെയിട്ട്. "എന്റെ വയറു നിറഞ്ഞു" എന്നാണ് പറഞ്ഞത്. പിന്നെ തൊണ്ടയില്‍ സന്തോഷം കൊണ്ട് എന്തോവന്നു നിറയുന്നു എന്നും....
   അശ്വതിയുടെ ജിവിതയാത്രയില്‍ നമുക്ക് നന്മകള്‍ നേരാം.... പിന്നെ ഓണാശംസകളും..    
ആശ്വതിയിലേക്കൊരു ജാലകം 


0

ചോര നിറച്ച് കത്തിച്ച വിളക്കുകള്‍


രു തണുപ്പുകാലത്തിന്റെ ബലിസ്മൃതികളില്‍ നിരന്തരം വന്നു നിറയുന്നു എന്ന് ഞാന്‍ വ്യാകുലപ്പെടുന്ന നഖചിത്രങ്ങളില്‍ ഒന്ന്  പ്രിയ വായനക്കാരാ, നിന്റെ ഹൃദയത്തിന്റെ ഭിത്തിയില്‍ കോറിയിടുന്നു. പുകപോലെ മഞ്ഞുപിടിച്ചു കിടക്കുകയായിരുന്നു അന്ന്. മരങ്ങള്‍ക്ക് ഇത്രമേല്‍ നിശ്ചലമായിക്കിടക്കാന്‍ പറ്റുമെന്ന് എന്നെ പഠിപ്പിച്ച ഒരു ദിവസം.
പള്ളിമുറ്റത്തെ കന്യാമറിയത്തിന്റെ വിസ്തൃതമായ ആകാശത്തിന് കൂടാരം കെട്ടുന്ന രണ്ടുമൂന്ന്‌ പേര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. വിരലുകളും, കണ്ണുകളും മാത്രമേ തണുപ്പിലൂടെ അവര്‍ പുറത്ത് കാട്ടുന്നുള്ളൂ. പുറത്തെ മാര്‍ബിള്‍ ബെഞ്ചിനകലെ  തൂണുകള്‍ക്കുമറപറ്റി ഒറ്റമരം പോലെ ഒരു സ്ത്രീ രൂപം നിലനിന്നു. അവള്‍ നിലത്ത് ഏതോഒരു സൂചികയില്‍ കണ്ണ്കൊളുത്തിവെച്ച് നില്‍ക്കുകയാണ്. 
 
 
 എന്ത് കൊണ്ടോ അപ്പോള്‍ എനിക്കോര്‍മ്മവന്നത് രണ്ട് രൂപകങ്ങളാണ്. വളരെപ്പണ്ട് തീവണ്ടിയില്‍ കുറ്റിപ്പുറത്തിറങ്ങി ഗുരുവായൂരേക്കുള്ള ബസ്സ്‌ തേടി നടക്കവേ മുന്നില്‍ വഴിമുറിച്ചു നില്‍ക്കുന്ന ഒരു കഴുത. കണ്ണുപൂട്ടി ധ്യാനത്തിലെന്നോണം അത് മറ്റെങ്ങോ ആയിരുന്നു മനസ്സ് കൊണ്ട്. ഒരു കഴുതയെ ഇത്ര അടുത്ത് കാണുന്നത് ആദ്യമായാണ്. അടുത്തുനിന്നു കാണുമ്പോള്‍ കഴു വേറൊരു മൃഗമാണ്‌, മനുഷ്യനേപ്പോലെ....
അതിന്റെ അടഞ്ഞ കണ്പോളകളിലേക്ക് നോക്കൂ. തിരയടിക്കുന്ന അതിനകത്ത് ഉള്‍ക്കാഴ്ചയുടെ ഒരു വലിയ കണ്ണുണ്ട്. മനസ്സ്കൊണ്ട് ഇത്രയധികം വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു ജീവിവേറെ ഉണ്ടാവില്ല. നമുക്ക് മുന്നില്‍ നില്‍ക്കുമ്പോഴും അത്  മറ്റെങ്ങോആണ്. അതുകൊണ്ടായിരിക്കാം സമീപ പരിസരങ്ങളോട് ചടുലമായി അതിന് പ്രതികരിക്കാനാവാത്തത്. കഴുതയായിരിക്കുമ്പോള്‍തന്നെ സ്വയം മറ്റൊനായി അവരോധിക്കുകയും രണ്ടിനു മിടയിലൂടെയുള്ള ഒരു ജീവിതം ജീവിച്ചു തീര്‍ക്കാന്‍ തെരഞ്ഞെടുക്കുന്നതുമായ ഒരു ജീവിയാണ് കഴുത. അതു കൊണ്ടാവണം സര്‍ക്കസുകാര്‍ക്ക് കൂടി, അല്ലെങ്കില്‍ ഇറച്ചിക്കാര്‍ക്ക് കൂടി അതിനെ സ്വീകാര്യമായിത്തീരാത്തത്. "കഴുതയിറച്ചി" എന്നപേരില്‍ നിങ്ങള്‍ വാങ്ങിക്കൊണ്ടു പോയി കറിവെച്ചാല്‍ ആനയുടെയോ, കുതിരയുടെയോ ഇറച്ചിയായി അതു നിങ്ങളുടെ നാക്കിനോടു യുദ്ധം ചെയ്തേക്കാം. അതേ അവസ്ഥയിലും ആകൃതിയിലും ആണ്  എനിക്ക് മുന്നില്‍കാണായ പെണ്‍രൂപം  എന്ന് തോന്നിയതിലെ യുക്തി എന്തെന്ന് എനിക്കറിയില്ല.
