എഴുതിക്കടന്ന പുഴകള്‍.
15

ദയവുചെയ്ത് മുമ്പത്തെ പോസ്റ്റ്‌ "ചിറക് തിന്നുന്ന പക്ഷികള്‍" വായിച്ചതിനു ശേഷം ഇത് വായിക്കുക

ചതുരത്തിന് ഒരു നിറമുണ്ട്
ചതുപ്പില്‍ ഒടുങ്ങിപ്പോയവരുടെ നിറം
ചേര്‍ന്നു നില്‍ക്കുന്നവനും അത് കാണണമെന്നില്ല!

ത്രികോണത്തിനു ഒരു സംഗീതമുണ്ട്
വേശത്തെരുവിലൂടെ നടക്കുന്ന എല്ലാവരും
അത് കേള്‍ക്കണമെന്നില്ല
വേദനിക്കുന്ന മനസ്സിലെ അത് ഇരപിടിക്കൂ!

വൃത്തിന് ഒരു സങ്കടമുണ്ട്
നാടുകടത്തപ്പെട്ടവരുടെ നാട്ടുപച്ചകള്‍ പോലെ!
ചക്രങ്ങളെല്ലാം വട്ടത്തിലാണല്ലോ

ഞാന്‍,
ആരും വരുവാനില്ലാത്ത പട്ടിണി ഗ്രാമത്തിലെ പാത
നീണ്ട്‌ , മെലിഞ്ഞു, കറുത്ത് , ചിലപ്പോള്‍ ഇല്ലാതെ...
വഴി നടക്കുന്നവന്‍ ഇന്നലെ പറഞ്ഞു
ഇവിടെ ഇങ്ങനെ ഒന്നില്ലെന്നു തോന്നുന്നു
ശരിയാണ് എനിക്കതെന്നേ തോന്നിയതാണ് ...

കണക്ക്‌ ക്ലാസില്‍ ചതുരവും. ത്രികോണവും,

വൃത്തവും, പഠിച്ചു തിരിച്ചുവരുന്ന എന്റെ കുട്ടികള്‍
പാതയിലെ വലിയെ ഗര്‍ത്തത്തിന് മുന്നില്‍ പകച്ചു നില്‍ക്കുന്നു
ഇപ്പോള്‍ അവര്‍ക്ക് വേണ്ടത്  നേര്‍രേഖകളാണ്
ആരുടെയെങ്കിലും കൈവെള്ളയില്‍,
ഒന്നില്‍ കൂടുതല്‍ നേര്‍ രേഖകളുണ്ടെങ്കില്‍
സൂക്ഷിക്കുക, അവ ഒരു തീരുമാനമെടുത്ത്‌
നാളെ ചതുരമോ, ത്രികോണമോ, വൃത്തമോ ആയേക്കാം...


                 സ്നേഹപ്പെട്ടവരുടെ നിര്‍ദേശ പ്രകാരം അശ്വതിയുടെ അമ്മയുടെ അക്കൌണ്ട് നമ്പര്‍ വെക്കുന്നു.കഴിഞ്ഞ മാസം ഞാന്‍ അവര്‍ക്കയച്ച ചെറിയ സഹായത്തിന്റെ രസീതി അങ്ങനെതന്നെ വെക്കുകയാണ്.കാരണം ഒരുപാടു വ്യാജ കഥകള്‍ പ്രചരിക്കുന കാലമാണല്ലോ.അതിനാലാണ് ഞാന്‍ തികച്ചും വ്യക്തിപരമായി, എനിക്കാവും വിധം കഴിഞ്ഞ കുറച്ചു മാസങ്ങളായി അവര്‍ക്കയച്ചുകൊടുക്കാന്‍ കഴിഞ്ഞ ചെറിയതുകകളുടെ രസീതികളില്‍ ഏറ്റവും ഒടുവിലത്തേത് അങ്ങിനെ തന്നെ വെക്കുന്നത്. ഏതെങ്കിലും അവിശ്വാസത്തിന്റെ പേരില്‍ അശ്വതിക്ക് കിട്ടിയേക്കാവുന്ന സഹായം നഷ്ട്ടപ്പെട്ടുകൂടാ എന്നെ അര്‍ത്ഥമാക്കുന്നുള്ളൂ. ആരെങ്കിലും സഹായിക്കാന്‍ തയ്യാറാവുന്നുണ്ടെങ്കില്‍ ഫോണ്‍ നമ്പറടക്കം ഇവിടെ  അറിയിച്ചാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു. 


   അക്കൌണ്ട് നമ്പര്‍ ഇങ്ങനെ വെക്കാന്‍ സമ്മതം ചോദിച്ചപ്പോള്‍,"ഇങ്ങനെയൊക്കെ സഹയിക്കാന്‍ ആളുകള്‍ വരുമോ" എന്നാണ് അശ്വതി ചോദിച്ചത് !
"അത് കൊണ്ടുകൂടിയല്ലേ ഭൂമിയിലെ മരങ്ങളില്‍ ചിലതെങ്കിലും തീപ്പിടിക്കാതെ ബാക്കിയാവുന്നതെന്ന് ഒരു മറുചോദ്യം ചോദിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.
യജമാനന്റെ  കാലൊച്ച കേട്ടതുപോലെ അങ്ങേ അറ്റത്തു നിശബ്ദത പൂത്തു. പിന്നെ നേരിയ ഒരു തേങ്ങല്‍ കേട്ടു.അതോ, എനിക്ക് തോന്നിയതാണോ.... 
    പ്രവാസിയുടെ മനസ്സ് ഒരു കലാപ ഭൂമിയാണ്‌.കാറ്റും,കാടത്തവും ഊതിപ്പൊലിപ്പിക്കുന്ന യുദ്ധഭൂമിയില്‍ ഇതാ അക്ഷരഗന്ധിയായ ഒരു പെണ്ണു മുറിവേറ്റു കിടക്കുന്നു.നമ്മുടെ ഓരോരുത്തരുടെയും തലോടലാണ് അവരുടെ മരുന്ന്, ആ സ്നേഹമാണ് അവരുടെ ആതുരാലയം.
 തിരിച്ചറിയുക,
യുദ്ധഭൂമിയില്‍ നിന്നും ഗീത കണ്ടെത്തിയ ഒരേ ഒരു ജനത നാം മാത്രമാണ്....

