എഴുതിക്കടന്ന പുഴകള്‍.
4

പറഞ്ഞതിന്റെ ബാക്കി

 
            ഴുതിയ വിഷയത്തിന് ഒരു രണ്ടാംകുറിപ്പിടണം എന്ന് കരുതി യതല്ല. "ഗര്‍ഭപാത്രത്തിന്റെ ആ താക്കോല്‍ " എന്റെ മനസ്സിലേക്ക് വീണ്ടും നീട്ടിപ്പിടിച്ചത് മുഹമ്മദ്‌ എന്ന ഈജിപ്തുകാരന്‍ സഹപ്രവര്‍ത്തകനാണ്. അപ്പോള്‍ അതൊരു താക്കോലായിരുന്നില്ല, ചുട്ടുകാച്ചി അതൊരു പിച്ചാത്തിയായി സ്വയം മാറിയിരുന്നു. അഞ്ചിന് മേലെ പിറപ്പിക്കുന്ന കുഞ്ഞോരോന്നിനും ഇരുന്നൂറു ഡോളര്‍ അഥവാ പതിനായിരം ഉറുപ്പിക റൊക്കം  സീറോ മലബാര്‍സഭ സമ്മാനം കൊടുക്കുന്നതായിരിക്കും. അതിനാല്‍ കുഞ്ഞാടുകളെ സീറോ മലബാര്‍സഭക്ക് കീഴെവന്നു പാര്‍പ്പാകാനും, പ്രസ്തുതസമ്മാനം കൈപ്പറ്റാനും താല്പപര്യപ്പെടുന്നു. ഈ വാര്‍ത്ത ബി. ബി. സി. വഴി കുവൈറ്റിലെ അല്‍ ഖാബസ് ദിനപത്രത്തില്‍
കയറിപ്പറ്റിയ അറബി വാര്‍ത്തയാണ്‌ എന്റെ സഹപ്രവര്‍ത്തകന്‍ മുഹമ്മദിന്റെ കൈവശമിരിക്കുന്നത്.  

               വാര്‍ത്തയുടെ ആഘാതത്തിലാണ് ഞങ്ങള്‍ അതേവരേ കെട്ടിപ്പൊക്കിയ കേരളത്തിന്റെ മുഖച്ഛായ തകര്‍ന്നു വീണത്‌. കേവലം ഇരുന്നൂറു ഡോളറിനു വേണ്ടി അഞ്ചിലേറെ കുട്ടികളെ ഉണ്ടാക്കുന്ന പിതാമഹന്‍മാരുടെ നാടായി കേരളം കേവലം നിമിഷങ്ങള്‍ക്കകം മാറ്റിമറിക്കപ്പെട്ടു. അരമനകളിലിരുന്നു ഉത്തരവിറക്കുന്നവര്‍, കടലിനക്കരെ നിന്നും മാസാമാസം പ്രവാസികള്‍ അയക്കുന്ന പണം കൊണ്ടാണ് കേരളം കഞ്ഞികുടിച്ചു പോകുന്നതെന്ന് ഒരു പകലുറക്കത്തിലെ പേക്കിനാവിലെങ്കി ലും ഒന്നോര്‍ക്കുന്നത്‌ നല്ലത്. ഒരു വിധം സഭകളും കഴിഞ്ഞു പോകുന്നത് കടലിനപ്പുറത്തെ ഈ കറന്സികൊണ്ട് തന്നെയാണ്. അടിസ്ഥാന ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ കിരീടമണിയുമ്പോള്‍, അത് രാഷ്ട്രീയത്തിലായാലും, മതത്തിലായാലും നമുക്കെന്തു സംഭവിക്കു മെന്നതിന്റെ ഉദാഹരണ ജീവിതത്തിലൂടെയാണ് മലയാളി അവന്റെ ജാതകം വേവിച്ചെടുക്കുന്നത്.

               ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ താഴ്ത്തിപ്പിടിച്ച ശിരസ്സ് നാം പ്രവാസികള്‍ക്കിനിയും ഉയര്‍ത്തിപ്പിടിക്കാനായിട്ടില്ല. മതം അധികാരം പിടിച്ചെടുക്കാന്‍ ഒരുംബെട്ടിറങ്ങിയതിന്റെ ഫലശ്രുതിയായിരുന്നു ആ താണ്ഡവം. ഇതാ വോട്ടുരാഷ്ട്രീയത്തിന്റെ വെള്ളെഴുത്തുമായി സീറോ മലബാര്‍ സഭ ഇരുന്നൂറു ഡോളര്‍ ദാനംചെയ്യുന്നു. മതത്തിനും അധികാരമില്ലാതെ നിലനില്‍ക്കാനാവാത്ത സാഹചര്യത്തില്‍ ഇത്തരം വാഗ്ദാനങ്ങള്‍ ഇടയലേഖനങ്ങളായോ, അല്ലെങ്കില്‍ വിശ്വാസികളുടെ കിടപ്പറയില്‍ വിതരണം ചെയ്യാന്‍ പാകത്തിലുള്ള നോട്ടീസുകളായോ, വിതരണം ചെയ്യാന്‍ ശ്രദ്ധിച്ചാല്‍ നന്നായിരുന്നു. ഞങ്ങളും വല്ലപ്പോ ഴെങ്കിലും ശിരസ്സൊന്നു കഴുത്തിനുമേല്‍ ഉയര്‍ത്തിപ്പിടിച്ചോട്ടെ...
പ്രസവം നിര്‍ത്തിയാല്‍ സര്‍ക്കാര്‍വക നമുക്ക് കിട്ടുന്നത് ഒരു ബക്കറ്റും, കേരള സര്‍ക്കാരിന്റെ ഒരു ഭാഗ്യക്കുറിയുമാണ്. ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍ സീറോമലബാര്‍ സഭയുടെ ഓഫര്‍ ഒരു ബംബര്‍ തന്നെയാണ്. മലയാളിക്ക് മികച്ചത് മാത്രം തെരഞ്ഞെടുത്തേ ശീലമുള്ളൂ... സഭയുടെ സമാധാനയും അതുമാത്രമാണ്. 

