എഴുതിക്കടന്ന പുഴകള്‍.

Saturday, August 4, 2012

പുക തിന്നുന്ന അടുപ്പുകള്‍


    

 വിശുദ്ധന്റെ  കബറിടമുള്ള  പുണ്ണ്യനാടെ നീ ലജ്ജി
ക്കുക. ഇവളുടെ എന്തെന്ത് കണ്ണുനീര്‍ നിന്റെ മാറില്‍ 
വീണു വറ്റിപ്പോയിട്ടുണ്ടാവാം.
കഷ്ടപ്പാടുകൊണ്ട്  അറബിനാടുകളിലേക്ക് 

പെണ്‍കുട്ടികളെ കയറ്റി അയക്കാന്‍ തീരുമാനിക്കുന്ന 
മനുഷ്യാ നീ ഇത് കണ്ടു പോകുക..
           നിന്റെ കടം വീട്ടാന്‍ നിനക്ക് അവളുടെ കണ്ണോ 
കരളോ വില്‍ക്കാം. ഹൃദയം തന്നെയുമോ വില്‍ക്കാം... 
പരദേശത്ത് ഒരുപക്ഷെ അവള്‍ അനുഭവിക്കാന്‍ പോകുന്ന കൊടും ക്രൂരതവെച്ച് നോക്കുമ്പോള്‍ അതൊക്കെ എത്രയോ ചെറുതാണ്....
   

     ളര്‍ത്തു മൃഗങ്ങളേറെയൊന്നുമില്ലാത്ത ഇവര്‍ക്ക് 
ചാട്ടവാറടിച്ചു രസിക്കാന്‍  ഇന്ത്യയിലെയും, ശ്രീലങ്കയിലെയും, പെണ്ണുങ്ങള്‍തന്നെ വേണം... ഇത്രയും ക്രൂരത അനുഭവിച്ചു 
വേണമോ ഇവള്‍ ഇവളുടെ കുടുംബത്തെപ്പോറ്റാന്‍  
എന്നും ഒരു ഞൊടി ആലോചിക്കുക.        കുറിപ്പുകണ്ട് ആരെങ്കിലും ഒരാള്‍ അവളുടെ  പലായനത്തില്‍ 
നിന്നും പിന്മാറിയാല്‍ ഈ വരികള്‍ അര്‍ത്ഥവത്തായി എന്ന് ഞാന്‍ വിചാരിക്കുന്നു. എന്തെന്നാല്‍  എഴുത്ത് എനിക്ക് ഉണര്ന്നിരിപ്പിന്റെ കൂട്ടുകാരനാണ്.

                  വേദനയില്‍ പുളയുന്ന മൃഗങ്ങള്‍ക്കും ചോരചേര്‍ത്ത് ചിരിക്കാന്‍ പഠിക്കുന്ന യജമാനനും ഇടയിലെ  നീതിയുടെ പാലം ഏതാണ്...ദൈവമേ എന്ന ചങ്ക് പൊട്ടിക്കരച്ചിലോ !
അതോ വിധി എന്ന വിശ്വാസത്തിലേക്കുള്ള നിശബ്ദതയോ...  

8 comments:

പ്രവാസം..ഷാജി രഘുവരന്‍ said...

എഴുത്ത് ഉണര്ന്നിരിപ്പിന്റെ കൂട്ടുകാരനാണ്......

Rafeek Udma said...

എല്ലാ മനുഷ്യത്വ ധ്വംസ്വനങ്ങളും അപലപിക്കപ്പെടെണ്ടാതാണ്. ഒപ്പം അനീതി ഈ ലോക ക്രമത്തിന്റെ ഭാഗവുമാണ്. അങ്ങിനെ നോക്കുമ്പോള്‍ വിശുദ്ധന്റെ കബരിടമുള്ളത് കൊണ്ട് മാത്രം ഒരു രാജ്യത്തിനോ പ്രദേശതിനോ അതില്‍ നിന്നും വ്യത്യാസമുന്ദാവുമെന്നു തോന്നുന്നില്ല. നാം കാണുന്നു എന്നതല്ല എങ്ങിനെ കാണുന്നു എന്നതാണ് പ്രധാനം.


