എഴുതിക്കടന്ന പുഴകള്‍.
5

ദ്വിഭാഷികളുടെ ചിരി


"അപ്പ ആര്‍ക്കാണ് വോട്ടു ചെയ്തത്?"
ഇന്നലെ അഞ്ചു വയസ്സുകാരി മകള്‍ ഉമ്മുഖുല്സു അവിചാരിതമായി ചോദിച്ചതാണിത്.
തെരഞ്ഞെടുപ്പു കഴിഞ്ഞു നാളേറെയായി.ഉത്സവം കഴിഞ്ഞു ആനപ്പിണ്ടത്തിന്റെ മണവും മാഞ്ഞു. സമാധാനിച്ചിരിക്കുമ്പോളാണ് മകള്‍ ഹൃദയത്തിലേക്ക് ഒരു വാള്‍വീശിയത്.ശരിയാണ് അവസരം കിട്ടിയിരുന്നെങ്കില്‍ ഞാന്‍ ആര്‍ക്കാണ് വോട്ടു ചെയ്യുമായിരുന്നത്.നാം യഥാര്‍ത്ഥത്തില്‍  ആരെയെങ്കിലും തെരഞ്ഞെടുക്കുന്നുണ്ടോ?
"തെരഞ്ഞെടുപ്പു കഴിഞ്ഞു" എന്ന സത്യത്തെ നമുക്കിങ്ങനെ വിഗ്രഹിച്ചു സമാസം പറയാം
തെരഞ്ഞെടുപ്പ് :തെരഞ്ഞെടുക്കുക എന്നാല്‍ പലതില്‍ നിന്നും ഏറ്റവും ഉചിതമായ ഒന്നിനെ സ്വീകരിക്കുക എന്നതാണല്ലോ.ഏറ്റവും ഉചിതമായത് ഒന്നേ ഉണ്ടാവാന്‍ സാധ്യതയുള്ളൂ എന്നിരിക്കെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആശങ്ക എന്നത് എന്താണ്.ഇതിനെ വേറൊരര്‍ത്ഥത്തില്‍ നോക്കിക്കാണാം.ശരിക്കും
നാം ഒരാളെ തെരഞ്ഞെടുക്കുന്നുണ്ടോ?മുന്‍കൂട്ടി നിശ്ചയിച്ച ഒരാളെ പിന്തുണക്കുക മാത്രമല്ലേ ചെയ്യുന്നുള്ളൂ.ഈ പിന്തുണയുടെ അടിസ്ഥാനം എന്താണ്.അത് രാഷ്ട്രീയാധിഷ്ടിതമാണെങ്കില്‍,മനുഷ്യന്റെ തത്വാധിഷ്ടിത പ്രശ്നങ്ങളെ നമ്മുടെ യജമാനന്‍മാര്‍ എങ്ങിനെയാണ് നോക്കിക്കാണുക.എന്ത് കൊണ്ടാണ് നമുക്ക് ചാരായം നിരോധിക്കാനും എന്റോ സള്‍ഫാന്‍ നിരോധിക്കാതിരിക്കാനും കഴിയുന്നത്‌.        
