എഴുതിക്കടന്ന പുഴകള്‍.

Wednesday, December 30, 2009

അപസ്മാരത്തിന്‍റെ പരിശീലനശാലകള്‍


സ്വയം വെളിപ്പെടാനാകാതെ അകത്ത് കടുങ്ങിപ്പോയവരുടെ പുനരധിവാസ കേന്ദ്രമായി സ്വയം മാറ്റിയെടുക്കാവും വിധംചിട്ടപ്പെടുത്തിയ ഒരു ഇടമാണ് ബ്ലോഗ്‌ എന്നാണു ഞാന്‍ കരുതിയിരുന്നത് .എന്നാല്‍ സ്ഥൂലപരിചയം എന്നില്‍ ഉല്‍പ്പാദിപ്പിച്ച രൂപകങ്ങള്‍നോക്കാനാളില്ലാതെ ഒറ്റപ്പെട്ടുകിടക്കുന്ന ഒരു സര്‍ക്കാര്‍ ആതുരാലയത്തിന്‍റെതിനുസമാനമാണ്! ക്ലാവ്പിടിച്ച തുപ്പല്‍ കോളാമ്പി മുതല്‍, ഉപയോഗ ശൂന്യമായ ഇരുംബു കട്ടില്‍ വരെ .... വാലന്‍മൂട്ടകള്‍ തിന്നുതീര്‍ക്കുന്ന ഗര്‍ഭനിരോധനഉറകള്‍ മുതല്‍, ഒടിഞ്ഞ സിറിഞ്ച് സൂചികള്‍ വരെ ... 
ഇതൊക്കെ കണ്ടു സഹിക്കാനാണെങ്കില്‍ ഏതെങ്കിലും ചാനല്‍ തുറന്നു വെച്ചാല്‍ പോരെ? പരമാവധി അശ്ലീലം മുതല്‍ തെരുവ് യുദ്ധങ്ങള്‍ വരെ അതില്‍ പച്ചയായി നിലനിര്‍ത്തുന്നുണ്ടല്ലോ!


