എഴുതിക്കടന്ന പുഴകള്‍.

Monday, September 5, 2011

വിരലും വിജാഗിരിയും



അമ്മയ്ക്കും  മകള്‍ക്കുമിടയിലെ
കരയുന്ന വിജാഗിരി ഞാന്‍!
അവിചാരിതമായി വന്ന അതിഥിയുടെ
ചൂണ്ടുവിരല്‍ തിന്നു ഞാന്‍ വിഷം തീണ്ടി.
വിരല്‍മുനമ്പിലെ കരിമഷിയായിരുന്നു
വിശക്കുന്ന ഏതൊരു ജനതയ്ക്കുമെന്ന പോലെ
എന്റെയും അജീര്‍ണ്ണം!.
മകള്‍ വീടിനെക്കാളും വലിയ വാതില്‍
അമ്മ അടുക്കളയിലും വലിയ കരി.
വാതില്‍ കടന്നു വരുന്ന അതിഥി
അത്താഴവും കഴിഞ്ഞു തിരിച്ചു പോകുമ്പോള്‍
പണ്ടത്തെപ്പോലെ വിരല്‍ മുനയല്ല
അവന്റെ കഴുത്തുതന്നെയാണ് എന്റെ സ്വപ്നം!
                     ഇത് ഒരുപക്ഷെ അശ്വതിയുടെതായി നമുക്ക് കിട്ടിയേക്കാവുന്ന ഒടുവിലത്തെ വരികളാവാം. ജീവിതം അത്രമേല്‍ അവര്‍ക്കുമേല്‍ ചുഴികളേര്‍പ്പെടുത്തുകയാണ്. അതില്‍ മുങ്ങിത്താണ് ഒടുവില്‍ അവശേഷിക്കുക എന്താണെന്ന് ആര്‍ക്കറിയാം. 
      
ശ്വതി എന്ന ഗദ്ദാമ നാളെ (ഏഴാം തീയ്യതി ) തിരിച്ചു പോകുന്നു. രണ്ട്‌ മാസത്തെ ശംബള കുടിശ്ശിക ഈ മണ്ണില്‍ ബാക്കിയിട്ടുകൊണ്ട്. പതിവുപോലെ തന്നെ "യൂത്ത് ഇന്ത്യ" അശ്വതിയുടെ കാര്യത്തില്‍ ജാഗ്രത പാലിച്ചു. ഒരു ടിക്കറ്റ് ഒരുക്കിക്കൊടുക്കുന്നത് അവരാണ്. നാട്ടില്‍ അവര്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന തുടര്‍സഹായങ്ങള്‍ പെട്ടെന്ന് നിര്‍ത്താതിരിക്കാനുള്ള നടപടികളും അവര്‍ ആലോചിക്കുന്നു എന്നറിയാന്‍ കഴിഞ്ഞു.    
 അശ്വതി വരുന്ന  വിവരം അറിയിക്കാന്‍ അവരുടെ വീട്ടില്‍ വിളിച്ചപ്പോള്‍ അമ്മ നീതിസ്റ്റോറിലെ നീണ്ട വരികളിലെവിടെയോ ആയിരുന്നു. നാലാം ക്ലാസ്സ് കാരി ഇളയമകളായിരുന്നു ഫോണ്‍ എടുത്തത്. അപ്പോള്‍ അവള്‍ ഉച്ച ഊണിന്റെ ചോറ് അടുക്കളക്കലത്തില്‍ നിന്നും കോരിയെടുക്കുകയായിരുന്നു.
 അമ്മ വരുന്നു എന്നറിഞ്ഞപ്പോള്‍ അവള്‍ ചോറ് കാലത്തിലേക്ക് തിരികെയിട്ട്. "എന്റെ വയറു നിറഞ്ഞു" എന്നാണ് പറഞ്ഞത്. പിന്നെ തൊണ്ടയില്‍ സന്തോഷം കൊണ്ട് എന്തോവന്നു നിറയുന്നു എന്നും....
   അശ്വതിയുടെ ജിവിതയാത്രയില്‍ നമുക്ക് നന്മകള്‍ നേരാം.... പിന്നെ ഓണാശംസകളും..    
ആശ്വതിയിലേക്കൊരു ജാലകം 


2 comments:

ഷിബു ഫിലിപ്പ് said...

"ഒരേ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടായിട്ടും ജെന്നിഫറിനും, സമുദ്രക്കുംവേണ്ടി എനിക്കെന്തു ചെയ്യാന്‍ കഴിഞ്ഞു എന്ന്" ചിന്തിച്ച ധര്‍മ്മന്‍, അശ്വതിയെന്ന എഴുത്തുകാരിയെ ബൂലോകത്തിനെ പരിചയപ്പെടുത്തിക്കൊടുക്കുവാന്‍ സാധിച്ചല്ലോ, താങ്കളുടേ ഓര്‍മ്മകളിലും സ്വപ്നങ്ങളിലും എഴുത്തിലും വീണ്ടും നല്ല വാക്കുകള്‍ വീണു നിറയട്ട്.

Anonymous said...

ഇവിടെ നിന്നും പുറകോട്ട് പോയി അശ്വതിയെപ്പറ്റി അറിഞ്ഞു. അവര്‍ക്കായി സാക്ഷ വഴി ബ്ലോഗര്‍മ്മാര്‍ ചെയത നന്മകളും അറിഞ്ഞു. തിന്മയുടെ ഭീതിതമായ വാര്‍ത്തകള്‍ മാത്രം കേള്‍ക്കുന്ന ഈ കാലത്ത് ബ്ലോഗുകളില്‍ നിന്നുയരുന്ന നന്മയുടെ നറുമണം പ്രതീക്ഷയ്യുടെ വാടിക്കരിഞ്ഞുകൊണ്‍റ്റിരിക്കുന്ന ഇലത്തുമ്പിലൊരു നനുത്ത മഞ്ഞുതുള്ളിയായി പെയ്തിറങ്ങുകയാണ്. അശ്വതിക്കും കുടുംബത്തിനും നന്മ നേരുന്നു. അവര്‍ക്കായി വെളിച്ച പകര്‍ന്ന സാക്ഷക്കും നന്മ നേരുന്നു.