   

 പിന്നെ എന്റെ ഓര്‍മ്മയിലേക്ക് ആ രൂപം വഴി ഓടിക്കയറിയത്, സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും പുല്പ്പള്ളിയിലെക്കുള്ള ശീതകാലയാത്രകളില്‍ എന്നും എന്നെ മോഹിപ്പിച്ച ചായക്കുന്നുകള്‍ക്കിടയില്‍ ചെകുത്താന്‍ കാലുകളെപ്പോലെ നില്‍ക്കുന്ന സില്‍വര്‍ഓക്ക് മരങ്ങളാണ്! നേരിയ കാറ്റുള്ള മഞ്ഞുകാലങ്ങളില്‍ ഇളംപച്ചനിറമുള്ള ഇലകളുടെ അടിവശത്തെ സില്‍വര്‍ നിറങ്ങള്‍ കാണിച്ചായിരിക്കും മരങ്ങള്‍ നില്‍ക്കുക. എന്താണോ ഞാന്‍ എന്നാല്‍ അതല്ല ഞാന്‍ എന്നൊരു ആത്മീയതത്വം അത്  നമ്മോട്‌ നിരന്തരം പറയുന്നുണ്ട് ആ വിധത്തില്‍ ചിന്തിക്കുമ്പോള്‍. ചായക്കുന്നുകളുടെ അതിരുകളില്‍ സ്വയംവളരുന്ന പച്ചകര്പ്പൂരചെടികളുടെ ഇലകള്‍ വിരലുകളില്‍ ഞെരടിമണത്തുകൊണ്ട് ആ കാഴ്ച കാണുന്ന ഒരു ശീതകാലസന്ധ്യ നമ്മെ മുന്‍ജന്മസ്മൃതികളിലെന്തെങ്കിലും ഓര്‍മ്മിപ്പിച്ചേക്കാം... മുമ്പിലെ ഈ പെണ്‍രൂപകം എന്തെ എന്നെ ആവഴി നടത്തിയത് എന്നതിനും എനിക്ക് ഉത്തരമില്ല. ഓര്‍മ്മകള്‍ക്ക് നാം ഉത്തരമെഴുതാറില്ലല്ലോ. മാര്‍ക്കിടുക മാത്ര മാണല്ലോ പതിവ്.                                          
 വ്യാകുലഭാരങ്ങളെ പ്രാര്‍ത്ഥനയിലേക്ക് പരിഭാഷപ്പെടുത്താനുള്ള ഒരിടവേളക്കായാണ് ഞാന്‍ മാര്‍ബിള്‍ ബെഞ്ചുകളില്‍ ഒന്നില്‍ ഇരുന്നത്. അതൊരു ശീലമായിരുന്നു എനിക്ക്. നിരവധി ശബ്ദങ്ങളില്‍നിന്നും ആകുലതകളില്‍നിന്നും മനസിനെ പൂജ്യത്തിലേക്ക് ഏകോപിപ്പിച്ചേ ഞാന്‍ പള്ളിക്കകത്ത് കയറാറുള്ളൂ. അത്തരം ഒരവസ്ഥ സൃഷ്ടിക്കാന്‍കഴിയാതെ വരുമ്പോള്‍ പള്ളിക്കകത്ത് കയറാതെ നിശബ്ദനായി ആള്‍ക്കൂട്ടത്തിലേക്ക്  തിരുച്ചുപോരുകയാണ് പതിവ്.  
