എഴുതിക്കടന്ന പുഴകള്‍.
0

അപസ്മാരത്തിന്‍റെ പരിശീലനശാലകള്‍


സ്വയം വെളിപ്പെടാനാകാതെ അകത്ത് കടുങ്ങിപ്പോയവരുടെ പുനരധിവാസ കേന്ദ്രമായി സ്വയം മാറ്റിയെടുക്കാവും വിധംചിട്ടപ്പെടുത്തിയ ഒരു ഇടമാണ് ബ്ലോഗ്‌ എന്നാണു ഞാന്‍ കരുതിയിരുന്നത് .എന്നാല്‍ സ്ഥൂലപരിചയം എന്നില്‍ ഉല്‍പ്പാദിപ്പിച്ച രൂപകങ്ങള്‍നോക്കാനാളില്ലാതെ ഒറ്റപ്പെട്ടുകിടക്കുന്ന ഒരു സര്‍ക്കാര്‍ ആതുരാലയത്തിന്‍റെതിനുസമാനമാണ്! ക്ലാവ്പിടിച്ച തുപ്പല്‍ കോളാമ്പി മുതല്‍, ഉപയോഗ ശൂന്യമായ ഇരുംബു കട്ടില്‍ വരെ .... വാലന്‍മൂട്ടകള്‍ തിന്നുതീര്‍ക്കുന്ന ഗര്‍ഭനിരോധനഉറകള്‍ മുതല്‍, ഒടിഞ്ഞ സിറിഞ്ച് സൂചികള്‍ വരെ ... 
ഇതൊക്കെ കണ്ടു സഹിക്കാനാണെങ്കില്‍ ഏതെങ്കിലും ചാനല്‍ തുറന്നു വെച്ചാല്‍ പോരെ? പരമാവധി അശ്ലീലം മുതല്‍ തെരുവ് യുദ്ധങ്ങള്‍ വരെ അതില്‍ പച്ചയായി നിലനിര്‍ത്തുന്നുണ്ടല്ലോ!


  ഒരു ബ്ലോഗര്‍ക്കുണ്ടായിരിക്കേണ്ട മിനിമം ക്വാളിറ്റി എന്താണെന്ന്ഒരാത്മ പരിശോധനനടത്തേണ്ട സമയമായി എന്ന് തോന്നുന്നു. സര്‍ഗാത്മകവും, പുരോഗമനേച്ചാപരവുമായ,നിരവധി സാധ്യതകള്‍ മുമ്പില്‍ തുറന്നു കിടക്കെ അതിലൊന്നും താല്‍പര്യമില്ലാതെ,മൂത്രപ്പുരകളില്‍ ചുവരെഴുത്ത് നടത്താന്‍  താല്‍പ്പര്യമുള്ള ചിലര്‍ ബ്ലോഗില്‍ നുഴഞ്ഞുകയറിയതാണ് ബ്ലോഗിന്‍റെ ശാപം.മലയാളിക്കൊരു ഗുണമുണ്ട്, ഒളിച്ചിരുന്ന് എന്തും ചെയ്യാന്‍
അവന്‍ വല്ലാത്തധീരനാണ്! അതിന്‍റെ അനുരണനങ്ങള്‍ ബ്ലോഗില്‍ സജീവമായിക്കഴിഞ്ഞു!
ഇതിനെ എങ്ങിനെ പ്രതിരോധിക്കാം എന്നതാണ് ഈ മേഖല നേരിടുന്ന പ്രതിസന്ധി രൂക്ഷമാക്കുന്നത്. വിവാദങ്ങളുണ്ടാക്കി റേറ്റിംഗ് ഉയര്‍ത്തുക എന്നത് വ്യവസ്ഥാപിതമുതലാളിത്ത തന്ത്രമാണ്. അതില്‍ മാന്യത ഒരു രസബിന്ദുവേ അല്ല! സ്വയം ശുദ്ധീകരിക്കുകഎന്നത് മാത്രമാണ് ഈ വൈറസ്സുകളെ ഇല്ലാതാക്കാനുള്ള ഒരേഒരു വഴി.നിങ്ങള്‍ കുറിച്ചിടുന്ന അഭിപ്പ്രായങ്ങളും, സൃഷ്ടികളും നിങ്ങളെ വ്യക്തമായുംചൂണ്ടിക്കാണിക്കുന്നുണ്ട് എന്ന് തിരിച്ചറിയുക, നിങ്ങള്‍ക്ക് സ്വന്തം പ്രൊഫൈല്‍ ഇല്ലെങ്കില്‍പോലും! സ്വന്തം മുഖം വെളിച്ചത്തുകാണിക്കാന്‍ കൊള്ളാത്തതാനെന്ന സ്വയം വിശകലനത്തിന്‍റെഉത്തരമാവം തനിക്ക്‌ ഒരു പ്രൊഫൈല്‍ വേണ്ടെന്നു തീരുമാനിക്കുന്നത്‌. അല്ലെങ്കില്‍ ഒളിച്ചിരുന്ന്എന്തും ചെയ്യാം എന്ന വിചാരം.ഇത് എന്‍റെ സ്വാതന്ത്ര്യം എന്ന് മറു വിശദീകരണം വന്നേക്കാം.പാവം "സ്വാതന്ത്യം" എന്ന പദം!
     ഒരാളുടെ ഭാഷ രൂപപ്പെടുന്നത് തീര്‍ച്ചയായും അയാളുടെ ജീവിത പരിസര ത്തില്‍ തന്നെയാണ്.അയാളുടെ ശരീരഭാഷയും അയാളെ നൂറു ശതമാനം ശരിവെക്കുന്നു. ഒരാള്‍ ആന്തരിക സംവാദത്തില്‍ഏര്‍പ്പെടുമ്പോള്‍ ഉപയോഗിക്കുന്ന ഭാഷയായിരിക്കില്ല, അവന്‍റെ ബാഹ്യസംവാദത്തിലും, എഴുത്തിലും.കവി മനസ്സില്‍ രൂപപ്പെടുത്തുന്ന ഒരു കവിതയുടെ ആശയം പ്രാഥമിക ഘട്ടത്തില്‍ ഹൃദയത്തില്‍കുറിച്ചു വെക്കുന്നത് ഭാഷ കൊണ്ടല്ല, അനുഭവം കൊണ്ടാണ്! നിരവധി തവണ സകല സിരകളിലൂടെയുംഅവന്‍ അതിനെ കയറ്റിയിറക്കി ശുദ്ധീകരിച്ച്, ഏറ്റവും അന്തിമമായാണ് ഭാഷയിലേക്ക് തര്‍ജ്ജിമ ചെയ്യുന്നത്.അങ്ങിനെ തര്‍ജ്ജിമചെയ്യപ്പെടാന്‍ ഭാഷ കിട്ടാതെ വരുമ്പോളാണ് ഒരു എഴുത്തുകാരന്‍ ഭ്രാന്തനോ,ആത്മഹത്യ ചെയ്യപ്പെട്ടവനോ, ആയിത്തീരുന്നത്! ആത്യന്തികമായി ഈ ഭ്രാന്തോ, ആത്മഹത്യയോ,ആണ് അപ്പോള്‍ അവന്‍റെ ഉത്തമമായ ഭാഷ..!
കാലം മാറുന്നതിനനുസ്സരിച്ച് ബിംബങ്ങളും, സംജ്ഞകളും, മാറുന്നു.   ചങ്ങമ്പുഴയും, അയ്യപ്പനും,ഉപയോഗിക്കുന്നത് മലയാളമാണ്. എന്നാല്‍ രണ്ടും, രണ്ടു മലയാളമാണെന്ന് വായനക്കാര്‍ക്ക്‌
അറിയാം. ഇതു തീഷ്ണ അനുഭവങ്ങള്‍ വരുത്തിവച്ച ധീരപരീക്ഷണങ്ങളാണ്. എനിക്ക് ഇത്തിരിഅനുഭവങ്ങള്‍ കൂടുതലുണ്ടെന്ന് പറഞ്ഞ്‌ കൊണ്ട്‌ ഒരാളും മലയാളത്തില്‍ പുതിയ അക്ഷരങ്ങള്‍നിര്‍മ്മിച്ചിട്ടില്ല, ഒരു പരിധിവരെ വാക്കുകളും! അവനു ചെയ്യാനുള്ളത്‌ ഉള്ള അക്ഷരങ്ങളെ
സമര്‍ത്ഥമായി ഘടിപ്പിക്കുക എന്നതാണ്. പണ്ട് കൂട്ടില്‍ കിടന്ന കിളികളെക്കുറിച്ച് കവിതയുണ്ടായപ്പോള്‍ഇന്ന് കൂട്ടില്‍ വെരുകുകള്‍ അകപ്പെടാന്‍ കാരണം ഇതാണ്... അത് സ്വയം പ്രതിരൂപത്തില്‍ വന്നുവീഴുന്നതാഴുകളെക്കുറിച്ചുള്ള പ്രതിഷേധങ്ങളൊ, വിചാരഭേതങ്ങളൊ, ആകാം