 
                ജോലികഴിഞ്ഞ് മുഹമ്മദിന്റെ കാറില്‍ തിരിച്ചു പോരുമ്പോള്‍ കുവൈറ്റ്‌ എഫ്. എമ്മില്‍ നിന്നും ഒരു കുവൈറ്റി, കേരളത്തിപ്പറ്റി വാതോരാതെ സംസാരിക്കുന്നു. അദ്ദേഹം ആസ്വദിച്ച ഒരു അവധി ക്കാലത്തിന്റെ ആഹ്ലാദവും, ആയുര്‍വേദ ചികിത്സയുടെ ഗുണങ്ങളുമൊക്കെയായിരുന്നു വിഷയം. കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അറബിക് ഗാനത്തിന്റെ അതേ ഈണത്തിലുള്ള  "ചന്ദ്രലേഖ" എന്ന ചിത്രത്തിലെ " ഹബീബി ഹബീബി " എന്ന ഗാനം മുഴുവനുമായും പിന്നീട് പ്രക്ഷേപണം ചെയ്തു. കഴുത്തിനു മേലെ ശിരസ്സ്‌ ഞാനറിയാതെ എഴുന്നേറ്റു നില്‍ക്കാന്‍ തുടങ്ങുമ്പോള്‍ മുഹമ്മദ്‌ എന്റെ  കണ്ണുകളിലേക്ക് കുനിഞ്ഞുവന്നു. എന്നിട്ട് ചോദിച്ചു ഇരുന്നൂറു ഡോളര്‍വീതം വെച്ചുതന്നാല്‍ നീ എത്ര കുഞ്ഞുങ്ങളെ ഉണ്ടാക്കും? ലോകത്ത് ഏറ്റവുംകുറഞ്ഞ ചെലവില്‍ കുഞ്ഞുങ്ങളെ ഉണ്ടാക്കാന്‍ പറ്റുന്ന നാട് നിന്റെത് മാത്ര മായിരിക്കും അല്ലെ...കേരളം ! കാലടി ചുവട്ടിലാണ് അപ്പോള്‍ എന്റെ ശിരസ്സ്‌പോയി ഒളിച്ചത്. പാതിരിമാര്‍ക്ക് ഇപ്പോള്‍
അത്‌ എളുപ്പത്തില്‍ അറുത്തെടുക്കാം. 

2

പ്യൂപ്പകളുടെ വസന്തം

       
             മ്മുടെ മക്കളെ എന്താക്കണം എന്ന് ആരെങ്കിലും നമ്മളോടു ചോദിച്ചാല്‍ നമ്മുടെ ഹൃദയം നമ്മുടെ നാക്കോളം ഉരുട്ടിക്കൊണ്ടുവന്നു പുറത്തേക്ക്തള്ളുന്ന ആദ്യത്തെ ഉത്തരം ഇതായിരിക്കും മക്കളില്‍ ഒന്നി നെയെങ്കിലും ഡോക്ടറാക്കണം. നമ്മുടെ കുഞ്ഞുങ്ങളോട് ചോദിച്ചാലോ ഉത്തരത്തില്‍ വ്യത്യാസമുണ്ടാവാന്‍ ഇടയില്ല. ഈ രണ്ട് ഉത്തരങ്ങളും അവരില്‍ സ്വമേധയാ അങ്കുരിക്കാനുള്ള കാരണമെന്താവണം. ആതുരസേവനം എന്നൊരു കേവലയുക്തിക്ക് പിറകില്‍ നമുക്കീ ഉത്തരങ്ങളെ തളച്ചിടാനാവില്ല. ഒരു എല്‍.പി.സ്കൂള്‍ അധ്യാപകനും സാമൂഹികസേവനം ചെയ്യാനുള്ള ഇടം കേരളത്തില്‍ ഒഴിഞ്ഞുകിടപ്പുണ്ട്. പ്രത്യകിച്ചും സേവന തല്പപരതയില്‍ നിന്നും നമ്മുടെ ദിശാബോധത്തെ ആരൊക്കെയോ വല്ലാതെ മാറ്റിപ്പണിഞ്ഞിരിക്കുന്ന ഈ കാലത്ത്.