തണുത്ത ആകാശത്തിലേക്ക് പറക്കാന്‍ വിമുഖമായ വെന്പിറാക്കള്‍ ഒറ്റയായും ഇണയായുംനടന്നു കന്യാമറിയത്തെ വണങ്ങി. ചിലപ്പോള്‍ പക്ഷികള്‍ക്കും ചിലത് പറയാനുണ്ടെന്ന് ഞാന്‍ അറിഞ്ഞത് അന്നാണ്. എന്റെ ഓര്‍മ്മകളുടെ പൌരാണികതയില്‍ ജഡായു എന്ന പക്ഷി ചിലത് അറിയിക്കുന്നുണ്ടെങ്കിലും അതിനപ്പുറം ചില വ്യാകരണങ്ങള്‍ തരുന്നുണ്ട് ഈ വെന്പിറാക്കള്‍.. പച്ച നിറത്തിലുള്ള പിന്‍ഗേറ്റിലൂടെ കടന്നുവന്ന ഒരു പെണ്‍കുട്ടിനേരെ കന്യാമറിയത്തിലേക്ക് നടന്നു കയറി. അവള്‍ ഏറെനേരം മുഖം കുനിച്ചുനിന്നു അവിടെ. കൊണ്ടുവന്ന മെഴുകുതിരി  "ഇവിടെ മെഴുകുതിരി കത്തിക്കരുത്"എന്ന ബോര്‍ഡിനു മുമ്പില്‍ വേദനയോടെ അവള്‍ നീക്കിവെച്ചു. മറിയമേ ഞാന്‍ നേര്‍ന്നുപോയല്ലോ  ഇതിനും കൂടി ഞാന്‍ പ്രാര്‍ത്ഥി
ക്കുന്നു എന്നമട്ടില്‍ അവള്‍ കുറച്ചേറെനേരം കന്യാമറിയത്തിനു മുന്‍പില്‍ മുട്ട്കുത്തി മുഖംകുനിച്ചു നിന്നു. വേഷവും രൂപവും അവളെ  എന്റെ രസനയെ ശ്രീലങ്കയിലേക്കാണ് നാട് കടത്തിയത്. ശേഷം എന്നേയും പിന്നിട്ട് അവള്‍ പള്ളിയിലേക്ക് കടന്നുപോകുംവഴി ആ ഒറ്റമരച്ചോട്ടില്‍ ഒന്ന് നിന്നതേയുള്ളൂ. വളരെ പെട്ടന്നാണ് ആ ഒറ്റമരം ഉച്ചത്തില്‍, അതായതു അതിന് നിര്‍മ്മിക്കാന്‍ കഴിയാവുന്നത്രയും ഉച്ചത്തില്‍ നിലവിളിക്കാന്‍  തുടങ്ങിയത് .               
   

 നിലവിളികള്‍ക്ക് ഒരു ആഗോളമാര്‍ക്കറ്റുണ്ട്. വിപണനം ചെയ്യാനറിയുന്നവന്‍ അത് വിദഗ്ധമായി വിപണനംചെയ്യും. അവിടെ നിലവിളികളുടെ ഉല്‍പ്പാദകര്‍ ആരെന്നത് ഒരുപ്രശ്നമല്ല. പക്ഷെ ഞാന്‍  "ഒരു പാവംമനുഷ്യന്‍" എന്ന് എന്ത്കൊണ്ടോ സ്വയം വിലയിട്ട ഒരു മനുഷ്യന് തിരിഞ്ഞുനോക്കാന്‍ പാകത്തില്‍ ഒരുകഴുത്ത് എന്റെ ദൈവം അവശേഷിപ്പിച്ചിട്ടുണ്ട് എന്നില്‍ ഇപ്പോഴും.
(പ്രിയ വായനക്കാരാ ഓര്‍ക്കൂ....തിരിഞ്ഞുനോക്കാതെ തിരിഞ്ഞുനോക്കാതെയാണ് നമുക്ക് നമ്മുടെ കഴുത്തുകളുടെ തനതുസ്വഭാവം നഷ്ടമായത്.)
 

 പാഞ്ഞുചെല്ലാന്‍ മാത്രം അകലത്തിലല്ല അവര്‍.നടനം മന്ദാക്രാന്തയില്‍! അതില്‍ ഞാനെന്റെ  അകംവേവുകള്‍ പൂഴ്ത്തിവെക്കുന്നു. ഓടിയെത്തിയവരില്‍ കന്യാമറിയത്തിന്റെ ആകാശം മറക്കുന്നവരും ഉണ്ടായിരുന്നു! പേടിച്ച ഒരുവെണ്‍പിറാവിന്റെ അവസ്ഥയിലായിരുന്നു,ഞാന്‍ ശ്രീലങ്കക്കാരിഎന്ന് നിരുപിച്ച പെണ്‍കുട്ടി.  