64

ചിറകു തിന്നുന്ന പക്ഷികള്‍




         എണ്ണത്തിന്റെ കാര്യത്തില്‍ നമുക്കേറ്റവും കൂടുതലുള്ള അവയവം മനുഷ്യന്റെ വിരലുകളാണ്. ഒരു പക്ഷെ സ്വയം എന്നതിനേക്കാള്‍ അപരന്നുവേണ്ടിയാവും ദൈവം അതു കരുതിയത്‌,എന്നാല്‍ സ്വയം ചൊറിഞ്ഞ്, അത്മാനുഭൂതിനുകരാനാണ് നാം ഒരുപക്ഷെ അവയത്രയും ഒന്നിച്ച് ഇന്ന് ഉപയോഗിക്കുന്നത് !
        ഞാനൊരു കഥ പറയുകയല്ല, കഥയുടെ ഉടല്‍ഘടനകളെ അഴിച്ചുപണിയുന്ന ഒരു പെണ്‍ജീവി തത്തിലേക്ക് ജാലകം തുറന്നിടുകയാണ്. ടി .സി .അശ്വതി ഒരു ഖദ്ദാമയാണ്.ഒരു പക്ഷെ തീയറ്ററുകളില്‍ നാളെയിറങ്ങി പണം വാരിയേക്കാവുന്ന, ദുബായിയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന, കാവ്യാ മാധവന്‍ അവതരിപ്പിക്കുന്ന കമല്‍ ചിത്രത്തിന്‍റെ അംഗഭംഗിയല്ല അവള്‍‍. നിരക്കെതകര്‍ന്നു പോയ ഒരു കപ്പല്‍ച്ചേദത്തിന്റെ കൈയൊപ്പ്‌ നമ്മുടെ ഹൃദയത്തെ നിരന്തരം അഭിസംഭോധനചെയ്യുന്നുണ്ട്, കാതോര്ത്താല്‍ മാത്രം കേള്‍ക്കാവുന്ന തരംഗവ്യാപ്തിയില്‍. പക്ഷെ, ഒരൊഴിവ് ദിനത്തിന്റെ പ്രാര്‍ഥ നക്കുള്ള പരക്കം പാച്ചിലിനിടയില്‍പോലും, നാമൊന്നു ചെവിവട്ടം പിടിക്കാന്‍ മറന്നു പോകുന്നു. ഒരു സൃഷ്ടി നടത്തണമെന്നുണ്ടായപ്പോള്‍ ദൈവം നിങ്ങളെ തന്നെ സൃഷ്ടിച്ചതെന്തുകൊണ്ടായിരിക്കാം എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ ? ദൈവത്തിനു നമുക്ക് മേലുള്ള ചില പ്രതീക്ഷകളില്‍ എത്ര ശതമാനം നമുക്ക് സാക്ഷാത്കരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ! മതമേതായാലും വിശുദ്ധ പുസ്തകവുമെടുത്തുകൊണ്ട് പ്രാര്‍ഥനാലയത്തിലേക്കുള്ള വാരാന്ത്യത്തിലെ കവാത്തില്‍ എല്ലാം തീരുന്നുണ്ടോ!  ‌       