               പ്പോള്‍ ഈ ഒരു ഉത്തരത്തിനു പിറകില്‍ ഒന്നേ ലക്ഷ്യമുള്ളൂ. സമ്പത്ത് ആര്‍ജ്ജിക്കാനുള്ള ത്വര എന്നത്. റിയാലിറ്റി ഷോകള്‍ക്ക് വേണ്ടി നാം നമ്മുടെ മക്കളെ പാകപ്പെടുത്തിയെടുക്കുന്നതു പോലെ നാം ഇവരെ നമ്മുടെ ഇങ്കിതങ്ങളിലേക്ക് വഴിനടത്തുന്നു. ശരിക്കും നടന്നുതുടങ്ങുന്ന ഒരു കുഞ്ഞിന് കൈകള്‍ നീട്ടിക്കൊടുത്ത്‌ നാം അവനെ അവന്റെ വഴികളില്‍ നിന്നും അടര്‍ത്തിമാറ്റുകയാണ്.  തത്വത്തില്‍ നമുക്ക് വേണ്ടത് മക്കളെയല്ല, നാം കാണിച്ചു കൊടുക്കുന്ന ഉന്നങ്ങളിലേക്ക്  തുളച്ചുകയറുന്ന വെടിയുണ്ടകളെയാണ്. നമ്മുടെ ലക്ഷ്യങ്ങളെ  അവര്‍ മറികടക്കാന്‍ കൊതിക്കുമ്പോള്‍ നമുക്കവര്‍ ലക്ഷ്യ ബോധമില്ലാത്തവരാണ്, ഒരു പരിധിവരെ ശത്രുക്കളും.

                            ഈ ഒരു പൂര്‍വനിയുക്ത ലക്ഷ്യങ്ങളിലേക്ക് വെടിയുണ്ട പായിക്കുമ്പോളാണ് സമൂഹത്തില്‍ പലപ്പോഴും ക്രിമിനലുകള്‍ ഉണ്ടാവുന്നത്. ഞാന്‍ എന്തിന് ഒരു ഡോക്ടറാവണം എന്നതിനുത്തരം അപ്പോള്‍ എനിക്ക് കിട്ടിയക്കാവുന്ന സൌകര്യങ്ങള്‍ എന്നതിലേക്ക് ക്ലിപ്തപ്പെടുത്താതെ ഇന്നത്തെ തലമുറയ്ക്ക് ഉത്തരം പറയാനാവില്ല. അങ്ങിനെയാണ് നമുക്ക് ഒരു ഡോക്ടര്‍ ചിത്രയെയും, ഡോക്ടര്‍ ഷേര്‍ളി വാസുവിനെയും, ഡോക്ടര്‍ ഉന്മേഷിനെയും കിട്ടുന്നത്. നമുക്ക് ഗോവിന്ദചാമിമാരെ കിട്ടുന്നത്. ആ കിട്ടലില്‍ നമുക്ക് ഞെട്ടിപ്പിക്കുന്ന നിരവധി നഷ്ടങ്ങളുണ്ട്. പരിശീലന

ത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും സഹജീവികളോടുള്ള ഇവരുടെ സഹാനുഭൂതി എന്തെന്ന് തിട്ടപ്പെടുന്നില്ലെന്നത് നാം ഉച്ചത്തില്‍ അത്ഭുതപ്പെടെണ്ടതാണ്. അതുകൊണ്ടാണ് മനുഷ്യജീവിതം കൊണ്ട് അവര്‍ക്കിങ്ങനെ ഡ്രാക്കുളവിനോദമാടാന്‍ കഴിയുന്നത്‌. 

              വിവാഹ സ്വപ്നങ്ങളുമായി തീവണ്ടിയില്‍ യാത്രതിരിച്ച സൌമ്യ എന്ന പെണ്‍കുട്ടി അതിഭീകരമായി പീഡിപ്പിക്കപ്പെട്ടു കൊല്ലപെട്ടതിന്റെ നടുക്കം ഇനിയും മാറാത്തവരാണ് നാം. അന്നേരം
നമുക്കൊന്നേ
ആശ്വാസമുണ്ടായിരുന്നുള്ളൂ. പ്രതി, മലയാളത്തിനു പുറത്തുള്ള ഒരു ഒറ്റ കൈയ്യന്‍ ഗോവിന്ദചാമിയായിരുന്നു എന്നത്. എന്നാല്‍ അവന് വേണ്ടി മുംബെയില്‍ നിന്നും അതിപ്രശസ്തരായ വക്കീലന്‍മാര്‍ പറന്നിറങ്ങിയ പ്പോളാണ് നാം നമ്മുടെ കണ്ണുകളിലെ കണ്ണീര്‍ തുടച്ചുമാറ്റി അതില്‍ അത്ഭുതം നിറച്ച് വെച്ചത്. അതിന് ശേഷം ഇതാ പുതിയ അറിവുകള്‍. സൌമ്യയുടെ പോസ്റ്റ്മോര്ട്ടത്തെപ്പറ്റി. ഞാന്‍ ചെയ്തു വെന്നും നീ ചെയ്തില്ലെന്നുമാണ് ഡോക്ടര്‍ ഷേര്‍ലിയും, ഡോക്ടര്‍ ഉന്മേഷും, പരസ്പ്പരം അവകാശപ്പെ ടുന്നത്. ഒരു ശവം കീറിമുറിച്ചതിന്റെ പേരിലാണ് ഈ  കടിപിടി. ഇത് പുറത്ത് വന്നതാകട്ടെ ഡോക്ടര്‍മാര്‍ തമ്മിലുള്ള ഏതോ ഒരു ശീതസമര
ത്തിന്റെ പേരിലും. അത്തരം ഒരു ഭിന്നത ഇവര്‍ക്കിടയില്‍ ഇല്ലായിരുന്നെ
ങ്കില്‍ നാം ഈ വിവരം അറിയാതെ പോകുമായിരുന്നു. ആ ഒരു പോസ്റ്റ്മോര്ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം സൌമ്യ  എന്ന ഇരക്കുമേലുള്ള അന്തിമവിധി കോടതി നടപ്പാക്കുമായിരുന്നു. ഈ അര്‍ത്ഥ ത്തില്‍ ഈ കഥയിലെ വേട്ടക്കാരന്‍ ഒറ്റകൈയ്യന്‍ ഗോവിന്ദചാമിയല്ല, അങ്ങേയറ്റത്തെ അറിവും അംഗീകാരവുമുള്ള ഡോക്ടര്‍മാരാണ്.  അവര്‍ക്ക് ഈ ചങ്കൂറ്റത്തിനു ചങ്ക് കടംകൊടുകൂന്നത് അവരവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയസംഘടനകളാണ്. ഈയൊരു വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ നമുക്ക് ന്യായമായും സ്വയം ചോദിക്കാവുന്ന നിരവധി സംഗതികള്‍ ഉണ്ട്.

                        രോ ദുരന്തത്തിനു ശേഷവും നാം ശവമുറികളിലേക്ക് നിലവിളികളോടെ കൊണ്ടുചെന്ന് വെക്കുന്ന മൃതശരീരങ്ങളൊക്കെയും ശരിക്കും പോസ്ടുമോര്ട്ടം ചെയ്യപ്പെടുന്നുണ്ടോ, അതോ തലയിലൊരു വെറുംകെട്ടും കെട്ടി, ഒരു കുറിപ്പും എഴുതി നമുക്ക് തിരിച്ചുതരികയാണോ? ആ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഒരു നാം നിയമ യുദ്ധത്തിനൊരുങ്ങുമ്പോള്‍ അതിന്റെ യുക്തി എന്താണ്? പ്രിയപ്പെട്ടവരുടെ ശരീരം
പോസ്റ്റ്മോര്ട്ടം  ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് നാം ഒരിക്കലും ആ കെട്ടുകള്‍ അഴിച്ചുനോക്കാറി ല്ല. കാരണം നമുക്ക് അത് വെറും മൃതശരീരങ്ങളല്ല. അതേവരെ നമ്മുടെ  ഓരോ നിശ്വാസങ്ങള്‍ക്കൊപ്പവും കൂടെയുണ്ടായിരുന്ന ഒരു പിന്തുണയാണ ല്ലോ. ഈ സ്നേഹത്തിനാണ്‌  ഡോക്ടര്‍ എന്ന കഴുകന്‍ വിലയിടിന്നത്. നാലുനാളത്തെ അവധിക്കുവേണ്ടി കൂട്ട സിസേറിയന്‍ നടത്തിയ ഒരു സമീപകാല ചരിത്രം കേരളത്തിലെ ഡോക്ടര്‍മാര്‍ക്കിടയിലുണ്ട്. കേവലം ഒരു സ്ഥലംമാറ്റം കൊണ്ടാണ് സര്‍ക്കാര്‍ ഈ വലിയ തെറ്റിനെ അതിജീവിച്ചത് !

            കാലാവധി കഴിഞ്ഞ ഹൃദയവാള്‍വ് ഘടിപ്പിച്ചുകൊടുത്തുകൊണ്ട് ലക്ഷങ്ങള്‍ തട്ടിയെടുത്ത മറ്റൊരു കഴുകന്റെ കഥ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നും തത്സമയം മുളച്ചുപൊങ്ങുന്നു. ഓരോ അവശതകളിലും നാം ആ വാതില്‍ക്കല്‍ ഓടിപ്പോയി ടോക്കനെടുത്ത് നാം വാങ്ങിക്കഴിക്കുന്ന മരുന്നുകള്‍, ആരില്‍ നിന്നെങ്കിലും അച്ചാരംവാങ്ങി  നമ്മേ ഘടംഘട്ടമായി കൊല്ലാനുള്ള വിഷബീജങ്ങളല്ലെന്ന് മേല്ക്കുറിച്ച അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നാമെങ്ങിനെയാണ് ഉറപ്പിക്കുക.                 
             നമ്മുടെ എല്ലാ ജനജാഗ്രതകളിലും രാഷ്ട്രീയത്തിന്റെ കൊടും വിഷം വന്നുവീഴുന്നതിന്റെ ഇരകളാണ് നാമെന്ന കാനേഷുമാരിയിലെ ഓരോ ഒറ്റസംഖ്യയും. പ്രതിരോധം അന്യമാകുംവിധം രോഗം നമ്മുടെ ഹൃദയത്തെയടക്കം ബാധിച്ചുകഴിഞ്ഞു. ഉടനെ മരിക്കില്ലെന്ന ഒരു അന്ധധാരണയോടെ വെറും പകല്‍ കിനാവുകളിലേക്ക് പലായനം ചെയ്യാനേ ഇനി നാം മലയാളികള്‍ക്ക് പഴുതുകള്‍ ശേഷിക്കുന്നുള്ളൂ... ആ പഴുതിലും ഒരു പഴുതാര വന്ന് ഉടനെ കൂടുവെച്ചേക്കാം... നമ്മളിന്നും സ്വയം തോട് പോട്ടിക്കാനാവാത്ത ഒരു പ്യൂപ്പമാത്രമാണ്. ചിത്രശലഭങ്ങളെ
സ്വപ്നം കാണാന്‍ നമുക്ക് അവകാശമില്ല.          
ഒരു ശലഭത്തിന് ചിറക് നഷ്ടമാവും വിധം (പേടിയില്ലെങ്കില്‍ മാത്രമേ ഇവിടെ ഞെക്കാവൂ )
ഈ വിഷയത്തില്‍ താങ്കളുടെ അഭിപായം എഴുതുമല്ലോ..  

6

മരണവാര്‍ഡിലേക്ക് ഒരു താക്കോല്‍പ്പഴുത്


                  പ്രതീക്ഷിതമായി പിന്കഴുത്തിലേക്ക് ചാടിക്കയറി നഖമുനയാഴ്ത്തിത്തുടങ്ങിയ പൂച്ചയെ മുതുകില്‍നിന്നും  ഇത്തിരി മാംസംകൊടുത്ത് മെരുക്കിയെടുത്ത് വലിച്ചെറിഞ്ഞിട്ട്‌ ഇന്നേക്ക് കൃത്യം മൂന്ന്‌വര്‍ഷം. ഞാനിപ്പോള്‍ നില്‍ക്കുന്നത് ജനിമൃതികള്‍ക്കിടയിലെ മഹാസാഗരങ്ങളുടെ അഴിമുഖത്ത്, നിലാവിന് ഖേദം എന്ന് പേരുള്ള ഒരു രാത്രിക്ക് ചുവട്ടില്‍...പിന്നീട് എന്നില്‍നിന്നും മാറ്റിപ്പണിയപ്പെട്ട   കോശങ്ങളോരോന്നിലും ഞാന്‍ അന്നേവരെ ബലമായി പിടിച്ചുവെച്ച എന്റെതായ കൈയ്യടയാളങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.
 
             
  മു തുകിലും കൈമുട്ടുകളിലും ആഴത്തിലുള്ള വേദനാസത്രങ്ങളുണ്ടിപ്പോഴും. മനസ്സില്‍ വേദാന്തം  തോന്നുന്ന അപൂര്‍വനേരങ്ങളില്‍ ആ നോവിനെ മൃദുവായിഒന്നുഴിഞ്ഞു ജീവിതത്തിന്റെ മുഖത്തുനോക്കി ഞാന്‍ ഊറിച്ചിരിക്കാറുണ്ട്‌ ഇപ്പോഴും. മരണത്തിന്റെ ഗുഹവരെഎത്തി തിരിച്ചുപോരുന്ന ഒരാള്‍ക്ക്‌ ശേഷ ജീവിതം എന്തായിരിക്കും, എന്തായിരിക്കണം? വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാള്‍, രാഷ്ട്രപതിയുടെ ഒറ്റ കയ്യൊപ്പിന്റെ ഔദാര്യത്തില്‍ മാത്രം ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ സ്വന്തം ജീവിതത്തിന്റെ വിശ്വാസ്യത എന്തായാണ് അയാള്‍ക്ക്‌ അനുഭവപ്പെടുക! ഭരണകൂടത്തിന്റെ ദയ എന്ന ഒരത്ഭുതം പിന്നീടുള്ള അയാളുടെ ജീവിതത്തെ എമ്മട്ടിലൊക്കെ വേട്ടയാടുന്നുണ്ടാവണം... ആ അര്‍ത്ഥത്തില്‍ പില്‍ക്കാലജീവിതം തന്നെയാണ് അയാള്‍ക്കുള്ള ഏറ്റവുംനല്ല ശിക്ഷ. ഇത് മരണമുഖത്തു നിന്നും അവിശ്വസനീയമായി തിരിച്ചുപോരുന്ന ഓരോ ജീവിയുടെയും സ്ഥായീയുക്തിയാണ്.
                
ണ്ട് ഒരു പള്ളിക്കൂടംകാലത്ത് വീട്ടിലെ എലിപ്പെട്ടിയില്‍ കുരുങ്ങിയ ഒരെലിയെ, അടുത്ത പറമ്പിലെ പൊട്ടക്കുളത്തില്‍ മുക്കിക്കൊല്ലാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടിരുന്നു. ഒട്ടേറെനേരം കുളത്തിലെ വെള്ളത്തില്‍ മുക്കിപ്പിടിച്ച എലിയെ, നീ ഇനി പെട്ടിയിലല്ലാതെ അങ്ങിനെ സ്വയം മുങ്ങിമരിക്കൂ  എന്ന ക്രൂരതയോടെ കുളത്തിനടിയില്‍ തന്നെ തുറന്നു വിട്ടു. മറുകരയിലെ മരക്കുറ്റിയിലേക്ക് നീന്തിക്കയറിയ മൂഷികന്റെ ഒരു തിരിഞ്ഞു നോട്ടമുണ്ടായിരുന്നു. ( എലികളെ നീന്താന്‍ പഠിപ്പിച്ചത് ആരാണ് !!) പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം അടിമപ്പെട്ട റോഡപകടത്തില്‍ നിന്നും അവിശ്വസനീയമായി രക്ഷപ്പെട്ടു നടുറോട്ടില്‍ എഴുന്നേറ്റിരുന്നു ഞാനും അതേ തിരിഞ്ഞു നോട്ടം ജീവിതത്തിന് നേരെ നീട്ടി .. അന്നേരമാണ് ഞാന്‍ അറിയുന്നത് ഒരു ജീവിതത്തിന്റെ വില.. അത് എലിയുടെതായാലും.... മനുഷ്യന്റെതായാലും ഒന്നാണെന്ന്...

              
രണത്തില്‍ നിന്നും തിരിച്ചെത്തുന്നവരെ വല്ലാതെ അലട്ടുന്ന ഒരേകാന്തതയുണ്ട് അത് ഭയം മുളപ്പിക്കുന്നതല്ല, ജീവിതത്തിന്റെ അര്‍ത്ഥം നിരന്തരം അന്വേഷിച്ചു തുടങ്ങുന്നത് കൊണ്ട് സ്വയം അലഞ്ഞു മടുത്ത് പോകുമ്പോള്‍ ഏകാന്തത എന്ന ഒരഭയസത്രം മാത്രമേ അവന് മുന്നിലുള്ളൂ. അവിടെ ചെന്നിരുന്ന്‍  ശരീരത്തില്‍ അവശേഷിക്കുന്ന വൃണങ്ങളെ അവന്‍ ഉള്ളില്‍ കരഞ്ഞു കൊണ്ട് തഴുകും. അപ്പോള്‍ ആ വൃണങ്ങളോരോന്നും അയാള്‍ക്ക്‌ മകള്‍, മകന്‍, ഭാര്യ, അമ്മ, വീട്.... എന്നിങ്ങനെ ഏറ്റവും പ്രിയപ്പെട്ടവരായി പരിവര്‍ത്തനം ചെയ്യപ്പെടും. പിന്നീട് അയാള്‍ കിന്നാരംപറഞ്ഞു തുടങ്ങുക ആ വൃണങ്ങളോടാവും. വൃണങ്ങളോരോന്നും കരിഞ്ഞു തുടങ്ങുന്നതോടെ അയാള്‍ വീണ്ടും ഏകാകിയാവും.. അപ്പോള്‍ അയാളോട് ഇരുളില്‍ നിന്നും പഴയ അതേ പൂച്ച വിളിച്ചു ചോദിക്കും "ഞാന്‍ വരട്ടെ"
അന്നേരം ഏറ്റവും ഉചിതമായ ഉത്തരം വാക്കല്ല മൌനമാണ് അയാള്‍ക്ക്‌.

           
ഒരു ചാക്രികതക്കിടയില്‍ രണ്ട്‌ ചോദ്യങ്ങളാണ് അയാള്‍ക്ക്‌ ചോദിക്കാനുണ്ടാവുക. ജീവിതം എന്താണ്? അത് ജീവിച്ചു തീര്‍ക്കേണ്ടത് തന്നെയാണോ?  അപ്പോള്‍ ജീവിക്കാതെ തീര്‍ത്ത്‌ കളയുന്ന ജീവിതങ്ങളെ നാം എന്ത് വിളിക്കും? ജീവന്‍ ഉള്ളത് കൊണ്ട് മാത്രം ധാരാളിത്തത്തോടെ ജീവിക്കേണ്ടാതാണോ ജീവിതം? 

                 രു ജീവന്‍ തുടങ്ങുന്നത് തന്നെ ഒരു യുദ്ധത്തില്‍  നിന്നുമാണ്. പരകോടി അണ്ഡങളില്‍ നിന്നും ഒന്ന്  മാത്രം നീന്തിനീന്തി നൈസര്‍ഗിക സങ്കേതത്തിലെത്താനുള്ള യുദ്ധം. ഈ യുദ്ധത്തില്‍ ഞാന്‍ എന്ന അണ്ഡം ജയിച്ചത്‌ കൊണ്ട്മാത്രം ജീവിക്കനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെട്ട മറ്റു ജന്മങ്ങള്‍.... അല്ലെങ്കില്‍ അവര്‍ എനിക്ക് വഴിമാറിത്തന്നതായിരുന്നുവോ! എങ്കില്‍ ആ സ്നേഹത്തിനു പ്രതിഫലമായി അവരുടെ സ്വപ്നംപോലെ എനിക്ക് എന്റെ ജീവിതം വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നുവോ? ശരിക്കും ഞാന്‍ എങ്ങിനെയാണ്‌ നിരവധി കോടി അണ്ഡങ്ങളെ തോല്‍പ്പിച്ചുകളഞ്ഞത്! ഇന്നാണെങ്കില്‍ ചെറിയൊരു ആള്‍ക്കൂട്ടത്തിനു മുന്നില്‍പ്പോലും തനിച്ചു നില്‍ക്കാന്‍ അശക്തനായവന്‍, ഈ അശക്തി എനിക്ക് തന്നത് എന്റെ ജീവിതമായിരുന്നുവോ? ജീവിച്ച് ജീവിച്ച് അശക്തനായിത്തീരുക ഒരു ജീവിത വിജയമാണോ? മറ്റൊരാള്‍ക്ക് ജയിക്കാന്‍ വേണ്ടി മാത്രം മാറിക്കൊടുക്കുന്ന ലജ്ജാലുവായ ഞാന്‍, ആകാശത്തിലേക്ക്, മേഘങ്ങളിലേക്ക്, ജലത്തിലേക്ക്, എന്തിന് കുറെനേരം സ്വന്തം കൈവെള്ളയിലേക്ക് പോലും മിഴിയൂന്നുവാന്‍ പോലും ഭീരുവായ ഞാന്‍.... എന്നിട്ടും പ്രാഥമികമായ ആ  യുദ്ധത്തില്‍ എന്നെ ജയിപ്പിച്ച "ജീവിതം" എന്ന ഒരു സ്വപ്നമുണ്ടായിരുന്നുവോ? അമ്മ എന്ന കവചത്തില്‍ എന്നെകൊണ്ട് ചെന്നാക്കി തിരിച്ചുപോയ ഒരേ യുദ്ധത്തിലെ ആ വെളുത്ത പടയാളികളേ കാണതാവുമ്പോഴുള്ള ഏകാന്തത നാം പിന്നീട് അനുഭവിക്കുന്നത് ഒരു മരണത്തില്‍ നിന്നും രക്ഷപെട്ടു സ്വന്തം വീട്ടിലെത്തുമ്പോളാണ്. എനിക്ക് തന്നെ മടുപ്പുളവാക്കിയിരുന്ന എന്നിലെ ചില ദുശാട്യങ്ങളെ ഈ പൂച്ച ഒരു ഞൊടികൊണ്ട് മാറ്റിമറിച്ചിട്ട് ഏതോ ഇരുളില്‍ ഒളിച്ചിരിപ്പാണ്. ഇനിയും നീ ശരിയായില്ലെങ്കില്‍ ഞാനിവിടെത്തന്നെയുണ്ട്‌, നിന്റെ കഴുത്തിലേക്ക്‌ ചാടിവീഴാന്‍ പാകത്തില്‍ എന്ന് പറയുമ്പോലെ ഇരുട്ടും...                        .     

            
    മ ലക്കം മറിച്ചിലിനൊടുവില്‍ അമ്പതു മീറ്ററോളം തെന്നിനീങ്ങിയ വാഹനം ഇത്തിരികൂടെ നിരങ്ങി യിരുന്നെങ്കില്‍ മുതുകില്‍ നിന്നും, കൈമുട്ടുകളില്‍ നിന്നും, എന്റെ മജ്ജയും ഞാനീ കരിമ്പൂച്ചക്ക്  കൊടുക്കേണ്ടി വരുമായിരുന്നു. മറിഞ്ഞു വീണു നിരങ്ങിനീങ്ങിയ വാഹനം റോഡില്‍ ഉരച്ചുതീര്‍ത്ത എന്റെ മാംസം, അസ്ഥികളിലേക്ക് ആ ഉരപ്പ് എത്തുന്നതിനു മുമ്പേ എല്ലാം നിയന്ത്രിച്ചു നിര്‍ത്തിയ കൈകള്‍ ആരുടെതാണ്? ആ കൈകളാണ് എന്റെ മരണശിക്ഷയില്‍ ഇളവുനല്‍കിക്കൊണ്ട് കൈയൊപ്പ്‌ ചാര്‍ത്തിയത്.
                 
               ടാ
റും, ലോഹവും, ചോരയും, നിലവിളിയും, ചേര്‍ന്ന ഒരു ഗന്ധമാണ് മരണത്തിനെന്നു തിരിച്ചറിഞ്ഞു തിരിച്ചെത്തിയിട്ട്‌
ഇന്നേക്ക് മൂന്ന്‌ വര്‍ഷംതികയുന്നു. ഈ മൂന്ന് വര്‍ഷംകൊണ്ട് ഞാന്‍ ജീവിച്ചുതീര്‍ത്തത് എന്റെ മൊത്തം ജീവിതത്തിന്റെ എത്രയോ ഇരട്ടിയാണ്. 

                   ടന്നു പോകുന്നവരുടെയൊന്നും പേരുകള്‍ കൊത്തി വെക്കപ്പെടാത്ത  ഈ വഴിസത്രത്തില്‍ ഇത്തിരി നേരം ഇരുന്നു പ്രിയമുള്ളവനെ / പ്രിയമുള്ളവളെ, ഓര്‍ത്തുനോക്കുക നമുക്ക് നമ്മുടെ എത്ര പൂര്‍വ്വികരുടെ
പേരുകള്‍ ഓര്‍ത്തെടുക്കാനാവും! അച്ഛന്‍... വല്യച്ഛന്‍... മുത്തച്ഛന്‍... പിന്നെ...? അപ്പോള്‍ ഞാന്‍ എന്ന ജീവിതത്തിന്റെ ഓര്‍മ്മയുടെ പരമാവധി, എന്റെ മകളുടെ... മകളുടെ.... മകളുടെ... ഓര്‍മ്മക്കാലംവരെ മാത്രം! അതിനപ്പുറം ഞാന്‍ ജീവിച്ച എന്റെ ജീവിതം ? ഞാന്‍ കരഞ്ഞ കരച്ചിലുകള്‍... അലഞ്ഞ തീക്കാടുകള്‍.... പട്ടിണിതിന്ന് ഉറങ്ങിയ സുല്‍ത്താന്‍ ബത്തേരിയിലെയും, തിരുപ്പൂരെയും, മാട്ടുംഗയിലെയും, അശാന്തരാവുകള്‍... ഒക്കെ എന്റേത് മാത്രമായിരുന്നുവോ... ഞാന്‍ എന്റെ മാത്രം ഓഹാരിയാണോ... അച്ഛന്‍ അലഞ്ഞു തീര്‍ത്ത കനല്‍ വഴികളുടെ ബാക്കിയല്ലെ ഞാന്‍..  അതിലൊക്കെ കൂടെ കടന്നുപോയിക്കൊണ്ടല്ലേ ഞാന്‍ എന്നെ രൂപപ്പെടുത്തിയത്.... ആ രൂപപ്പെടലിന്റെ ആനുകൂല്യങ്ങളിലൂടെ സ്വരൂപിക്കപ്പെട്ടതല്ലേ എന്റെ മകള്‍.... അവള്‍ക്കു വേണ്ടി ഞാന്‍ സ്വപ്നം കാണുന്ന ആകാശം...

              
   രു വ്രണത്തില്‍ സ്വയം മറന്നു ഉഴിഞ്ഞിരിക്കുന്ന പോലെ വെറുതെ ഓര്‍ത്ത്, ഉള്ളില്‍ കരഞ്ഞ്, ഏകാന്തത അസഹ്യമാകുമ്പോള്‍ തനിക്ക് മാത്രം അഭയം പ്രാപിക്കാനുള്ള ഇടങ്ങളില്‍ സ്വയം അലഞ്ഞ്... ഇങ്ങനെയോക്കെയാവാം മരണത്തോളം പോയി തിരിച്ചെത്തിയ ഒരാളുടെ ദിനസരികള്‍.. അപ്പോള്‍ അയാള്‍ ആജീവനാന്തം സ്വപ്നം കണ്ട ചൂടുള്ള സൌഹൃദങ്ങളോ,  ഗൃഹാതുരമായ പ്രണയ ചാപല്യങ്ങളോ, രതിയുടെ ദിവ്യരസബോധ്യങ്ങളോ, പാപിയുടെ കുമ്പസാരവാമൊഴികളോ, അവനെ കൈപിടിച്ചു നടത്തുകയില്ല. അങ്ങിനെ വേച്ചു വേച്ചു നടന്നു നമുക്ക് വഴിമടുക്കുമ്പോളാണ് നടവഴിയിലെ ചെമ്പരത്തിക്കാടുകള്‍ക്കിടയില്‍ നിന്നും ആ പഴയ പൂച്ച നമ്മേനോക്കി ചിരിക്കുക ആ ചിരിക്ക്, "വരുന്നില്ലേ" എന്ന് മാത്രമാണര്‍ത്ഥം.     

               
      ഞാ ന്‍ മരിച്ചത് നിങ്ങള്‍ക്ക് മാത്രമാണ്, എനിക്ക് ഞാന്‍ മരിച്ചിട്ടില്ല എന്ന ഒരു തിരിച്ചറിവ് മരിച്ച ഒരാള്‍ക്ക്‌ ഉണ്ടാവുമെങ്കില്‍ അതിനുമപ്പുറം ഖേ
ദം മരിച്ച ഒരാള്‍ക്ക്‌ മറ്റെന്താണ് ? ആ ഖേദം ശരിയോ എന്നറിയാന്‍ നമുക്ക് മരണം വരേക്കും കാത്തിരിക്കേണ്ടതുണ്ട്. പ്രിയമുള്ളവനേ / പ്രിയമുള്ളവളെ, നീയാണ് ആദ്യം മരിക്കുന്നതെങ്കില്‍ നിരന്തരം എന്റെ ജാലകങ്ങളില്‍ വന്നുമുട്ടി എന്നെ കൈപിടിച്ച് അരൂപികളുടെ ഖേതങ്ങളിലേക്ക് വഴിനടത്തുക. അത്രമേല്‍ ജീവിതത്തില്‍ ഞാന്‍ ഏകാകിയായിത്തീരുന്നു.. ആ കരിമ്പൂച്ചയുടെ സൌഹൃദത്തിന് ശേഷം.