  ഒരു ബ്ലോഗര്‍ക്കുണ്ടായിരിക്കേണ്ട മിനിമം ക്വാളിറ്റി എന്താണെന്ന്ഒരാത്മ പരിശോധനനടത്തേണ്ട സമയമായി എന്ന് തോന്നുന്നു. സര്‍ഗാത്മകവും, പുരോഗമനേച്ചാപരവുമായ,നിരവധി സാധ്യതകള്‍ മുമ്പില്‍ തുറന്നു കിടക്കെ അതിലൊന്നും താല്‍പര്യമില്ലാതെ,മൂത്രപ്പുരകളില്‍ ചുവരെഴുത്ത് നടത്താന്‍  താല്‍പ്പര്യമുള്ള ചിലര്‍ ബ്ലോഗില്‍ നുഴഞ്ഞുകയറിയതാണ് ബ്ലോഗിന്‍റെ ശാപം.മലയാളിക്കൊരു ഗുണമുണ്ട്, ഒളിച്ചിരുന്ന് എന്തും ചെയ്യാന്‍
അവന്‍ വല്ലാത്തധീരനാണ്! അതിന്‍റെ അനുരണനങ്ങള്‍ ബ്ലോഗില്‍ സജീവമായിക്കഴിഞ്ഞു!
ഇതിനെ എങ്ങിനെ പ്രതിരോധിക്കാം എന്നതാണ് ഈ മേഖല നേരിടുന്ന പ്രതിസന്ധി രൂക്ഷമാക്കുന്നത്. വിവാദങ്ങളുണ്ടാക്കി റേറ്റിംഗ് ഉയര്‍ത്തുക എന്നത് വ്യവസ്ഥാപിതമുതലാളിത്ത തന്ത്രമാണ്. അതില്‍ മാന്യത ഒരു രസബിന്ദുവേ അല്ല! സ്വയം ശുദ്ധീകരിക്കുകഎന്നത് മാത്രമാണ് ഈ വൈറസ്സുകളെ ഇല്ലാതാക്കാനുള്ള ഒരേഒരു വഴി.നിങ്ങള്‍ കുറിച്ചിടുന്ന അഭിപ്പ്രായങ്ങളും, സൃഷ്ടികളും നിങ്ങളെ വ്യക്തമായുംചൂണ്ടിക്കാണിക്കുന്നുണ്ട് എന്ന് തിരിച്ചറിയുക, നിങ്ങള്‍ക്ക് സ്വന്തം പ്രൊഫൈല്‍ ഇല്ലെങ്കില്‍പോലും! സ്വന്തം മുഖം വെളിച്ചത്തുകാണിക്കാന്‍ കൊള്ളാത്തതാനെന്ന സ്വയം വിശകലനത്തിന്‍റെഉത്തരമാവം തനിക്ക്‌ ഒരു പ്രൊഫൈല്‍ വേണ്ടെന്നു തീരുമാനിക്കുന്നത്‌. അല്ലെങ്കില്‍ ഒളിച്ചിരുന്ന്എന്തും ചെയ്യാം എന്ന വിചാരം.ഇത് എന്‍റെ സ്വാതന്ത്ര്യം എന്ന് മറു വിശദീകരണം വന്നേക്കാം.പാവം "സ്വാതന്ത്യം" എന്ന പദം!
     ഒരാളുടെ ഭാഷ രൂപപ്പെടുന്നത് തീര്‍ച്ചയായും അയാളുടെ ജീവിത പരിസര ത്തില്‍ തന്നെയാണ്.അയാളുടെ ശരീരഭാഷയും അയാളെ നൂറു ശതമാനം ശരിവെക്കുന്നു. ഒരാള്‍ ആന്തരിക സംവാദത്തില്‍ഏര്‍പ്പെടുമ്പോള്‍ ഉപയോഗിക്കുന്ന ഭാഷയായിരിക്കില്ല, അവന്‍റെ ബാഹ്യസംവാദത്തിലും, എഴുത്തിലും.കവി മനസ്സില്‍ രൂപപ്പെടുത്തുന്ന ഒരു കവിതയുടെ ആശയം പ്രാഥമിക ഘട്ടത്തില്‍ ഹൃദയത്തില്‍കുറിച്ചു വെക്കുന്നത് ഭാഷ കൊണ്ടല്ല, അനുഭവം കൊണ്ടാണ്! നിരവധി തവണ സകല സിരകളിലൂടെയുംഅവന്‍ അതിനെ കയറ്റിയിറക്കി ശുദ്ധീകരിച്ച്, ഏറ്റവും അന്തിമമായാണ് ഭാഷയിലേക്ക് തര്‍ജ്ജിമ ചെയ്യുന്നത്.അങ്ങിനെ തര്‍ജ്ജിമചെയ്യപ്പെടാന്‍ ഭാഷ കിട്ടാതെ വരുമ്പോളാണ് ഒരു എഴുത്തുകാരന്‍ ഭ്രാന്തനോ,ആത്മഹത്യ ചെയ്യപ്പെട്ടവനോ, ആയിത്തീരുന്നത്! ആത്യന്തികമായി ഈ ഭ്രാന്തോ, ആത്മഹത്യയോ,ആണ് അപ്പോള്‍ അവന്‍റെ ഉത്തമമായ ഭാഷ..!
കാലം മാറുന്നതിനനുസ്സരിച്ച് ബിംബങ്ങളും, സംജ്ഞകളും, മാറുന്നു.   ചങ്ങമ്പുഴയും, അയ്യപ്പനും,ഉപയോഗിക്കുന്നത് മലയാളമാണ്. എന്നാല്‍ രണ്ടും, രണ്ടു മലയാളമാണെന്ന് വായനക്കാര്‍ക്ക്‌
അറിയാം. ഇതു തീഷ്ണ അനുഭവങ്ങള്‍ വരുത്തിവച്ച ധീരപരീക്ഷണങ്ങളാണ്. എനിക്ക് ഇത്തിരിഅനുഭവങ്ങള്‍ കൂടുതലുണ്ടെന്ന് പറഞ്ഞ്‌ കൊണ്ട്‌ ഒരാളും മലയാളത്തില്‍ പുതിയ അക്ഷരങ്ങള്‍നിര്‍മ്മിച്ചിട്ടില്ല, ഒരു പരിധിവരെ വാക്കുകളും! അവനു ചെയ്യാനുള്ളത്‌ ഉള്ള അക്ഷരങ്ങളെ
സമര്‍ത്ഥമായി ഘടിപ്പിക്കുക എന്നതാണ്. പണ്ട് കൂട്ടില്‍ കിടന്ന കിളികളെക്കുറിച്ച് കവിതയുണ്ടായപ്പോള്‍ഇന്ന് കൂട്ടില്‍ വെരുകുകള്‍ അകപ്പെടാന്‍ കാരണം ഇതാണ്... അത് സ്വയം പ്രതിരൂപത്തില്‍ വന്നുവീഴുന്നതാഴുകളെക്കുറിച്ചുള്ള പ്രതിഷേധങ്ങളൊ, വിചാരഭേതങ്ങളൊ, ആകാം