"തെരഞ്ഞെടുപ്പു കഴിഞ്ഞു"എന്നതിലെ കഴിഞ്ഞു എന്നത് കൈവിട്ടുപോയി എന്ന ഒരു വ്യംഗ്യാര്‍ത്ഥമാണ് ധ്വനിപ്പിക്കുന്നത്.മരണാസന്നനായി അത്യാഹിതവിഭാഗത്തില്‍ കിടക്കുന്ന രോഗിയുടെ ബന്ധു വരാന്തയില്‍ നില്‍ക്കുന്ന നമ്മോട്‌ പറയുക "കഴിഞ്ഞു" എന്നുമാത്രമാണ്.ഒരു ചിതയുടെ ഗന്ധത്തിലേക്ക് അത് നമ്മെ വഴിനടത്തുന്നു. ഭൂതകാലത്തിന്റെ കൈയ്യൊപ്പിനെ അത് ഓര്‍മ്മിപ്പിക്കുന്നു.പൊതുജനത്തിന്റെ കാര്യംകഴിഞ്ഞു ഇനി അധികാരം കിട്ടുന്നവന്റെ ഊഴമാണ്.അവന്‍ ചാട്ടവാറെടുത്താലും നാം അവന്റെ ഊഴംകഴിയും വരെകാത്തിരിക്കുകയെ നിവൃത്തിയുള്ളൂ.ഫലത്തില്‍ അഞ്ചു വര്‍ഷത്തേക്കുള്ള വേട്ടക്കാരെ നാം കരാര്‍പ്രകാരം നിശ്ചയിക്കുകയാണ്.ഈ കരാര്‍ മാമാങ്കത്തില്‍ അവര്‍ പലവിധം ഇരകള്‍ ചൂണ്ടകളില്‍ കോര്‍ത്തെറിയുന്നു.നാം ചെറുമീനുകള്‍ ആര്‍ത്തിയോടെ അതില്‍കൊത്തി ചങ്ക്കീറി നിലവിളിക്കുന്നു.അധികാരം കിട്ടുമ്പോള്‍ അവരുടെ കാതുകള്‍ ഉന്മാദാവസ്ഥയില്‍ അടഞ്ഞു പോകുന്നു. കണ്ണുകള്‍ അര്‍ദ്ധനിമീലിതങ്ങളെന്നു നാം തെറ്റി വായിക്കുന്ന അന്ധ മിഴികളാവുന്നു.അങ്ങനെ കണ്ണുംകാതും ഇല്ലാത്ത ഒരു മാംസപിണ്ഡമായി അവര്‍ പരിണമിക്കുന്നു.അവരെ നാം ആര്‍ത്തിയോടെ നേതാവെന്ന് വിളിക്കുന്നു.
           അതുകൊണ്ടാണ് കേരളത്തില്‍,ലോകത്തിലാദ്യമായി ബാലറ്റ്പെട്ടിയിലൂടെ അധികാരത്തില്‍വന്ന നമ്മുടെ കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ഇത്തവണ മുന്നോട്ടുവെക്കാനുണ്ടായിരുന്ന ഏകആശയം മധ്യവയസ്കന്നായ ഒരാള്‍ മുമ്പെന്നോനുണഞ്ഞു എന്ന്പറയപ്പെടുന്ന ഐസ്ക്രീമിന്റെ പേരില്‍ അയാളെ തടവിലിടും എന്ന ഒറ്റ അജണ്ട മാത്രമായിപ്പോയത്.എന്റോസല്‍ഫാനേക്കാളും വിഷം പണ്ട് കഴിച്ചുപോയ ഒരുകപ്പ് ഐസ്ക്രീമിനുണ്ടെന്ന് അവര്‍ നമ്മോട്‌ ആണയിടുന്നത്. പെണ്‍വാണിഭത്തിലകപ്പെട്ട പെണ്‍കുട്ടികളുടെ മുഖം ഒരുതുണ്ട് തുണിയില്‍നിന്നും പുറത്തേക്ക് വഴുതിപ്പോകുന്നതും കാത്തു നാം രിക്കുന്ന അതേ അക്ഷമയോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ അറസ്റ്റിന് നാം കാത്തിരിക്കുന്നത്.അത് നമ്മുടെതന്നെ ഉള്ളിലുള്ള അശാന്തരതിയെ തൃപ്തിപ്പെടുത്താനുള്ളതാണ്.
        
ആന്ധ്രയിലെ കര്‍ഷകര്‍ അവര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍,അവര്‍ക്ക് മഴകിട്ടിയാല്‍, ഉല്‍പ്പാദിപ്പിച്ചേക്കാവുന്ന അരി രണ്ട് രൂപയ്ക്കു നമുക്ക് വിളമ്പുമെന്നു വേട്ടക്കാര്‍ നമ്മോട്‌ ഫലിതം പറയുന്നു.ഫലിതവും ചിലപ്പോള്‍ കുറ്റബോധത്തില്‍ നിന്നുമുണ്ടാവുമെന്നു നാം ചില നേരങ്ങളില്‍ ഇങ്ങനെ തിരിച്ചറിയുന്നു. ഈ അരിയുടെ വിത്തുകള്‍ ആന്ധ്രയിലെ ഏതൊക്കെയോ പത്തായപ്പുര കളില്‍ വയലുകാത്തു കിടക്കുകയാണെന്നും ഈ നെന്മണികള്‍ വിളഞ്ഞു കതിരാവുന്നതും സ്വപ്നം കണ്ടാണ്‌ ഇങ്ങേത്തലക്കല്‍ ഒരു ഭരണകൂടം അതിന്റെ പ്രകടന പത്രിക എഴുതിയതെന്നും ഓര്‍ക്കുമ്പോള്‍ ഫലിതം ഒരു പൊട്ടിച്ചിരിയുടെ  അമ്മയാവുന്നു.മാര്‍ക്കറ്റില്‍ രണ്ട്‌ രൂപയ്ക്കു അരിയെത്തിക്കാന്‍ വേണ്ടി കൃഷിചെയ്യുന്ന ഒരു കര്‍ഷകനെ ഇടതുപക്ഷം രണ്ടായിരത്തി പതിനൊന്നില്‍ സ്വപ്നം കാണുന്നു എന്നിടത്തു ആനന്ദിന്റെ ഗോവര്ധനന്റെ യാത്രകള്‍ ആരംഭിക്കുന്നു.അത് സര്‍ഗാത്മകത ഉള്ളില്‍ ഉരുത്തിരിയുന്നവന് മാത്രം ഉള്‍ക്കൊള്ളാനാവുന്ന ഫലിതം  
                ഇനി ഐസ്ക്രീം രാഷ്ട്രീയം.റജീന ഒരു സ്ത്രീലിംഗ ഇരയായിരുന്നില്ല ഒരിക്കലും.അവള്‍ നമ്മെ ഞെട്ടിച്ചത് അവള്‍ നമുക്ക് മുന്നില്‍ ഉയര്‍ത്തി പ്പിടിച്ച വേട്ടക്കാരന്റെ മുഖംകൊണ്ട് മാത്രമാണ്.കുറച്ചു കാശിന് ആവശ്യം വരുമ്പോള്‍ അവള്‍ ഇനിയും നമ്മുടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടും. അങ്ങനെ ഉറക്കം നഷ്ടപ്പെടാതിരിക്കാന്‍ വേട്ടക്കാര്‍ എപ്പോഴും മടിശ്ശീലയുമായി അവള്‍ക്കു പിന്നില്‍ ഗാജരൂകരായിരിക്കും.ഈ ജാഗ്രത നമ്മുടെ ജനാധിപത്യത്തെ ശാന്തമായൊഴുക്കാന്‍ ശീലിപ്പിക്കും. 
            അഭയകേസുപോലെ മലയാളിക്ക് സ്വന്തമായൊരു ഉത്തരമുള്ള സമസ്യതന്നെയാണ് റജീന കേസും.സ്ഥിരബുദ്ധിയുള്ള ഒരാള്‍ക്ക് ഇനിയൊരു കേടതിവിധിയുടെ ആവശ്യമില്ല.അതൊരു സാങ്കേതികക്രമം മാത്രമാണിനി.എന്നിട്ടും ഇടത്പക്ഷത്തിന്റെ മുഖ്യഅജണ്ട ഇതാണ്.
വി,എസ്സിന്റെ പടംവെച്ചുള്ള വോട്ടുപിടുത്തം പാര്ട്ടിവിരുദ്ധമായി കണ്ടെത്തപ്പെടുന്നത് തെരഞ്ഞെടുപ്പിന് ശേഷമാണ്.ഈ കണ്ടെത്തല്‍ തന്നെ വി.എസ്സിന് ഇനി ആ കസേരയിലേക്ക് ഊഴമില്ലെന്നുള്ള വ്യംഗ്യാര്‍ത്ഥമാണ്.അപ്പോള്‍ ജനമിളകും എന്നൊരു താക്കീത് നമ്മുടെ ഉള്ളി
ല്‍ വലിഞ്ഞു മുറുകുന്നില്ലേ ! 
