എഴുതിക്കടന്ന പുഴകള്‍.
0

ചോര നിറച്ച് കത്തിച്ച വിളക്കുകള്‍


രു തണുപ്പുകാലത്തിന്റെ ബലിസ്മൃതികളില്‍ നിരന്തരം വന്നു നിറയുന്നു എന്ന് ഞാന്‍ വ്യാകുലപ്പെടുന്ന നഖചിത്രങ്ങളില്‍ ഒന്ന്  പ്രിയ വായനക്കാരാ, നിന്റെ ഹൃദയത്തിന്റെ ഭിത്തിയില്‍ കോറിയിടുന്നു. പുകപോലെ മഞ്ഞുപിടിച്ചു കിടക്കുകയായിരുന്നു അന്ന്. മരങ്ങള്‍ക്ക് ഇത്രമേല്‍ നിശ്ചലമായിക്കിടക്കാന്‍ പറ്റുമെന്ന് എന്നെ പഠിപ്പിച്ച ഒരു ദിവസം.
പള്ളിമുറ്റത്തെ കന്യാമറിയത്തിന്റെ വിസ്തൃതമായ ആകാശത്തിന് കൂടാരം കെട്ടുന്ന രണ്ടുമൂന്ന്‌ പേര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. വിരലുകളും, കണ്ണുകളും മാത്രമേ തണുപ്പിലൂടെ അവര്‍ പുറത്ത് കാട്ടുന്നുള്ളൂ. പുറത്തെ മാര്‍ബിള്‍ ബെഞ്ചിനകലെ  തൂണുകള്‍ക്കുമറപറ്റി ഒറ്റമരം പോലെ ഒരു സ്ത്രീ രൂപം നിലനിന്നു. അവള്‍ നിലത്ത് ഏതോഒരു സൂചികയില്‍ കണ്ണ്കൊളുത്തിവെച്ച് നില്‍ക്കുകയാണ്. 
 
 
 എന്ത് കൊണ്ടോ അപ്പോള്‍ എനിക്കോര്‍മ്മവന്നത് രണ്ട് രൂപകങ്ങളാണ്. വളരെപ്പണ്ട് തീവണ്ടിയില്‍ കുറ്റിപ്പുറത്തിറങ്ങി ഗുരുവായൂരേക്കുള്ള ബസ്സ്‌ തേടി നടക്കവേ മുന്നില്‍ വഴിമുറിച്ചു നില്‍ക്കുന്ന ഒരു കഴുത. കണ്ണുപൂട്ടി ധ്യാനത്തിലെന്നോണം അത് മറ്റെങ്ങോ ആയിരുന്നു മനസ്സ് കൊണ്ട്. ഒരു കഴുതയെ ഇത്ര അടുത്ത് കാണുന്നത് ആദ്യമായാണ്. അടുത്തുനിന്നു കാണുമ്പോള്‍ കഴു വേറൊരു മൃഗമാണ്‌, മനുഷ്യനേപ്പോലെ....
അതിന്റെ അടഞ്ഞ കണ്പോളകളിലേക്ക് നോക്കൂ. തിരയടിക്കുന്ന അതിനകത്ത് ഉള്‍ക്കാഴ്ചയുടെ ഒരു വലിയ കണ്ണുണ്ട്. മനസ്സ്കൊണ്ട് ഇത്രയധികം വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു ജീവിവേറെ ഉണ്ടാവില്ല. നമുക്ക് മുന്നില്‍ നില്‍ക്കുമ്പോഴും അത്  മറ്റെങ്ങോആണ്. അതുകൊണ്ടായിരിക്കാം സമീപ പരിസരങ്ങളോട് ചടുലമായി അതിന് പ്രതികരിക്കാനാവാത്തത്. കഴുതയായിരിക്കുമ്പോള്‍തന്നെ സ്വയം മറ്റൊനായി അവരോധിക്കുകയും രണ്ടിനു മിടയിലൂടെയുള്ള ഒരു ജീവിതം ജീവിച്ചു തീര്‍ക്കാന്‍ തെരഞ്ഞെടുക്കുന്നതുമായ ഒരു ജീവിയാണ് കഴുത. അതു കൊണ്ടാവണം സര്‍ക്കസുകാര്‍ക്ക് കൂടി, അല്ലെങ്കില്‍ ഇറച്ചിക്കാര്‍ക്ക് കൂടി അതിനെ സ്വീകാര്യമായിത്തീരാത്തത്. "കഴുതയിറച്ചി" എന്നപേരില്‍ നിങ്ങള്‍ വാങ്ങിക്കൊണ്ടു പോയി കറിവെച്ചാല്‍ ആനയുടെയോ, കുതിരയുടെയോ ഇറച്ചിയായി അതു നിങ്ങളുടെ നാക്കിനോടു യുദ്ധം ചെയ്തേക്കാം. അതേ അവസ്ഥയിലും ആകൃതിയിലും ആണ്  എനിക്ക് മുന്നില്‍കാണായ പെണ്‍രൂപം  എന്ന് തോന്നിയതിലെ യുക്തി എന്തെന്ന് എനിക്കറിയില്ല.