വേറൊരു രീതിയില്‍ ഒന്ന് വിലയിരുത്തിയാല്‍ അറേബ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് പ്രവാസികളെ ഇത്രയധികം സ്വീകരിക്കാന്‍ 'സഹന ശക്തി' കാട്ടുന്ന രാജ്യങ്ങള്‍ വേറെ ഇല്ല എന്ന കാര്യം നാം മറന്നു കൂടാ. അതിനു എന്തൊക്കെ വിവരണങ്ങള്‍ നല്‍കിയാലും. കുവൈറ്റിന്റെ കാര്യം മാത്രം എടുത്താല്‍ ജന സംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗം പ്രവാസികളാണ്. അതില്‍ തന്നെ ഇന്ത്യക്കാര്‍ 20 ശതമാനത്തോളം വരും. അതെ സമയം പല തരത്തിലും വികസിതമെന്നു നാം കരുതുന്ന യൂറോപീന്‍ രാജ്യങ്ങള്‍ ഈ കാര്യത്തില്‍ വളരെ പിന്നിലാണ് താനും. ജെര്‍മന്യും ബ്രിടനും ഫ്രാന്സുമൊക്കെ ഉദാഹരങ്ങളാണ്. അങ്ങിനെ നോക്കുമ്പോള്‍ നിക്ഷ്പക്ഷമായ ഒരു പഠനത്തിന്റെ സഹായത്തോടെ അല്ലാതെ ഒരു രാജ്യത്തിലെയും മനുഷ്യത്വ രഹിത പ്രവര്‍ത്തികളെ വിലയിരുത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല.


കുവൈറ്റില്‍ തന്നെ മുമ്പ് ‍ ഇന്ത്യന്‍ എമ്ബസിയിലോക്കെ ‍ മനുഷ്യ കടത്തുമായി ബന്ധപ്പെട്ടു ചരച്ചകള്‍ ഉണ്ടായിട്ടുണ്ടാത്രേ. അന്നൊക്കെ തന്നെ പൂര്‍ണമായ നിരോധനം എന്നതില്‍ നിന്നും പിന്തിരിപ്പിച്ചത് ഇങ്ങനെ പീഡനം അനുഭവിക്കുന്ന ആളുകളുടെ ശതമാനം കുറവാണ് എന്ന കണ്ടത്തെലിലും, ഒപ്പം അങ്ങനെ ചെയ്യുന്നത് കൊണ്ട് ബഹു ഭൂരിഭാഗത്തിന്റെ ജീവനവൃതിക്കുള്ള ഉപാധി ഇല്ലാതാക്കും എന്ന വിലയിരുത്തലിലും ‍ആണത്രേ. ഗവണ്മെന്റുകള്‍ തന്നെ ബോധ വല്‍ക്കരണ കാര്യത്തില്‍ വളരെ മുന്നോട്ട് പോയിട്ടുണ്ട് താനും.


ഞാന്‍ ആദ്യം പറഞ്ഞ കാര്യം ആവര്തിക്കുന്നതോടൊപ്പം നമ്മുടെയൊക്കെ ഉദ്ദേശം എല്ലായിപ്പോഴും വിശാലമായിരിക്കട്ടെ എന്ന് കൂടി സൂചിപ്പിക്കുന്നു. ഒപ്പം വ്യത്യസ്തത തോന്നിയില്ലെങ്കിലും എഴുത്തിനപ്പുറം ദ്ര്ശ്യങ്ങള്‍ കൊണ്ട് മനസ്സില്‍ ഒരു ചെറിയ വേദന അന്ക്കുരിപ്പിച്ചതിനു നന്ദി.

Vinodkumar Thallasseri said...

മനുഷ്യര്‍ക്ക്‌ എത്രത്തോളം ക്രൂരന്‍മാര്‍ ആകാം എന്ന്‌ കാട്ടിത്തരുന്നു, ഈ ദൃശ്യങ്ങള്‍. ഒരു നിമിഷത്തിനെ കോപത്തില്‍ ശിക്ഷിക്കുന്നതും വളരെ ആലോചിച്ച്‌ തയ്യാറെടുത്ത്‌ ഇങ്ങനെ ചെയ്യുന്നതിലും വ്യത്യാസമുണ്ടല്ലോ.

എണ്റ്റെ വംശത്തിണ്റ്റെ ക്രൂരതയുടെ മറ്റൊരു മുഖം കാട്ടിത്തന്നതിന്‌ നന്ദി, ധര്‍മരാജ്‌

സാക്ഷ said...