"എടോ ഗോപാലകൃഷ്ണാ... അതൊക്കെ ഞങ്ങള്‍ തന്നെ പ്ലാന്‍ചെയ്ത തെരുവ് നാടകങ്ങളല്ലേ" എന്നൊരു ചിരി പാര്‍ട്ടിസെക്രട്ടറി അപ്പോള്‍ ചിരിക്കും.             
        ഇരകളുടെ ഭാഗത്ത് നില്‍ക്കുന്നു എന്ന് നമ്മെ വ്യമോഹിപ്പിക്കാന്‍ അവര്‍ പാര്‍ട്ടിക്കകത്ത് ഒരു കൃത്രിമ ഇരയെ സൃഷ്ട്ടിക്കുന്നു.എന്നിട്ട് നോക്കൂ ഈ ഇര നിങ്ങള്‍ക്കൊപ്പമാണ് എന്നും നിലകൊണ്ടിരുന്നതെന്ന് നമ്മെ വിശ്വസിപ്പിക്കുന്നു.അങ്ങിനെ വി.എസ്.എന്ന ഇര സഹതാപതരംഗ ങ്ങളിലൂടെ കസേര നിലനിര്‍ത്താന്‍ നമുക്കിടയിലേക്കിറങ്ങി വരുന്നു. വി.എസ്സിന് സീറ്റ് നിഷേധിച്ചു എന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പരത്തി അവര്‍ സ്വന്തം അണികളേക്കൊണ്ട് പ്രതിഷേധം സംഘടിപ്പിക്കുന്നു.ഒന്നും ചെയ്യുവാനില്ലാത്തത് കൊണ്ട് കണ്ണീര്‍സീരിയല്‍ കണ്ടു മനമുരുകിയ ഒരാള്‍ക്കൂട്ടം പാവം വി. എസ്. എന്ന് കരയുന്നു.ഇതിന്റെ പിന്നില്‍ പതിയിരിക്കുന്ന 
രണ്ട് പകടമുണ്ട്.കെട്ടുപാടുകളില്ലാതെ വി,എസ്. അധികാരത്തിലെത്തിയാല്‍ ഒറ്റവര്ഷംകൊണ്ട് നാട് നന്നായിപ്പോകും എന്ന് നാമൊക്കെ ഉള്ളില്‍ വളര്‍ത്തിയെടുത്ത അന്ധവിശ്വാസം.ഇത് മതാന്ധതയെക്കാള്‍ വലിയ ഭീകരതയാണ്. ഇതാണ് യഥാര്‍ത്ഥ ചൂഷണം.ചുരുക്കിപ്പറഞ്ഞാല്‍ ഈ അന്ധവിശ്വാസത്തിന്റെ പേരിലായിരിക്കും കമ്മ്യൂണിസ്റ്റുപാര്‍ട്ടി ചിലപ്പോള്‍ കേരളത്തില്‍ അധികാരത്തിലേറുക. 
രണ്ടാമത്തേത് വി.എസ്‌ ഇരയുടെ പ്രതിച്ഛായയിലേക്ക് താഴ്ന്നിരുന്നു സ്വന്തം ഭൂതകാലത്തിന്റെ സമരച്ചരിത്രങ്ങളെ സ്വയം നിരാകരിക്കുന്നു എന്നത്.
