എഴുതിക്കടന്ന പുഴകള്‍.

Friday, May 27, 2011

എഴുത്താടുകളുടെ നല്ല ഇടയന്‍

27 /05 /2011       
സമയം കാലത്ത് പതിനൊന്ന്
വേദി:സക്സസ് ലൈന്‍  ഓഡിറ്റോറിയം 
ഞാനാണ് എഴുത്തച്ചന്‍ എന്ന അക്കപ്പോരിന്റെ കവാടത്തില്‍ അയാള്‍ മുഖം കുനിച്ച് ഇരുന്നു.
എന്നിട്ട് വളരെ വിനയാന്വിതനായി ഇങ്ങനെ പറഞ്ഞു
 "എനിക്കും ഒരെഴുത്തുകാരനാവാമെങ്കില്‍ ആര്‍ക്കും ഒരെഴുത്തുകാരനാവാം"
അയാള്‍ക്ക്‌ പേര്‍ ബെന്യാമിന്‍.
എഴുത്ത് കൊണ്ട് സ്വയം ഊതിക്കാച്ചപ്പെട്ടവന്‍. ഇപ്പോള്‍ അയാള്‍ക്ക്‌ നജീബിന്റെ മുഖമാണ്. ആള്‍പ്പാര്‍പ്പില്ലാത്ത വെളിംപ്രദേശത്തു മാത്രമല്ല ശീതികരിച്ച മുറിയിലും നമുക്ക് മരുഭൂമികള്‍ സൃഷ് ട്ടിക്കാം എന്ന് എനിക്കിന്നാണ് മനസ്സിലായത്.ഞാന്‍ മരുഭൂമിക്കപ്പുറത്തെ അബ്ദാലിയില്‍ നിന്നും ഓടിവന്നവന്‍‍.അവിചാരിതമായി കണ്ട് മുട്ടിയ ഒരു നാടന്‍ സുഹൃത്തിനോട് അബ്ദാലിയിലാണ് ജോലി എന്ന് പറഞ്ഞപ്പോള്‍ അവിടെ ഒത്തിരി മസറകള്‍ ഉണ്ടല്ലോ എന്ന് ഈയിടെ അവന്‍ അത്ഭുതം കൂറിയിരുന്നു." മസറ"എന്ന വാക്ക് എന്നെ ഉടലറ്റം പൊള്ളിച്ചുകളഞ്ഞു
ആ വാക്ക് എന്നെ പരിചയപ്പെടുത്തുന്നത് ബെന്യാമിന്റെ "അടുജീവിത"മാണ്.
ദൈവമേ എത്ര നജീബുമാരുടെ മസറകളും കടന്നാണ് ഞാന്‍ എന്റെ തൊഴിലിടത്തിലേക്ക് പോകുന്നത് എന്നൊരു വേവലാതി അന്ന് മുതല്‍ എന്നേ പിന്‍തുടര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു.വടക്കന്‍കാറ്റ്  ആഞ്ഞടിച്ചു ഓഫീസ് മുറിയിലേക്ക് ആട് മണംവന്നു നിറയുമ്പോളൊക്കെ അവയ്ക്ക് പിന്നില്‍ മുട്ട് കുത്തിയിരുന്നു പ്രാര്‍ത്ഥനപോലെ കരയുന്ന നജീബ് എന്റെ രാവുറക്കത്തെ ഒട്ടൊന്നുമല്ല വേട്ടയാടിക്കൊണ്ടിരുന്നത്...
ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു "എഴുത്ത് വഴി നജീബിനെ തുറന്നുവിട്ടതിനു ശേഷം അനുഭവിച്ച ശൂന്യതയെ ബെന്യാമിന്‍ എങ്ങിനെയാണ് അതിജീവിച്ചത്?"
"അത് എഴുത്തുകാരന്‍ നിരന്തരം അനുഭവിച്ചു പോരുന്ന യാതനകളുടെ തുടര്‍ച്ചയാണ്,ഞാന്‍ എഴുത്ത് നേരങ്ങളില്‍ നിരന്തരം നജീബുമായി ഉള്ളില്‍ സംസാരിക്കുകയും അയാളെ കാണുകയും ചെയ്തിരുന്നു.ജീവിതത്തിലെ നജീബിനെക്കാളും എനിക്കിഷ് ട്ടം പുസ്തകത്തിലെ നജീബിനെയാണ്."
"ഏകാന്തതയുടെ സെല്ലില്‍ അടക്കപ്പെട്ട രണ്ടുപേര്‍ തീര്‍ച്ചയായും പരസ്പരം പേരെങ്കിലും ചോദിക്കില്ലേ?മസറയിലെ നജീബിന്റെ സഹപ്രവര്‍ത്തകനെ താങ്കള്‍ "ഭീകരരൂപി" എന്നാണല്ലോ അഭിസംബോധന ചെയ്തിരിക്കുന്നത്?
"ശരിയാണ്,ഏകാന്തതയില്‍ കുടുങ്ങിപ്പോയ ഒരാളുടെ അടുത്ത് എത്തപ്പെടുന്ന ഒരു ചെറുപ്പക്കാരന്‍ അയാളോട് പേര് ചോദിച്ചാല്‍ അതറിഞ്ഞിട്ട് നിനക്കെന്തു വേണം എന്നഭാവത്തില്‍ ഇരിക്കുകയെ ഉള്ളൂ.അതിനപ്പുറം അയാളില്‍ നിന്നൊന്നും നാം പ്രതീക്ഷിക്കരുത്"
"നജീബ് ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസം ഉടയാതെ ഇങ്ങോളം നിലനില്‍ക്കുന്നതെങ്ങിനെയാണ്?"
"അത് നജീബിന്റെ വിശ്വാസമല്ല,ബെന്യാമിന്റെ വിശ്വാസമാണ്,ഒരു സ്വകാര്യം പറയട്ടെ,വിശ്വാസത്തിനാണ് ഇന്നേറെ വാണിജ്യ സാധ്യത,പിന്നെ കേട്ടെഴുത്തില്‍ ഒരു താളം കിട്ടിയത് നജീബ് ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസം കൊണ്ട് മാത്രമാണ് "      
"മരുഭൂമിയെ ഇത്രയധികം എങ്ങിനെ പരിചയപ്പെട്ടു?"
"ആടുജീവിതത്തിന്റെ പശ്ചാത്തല രൂപീകരണത്തിനായി ഞാന്‍ മരുഭൂമിയെക്കുറിച്ചുള്ള പത്തോളം പുസ്തകങ്ങള്‍ പഠിച്ചു,പിന്നെ ഏറെ കേട്ടറിഞ്ഞു,ഇത്തിരി കണ്ടും" 