പ്രിയ റഫീക്ക്,
ആദ്യമേ നന്ദി, ഒരുപാട് കാലങ്ങള്‍ക്ക് ശേഷം എന്റെ ബ്ലോഗില്‍ ഒരു അഭിപ്രായ പ്രകടനം നടത്തിയതിന്. ഒരു ചെറിയ വിശദീകരണം നല്‍കേണ്ടതുണ്ട് എന്ന് തോന്നുന്നു, എന്റെ പക്ഷത്തു നിന്നും.
ഒരു രാജ്യത്തെ മതമായി നാം തെറ്റി വായിക്കുമ്പോള്‍ ഉണ്ടാകുന്ന മനുഷ്യത്വധ്വസനങ്ങള്‍ ഭീകരമാണ്. അത് ഭരണകൂട ഭീകരത എന്നൊക്കെ എരിവുകിട്ടാന്‍ വേണ്ടി നാം പ്രയോഗിക്കുന്ന വാക്കുകളെക്കാളും,വലിയതാകുന്നു.
ഒരു മതത്തിനും ദൃഡമായി ക്ളിപ്തപ്പെടുത്തിയ കണിശ നിയമങ്ങള്‍ ഇല്ല. അത് പരസ്പ്പര പൂരകങ്ങള്‍ പോലുമോ ആകുന്നില്ല പലപ്പോഴും. അതിന്റെ ഉരസലുകള്‍ക്ക് മനുഷ്യ കുലത്തിന് ഒരുപാട് ചോര വാര്‍ക്കേണ്ടി വന്നിട്ടുണ്ട്.
സൗദി നിയമം പ്രകാരം സ്ത്രീക്ക് വാഹനം ഓടിക്കാന്‍ അവകാശമില്ല എന്നാല്‍ കുവൈറ്റിലും, ഇതര അറബ് നാടുകളിലും അതല്ല സ്ഥിതി.എന്നാല്‍ ഒരു സൗദി പൌരനെ സംബന്ധിച്ചിടത്തോളം ഈ സ്വാതന്ത്ര്യം
മത ചട്ട ലംഘനമാണ്. അതെ സമയം ഇവിടങ്ങളി ലെ സ്ത്രീകള്‍ ഹജ്ജു ചെയ്യുന്നതില്‍ വിലക്കുകളും ഇല്ല! ഇതെന്നെ നിരന്തരം അല്ഭുതപ്പെടുത്തുന്നുണ്ട്.
ഇസ്ലാം ഒരു രാജ്യാന്തര മതമാകയാല്‍ ഇത്തരം പൊരുത്തക്കേടുകള്‍ സാധാരണമാണ്.കേവലം പ്രാദേശികമായ ഹിന്ദുമതത്തിലും ഗ്രാമീണമായ നിരവധി വൈരുധ്യങ്ങള്‍ ഉണ്ട്.ഓരോ വിശ്വാസിയും അതെങ്ങിനെ ഉള്‍ക്കൊള്ളുന്നു എന്നതാണ്
വിഷയം. ഇത്തവണ ചരിത്രത്തിലേക്ക് ഓടിക്കയറിയ സാറ അത്താറിനാണ് ഈ ഒളിമ്പിക്ക് ഗാലറിയില്‍
ഏറ്റവും കൂടുതല്‍ കയ്യടി കിട്ടയത് എന്നുമോര്ക്കുക. കയ്യടിക്ക് എപ്പോളും രണ്ടു മാനങ്ങള്‍ ഉണ്ടല്ലോ.
എന്നാലും കാലാനുസൃതമായി ജാലകങ്ങള്‍ തുറന്നിടെണ്ടതുണ്ട് എല്ലാ വിശ്വാസങ്ങളും. അതിന്റെ ഒരു തുടക്കം മാത്രമാണ് സാറ എന്നു ഞാന്‍ പ്രത്യാശിക്കുന്നു.

ഞാന്‍ സൌദിയില്‍ മൂന്നു വര്ഷം ജീവിച്ചവനാണ്. അവിടുത്തെ മണല്‍ത്തരികളുടെപോലും ആത്മീയാനന്തം നേരിട്ടനുഭവിച്ചവനാണ്. അതേ സമയം ഒരു പാടു നികൃഷ്ട്ട നീക്കങ്ങളും അടുത്തു കാണാനിടയായി.