എന്നിലെ  മനുഷ്യന് മറ്റു ലക്ഷ്യങ്ങളില്ലാതെ  ഇടപെടാനുള്ള സമയമാണിതെന്ന്‍ പ്രാര്‍ത്ഥനയില്‍ വിശ്വാസമുള്ള എനിക്ക് തീരുമാനിക്കാതെവയ്യ.
ശ്രീലങ്കക്കാരിയാണ് ആദ്യം ഉരിയാടിയത്‌. ഒരു കുറ്റബോധാത്തോടെയെങ്കിലും!
 "
ഈ തണുത്ത വെളുപ്പാന്‍  കാലത്ത്  ഒരു ജാക്കറ്റ് പോലുമില്ലാതെ  നീയെങ്ങിനെവന്നു നില്‍ക്കുന്നൂ എന്നേ ഞാന്‍ ചോദിച്ചുള്ളൂ..."
അപ്പോളാണ് ഞാന്‍ അവളുടെ, ആ ഒറ്റമരത്തിന്റെ വേഷങ്ങളിലേക്ക് കൂപ്പുകുത്തിയത് .
ഇത്രയും നിസ്സാരവസ്ത്രം ധരിച്ച ഒരാളെ ഞാന്‍ ഇതേവരെ കണ്ടിട്ടില്ല ഈ തണുപ്പ് കാലത്ത് ! ഇന്നര്‍, ഔട്ടര്‍ എന്നൊക്കെപറഞ്ഞു ആറോ,ഏഴോ വസ്ത്രങ്ങളുടെ ലാളിത്യത്തിലാണ് ഞാന്‍ എന്ന നിസ്സാരന്‍ പ്രാര്‍ത്ഥിക്കാന്‍ വന്നിരിക്കുന്നത്  എന്നതില്‍ എന്റെ അധ്യാത്മികതയെ നിസംശയം  ദൈവം ചോദ്യംചെയ്യുമെന്ന് തീര്‍ച്ച .    
ശ്രീലങ്കക്കാരിക്കുപേര്‍ സമുദ്ര. നിരാലംബമായ ഒരു കുറ്റബോധം അവളില്‍ പടര്‍ന്നുപിടിക്കുന്നത് ഞാന്‍ അറിയുന്നു .
കരയുന്ന അപരിചിതയോട് നമുക്കാദ്യം ഒന്നേ ചോദിക്കാനൊന്നേ ഉള്ളൂ  ..
നിന്റെ  പേരെന്താണ്  ?
"ജെന്നിഫര്‍"
എന്നവള്‍ പറയുമ്പോള്‍ മെഴുകുതിരികള്‍ക്ക് അങ്ങിനെ ഒരു അര്‍ത്ഥമുണ്ടാകുമോ എന്നാണ് ഞാന്‍ ആലോചിച്ചത്. സമുദ്ര ഇപ്പോള്‍ മുന്‍നിശ്ചയങ്ങളൊന്നു മില്ലാതെ ജെന്നിഫറിന്റെ ചുമലില്‍ പിടിച്ചിരിക്കുകയാണ്. അല്ലെങ്കില്‍ അവള്‍ താഴേക്കുവീണുപോകുമോ എന്ന ഭയം അവളില്‍ നിലനിന്നു. കൂടാരപ്പണിക്കാര്‍ ജെന്നിഫറിനോട് അറബിയില്‍ എന്തെല്ലാമോ ചോദിച്ചു അവള്‍ വെറും നിലത്തുനോക്കി നിന്നതല്ലാതെ ഒന്നുംതന്നെ ഉരിയാടിയില്ല. കുറച്ച് നേരം കൂടി അവള്‍ക്കു മുമ്പില്‍ കാത്തുനിന്നിട്ട് അവര്‍ അവരുടെ ജോലിയിലേക്ക് തിരിച്ചുപോയി.ഉടലടയാലങ്ങളില്‍ നിന്നും അവള്‍ ഫിലിപ്പീന്‍സിന്റെ താവഴിയാണെന്നു മനസിലായി. 
 

 സമുദ്ര ഒന്നുകൂടി അവളെ കുലുക്കിവിളിച്ചു. അവള്‍ മോഹനിദ്രയില്‍ നിന്നും ഉണര്‍ന്നതുപോലെ നാലുപാടും നോക്കി. എന്നിട്ട് ഉച്ചത്തില്‍ നിലവിളിച്ചു കൊണ്ട് പറഞ്ഞു "എനിക്ക് നാട്ടില്‍ പോകണം."
അവളുടെ ചുമലില്‍നിന്നും സമുദ്രയുടെ പിടിഅയഞ്ഞു. അവള്‍ ജെന്നിഫറിനെ മാര്‍ബിള്‍ ബെഞ്ചിലേക്ക് പകര്‍ന്നു. സമുദ്ര ജെന്നിഫറിന്റെ  മുഖം കൈകളിലേക്ക് കോരിയെടുത്തു ചോദിച്ചു "എന്ത് പറ്റി?"
"എന്റെ ഭര്‍ത്താവ് മരിച്ചു."
ജെന്നിഫറില്‍ നിന്നും അടര്‍ന്നുവീണ നിലവിളിയില്‍ ഈ വാക്കുകളും ഉണ്ടായിരുന്നു. ബാബയോട് പലതവണ ചോദിച്ചുനാട്ടിലേക്ക് പോകാന്‍ അനുമതി കിട്ടിയില്ല. യാചിച്ചുകിട്ടിയ ദയയില്‍ ഈ പള്ളിയാത്ര മാത്രം തരപ്പെട്ടു. പക്ഷെ അകം പൊള്ളലില്‍ അവള്‍ക്കു നഷ്ടപ്പെട്ടത്‌ പ്രാര്‍
ത്ഥിക്കാനുള്ള വാക്കുകളും ഈ തണുപ്പും!
"ജെന്നിഫര്‍, നാം എത്രമേല്‍ അപരിചിതര്‍. നമുക്കൊന്ന്ചേര്‍ന്ന് പള്ളിക്കകത്ത് പോയിരിക്കാം. ഇത്തിരിനേരം. മനമുരുകി പ്രാര്‍
ത്ഥിക്കാന്‍ നമുക്കാവുമെങ്കില്‍ അതിന് ശ്രമിക്കാം"ഞാന്‍ പറഞ്ഞു.
ജെന്നിഫറും, സമുദ്രയും ആട്ടിന്‍കുട്ടികളെപോലെ എനിക്ക് പിറകെവന്നു. പള്ളിക്കകം ശൂന്യമായിരുന്നു. ക്രൂശിത രൂപവും, അതിലേറെ ക്രൂശിതയായ ജെന്നിഫറും, സമുദ്രയും ഞാനും മാത്രം.   
സമുദ്ര ബാഗില്‍ നിന്നും സിംഹളഭാഷയിലെ ബൈബിള്‍ പുറത്തെടുത്ത് ഉച്ചത്തില്‍ വായിക്കാന്‍ തുടങ്ങി. അത്  അത്രമേല്‍ രുചികരമായൊരു ഭാഷയായി എനിക്കാദ്യമായി അനുഭവപ്പെട്ടു.
 

 ബസ് സ്റ്റോപ്പില്‍വെച്ചു പിരിയാന്‍നേരം സമുദ്ര ജെന്നിഫറിനോടു അവളുടെ മൊബൈല്‍ നമ്പര്‍ ചോദിച്ചു. അങ്ങിനെ ഒന്ന് അവളുടെ കൈവശം ഇല്ലായിരുന്നു. ടാക്സിയില്‍കയറി പിരിയാന്‍നേരം സമുദ്ര ജെന്നിഫറിന്റെ കൈകളില്‍ അഞ്ച് ദിനാറിന്റെ ഒരു ചുവന്ന നോട്ട്  വെച്ചു കൊടുത്തു. ജെന്നിഫര്‍ ഒരു മടിയുമില്ലതെയാണ് അതു വാങ്ങിയത്.പിന്നെ സമുദ്രയുടെ കണ്ണുകളിലേക്ക് കുറച്ചുനേരം  ആഴത്തില്‍ നോക്കിനിന്നു. കരയില്‍ നിന്നും ഒലിച്ചുപോകുന്ന ഒരാള്‍ കരയെ തിരിഞ്ഞുനോക്കുന്നത് പോലെയാണ് നീങ്ങിത്തുടങ്ങിയ ടാക്സിയിലിരുന്ന്‍  ജന്നിഫര്‍ ഞങ്ങളെ നോക്കിയത്.
ഇത്തിരിനേരം ഞാനും സമുദ്രയും ബസ് സ്റ്റോപ്പില്‍ ഒന്നും മിണ്ടാതെ നിന്നു. പറയുവാന്‍ ഏറെ ഉണ്ടാവുമ്പോളാണ് ഒരാള്‍ ഊമയായിപ്പോകുന്നത് എന്ന് അന്നേരം എനിക്ക് തോന്നി.