"ആടുജീവിതം വായിച്ചതിനുശേഷം വായനക്കാരില്‍നിന്നും കിട്ടയ മനസ്സില്‍ തട്ടുന്ന അനുഭവം?"
"ഒത്തിരിയുണ്ട്,ഈയിടെ ആടുജീവിതം പാഠപുസ്തകമാക്കിയിരുന്നു.സ്കൂളിലും കോളേജിലും.മലബാര്‍ മേഖലയില്‍ നിന്നും ഒരു ടീച്ചര്‍ എന്നെ വിളിച്ചിരുന്നു.അവരുടെ കുട്ടികള്‍ ഒരുതീരുമാനമെടുത്തത്ത്രെ
ഇനി തങ്ങളുടെ ഉപ്പമാരോടോ,ചേട്ടന്‍ മാരാടോ അവര്‍ ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ ഒരു സാധനത്തിനും അവശ്യപ്പെടില്ലെന്ന്‍!"         
"ആടുജീവിതം സിനിമയാകപ്പെടുമ്പോള്‍ എത്രത്തോളം അതിന്റെ ഘടനയോടു നീതി പുലാര്‍ത്താനാവും?"
" അതിലെനിക്ക് ആശങ്കയുണ്ട് അതേസമയം ബ്ലെസ്സി എന്ന സംവിധായകനില്‍ എനിക്ക് വിശ്വാസവും.അടൂര്‍ ആടുജീവിതം സിനിമയാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു,അപ്പോഴേക്കും ബ്ലസ്സിയുമായി ചര്‍ച്ചകള്‍നടന്നു കഴിഞ്ഞിരുന്നു"
"
പൃഥ്വിരാജ് നജീബാകുന്നതില്‍ താങ്കള്‍ക്കു പൊരുത്തമുണ്ടോ?
" അദ്ദേഹം നല്ല സമര്‍പ്പണശീലമുള്ള നടനാണ്‌.കച്ചവട സിനിമകള്‍ അനുവദിക്കുന്നില്ലെന്ന് മാത്രം.നജീബിനുവേണ്ടി ശരീരം അത്രത്തോളം മെലിയിക്കാനുള്ള തയ്യാറെടുപ്പിലാണയാള്‍‍."
"ആട് ജീവിതം നായകന്റെ ആത്മഗതങ്ങളുടെ ഒരു ശേഖരമാണ്. ഉപനായകന്മാരാകട്ടെ മറ്റു രണ്ട് ദേശക്കാരും.ഒരു പ്രാദേശിക ചലച്ചിത്രത്തില്‍ എത്രമാത്രം സാധ്യത ഇതിനൊക്കെ?"
"പരിമിതികള്‍ ഏറെയാണ്‌ അതിനെ അതിജീവിക്കാന്‍ ബ്ലസ്സിക്ക് കഴിയും എന്ന് തന്നെയാണ് എന്റെ വിശ്വാസം."
"സിനിമയാവുമ്പോള്‍ പുതിയ കഥാപാത്രങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഇല്ലേ"
"ഉണ്ട് തീര്‍ച്ചയായും മൂന്ന് നാല് കഥാപാത്രങ്ങള്‍ കൂടിഉണ്ടാവും"
" പുതിയ എഴുത്ത് പദ്ധതികള്‍?"
"മഞ്ഞവെയില്‍ മരണങ്ങള്‍...നോവല്‍ ഏതാണ്ട് എഴുതിക്കഴിഞ്ഞു"
"സിനിമ റിലീസാകുന്നതിനു മുമ്പെ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്ന കാലത്ത്,പുസ്തകവും അതേമട്ടില്‍ പ്രത്യക്ഷപ്പെടുന്നത് എഴുത്തുകാരനെ എങ്ങിനെ ബാധിക്കും?"
"പുസ്തകമല്ല,എഴുത്താണ് പ്രചരിക്കുന്നത് അത് എഴുത്തുകാരന് ഗുണമേചെയ്യൂ,അതേസമയം അതിന്റെ വാണിജ്യ സാധ്യതകള്‍ക്ക് പ്രഹരമേല്‍പ്പിക്കുകയും ചെയ്യുന്നുണ്ട്.എന്നാലും പുസ്തകം കിട്ടാത്ത ഒരാളേ നെറ്റില്‍ ആ എഴുത്തിനു വേണ്ടി തെരയൂ..അത് ആ വായനക്കാരന്റെ അഭിവാഞ്ചയാണ്."
"അങ്ങിനെയെങ്കില്‍ എഴുത്തിന്റെ സത്വബോധം പുസ്തകം തന്നെയല്ലേ?"
"തീര്‍ച്ചയായും,എന്നാല്‍ പുസ്തകവും അപ്രത്യക്ഷമാവുന്ന കാലംവരും,പക്ഷെ അന്നും എഴുത്തുണ്ടാവും."
  "നജീബ് പഴയത് പോലെ ഇപ്പോഴും വേട്ടയാടുന്നുണ്ടോ?"
"ഇല്ല, എഴുതിക്കഴിഞ്ഞാല്‍ ആ കഥാപാത്രത്തെ ബോധപൂര്‍വം മറന്നു കളഞ്ഞില്ലെങ്കില്‍ എഴുത്തുകാരന് നിലനില്‍പ്പില്ല.അതിന്റെ തുടര്‍ച്ച പിന്നീടുള്ള എല്ലാഎഴുത്തുകളിലും അത് കൊണ്ടുവന്നിടും."                
   കൂടെ ഒന്നുകൂടെ പറയട്ടെ അബ്ബാസിയയില്‍ ഒരു വായന ശാല ഉത്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്.ജോണ്‍ മാത്യു എന്ന നല്ല മനുഷ്യന്റെ വിയര്‍പ്പുതുള്ളികള്‍.ജോലിയും പ്രാര്‍ത്ഥനയും,സീരിയലും കഴിഞ്ഞു നേരം കിട്ടുന്നുവെങ്കില്‍ അതുവഴി കടന്നു പോകുക.ജീവിക്കാന്‍ അപ്പവും, പ്രാര്‍ഥനകളും മാത്രം പോരാ പുസ്തകങ്ങള്‍കൂടി വേണമെന്നു പറഞ്ഞു കൊടുക്കേണ്ട ബാധ്യത നമുക്ക് മക്കളോടുണ്ട്. 
                  
