എഴുതിയ വിഷയത്തിന് ഒരു രണ്ടാംകുറിപ്പിടണം എന്ന് കരുതി യതല്ല. "ഗര്‍ഭപാത്രത്തിന്റെ ആ താക്കോല്‍ " എന്റെ മനസ്സിലേക്ക് വീണ്ടും നീട്ടിപ്പിടിച്ചത് മുഹമ്മദ് എന്ന ഈജിപ്തുകാരന്‍ സഹപ്രവര്‍ത്തകനാണ്. അപ്പോള്‍ അതൊരു താക്കോലായിരുന്നില്ല, ചുട്ടുകാച്ചി അതൊരു പിച്ചാത്തിയായി സ്വയം മാറിയിരുന്നു. അഞ്ചിന് മേലെ പിറപ്പിക്കുന്ന കുഞ്ഞോരോന്നിനും ഇരുന്നൂറു ഡോളര്‍ അഥവാ പതിനായിരം ഉറുപ്പിക റൊക്കം സീറോ മലബാര്‍സഭ സമ്മാനം കൊടുക്കുന്നതായിരിക്കും. അതിനാല്‍ കുഞ്ഞാടുകളെ സീറോ മലബാര്‍സഭക്ക് കീഴെവന്നു പാര്‍പ്പാകാനും, പ്രസ്തുതസമ്മാനം കൈപ്പറ്റാനും താല്പപര്യപ്പെടുന്നു. ഈ വാര്‍ത്ത ബി. ബി. സി. വഴി കുവൈറ്റിലെ അല്‍ ഖാബസ് ദിനപത്രത്തില്‍ കയറിപ്പറ്റിയ അറബി വാര്‍ത്തയാണ് എന്റെ സഹപ്രവര്‍ത്തകന്‍ മുഹമ്മദിന്റെ കൈവശമിരിക്കുന്നത്.
ആ വാര്‍ത്തയുടെ ആഘാതത്തിലാണ് ഞങ്ങള്‍ അതേവരേ കെട്ടിപ്പൊക്കിയ കേരളത്തിന്റെ മുഖച്ഛായ തകര്‍ന്നു വീണത്. കേവലം ഇരുന്നൂറു ഡോളറിനു വേണ്ടി അഞ്ചിലേറെ കുട്ടികളെ ഉണ്ടാക്കുന്ന പിതാമഹന്‍മാരുടെ നാടായി കേരളം കേവലം നിമിഷങ്ങള്‍ക്കകം മാറ്റിമറിക്കപ്പെട്ടു. അരമനകളിലിരുന്നു ഉത്തരവിറക്കുന്നവര്‍, കടലിനക്കരെ നിന്നും മാസാമാസം പ്രവാസികള്‍ അയക്കുന്ന പണം കൊണ്ടാണ് കേരളം കഞ്ഞികുടിച്ചു പോകുന്നതെന്ന് ഒരു പകലുറക്കത്തിലെ പേക്കിനാവിലെങ്കി ലും ഒന്നോര്‍ക്കുന്നത് നല്ലത്. ഒരു വിധം സഭകളും കഴിഞ്ഞു പോകുന്നത് കടലിനപ്പുറത്തെ ഈ കറന്സികൊണ്ട് തന്നെയാണ്. അടിസ്ഥാന ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ കിരീടമണിയുമ്പോള്‍, അത് രാഷ്ട്രീയത്തിലായാലും, മതത്തിലായാലും നമുക്കെന്തു സംഭവിക്കു മെന്നതിന്റെ ഉദാഹരണ ജീവിതത്തിലൂടെയാണ് മലയാളി അവന്റെ ജാതകം വേവിച്ചെടുക്കുന്നത്.
ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ താഴ്ത്തിപ്പിടിച്ച ശിരസ്സ് നാം പ്രവാസികള്‍ക്കിനിയും ഉയര്‍ത്തിപ്പിടിക്കാനായിട്ടില്ല. മതം അധികാരം പിടിച്ചെടുക്കാന്‍ ഒരുംബെട്ടിറങ്ങിയതിന്റെ ഫലശ്രുതിയായിരുന്നു ആ താണ്ഡവം. ഇതാ വോട്ടുരാഷ്ട്രീയത്തിന്റെ വെള്ളെഴുത്തുമായി സീറോ മലബാര്‍ സഭ ഇരുന്നൂറു ഡോളര്‍ ദാനംചെയ്യുന്നു. മതത്തിനും അധികാരമില്ലാതെ നിലനില്‍ക്കാനാവാത്ത സാഹചര്യത്തില്‍ ഇത്തരം വാഗ്ദാനങ്ങള്‍ ഇടയലേഖനങ്ങളായോ, അല്ലെങ്കില്‍ വിശ്വാസികളുടെ കിടപ്പറയില്‍ വിതരണം ചെയ്യാന്‍ പാകത്തിലുള്ള നോട്ടീസുകളായോ, വിതരണം ചെയ്യാന്‍ ശ്രദ്ധിച്ചാല്‍ നന്നായിരുന്നു. ഞങ്ങളും വല്ലപ്പോ ഴെങ്കിലും ശിരസ്സൊന്നു കഴുത്തിനുമേല്‍ ഉയര്‍ത്തിപ്പിടിച്ചോട്ടെ...