അവള്‍ക്കുള്ള ബസ്സ്  മുന്നില്‍ വന്നു നില്‍ക്കുന്നേരം ഞാന്‍ സമുദ്രയുടെ ഫോണ്‍നമ്പര്‍ ചോദിച്ചു. നനഞ്ഞ കണ്ണുകളോടെ അവള്‍ പറഞ്ഞു. നമുക്ക് പങ്കുവെക്കാന്‍ ജെന്നിഫറിന്റെ ഓര്‍മ്മകള്‍ മാത്രമല്ലേ ഉള്ളൂ. പരസ്പരം വിളിച്ചും പറഞ്ഞും നമുക്കതിന്റെ വിശുദ്ധി നഷ്ടമാക്കേണ്ട. എന്നെങ്കിലും എവിടെ വെച്ചെങ്കിലും നമുക്ക് കാണാം.
നാം വീണ്ടും കാണാതിരിക്കില്ല എന്നെനിക്കുറപ്പുണ്ട്. നമ്മള്‍ ജന്നിഫറിനേയും കാണും എന്നെങ്കിലും."
ബസ്സില്‍കയറി കാഴ്ചയുടെ അറ്റംവരെ
അവള്‍ കൈവീശിക്കാണിച്ചു.
 

 ചുമലിലേക്ക് അറ്റുവീഴാന്‍ പാകത്തില്‍ ഒരേകാന്തത എനിക്ക് മുകളില്‍ കാത്തുനില്‍ക്കുകയായിരുന്നു . അതില്‍ മുങ്ങിത്താണ് ഞാനേറെ നേരം ബസ്സ് കിട്ടാതെ നീലബെഞ്ചില്‍ തനിച്ചിരുന്നു.   
രോഗക്കിടക്കയിലായ സുഹൃത്തിന്റെ ഭാര്യ രേണുകയെ സന്ദര്‍ശിക്കാനാണ് ഈയ്യിടെ ആശുപത്രിയിലെത്തിയത്. ലോകത്തിലെവിടെയും ആശുപത്രികള്‍ക്ക് ഒരേമണമാണ്
ഒരേ ഭാവവും. അടുത്ത ബെഡിലെ മൂടിപ്പുതച്ചു കിടക്കുന്ന രൂപത്തെപ്പറ്റിയാണ് രേണുക കൂടുതലും പറഞ്ഞത്
"പാവം, കഴിഞ്ഞ ആഴ്ച ഓപ്പറേഷന്‍ കഴിഞ്ഞതാ... യൂട്രസ് അറുത്തു മാറ്റി... യൂട്രസ്സിനു പുറത്തും രണ്ട് മുഴകളുണ്ടായിരുന്നു. പോകാന്‍ ഒരിടമില്ലാത്തതിനാല്‍ ഡോക്ടരുടെ കാലുപിടിച്ചിട്ടു രണ്ട് മൂന്ന് ദിവസ്സം അധികം കിടത്തിയതാ. ദിവസ്സവും ഡോക്റ്റര്‍വന്നു വഴക്ക് പറയുന്നത് കേള്‍ക്കാം...
ഖാദിം വിസയില്‍ പുറത്തെവിടെയോ ജോലി ചെയ്യുകയായിരുന്നു. ഇപ്പോള്‍ അസുഖം കാരണം ആ ജോലിപോയി. താമസിച്ചിരുന്ന മുറിയിലെ ആരും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറല്ലത്രെ. എപ്പോഴും കണ്ണീര്‍ വാര്‍ക്കുന്നത് കാണാം."
 എനിക്കാമുഖമൊന്നു കാണണമെന്നുണ്ടായിരുന്നു. പക്ഷെ അടിമുടി മൂടിപ്പുതച്ചാണ് കിടപ്പ്. രേണുക യോടുള്ള കുശലാന്വേഷണങ്ങള്‍ പരമാവധി നീട്ടി, ബോധപൂര്‍വം കുറച്ചധികം നേരം ആശുപത്രിയില്‍ ചെലവഴിച്ചു. അതിനിടയിലാണ് ആ മുഖം കണ്ണീര്‍വാര്‍ത്തുകൊണ്ട് പുതപ്പിന് വെളിയില്‍ ചാടിയത്.
സമുദ്ര! 
ഒരാന്തലോടെയാണ് ഞാന്‍ അവളുടെ മെത്തക്കരികെ നിന്നത്. വല്ലാതെ ശോഷിച്ചുപോയിരിക്കുന്നു അവള്‍. അവള്‍ക്ക് എന്നെ മനസ്സിലായോ എന്നറിയില്ല. ഞാന്‍ പറഞ്ഞു " ഓര്‍മ്മയുണ്ടോ
ജെന്നിഫറിന്റെ ആ ദിവസ്സം.... നമ്മള്‍ ചേര്‍ന്നുനിന്നു നിന്റെ ഭാഷയില്‍   പ്രാര്‍ത്ഥിച്ചവര്‍..."      
സത്തചോര്‍ന്നുപോയ കണ്ണുകളില്‍ സാകൂതം വിടരുന്നതെന്താണ്?
അവള്‍ മറന്നുപോയൊരു ചിരി ആലോചിച്ചു കിടന്നു. പിന്നെ തലയിണക്ക് കീഴിലേക്ക് കണ്ണുകള്‍ കൊണ്ട് എന്തോ ആഗ്യംകാണിച്ചു. ഞാന്‍ തലയിണ പതിയെപൊക്കി നോക്കി. സിംഹള ഭാഷയിലെ ഒരു ബൈബിള്‍ എന്റെ കൈകളില്‍ കയറി വന്നു. അതിലെ ലിപിയറിയാതെ ഞാന്‍ അവള്‍ക്കു മുമ്പില്‍ നിരക്ഷരനായി. പ്രിയപ്പെട്ടവളെ, അശ്ലീലം കലരാതെ നിന്നെ ഞാനെങ്ങിനെയാണ് ഒന്ന് ആലിംഗനം ചെയ്യേണ്ടത്! ഒരു പ്രത്യാശയുടെ വിരല്നീട്ടം ഞാന്‍ നടത്തേണ്ടതല്ലേ ? പക്ഷെ എങ്ങിനെ? മുമ്പേ പങ്കെടുത്ത ഒരു ശ്രീലങ്കന്‍ പ്രാര്‍ത്ഥനാകൂട്ടത്തെ ഓര്‍മ്മവന്നു.. ആ വാതിലില്‍ ഒന്ന് മുട്ടി നോക്കാം... പഴയ ചില ഓര്‍മ്മകളില്‍ നിന്നും മുന്‍പേ ഒന്നിച്ചു ജോലിചെയ്ത ചില ശ്രീലങ്കക്കാരെയും കണ്ട് നോക്കാന്‍ തീരുമാനിച്ചാണ് ആശുപത്രി വിട്ടത്. പക്ഷെ ഒരുറപ്പും കൊടുക്കാന്‍ കഴിയാത്തതിനാല്‍ കയ്യില്‍ ഒരഞ്ചു ദിനാര്‍ മാത്രം വെച്ചു കൊടുത്തു. അന്നേരം ജെന്നിഫറിന്റെ കൈകളില്‍ പണ്ട്  വെച്ചു കൊടുത്ത അഞ്ചു ദിനാര്‍ അവള്‍ ഓര്‍ത്തോ എന്തോ?
 

 അകാരണമായി ചില വരികള്‍ ഓര്‍മ്മയുടെ അകങ്ങളില്‍ നിന്നും എന്നെ വേട്ടയാടി  
കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നൊയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?
നമുക്കിപ്പൊഴീ ആര്‍ദ്രയെ
ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം!
വരിക സഖീ, അരികത്ത് ചേര്‍ന്ന് നില്‍ക്കൂ,
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായ് നില്‍ക്കാം
....
പഴയ  ശ്രീലങ്കന്‍ പരിചയക്കാരില്‍ നിന്നാണ് സമുദ്രയെ ഏറ്റെടുക്കാമെന്ന ആശാവഹമായ ഒരു വാഗ്ദാനം കിട്ടിയത്. ഇടനാഴിയിലെ വെളിച്ചങ്ങളുടെ ചതുരജാലകങ്ങള്‍ കടന്നു സമുദ്രയുടെ വാര്‍ഡില്‍ കാലനക്കം കേള്‍പ്പിക്കാതെ ഞാന്‍ കയറി. അവളെ വിസ്മയിപ്പിക്കാന്‍...
പക്ഷെ, അതിലും മുമ്പേ അവളെന്നെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നുവോ? അവളുടെ മെത്ത ശൂന്യമായിരുന്നു. ആ ശൂന്യത ഒരു വെളുത്ത കടലായി എനിക്ക് മുമ്പില്‍ തിരയടിച്ചു. ആരോട് ചോദിക്കും എന്നറിയാതെ ഞാന്‍ ഒരു പകലിന്റെ തളര്ച്ചയായി കുറേനേരം മെത്തക്കരികില്‍ നിന്നു. അതിനപ്പുറം ഒരു നിസ്സഹായനെന്തു ചെയ്യാന്‍....