സമയം വൈകുന്നേരം ഏഴര
വേദി: പ്രവാസി ഓഡിറ്റോറിയം
        സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത എന്നൊരു പ്രയോഗം എന്റെ മുത്തശ്ശിയില്‍നിന്നും കടമെടുക്കുന്നു.എന്തിനാണ് എല്ലാവരും ഇത്രയും ജാഗ്രത്തായിരിക്കുന്നത് എന്നറിയില്ല.ആ നിശബ്ദത നജീബിനുള്ളതാണ്,ശേഷം നജീബിനെ നമുക്ക് പറഞ്ഞുതന്ന ബെന്യാമിനും.കുവൈത്തിലെ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ ആരെയും ബോധിപ്പിക്കാനല്ലാതെ എനിക്കുവേണ്ടി ഞാന്‍ ആദ്യാവസാനംവരെ വന്നിരുന്ന ഒരു പകലറുതി.അതിനെ പ്രൌഡഗംഭീരമാക്കുന്നത് ഒരു പക്ഷെ നജീബ് ജീവിച്ചു തീര്‍ത്ത ആട് ജീവിതമാണ്.പുറമ്പോക്ക് ജീവിതത്തിന് ബെന്യാമിന്‍ സംഭാവന ചെയ്ത ആഗാധമായ വാക്കാണ്‌ "ആട്ജീവിതം".മലയാളത്തില്‍ ഇങ്ങനെ ഒരു രൂപകം ഉയര്‍ത്തിക്കൊണ്ടു വന്നത് ഒരു പക്ഷെ സക്കറിയയായിരുന്നു "ഭാസ്ക്കരപട്ടേലരും എന്റെ ജീവിതവും" എന്ന കൃതിയിലൂടെ തൊമ്മി എന്ന പേര് അടിമത്വത്തിന്റെ നാനാര്‍ത്ഥമാകുന്നത് നാം അനുഭവിച്ചതാണ്‌.അനുസരിക്കുക,എന്ന ഒറ്റ കര്‍മ്മം മാത്രമേ തൊമ്മിക്കും,നജീബിനും ജീവിതം വച്ചുനീട്ടുന്നുള്ളൂ,
ഒരു പുസ്തകം വായിക്കാതെയും അതിനെപ്പറ്റി അഭിപ്രായം പറയാന്‍ കഴിയും എന്നും എനിക്കു മനസ്സിലായത്‌ ഇന്നാണ്.
"എനിക്ക് സംശയമായി.മായിന്‍..? അതെന്താണ്... തോട്ടിയോ വെള്ളമോ? എങ്കില്‍ പിന്നെ അര്‍ബാബ് പറഞ്ഞ മസറ എന്താണ്? മാസറയാണോ മായിനാണോ വെള്ളം...?ആര്‍ക്കറിയാം".ഞാനും ചിലത് പഠിച്ചു തുടങ്ങുകയാണ്... ജീവിതത്തില്‍ പാഠങ്ങള്‍ ഒഴിഞ്ഞിട്ട് നേരമില്ല..
 ചര്‍ച്ചയില്‍ ചിലത് പറയാന്‍ ഞാനും കരുതിയിരുന്നു സമയക്കുറവുമൂലം ഇടംകിട്ടിയില്ല. അതുകൊണ്ട് പറച്ചില്‍ എഴുത്തിലൊതുക്കുന്നു.കുവൈത്തില്‍‍ എത്തിപ്പെട്ട ആദ്യകാലങ്ങളില്‍ ഭീകരമായി അനുഭവിച്ച ഏകാന്തത അകറ്റാന്‍ എനിക്കൊരു വഴിയെ ഉണ്ടായിരുന്നുള്ളൂ.ഫര്‍വാനിയയില്‍നിന്നും ഫഹാഹിലേക്ക് പോകുന്ന നാല്‍പ്പത്തിഒന്നാംനമ്പര്‍ ബസ്സില്‍ കയറി ഇരിക്കുക.ശീതീകര
ണിയോ,എന്തിന് ജനല്‍ചില്ലുകള്‍പോലുമോ ഇല്ലാത്ത പഴഞ്ചന്‍ ബസ്സായിരിന്നു അത്.ഇരുപുറത്തെയും മരുഭൂമികള്‍ താണ്ടി ബസ്സ് ഒരു മണിക്കൂറിനകം അക്കരെ എത്തും..പിന്നെ തിരിച്ചിങ്ങോട്ടും.അത്തരം ഒരു യാത്രയിലാണ് ഞാന്‍ ഹബീബിനെ പരിചയപ്പെടുന്നത്.ബസ്സില്‍ ഞാനും ഡ്രൈവറും മാത്രമേ അതുവരെ ഉണ്ടായിരുന്നുള്ളൂ. വഴിയില്‍ നിന്നാണവന്‍.ബസ്സില്‍ കയറിയത്.എന്നോട് എന്തോ പറയാനുണ്ടെന്ന പോലെ അവന്‍ എന്റെ സീറ്റില്‍ തന്നെ വന്നിരുന്നു.മുഖവുരക്ക് സമയമില്ലാത്തവനെപ്പോലെ നേരിട്ട് അതിലേക്കിറങ്ങി.
"പൊതുമാപ്പ് അടുത്തെങ്ങാനും ഉണ്ടാവുമോ?"
പൊതുമാപ്പ് എന്നവാക്ക് ഞാന്‍ ഒരുപാട് നേരം മനസ്സിലിട്ട് ചവച്ചു.ആര് ആര്‍ക്കു മാപ്പ് കൊടുക്കുന്നു. ഇവന്‍ ചെയ്ത കുറ്റം എന്താവാം..എന്നിങ്ങനെ അതെന്റെ ഉള്ളിലേക്ക് നിരവധി ചോദ്യങ്ങള്‍ വലിച്ചു കൊണ്ട് വന്നു.
ഹബീബ് അവന്റെ കഥ പറയാനാരംഭിച്ചു.ചാവക്കാട്ട് നിന്നും മരുഭൂമിയിലെ പ്രാവ് വളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് വയറ്റുപിഴപ്പിനു പലായനം ചെയ്തവന്‍..പൊള്ളുന്ന ചൂടില്‍ ഓരോ പ്രാവുകളും ചത്തൊടുങ്ങുമ്പോള്‍ ചാട്ടവാറടി ശമ്പളമായി കൈപ്പറ്റിയവന്‍.ഒടുവില്‍ മരണത്തിലേക്കായാലും അത് ഒരു രക്ഷപ്പെടലാണെന്നുറച്ച്‌ ഓടിപ്പോരുകയാണ്.
"നിന്റെ കയ്യില്‍ സിവില്‍ ഐഡിയുണ്ടോ?" ഞാന്‍ ചോദിച്ചു. അതെന്താണെന്ന് അവനറിയി ല്ലായിരുന്നു!അതില്ലെങ്കില്‍ പോലീസ് പിടിക്കാനുള്ള സാധ്യത ഞാന്‍ പറഞ്ഞു    
"അവര്‍ തല്ലുമോ ചേട്ടാ"എന്നൊരു ചോദ്യം ഭയത്തോടെ അവന്‍ എന്നോട് ചോദിച്ചു.
"രണ്ട്‌ ദിവസമായി എന്തെങ്കിലും കഴിച്ചിട്ട് "
നിനച്ചിരിക്കാതെ ഒരു തുള്ളി കണ്ണുനീര്‍ അവന്റെ കണ്ണുകളില്‍ നിന്നും എന്റെ കൈത്തണ്ടയില്‍ ഇറ്റിവീണു.പിന്നെ തെല്ലൊരു കുറ്റബോധത്തോടെ അതവന്‍ തുടച്ചുകളഞ്ഞു.പ്രിയ ഹബീബ് നീ ഇറ്റിച്ച ഈ കണ്ണുനീര്‍ എന്റെ മനസ്സിലാണെന്ന് പറയാന്‍ എനിക്ക് കൊതിതോന്നി.തിരിച്ചു വരാനുള്ള ചെലവും കഴിച്ചു കീശയില്‍ അവശേഷിക്കുന്നത് അര ദിനാര്‍ മാത്രമാണെനിക്ക്.ഞാന്‍ അതവന് കൊടുത്തു.മടിയില്ലാതെ അവനതു വാങ്ങിയെങ്കിലും എന്നെ ഞെട്ടിച്ചുകൊണ്ട്,അടുത്ത ബസ് സ്റ്റോപ്പില്‍  അവന്‍ ഇറങ്ങി.അത് മരുഭൂമിയിലേക്ക് മാത്രം തുറന്നു കിടക്കുന്നതായിരുന്നു. മരുഭൂമിയില്‍ കാല്നടക്കാര്‍തീര്‍ത്ത ഒറ്റയടിപ്പാതയുടെ അടയാളംപോലും ഇല്ലായിരുന്നു! എന്നിട്ടും അവനതിലൂടെ നടന്ന് എങ്ങോട്ടാണ് പോകുന്നത്.ബസ്സിലിരുന്നു നോട്ടമെത്തും വരെ ഞാനവനെ തിരിഞ്ഞുനോക്കി.അദൃശ്യനായി അവനെ വഴിനടത്താന്‍ ഇബാഹിം ഖാദരി അവന്റെ മുമ്പിലുണ്ടാവുമോ? 
ആടുജീവിതം രക്ഷപ്പെട്ടു പോന്ന നജീബിന്റെ ഇതിഹാസം മാത്രമല്ല മണലടരുകള്‍ക്കിടയില്‍ ഒടുങ്ങി പ്പോയ ഹക്കീമിന്റെ കഥകൂടിയാണെന്ന് ബെന്യാമിന്‍ ആണയിടുന്നു.ജീവിതം ഒരു ചീട്ടു കളിപോലെയാണ്.മോശം ചീട്ടുകള്‍ കയ്യില്‍ വന്നു പെട്ടാലും കളിച്ചു ജയിക്കുക എന്നതാണ് നമുക്ക് നമ്മോടു ചെയ്യാനുള്ള നേര്.കയ്യില്‍ ഏതു ചീട്ടുകള്‍ കൊണ്ട് വന്നിടണം എന്ന് തീരുമാനിക്കുന്നത്  ആരാണ്?     
ആടുജീവിതം വര്‍ഷങ്ങള്‍ക്കിപ്പുറം വായിച്ചപ്പോള്‍ ഉള്‍ക്കിടിലത്തോടെ ഹബീബ് എന്റെ ഓര്‍മ്മയില്‍ വന്നുനിറഞ്ഞു.ഹബീബ് നജീബിനെപ്പോലെ കരക്കണഞ്ഞിട്ടുണ്ടാവുമോ?അതോ ഹക്കീമിനെപ്പോലെ......പ്രിയ ബെന്യാമിന്‍ ഇത് ആടുജീവിതമല്ല "പ്രാവുജീവിതം"...                             നാലഞ്ചു മാസങ്ങള്‍ക്ക് മുന്പ് എന്റെ ബ്ലോഗുവഴി അര്ബ്ബാബിന്റെ വീട്ടില്‍ കുടുങ്ങിപ്പോയ അശ്വതി എന്ന ഒരു എഴുത്തുകാരിയെ പരിചയപ്പെടുത്തിയിരുന്നു.ഏകദേശം നാലായിരത്തിലധികം വായന അശ്വതിയുടെ ജീവിതത്തിന് കിട്ടി.സൌദിയില്‍ നിന്നും, ബഹറിനില്‍നിന്നും,ഇറ്റലിയില്‍ നിന്നും വരെ വിവരങ്ങള്‍ തിരക്കിക്കൊണ്ട് വിളികള്‍ വന്നു.ഇതുതന്നെയാണ് ആടുജീവിതത്തിനു കിട്ടിയ പിന്തുണയും.വിരലിലെണ്ണാവുന്ന ചില ധനസഹായങ്ങള്‍കൊണ്ട് അവരുടെ ചില്ലറ കടങ്ങളൊക്കെ വീട്ടി."ഗദ്ദാമ" എന്ന ചിത്രത്തിന്റെ പാട്ടുകള്‍ ടിവിയില്‍ കാണുമ്പോളൊക്കെ ഭയന്ന് നിലവിളിക്കുന്ന മക്കളെക്കുറിച്ചോര്‍ത്തു വേദനിച്ചു കൊണ്ട് അവരുടെ ഫോണ്‍ ഈയിടെ വന്നിരുന്നു.അവര്‍ക്ക് ധൈര്യം പകരാന്‍ "ആടുജീവിതം" ആ കൈകളില്‍ എത്തിക്കാന്‍ പലതവണ ശ്രമിച്ചു.കഴിഞ്ഞില്ല.
ഇത് "അടുക്കള ജീവിതം"
എത്ര കണ്ണികള്‍ വേണം ഒരു ചങ്ങലയാവാന്‍.... എത്ര വേഷങ്ങള്‍ വേണം ഒരു ജീവിതമാകാന്‍!
അശ്വതിയുടെ കഥയറിഞ്ഞ് മാസാദ്യദിനങ്ങളില്‍ സ്ഥിരമായി അരിയും ഉപ്പും മുളകും വെളിച്ചെണ്ണയുമൊക്കെയായി അവരുടെ വീട്ടിലേക്ക് കയറി വരുന്ന രണ്ട്‌ മൂന്ന്‌ പേരുണ്ട്....അശ്വതിയുടെ അമ്മയെ ഓരോതവണ വിളി
ക്കുമ്പോഴും അവര്‍ മറന്നുപോകാതെ അത്ഭുതത്തോടെ ചോദിക്കുന്ന ഒരു കാര്യമുണ്ട്
"മോനെ ആകുഞ്ഞുങ്ങളൊക്കെ ആരാണ്?"
  ഒട്ടുവൈകാരികമായിത്തന്നെ പറയട്ടെ പ്രിയ വായനക്കാരാ അത് കുവൈത്തിലെ യൂത്ത് ഇന്ത്യയുടെ പ്രതിനിധികളാണ്!അവരുടെ ജീവിതത്തിലേക്ക് ദൈവം അയച്ചുകൊണ്ടിരികുന്ന ഇബ്രാഹിം  ഖാദരിമാര്‍!ഈ ഒരു കാഴ്ചപ്പാടുള്ള സംഘടന ബെന്യാമിന്റെ ആടുജീവിതത്തെ തിരിച്ചറിയുന്നത്‌ കരളുകൊണ്ട് വായിച്ചായിരിക്കും എന്നെനിക്കുറപ്പുണ്ട്.അത് കൊണ്ടാണ് എഴുത്തുകാരനെ ആദരിക്കുന്നതിനോടൊപ്പം തന്നെ നജീബിന് സഹായധനം എത്തിക്കാനും അവര്‍ മറന്നു പോകാത്തത്.ഇത് ഒരെഴുത്തുകാരന്റെ കൂടി ഭാഗ്യമാണ്.തനിക്കുള്ള ഉപഹാരത്തോടൊപ്പം തന്റെ കഥാപാത്രത്തിനുള്ള ഉപഹാരവുമായി തിരിച്ചുപോകുക എന്നത്!ബെന്യാമിന്‍ അതര്‍ഹിക്കുന്നുണ്ട്. നജീബും.
ജിവിതം ഒരു തുടര്‍ച്ചയാണ്,ജീവിതത്തില്‍ നാം കെട്ടിയാടുന്ന വേഷപ്പകര്ച്ചകൊണ്ട് മാത്രം കൊണ്ടല്ല,നമുക്കുശേഷം അതേ വേഷത്തില്‍ വന്നുനിറയുന്ന മറ്റുള്ളവരകൊണ്ടുകൂടി.നജീബിന്റെ ദുരിതത്തിന്റെ ആ ഭൂമികയില്‍ ഇപ്പോള്‍ അര്‍ബാബിനോപ്പം മറ്റൊരു നജീബ് തന്റെ വിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട്‌ ഒരു ഇബ്രാഹിം ഖാദരിയേയും കാത്തിരിക്കുകയാവും! പരമകാരുണികനായ പരംപോരുളേ,നീ അവന്റെ വഴിയിടങ്ങളിലും നിലാവ് വീഴ്ത്തുക.കൊച്ചു കൊച്ചു ആവലാതികള്‍ കൊണ്ട് നിറക്കുന്ന നമ്മുടെ  പ്രാര്‍ത്ഥനകള്‍ക്കിടയില്‍ നാം അവന് വേണ്ടിക്കൂടി പ്രാര്‍ത്ഥിക്കേണ്ടതുണ്ടെന്ന്‍ ബെന്യാമിന്‍ നമ്മേ അടുജീവിതം കൊണ്ട് ഓര്‍മ്മപ്പെടുത്തുന്നു. അതുകൊണ്ട് "ആടുജീവിതം"പ്രവാസിയുടെ നേര്‍ചിത്രം മാത്രമല്ല,പ്രവാസിയുടെ വിശുദ്ധ പുസ്തകം കൂടിയായിത്തീരുന്നു.         
          "മൂന്നാഴ്ചകള്‍ കൂടി പിന്നെയും കഴിഞ്ഞു.എന്തെങ്കിലും കള്ളപേപ്പറുകളുമായി അര്‍ബാബ് എന്നെ വീണ്ടും തേടിവരുമോ എന്ന പേടിയിലാണ് ഞാന്‍ അത്രയുംദിവസം കഴിച്ചു കൂട്ടിയത്.എന്നാല്‍ അര്‍ബാബ് പിന്നെവന്നില്ല.മറ്റാരെയെങ്കിലും അയാള്‍ക്ക്‌ ലഭിച്ചുകാണണം.അള്ളാഹുവിന്റെ സ്നേഹം ആ നിസ്സഹായനൊപ്പമിരിക്കട്ടെ... (ആടുജീവിതം)  
                       

6 comments:

Jijo Kurian said...

സുഹൃത്തെ, താങ്കളുടെ എഴുത്തിന് ചുവട്ടില്‍ പ്രോത്സാഹത്തിന്റെയോ, വിമര്‍ശനത്തിന്റെയോ, പൂരിപ്പിക്കലിന്റെയോ അടിക്കുറിപ്പുകളൊന്നും ആവശ്യമായി തോന്നുന്നില്ല. ഇവിടെ സംവേദനം വാക്കുകള്‍ കൊണ്ടല്ല, ഹൃദയം കൊണ്ടാണ്.

തിരൂര്‍ക്കാരന്‍ said...

ധര്‍മന്‍ നമ്മള്‍ ഇപ്പോള്‍ സംസാരിച്ചു ഫോണ്‍ വെച്ചതെ ഉള്ളു. ഇന്നലെ അവിടെ വെച്ച് കാണാം എന്ന് പറഞ്ഞെങ്കിലും അത് നടനില്ല..കാരണം ഇതിനു മുന്പു നമ്മള്‍ പരസ്പരം കണ്ടിട്ടില്ലല്ലോ..അല്ലെങ്കില്‍ തന്നെ എന്തിനു പരസ്പരം കാണുന്നു ഒരേ മനസ്സില്‍ സഞ്ചരിക്കാന്‍ തന്നെ കഴിഞ്ഞാല്‍ അതല്ലേ പുണ്യം. പ്രിയ കലാകാരന്റെ കൂടെ കുറേസമയം ചിലവഴിക്കാന്‍ എനിക്കും കഴിഞ്ഞിരുന്നു. ഇന്നലെ ഒരുമിച്ചു ഡിന്നര്‍ കഴിച്ചാണ് പിരിഞ്ഞത്. എന്റെ സംഘടനയെ കുറിച്ച് താങ്കള്‍ പരാമര്‍ശിച്ച വരികള്‍ അല്പം വൈകാരികമായാണ് ഞാന്‍ വായിച്ചു തീര്‍ത്തത്. കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ അടര്‍ന്നു വീണത്‌ പോലെ.നാം ഒന്ന് മനസ്സുവെച്ചാല്‍ ഇബ്രാഹിം കാദിരിമാരും , വിലപിടിപുള്ള കാറില്‍ സന്ജരികുന്ന അറബി യായും നമുക്ക് മാറാന്‍ കഴിയും. നമുക്കിടയില്‍ നജീബ് മാരും ഹക്കീമുമാരും ഇനിയും ഉണ്ട്. ഭീകര ജീവികളെ പലപ്പോഴും നേരില്‍ കണ്ടു മുട്ടിയിടുണ്ട്. ധര്‍മന്‍ പറഞ്ഞ ബസ്‌ യാത്ര പോലെ മരുഭൂമികളി ലേക്ക് ഒരു യാത്ര ...നാല് തകര ചുമരിനുള്ളില്‍ ജീവിതം തള്ളി നീക്കുന്ന ജീവിതങ്ങള്‍ ഉണ്ടവിടെ ..സംസാരിക്കാന്‍ മറന്ന , പോച്ച തിന്നുന്ന അങ്ങിനെ അങ്ങിനെ പലതും. ചിലപ്പോള്‍ ഒന്നും നമുക്ക് ചെയ്യാന്‍ കഴില്ലയിരിക്കാം പക്ഷെ , ഒരു മനുഷ്യനാവാന്‍ അത് നമ്മെ സഹായിക്കും. ബിന്യമിനിനെ ആദരിക്കല്‍ ചടങ്ങ് ധന്ന്യ മാക്കി തന്ന മാന്ന്യ സുഹുര്തുക്കള്‍ക്ക് മനസ്സിന്റെ അകത്തളങ്ങളില്‍ നിറഞ്ഞു പൊങ്ങുന്ന സന്തോഷം ഇവിടെ പ്രഘടിപ്പിക്കട്ടെ..

Faisal Manjeri said...

നന്മയുടെ പാല് ചുരത്തുന്ന പ്രതികരണം. ബലേ ഭേഷ്!
ഇന്നലത്തെ യൂത്ത് ഇന്ത്യ പരിപാടി വളരെ വളരെ നന്നായി. പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ !!!

Rafeeq Babu said...

പ്രിയ ധര്‍മ്മന്‍, ഹൃദയത്തില്‍ തറച്ച വാക്കുകള്‍ ഇത് തന്നെ:
"അശ്വതിയുടെ കഥയറിഞ്ഞ് മാസാദ്യദിനങ്ങളില്‍ സ്ഥിരമായി അരിയും ഉപ്പും മുളകും വെളിച്ചെണ്ണയുമൊക്കെയായി അവരുടെ വീട്ടിലേക്ക് കയറി വരുന്ന രണ്ട്‌ മൂന്ന്‌ പേരുണ്ട്....അശ്വതിയുടെ അമ്മയെ ഓരോതവണ വിളിക്കുമ്പോഴും അവര്‍ മറന്നുപോകാതെ അത്ഭുതത്തോടെ ചോദിക്കുന്ന ഒരു കാര്യമുണ്ട്
"മോനെ ആകുഞ്ഞുങ്ങളൊക്കെ ആരാണ്?"
ഒട്ടുവൈകാരികമായിത്തന്നെ പറയട്ടെ പ്രിയ വായനക്കാരാ അത് കുവൈത്തിലെ യൂത്ത് ഇന്ത്യയുടെ പ്രതിനിധികളാണ്!അവരുടെ ജീവിതത്തിലേക്ക് ദൈവം അയച്ചുകൊണ്ടിരികുന്ന ഇബ്രാഹിം ഖാദരിമാര്‍!ഈ ഒരു കാഴ്ചപ്പാടുള്ള സംഘടന ബെന്യാമിന്റെ ആടുജീവിതത്തെ തിരിച്ചറിയുന്നത്‌ കരളുകൊണ്ട് വായിച്ചായിരിക്കും എന്നെനിക്കുറപ്പുണ്ട്.അത് കൊണ്ടാണ് എഴുത്തുകാരനെ ആദരിക്കുന്നതിനോടൊപ്പം തന്നെ നജീബിന് സഹായധനം എത്തിക്കാനും അവര്‍ മറന്നു പോകാത്തത്.ഇത് ഒരെഴുത്തുകാരന്റെ കൂടി ഭാഗ്യമാണ്.തനിക്കുള്ള ഉപഹാരത്തോടൊപ്പം തന്റെ കഥാപാത്രത്തിനുള്ള ഉപഹാരവുമായി തിരിച്ചുപോകുക എന്നത്!ബെന്യാമിന്‍ അതര്‍ഹിക്കുന്നുണ്ട്. നജീബും."

അരസികന്‍ said...

എത്ര കണ്ണികള്‍ വേണം ഒരു ചങ്ങലയാവാന്‍.... എത്ര വേഷങ്ങള്‍ വേണം ഒരു ജീവിതമാകാന്‍

Vinodkumar Thallasseri said...

ഹൃദയത്തില്‍ തൊട്ടുള്ള എഴുത്ത്‌. എഴുത്തില്‍ മറ്റെന്തില്ലെങ്കിലും സത്യസന്ധത വേണമെന്ന് ഞാന്‍ വിചാരിക്കുന്നു. ഇതില്‍ അതുണ്ട്‌, വേണ്ടുവോളം.