പ്രസവം നിര്‍ത്തിയാല്‍ സര്‍ക്കാര്‍വക നമുക്ക് കിട്ടുന്നത് ഒരു ബക്കറ്റും, കേരള സര്‍ക്കാരിന്റെ ഒരു ഭാഗ്യക്കുറിയുമാണ്. ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍ സീറോമലബാര്‍ സഭയുടെ ഓഫര്‍ ഒരു ബംബര്‍ തന്നെയാണ്. മലയാളിക്ക് മികച്ചത് മാത്രം തെരഞ്ഞെടുത്തേ ശീലമുള്ളൂ... സഭയുടെ സമാധാനയും അതുമാത്രമാണ്.
ജോലികഴിഞ്ഞ് മുഹമ്മദിന്റെ കാറില്‍ തിരിച്ചു പോരുമ്പോള്‍ കുവൈറ്റ് എഫ്. എമ്മില്‍ നിന്നും ഒരു കുവൈറ്റി, കേരളത്തിപ്പറ്റി വാതോരാതെ സംസാരിക്കുന്നു. അദ്ദേഹം ആസ്വദിച്ച ഒരു അവധി ക്കാലത്തിന്റെ ആഹ്ലാദവും, ആയുര്‍വേദ ചികിത്സയുടെ ഗുണങ്ങളുമൊക്കെയായിരുന്നു വിഷയം. കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അറബിക് ഗാനത്തിന്റെ അതേ ഈണത്തിലുള്ള "ചന്ദ്രലേഖ" എന്ന ചിത്രത്തിലെ " ഹബീബി ഹബീബി " എന്ന ഗാനം മുഴുവനുമായും പിന്നീട് പ്രക്ഷേപണം ചെയ്തു. കഴുത്തിനു മേലെ ശിരസ്സ് ഞാനറിയാതെ എഴുന്നേറ്റു നില്‍ക്കാന്‍ തുടങ്ങുമ്പോള്‍ മുഹമ്മദ് എന്റെ കണ്ണുകളിലേക്ക് കുനിഞ്ഞുവന്നു. എന്നിട്ട് ചോദിച്ചു ഇരുന്നൂറു ഡോളര്‍വീതം വെച്ചുതന്നാല്‍ നീ എത്ര കുഞ്ഞുങ്ങളെ ഉണ്ടാക്കും? ലോകത്ത് ഏറ്റവുംകുറഞ്ഞ ചെലവില്‍ കുഞ്ഞുങ്ങളെ ഉണ്ടാക്കാന്‍ പറ്റുന്ന നാട് നിന്റെത് മാത്ര മായിരിക്കും അല്ലെ...കേരളം ! കാലടി ചുവട്ടിലാണ് അപ്പോള്‍ എന്റെ ശിരസ്സ്‌പോയി ഒളിച്ചത്. പാതിരിമാര്‍ക്ക് ഇപ്പോള്‍ അത് എളുപ്പത്തില്‍ അറുത്തെടുക്കാം.
4 comments:
ഇന്നാളു ഒരച്ചന്‍ ടിവിയില്‍ പറയുന്നത് കേട്ടു, "ലോകം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് വളഞ്ഞപ്പോള്‍ ഇന്ത്യ പിടിച്ചു നിന്നത് നമ്മുടെ മേന്‍ പവര്‍ കാരണമാണ്. അത് കൊണ്ട് അതിനിയും കൂട്ടണമെന്ന്." കേട്ടപ്പോള്‍ കരുതി അങ്ങനെയും ഒരു പാതിരി. നന്നായി ഈ കുറിപ്പ്............സസ്നേഹം
paള്ളികളില്‍ ശവക്കല്ലറകള്‍ ഒരുക്കുന്നതുപോലെ ഭൂമിയില്‍ മാളങ്ങളൊരുക്കി ഞങ്ങള്‍ കാത്തിരിക്കുന്നു
ഭൂമിയില്‍ തലചായ്ക്കാന്‍ ഇടമില്ലെങ്കിലും,
അന്തികളില്‍ ഇണചേരാനും, തലചായ്ക്കാനും
നിന്റെ കുടുംബമാളങ്ങളിലേക്ക് നീ ചേക്കേറുക
ജനമില്ലെങ്കിൽ പിന്നെ മതത്തിനെന്തു പ്രസക്തി..!
മതമില്ലെങ്കിൽ പിന്നെ അച്ചന്മാർക്കെന്തു പ്രസക്തി...!!
പാവം, കസേര ഉറപ്പിക്കാനുള്ള വെപ്രാളത്തിലാവും..!!!
പാതിരിമർക്കൊക്കെയുള്ള ചുട്ട മറുപടിയായിട്ടുണ്ടിത് കേട്ടൊ ഭായ്
Post a Comment