 പള്ളി മുറ്റത്തെ കാന്‍വാസ് മേല്‍ക്കൂര മുഴുവനായും പണിതു കഴിഞ്ഞിരിക്കുന്നു.അതിന് കീഴ്‌ കന്യാമറിയം
പകല്‍ച്ചൂടില്‍ വെന്തുരുകി മുഖംകുനിച്ചു നിന്നു. വാങ്ങിയ മെഴുകുതിരികള്‍ കത്തിക്കാനിടമില്ലാതെ കയ്യില്‍ കിടന്നു. പിന്നെ മാതാവിന് മുന്‍പില്‍ സ്വയം ഒരു മെഴുകുതിരിയായി ഞാന്‍ എരിഞ്ഞു. പള്ളിയിലെ ബെഞ്ചില്‍ കുറേനേരം ഇരുന്ന്‍, നിശബ്ദത ഒരു ക്രൂശിതരൂപമാകുന്നത് സ്വയം അനുഭവിച്ചു. പിന്ബെഞ്ചില്‍ എങ്ങുനിന്നോവന്നു നിറഞ്ഞ ഒരാള്‍ക്കൂട്ടം എനിക്കറിയാത്ത ഭാഷയില്‍ ബൈബിള്‍ വചനങ്ങള്‍ ഉച്ചത്തില്‍പാടാന്‍ തുടങ്ങി. പിന്നെ മുട്ടുകുത്തിനിന്നു അവര്‍ സ്വയം നിശബ്ദതവരിച്ചു. മരിച്ച ആര്‍ക്കോ വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥനയാണതെന്ന് ഭാഷയില്ലാതെ ഞാന്‍ തിരിച്ചറിഞ്ഞു. സംഭാഷണങ്ങള്‍ക്കിടയില്‍ നിന്നും ഞാന്‍ മരിച്ചയാളിന്റെ പേര്‍ ഉരുത്തിരിച്ചെടുത്തു.
ജാതകത്തില്‍ അവള്‍ക്കു പേര്‍ ജെന്നിഫര്‍. എങ്കില്‍ അതു എനിക്കറിയാവുന്ന ജെന്നിഫറായിരിക്കുമോ? ആരും പേര്‍ചൊല്ലി വിളിക്കാനില്ലാതെ ഒരു ഒറ്റമരം ജന്മന്തരങ്ങളിലെവിടെയോ മഞ്ഞുപുതച്ചു  കിടന്നു.  
 

 ഇപ്പോള്‍ നോവുകൊണ്ടും ഓര്‍മ്മകള്‍ കൊണ്ടും ഞാന്‍ ഓടുന്നത് കുറ്റിപ്പുറത്തെ ചെമ്മണ്‍പാതയിലെ ആ കഴുതപ്പുറത്തേറി സുല്‍ത്താന്‍ബത്തേരിവഴി പുല്പള്ളിയിലേക്കാണ്. വഴിയരികുകളിലെ ചായക്കുന്നുകളില്‍ സില്‍വര്‍ഓക് മരങ്ങള്‍  മിന്നാമിനുങ്ങുകളെ തുറന്നുവിടുന്ന രാത്രികളിലൂടെ... അതിന്റെ അരികുകളില്‍ സ്വയംവളര്‍ന്നു പൊങ്ങിയ പച്ചകര്പ്പൂരചെടികളുടെ ഇലകള്‍ മണത്ത് ഒന്ന് കുമ്പസരിക്കണം 
 

 ഒരേ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടായിട്ടും  ജെന്നിഫറിനും, സമുദ്രക്കുംവേണ്ടി എനിക്കെന്തു ചെയ്യാന്‍ കഴിഞ്ഞു എന്ന് അകത്തോട്ടു വളഞ്ഞുനിന്നു  ഉച്ചത്തില്‍ ചോദിക്കാന്‍ ഇതിലും അനുയോജ്യമായ സ്ഥലം വേറെങ്ങാണ് .      
ആര്‍ത്ത് പൊങ്ങുന്നിതാ വെറും പൊടിയില്‍ നിന്ന്
മനുഷ്യരക്തത്തിന്‍റെ നിലവിളി.
മുട്ടു കുത്തി വീഴുമ്പോള്‍ എന്‍ കുരലു ചീന്തി
തെറിക്കുന്നു വാക്കുകള്‍:
“അവനെ ഞാനറിയുന്നില്ല ദൈവമേ,
അവനു കാവലാള്‍ ഞാനല്ല ദൈവമേ!”

(എവിടെ ജോണ്‍?  ചുള്ളിക്കാട് )