ആനന്ദിന്‍റെ നഗര ഭാഷ യല്ല എം .ടി . യുടെ വള്ളുവനാടന്‍ നായര്‍ പറയുന്നത്.
ലൈബ്രറിയില്‍ പോയി നിങ്ങള്‍ക്കിഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ സ്വാതന്ത്യമുണ്ട്.
എം. ടി. എന്ന കവര്‍ പേജിനകത്ത്‌ ആനന്ദ്‌ കയറിയിരുന്നാല്‍ വായനക്കാരന്‍ ക്ഷമിക്കുകയില്ല.
അത് വായനക്കാരന്‍റെ അവകാശമാണ്! സ്വാഭാവികമായും വിഷയം ആവശ്യപ്പെടുന്നഒരു ഭാഷയുണ്ട്. ഒ .വി. വിജയന്‍ " ധര്‍മ്മപുരാണ"ത്തില്‍ ഉപയോഗിച്ച ഭാഷകൊണ്ടല്ല "ഗുരുസാഗരം" എഴുതിയത് . എം. ടി. യുടെ "കാല" ത്തിലെ സേതുവിന്‍റെഭാഷയല്ല "രണ്ടാമൂഴ" ത്തിലെ വൃകൊദരന്‍റെത്... മുകുന്ദന്‍റെ കഥാപാത്രംകാക്കനാടന്‍റെ ഭാഷ സംസാരിക്കുന്നതിലെ
അനൌചിത്യം ഓര്‍ക്കുക!ചുരുക്കത്തില്‍ എല്ലാം മലയാളം തന്നെ, മൊത്തത്തില്‍ കാക്കത്തോള്ളായിരംമലയാളമല്ല, ആനത്തൊള്ളായിരം മലയാളമുണ്ട് !
"രാമനും സീതയും വനവാസത്തിനു പോയി" എന്ന് നൂറുപേര്‍ ഒരേ പോലെ എഴുതുമ്പോള്‍
ഭാഷ മരിക്കുന്നു. ചുരുക്കത്തില്‍ ഭാഷയെ നിലനിര്‍ത്തുന്നത് അതിന്റെ വിവിധ്യം തന്നെയാണ്'
അത് പരീക്ഷണങ്ങള്‍ കൊണ്ട് ഓരോ ആളും സ്വയം നിര്‍മ്മിക്കുന്നത് മാത്രമാണ്കിളിപ്പാട്ടും, നളിനിയും എഴുതിയകാലത്തെ പ്രശ്നസന്കീര്‍ണതകളല്ലഇന്ന് മലയാളി നേരിടുന്നത്‌.അവന്‍റെ പാര്‍പ്പിടം മുതല്‍, ഭക്ഷണംവരെ മാറിപ്പോയി. ഇഡലിപ്പൊടിയും , ദോശപ്പൊടിയും, പോലെ മലയാളിയുംലോകവ്യാപകമായി മാര്‍ക്കറ്റ്‌ ചെയ്യപ്പെടുന്നു! വെളിമ്പറമ്പുകളില്‍
നിന്നും മാറി അവന്‍ റിമോട്ടില്‍ തുറക്കുന്ന ക്ലോസ്സെറ്റില്‍ വിസര്‍ജിക്കാന്‍ ശീലിക്കുന്നു!
കുളമുപേക്ഷിച്ച് അവന്‍ എല്‍ .ഇ .ഡി. ലൈറ്റ്കളുള്ള ഷവറിനു കീഴെ കുളിക്കാന്‍
ശീലിക്കുന്നു.ആല്‍ത്തറക്കൂട്ടങ്ങളില്‍ നിന്നും അവന്‍ ചാറ്റ് റൂമുകളില്‍ ഒതുങ്ങിപ്പോയി .
ഈ മാറ്റം അവന്‍റെ സര്‍വ്വസൃഷ്ടികളിലും പ്രകടമാണ്.എന്നാല്‍ അന്നും ഇന്നും 51 അക്ഷരങ്ങളെ അവനുള്ളൂ! ഒരെഴുത്ത് കാരന്പുതിയ സങ്കീര്‍ണതകളെ വരഞ്ഞിടാന്‍, ഉള്ള അക്ഷരങ്ങള്‍ വച്ച് പുതിയ വാക്കുകളുംവരികളും നിര്‍മ്മിക്കുക എന്നത് മാത്രമാണ് വഴി . ഭാഷയുടെ സാദാ പ്രയോഗത്തില്‍കുടുങ്ങിപ്പോയ ഒരാള്‍ക്ക്‌ അത് ദഹിക്കാന്‍ കുറച്ചു സമയ മെടുക്കുമെന്നത്
സ്വാഭാവികം.ഒരു കാലത്ത് അസ്പ്ര് ശ്യനായി മാറ്റി നിര്‍ത്തപ്പെട്ട ഒ.വി.വിജയന്‍പിന്നീട് മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരനായത് മലയാളിയുടെ അസ്വാദനതലത്തില്‍വന്ന മാറ്റമാണ് സൂചിപ്പിക്കുന്നത്.ഒരേ രോഗത്തിന് പലര്‍ക്കും പല മരുന്നുകളാണെന്നതുപോലെ,
സംവേദനത്തിനും പല തലങ്ങളുണ്ട് .ഒരു കവിത മനസ്സിലായില്ല എന്ന് ഉറക്കെ പറയുന്നതിനുമുംബ്
എന്തുകൊണ്ട് എനിക്കിതു മനസിലാകാതെ പോകുന്നു എന്ന് സ്വയം ചോദിക്കാന്‍ വായനക്കാരന്‍
ബാധ്യസ്ഥനാണ്. ഒന്നുകില്‍ അനുഭവങ്ങലുടെ കുറവ്‌ അല്ലെങ്കില്‍, ഒരാള്‍ വാക്കുകളെ
പുതുതായി എങ്ങിനെ ഘടിപ്പിച്ച് അര്‍ത്ഥ പൂര്‍ണമാക്കുന്നു എന്നറിയാനുള്ള താല്പര്യമില്ലായ്മ ,
അവസ്സാനം മാത്രമേ ഒരെഴുത്തുകാരന്‍ ഇതിന് ഉത്തരവാദിയാവുന്നുള്ളൂ .


മിക്കവരും വഴിതെറ്റിയാണ് പല ബ്ലോഗുകളിലും എത്തപ്പെടുന്നത്.തന്‍റെ സവ്വേദന ക്ഷമതയുമായി
ഉരസലുണ്ടാവുമ്പോള്‍ ചിലര്‍ തീപ്പിടിപ്പിക്കാതെ ദയയോടെ തിരിച്ചു പോകുന്നു, മറ്റു ചിലര്‍
സ്വന്തം നഖങ്ങളെ യുദ്ധം പഠിപ്പിക്കുന്നു..! പുസ്തകങ്ങളിലെ ആമുഖക്കുറിപ്പുകള്‍ ഒരു പരിധിവരെ
അതിലെ രചനകളിലേക്ക്‌ വെളിച്ചം വീശാറുണ്ട്.ബ്ലോഗില്‍ അത്തരം ഒരാസ്വാദനക്കുറിപ്പില്ലായ്മ
ആസ്വാദനത്തെ തടയുന്നുണ്ടോ എന്നത് അന്വേഷണാത്മകമാണ്..
ഒരു അക്കദമിക്കല്‍ പരിശീലനം കൊണ്ട് കവിത മനസിലാകണമെന്നോ,
കവിത എഴുതണമെന്നോ ഇല്ല. ഫിലിം ഇന്‍സ്ടിട്ട്യൂട്ടും, ഡ്രാമ ഇന്‍സ്ടിട്ട്യൂട്ടും,
ഉണ്ടായിട്ടും,ഒരു കവിതാസര്‍വകലാശാലയോ, കഥാസര്‍വകലാശാലയോ, കേരളത്തില്‍
ഇല്ലാതെ പോയത് ഇതുകൊണ്ടായിരിക്കാം. അതിന്‍റെ ഉപാധികള്‍ സ്വായത്തമാക്കുന്നത്
ജീവിതം കണ്ടോന്നുമാത്രമാണ്! അല്ലെങ്കില്‍ പി.എച്.ഡി. ക്കാരൊക്കെ കവിതകളെഴുതിയേനെ...!
അയ്യപ്പന്‍ കവിത ചുരണ്ടിയെടുക്കുന്നത് തെരുവില്‍ നിന്നാണെന്നോര്‍ക്കുക.