       ഒരു കഞ്ചാവുവലിക്കാരന്റെ കത്തി മൂര്‍ച്ചയില്‍ വളരെ ലളിതമായി പിടഞ്ഞമര്‍ന്ന ഒരാളുടെ ഭാര്യയാണ് അശ്വതി.അയാള്‍ അവശേഷിപ്പിച്ച മൂക്കോളം കടവും, രണ്ട് പൊടിപ്പെണ്‍മക്കളും അവളെ ഖദ്ദാമ വേഷത്തില്‍ കയറ്റിയിരുത്തി നമുക്കിടയിലേക്ക്‌ നാട്കടത്തി.ഉള്ളിലിരമ്പുന്ന കണ്ണീര്‍ കടലില്‍ വല്ലാതെ താഴ്ന്നുപോകുമ്പോള്‍ അവള്‍ വല്ലപ്പോഴും എന്നോടു നിലവിളിക്കും.
" കുഴല്‍ കിണറിന്റെ വായില്‍ വീണു പോയ ഒരാളോടുള്ള ദയ നീ കാട്ടണേ, എന്നോട് എന്തെങ്കിലും നീ കുറെനേരം സംസാരിക്കണേ, അല്ലെങ്കില്‍  ഞാന്‍ വീണ്ടും വീണ്ടും ആഴങ്ങളിലേക്ക് വീണു പോകും,ആര്‍ത്തിയോടെ വല്ലപ്പോഴും ഞാനൊന്ന് മേലോട്ട് നോക്കിക്കോട്ടേ "
ഒരു നിലാവുള്ള രാത്രിയില്‍ കാറ്റ്കുലച്ച  മരുഭൂമിയിലെ ഖൈമയില്‍ (കൂടാരം) നിന്നും എനിക്കൊരു നിലവിളി കിട്ടി
" ഇന്നത്തെ ദിവസമറിയാമോ?"
എന്റെ ഓര്‍മയില്‍ പ്രത്യേകതകളൊന്നുമില്ലത്ത, വരവ് ചെലവ്കളുടെ കണക്കെടുപ്പില്‍ ഇത്തിരി സന്തുഷ്ട്നായ ദിവസം
" ഇന്ന് തിരുവാതിര ഞാറ്റുവേലയാ മാഷെ!"
"നടാനൊന്നുമില്ലാത്തവര്‍ക്കെ
ന്ത് തിരുവാതിര ഞാറ്റുവേല"
" അങ്ങനെ പറയരുത്, നമുക്ക് നിലാവ്നടാം, കാറ്റ് നടാം,"
" എന്നിട്ട് വേണം കൊടുങ്കാറ്റു കൊയ്യാന്‍ "
" ഇപ്പോ കൃഷി വല്ല്യമെച്ചമില്ലാത്ത കാലമല്ലേ, മാഷ്‌ കാറ്റ് വിതച്ചോളൂ, ഇളം കാറ്റേ കൊയ്യൂ !"
              അങ്ങനെയുള്ള ചില സംഭാഷണങ്ങളിലൂടെയാണ് അശ്വതിയുടെ ഇടനാഴികളില്‍ ഞാന്‍ ഇരച്ചുകയറിയത്, ഏകണോമിക്സില്‍ ബിരുദം, പഠനകാലത്ത്‌ അത്യാവശ്യം കവിതാവാസന, നേഴ്സിംഗ് പഠനം ലേബര്‍ റൂമില്‍ ചോരകണ്ട് ഭയന്നു ബോധമറ്റു വീഴും വരെ.
                  ഇരുന്നൂറ്റി അറുപതു രൂപ ഏതു ദാരിദ്ര്യത്തിലും വിനിമയം ചെയ്യാനാവാതെ വീട്ടില്‍ കിടപ്പുണ്ട്! കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ  രക്തംപുരണ്ട കറന്‍സികള്‍. ഏതു വറുതിയിലും അച്ഛന്റെ രക്തം വിനിമയം ചെയ്യപ്പെടന്നവാതെ മൂന്നിലും,ആറിലും പഠിക്കുന്ന കുഞ്ഞുങ്ങള്‍.
                     ജാലകങ്ങളില്ലാത്ത മുറിയാണ് അശ്വതിക്ക്. ഒരു
ഖദ്ദാമ നിലാവ് കാണേണ്ടതിന്റെ സാംഗത്യം ആര്‍ക്കു ചോദ്യം ചെയ്യാനാവും!അവരുടെ യജമാനന്‍, ബാബയും മാമയും തമ്മിലുള്ള നിരന്തരം വഴക്കിന്റെ ഉച്ചസ്ഥായി, മാമയേയും, അശ്വതിയെയും കാറിലിട്ടുകൊണ്ടുള്ള ബാബയുടെ   മരണപ്പാച്ചിലാണ്.ആ മരണവേഗമാണ് അയാളിലെ രോഷം നനച്ചുകൊടുത്തുന്നത്. ആ പാച്ചിലിലങ്ങോളം പിന്‍സീറ്റില്‍ കാല്‍മുട്ടുകള്‍ക്കിടയില്‍ തലപൂഴ്ത്തി ഒരു ഒട്ടകപ്പക്ഷിയെപ്പോലെ അശ്വതി ഭയന്നിരിക്കും. ജീവന്‍ തിരിച്ചുകിട്ടിയതിന്റെ അണപ്പോടെ നാലാം കാലത്തില്‍ അവര്‍ ആഹ്ലാദം പ്രകടിപ്പിക്കാന്‍ ചിലപ്പോള്‍ എന്നെ വിളിക്കും.  
           മറ്റു ചിലപ്പോള്‍ നിലാവ് പൂക്കുന്ന ചില രാവറുതികളില്‍ എന്റെ ഉറക്കത്തെ തുലച്ചുകളഞ്ഞു കൊണ്ട് അശ്വതിയുടെ വിളിയെത്തും.
 "മാഷ്ക്ക് ‌എന്നെക്കൊണ്ട് ഇടങ്ങാറായി, ക്ഷമിക്കണം ഇത്ര സ്വാതന്ത്യമെടുത്തു സംസാരിക്കാന്‍ എനിക്കാരുമില്ല. നല്ല നിലാവ്, മൂക്ക് വട്ടം പിടിച്ചാല്‍ നമുക്കിവിടെയും കിട്ടും നാട്ടില്‍ പൂക്കുന്ന ഇലഞ്ഞിമണം.മണക്കാനൊന്നുമില്ലാതെ ദരിദ്രമായിക്കിടന്ന എന്റെ മൂക്കിനെ വല്ലപ്പോഴും സമ്പന്നമാക്കികൊണ്ടിരിക്കുന്നത് അശ്വതിയുടെ അസമയത്തെ വിളികളാണ് !       
"എനിക്കെന്തെങ്കിലും കുറച്ചു പുസ്തകങ്ങള്‍ കൊണ്ട്‌തരൂ, ഇല്ലെങ്കില്‍ ഞാന്‍ ചത്തു പോകും മാഷേ" എന്നൊരു നിലവിളി അശ്വതിയില്‍ നിന്നും ഉയര്‍ന്ന ദിവസം ഞാന്‍ വല്ലാതെ വീര്‍പ്പുമുട്ടിയിരുന്നു . നേരിട്ട് കാണുവാന്‍ ഒരു നിര്‍വാഹവുമില്ലാത്ത കോട്ടയില്‍ പാര്‍ക്കുന്ന അശ്വതിക്ക് എങ്ങിനെ പുസ്തകങ്ങള്‍ എത്തിക്കും, ഒരുപാട് ആലോചനകള്‍ക്കൊടുവില്‍ ഒരുപഴുതു കണ്ടു, അവരുടെ അയല്‍ വീട്ടിലെ മലയാളി ഡ്രൈവര്‍ വശം കൊടുത്തുവിട്ടു.
          അലമാരയില്‍ നിന്നും ആനന്ദിന്റെ " മരുഭൂമികള്‍ ഉണ്ടാവുന്നത് " എം ടി യുടെ "രണ്ടാമൂഴം" വി ടി കൊച്ചുവാവായുടെ " വൃദ്ധസദനം" എന്നിവ എടുത്തു വെക്കുമ്പോള്‍ മനസ്സില്‍ ഇങ്ങനത്തെ ഗൌരവരചനകള്‍ മാത്രം വായിക്കുന്ന ഒരാളാണ് ഞാന്‍ എന്ന് അശ്വതി അറിയട്ടെ എന്നൊരു സ്വകാര്യ അഹങ്കാരവും എനിക്കു ണ്ടായിരുന്നു.
          അന്ന് രാത്രി എന്നെ ലജ്ജിപ്പിച്ചു കൊണ്ട് അശ്വതി പറഞ്ഞതിത്ര മാത്രം "മൂന്നില്‍ കുറഞ്ഞ തവണയെങ്കിലും ഞാന്‍ വായിക്കാത്ത ഒരു പുസ്തകമെങ്കിലും കിട്ടിയില്ലല്ലോ മാഷേ!  ആനന്ദിന്റെ കുന്ദന്റെ മനസ്സാണ് നിനക്ക്. ചിലപ്പോള്‍ അതൊരു കൊളാഷുപോലെ നീ വ്യതിരിക്തമാക്കികളയും! മറ്റു ചിലപ്പോള്‍ അപരന്നുവേണ്ടി കലാപം കൂട്ടും, എന്നിട് സ്വസ്ഥമായി വാതിലടച്ചുറങ്ങും, അത്രയേ ഉള്ളൂ നിന്റെ സാമൂഹിക പ്രതിബദ്ധത.
           ചിലപ്പോള്‍ വാക്കുകളേക്കാള്‍ കലാപം കൂട്ടുന്ന നിശബ്ദത കൊണ്ട് അശ്വതി സമ്പ ന്നയാവും. മറ്റുചിലപ്പോള്‍ ഇടപ്പഴുതില്ലാത്ത പറച്ചിലുകള്‍ക്കിടയില്‍ യജമാനന്റെ കാലൊച്ച അകലെയെങ്ങാനും കേട്ടാല്‍ അങ്ങേത്തലക്കല്‍
ഭയത്തിന്റെ നിശബ്ദത വിടരും, മരുഭൂമികള്‍ പൂക്കുന്നത് പോലെ. 
വല്ലാത്ത നിലളിയാണ് ഒരു ദിവസത്തെ രാവറുതി എനിക്ക് അശ്വതി തന്നത്. കണ്ണീരൊലിപ്പിന്റെ ഇടവഴികളിലൂടെ അശ്വതി എന്നെ കൂട്ടിക്കൊണ്ടുപോയ ഖേതത്തിന്റെ താവഴികള്‍. അമ്മ തിരിച്ചു വരാന്‍ വേണ്ടി കരഞ്ഞു വിളിച്ച എട്ട് വയസ്സ്കാരിയോട് അശ്വതിയിലെ അമ്മ.
   " മോളെ ,അമ്മ അങ്ങോട്ട്‌  വന്നാലെങ്ങിനെയാ? അമ്മ അയക്കുന്ന പണം കൊണ്ടല്ലേ മോള്‍ക്ക്‌ ഉടുപ്പ് വാങ്ങുന്നത് ? ചോറു കഴിക്കാന്‍  പറ്റുന്നത് ?മരുന്ന് വാങ്ങിത്തരാന്‍ പോലും നമുക്കാരാ മോളെ ഉള്ളത്   
" അമ്മാ, അമ്മ ഇങ്ങോട്ട് വന്നോള്ളൂ, ചോറു  വെക്കാന്‍ അരി ഞാന്‍ കൊണ്ട് വന്നിട്ടുണ്ട് "
സ്കൂള്‍ വക ഈദിന് കിട്ടിയ അഞ്ചുകിലോ അരിയാണ് അവളുടെ ധൈര്യം! 
                   വീട്ടില്‍ വിളിക്കുമ്പോളൊക്കെ എന്റെ ഭാര്യയുടെ സ്ഥിരംപരാതി നാല് വയസ്സുകാരി ഉമ്മുഖുല്സു ഭക്ഷണം കഴിക്കാന്‍ താല്പര്യം പ്രകടിപ്പിക്കാത്തതാണ് !ദിവസങ്ങളോളമാണ് ഈ എട്ട് വയസ്സ്കാരി എന്റെ ഉറക്കത്തെ വേട്ടയാടിയത്. മാസങ്ങളായി എന്റെ ചെറിയ വരുമാനത്തിന്റെ വളരെ ചെറിയൊരു പങ്ക് ഈ എട്ട് വയസ്സുകാരിക്കാണ്.അശ്വതിയുടെ അമ്മ ഇപ്പോള്‍ എന്റെയും അമ്മയാണ്, ഒരു പക്ഷെ അതിലേറെ!
ഒരു വറുതിക്കാലത്ത് അവര്‍ പറഞ്ഞതിങ്ങനെ
" അമൃതാനന്തമയിവക ഒരു അയല്‍ക്കൂട്ടമുണ്ട് ഞങ്ങള്‍ക്ക്. അതില്‍നിന്നും ആയിരം രൂപ ലോണെടുത്തു മോനെ. പലിശയില്ല, മാസത്തില്‍ നൂറു രൂപവച്ചു അടച്ചു തീര്‍ത്താല്‍ മതി"
     ശരിക്കും "ഗോഡ്സ് ഓഫ് സ്മോള്‍ തിങ്ങ്സ്‌ " അതിന്റെ നിഷ്കളങ്കത എനിക്കനുഭവപ്പെടുന്നുണ്ട് പലപ്പോഴും ആ അമ്മ വാക്കില്‍!
പനിച്ചു കിടന്ന എനിക്ക് അമ്പലപ്പുഴ പാല്‍പ്പായസം നേരുന്നു ചിലപ്പോള്‍ ആ ഗ്രാമ്യ സ്നേഹം! വിളിക്കാന്‍ വൈകിയാല്‍ എന്തിനെന്നില്ലാതെ വ്യാകുലമാവുന്നു, എന്റെ അമ്മ വളരെ പിശുക്കോടെ എനിക്ക് വിളമ്പുന്ന ഒന്ന് !  
   