ആനന്ദിന്‍റെ നഗര ഭാഷ യല്ല എം .ടി . യുടെ വള്ളുവനാടന്‍ നായര്‍ പറയുന്നത്.
ലൈബ്രറിയില്‍ പോയി നിങ്ങള്‍ക്കിഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ സ്വാതന്ത്യമുണ്ട്.
എം. ടി. എന്ന കവര്‍ പേജിനകത്ത്‌ ആനന്ദ്‌ കയറിയിരുന്നാല്‍ വായനക്കാരന്‍ ക്ഷമിക്കുകയില്ല.
അത് വായനക്കാരന്‍റെ അവകാശമാണ്! സ്വാഭാവികമായും വിഷയം ആവശ്യപ്പെടുന്നഒരു ഭാഷയുണ്ട്. ഒ .വി. വിജയന്‍ " ധര്‍മ്മപുരാണ"ത്തില്‍ ഉപയോഗിച്ച ഭാഷകൊണ്ടല്ല "ഗുരുസാഗരം" എഴുതിയത് . എം. ടി. യുടെ "കാല" ത്തിലെ സേതുവിന്‍റെഭാഷയല്ല "രണ്ടാമൂഴ" ത്തിലെ വൃകൊദരന്‍റെത്... മുകുന്ദന്‍റെ കഥാപാത്രംകാക്കനാടന്‍റെ ഭാഷ സംസാരിക്കുന്നതിലെ
അനൌചിത്യം ഓര്‍ക്കുക!ചുരുക്കത്തില്‍ എല്ലാം മലയാളം തന്നെ, മൊത്തത്തില്‍ കാക്കത്തോള്ളായിരംമലയാളമല്ല, ആനത്തൊള്ളായിരം മലയാളമുണ്ട് !
"രാമനും സീതയും വനവാസത്തിനു പോയി" എന്ന് നൂറുപേര്‍ ഒരേ പോലെ എഴുതുമ്പോള്‍
ഭാഷ മരിക്കുന്നു. ചുരുക്കത്തില്‍ ഭാഷയെ നിലനിര്‍ത്തുന്നത് അതിന്റെ വിവിധ്യം തന്നെയാണ്'
അത് പരീക്ഷണങ്ങള്‍ കൊണ്ട് ഓരോ ആളും സ്വയം നിര്‍മ്മിക്കുന്നത് മാത്രമാണ്കിളിപ്പാട്ടും, നളിനിയും എഴുതിയകാലത്തെ പ്രശ്നസന്കീര്‍ണതകളല്ലഇന്ന് മലയാളി നേരിടുന്നത്‌.അവന്‍റെ പാര്‍പ്പിടം മുതല്‍, ഭക്ഷണംവരെ മാറിപ്പോയി. ഇഡലിപ്പൊടിയും , ദോശപ്പൊടിയും, പോലെ മലയാളിയുംലോകവ്യാപകമായി മാര്‍ക്കറ്റ്‌ ചെയ്യപ്പെടുന്നു! വെളിമ്പറമ്പുകളില്‍
നിന്നും മാറി അവന്‍ റിമോട്ടില്‍ തുറക്കുന്ന ക്ലോസ്സെറ്റില്‍ വിസര്‍ജിക്കാന്‍ ശീലിക്കുന്നു!
കുളമുപേക്ഷിച്ച് അവന്‍ എല്‍ .ഇ .ഡി. ലൈറ്റ്കളുള്ള ഷവറിനു കീഴെ കുളിക്കാന്‍
ശീലിക്കുന്നു.ആല്‍ത്തറക്കൂട്ടങ്ങളില്‍ നിന്നും അവന്‍ ചാറ്റ് റൂമുകളില്‍ ഒതുങ്ങിപ്പോയി .
ഈ മാറ്റം അവന്‍റെ സര്‍വ്വസൃഷ്ടികളിലും പ്രകടമാണ്.എന്നാല്‍ അന്നും ഇന്നും 51 അക്ഷരങ്ങളെ അവനുള്ളൂ! ഒരെഴുത്ത് കാരന്പുതിയ സങ്കീര്‍ണതകളെ വരഞ്ഞിടാന്‍, ഉള്ള അക്ഷരങ്ങള്‍ വച്ച് പുതിയ വാക്കുകളുംവരികളും നിര്‍മ്മിക്കുക എന്നത് മാത്രമാണ് വഴി . ഭാഷയുടെ സാദാ പ്രയോഗത്തില്‍കുടുങ്ങിപ്പോയ ഒരാള്‍ക്ക്‌ അത് ദഹിക്കാന്‍ കുറച്ചു സമയ മെടുക്കുമെന്നത്
സ്വാഭാവികം.ഒരു കാലത്ത് അസ്പ്ര് ശ്യനായി മാറ്റി നിര്‍ത്തപ്പെട്ട ഒ.വി.വിജയന്‍പിന്നീട് മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരനായത് മലയാളിയുടെ അസ്വാദനതലത്തില്‍വന്ന മാറ്റമാണ് സൂചിപ്പിക്കുന്നത്.ഒരേ രോഗത്തിന് പലര്‍ക്കും പല മരുന്നുകളാണെന്നതുപോലെ,
സംവേദനത്തിനും പല തലങ്ങളുണ്ട് .ഒരു കവിത മനസ്സിലായില്ല എന്ന് ഉറക്കെ പറയുന്നതിനുമുംബ്
എന്തുകൊണ്ട് എനിക്കിതു മനസിലാകാതെ പോകുന്നു എന്ന് സ്വയം ചോദിക്കാന്‍ വായനക്കാരന്‍
ബാധ്യസ്ഥനാണ്. ഒന്നുകില്‍ അനുഭവങ്ങലുടെ കുറവ്‌ അല്ലെങ്കില്‍, ഒരാള്‍ വാക്കുകളെ
പുതുതായി എങ്ങിനെ ഘടിപ്പിച്ച് അര്‍ത്ഥ പൂര്‍ണമാക്കുന്നു എന്നറിയാനുള്ള താല്പര്യമില്ലായ്മ ,
അവസ്സാനം മാത്രമേ ഒരെഴുത്തുകാരന്‍ ഇതിന് ഉത്തരവാദിയാവുന്നുള്ളൂ .