ബ്ലോഗില്‍ അവതരിപ്പിക്കപെടുന്ന മിക്ക ചര്‍ച്ചകളേയും ഞെക്കിക്കൊല്ലുന്നത്
വഴിപോക്കരൊക്കെയും അതില്‍ കയറി അഭിപ്രായം പറയുമ്പോളാണ് .
"ടീച്ചര്‍മാരുടെ ഡ്രസ്സ്‌ കോഡിനെക്കുറിച്ച് "
ഒരു വിഷയം അവതരിപ്പിക്കപ്പെട്ടപ്പോള്‍ ആദ്യം ഒരാള്‍ ഇട്ട കമന്റ്
"കോപ്പ്" എന്നാണ്.....!
ഇത്തരം കോപ്പന്‍മാര്‍ക്കു വേണ്ടി "മല്ലുചേച്ചിമാര്‍" നടത്തുന്ന നിരവധി ഇറച്ചിക്കടകള്‍
നിലവിലുണ്ട്. ഇത്തിരി വിരലനക്കം കൊണ്ട് അത്തരം ഏതെങ്കിലും താവഴികളില്‍ പോയി
വിരാജിക്കുകയാനെന്കില്‍ കാക്കയുടെ വിശപ്പും മാറും, പശുവിന്‍റെ ചൊറിച്ചിലും മാറും.


മനുഷ്യന്‍ ആത്യന്തികമായി ഒരു മൃഗമാണ്‌, തിരിച്ചറിവിന്‍റെ വേലി കെട്ടി നിരവധി
"അരുതുകള്‍" സ്ഥാപിച്ചത് അവനിലെ വിവേകമാണ്.ലോകത്തിന്‍റെ ഏത്‌ കോണിലിരുന്നും
ഇവ്വിധം സംവാദം നടത്താനുള്ള സംവിധാനം കണ്ടുപിടിച്ചത് അവനിലെ അതിമാനുഷന്‍...
അവിടെ വന്നിരുന്ന് മുണ്ടുപറിച്ചെറിഞ്ഞ് ഗുഹ്യ ഭാഗങ്ങളെക്കുറിച്ച് ഊറ്റം കൊള്ളുന്നത്
അവനിലെ മൃഗം. രോഗിയെ അറിഞ്ഞു ചികിത്സിക്കണം എന്നാണല്ലോ.ഇവിടെചികില്‍സിക്കേണ്ടത്‌ മനുഷ്യനെയോ, അതോമൃഗത്തെയോ എന്ന് വായനക്കാര്‍ തീരുമാനിക്കുക.എങ്കില്‍ മാത്രമേ അപസ്മാരത്തിന്‍റെ ഈ പരിശീലന ശാലകളില്‍ നിന്നും,പുതിയ സങ്കേതങ്ങളുടെ വിളഭൂമികകളില്‍ വന്നിരുന്ന്,നമുക്ക് കാലത്തില്‍ ചെറിയ ഒരടയാളമെങ്കിലും ചേര്‍ത്ത് വെക്കാന്‍ കഴിയൂ .......









0 comments: