അ പ്രതീക്ഷിതമായി പിന്കഴുത്തിലേക്ക് ചാടിക്കയറി നഖമുനയാഴ്ത്തിത്തുടങ്ങിയ പൂച്ചയെ മുതുകില്‍നിന്നും ഇത്തിരി മാംസംകൊടുത്ത് മെരുക്കിയെടുത്ത് വലിച്ചെറിഞ്ഞിട്ട് ഇന്നേക്ക് കൃത്യം മൂന്ന്വര്‍ഷം. ഞാനിപ്പോള്‍ നില്‍ക്കുന്നത് ജനിമൃതികള്‍ക്കിടയിലെ മഹാസാഗരങ്ങളുടെ അഴിമുഖത്ത്, നിലാവിന് ഖേദം എന്ന് പേരുള്ള ഒരു രാത്രിക്ക് ചുവട്ടില്‍...പിന്നീട് എന്നില്‍നിന്നും മാറ്റിപ്പണിയപ്പെട്ട കോശങ്ങളോരോന്നിലും ഞാന്‍ അന്നേവരെ ബലമായി പിടിച്ചുവെച്ച എന്റെതായ കൈയ്യടയാളങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.
മു തുകിലും കൈമുട്ടുകളിലും ആഴത്തിലുള്ള വേദനാസത്രങ്ങളുണ്ടിപ്പോഴും. മനസ്സില്‍ വേദാന്തം തോന്നുന്ന അപൂര്‍വനേരങ്ങളില്‍ ആ നോവിനെ മൃദുവായിഒന്നുഴിഞ്ഞു ജീവിതത്തിന്റെ മുഖത്തുനോക്കി ഞാന്‍ ഊറിച്ചിരിക്കാറുണ്ട് ഇപ്പോഴും. മരണത്തിന്റെ ഗുഹവരെഎത്തി തിരിച്ചുപോരുന്ന ഒരാള്‍ക്ക് ശേഷ ജീവിതം എന്തായിരിക്കും, എന്തായിരിക്കണം? വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാള്‍, രാഷ്ട്രപതിയുടെ ഒറ്റ കയ്യൊപ്പിന്റെ ഔദാര്യത്തില്‍ മാത്രം ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ സ്വന്തം ജീവിതത്തിന്റെ വിശ്വാസ്യത എന്തായാണ് അയാള്‍ക്ക് അനുഭവപ്പെടുക! ഭരണകൂടത്തിന്റെ ദയ എന്ന ഒരത്ഭുതം പിന്നീടുള്ള അയാളുടെ ജീവിതത്തെ എമ്മട്ടിലൊക്കെ വേട്ടയാടുന്നുണ്ടാവണം... ആ അര്‍ത്ഥത്തില്‍ പില്ക്കാലജീവിതം തന്നെയാണ് അയാള്‍ക്കുള്ള ഏറ്റവുംനല്ല ശിക്ഷ. ഇത് മരണമുഖത്തു നിന്നും അവിശ്വസനീയമായി തിരിച്ചുപോരുന്ന ഓരോ ജീവിയുടെയും സ്ഥായീയുക്തിയാണ്.
പ ണ്ട് ഒരു പള്ളിക്കൂടംകാലത്ത് വീട്ടിലെ എലിപ്പെട്ടിയില്‍ കുരുങ്ങിയ ഒരെലിയെ, അടുത്ത പറമ്പിലെ പൊട്ടക്കുളത്തില്‍ മുക്കിക്കൊല്ലാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടിരുന്നു. ഒട്ടേറെനേരം കുളത്തിലെ വെള്ളത്തില്‍ മുക്കിപ്പിടിച്ച എലിയെ, നീ ഇനി പെട്ടിയിലല്ലാതെ അങ്ങിനെ സ്വയം മുങ്ങിമരിക്കൂ എന്ന ക്രൂരതയോടെ കുളത്തിനടിയില്‍ തന്നെ തുറന്നു വിട്ടു. മറുകരയിലെ മരക്കുറ്റിയിലേക്ക് നീന്തിക്കയറിയ മൂഷികന്റെ ഒരു തിരിഞ്ഞു നോട്ടമുണ്ടായിരുന്നു. ( എലികളെ നീന്താന്‍ പഠിപ്പിച്ചത് ആരാണ് !!) പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം അടിമപ്പെട്ട റോഡപകടത്തില്‍ നിന്നും അവിശ്വസനീയമായി രക്ഷപ്പെട്ടു നടുറോട്ടില്‍ എഴുന്നേറ്റിരുന്നു ഞാനും അതേ തിരിഞ്ഞു നോട്ടം ജീവിതത്തിന് നേരെ നീട്ടി .. അന്നേരമാണ് ഞാന്‍ അറിയുന്നത് ഒരു ജീവിതത്തിന്റെ വില.. അത് എലിയുടെതായാലും.... മനുഷ്യന്റെതായാലും ഒന്നാണെന്ന്...