ഒരു പുലര്‍കാലത്തെ വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ശേഷം കൂട്ടുകാര്‍ എന്നെ കണ്ടെത്തുമ്പോള്‍ ഞാന്‍ മരുഭൂമിയില്‍ പെരുവിരലില്‍ എഴുന്നു നിന്ന്, കണ്ണ് പൂട്ടി, ചെവിയിലേക്ക് വിരലുകള്‍ തിരുകി ബാങ്ക് വിളിക്കുകയയിരിന്നു. പിന്നീട് അമ്മ പറഞ്ഞു ജാതകപ്രകാരം പിതൃക്കളാണ് എന്നെ രക്ഷപ്പെടുത്തിയതെന്ന്. പിതൃക്കള്‍ക്ക് അന്ന് എന്റെ അര്‍ത്ഥം അരൂപിയായ ആ വിശുദ്ധന്‍ എന്നു തന്നെയായിരുന്നു. അതിനു ശേഷം പതിമൂന്നു വര്‍ഷ ങ്ങള്‍ക്കിപ്പുറം ഇന്നും എനിക്ക് ബാങ്ക് വിളിയുടെ പൂര്‍ണ്ണമായ വരികള്‍ തിട്ടമില്ല അതും എന്നെ സ്വയം അത്ഭുതപ്പെടുത്തുന്നു. അപ്പോള്‍ ആരാണ് അന്ന് എന്നെക്കൊണ്ട് അങ്ങിനെ ചെയ്യിപ്പിച്ചത് !

ബ്ലോഗില്‍ കണ്ട ദൃശ്യങ്ങളേക്കാളേറെ എന്റെ ആദ്യ വരി താങ്കളെ വേദനിപ്പിച്ചെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കാന്‍ ബാധ്യസ്ഥനാണ്. എനിക്ക് തോന്നുന്നത് ആ വരികളില്‍ സൗദി എന്ന നാട്ടിനെക്കാളും ഞാന്‍ ഉയര്‍ത്തിപ്പിടിച്ചത് ആ വിശുദ്ധന്റെ ഖബറിടം തന്നെയാണെന്നാണ്. ഹജ്ജു കാലത്ത് ജിദ്ദ വിനാനത്തവളത്തില്‍ നിരവധി തവണ പോയി എ തിരക്കില്‍ വിസ്മയിച്ചു നിന്നിട്ടുണ്ട്. ഒന്ന് കൂടി ഓര്‍മ്മിപ്പിക്കട്ടെ സൗദി അറേബ്യ ഒരു മതമല്ല ഒരു രാജ്യമാണ്.
ബ്ലോഗ്‌ വായിച്ചവര്‍ക്കും, കുറിപ്പിട്ടവര്‍ക്കും നല്ല നമസ്ക്കാരം.

Rafeek Udma said...

മതത്തെ അടിസ്ഥാനപ്പെടുത്തി മനുഷ്യര്‍ നിര്‍മിച്ച 'മതമാണ്‌' സൗദി അറേബ്യ രാജ്യത്തിന്റെ നിയമങ്ങളായി അവതരിപ്പിക്കുന്നത്‌. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കണം സ്ത്രീയുടെ അവകാശം നിഷേധിക്കപ്പെടുകയും ചെയ്യപ്പെടുന്നത്. എന്നാല്‍ ഇത് മതത്തിന്റെ കുറ്റമല്ല. പകരം അത് നിര്‍വചിക്കുന്നതില്‍ ഭരണകൂടത്തിനു സംഭവിക്കുന്ന പാളിച്ചയാണ്. അത് കൊണ്ടാണ് അതൊരു അവകാശ നിഷേധമായി മനസ്സിലാക്കുന്നതും.

എന്നാല്‍ താങ്കളെ അത്ഭുതപ്പെടുത്തുന്ന ഹജ്ജു എന്ന കര്‍മം ഇസ്ലാമിന്റെ അടിസ്ഥാനമാകയാല്‍(പുരുഷനും സ്ത്രീക്കും ഒരു പോലെ) അതില്‍ കൈകടത്താന്‍ ഭരണകൂടത്തിനു സാധ്യമല്ല. അത് വിശ്വാസികളെ സംബന്തിചെടുതോളം കൂടുതല്‍ വൈകാരികമാണ്.

ഈ രണ്ടു കാര്യങ്ങളെയും വെവ്വേറെ വിഷയങ്ങളായി തന്നെ കാണണം. അങ്ങിനെയാണ് താങ്കള്‍ അവസാനം പറഞ്ഞ 'സൗദി അറേബ്യ ഒരു മതമല്ല ഒരു രാജ്യമാണ്' എന്ന പ്രസ്താവന സാധൂകരിക്കപ്പെടുന്നത്.

