എഴുതിക്കടന്ന പുഴകള്‍.
2

കണ്ണ് പൊട്ടന്റെ ആന


"വിശ്വാസം  അതല്ലേ   എല്ലാം "
 മാറി മാറിവരുന്ന കമ്പോള വ്യവസ്ഥയില്‍ വിശ്വാസത്തെ എത്ര തന്മയാത്മകമാ യാണ് ഉടയവര്‍ അവതരിപ്പിക്കുന്നത്‌.പരസ്യങ്ങളുടെ മായിക പ്രപഞ്ചത്തില്‍ ഒളിപ്പിച്ചുവയ്ക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ആരാണ് വിശ്വാസത്തിന്റെ മുദ്രകള്‍ അടിച്ചിരക്കുന്നത്!ഉപഭോക്താവിനുമേല്‍ തന്റെ അവകാശം ഏതെല്ലാം ഉപായ ങ്ങളിലൂടെയാണ് ഉല്‍പ്പാദകര്‍  അടിച്ചേല്‍പ്പിക്കുന്നത്
        

           ശബ്ദിക്കാന്‍ ഉത്തരവാദിത്വമുള്ളവരുടെ നിശബ്ദതയാണ് ഏറ്റവും വലിയ അശ്ലീലം.ഈ അശ്ലീലത്തിന് മേലെയാണ് പലപ്പോഴും നമ്മുടെ ജനാധിപത്യം വോട്ടു പിടിക്കാനിരങ്ങുന്നത്. ഇത്തരുണത്തില്‍ വി എസ്‌ മന്ത്രിസഭ കാണിച്ചുതന്ന ഏറ്റവും വലിയ അശ്ലീലം ഈയ്യിടെ അരങ്ങേറി വലിയ ഒച്ചപ്പാടുകളില്ലാതെ അതവസാനിക്കുകയും ചെയ്തു. മകരജ്യോതി എന്താണെന്ന് ജനങ്ങളെ അറിയിക്കാനുള്ള അവകാശം ഭരണകൂടത്തിനുണ്ടെന്ന് നമ്മുടെ നീതിവ്യവസ്ഥ ആഹ്വാനം ചെയ്തിട്ടും എന്ത് കൊണ്ടാണ് ഒരു ഭരണകൂടം അതിനെതിരെ പുറംതിരിഞ്ഞു നില്‍ക്കുന്നത്.ഉത്തരം നമുക്കെ ല്ലാം അറിയാം.ഏറ്റവും വൃത്തികെട്ട ആ ഉത്തരം നമ്മെ വേട്ടയാടെണ്ടത് തന്നെയാണ്. നിലനില്‍പ്പി ന്റെ പ്രശ്നം വരുമ്പോള്‍ വാക്കുകളെ അതിജീവിച്ചു മൌനത്തിന്റെ പുറമ്പോക്കുകളിലേക്ക് ഒളിച്ചോടുന്ന ഒരുകൂട്ടം നപുംസകങ്ങളുടെ കൈയ്യില്‍ എങ്ങിനെയാണ് സംസ്ഥാനത്തിന്റെ ഭരണം എത്തിച്ചെര്‍ന്ന തെന്ന് നാം ഉള്ളിലെങ്കിലും ആലോചിക്കേണ്ടതാണ്.കമ്മ്യൂണിസം ഇത്രത്തോളം വിശ്വാസികളെ ഭയപ്പെടുന്ന ഒരുകാലം ഇതിനു മുമ്പേ നാം കണ്ടിട്ടില്ല.ഇതിന്റെ മറുപുറമാണ്‌ ഭക്തഗായിക ശ്രീമതി സിന്ധുജോയിയുടെ പള്ളിപ്പാട്ടുകള്‍. തലയില്‍ മുണ്ടിട്ടുകൊണ്ടുള്ള സഖാക്കളുടെ അരമന യാത്രകള്‍. കേരളത്തെ ഒരുപാടു കാലം മുന്നോട്ടു നയിച്ചവര്‍ക്ക് ആ കാരണം കൊണ്ട്തന്നെ കേരളത്തെ പിറകി ലോട്ടു നയിക്കാനും അവകാശമുണ്ടോ?