മ രണത്തില്‍ നിന്നും തിരിച്ചെത്തുന്നവരെ വല്ലാതെ അലട്ടുന്ന ഒരേകാന്തതയുണ്ട് അത് ഭയം മുളപ്പിക്കുന്നതല്ല, ജീവിതത്തിന്റെ അര്‍ത്ഥം നിരന്തരം അന്വേഷിച്ചു തുടങ്ങുന്നത് കൊണ്ട് സ്വയം അലഞ്ഞു മടുത്ത് പോകുമ്പോള്‍ ഏകാന്തത എന്ന ഒരഭയസത്രം മാത്രമേ അവന് മുന്നിലുള്ളൂ. അവിടെ ചെന്നിരുന്ന് ശരീരത്തില്‍ അവശേഷിക്കുന്ന വൃണങ്ങളെ അവന് ഉള്ളില്‍ കരഞ്ഞു കൊണ്ട് തഴുകും. അപ്പോള്‍ ആ വൃണങ്ങളോരോന്നും അയാള്‍ക്ക് മകള്‍, മകന്, ഭാര്യ, അമ്മ, വീട്.... എന്നിങ്ങനെ ഏറ്റവും പ്രിയപ്പെട്ടവരായി പരിവര്‍ത്തനം ചെയ്യപ്പെടും. പിന്നീട് അയാള്‍ കിന്നാരംപറഞ്ഞു തുടങ്ങുക ആ വൃണങ്ങളോടാവും. വൃണങ്ങളോരോന്നും കരിഞ്ഞു തുടങ്ങുന്നതോടെ അയാള്‍ വീണ്ടും ഏകാകിയാവും.. അപ്പോള്‍ അയാളോട് ഇരുളില്‍ നിന്നും പഴയ അതേ പൂച്ച വിളിച്ചു ചോദിക്കും "ഞാന്‍ വരട്ടെ"
അന്നേരം ഏറ്റവും ഉചിതമായ ഉത്തരം വാക്കല്ല മൌനമാണ് അയാള്‍ക്ക്.
ഈ ഒരു ചാക്രികതക്കിടയില്‍ രണ്ട് ചോദ്യങ്ങളാണ് അയാള്‍ക്ക് ചോദിക്കാനുണ്ടാവുക. ജീവിതം എന്താണ്? അത് ജീവിച്ചു തീര്‍ക്കേണ്ടത് തന്നെയാണോ? അപ്പോള്‍ ജീവിക്കാതെ തീര്‍ത്ത് കളയുന്ന ജീവിതങ്ങളെ നാം എന്ത് വിളിക്കും? ജീവന് ഉള്ളത് കൊണ്ട് മാത്രം ധാരാളിത്തത്തോടെ ജീവിക്കേണ്ടാതാണോ ജീവിതം?
ഒ രു ജീവന് തുടങ്ങുന്നത് തന്നെ ഒരു യുദ്ധത്തില്‍ നിന്നുമാണ്. പരകോടി അണ്ഡങളില്‍ നിന്നും ഒന്ന് മാത്രം നീന്തിനീന്തി നൈസര്‍ഗിക സങ്കേതത്തിലെത്താനുള്ള യുദ്ധം. ഈ യുദ്ധത്തില്‍ ഞാന്‍ എന്ന അണ്ഡം ജയിച്ചത് കൊണ്ട്മാത്രം ജീവിക്കനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെട്ട മറ്റു ജന്മങ്ങള്.... അല്ലെങ്കില്‍ അവര്‍ എനിക്ക് വഴിമാറിത്തന്നതായിരുന്നുവോ! എങ്കില്‍ ആ സ്നേഹത്തിനു പ്രതിഫലമായി അവരുടെ സ്വപ്നംപോലെ എനിക്ക് എന്റെ ജീവിതം വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നുവോ? ശരിക്കും ഞാന്‍ എങ്ങിനെയാണ് നിരവധി കോടി അണ്ഡങ്ങളെ തോല്‍പ്പിച്ചുകളഞ്ഞത്! ഇന്നാണെങ്കില്‍ ചെറിയൊരു ആള്‍ക്കൂട്ടത്തിനു മുന്നില്‍പ്പോലും തനിച്ചു നില്ക്കാന് അശക്തനായവന്, ഈ അശക്തി എനിക്ക് തന്നത് എന്റെ ജീവിതമായിരുന്നുവോ? ജീവിച്ച് ജീവിച്ച് അശക്തനായിത്തീരുക ഒരു ജീവിത വിജയമാണോ? മറ്റൊരാള്‍ക്ക് ജയിക്കാന്‍ വേണ്ടി മാത്രം മാറിക്കൊടുക്കുന്ന ലജ്ജാലുവായ ഞാന്‍, ആകാശത്തിലേക്ക്, മേഘങ്ങളിലേക്ക്, ജലത്തിലേക്ക്, എന്തിന് കുറെനേരം സ്വന്തം കൈവെള്ളയിലേക്ക് പോലും മിഴിയൂന്നുവാന്‍ പോലും ഭീരുവായ ഞാന്‍.... എന്നിട്ടും പ്രാഥമികമായ ആ യുദ്ധത്തില്‍ എന്നെ ജയിപ്പിച്ച "ജീവിതം" എന്ന ഒരു സ്വപ്നമുണ്ടായിരുന്നുവോ? അമ്മ എന്ന കവചത്തില്‍ എന്നെകൊണ്ട് ചെന്നാക്കി തിരിച്ചുപോയ ഒരേ യുദ്ധത്തിലെ ആ വെളുത്ത പടയാളികളേ കാണതാവുമ്പോഴുള്ള ഏകാന്തത നാം പിന്നീട് അനുഭവിക്കുന്നത് ഒരു മരണത്തില്‍ നിന്നും രക്ഷപെട്ടു സ്വന്തം വീട്ടിലെത്തുമ്പോളാണ്. എനിക്ക് തന്നെ മടുപ്പുളവാക്കിയിരുന്ന എന്നിലെ ചില ദുശാട്യങ്ങളെ ഈ പൂച്ച ഒരു ഞൊടികൊണ്ട് മാറ്റിമറിച്ചിട്ട് ഏതോ ഇരുളില്‍ ഒളിച്ചിരിപ്പാണ്. ഇനിയും നീ ശരിയായില്ലെങ്കില്‍ ഞാനിവിടെത്തന്നെയുണ്ട്, നിന്റെ കഴുത്തിലേക്ക് ചാടിവീഴാന്‍ പാകത്തില്‍ എന്ന് പറയുമ്പോലെ ഇരുട്ടും... .
മ ലക്കം മറിച്ചിലിനൊടുവില്‍ അമ്പതു മീറ്ററോളം തെന്നിനീങ്ങിയ വാഹനം ഇത്തിരികൂടെ നിരങ്ങി യിരുന്നെങ്കില്‍ മുതുകില്‍ നിന്നും, കൈമുട്ടുകളില്‍ നിന്നും, എന്റെ മജ്ജയും ഞാനീ കരിമ്പൂച്ചക്ക് കൊടുക്കേണ്ടി വരുമായിരുന്നു. മറിഞ്ഞു വീണു നിരങ്ങിനീങ്ങിയ വാഹനം റോഡില്‍ ഉരച്ചുതീര്‍ത്ത എന്റെ മാംസം, അസ്ഥികളിലേക്ക് ആ ഉരപ്പ് എത്തുന്നതിനു മുമ്പേ എല്ലാം നിയന്ത്രിച്ചു നിര്‍ത്തിയ കൈകള്‍ ആരുടെതാണ്? ആ കൈകളാണ് എന്റെ മരണശിക്ഷയില്‍ ഇളവുനല്‍കിക്കൊണ്ട് കൈയൊപ്പ് ചാര്‍ത്തിയത്.
ടാ റും, ലോഹവും, ചോരയും, നിലവിളിയും, ചേര്‍ന്ന ഒരു ഗന്ധമാണ് മരണത്തിനെന്നു തിരിച്ചറിഞ്ഞു തിരിച്ചെത്തിയിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷംതികയുന്നു. ഈ മൂന്ന് വര്‍ഷംകൊണ്ട് ഞാന്‍ ജീവിച്ചുതീര്‍ത്തത് എന്റെ മൊത്തം ജീവിതത്തിന്റെ എത്രയോ ഇരട്ടിയാണ്.
ക ടന്നു പോകുന്നവരുടെയൊന്നും പേരുകള്‍ കൊത്തി വെക്കപ്പെടാത്ത ഈ വഴിസത്രത്തില്‍ ഇത്തിരി നേരം ഇരുന്നു പ്രിയമുള്ളവനെ / പ്രിയമുള്ളവളെ, ഓര്‍ത്തുനോക്കുക നമുക്ക് നമ്മുടെ എത്ര പൂര്‍വ്വികരുടെ പേരുകള്‍ ഓര്‍ത്തെടുക്കാനാവും! അച്ഛന്... വല്യച്ഛന്... മുത്തച്ഛന്... പിന്നെ...? അപ്പോള്‍ ഞാന്‍ എന്ന ജീവിതത്തിന്റെ ഓര്‍മ്മയുടെ പരമാവധി, എന്റെ മകളുടെ... മകളുടെ.... മകളുടെ... ഓര്‍മ്മക്കാലംവരെ മാത്രം! അതിനപ്പുറം ഞാന്‍ ജീവിച്ച എന്റെ ജീവിതം ? ഞാന്‍ കരഞ്ഞ കരച്ചിലുകള്‍... അലഞ്ഞ തീക്കാടുകള്‍.... പട്ടിണിതിന്ന് ഉറങ്ങിയ സുല്‍ത്താന്‍ ബത്തേരിയിലെയും, തിരുപ്പൂരെയും, മാട്ടുംഗയിലെയും, അശാന്തരാവുകള്‍... ഒക്കെ എന്റേത് മാത്രമായിരുന്നുവോ... ഞാന്‍ എന്റെ മാത്രം ഓഹാരിയാണോ... അച്ഛന് അലഞ്ഞു തീര്‍ത്ത കനല് വഴികളുടെ ബാക്കിയല്ലെ ഞാന്‍.. അതിലൊക്കെ കൂടെ കടന്നുപോയിക്കൊണ്ടല്ലേ ഞാന്‍ എന്നെ രൂപപ്പെടുത്തിയത്.... ആ രൂപപ്പെടലിന്റെ ആനുകൂല്യങ്ങളിലൂടെ സ്വരൂപിക്കപ്പെട്ടതല്ലേ എന്റെ മകള്‍.... അവള്‍ക്കു വേണ്ടി ഞാന്‍ സ്വപ്നം കാണുന്ന ആകാശം...
ഒ രു വ്രണത്തില്‍ സ്വയം മറന്നു ഉഴിഞ്ഞിരിക്കുന്ന പോലെ വെറുതെ ഓര്‍ത്ത്, ഉള്ളില്‍ കരഞ്ഞ്, ഏകാന്തത അസഹ്യമാകുമ്പോള്‍ തനിക്ക് മാത്രം അഭയം പ്രാപിക്കാനുള്ള ഇടങ്ങളില്‍ സ്വയം അലഞ്ഞ്... ഇങ്ങനെയോക്കെയാവാം മരണത്തോളം പോയി തിരിച്ചെത്തിയ ഒരാളുടെ ദിനസരികള്.. അപ്പോള്‍ അയാള്‍ ആജീവനാന്തം സ്വപ്നം കണ്ട ചൂടുള്ള സൌഹൃദങ്ങളോ, ഗൃഹാതുരമായ പ്രണയ ചാപല്യങ്ങളോ, രതിയുടെ ദിവ്യരസബോധ്യങ്ങളോ, പാപിയുടെ കുമ്പസാരവാമൊഴികളോ, അവനെ കൈപിടിച്ചു നടത്തുകയില്ല. അങ്ങിനെ വേച്ചു വേച്ചു നടന്നു നമുക്ക് വഴിമടുക്കുമ്പോളാണ് നടവഴിയിലെ ചെമ്പരത്തിക്കാടുകള്‍ക്കിടയില്‍ നിന്നും ആ പഴയ പൂച്ച നമ്മേനോക്കി ചിരിക്കുക ആ ചിരിക്ക്, "വരുന്നില്ലേ" എന്ന് മാത്രമാണര്‍ത്ഥം.
ഞാ ന് മരിച്ചത് നിങ്ങള്‍ക്ക് മാത്രമാണ്, എനിക്ക് ഞാന്‍ മരിച്ചിട്ടില്ല എന്ന ഒരു തിരിച്ചറിവ് മരിച്ച ഒരാള്‍ക്ക് ഉണ്ടാവുമെങ്കില്‍ അതിനുമപ്പുറം ഖേദം മരിച്ച ഒരാള്‍ക്ക് മറ്റെന്താണ് ? ആ ഖേദം ശരിയോ എന്നറിയാന്‍ നമുക്ക് മരണം വരേക്കും കാത്തിരിക്കേണ്ടതുണ്ട്. പ്രിയമുള്ളവനേ / പ്രിയമുള്ളവളെ, നീയാണ് ആദ്യം മരിക്കുന്നതെങ്കില്‍ നിരന്തരം എന്റെ ജാലകങ്ങളില്‍ വന്നുമുട്ടി എന്നെ കൈപിടിച്ച് അരൂപികളുടെ ഖേതങ്ങളിലേക്ക് വഴിനടത്തുക. അത്രമേല്‍ ജീവിതത്തില്‍ ഞാന്‍ ഏകാകിയായിത്തീരുന്നു.. ആ കരിമ്പൂച്ചയുടെ സൌഹൃദത്തിന് ശേഷം.
6 comments:
ക്രിസ്തു ഉയര്‍പ്പിച്ച ലാസര്‍ മരണത്തില്‍ നിന്ന് തിരിച്ചു വന്നതിനു ശേഷം പിന്നിട് എപ്പോഴും കരഞ്ഞിരുന്നുവെന്നും, അല്ല എപ്പോഴും ചിരിച്ചിരുന്നുവെന്നും രണ്ടു പാരമ്പര്യങ്ങളുണ്ട്. നമ്മുക്ക് ചിരിക്കാം അല്ലെ, മനുഷ്യന്റെ വ്യര്‍ഥതകളെ ഓര്‍ത്തു? വളരെ നന്നായിരിക്കുന്നു.
>>>ജീവിതത്തിന്റെ വില..അത് മനുഷ്യന്റെതായാലും എലിയുടെതായാലും ഒന്നാണ് <<<
നന്നായിരിക്കുന്നു സാക്ഷ..
ഞാനും പറയാന്‍ ആഗ്രഹിക്കുന്നു...
>>>പ്രിയമുള്ളവളെ, നീയാണ് ആദ്യം മരിക്കുന്നതെങ്കില്‍ നിരന്തരം എന്റെ ജാലകങ്ങളില്‍ വന്നുമുട്ടി എന്നെ കൈപിടിച്ച് അരൂപികളുടെ ഖേതങ്ങളിലേക്ക് വഴിനടത്തുക. അത്രമേല്‍ ജീവിതത്തില്‍ ഞാന്‍ ഏകാകിയായിത്തീരുന്നു<<<
എല്ലാ ഭാവുകങ്ങളും
ഞാ ന് മരിച്ചത് നിങ്ങള്‍ക്ക് മാത്രമാണ്, എനിക്ക് ഞാന്‍ മരിച്ചിട്ടില്ല എന്ന ഒരു തിരിച്ചറിവ് മരിച്ച ഒരാള്‍ക്ക് ഉണ്ടാവുമെങ്കില്‍ അതിനുമപ്പുറം ഖേതം മരിച്ച ഒരാള്‍ക്ക് മറ്റെന്താണ് ? ആ ഖേതം ശരിയോ എന്നറിയാന്‍ നമുക്ക് മരണം വരേക്കും കാത്തിരിക്കേണ്ടതുണ്ട്. പ്രിയമുള്ളവനേ / പ്രിയമുള്ളവളെ, നീയാണ് ആദ്യം മരിക്കുന്നതെങ്കില്‍ നിരന്തരം എന്റെ ജാലകങ്ങളില്‍ വന്നുമുട്ടി എന്നെ കൈപിടിച്ച് അരൂപികളുടെ ഖേതങ്ങളിലേക്ക് വഴിനടത്തുക. അത്രമേല്‍ ജീവിതത്തില്‍ ഞാന്‍ ഏകാകിയായിത്തീരുന്നു.. ആ കരിമ്പൂച്ചയുടെ സൌഹൃദത്തിന് ശേഷം.
ധര്‍മരാജ്,
മരണത്തെ മുഖാമുഖം കണ്ട് മടങ്ങിയ ഒരാളുടെ മനസ്സ് എങ്ങനെയെന്ന് അറിഞ്ഞിരുന്നില്ല. ഇപ്പോല്‍ ഊഹിയ്ക്കാന്‍ കഴിയുന്നുണ്ട്, എലിയുടെ ആ നോട്ടത്തിണ്റ്റെ അര്‍ഥം.
ഒരു സംശയം. ഖേതം എന്ന് വാക്കുണ്ടോ? ഖേദം മാതമേ ശബ്ദതാരാവലിയിലും കാണുന്നുള്ളു.
കമന്റിട്ട എല്ലാവര്ക്കും നല്ലത് നേരുന്നു.
പ്രിയ വിനോദ് "ഖേതം" അല്ല "ഖേദം" തന്നെയാണ്. തെറ്റു തിരുത്തിയിരിക്കുന്നു.
ചൂണ്ടുവിരലിനു നന്ദി.
മരണത്തെ തോൽപ്പിച്ചവന് ജീവിക്കാൻ അർഹതയുണ്ട്. പക്ഷെ, സമൂഹം അതങ്ങീകരിക്കുമോ..?
ആശംസകൾ...
Post a Comment