മിക്കവരും വഴിതെറ്റിയാണ് പല ബ്ലോഗുകളിലും എത്തപ്പെടുന്നത്.തന്‍റെ സവ്വേദന ക്ഷമതയുമായി
ഉരസലുണ്ടാവുമ്പോള്‍ ചിലര്‍ തീപ്പിടിപ്പിക്കാതെ ദയയോടെ തിരിച്ചു പോകുന്നു, മറ്റു ചിലര്‍
സ്വന്തം നഖങ്ങളെ യുദ്ധം പഠിപ്പിക്കുന്നു..! പുസ്തകങ്ങളിലെ ആമുഖക്കുറിപ്പുകള്‍ ഒരു പരിധിവരെ
അതിലെ രചനകളിലേക്ക്‌ വെളിച്ചം വീശാറുണ്ട്.ബ്ലോഗില്‍ അത്തരം ഒരാസ്വാദനക്കുറിപ്പില്ലായ്മ
ആസ്വാദനത്തെ തടയുന്നുണ്ടോ എന്നത് അന്വേഷണാത്മകമാണ്..
ഒരു അക്കദമിക്കല്‍ പരിശീലനം കൊണ്ട് കവിത മനസിലാകണമെന്നോ,
കവിത എഴുതണമെന്നോ ഇല്ല. ഫിലിം ഇന്‍സ്ടിട്ട്യൂട്ടും, ഡ്രാമ ഇന്‍സ്ടിട്ട്യൂട്ടും,
ഉണ്ടായിട്ടും,ഒരു കവിതാസര്‍വകലാശാലയോ, കഥാസര്‍വകലാശാലയോ, കേരളത്തില്‍
ഇല്ലാതെ പോയത് ഇതുകൊണ്ടായിരിക്കാം. അതിന്‍റെ ഉപാധികള്‍ സ്വായത്തമാക്കുന്നത്
ജീവിതം കണ്ടോന്നുമാത്രമാണ്! അല്ലെങ്കില്‍ പി.എച്.ഡി. ക്കാരൊക്കെ കവിതകളെഴുതിയേനെ...!
അയ്യപ്പന്‍ കവിത ചുരണ്ടിയെടുക്കുന്നത് തെരുവില്‍ നിന്നാണെന്നോര്‍ക്കുക.


ബ്ലോഗില്‍ അവതരിപ്പിക്കപെടുന്ന മിക്ക ചര്‍ച്ചകളേയും ഞെക്കിക്കൊല്ലുന്നത്
വഴിപോക്കരൊക്കെയും അതില്‍ കയറി അഭിപ്രായം പറയുമ്പോളാണ് .
"ടീച്ചര്‍മാരുടെ ഡ്രസ്സ്‌ കോഡിനെക്കുറിച്ച് "
ഒരു വിഷയം അവതരിപ്പിക്കപ്പെട്ടപ്പോള്‍ ആദ്യം ഒരാള്‍ ഇട്ട കമന്റ്
"കോപ്പ്" എന്നാണ്.....!
ഇത്തരം കോപ്പന്‍മാര്‍ക്കു വേണ്ടി "മല്ലുചേച്ചിമാര്‍" നടത്തുന്ന നിരവധി ഇറച്ചിക്കടകള്‍
നിലവിലുണ്ട്. ഇത്തിരി വിരലനക്കം കൊണ്ട് അത്തരം ഏതെങ്കിലും താവഴികളില്‍ പോയി
വിരാജിക്കുകയാനെന്കില്‍ കാക്കയുടെ വിശപ്പും മാറും, പശുവിന്‍റെ ചൊറിച്ചിലും മാറും.


മനുഷ്യന്‍ ആത്യന്തികമായി ഒരു മൃഗമാണ്‌, തിരിച്ചറിവിന്‍റെ വേലി കെട്ടി നിരവധി
"അരുതുകള്‍" സ്ഥാപിച്ചത് അവനിലെ വിവേകമാണ്.ലോകത്തിന്‍റെ ഏത്‌ കോണിലിരുന്നും
ഇവ്വിധം സംവാദം നടത്താനുള്ള സംവിധാനം കണ്ടുപിടിച്ചത് അവനിലെ അതിമാനുഷന്‍...
അവിടെ വന്നിരുന്ന് മുണ്ടുപറിച്ചെറിഞ്ഞ് ഗുഹ്യ ഭാഗങ്ങളെക്കുറിച്ച് ഊറ്റം കൊള്ളുന്നത്
അവനിലെ മൃഗം. രോഗിയെ അറിഞ്ഞു ചികിത്സിക്കണം എന്നാണല്ലോ.ഇവിടെചികില്‍സിക്കേണ്ടത്‌ മനുഷ്യനെയോ, അതോമൃഗത്തെയോ എന്ന് വായനക്കാര്‍ തീരുമാനിക്കുക.എങ്കില്‍ മാത്രമേ അപസ്മാരത്തിന്‍റെ ഈ പരിശീലന ശാലകളില്‍ നിന്നും,പുതിയ സങ്കേതങ്ങളുടെ വിളഭൂമികകളില്‍ വന്നിരുന്ന്,നമുക്ക് കാലത്തില്‍ ചെറിയ ഒരടയാളമെങ്കിലും ചേര്‍ത്ത് വെക്കാന്‍ കഴിയൂ .......

2

മുഖം എന്ന അശ്ലീലം

                    ചാഞ്ഞും, ചരിഞ്ഞും, പിന്നെ കമിഴ്ന്നുകിടന്നും ഇതാ നമ്മുടെ രാജ്യം അപകടപ്പെട്ടിരിക്കുന്നു എന്നു ഓരോ ശ്വാസനിശ്വാസങ്ങളിലും പറഞ്ഞുവെക്കുകയായിരുന്നു നവമ്പര്‍ ഇരുപത്തി ആറാം തീയതി കാലത്ത് മുതല്‍ ഹോട്ടല്‍ താജിന്റെ കരിങ്കല്ലുപാകിയ മുറ്റത്ത് വച്ച് അവര്‍. യുദ്ധമുഖത്തെന്നോണം എപ്പോഴെങ്കിലും ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടകളെ മറന്നു കൊണ്ടാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ഈ ദൃശ്യങ്ങളത്രയും പകര്‍ത്തി വെക്കുന്നതെന്നവര്‍ നമ്മെ ഇടക്കിടെ ഉത്കണ്ടാകുലരാക്കിക്കൊണ്ടിരുന്നു. റേറ്റിങ്ങില്‍ പതിവിനു വിപരീതമായി നമ്മുടെ വാര്‍ത്താചാനലുകള്‍ കുതിച്ചുയര്‍ന്നു ഈ ദിവസങ്ങളില്‍. സീരിയലുകളും, മിമിക്രിക്കാരുടെ അറുബോറന്‍ കോമാളിത്തരങ്ങളും, റിയാലിറ്റി ഷോകളിലെ സംഗതികളും, കണ്ടു മനംമടുത്ത നാം ആ ദിനം പുതിയ ചില കളികള്‍ കണ്ട് ആസ്വദിച്ചു.

             നമ്മുടെ സ്വീകരണ മുറികളില്‍ നാം സുരക്ഷിതരാണെന്ന ഉള്‍ബോധം നമ്മെ ടെലിവിഷനെ, വാര്‍ത്താ ചാനലുകളില്‍ നിന്നും വാര്‍ത്താ ചാനലുകളിലേക്ക്, മാറ്റിമാറ്റി പായിപ്പിച്ച് ആഘോഷിക്കാന്‍ പ്രേരിപ്പിച്ചു. ഏറ്റവും മികച്ച ദുരന്ത ദൃശ്യങ്ങള്‍ കാണിക്കുന്ന ചാനലുകള്‍ ഏറ്റവും നല്ല ചാനലുകളായി! ബി.ബി.സി യിലും, മറ്റു ലോകമാധ്യമങ്ങളിലും ടാജിന്റെ ചിത്രം നിറഞ്ഞു നില്‍ക്കുന്നത് കണ്ടു നാം അഭിമാനിച്ചു. ഇതാ ലോകം മുഴുവല്‍ നാം നിറഞ്ഞു നില്‍ക്കുന്നു.വെടിയുണ്ടകളില്‍ നിന്നും രക്ഷപ്പെടാനെന്നോണം താജിന്റെ കരിങ്കല്ല് പാകിയ മുറ്റത്ത് കമിഴ്ന്നു കിടന്നു തല്‍സമയ വിവരണം നല്‍കിക്കൊണ്ടിരുന്ന ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടെ മുമ്പിലൂടെ ആറോ, ഏഴോ, വയസ്സുള്ളോരു പെണ്‍കുട്ടി ആരും ശ്രദ്ധിക്കാതെ ക്യാമറക്ക്‌ മുമ്പിലൂടെ കടന്നു പോയി. വാര്‍ത്തകളില്‍ നിറയേണ്ടവളല്ലാത്തവള്‍ ആയതിനാലാവണം ആരും അവളെ വിലക്കിയില്ല. അവള്‍ക്ക് അഴുക്ക് പിടിച്ചൊരു മേലങ്കി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മണ്ണിന്റെ നിറമായിരുന്നു അതിന്. ജട പിടിച്ച അവളുടെ മുടിയിഴകള്‍ ഒരുപാട് നീണ്ടതായിരുന്നു.
      
                 മുഖം കാണാന്‍ കഴിയാത്തതിനാല്‍ ഞാന്‍ പല മുഖങ്ങളും അവളില്‍ ചേര്‍ത്തുവെച്ചു നോക്കി. തെരുവില്‍ കാണപ്പെടുന്നതും, ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതുമായ ഒത്തിരി മുഖങ്ങള്‍. പക്ഷെ എന്തുകൊണ്ടോ ആ ശരീരത്തിന് അവയൊന്നും യോജിക്കുന്നതായി തോന്നിയില്ല! അവിദഗ്ദ്ധനായ ഒരു കൊളാഷ് ചിത്രകാരന്റെ രചനപോലെ അത് വികൃതമായി നിന്നു.
          
             ഞാന്‍ വാര്‍ത്തയുടെ ചൂടന്‍ മുള്‍മുനയിന്‍ നിന്നും അറിയാതെ വേര്‍പെട്ടു. ക്യാമറക്ക്‌ മുഖം കൊടുക്കാതെ കടന്നുപോയ ആ പെണ്‍കുട്ടി ആരായിരിക്കും? ഇതേ മുറ്റത്താണ് ഇത്തിരി മുന്പ് നരേന്ദ്രമോഡി വന്നു ക്യാമറക്ക്‌ പോസുചെയ്തത്. പിന്നെ അറിയുന്നതും അറിയാത്തതുമായ ആരൊക്കെയോ...
പണ്ട് താജിന്റെ കരിങ്കല്‍ മുറ്റത്തിനപ്പുറം ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പടവുകളില്‍ വന്നടിയുന്ന തിരകളിലെ, അസ്തമനത്തിന്റെ വൈഡൂര്യരശ്മികളെ വെറുതെ നോക്കിയിരിക്കുമ്പോളൊക്കെ, പിറകിലൂടെ വന്നു തോളില്‍ തട്ടി, കൈനീട്ടിയിരുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് "പിങ്കി" എന്ന സ്വന്തം പേര് മാത്രം അറിയാവുന്ന ഒരു മൂന്നുവയസ്സുകാരി.

          എന്റെ മകള്‍ക്കിപ്പോള്‍ മൂന്നു വയസ്സാണ്. എന്തുകൊണ്ടോ മനസ്സ് മകള്‍ അലമേലുവിലേക്ക് ഒരു ഷോര്‍ട്ട്കട്ട് നടത്തി. അവളുടെ മുഖം എടുത്തുകൊണ്ടുപോയി, ക്യാമറക്ക്‌ പുറംതിരിഞ്ഞു നടന്നുപോയ ആ പെണ്‍കുട്ടിക്ക് വച്ചുനോക്കി, എന്റെ തെമ്മാടിമനസ്സ്! വല്ലാത്തൊരു കരച്ചിലാണ് വന്നത്. ഇത്രയധികം ചേര്‍ന്നിരിക്കില്ല അവള്‍ക്ക് അവളുടെ സ്വന്തംമുഖംപോലും! പിന്നെ ചാനലുകളിലോരോന്നിലും മാറിമാറി ഞാന്‍ ആ പെണ്‍കുട്ടിയെ അന്വേഷിച്ചു നിരാശനായി. ആകാശത്ത് തൂങ്ങിയും, ഭൂമിയിലൂടെ ഇരച്ചും, കയറുന്ന വീരന്മാരുടെ ബൂട്ടുകള്‍ക്കിടയിലൂടെ ഒരുതവണ അവളുടെ കണ്ണുകള്‍ എന്നെ തുറിച്ചുനോക്കി. അത് എന്റെ മകള്‍ അലമേലുവിന്റെ അതെ കണ്ണുകളായിരുന്നു! പുരികത്തിനു താഴെ ചെറിയ കാക്കപ്പുള്ളിയുള്ള ഒന്ന്‍.

                    കൊല്ലപ്പെട്ടെന്നു സര്‍ക്കാര്‍ എഴുതിത്തള്ളിയ നൂറ്റി എണ്‍പതോളം പേരില്‍ ഇവളുടെ അക്കവും ഉണ്ടായിരിക്കുമോ? അല്ലെങ്കില്‍ എണ്ണപ്പെടാതെ, ഗേറ്റ്വേഓഫ് ഇന്ത്യയുടെ താഴെ കരിങ്കല്‍പടവുകളില്‍ പുളച്ചുനീന്തുന്ന സ്വര്‍ണ്ണ മത്സ്യങ്ങള്‍ക്ക് ആഹാരമായി തീര്‍ന്നിട്ടുണ്ടാവുമോ?
താനയില്‍ നിന്നോ, ഘാട്ട്ഘോപ്പറില്‍ നിന്നോ, ദാദറില്‍നിന്നോ, വിക്ടോറിയാടെര്‍മിനല്‍സിലേക്ക് തീവണ്ടിയില്‍ പുലര്‍കാല യാത്രനടത്തുമ്പോള്‍ കാണുന്ന ഒരു സ്ഥിരംകാഴ്ചയുണ്ട് വശങ്ങളിലെ ഉപയോഗശൂന്യമായ റെയില്‍വേ ട്രാക്കില്‍ വിസര്‍ജ്ജിക്കാനിരിക്കുന്ന ഒരുപാടുപേര്‍. കുഞ്ഞുങ്ങളും,സ്ത്രീകളും,പുരുഷന്മാരുമായി എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയുന്നതിലുമേറെ! അതില്‍ കുഞ്ഞുങ്ങള്‍ പ്രകൃതിയോട് സംവദിച്ച് അങ്ങിനെ അലസമായി ഇരിക്കുമ്പോള്‍ മുതിര്‍ന്നവര്‍ ഉടുമുണ്ടഴിച്ച് മുഖത്തു കെട്ടിയാണിരിക്കുന്നത്. പരസ്പരം തിരിച്ചറിയപ്പെടാതിരിക്കാന്‍! മറ്റുള്ളവരെ അപേക്ഷിച്ച് മറച്ചുവച്ച സ്വന്തം മുഖമാണവരുടെ അശ്ലീലം!അല്ലെങ്കില്‍ അവരുടെ ഐഡന്റിറ്റിയാണ് അവരുടെ അശ്ലീലം. ഇത് ഞാനാണ് എന്ന ആര്‍ജ്ജവത്തിനു പകരം, ഇത് ഞാനല്ല എന്ന സത്വവിധ്വംസനത്തിനുവേണ്ടി സ്വന്തം അടയാളങ്ങളോരോന്നും, ഊരിവെച്ചാണ് ഇവര്‍ വന്നിരിക്കുന്നത്. ഭക്ഷിക്കുക എന്നതിനേക്കാള്‍ വിസര്‍ജിക്കുക എന്ന പ്രക്രീയക്ക്‌ വെപ്പ്രാളപ്പെട്ട് ട്രാക്ക്മാറി കുത്തിയിരുന്നു രക്തസാക്ഷികളാവുന്നവരും ഇവരിലുണ്ട്. തീവണ്ടി കയറിഇറങ്ങി,ഇത്തിരി മലവും, മൂത്രവും, ചോരയും, മാംസക്കഷ്ണങ്ങളും മാത്രമാവുന്നവര്‍, ചുട്ടികുത്തിയ വഴിപഥങ്ങളിലൂടെയാണ് നാം പുതിയയാത്രക്കാര്‍ ഇരതേടി മുംബൈ നഗരത്തില്‍ വന്നിറങ്ങുന്നത്. ഒരു ചാനല്‍കണ്ണും തുറന്നുവെക്കാത്ത നരച്ച ലോകത്തുനിന്നും പിങ്കി എന്റെ മുതുകില്‍ത്തട്ടി കരഞ്ഞുകൊണ്ട്‌ കൈനീട്ടുന്നു.


              താജിന്റെ മുന്‍പിലൂടെ വായപോളിച്ചമ്പരന്ന് ഗേറ്റ്വേഓഫ് ഇന്ത്യയും,മുന്നിലെ റോഡും മുറിച്ചുകടന്നു വലതുവശത്തെ ബെന്‍സാരി ലാലിന്റെ ബീടാ,പാന്‍ കടയുടെ പിന്നിലെ ഒറ്റയടി വഴിയിലൂടെ നടന്നെത്തുന്നത് നാരായണ്‍ സിംഗ് എന്ന സര്‍ദാര്‍ജിയുടെ"പഞ്ചവടി"എന്ന പേര് തൂക്കിയിട്ടിരിക്കുന്ന സത്രത്തിലാണ്. അകത്തുകടന്നാല്‍ അതിശയിപ്പിച്ചുകളയുന്നൊരു ലോകമാണത്. "പഞ്ചവടി"ക്ക് പുറം ചുവരുകളേ ഉള്ളൂ. അകത്തെ മുറികളോരോന്നും വേര്‍തിരിച്ചു നിര്‍ത്തുന്നത് മുഷിഞ്ഞതും,നിറംമങ്ങിയതുമായ, വലിയ തുണികളാണ്.അലക്ഷ്യമായി ഗേറ്റ്വേഓഫ് ഇന്ത്യയുടെ പരിസരങ്ങളില്‍ പോയി നിന്നാല്‍ നിങ്ങളെ പഞ്ചവടിയിലേക്ക് ക്ഷണിച്ചു കൊണ്ടുപോകാനെത്തുക ചിത്രലേഖയോ, ശിവകാമിയോ, ആവാം. മണിക്കൂറിനു അമ്പതുഉറുപ്പികയില്‍ താഴെവിലയുള്ള ആഹ്ലാദങ്ങളില്‍ മുങ്ങിപ്പൊങ്ങി, കള്ളച്ചിരിയോടെ ഇരിക്കുന്ന നാരായണ്‍ സിംഗില്‍ നിന്നും ഒരു കപ്പ് ലെസ്സിയും വാങ്ങിക്കുടിച്ച് നിങ്ങള്‍ക്ക് പഞ്ചവടി വിടാം. അതിന് ടാജിനെപ്പോലെ മുഗള്‍ ശൈലിയുടെ സ്വര്‍ണം പൂശിയ മേലാപ്പോ, വലിയ തൂണുകളാല്‍ ഉരുത്തിരിച്ചെടുത്ത നീണ്ട ഇടനാഴികളോ, ഇല്ല. പകരം വിയര്‍പ്പും,രേതസ്സും ഇറ്റുവീണ് മനുഷ്യന്റെ ആദിമഗന്ധങ്ങള്‍ പൂത്തുനില്‍ക്കുന്ന മഹാസൗധം. 
    
           കണക്കുകള്‍ കൂട്ടിയും,കുറച്ചും,ശിഷ്ടപ്പെടുന്നത് കണ്ടു നിലവിളിക്കുന്നവരുടെ സിംഫണികള്‍! ഇപ്പോള്‍ കൌശലക്കാരനായ നാരായണ്‍സിംഗ് "പഞ്ചവടി" എന്ന ബോര്‍ഡിനു താഴെ ഇങ്ങനെ ചെറിയ ഒരു ബോര്‍ഡു കൂടി വെച്ചിട്ടുണ്ടെന്നറിഞ്ഞു. "താജിനെക്കാളും സുരക്ഷിതം, ആയുസ്സിന്റെ കാര്യത്തിലും പോക്കറ്റിന്റെ കാര്യത്തിലും"...!
പഞ്ചവടിയുടെയും, പരിസരങ്ങളുടേയും, നീതിശാസ്ത്രങ്ങള്‍ക്ക് വിപരീതമായി വിരാജിച്ചു നില്‍കുന്ന താജിലും, പരിസരപ്രദേശങ്ങളിലും വെടിപൊട്ടിച്ചു രസിച്ചത് കഷ്ട്ടിച്ച് ഇരുപതുവര്‍ഷം മുന്‍പ് മുലകുടിനിര്‍ത്തിയ പത്ത്‌ പിള്ളേരാണ്! സാമ്പത്തികശാസ്ത്രമനുസരിച്ച് രണ്ടായിരം കോടിയിലധികം നഷ്ടം. കറന്‍സി വിലകാട്ടി, പത്രക്കുറിപ്പിറക്കാനാവാത്ത നമ്മുടെ മാനം...ഹിന്ദുവിന്റെ ഉന്നമനത്തിന് വേണ്ടി ബാബറിമസ്ജിദ് പൊളിച്ചു കളഞ്ഞിട്ടും,കാമാത്തിപുരിയിലെത്തുന്ന ഹിന്ദുവേശ്യകളുടെ എണ്ണം കുറയാതിരുന്നതെന്തുകൊണ്ടാവണം! മുസല്‍മാന്റെ രക്തം കൊണ്ട് ഹോളികളിക്കുന്ന തെരുവില്‍ സര്‍ദാര്‍ജിയുടെ പഞ്ചവടിക്ക് തീപ്പിടിക്കാത്തതെന്തു കൊണ്ടാവണം! ഇവിടെ കയറി ഇറങ്ങിപ്പോയവരില്‍ ആരുടെ അബദ്ധമാവാം വിചാരങ്ങളില്‍ വേവലാതിപ്പെട്ടിരിക്കുമ്പോളൊക്കെ ഇന്നും എന്റെ മുതുകിനെ ലജ്ജിക്കാന്‍ ശീലിപ്പിച്ച പിങ്കി! 
   
                  പ്രിയപ്പെട്ട താക്കറെ, മുംബൈ മറാഠി പറയുന്നവന്റേ താണെങ്കില്‍ ഇവള്‍ എന്നോട് ഭക്ഷണം ചോദിക്കുന്നത് താങ്കളുടെ പ്രിയഭാഷയിലാണ്. എനിക്കാഭാഷ അറിയില്ല എങ്കിലും ഇവള്‍ അന്വേഷിക്കുന്നത് ഭക്ഷണമാണെന്ന് എനിക്ക് മനസിലാവുന്നതും, താങ്കള്‍ക്കു മനസിലാവാത്തതും എന്ത് കൊണ്ടാണ്?
ഭീകരാക്രമണത്തിന്റെ നാളുകളില്‍, അക്കപ്പറമ്പില്‍ കുര്യന്‍മകന്‍ ആന്റണി പറഞ്ഞത് ഇത്രമാത്രമാണ് "ആത്യന്തികവിജയം സൈന്യത്തിന്റെതായിരിക്കും"! രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തിന്റെ കാര്യത്തിലല്ല, പാല്‍മണം മാറാത്ത പത്തുകുഞ്ഞുങ്ങളോടുള്ള കണ്ണാരംപൊത്തിക്കളിക്കിടയിലാണ് നൂറ്റിമുപ്പതുകോടി ജനങ്ങളുടെ സൈന്യത്തിന്റെ മന്ത്രി ഇങ്ങനെ പ്രഖ്യാപിച്ചത്! പാക്കിസ്ഥാന്‍ പത്തുപേര്‍ക്കുപകരംനൂറുപെരേയായിരുന്നു അയച്ചിരുന്നതെങ്കില്‍ സ്ഥിതിഎന്തായേനെ! ഒടുവില്‍ ജയിച്ചതാരാണ്? ഭീകരര്‍ രണ്ടുതരത്തിലാണ് ജയിച്ചത്‌,കൊല്ലുന്നതിലും,കൊല്ലപ്പെടുന്നതിലും, കൊല്ലുക എന്നതോളം പ്രാധാന്യം കൊല്ലപ്പെടുക,എന്നതിലും ഉണ്ടായിരുന്നു അവര്‍ക്ക്.


         റെയില്‍വേ ട്രാക്കില്‍ വിസര്‍ജ്ജിക്കാന്‍ വന്നിരിക്കുന്നവരെപ്പോലെ അടയാളങ്ങള്‍ ഒരു തുണിച്ചീന്തുകൊണ്ട് മറച്ചുവെച്ചു, ഇത് ഞാന്‍ അല്ല എന്നുപറയാന്‍ ഇവര്‍ക്ക് കഴിയാത്തിടത്തോളം. പെണ്‍വാണിഭക്കേ സുകളിലെ ഇരകളെ കോടതിയില്‍ ഹാജരാക്കും നേരത്തും ഒരുചീന്തുതുണി രക്ഷക്കെത്തുന്നുണ്ടിപ്പോള്‍ . മുഖം സ്വയം ഒരശ്ലീലമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ് നമുക്കിപ്പോള്‍. ഇതിനിടയിലൂടെ നമ്മെ ഞെട്ടിച്ചുകൊണ്ട് കിളിരൂരുകാരി ശാരി അവളുടെമുഖം വെളിച്ചത്തുകാട്ടി, മരണക്കിടക്കയിലും,ശവപ്പെട്ടിയിലും!

          മുഖത്തെക്കുറിച്ചുള്ളോരെഴുത്തായതിനാല്‍ ഇതുകൂടി . ഈ മന്ത്രിസഭയില്‍ മലയാളിയുടെ മുഖമുള്ള എത്ര മന്ത്രിമാരുണ്ട്! അച്യുതാനന്ദന്‍ മുതല്‍ ശ്രീമതിയിലൂടെ,ശര്‍മ വരെയുള്ള എല്ലാ മന്ത്രിമുഖങ്ങളിലും ഒന്ന് വിളക്ക് തെളിച്ചുനോക്കൂ. നിങ്ങള്‍ ഏതുമരുഭൂമിയിലായാലും എതിരെവരുന്ന ഒരാള്‍ അത്ഭുതപ്പട്ടു കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കി ചോദിക്കുന്ന ഒരു ചോദ്യമില്ലേ?"നിങ്ങള്‍ മലയാളിയല്ലേ" എന്ന്! മലയാളിത്തത്തിന്റെ അലിഖിത ചേരുവകള്‍ മുഖത്ത് അവശേഷിക്കുന്ന എത്രപേര്‍ നമുക്കിടയിലുണ്ട് ഇപ്പോള്‍? നമ്മുടെഅടയാളങ്ങള്‍ സൂക്ഷിക്കാത്ത അവയവങ്ങള്‍ തീര്‍ച്ചയായും നമുക്ക് അശ്ലീലം തന്നെയാണ്. ചിലപ്പോള്‍ ശത്രുവിനതൊരായുധവും!

             അതുകൊണ്ടാണ് അഭയകേസില്‍ പ്രതികളെന്ന് മുദ്രകുത്തി പിടിക്കപ്പെട്ട ആശ്രമമൃഗങ്ങളുടെ മുഖങ്ങള്‍ നിരന്തരം പ്രദര്‍ശിപ്പിക്കപ്പെടുന്നത്... ഇതിലെ പെണ്‍മാനിന്റെമുഖം വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടുമ്പോളൊക്കെയും ശരാശരി മലയാളി വല്ലാത്തൊരു സുഖം അനുഭവിക്കുന്നത്... അപ്പോള്‍ നാം വാര്‍ത്ത കേള്‍ക്കാതാവുകയും, അവരോടൊപ്പം നടക്കാനിറങ്ങുകയും ചെയ്യുന്നത്...! ശരി തെറ്റുകളുടെ ഇടയില്‍ മൌനം മാത്രം ബാക്കിയാവുന്നു,മുഖംകാണാന്‍ കാത്തുനില്‍ക്കുന്നവരുറെയും,മുഖം കാണിക്കാന്‍ വിധിക്കപ്പെട്ടവരുടെയും, ഇടയില്‍.കുമ്പസാരത്തിനു അപ്പോള്‍ വാക്കുകള്‍ നഷ്ടപ്പെടുന്നു!
സുഹൃത്തെ, ഇത്രയും വായിക്കാന്‍ ക്ഷമകാണിച്ചതിന് നന്ദി. ഇനി ലളിതമായൊരു വ്യായാമമുണ്ട് നമുക്കൊരുമിച്ച്. ദയവുചെയ്തു നിങ്ങള്‍ ഒരു കണ്ണാടിക്കു മുന്‍പില്‍ ചെന്ന്നില്‍ക്കുക. നിങ്ങളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കുക, നിങ്ങളുടെ കണ്ണുകള്‍ക്ക്‌ കാണാന്‍ കഴിയുന്നുണ്ട്! മൂക്കിനു ശ്വസിക്കാന്‍ കഴിയുന്നുണ്ട്! എങ്കില്‍ ചിതയിലെടുക്കും മുന്‍പേ, പിന്നെ എന്തുകൊണ്ട് ചെറുതെങ്കിലും വ്യത്യസ്തമായൊരു ശബ്ദം പുറപ്പെടുവിക്കുന്നില്ല! ആ ശബ്ദത്തിന് കാതോര്‍ത്തു , ഗേറ്റ്വേഓഫ് ഇന്ത്യയുടെ, രക്തംവീണു നനഞ്ഞ പടവുകളിലോന്നില്‍, വെടിയുണ്ടകളില്‍ നിന്നും ദൈവം നെഞ്ചോട്ചേര്‍ത്ത് പിടിച്ചു രക്ഷപ്പെടുത്തിയ ഒരു പെണ്‍കുട്ടി കാത്തിരിപ്പുണ്ട്‌!

         എന്റെമകള്‍ "അലമേലു"... കാണുക, നിങ്ങളുടെകണ്ണുകള്‍ നിങ്ങളെ അടയാളപ്പെടുത്തുന്നുവെങ്കില്‍.....