    കേവലം വിശ്വാസത്തിന്റെ പുറത്തുള്ള ഒരു നരബലി,അല്ലെങ്കില്‍ ദേവദാസീ സമ്പ്രദായം, കേരളത്തില്‍ അരങ്ങേറിയാല്‍ അത് വിശ്വാസത്തിന്റെ പ്രശ്നമാണെന്ന് പറഞ്ഞു കൈകഴുകാന്‍ ഒരു ഭരണകൂടത്തിനു കഴിയുമോ?
ഒളിച്ചോടുന്ന സര്‍ക്കാര്‍ നാണംകേട്ട ഒരു ജനതയുടെ പ്രതീകം മാത്രമാണ്.ഈ നാണക്കേടിനു പുറത്താണ് പുല്‍മേട്ടിലെ നൂറ്റി രണ്ടു ജീവിതങ്ങളുടെ രക്തസാക്ഷിത്വം.വിശ്വാസത്തിന്റെ പ്രശ്നമായതിനാലാണ് നിയന്ത്രണങ്ങളില്ലാതെ ലക്ഷക്കണക്കിന്‌ ഭക്തര്‍ക്ക്‌ അവിടെ തടിച്ചുകൂടാന്‍ വിലക്കില്ലാതെ വന്നത്.ഇത്കൊണ്ട് എനിക്കന്തുലാഭം എന്ന് മാത്രം ചിന്തിക്കുന്ന ഒരു മുതലാളിത്വ മനശാസ്ത്രത്തിലേക്ക് നമ്മുടെ ഭരണകൂടം മാറിപ്പോകുന്നതിനെ
പ്രതിരോധിക്കാന്‍ ഓരോ മലയാളിക്കും ഉത്തരവാദിത്വമുണ്ട്.അല്ലെങ്കില്‍ നാം താമസംവിനാ ഷണ്ടന്‍മ്മാരുടെ ഒരാള്‍ക്കൂ ട്ടമായിമാറും.അവിടെ ഇമ്മിണി വലിയ ഒരു ഷണ്ടനെ നാം രാജാവാക്കും!
തരൂര്‍
നായര്‍ രാജിവെച്ച വഴിയുണ്ടായ നായര്‍ ഒഴിവില്‍, കെ.സി.വേണുഗോപാലന്‍നായര്‍ ഊര്‍ജവകുപ്പ് മന്ത്രിയായത്‌ വഴി ഇനി എല്ലാ നായര്‍ അപ്പാവികള്‍ക്കും ഇത്തിരി ഊര്‍ജം ലഭിക്കും എന്ന് വിചാരിക്കുന്ന ചില ദുര്മ്മേദസ്സുകളുടെ കരയോഗങ്ങള്‍ കേരളത്തിലുണ്ട്.ഇത്തരം കുത്സിത ചിന്തകളാണ് കേരളത്തിന്റെ ദുര്യോഗങ്ങള്‍.വായ്ക്കരിയിടാന്‍ പച്ചരിയില്ലാതെ ഇനിയൊരു നല്ല നായരും കേരളത്തില്‍ മരിക്കില്ലെന്ന് അത്രയൊന്നും നല്ല നായരല്ലാത്ത ഞാനും വ്യാമോഹിച്ചു പോകുന്നു,ന്യൂസ് അവറിലെ ചില ക്ലിപ്പിങ്ങുകള്‍ കാണുമ്പോള്‍.‍ഇതിന്റെ കമ്യൂണിസ്റ്റു പതിപ്പാണ്‌ എ.കെ.ബാലന്‍!പല്ലിയേയും,അട്ടയെയും പിടിച്ചു തിന്നു വംശം നിലനിര്‍ത്തുന്ന ചോലനായ്ക്കര്‍ക്ക് സഖാവിന്റെ സ്ഥാനാരോഹണം എന്തശ്വാസമാണെന്നൊ!     
"ബീഡിയുണ്ടോ സഖാവേ ഒരു തീപെട്ടിയെടുക്കാന്‍ "
നമ്മുടെ പുഴയിലൂടെ വെള്ളമെത്ര ഒഴുകിപ്പോയിരിക്കുന്നു പ്രിയ വായനക്കാരാ....
എന്നിട്ടും കേരളത്തില്‍ ജനാധിപത്യം നിലനില്‍ക്കുന്നു!വിശ്വാസം അതല്ലേ എല്ലാം!