ഇനി മതത്തെ അടിസ്ഥാനപ്പെടുത്തി തന്നെയാണല്ലോ, എന്ന ഒരു വാദത്തിനു അത് രാജ്യാന്തരം എന്ന് കണക്കാക്കുന്നതിനേക്കാള്‍ ചരിത്രത്തിലേക്ക് പരതുന്നതാവും നന്ന്.

താങ്കളുടെ വിശുദ്ധന്റെ കബറിടം എന്ന പ്രയോഗം എന്നെ വേദനിപ്പിക്കുന്നെ ഇല്ല. അത് താങ്കളുടെ ആവിഷ്ക്കാര സ്വാതന്ത്ര്യമായി മാത്രമാണ് ഞാന്‍ മനസ്സിലാക്കുന്നത്. പകരം മാനവികമായ ഒരു വിഷയത്തെ ഏതെങ്കിലും തരത്തില്‍ ചുരുക്കപ്പെടുന്നതിനെതിരെയാണ് എന്റെ വിയോജിപ്പ്. കേവലം വൈകാരികമായി അതിനെ സമീപിക്കുന്നത് അതിന്റെ ലൌകിക മാനത്തെ കാണാതെ പോകല്‍ കൂടിയാണ്. ഒരിക്കല്‍ കൂടി പറയട്ടെ, ഈ ലോകത്ത് മറ്റു പലതും പോലെ നന്മയും തിന്മയും ആപേക്ഷികമാണ്.

സാക്ഷ said...

മതത്തെ അടിസ്ഥാനപ്പെടുത്തി മനുഷ്യര്‍ നിര്‍മിച്ച 'മതമാണ്‌' സൗദി അറേബ്യ ആ രാജ്യത്തിന്റെ നിയമങ്ങളായി അവതരിപ്പിക്കുന്നത്‌. എന്ന വാദത്തില്‍ സ്നേഹപൂര്‍വ്വം ഒരു തിരുത്ത് ഞാന്‍ വെക്കുന്നു. മതത്തെ അടിസ്ഥാനപ്പെടുത്തി പുരോഹിതര്‍ നിര്‍മിച്ച 'മതമാണ്‌' സൗദി അറേബ്യ ആ രാജ്യത്തിന്റെ നിയമങ്ങളായി അവതരിപ്പിക്കുന്നത്‌. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കണം സ്ത്രീയുടെ അവകാശം നിഷേധിക്കപ്പെടുകയും ചെയ്യപ്പെടുന്നത് എന്ന ഒരു നീസംഗതയോട് എനിക്ക് വിയോജിപ്പുണ്ട്. അടിസ്ഥാനത്തിലാണ് എന്ന ഉറച്ച നിരീക്ഷണമല്ലേ കാലോചിതം. മതത്ത നിര്‍വ്വചിക്കുന്നതില്‍ ഒരു ഭരണകൂടത്തിനു തെറ്റ് പറ്റുമ്പോള്‍ നിശ്ശബ്ദനായിരിക്കുന്ന പൌരോഹിത്യത്തിന്റെ പ്രസക്തിയെന്താണ്‌. അത് സമത്വത്തില്‍ അധിഷ്ടിതമായ ഒരു പാതയിലേക്കുള്ള മാര്‍ഗ്ഗ ദര്ശ്ശകം തന്നെയാവണ്ടേ. അതും നമ്മുടെ നാട്ടിലെന്ന പോലെ മതം കച്ചവട ഉപാധികളായി സ്ഥാപനവല്ക്കരിക്കപ്പെടാതെ ഇന്നും തനതു ശുദ്ധിയില്‍ നിലനില്‍ക്കുന്ന സൗദി അറേബ്യപോലൊരു രാജ്യത്ത്.