രണ്ട് ദിനാറിന്റെയും, മൂന്നു ദിനാറിന്റെയും, രണ്ടു ചിട്ടികളുടെ ഉടമയാണ് അശ്വതി! അവരോട് പലതവണ പറഞ്ഞ ഒരു കാര്യമുണ്ട്.
     "നിങ്ങളെയൊക്കെയാണ് ശരിക്കും ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്‍ അധ്യക്ഷയാക്കേണ്ടത് "  
         ചെറിയ കുടില്‍, ആസ്ബസ്ടോസ് മേഞ്ഞ്‌ ഇത്തിരി വെടിപ്പാക്കിയത് വഴി ബാക്കിയായ ഒരു ലക്ഷത്തോളം രൂപയാണ് അശ്വതിയുടെ പേടിസ്വപ്നം. മാസാന്ത്യത്തില്‍ കയ്യില്‍ കിട്ടുന്ന നാല്‍പ്പതു ദിനാര്‍ കൊണ്ട് തുഴഞ്ഞെത്താനാവാത്തത്ര ദൂരം. പലിശ കയറിക്കയറി മേല്‍ക്കൂര പൊളിച്ചു തുടങ്ങി യിരിക്കുന്നു.
 
എന്റെ സുഹൃത്തുക്കള്‍ക്കിടയില്‍  അശ്വതിയുടെ പ്രശ്നങ്ങള്‍ പലതവണ അവതരിപ്പിച്ചു. നാം വെറുതെ ഫോണ്‍ വിളിച്ചും, പുകച്ചും കളയുന്ന ചില്ലിക്കാശു മതി അശ്വതിയുടെ ചെറിയ കടം വീട്ടി അവരെ സ്വതന്ത്രയാക്കാന്‍.
" പെണ്‍വിഷയമാണ്, ആവശ്യമില്ലാതെ പ്രശ്നങ്ങളില്‍ പോയി വീഴണ്ട, അവള്‍ വല്ല കടുംകൈയും ചെയ്താല്‍ ഫോണ്‍ നമ്പര്‍ വഴി നീയാണകത്താവുക" എന്നൊരു മോശമല്ലാത്ത ഉപദേശവും.
മിനിയാന്ന് നട്ടുച്ചനേരം അപ്രതീഷിതമായി അശ്വതി വിളിച്ചു
" മാഷേ എനിക്കിത്തിരി ധൈര്യം വേണം"
"എന്ത് പറ്റി ?"
" എന്റെ ധൈര്യത്തിനാണ് മാഷേ ഞാനിപ്പോള്‍ വിളിക്കുന്നത്.‌ വീട്ടില്‍  ബാബ മാത്രമേയുള്ളൂ, അവന്‍ എന്നെ ടി വി കാണാന്‍ ഹാളിലേക്ക് വിളിച്ചു, അതില്‍ നിറയെ നീലചിത്രങ്ങളാണ്, ഞാനിപ്പോള്‍ വാതിലടച്ചു  എന്റെ മുറിയിലിരിക്കു കയാണ്. മാഷെന്റെ ഹൃദയമിടിപ്പ് കേള്‍ക്കുന്നില്ലേ"
"അശ്വതീ, എനിക്കെന്താണ് ചെയ്യാന്‍ കഴിയുക, നീ ഒരു കോട്ടയിലാണല്ലോ! ഞാന്‍ ആരോടു സഹായം ചോദിക്കും?"
" ടെന്ഷനടിക്കേണ്ട മാഷെ, വാതിലിനിപ്പുറം ഞാനൊരു കത്തിയും പിടിച്ചാണിരിക്കുന്നത്‌. ചിലപ്പോള്‍ അടുക്കളവരെ ഓടാന്‍ സൗകര്യം കിട്ടിയില്ലെങ്കിലോ."
ഒരു കത്തി മുനക്കിരുവശവും ഞാനും,അശ്വതിയും മണിക്കൂറുകളോളം വിയര്‍ത്ത് കഴിഞ്ഞു!
" അശ്വതീ, നമുക്ക് ആകാശം ഇടിഞ്ഞു വീഴാന്‍ പ്രാര്‍ഥിക്കാം, ഒരു നിസ്സഹായന്  ഇതില്‍ കവിഞ്ഞെന്തു ചെയ്യാന്‍ കഴിയും"
 അല്ലെങ്കില്‍ ഞാനെന്താണ് ഉപദേശിക്കുക, നീ അയാള്‍ക്ക്‌ വഴങ്ങി കുടുംബത്തെ സംരക്ഷിക്കണമെന്നോ!അല്ലങ്കില്‍ അയാളെ കുത്തി മലര്‍ത്തി നീയും അത്മഹത്യ ചെയ്യൂ എന്നൊ! 
" മാഷ്‌ തളരരുത്, മാഷാണെനിക്കിപ്പോള്‍ ധൈര്യം തരേണ്ടത് "‌  
മഴ പെയ്യാതെ ഒഴിഞ്ഞു പോയി, പക്ഷെ എപ്പോഴും ചാടി വീഴാന്‍ പതുങ്ങിയിരിക്കുന്നൊരു പൂച്ചയാണയാള്‍.
അന്ന് രാത്രി ഉറക്കം വരാഞ്ഞപ്പോള്‍ അശ്വതിയെ ഒന്ന് കൂടി വിളിച്ച്
" അരുതായ്ക എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ നീ എന്ത് ചെയ്യ് മായിരുന്നു?"

"എന്താലോചിക്കാന്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു" 
" പിന്നെ മക്കള്‍ ?"
" അച്ഛനില്ലാതെ അവരിത്ര വരെ എത്തിയില്ലേ ?അമ്മയില്ലെങ്കിലും നിങ്ങള്‍ ജീവിക്കുമെന്ന ധൈര്യം ഞാന്‍ നിരന്തരം കൊടുക്കാറുണ്ട് മാഷേ, ദൈവം ഇവിടെവരെ വിളക്ക്കാണിച്ചു തന്നില്ലേ"
       എന്നെ നിരന്തരം അത്ഭുതപ്പെടുത്തിയത് അശ്വതിക്ക് ഒന്നിലും പരാതിയില്ലെ ന്നുള്ളതിലാണ്. പരാതി നാം ആരോടുപറയും, എല്ലാവരും ഓടുകയല്ലേ മാഷേ, എന്നൊരു ഭാവം!
കടം നിറഞ്ഞു മൂക്കോളം മുങ്ങിക്കൊണ്ടിരിക്കുന്ന അശ്വതിക്ക്മേല്‍ ചാടി വീഴാന്‍ പഴുത് നോക്കി ഇപ്പോള്‍ ഒരു കാട്ടുപൂച്ചയും കാത്തിരിപ്പുണ്ട്‌ !  എനിക്ക് അടുപ്പമുള്ള അസോസിയേഷന്‍ വ്യക്തിത്വങ്ങള്‍ കൂടുതലില്ല! എന്നെ നന്നായി അറിയാവുന്ന ഒരു ചേച്ചിയോട് ഈ കാര്യം അവതരിപ്പിച്ചു നോക്കി. ശരിയാണ് അവര്‍ പറയുന്നത് ഒരു അസോസിയേഷന് ഇടപെടാനുള്ള ചേരുവകളൊന്നുമില്ലത്ത അശ്വതിയുടെ കഥയില്‍ അവളുടെ അത്മഹത്യ കൊണ്ട്‌ അവള്‍ക്കു വേണമെങ്കില്‍ എരിവു ചേര്‍ക്കാം. അല്ലെങ്കില്‍ മക്കള്‍ക്കാര്‍ക്കെങ്കിലും മാരകരോഗം പിടിപെടണം. ഇത്തരം മിനിമം യോഗ്യതകളൊന്നുമില്ലാത്ത അശ്വതി പടിക്കുപുറത്തു നില്‍ക്കട്ടെ. 
"ഇല്ല മാഷേ എന്റെ മക്കള്‍" എന്നൊരു സ്നേഹത്തിന്റെ അര്ധോക്തിയില്‍ അവള്‍ക്കു പലപ്പോഴും വാക്കുകള്‍ നഷ്ടപ്പെടുന്നു    

   മിക്കവാറും അസോസിയേഷന് ധീരമായി ഇടപെടാനുള്ള ഒരവസരം അശ്വതി അടുത്തുതന്നെ ഉണ്ടാക്കിത്തന്നേക്കാം,ആത്മഹത്യ കൊണ്ട് ! അത് വരെ നമുക്ക്കാത്തിരിക്കാം.
അശ്വതി ആത്മഹത്യ ചെയ്യുകയാണെങ്കില്‍ ഞാനൊരു കുറിപ്പിടാം. 65029247  ഇത് എന്റെ നമ്പര്‍. അവരുടെ അമ്മയെയോ, കുട്ടികളെയോ വിളിച്ച് ആര്‍ക്കെങ്കിലും അനുശോചിക്കണമെന്നുണ്ടെങ്കില്‍ അവരുടെ വീട്ടു നമ്പര്‍ എന്റെ കൈവശം ഉണ്ട്
അഹം ബ്രഹ്മാസ്മി ...
ഇനി പ്രാര്‍ത്ഥിക്കുമ്പോള്‍ ചേര്‍ത്തുപിടിച്ച കൈകള്‍ക്കിടയില്‍ നിന്നും രണ്ടിറ്റു കണ്ണീര്‍ ദൈവത്തിന്റെ ഭാഷയില്‍ നമ്മളെ ചോദ്യം ചെയ്യും.നമുക്ക് ക്രമേണ പ്രാര്‍ത്ഥനയ്ക്ക് ഭാഷ നഷ്ടപ്പെടും.വിശുദ്ധ പുസ്തകത്തിലെ ലിപികളൊട് ഹൃദയത്തിന്റെ വെള്ളെഴുത്ത് യുദ്ധം ചെയ്യും. ആര്‍ദ്രവചനങ്ങള്‍ കൈമോശം വന്ന സമൂഹത്തിന്റെ മരുന്നുകള്‍ക്ക്മേല്‍ രോഗങ്ങള്‍ മുദ്രകൂട്ടുന്നത്‌ ഇതിനാലാവാം. കപിലവസ്തു ശാന്തമാണ്. ഉച്ചരിക്കാന്‍ വാക്കുകള്‍ നഷ്ടപ്പെട്ട ഒരു സമൂഹത്തിന് സമാധാനം, പുകപെറുന്ന ഒരു കരിന്തിരി മാത്രമാണ് ! അപരന്റെ മുറിവില്‍  ജാഗ്രതയോടെ മരുന്ന് വെക്കുന്ന വരോടാണ് ദൈവത്തിന് പ്രിയം എന്ന് നാം പഠിക്കാന്‍, ദൈവത്തിന്  ഇനിയും ഒരുപാടു കഥകള്‍ പറയേണ്ടിവരും...!



മഞ്ഞു മൂടിയതെല്ലാം
നിഷ്കളങ്കമാണെന്ന്
ഒരു പുലര്‍കാലം...
നനഞ്ഞത്‌ ചേര്‍ത്ത് പിടിക്കുമ്പോളാണ്
ഹൃദയം സത്യം പറയുന്നതെന്ന്
ഒരു മഴക്കാലം...
എല്ലാം കൊഴിയാന്‍ വേണ്ടിയാണെന്ന്
ഓര്‍മ്മപ്പെടുത്തുമ്പോലെ
ഒരു പൂക്കാലം...
"ഇതിനിടയിലെന്തിനീ വേനലെന്ന് "  മകള്‍
"നമ്മള്‍ ആര്‍ക്കും വേണ്ടാത്ത മരുഭൂമികള്‍ക്ക്
കാവലിരിക്കാനെന്ന്"അമ്മ
                           ഋതുക്കളോരോന്നും ഓര്‍മ്മപ്പെടുത്തുന്നത് ( ടി .സി. അശ്വതി )‌

2

മുറിവിലിരുന്ന് വ്രണം സ്വപ്നം കണ്ട ഒരാള്‍


കൂട്ടില്‍ പാര്‍ക്കാതെയും കൂട്ടംതെറ്റി നടന്നും ഒരാള്‍ നമ്മെ കടന്നുപോയി. ഇത്തരം തെറ്റിനടത്തങ്ങളിലൂടെയാണ് മലയാളി വല്ലപ്പോഴും ശരി പഠിക്കുന്നത്. അല്ഭുതങ്ങളൊന്നുമില്ലാത്ത വഴികളിലൂടെ അത്ഭുതം കൂറിനടന്നവന്‍.വാക്കുകളുടെ ഇച്ഛാശക്തി തീപോലെ ഊതിപ്പെരുക്കിയവന്‍. സുഹൃത്തെ, നീ അറിഞ്ഞിട്ടുണ്ടോ ചിത്തരോഗശുപത്രിയിലെ ദിനങ്ങള്‍, വെയില്‍ തിന്നുന്ന പക്ഷികളുടെ പൊള്ളലുകള്‍ , കത്തുന്ന വിശപ്പിനു ചോറില്‍ നിന്നും പെറുക്കി മാറ്റിയ കല്ലും കരിക്കട്ടയും എന്നെഴുതിപ്പിച്ച വിശപ്പ്‌.
ഞാന്‍ കാട്ടിലും കടലോരത്തുമിരുന്നു കവിത എഴുതുന്നു
"സ്വന്തമായൊരു മുറിയില്ലാത്തതിനാല്‍
എന്റെ കാട്ടാറിന്റെ അടുത്തു വന്നു നിന്നവര്‍ക്കും
ശത്രുവിനും സഖാവിനും സമകാലീന ദുഖിതര്‍ക്കും
ഞാനിത് പങ്കുവെക്കുന്നു"
ജീവിതം ഒരു അപ്പക്കഷ്ണമല്ല,വ്യാമോഹങ്ങളുടെ നെയ്മണം അതിനെ സാധൂകരിക്കുന്നുമില്ല. അര്ധാലങ്കാരികതകലുടെ നിമ്നോക്ത്തികള്‍, കാമ്പില്‍ നിന്നുള്ള വിടുതലാണ്.അത് ഒറ്റിക്കൊടുത്ത സ്വപ്നങ്ങളെ ജീ വിതത്തില്‍ നിന്നും പിഴുതെറിയും.താളം തെറ്റിയിട്ടും പാട്ടെന്നു നാം വിളിക്കുന്ന ജീവിതത്തെ കലാപത്തിനിറക്കും. നിനക്കും എനിക്കും ഇടയിലെ പാപമറകള്‍ കൊതിയുടെതാണ്. കൊതികളാണ് നമ്മെ പങ്കുവയ്ക്കാന്‍ പ്രേരിപ്പിക്കുനത്.ശരാശരി ജീവിതത്തില്‍ ഇടതുപക്ഷമെന്നും വലതുപക്ഷമെന്നും കൊതിപ്പിക്കലിന്റെ ഇറവരമ്പുകള്‍ ഉണ്ടാവുന്നതിങ്ങ നെയാണ് ! കൊതിച്ചും കൊതിപ്പിച്ചും, ആകാശം തൊടുന്നത് നിന്റെയും എന്റെയും കാമനകളാണ്.ഹേ, അര്‍ദ്ധചുംബനങ്ങളുടെ പാട്ടുകാരാ, പാടുക മേഘ മല്‍ഹാര്‍ തന്നെ നീ
"ശവത്തിന്മേല്‍ വേട്ടപ്പക്ഷികള്‍
കണ്ണ് വെക്കുന്നതിനു മുമ്പ്
ചിരസ്ഥായിയായ വര്‍ഷത്തില്‍
ചെമ്പരത്തിപ്പൂ മാലയനിഞ്ഞു അയാള്‍ നടന്നു, ഓടി
പക്ഷിയെക്കാള്‍ വേഗത്തില്‍ പറന്നു
മകനെ അലങ്കരിക്കുവാന്‍ മനോഹരമായൊരു
റീത്ത് വേണം....
ജീവിതം പൊടിപ്പും തൊങ്ങലും വെക്കുമ്പോളാണ് അത് ജീവിതമാകുന്നത്. അല്ലെങ്കില്‍ അത് കവിതയാണ്.ഏകമാത്രയില്‍ നിശ്ചയിച്ച സുരതമോഹ ങ്ങളത്രയും മാറ്റി നിരീക്ഷിച്ചാല്‍ ജീവിതം പോലെ, ജീവിക്കാന്‍ മനോഹ രമായ മറ്റൊന്നില്ല.
" പക്ഷിതന്‍ നെഞ്ചിലെ അസ്ത്രമൂരുന്നു ഞാന്‍
മറ്റൊരു ശത്രുവിന്‍ നെഞ്ചിലേറ്റാന്‍"
വിശപ്പറിഞ്ഞു വിശപ്പെഴുതിയ കവിയാണ്‌ അയ്യപ്പന്‍.
"വിശപ്പുള്ളവന്‍ ചെരുപ്പ് തിന്നുന്നതുകണ്ട്
ചിരിച്ചവനാണ് ഞാന്‍
അന്നത്തെ കൊമാളിത്തമോര്‍ത്തു
ഇന്ന് ഞാന്‍ ചിരിക്കുന്നു "
ഈ ചിരി ചിരിക്കുന്നത് അയ്യപ്പന്‍ വിശപ്പ്‌ മാറ്റി കൊണ്ടല്ല. കൂടുതല്‍ വിശന്നി രുന്നുകൊണ്ടാണ്‌. അതാണ്‌ അയ്യപ്പന്റെ സത്യം.
"കടലിനോടു പൊരുതിയ
കിഴവന്റെ മീന്‍ തിന്നത് ഞാനാണ് "
ഇതാണ് കവിതയുടെ സത്യം. എന്തുകൊണ്ടാണ് അയ്യപ്പന്‍ മലയാളി സാമാന്യത്തിനു നികൃഷ്ട്ടനാവുന്നത് !
എറിഞ്ഞുടക്കുന്നതിലെ സൌന്ദര്യാത്മകത ഇത്രമേല്‍ കവിതയിലും ജീവിതത്തിലും ആവാഹിച്ച ആരാണുള്ളത് പ്രിയ വായനകാരാ നിന്റെ മുന്നില്‍ ഉള്ളത്.
"ഭാഷയ്ക്ക്‌ തേയ്മാനം സംഭവിച്ചത് കൊണ്ട്
ഒരു ചങ്ങാതി ആത്മഹത്യ ചെയ്തു
ഇതാണ് ഭൂമിയില്‍ അവന്റെ പ്രസക്തി
ജീവിത തഴമ്പിന്റെ പ്രസക്തി"
ഇത് ഭാഷ സൂഷ്മമായി നിരീഷിക്കുന്നവന്റെ വ്രതശുദ്ധിയാണ്. തെരുവില്‍ അന്തിയുറങ്ങി ഭാഷയ്ക്ക്‌ കാവല്‍ നിന്ന ഒരാള്‍ സമൂഹത്തിനു അധകൃതനാവു ന്നതെന്തുകൊണ്ടുന്നൊരു ചോദ്യം അയ്യപ്പന്‍ ചോദിക്കുന്നുണ്ട് എഴുതാതെ പോയ കവിതകളിലൂടെ.
" ശത്രു ഞാന്‍, സഖാവ് നീ, പിച്ചാത്തി മടക്കുക
മിത്രങ്ങളാകാം, ഹസ്തദാനവുമാകാം തമ്മില്‍
മെതിച്ച കതിരുകള്‍,പതിരിന്‍ കിനാവുകള്‍
ചതുര്ഷ്ടിയാകുന്നു ചുവപ്പ് നക്ഷത്രങ്ങള്‍
മുയല്‍ കുഞ്ഞായിരുന്നു പുലര്ച്ചക്കിര, ഇളം
കുയിലായിരുന്നല്ലോ പാട്ടുകര്‍ക്കെല്ലാം തീറ്റ" 
കഴിഞ്ഞ രണ്ടു അവധിക്കാലങ്ങളിലും പ്രിയ കവി നിന്നെക്കാണാന്‍ ഞാന്‍ വല്ലാതെ ഉഴറിയിരുന്നു. ഒന്നാം യാത്രയില്‍ നീ ആശുപത്രിയിലാണെ ന്നറിഞ്ഞു! പെങ്ങള്‍ കാണാന്‍ അനുവദിക്കില്ലത്രേ! രണ്ടാം യാത്രയില്‍ വടകര കരണ്ട് ബുക്സില്‍ അന്വേഷിച്ചു. ഇന്നലെയും ഇവിടുണ്ടായിരുന്നു. ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ ഒരു താക്കീത് " ആലോചിച്ചു വിളിച്ചാല്‍ മതി,വീട്ടിലേക്കുള്ള വഴി മനസിലായാല്‍ പിന്നെ ഇടക്കിടക്കുവരും"
ആ വരല്‍ ഒഴിവാക്കാന്‍ വിളിച്ചില്ല, അതാണെന്റെ ഈ രാത്രിയെ ഇത്രമേല്‍ കുമ്പസരിപ്പിക്കുന്നത്. പതിവിലധികം മദ്യപിച്ചു ഈ വരികള്‍ കുറിക്കുന്ന ത്. ഈ സത്യസന്ധതയെങ്കിലും എനിക്ക് കവിയോട് കാണിക്കേണ്ട തുണ്ട്.
"ഓടിക്കിതച്ചെത്തിയപ്പോള്‍
ലെവല്‍ക്രോസടുത്തു ,
ഇനി അടുത്ത വണ്ടിക്കു ചെന്നിട്ടര്‍ത്ഥമില്ല
ശവത്തിന്റെ ശകുനമായിരുന്നിട്ടും
യാത്ര മുടങ്ങി"
ഈ യാത്രയാണ് കവിയുടെ ജീവിതം. അതാണ്‌ കവിതയുടെ ചന്ദസ്സ്.
" ആരോരുമില്ലാത്ത മണല്‍ത്തരികളുടെ നിശ്വാസം
എന്നായിരുന്നു നിന്റെ പേര് "
ഈ മണല്‍ത്തരികളോടുള്ള ഐക്ക്യദാര്‍ഡ്യംമായിരുന്നു കവിയുടെ ജീവിതം.


"തുറന്ന പുസ്തകം പോലെ
നിന്റെ മനസറിയാം
കിളിക്കതിനു പഠിപ്പുണ്ടോ?
ഇല്ലെന്നാരുപറഞ്ഞു
ഇലകളെപ്പോലെ
നിന്റെ എണ്ണമറിയം
നക്ഷത്രം പോലെ
നിന്റെ അക്ഷരമറിയാം
നിന്നുള്ളം കൈയ്യിലെ നെല്ലിക്കയുടെ
കയ്പ്പും മധുരവുമറിയാം
കാക്കപ്പൊന്നുകൊണ്ടല്ല
നിനക്ക് കല്യാണം!
നിരന്തരം യാത്രയാവുന്നെങ്കിലും , ഒരു കണ്പാര്‍പ്പുണ്ട് കവിക്ക്‌, ഇല്ലാതെ പോയ ജന്മാന്തരങ്ങളില്‍. ഈ ഒറ്റുകണ്ണാണ് അയ്യപ്പനെ കവിയാക്കുന്നത്. ദൈവമേ എത്ര കാലം കഴിഞ്ഞാലാണ് നമുക്ക് ഇത്രമേല്‍ തെണ്ടിയായ ഒരു കവിയെ കിട്ടുക!
ശവം കണ്ടെടുത്ത പോലീസുകാരനും, വൈദ്യനും, കവിയെ തിരിച്ചറിഞ്ഞി ല്ല.അവര്‍ക്ക് ഒരു സസ്പെന്ഷന് തരമില്ല. രണ്ടു ഔദോഗിക വിഭാഗവും ഒരു കവിയെ തിരിച്ചറിയാനുള്ള സാമാന്യ പരിശീലനം ആര്ജ്ജിക്കേണ്ടതില്ല അവരുടെ ശമ്പളം കൈപ്പറ്റുവാന്‍. അത് വാങ്ങിക്കൊണ്ടുപോയി ഉളുപ്പില്ലാ തെ അവര്‍ തങ്ങളുടെ കുടുംബത്തെ പോറ്റും. ഇങ്ങനെയും ജീവിക്കാം എന്ന തെളിവിന്‌.
എങ്കിലും കവേ, നീ ഉറങ്ങുക നാളെ നിന്നെ സംസ്കരിക്കില്‍ ചട്ടലംഘനമാ യീടാം നിനക്കൌദ്യോഗിക വെടിയുണ്ട നല്‍കേണ്ടതുണ്ട്.ഞങ്ങള്‍  തിക ഞ്ഞ റിപ്പബ്ലിക്കുകള്‍!
രണ്ടു പെഗ്ഗിന്റെ പിന്ബലത്തിലാണ് ഞാനിത്രയും കുറിക്കുന്നത് . ഇത്രയെ ങ്കിലും തുറന്നു പറഞ്ഞില്ലെങ്കില്‍ അയ്യപ്പന്‍ കവിത വായിക്കാന്‍ ഞാന്‍ അര്‍ഹനല്ല. കുട്ടികളെ ഒരുപാടു സ്നേഹിച്ച നീ എന്നെ ദത്തെടുക്കാതെ പോയതെന്ത്. എത്ര ജന്മം കൊണ്ട് പഠിച്ചെടുത്താല്‍ എനിക്ക് നിന്റെ മകനാവാം.
"ഇത്രയും യാത്രാ ഭംഗം
ഇനി ഞാനുറങ്ങട്ടെ
ച്ഛത്രത്തെ ദാനം നല്‍കി
സത്രത്തില്‍ സോപാനത്തില്‍ ...."
അയ്യപ്പനില്ലാതെയും നമുക്ക് ജീവിക്കാം എന്ന് തെളിയിക്കേണ്ട ഉത്തരവാ ദിത്വം വരും തലമുറകളുടെതാണ്


പ്രിയപ്പെട്ട വി എസ്, ഒരു മുഖ്യമന്ത്രി എന്ന നിലയില്‍, പ്രിയ ബേബി ഒരു സാംസ്‌കാരിക മന്ത്രി എന്ന നിലയില്‍, താങ്കളീ ശവത്തിനു കാവലിരിക്കാ തിരിക്കുക. ഞങ്ങള്‍ക്കീ കവിതയെ തികച്ചും ഉള്‍ക്കൊള്ളേ ണ്ടതുണ്ട്. അതിനു ഭാഷയില്ലെങ്കില്‍ പോലും!


അമ്പ്
(ഒടുവിലത്തെ കവിത, കണ്ടെടുത്തത് കവിയുടെ തിരിച്ചറിയപ്പെടാത്ത ജഡത്തിന്റെ  കുപ്പായകൈതെറുപ്പില്നിന്നും)
അമ്പ് ഏതു നിമിഷവും എന്റെ മുതുകില്‍ തറക്കാം
ഒരുമരവും എനിക്ക് മറതന്നില്ല.....

0

രാഷ്ട്രീയത്തിന്റെ രീതിശാസ്ത്രങ്ങള്‍


സുഹൃത്തേ,
ഡി. വൈ. എഫ് .ഐ യുടെ പതിനൊന്നാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടന്നത് അറിഞ്ഞു കാണുമല്ലോ.എല്ലാവരെയും തുല്യരായി കാണുന്നതിനും അപ്പുറമുള്ള വിശാലമായ കാഴ്ചപ്പാടാണ് ശാസ്ത്രീയ സോഷ്യലിസത്തിന്റെ"അടിത്തറ" എന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡല്‍ഹി സയന്‍സ് ഫോറം വൈസ് പ്രസിഡണ്ട്
പ്രബീര്‍ ബുക്കായസ്ത പറഞ്ഞു. ഈ "അടി"ത്തറ ലക്ഷ്യമിടുന്നതെന്തെന്നു ആദ്യം പിടികിട്ടിയത് ഭാഗ്യവശാല്‍ ശ്രീ സക്കറിയക്കാണ്! ഒരു സാധാരണ പൗരനായിരുന്നെങ്കില്‍ ആര് ശ്രദ്ധിക്കാന്‍.. "കണ്ണാടികാണ്മോളവും" എന്നല്ലേ സക്കറിയയുടെവൃത്താന്തം,കണ്ണാടി കണ്ടസ്ഥിതിക്ക് ഇനിയെന്തെന്ന് വിശദീകരിക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട്. അല്ലെങ്കില്‍ " ബുദ്ധിജീവിക ളെക്കൊണ്ടെന്ത്‌ പ്രയോജനം" എന്ന് മലയാളി ചിന്തിച്ചുതുടങ്ങും.
സക്കറിയ പ്രശ്നത്തില്‍ പിണറായി പറഞ്ഞത് "വേദി അറിഞ്ഞു പ്രസംഗിക്കമെന്നായിരുന്നു!"  വ്യവസ്ഥിതികള്‍ക്കെതിരെ പ്രസംഗിച്ചും, പ്രവര്‍ത്തിച്ചുമല്ലേ കേരളത്തില്‍ കമ്മ്യുണിസം ഉദിച്ചുയര്‍ന്നത്? ഇ. എം. എസ്സും, എ . കെ. ജിയും, കുഞ്ഞമ്പുവും,എതിര്‍ത്ത് പ്രസംഗിച്ചല്ലേ ജനനായകരായത് !


ഡി. വൈ. എഫ് .ഐയുടെ സമ്മേളനത്തില്‍ പങ്കെടുക്കുക എന്ന അത്യാഹിതത്തില്‍ നിന്നും രക്ഷപ്പെടാന്‍ വി. എസ്സിന് ജ്യോതിബസുവിനെ കിടത്തിയിരിക്കുന്ന അത്യാഹിതവാര്‍ഡുവരെ ഒടിപ്പോകേണ്ടിവന്നു. ചില സൗഹൃതങ്ങള്‍ എപ്പോളാണ്‌ ഉപകരിക്കുക എന്ന് പറയാനാവില്ല! പഴയ സഖാവിനു നല്ല നമസ്ക്കാരം.
ഈയിടെ നടന്ന സ്കൂള്‍ കലോത്സവത്തില്‍  സംസ്കൃതോല്‍സവത്തി ന്റെ വേദി സാമൂതിരി ഹൈസ്കൂളും, അറബിക് കലോത്സവത്തിന് സി . എച്. ഹാളുമായിരുന്നു! പിന്നെ മതമില്ലാതെന്തു ജീവന്‍ സഖാവേ? 


സുപ്പര്‍താരങ്ങള്‍ ജ്വല്ലറിയുടെ അമ്പാസഡര്‍മാരാവുന്നാതാണ് കേരളം നേരിടുന്ന വിരളിലെണ്ണാവുന്ന പ്രശ്ന്നങ്ങളില്‍ ചിലത്! ആകയാല്‍ അവര്‍ അതില്‍ നിന്നും പിന്മാറണം എന്ന് സമ്മേളനം ആവശ്യപ്പെടുന്നു. ഇത്തരം പരസ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നവിഭ്രമങ്ങളില്‍ മലയാളി വീണുപോകുന്നത്രേ! ഇതേ ജ്വല്ലറിളുടെ പരസ്യങ്ങള്‍ അവസ്സാനിപ്പിക്കാന്‍ സഖാവ് ബ്രിട്ടാസ് നടത്തിപ്പുകാരനായ സി. പി. എം .( പ്രൈവറ്റ് ലിമിറ്റഡ് ) വക കമ്പനിയോടൊന്ന് ആവശ്യപ്പെടാമായിരുന്നില്ലേ... ജീവിതം തകര്‍ക്കുന്നതെന്ന് ഇടതുപക്ഷം വിളംബരം ചെയ്തിരുന്ന ഒറ്റഅക്കലോട്ടറി മുതല്‍, മസില്‍ പെരുപ്പിക്കുന്ന ടെലി ബ്രാന്റ് ചമ്മട്ടികള്‍ വരെ മറ്റേത് ചാനലുകളേയും കടത്തിവെട്ടി നിരന്തരം കാട്ടിക്കൂട്ടുന്നുണ്ടല്ലോ കൈരളി! ഇതില്‍പ്രക്ഷേപണം ചെയ്യുന്ന ഇക്കിളിഫോണ്‍വിളി പരിപാടികള്‍ക്കെതിരെ, ഇക്കിളി വാരികകള്‍ക്കെതിരെ, പിടിച്ചെടുത്തു കത്തിക്കല്‍ സമരം വരെ നടത്തിയ ആള്‍ക്കൂട്ട സംഘടനക്കൊന്നും പറയാനില്ലേ!
സമ്മേളനത്തില്‍ അപലപിക്കപ്പെട്ട മറ്റൊരുകാര്യം ഫാന്‍സ്‌ അസോസിയേഷനുകളെ ക്കുറിച്ചാണ്! യുവാക്കളുടെ ലക്ഷ്യ ബോധം നഷ്ട്ടപ്പെടുത്തുന്നു എന്നോമറ്റോ വിവക്ഷ! ഇത് ഡി. വൈ. എഫ്. ഐ.ക്കാരില്‍ നിന്നു തന്നെകേള്‍ക്കണം. കേരളത്തിലെ യുവജനസംഘട നകളും, വിദ്യാര്‍ത്ഥി സംഘടനകളും, പാര്‍ട്ടി സെക്രട്ടറിമാരുടെയൊ,ഹൈക്കമാന്റിന്റെയോ, ഫാന്‍സ്‌ അസോസിയേ ഷനുകളായിട്ട് കാലമെത്രയായി.അതുകൊണ്ടല്ലെ, എസ്‌. എഫ് .ഐ.ക്കാര്‍ക്ക് സ്വാശ്രയകോളേജ് പ്രശ്നത്തില്‍ തള്ളക്കും,പിള്ളക്കും,കേടില്ലാത്ത വിധം ഒരു പൊറാട്ട് നാടകം കളിച്ചു കൂട്ടില്‍ കയറിപ്പോകേണ്ടി വന്നത്.എ.ഡി. ബി. വായ്പ്പക്കെതിരെ തെരുവില്‍ തലപൊട്ടിച്ചു ചോരഒഴുക്കിയഡി. വൈ. എഫ് .ഐക്ക്, സ്വന്തം തറവാട്ടുകാര്‍ അത് സ്വീകരിച്ചു തുടങ്ങിയപ്പോള്‍ തലയില്‍ മുണ്ടിട്ടുനടക്കേണ്ടിവന്നത്.തത്വത്തില്‍ സത്വബോധ മില്ലാത്ത ഈ സംഘടനകളല്ലേ ഒരു സമൂഹത്തിന്റെ തന്നെ സ്വപ്നങ്ങളെ തല്ലിക്കെടുത്തുന്നത്!
യഥാര്‍ത്ഥത്തില്‍ മാതൃസംഘടനകളില്‍ നിന്നും, ഈ സംഘടനകളെ വേര്‍പെടുത്തുക എന്നതല്ലേ കേരളത്തിനു മുമ്പിലുള്ള രക്ഷാമാര്‍ഗ്ഗം! അല്ലെങ്കില്‍ എസ്‌. എഫ്. ഐ.വഴി, ഡി. വൈ. എഫ് .ഐയിലൂടെ സി.പി എമ്മിലേക്ക് ബന്ദിയാക്കിപ്പിടിക്കപ്പെട്ടവരുടെയും, കെ. എസ്‌. യു. വഴി,യൂത്ത് കോണ്ഗ്രസ്സിലൂടെ, കോണ്‍ഗ്രസ്സിലേക്ക് ബന്ദിയാക്കിപ്പിടിക്കപ്പെട്ടവരു ടെയും,ഇരുകരകളായിമാറും കേരളം. ഇടതു കാലിലെ മന്ത്, വലതുകാലിലേക്കല്ലാതെ, വച്ചൊഴിയാന്‍ മറ്റിടം കിട്ടാതെ നാം ഉഴലും! വിശപ്പ്‌ സഹിയാതെ വീട്ടിലുള്ളതെല്ലാം വിറ്റ് നാം പശിയടക്കും.. അത് സ്വന്തം അമ്മയായാലും, പെങ്ങളായാലും, മോള് തന്നെയായാല്‍പ്പോലും! കൂട്ടരെ നാം രണ്ടു ചെന്നായ്ക്കള്‍ക്കിടയിലെ കടിച്ചെടുക്കാന്‍ പാകത്തിലുള്ള ഒരു കഴുത്തായിട്ട് കാലമെത്രയായി ....