സ്വന്തം ഭൂതകാലത്തിന്റെ അടിസ്ഥാനത്തില്‍ ഇരതേടുന്ന ഒരേഒരു ജീവി മനുഷ്യന്‍ മാത്രമായിരിക്കെ വി. എസ്‌ ആ ധീരഭൂതകാലത്തെ പാടേ  നിരാകരിച്ചുകൊണ്ട്‌ സ്വയം ഇരയായി അനുയാത്ര ചെയ്യുകയാണ്.ഇത് സ്വയം നിരാകരിക്കല്‍ മാത്രമല്ല കേരളചരിത്ര നിരാസം കൂടിയാണ്.ഇത് മാര്‍ക്സ്സിസ്റ്റു പാര്‍ട്ടി എന്ന കോര്‍പ്പറേറ്റു പാര്‍ട്ടിയുടെ ഒരു മുതലാളിത്ത തന്ത്രം മാത്രം.നമുക്ക് ഭക്ഷണം നിര്‍മ്മിച്ച്‌ നല്‍ക്കുകയും അതുവഴി നമ്മളിലേക്ക് നിരവധി രോഗങ്ങള്‍ ഇറക്കുമതി വെയ്യുകയും അതേ രോഗത്തിനുള്ള മരുന്നു മുമ്പ് ഭക്ഷണം നിര്‍മ്മിച്ച്‌തന്ന അതേ കമ്പനി തന്നെ വിപണനം ചെയ്യുകയും ചെയ്യുന്ന അതേ മുതലാളിത സംവിധാനത്തിന്റെ പരിഷ്കരിച്ച പതിപ്പ് വഴി പാര്‍ട്ടി സെക്രട്ടറി വേട്ടക്കാരനും,മുഖ്യമന്ത്രി  ഇരയുമാണെന്ന അവബോധം അവര്‍ സ്വയം സൃഷ്ട്ടിച്ചു.ഇപ്പോള്‍ നാം വേട്ടക്കാരനോ, ഇരക്കോ വോട്ട് ചെയ്തെ പറ്റൂ.എങ്ങിനെയായാലും ഗുണഭോക്താവ് ഒന്ന് തന്നെ!ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അതേ പഴയതന്ത്രം,ഭിന്നിപ്പിച്ചു ഫലം കൊയ്യുക എന്ന മറ്റൊരു ചുരുക്കെഴു ത്തിലേക്ക്‌ മാറ്റിയെഴുതപ്പെടുന്നു.     
        എതിര്‍പക്ഷത്തോ കഥയേറെ വിഭിന്നമായിരുന്നില്ല.വി.എസ്സിന് ഒരു മകനുണ്ടെന്ന വിവരം അവര്‍ അറിയുന്നത് ഈയ്യിടെയാണ്.ആ തിരിച്ചറിവ് കടന്നു നിരവധി മക്കള്‍ കേരളത്തില്‍ ഇതൊക്കെ നോക്കി കാണുന്നു ണ്ടെന്ന് അവര്‍ മറന്നുപോയി.മറന്നു പോകുക എളുപ്പമാണ്.ഓര്‍ത്തിരിക്കു മ്പോളാണ് ഖദറില്‍ ചുളിവുകള്‍ വീഴുക.അത് ഭംഗിയുള്ള കര്യമാകില്ല. ഇങ്ങനെ എല്ലാം ഓര്‍ത്തിരിക്കേണ്ടതിനാലാവാം നീണ്ടു കൊലുന്നനെയുള്ള ഒരു മനുഷ്യന്‍ പണ്ട് അര്‍ദ്ധനഗ്നനായത്.
                      എന്തായാലും ഒരു പക്ഷം ജയിക്കും.ഉപശാലകളിലെ കസേരകള്‍ സിന്ധുജോയി മാരെക്കൊണ്ട് നിറയും.നമ്മള്‍ ഈ മന്ത് കുടഞ്ഞു മറ്റേ കാലിലാക്കാന്‍ ഇനി ഒരഞ്ചുവര്ഷം കൂടി കാത്തിരിക്കണം. അപ്പോളേക്കും പ്രിയ വായനക്കാരാ,നമ്മളിലെത്രപേര്‍ ആതമഹത്യ ചെയ്യാതെ ബാക്കിയുണ്ടാവും.
മകള്‍ ഉമ്മുഖുല്സുവിനു
പറഞ്ഞുകൊടുക്കാന്‍ കുറുക്കന്‍മാരുടെതല്ലാത്ത ഒരു കഥ എന്നാണെനിക്കുണ്ടാവുക.   
"അപ്പ ആര്‍ക്കാണ് വോട്ടു ചെയ്തത്?" എന്ന ചോദ്യത്തിന്  ഞാനൊരു മറുചോദ്യമായിരുന്നു ചോദിച്ചത്.
"മോള്‍ ആര്‍ക്കാണ് വോട്ടു ചെയ്തത്?" 
ഉത്തരം ഇങ്ങനെ
"കുറുക്കന് "
"മോളെ എന്നെങ്കിലും വോട്ടവകാശം കിട്ടുമ്പോള്‍ ഞാനും നിന്റെ പാര്ട്ടിക്കാരനാവും.വേറാരാണ് നമുക്കുള്ളത്?"എന്ന് ചോദിക്കാനാവാതെ ഞാന്‍ ഫോണ്‍വച്ചു.     
                                                        
***
വാല്‍ക്കുറിപ്പ്
നീണ്ട അവധിക്കുവേണ്ടി നീണ്ട സിസേറിയനുകള്‍ നടത്തിയ ഡോക്ടര്‍മാരോടു രണ്ട് ചോദ്യം.
1) നിങ്ങള്ക്ക് പോസ്ടുമോര്‍ട്ടത്തിന്റെ ഡ്യൂട്ടിയായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു?
2)ഡോക്ടര്‍ ബിനായക് സെന്‍ എന്ന മനുഷ്യനെ അറിയുമോ?   
ഫലശ്രുതി ഇങ്ങനെ,ആശുപത്രികളാണല്ലോ ഇപ്പോള്‍ കുറുക്കന്‍മാരുടെ രാജധാനി  

1

അകത്ത് ആത്മഹത്യചെയ്യുന്ന വാക്കുകള്‍

പറയുവാന്‍ നാക്കില്ലാത്തതോ,പറയുവാന്‍ ഭാഷയില്ലത്തതോ ഏതാണ് ഒരു ജനതയെ സംബന്ധിച്ചിടത്തോളം വലിയ ദുരന്തം?തീര്‍ച്ചയായും ഭാഷയുള്ള ഒരു ജനതക്കേ അതിന്റെ ഭാഷകൊണ്ട് പ്രയോജനമുള്ളൂ..ഏതൊരു ജീവിയുടെയും നാക്ക് അതിന്റെ മറ്റൊരവയവം പോലെയല്ല,അത് അപരന്നുവേണ്ടിയുള്ളതാണ്.സ്വയം സംസാരിക്കാന്‍ നമുക്ക് നാക്കിന്റെ ആവശ്യമില്ലലോ.ഭാഷമരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്റെ നാക്കാണ് അവന് അശ്ലീലം.
തെലുങ്കാനക്ക് വേണ്ടി സ്വന്തം ശരീരം കത്തിച്ചുകളഞ്ഞു ഭാഷയെ സ്നേഹിക്കുന്ന തെലുങ്കന്‍ അവന്റെ മരണം കൊണ്ട് മുന്നോട്ടുവെക്കുന്ന വാക്കെന്താണ്.അത് അവസാന പിടച്ചില്‍വരെ തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്ന ഉച്ചാരണ ശുദ്ധിയില്ലാത്ത കേവലം ഞരക്കമല്ല.ജീവിതത്തില്‍ അവന്‍ പറഞ്ഞ ഏറ്റവും വിശുദ്ധിയുള്ള വാക്കാണ്‌.
ജീവിതത്തെ പലപ്പോഴും നമുക്ക് യുക്തിഭദ്രമായി അളന്നിടുന്നത് വലിയ വിഡ്ഢിത്തരമാണ്.അയുക്തിയുടെ പരകൊടികള്‍ സൃഷ്ടിച്ചുകൊണ്ട് ജീവിതഭദ്രതയെ നിരന്തരം വെല്ലുവിളിച്ചു കൊണ്ടിരിക്കുകയാണ്.ജീവിതം തെരുവിലായാലും,മന്ദിരത്തിലായാലും സാമ്പ്രദായികമായ അളന്നിടലുകള്‍ സാധൂകരിക്കുന്ന ആഹ്ലാദങ്ങള്‍ക്കപ്പുറം നമ്മേ ഉറക്കം കെടുത്തുന്ന ചില പൊള്ളലുകള്‍ ഏതൊരു ജനത്തെയും അവന്റെ മര്‍മ്മത്തിന്റെ ആഴങ്ങളില്‍ സൂക്ഷിക്കുന്നുണ്ട്. ഒരു പക്ഷെ അതായിരിക്കും അവന്റെ സത്വത്തിന്റെ കൈയ്യൊപ്പ്.അല്ലെങ്കില്‍ അവന്റെ ജനിതക വിത്ത്‌.
ഭാഷയ്ക്ക്‌ വേണ്ടിയുള്ള ഖോരയുദ്ധമാണ് രണ്ടോ,മൂന്നോ,ഏറിയാല്‍ അഞ്ചോ ദിനാര്‍ വിലയുള്ള മാംസളിമയായി ശ്രീലങ്കക്കാരികളെ നമ്മുടെ ശയ്യാഗൃഹങ്ങളിലേക്ക് കൊണ്ടുവന്നു കിടത്തുന്നത്.ഇവിടെ,കേവലം വ്യക്തിജീവിതത്തിന്റെ വീഴ്ച്ചകളായല്ല, ഭാഷക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ തുടര്ച്ചകളായിത്തന്നെയാണ് നാം ഇതിനെ കൂട്ടിവായിക്കേണ്ടതാണ്.നീളന്‍യുദ്ധം തകര്‍ത്ത് കളഞ്ഞ സമ്പദ്ഘടനയുടെ ആഴങ്ങളെ അവള്‍ നികത്തികൊണ്ടുവരുന്നത്‌ സ്വന്തം മാംസം അപരന്റെ കാമാതുരതക്ക് നേരെ വലിച്ചെറിഞ്ഞുകൊണ്ടാണ്.അപ്പോള്‍ അവളുടെ പൂമുഖത്തുനിന്നും നാം വായിച്ചെടുക്കേണ്ടത് " ഇതാണെന്റെ ഓഹരി" എന്ന നിശബ്ദ നിലവിളികളേയാണ്.ഈ വേദന യുദ്ധത്തടവുകാരനായി പിടുച്ച്‌ കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെട്ട ഏതൊരു തമിഴ് യുവാവിന്റെതിലും ഭീകരമാണ്.
ഇതേ കയങ്ങളിലേക്ക് മുങ്ങിപ്പോയ ലോകമെമ്പാടുമുള്ള ബലികളെ ഭരണകൂടയുക്തികൊണ്ട് ഭദ്രമായി നേരിടുന്നത് കൊണ്ടുമാത്രമാണ് നാം അറിയാതെ പോകുന്നത്.നാം അറിയാത്തതുകൊണ്ട് ഒരിക്കലും ഇല്ല എന്നര്‍ത്ഥം വരുന്നില്ല.കുരുടന്‍ ഭൂമിയില്‍ വെളിച്ചമില്ലെന്നു വിലപിക്കുന്നത് പോലെയാണത്.
ഈ പശ്ചാത്തലത്തില്‍ നിന്നുവേണം അത്രയധികം സുഖലോലുപതയില്‍ ജീവിച്ചുപോരുന്ന നാം ഭാഷയെ തെറ്റായി ഉച്ചരിക്കുകയും അതൊരു നവലോകമായി മാറ്റിയെടുക്കുകയും ചെയ്യുന്നതിലെ ഭീകരത തിരിച്ചറിയേണ്ടത്. നാം എന്നിട്ടും അത്തരം നവകോമാളികള്‍ക്ക് പാര്‍പ്പിടം അനുവദിക്കുന്നതിലെ അര്‍ത്ഥാന്തരന്യാസം തിരിച്ചറിയേണ്ടത്.
കൊല്ലപ്പെട്ടവന്റെ നിസ്സംഗത മുഖത്തു സൂക്ഷിക്കുന്ന ഒരു ജനതയില്‍ നിന്നും അവന്റെ ദേശീയ ഗാനമായി ഉയരുക നെടുവീര്‍പ്പ് മാത്രമാണ്.നെടുവീര്‍പ്പുകള്‍ക്ക് എല്ലലോകത്തും,എല്ലാ കാലത്തും, ഒരേ ഭാഷയാണ്. ആര്‍ക്കും തര്‍ജ്ജിമ ചെയ്യാന്‍ കഴിയാത്ത ആദിമഭാഷ!
നീരാവിയില്‍ പുഴുങ്ങിയെടുക്കപ്പെട്ടവര്‍ ഉപേക്ഷിച്ച കുപ്പായങ്ങളില്‍ പ്രിയ വായനക്കാരാ... നിന്റെ ചോര പുരണ്ടതെങ്ങിനെയാണ്! എനിക്ക് നിന്നെ സംശയമുണ്ട്.. പ്രതിപ്പട്ടികയില്‍ നീയില്ലെങ്കിലും ഒറ്റുകാരന്റെ ഭൂമികയില്‍നിന്നും നിനക്ക് തലയൂരാനാവില്ല.കാലത്തിന് അതിന്റെതായ ഒരു ദിവസമുണ്ട്. അതാണ്‌ സംസ്കരത്തിന്റെ സത്യവാങ്ങ്മൂലം.

2

ഭയം ആകാശം തൊടുമ്പോള്‍


      അക്കങ്ങളില്‍ നിന്നും ഒരാള്‍ പൊടുന്നനെ പൂജ്യത്തിലേക്ക് വീണു പോകുമ്പോള്‍ അനാദിയില്‍ നിന്നും നീണ്ടു വരുന്ന ആ അദൃശ്യമായ വലിയ കരങ്ങള്‍ തന്നെ എന്റെ പ്രതീക്ഷ. മരുഭൂമിയുടെ ശൂന്യതയില്‍ നിന്നും എന്നും എന്നെ തേടിയെത്തുന്ന അശരീരിയുടെ ആ വലിയ പിന്തുണ.അത് ചിലപ്പോള്‍ മതാതീതവും ദേശാതീതവും ആയിരുന്നു.
നിനച്ചിരിക്കാതെ ജോലി നഷ്ടപ്പെട്ടു.എന്റെ അകങ്ങളില്‍ ഞാന്‍ വല്ലാതെ കുടുങ്ങിപ്പോയി.വീട് പാതിയില്‍ എത്തി നില്‍ക്കുന്നു.നാട്ടില്‍ രോഗാതുരരുടെ ഒരു നിരതന്നെ.അമ്മ,മകള്‍,ഭാര്യ...എന്നിങ്ങനെ.ഉറക്കത്തിന്റെ ആനുകൂല്യം നഷ്ടപ്പെട്ടിട്ട് ആഴ്ചകളായി.ഏതു വാതിലിലാണ് മുട്ടിവിളിക്കെണ്ടതെന്നറിയില്ല.കൈകള്‍ക്കു സ്വന്തം വിരലുകള്‍ നഷ്ട്ടപ്പെട്ടത്‌ പോലെ,അല്ലെങ്കില്‍ എനിക്ക് ഞാന്‍ തന്നെ നഷ്ടപ്പെട്ടത്പോലെ.
ഈ മാസം പത്താം തീയ്യതി നാട്ടിലേക്കു പോകനിരുന്നതായിരുന്നു.വിളിക്കുംബോളൊക്കെ എന്നാണ് വരിക എന്ന് ചോദിക്കുന്ന മകളെ നേരിടാനാവാതെ നാട്ടിലേക്ക് വിളിച്ചിട്ട് ദിവസങ്ങളായി.വിളക്കിലെ എണ്ണതീര്‍ന്നു ഇരുട്ടില്‍ ഞാന്‍ എപ്പോള്‍ വേണമെങ്കിലും വീണു പോയേക്കാം.ഒന്നും ചെയ്യുവാനില്ലായ്മയുടെ തവുകാരനാണ് ഞാനിപ്പോള്‍!തടവറയില്‍ മുട്ടുകള്‍ക്കിടയില്‍ തലപൂഴ്ത്തിയിരിക്കുന്ന ആ ആള്രൂപം ഞാന്‍ തന്നെയാണ്.ഭയം അത്രമേല്‍ എനിക്ക്മേല്‍ വിളവെടുക്കുകയാണ്.എന്റെ പ്രിയ കൂട്ടുകാരാ എനിക്ക് കുറച്ചു ധൈര്യം തരൂ.അത്രയധികം ഞാന്‍ തകര്‍ന്നു പോയിരിക്കുന്നു. കപ്പല്‍ച്ചേദത്തില്‍ നിന്നും എന്നെ വീണ്ടെടുക്കാന്‍ നീ മാത്രമേ എനിക്കുള്ളൂ ഇപ്പോള്‍.....