"ഈ ലോകത്ത് മറ്റു പലതും പോലെ നന്മയും തിന്മയും ആപേക്ഷികമാണ് "എന്ന തത്വത്തില്‍ കേവലം പ്രാര്‍ത്ഥനാധി ഷ്ടിതമായ ഒരു ജീവിതം ജീവിച്ചു തീര്‍ക്കാന്‍ നമുക്ക് സാധ്യമല്ല. പ്രാര്‍ഥിക്കാന്‍ കണ്ണുകളടക്കുന്ന പഴുതുകളില്‍ കൂടെപ്പോലും നാം ചതിക്കപ്പെടുന്നുണ്ട് ചിലപ്പോള്‍. ഇത് എന്റെ മതത്തിന്റെ കാര്യം കൂടിയാണ്.
അത്ഭുതപ്പെടുത്തുന്ന ഹജ്ജ് എന്ന കര്‍മം ഇസ്ലാമിന്റെ അടിസ്ഥാനമാകയാല്‍(പുരുഷനും സ്ത്രീക്കും ഒരു പോലെ) അതില്‍ കൈകടത്താന്‍ ഭരണകൂടത്തിനു സാധ്യമല്ല. അത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ വൈകാരികമാണ്. എന്ന് താങ്കള്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇസ്ലാമിന്റെ അടിസ്ഥാന വീക്ഷണത്തില്‍ അടിയുറച്ചു നിന്ന് തന്നെയാണ് സൗദി അറേബ്യ അതിന്റെ ഭരണഘടന നിര്മ്മിച്ചതെന്നാണ് എന്റെ വിശ്വാസം. താങ്കളും കുറിപ്പിന്റെ ആദ്യവരിയില്‍ അത് ഊന്നിപ്പറയുന്നുണ്ട്. അപ്പോള്‍ ഹജ്ജ് എന്ന വിശുദ്ധ കര്‍മത്തില്‍ സ്ത്രീക്ക് കിട്ടുന്ന 'ഒരു പോലെ' എന്ന് താങ്കള്‍ വിവക്ഷിച്ച ആ സ്ഥിതി അവരുടെ ഭരണഘടനയില്‍ നിന്നും എങ്ങിനെയാണ് ചോര്‍ന്നു പോയത്. ഈ ഒരു വിഷയം വൈകാരികമായി ചുരുക്കപ്പെടാതിരിക്കാനാണ് ഞാന്‍ ഈ ഗ്ലോഗില്‍ എഴുത്ത് ചുരുക്കി ദൃശ്യങ്ങള്‍ മാത്രം അവതരിപ്പിച്ചത്. ഇത്രയും ഉന്നതമായ മൂല്യങ്ങള്‍ ശീലിച്ചുപോന്ന നാടേ നിന്റെ മാറിലും ഈ കണ്ണീര്‍ വീണോ എന്നേ ഞാന്‍ വ്യാകുലപ്പെട്ടിട്ടുള്ളൂ.
നന്ദി സ്നേഹിതാ ഉചിതമായ ഇടപെടല്‍ കൊണ്ട് ബ്ലോഗിനെ സജീവ മാക്കിയത്തിന്

Rafeek Udma said...

ധര്മന്റെ ഈ അഭിപ്രായ പ്രകടനതിനോടുള്ള എന്റെ വീക്ഷണം ഞാന്‍ നേരത്തെ തന്നെ സൂചിപ്പിച്ചു കഴിഞ്ഞു. ഒന്നേ പറയാനുള്ളൂ, എല്ലാ മതങ്ങളും നന്മയാണ് ഉദ്ഗോഷിക്കുന്നത്.അതുകൊണ്ട് തന്നെ മതങ്ങളെ അതിന്റെ മാനദാന്ടങ്ങളുടെ അടിസ്ഥാനത്തില്‍ പഠിക്കാന്‍ ശ്രമിക്കുക. അത് രൂപപ്പെട്ട കാലത്തെയും അതിനു ശേഷം അതിന്റെ പരിണാമ ചരിത്രവും മനസ്സിലാക്കാന്‍ ശ്രമിക്കുക. ജീവിതത്തില്‍ അതിനു സമയം നല്‍കാന്‍ ഉണ്ടെങ്കില്‍ നമ്മുടെ പല ചോദ്യങ്ങളുടെയും ഉത്തരം എളുപ്പത്തില്‍ കിട്ടും. വാക്കുകളെ വിസ്തരിക്കുന്നതിന് പകരം ആശയം മനസ്സിലാക്കാന്‍ അത് സഹായിക്കും. കേവലമായ പ്രാദേശിക മഹനീയ വല്ക്കരനതിനപ്പുരം ബ്രഹത്തായ ആശയങ്ങളുടെ പ്രായോഗികതയെ പറ്റി അറിയാന്‍ കഴിയും.


നല്ലൊരു ഭാഷ കൈമുതലായുള്ള താങ്കളുടെ ചിന്ദകള്‍ പലപ്പോഴും ചിതറിയതും അതെ സമയം ആരാഷ്ട്രീയവുമായിപ്പോവുന്ന്നു എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല

കഥപ്പച്ച said...

നന്നായി ... ഓണം ആശംസകള്‍ അഡ്വാന്‍സായി ....

ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )