എഴുതിക്കടന്ന പുഴകള്‍.
16

ദയവുചെയ്ത് മുമ്പത്തെ പോസ്റ്റ്‌ "ചിറക് തിന്നുന്ന പക്ഷികള്‍" വായിച്ചതിനു ശേഷം ഇത് വായിക്കുക

ചതുരത്തിന് ഒരു നിറമുണ്ട്
ചതുപ്പില്‍ ഒടുങ്ങിപ്പോയവരുടെ നിറം
ചേര്‍ന്നു നില്‍ക്കുന്നവനും അത് കാണണമെന്നില്ല!

ത്രികോണത്തിനു ഒരു സംഗീതമുണ്ട്
വേശത്തെരുവിലൂടെ നടക്കുന്ന എല്ലാവരും
അത് കേള്‍ക്കണമെന്നില്ല
വേദനിക്കുന്ന മനസ്സിലെ അത് ഇരപിടിക്കൂ!

വൃത്തിന് ഒരു സങ്കടമുണ്ട്
നാടുകടത്തപ്പെട്ടവരുടെ നാട്ടുപച്ചകള്‍ പോലെ!
ചക്രങ്ങളെല്ലാം വട്ടത്തിലാണല്ലോ

ഞാന്‍,
ആരും വരുവാനില്ലാത്ത പട്ടിണി ഗ്രാമത്തിലെ പാത
നീണ്ട്‌ , മെലിഞ്ഞു, കറുത്ത് , ചിലപ്പോള്‍ ഇല്ലാതെ...
വഴി നടക്കുന്നവന്‍ ഇന്നലെ പറഞ്ഞു
ഇവിടെ ഇങ്ങനെ ഒന്നില്ലെന്നു തോന്നുന്നു
ശരിയാണ് എനിക്കതെന്നേ തോന്നിയതാണ് ...

കണക്ക്‌ ക്ലാസില്‍ ചതുരവും. ത്രികോണവും,

വൃത്തവും, പഠിച്ചു തിരിച്ചുവരുന്ന എന്റെ കുട്ടികള്‍
പാതയിലെ വലിയെ ഗര്‍ത്തത്തിന് മുന്നില്‍ പകച്ചു നില്‍ക്കുന്നു
ഇപ്പോള്‍ അവര്‍ക്ക് വേണ്ടത്  നേര്‍രേഖകളാണ്
ആരുടെയെങ്കിലും കൈവെള്ളയില്‍,
ഒന്നില്‍ കൂടുതല്‍ നേര്‍ രേഖകളുണ്ടെങ്കില്‍
സൂക്ഷിക്കുക, അവ ഒരു തീരുമാനമെടുത്ത്‌
നാളെ ചതുരമോ, ത്രികോണമോ, വൃത്തമോ ആയേക്കാം...


                 സ്നേഹപ്പെട്ടവരുടെ നിര്‍ദേശ പ്രകാരം അശ്വതിയുടെ അമ്മയുടെ അക്കൌണ്ട് നമ്പര്‍ വെക്കുന്നു.കഴിഞ്ഞ മാസം ഞാന്‍ അവര്‍ക്കയച്ച ചെറിയ സഹായത്തിന്റെ രസീതി അങ്ങനെതന്നെ വെക്കുകയാണ്.കാരണം ഒരുപാടു വ്യാജ കഥകള്‍ പ്രചരിക്കുന കാലമാണല്ലോ.അതിനാലാണ് ഞാന്‍ തികച്ചും വ്യക്തിപരമായി, എനിക്കാവും വിധം കഴിഞ്ഞ കുറച്ചു മാസങ്ങളായി അവര്‍ക്കയച്ചുകൊടുക്കാന്‍ കഴിഞ്ഞ ചെറിയതുകകളുടെ രസീതികളില്‍ ഏറ്റവും ഒടുവിലത്തേത് അങ്ങിനെ തന്നെ വെക്കുന്നത്. ഏതെങ്കിലും അവിശ്വാസത്തിന്റെ പേരില്‍ അശ്വതിക്ക് കിട്ടിയേക്കാവുന്ന സഹായം നഷ്ട്ടപ്പെട്ടുകൂടാ എന്നെ അര്‍ത്ഥമാക്കുന്നുള്ളൂ. ആരെങ്കിലും സഹായിക്കാന്‍ തയ്യാറാവുന്നുണ്ടെങ്കില്‍ ഫോണ്‍ നമ്പറടക്കം ഇവിടെ  അറിയിച്ചാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു. 


   അക്കൌണ്ട് നമ്പര്‍ ഇങ്ങനെ വെക്കാന്‍ സമ്മതം ചോദിച്ചപ്പോള്‍,"ഇങ്ങനെയൊക്കെ സഹയിക്കാന്‍ ആളുകള്‍ വരുമോ" എന്നാണ് അശ്വതി ചോദിച്ചത് !
"അത് കൊണ്ടുകൂടിയല്ലേ ഭൂമിയിലെ മരങ്ങളില്‍ ചിലതെങ്കിലും തീപ്പിടിക്കാതെ ബാക്കിയാവുന്നതെന്ന് ഒരു മറുചോദ്യം ചോദിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.
യജമാനന്റെ  കാലൊച്ച കേട്ടതുപോലെ അങ്ങേ അറ്റത്തു നിശബ്ദത പൂത്തു. പിന്നെ നേരിയ ഒരു തേങ്ങല്‍ കേട്ടു.അതോ, എനിക്ക് തോന്നിയതാണോ.... 
    പ്രവാസിയുടെ മനസ്സ് ഒരു കലാപ ഭൂമിയാണ്‌.കാറ്റും,കാടത്തവും ഊതിപ്പൊലിപ്പിക്കുന്ന യുദ്ധഭൂമിയില്‍ ഇതാ അക്ഷരഗന്ധിയായ ഒരു പെണ്ണു മുറിവേറ്റു കിടക്കുന്നു.നമ്മുടെ ഓരോരുത്തരുടെയും തലോടലാണ് അവരുടെ മരുന്ന്, ആ സ്നേഹമാണ് അവരുടെ ആതുരാലയം.
 തിരിച്ചറിയുക,
യുദ്ധഭൂമിയില്‍ നിന്നും ഗീത കണ്ടെത്തിയ ഒരേ ഒരു ജനത നാം മാത്രമാണ്....