   

 പിന്നെ എന്റെ ഓര്‍മ്മയിലേക്ക് ആ രൂപം വഴി ഓടിക്കയറിയത്, സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും പുല്പ്പള്ളിയിലെക്കുള്ള ശീതകാലയാത്രകളില്‍ എന്നും എന്നെ മോഹിപ്പിച്ച ചായക്കുന്നുകള്‍ക്കിടയില്‍ ചെകുത്താന്‍ കാലുകളെപ്പോലെ നില്‍ക്കുന്ന സില്‍വര്‍ഓക്ക് മരങ്ങളാണ്! നേരിയ കാറ്റുള്ള മഞ്ഞുകാലങ്ങളില്‍ ഇളംപച്ചനിറമുള്ള ഇലകളുടെ അടിവശത്തെ സില്‍വര്‍ നിറങ്ങള്‍ കാണിച്ചായിരിക്കും മരങ്ങള്‍ നില്‍ക്കുക. എന്താണോ ഞാന്‍ എന്നാല്‍ അതല്ല ഞാന്‍ എന്നൊരു ആത്മീയതത്വം അത്  നമ്മോട്‌ നിരന്തരം പറയുന്നുണ്ട് ആ വിധത്തില്‍ ചിന്തിക്കുമ്പോള്‍. ചായക്കുന്നുകളുടെ അതിരുകളില്‍ സ്വയംവളരുന്ന പച്ചകര്പ്പൂരചെടികളുടെ ഇലകള്‍ വിരലുകളില്‍ ഞെരടിമണത്തുകൊണ്ട് ആ കാഴ്ച കാണുന്ന ഒരു ശീതകാലസന്ധ്യ നമ്മെ മുന്‍ജന്മസ്മൃതികളിലെന്തെങ്കിലും ഓര്‍മ്മിപ്പിച്ചേക്കാം... മുമ്പിലെ ഈ പെണ്‍രൂപകം എന്തെ എന്നെ ആവഴി നടത്തിയത് എന്നതിനും എനിക്ക് ഉത്തരമില്ല. ഓര്‍മ്മകള്‍ക്ക് നാം ഉത്തരമെഴുതാറില്ലല്ലോ. മാര്‍ക്കിടുക മാത്ര മാണല്ലോ പതിവ്.                                          
 വ്യാകുലഭാരങ്ങളെ പ്രാര്‍ത്ഥനയിലേക്ക് പരിഭാഷപ്പെടുത്താനുള്ള ഒരിടവേളക്കായാണ് ഞാന്‍ മാര്‍ബിള്‍ ബെഞ്ചുകളില്‍ ഒന്നില്‍ ഇരുന്നത്. അതൊരു ശീലമായിരുന്നു എനിക്ക്. നിരവധി ശബ്ദങ്ങളില്‍നിന്നും ആകുലതകളില്‍നിന്നും മനസിനെ പൂജ്യത്തിലേക്ക് ഏകോപിപ്പിച്ചേ ഞാന്‍ പള്ളിക്കകത്ത് കയറാറുള്ളൂ. അത്തരം ഒരവസ്ഥ സൃഷ്ടിക്കാന്‍കഴിയാതെ വരുമ്പോള്‍ പള്ളിക്കകത്ത് കയറാതെ നിശബ്ദനായി ആള്‍ക്കൂട്ടത്തിലേക്ക്  തിരുച്ചുപോരുകയാണ് പതിവ്.  
തണുത്ത ആകാശത്തിലേക്ക് പറക്കാന്‍ വിമുഖമായ വെന്പിറാക്കള്‍ ഒറ്റയായും ഇണയായുംനടന്നു കന്യാമറിയത്തെ വണങ്ങി. ചിലപ്പോള്‍ പക്ഷികള്‍ക്കും ചിലത് പറയാനുണ്ടെന്ന് ഞാന്‍ അറിഞ്ഞത് അന്നാണ്. എന്റെ ഓര്‍മ്മകളുടെ പൌരാണികതയില്‍ ജഡായു എന്ന പക്ഷി ചിലത് അറിയിക്കുന്നുണ്ടെങ്കിലും അതിനപ്പുറം ചില വ്യാകരണങ്ങള്‍ തരുന്നുണ്ട് ഈ വെന്പിറാക്കള്‍.. പച്ച നിറത്തിലുള്ള പിന്‍ഗേറ്റിലൂടെ കടന്നുവന്ന ഒരു പെണ്‍കുട്ടിനേരെ കന്യാമറിയത്തിലേക്ക് നടന്നു കയറി. അവള്‍ ഏറെനേരം മുഖം കുനിച്ചുനിന്നു അവിടെ. കൊണ്ടുവന്ന മെഴുകുതിരി  "ഇവിടെ മെഴുകുതിരി കത്തിക്കരുത്"എന്ന ബോര്‍ഡിനു മുമ്പില്‍ വേദനയോടെ അവള്‍ നീക്കിവെച്ചു. മറിയമേ ഞാന്‍ നേര്‍ന്നുപോയല്ലോ  ഇതിനും കൂടി ഞാന്‍ പ്രാര്‍ത്ഥി
ക്കുന്നു എന്നമട്ടില്‍ അവള്‍ കുറച്ചേറെനേരം കന്യാമറിയത്തിനു മുന്‍പില്‍ മുട്ട്കുത്തി മുഖംകുനിച്ചു നിന്നു. വേഷവും രൂപവും അവളെ  എന്റെ രസനയെ ശ്രീലങ്കയിലേക്കാണ് നാട് കടത്തിയത്. ശേഷം എന്നേയും പിന്നിട്ട് അവള്‍ പള്ളിയിലേക്ക് കടന്നുപോകുംവഴി ആ ഒറ്റമരച്ചോട്ടില്‍ ഒന്ന് നിന്നതേയുള്ളൂ. വളരെ പെട്ടന്നാണ് ആ ഒറ്റമരം ഉച്ചത്തില്‍, അതായതു അതിന് നിര്‍മ്മിക്കാന്‍ കഴിയാവുന്നത്രയും ഉച്ചത്തില്‍ നിലവിളിക്കാന്‍  തുടങ്ങിയത് .               
   

 നിലവിളികള്‍ക്ക് ഒരു ആഗോളമാര്‍ക്കറ്റുണ്ട്. വിപണനം ചെയ്യാനറിയുന്നവന്‍ അത് വിദഗ്ധമായി വിപണനംചെയ്യും. അവിടെ നിലവിളികളുടെ ഉല്‍പ്പാദകര്‍ ആരെന്നത് ഒരുപ്രശ്നമല്ല. പക്ഷെ ഞാന്‍  "ഒരു പാവംമനുഷ്യന്‍" എന്ന് എന്ത്കൊണ്ടോ സ്വയം വിലയിട്ട ഒരു മനുഷ്യന് തിരിഞ്ഞുനോക്കാന്‍ പാകത്തില്‍ ഒരുകഴുത്ത് എന്റെ ദൈവം അവശേഷിപ്പിച്ചിട്ടുണ്ട് എന്നില്‍ ഇപ്പോഴും.
(പ്രിയ വായനക്കാരാ ഓര്‍ക്കൂ....തിരിഞ്ഞുനോക്കാതെ തിരിഞ്ഞുനോക്കാതെയാണ് നമുക്ക് നമ്മുടെ കഴുത്തുകളുടെ തനതുസ്വഭാവം നഷ്ടമായത്.)
 

 പാഞ്ഞുചെല്ലാന്‍ മാത്രം അകലത്തിലല്ല അവര്‍.നടനം മന്ദാക്രാന്തയില്‍! അതില്‍ ഞാനെന്റെ  അകംവേവുകള്‍ പൂഴ്ത്തിവെക്കുന്നു. ഓടിയെത്തിയവരില്‍ കന്യാമറിയത്തിന്റെ ആകാശം മറക്കുന്നവരും ഉണ്ടായിരുന്നു! പേടിച്ച ഒരുവെണ്‍പിറാവിന്റെ അവസ്ഥയിലായിരുന്നു,ഞാന്‍ ശ്രീലങ്കക്കാരിഎന്ന് നിരുപിച്ച പെണ്‍കുട്ടി.  
എന്നിലെ  മനുഷ്യന് മറ്റു ലക്ഷ്യങ്ങളില്ലാതെ  ഇടപെടാനുള്ള സമയമാണിതെന്ന്‍ പ്രാര്‍ത്ഥനയില്‍ വിശ്വാസമുള്ള എനിക്ക് തീരുമാനിക്കാതെവയ്യ.
ശ്രീലങ്കക്കാരിയാണ് ആദ്യം ഉരിയാടിയത്‌. ഒരു കുറ്റബോധാത്തോടെയെങ്കിലും!
 "
ഈ തണുത്ത വെളുപ്പാന്‍  കാലത്ത്  ഒരു ജാക്കറ്റ് പോലുമില്ലാതെ  നീയെങ്ങിനെവന്നു നില്‍ക്കുന്നൂ എന്നേ ഞാന്‍ ചോദിച്ചുള്ളൂ..."
അപ്പോളാണ് ഞാന്‍ അവളുടെ, ആ ഒറ്റമരത്തിന്റെ വേഷങ്ങളിലേക്ക് കൂപ്പുകുത്തിയത് .
ഇത്രയും നിസ്സാരവസ്ത്രം ധരിച്ച ഒരാളെ ഞാന്‍ ഇതേവരെ കണ്ടിട്ടില്ല ഈ തണുപ്പ് കാലത്ത് ! ഇന്നര്‍, ഔട്ടര്‍ എന്നൊക്കെപറഞ്ഞു ആറോ,ഏഴോ വസ്ത്രങ്ങളുടെ ലാളിത്യത്തിലാണ് ഞാന്‍ എന്ന നിസ്സാരന്‍ പ്രാര്‍ത്ഥിക്കാന്‍ വന്നിരിക്കുന്നത്  എന്നതില്‍ എന്റെ അധ്യാത്മികതയെ നിസംശയം  ദൈവം ചോദ്യംചെയ്യുമെന്ന് തീര്‍ച്ച .    
ശ്രീലങ്കക്കാരിക്കുപേര്‍ സമുദ്ര. നിരാലംബമായ ഒരു കുറ്റബോധം അവളില്‍ പടര്‍ന്നുപിടിക്കുന്നത് ഞാന്‍ അറിയുന്നു .
കരയുന്ന അപരിചിതയോട് നമുക്കാദ്യം ഒന്നേ ചോദിക്കാനൊന്നേ ഉള്ളൂ  ..
നിന്റെ  പേരെന്താണ്  ?
"ജെന്നിഫര്‍"
എന്നവള്‍ പറയുമ്പോള്‍ മെഴുകുതിരികള്‍ക്ക് അങ്ങിനെ ഒരു അര്‍ത്ഥമുണ്ടാകുമോ എന്നാണ് ഞാന്‍ ആലോചിച്ചത്. സമുദ്ര ഇപ്പോള്‍ മുന്‍നിശ്ചയങ്ങളൊന്നു മില്ലാതെ ജെന്നിഫറിന്റെ ചുമലില്‍ പിടിച്ചിരിക്കുകയാണ്. അല്ലെങ്കില്‍ അവള്‍ താഴേക്കുവീണുപോകുമോ എന്ന ഭയം അവളില്‍ നിലനിന്നു. കൂടാരപ്പണിക്കാര്‍ ജെന്നിഫറിനോട് അറബിയില്‍ എന്തെല്ലാമോ ചോദിച്ചു അവള്‍ വെറും നിലത്തുനോക്കി നിന്നതല്ലാതെ ഒന്നുംതന്നെ ഉരിയാടിയില്ല. കുറച്ച് നേരം കൂടി അവള്‍ക്കു മുമ്പില്‍ കാത്തുനിന്നിട്ട് അവര്‍ അവരുടെ ജോലിയിലേക്ക് തിരിച്ചുപോയി.ഉടലടയാലങ്ങളില്‍ നിന്നും അവള്‍ ഫിലിപ്പീന്‍സിന്റെ താവഴിയാണെന്നു മനസിലായി. 
 

 സമുദ്ര ഒന്നുകൂടി അവളെ കുലുക്കിവിളിച്ചു. അവള്‍ മോഹനിദ്രയില്‍ നിന്നും ഉണര്‍ന്നതുപോലെ നാലുപാടും നോക്കി. എന്നിട്ട് ഉച്ചത്തില്‍ നിലവിളിച്ചു കൊണ്ട് പറഞ്ഞു "എനിക്ക് നാട്ടില്‍ പോകണം."
അവളുടെ ചുമലില്‍നിന്നും സമുദ്രയുടെ പിടിഅയഞ്ഞു. അവള്‍ ജെന്നിഫറിനെ മാര്‍ബിള്‍ ബെഞ്ചിലേക്ക് പകര്‍ന്നു. സമുദ്ര ജെന്നിഫറിന്റെ  മുഖം കൈകളിലേക്ക് കോരിയെടുത്തു ചോദിച്ചു "എന്ത് പറ്റി?"
"എന്റെ ഭര്‍ത്താവ് മരിച്ചു."
ജെന്നിഫറില്‍ നിന്നും അടര്‍ന്നുവീണ നിലവിളിയില്‍ ഈ വാക്കുകളും ഉണ്ടായിരുന്നു. ബാബയോട് പലതവണ ചോദിച്ചുനാട്ടിലേക്ക് പോകാന്‍ അനുമതി കിട്ടിയില്ല. യാചിച്ചുകിട്ടിയ ദയയില്‍ ഈ പള്ളിയാത്ര മാത്രം തരപ്പെട്ടു. പക്ഷെ അകം പൊള്ളലില്‍ അവള്‍ക്കു നഷ്ടപ്പെട്ടത്‌ പ്രാര്‍
ത്ഥിക്കാനുള്ള വാക്കുകളും ഈ തണുപ്പും!
"ജെന്നിഫര്‍, നാം എത്രമേല്‍ അപരിചിതര്‍. നമുക്കൊന്ന്ചേര്‍ന്ന് പള്ളിക്കകത്ത് പോയിരിക്കാം. ഇത്തിരിനേരം. മനമുരുകി പ്രാര്‍
ത്ഥിക്കാന്‍ നമുക്കാവുമെങ്കില്‍ അതിന് ശ്രമിക്കാം"ഞാന്‍ പറഞ്ഞു.
ജെന്നിഫറും, സമുദ്രയും ആട്ടിന്‍കുട്ടികളെപോലെ എനിക്ക് പിറകെവന്നു. പള്ളിക്കകം ശൂന്യമായിരുന്നു. ക്രൂശിത രൂപവും, അതിലേറെ ക്രൂശിതയായ ജെന്നിഫറും, സമുദ്രയും ഞാനും മാത്രം.   
സമുദ്ര ബാഗില്‍ നിന്നും സിംഹളഭാഷയിലെ ബൈബിള്‍ പുറത്തെടുത്ത് ഉച്ചത്തില്‍ വായിക്കാന്‍ തുടങ്ങി. അത്  അത്രമേല്‍ രുചികരമായൊരു ഭാഷയായി എനിക്കാദ്യമായി അനുഭവപ്പെട്ടു.
 

 ബസ് സ്റ്റോപ്പില്‍വെച്ചു പിരിയാന്‍നേരം സമുദ്ര ജെന്നിഫറിനോടു അവളുടെ മൊബൈല്‍ നമ്പര്‍ ചോദിച്ചു. അങ്ങിനെ ഒന്ന് അവളുടെ കൈവശം ഇല്ലായിരുന്നു. ടാക്സിയില്‍കയറി പിരിയാന്‍നേരം സമുദ്ര ജെന്നിഫറിന്റെ കൈകളില്‍ അഞ്ച് ദിനാറിന്റെ ഒരു ചുവന്ന നോട്ട്  വെച്ചു കൊടുത്തു. ജെന്നിഫര്‍ ഒരു മടിയുമില്ലതെയാണ് അതു വാങ്ങിയത്.പിന്നെ സമുദ്രയുടെ കണ്ണുകളിലേക്ക് കുറച്ചുനേരം  ആഴത്തില്‍ നോക്കിനിന്നു. കരയില്‍ നിന്നും ഒലിച്ചുപോകുന്ന ഒരാള്‍ കരയെ തിരിഞ്ഞുനോക്കുന്നത് പോലെയാണ് നീങ്ങിത്തുടങ്ങിയ ടാക്സിയിലിരുന്ന്‍  ജന്നിഫര്‍ ഞങ്ങളെ നോക്കിയത്.
ഇത്തിരിനേരം ഞാനും സമുദ്രയും ബസ് സ്റ്റോപ്പില്‍ ഒന്നും മിണ്ടാതെ നിന്നു. പറയുവാന്‍ ഏറെ ഉണ്ടാവുമ്പോളാണ് ഒരാള്‍ ഊമയായിപ്പോകുന്നത് എന്ന് അന്നേരം എനിക്ക് തോന്നി.
അവള്‍ക്കുള്ള ബസ്സ്  മുന്നില്‍ വന്നു നില്‍ക്കുന്നേരം ഞാന്‍ സമുദ്രയുടെ ഫോണ്‍നമ്പര്‍ ചോദിച്ചു. നനഞ്ഞ കണ്ണുകളോടെ അവള്‍ പറഞ്ഞു. നമുക്ക് പങ്കുവെക്കാന്‍ ജെന്നിഫറിന്റെ ഓര്‍മ്മകള്‍ മാത്രമല്ലേ ഉള്ളൂ. പരസ്പരം വിളിച്ചും പറഞ്ഞും നമുക്കതിന്റെ വിശുദ്ധി നഷ്ടമാക്കേണ്ട. എന്നെങ്കിലും എവിടെ വെച്ചെങ്കിലും നമുക്ക് കാണാം.
നാം വീണ്ടും കാണാതിരിക്കില്ല എന്നെനിക്കുറപ്പുണ്ട്. നമ്മള്‍ ജന്നിഫറിനേയും കാണും എന്നെങ്കിലും."
ബസ്സില്‍കയറി കാഴ്ചയുടെ അറ്റംവരെ
അവള്‍ കൈവീശിക്കാണിച്ചു.
 

 ചുമലിലേക്ക് അറ്റുവീഴാന്‍ പാകത്തില്‍ ഒരേകാന്തത എനിക്ക് മുകളില്‍ കാത്തുനില്‍ക്കുകയായിരുന്നു . അതില്‍ മുങ്ങിത്താണ് ഞാനേറെ നേരം ബസ്സ് കിട്ടാതെ നീലബെഞ്ചില്‍ തനിച്ചിരുന്നു.   
രോഗക്കിടക്കയിലായ സുഹൃത്തിന്റെ ഭാര്യ രേണുകയെ സന്ദര്‍ശിക്കാനാണ് ഈയ്യിടെ ആശുപത്രിയിലെത്തിയത്. ലോകത്തിലെവിടെയും ആശുപത്രികള്‍ക്ക് ഒരേമണമാണ്
ഒരേ ഭാവവും. അടുത്ത ബെഡിലെ മൂടിപ്പുതച്ചു കിടക്കുന്ന രൂപത്തെപ്പറ്റിയാണ് രേണുക കൂടുതലും പറഞ്ഞത്
"പാവം, കഴിഞ്ഞ ആഴ്ച ഓപ്പറേഷന്‍ കഴിഞ്ഞതാ... യൂട്രസ് അറുത്തു മാറ്റി... യൂട്രസ്സിനു പുറത്തും രണ്ട് മുഴകളുണ്ടായിരുന്നു. പോകാന്‍ ഒരിടമില്ലാത്തതിനാല്‍ ഡോക്ടരുടെ കാലുപിടിച്ചിട്ടു രണ്ട് മൂന്ന് ദിവസ്സം അധികം കിടത്തിയതാ. ദിവസ്സവും ഡോക്റ്റര്‍വന്നു വഴക്ക് പറയുന്നത് കേള്‍ക്കാം...
ഖാദിം വിസയില്‍ പുറത്തെവിടെയോ ജോലി ചെയ്യുകയായിരുന്നു. ഇപ്പോള്‍ അസുഖം കാരണം ആ ജോലിപോയി. താമസിച്ചിരുന്ന മുറിയിലെ ആരും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറല്ലത്രെ. എപ്പോഴും കണ്ണീര്‍ വാര്‍ക്കുന്നത് കാണാം."
 എനിക്കാമുഖമൊന്നു കാണണമെന്നുണ്ടായിരുന്നു. പക്ഷെ അടിമുടി മൂടിപ്പുതച്ചാണ് കിടപ്പ്. രേണുക യോടുള്ള കുശലാന്വേഷണങ്ങള്‍ പരമാവധി നീട്ടി, ബോധപൂര്‍വം കുറച്ചധികം നേരം ആശുപത്രിയില്‍ ചെലവഴിച്ചു. അതിനിടയിലാണ് ആ മുഖം കണ്ണീര്‍വാര്‍ത്തുകൊണ്ട് പുതപ്പിന് വെളിയില്‍ ചാടിയത്.
സമുദ്ര! 
ഒരാന്തലോടെയാണ് ഞാന്‍ അവളുടെ മെത്തക്കരികെ നിന്നത്. വല്ലാതെ ശോഷിച്ചുപോയിരിക്കുന്നു അവള്‍. അവള്‍ക്ക് എന്നെ മനസ്സിലായോ എന്നറിയില്ല. ഞാന്‍ പറഞ്ഞു " ഓര്‍മ്മയുണ്ടോ
ജെന്നിഫറിന്റെ ആ ദിവസ്സം.... നമ്മള്‍ ചേര്‍ന്നുനിന്നു നിന്റെ ഭാഷയില്‍   പ്രാര്‍ത്ഥിച്ചവര്‍..."      
സത്തചോര്‍ന്നുപോയ കണ്ണുകളില്‍ സാകൂതം വിടരുന്നതെന്താണ്?
അവള്‍ മറന്നുപോയൊരു ചിരി ആലോചിച്ചു കിടന്നു. പിന്നെ തലയിണക്ക് കീഴിലേക്ക് കണ്ണുകള്‍ കൊണ്ട് എന്തോ ആഗ്യംകാണിച്ചു. ഞാന്‍ തലയിണ പതിയെപൊക്കി നോക്കി. സിംഹള ഭാഷയിലെ ഒരു ബൈബിള്‍ എന്റെ കൈകളില്‍ കയറി വന്നു. അതിലെ ലിപിയറിയാതെ ഞാന്‍ അവള്‍ക്കു മുമ്പില്‍ നിരക്ഷരനായി. പ്രിയപ്പെട്ടവളെ, അശ്ലീലം കലരാതെ നിന്നെ ഞാനെങ്ങിനെയാണ് ഒന്ന് ആലിംഗനം ചെയ്യേണ്ടത്! ഒരു പ്രത്യാശയുടെ വിരല്നീട്ടം ഞാന്‍ നടത്തേണ്ടതല്ലേ ? പക്ഷെ എങ്ങിനെ? മുമ്പേ പങ്കെടുത്ത ഒരു ശ്രീലങ്കന്‍ പ്രാര്‍ത്ഥനാകൂട്ടത്തെ ഓര്‍മ്മവന്നു.. ആ വാതിലില്‍ ഒന്ന് മുട്ടി നോക്കാം... പഴയ ചില ഓര്‍മ്മകളില്‍ നിന്നും മുന്‍പേ ഒന്നിച്ചു ജോലിചെയ്ത ചില ശ്രീലങ്കക്കാരെയും കണ്ട് നോക്കാന്‍ തീരുമാനിച്ചാണ് ആശുപത്രി വിട്ടത്. പക്ഷെ ഒരുറപ്പും കൊടുക്കാന്‍ കഴിയാത്തതിനാല്‍ കയ്യില്‍ ഒരഞ്ചു ദിനാര്‍ മാത്രം വെച്ചു കൊടുത്തു. അന്നേരം ജെന്നിഫറിന്റെ കൈകളില്‍ പണ്ട്  വെച്ചു കൊടുത്ത അഞ്ചു ദിനാര്‍ അവള്‍ ഓര്‍ത്തോ എന്തോ?
 

 അകാരണമായി ചില വരികള്‍ ഓര്‍മ്മയുടെ അകങ്ങളില്‍ നിന്നും എന്നെ വേട്ടയാടി  
കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നൊയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?
നമുക്കിപ്പൊഴീ ആര്‍ദ്രയെ
ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം!
വരിക സഖീ, അരികത്ത് ചേര്‍ന്ന് നില്‍ക്കൂ,
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായ് നില്‍ക്കാം
....
പഴയ  ശ്രീലങ്കന്‍ പരിചയക്കാരില്‍ നിന്നാണ് സമുദ്രയെ ഏറ്റെടുക്കാമെന്ന ആശാവഹമായ ഒരു വാഗ്ദാനം കിട്ടിയത്. ഇടനാഴിയിലെ വെളിച്ചങ്ങളുടെ ചതുരജാലകങ്ങള്‍ കടന്നു സമുദ്രയുടെ വാര്‍ഡില്‍ കാലനക്കം കേള്‍പ്പിക്കാതെ ഞാന്‍ കയറി. അവളെ വിസ്മയിപ്പിക്കാന്‍...
പക്ഷെ, അതിലും മുമ്പേ അവളെന്നെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നുവോ? അവളുടെ മെത്ത ശൂന്യമായിരുന്നു. ആ ശൂന്യത ഒരു വെളുത്ത കടലായി എനിക്ക് മുമ്പില്‍ തിരയടിച്ചു. ആരോട് ചോദിക്കും എന്നറിയാതെ ഞാന്‍ ഒരു പകലിന്റെ തളര്ച്ചയായി കുറേനേരം മെത്തക്കരികില്‍ നിന്നു. അതിനപ്പുറം ഒരു നിസ്സഹായനെന്തു ചെയ്യാന്‍....
 പള്ളി മുറ്റത്തെ കാന്‍വാസ് മേല്‍ക്കൂര മുഴുവനായും പണിതു കഴിഞ്ഞിരിക്കുന്നു.അതിന് കീഴ്‌ കന്യാമറിയം
പകല്‍ച്ചൂടില്‍ വെന്തുരുകി മുഖംകുനിച്ചു നിന്നു. വാങ്ങിയ മെഴുകുതിരികള്‍ കത്തിക്കാനിടമില്ലാതെ കയ്യില്‍ കിടന്നു. പിന്നെ മാതാവിന് മുന്‍പില്‍ സ്വയം ഒരു മെഴുകുതിരിയായി ഞാന്‍ എരിഞ്ഞു. പള്ളിയിലെ ബെഞ്ചില്‍ കുറേനേരം ഇരുന്ന്‍, നിശബ്ദത ഒരു ക്രൂശിതരൂപമാകുന്നത് സ്വയം അനുഭവിച്ചു. പിന്ബെഞ്ചില്‍ എങ്ങുനിന്നോവന്നു നിറഞ്ഞ ഒരാള്‍ക്കൂട്ടം എനിക്കറിയാത്ത ഭാഷയില്‍ ബൈബിള്‍ വചനങ്ങള്‍ ഉച്ചത്തില്‍പാടാന്‍ തുടങ്ങി. പിന്നെ മുട്ടുകുത്തിനിന്നു അവര്‍ സ്വയം നിശബ്ദതവരിച്ചു. മരിച്ച ആര്‍ക്കോ വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥനയാണതെന്ന് ഭാഷയില്ലാതെ ഞാന്‍ തിരിച്ചറിഞ്ഞു. സംഭാഷണങ്ങള്‍ക്കിടയില്‍ നിന്നും ഞാന്‍ മരിച്ചയാളിന്റെ പേര്‍ ഉരുത്തിരിച്ചെടുത്തു.
ജാതകത്തില്‍ അവള്‍ക്കു പേര്‍ ജെന്നിഫര്‍. എങ്കില്‍ അതു എനിക്കറിയാവുന്ന ജെന്നിഫറായിരിക്കുമോ? ആരും പേര്‍ചൊല്ലി വിളിക്കാനില്ലാതെ ഒരു ഒറ്റമരം ജന്മന്തരങ്ങളിലെവിടെയോ മഞ്ഞുപുതച്ചു  കിടന്നു.  
 

 ഇപ്പോള്‍ നോവുകൊണ്ടും ഓര്‍മ്മകള്‍ കൊണ്ടും ഞാന്‍ ഓടുന്നത് കുറ്റിപ്പുറത്തെ ചെമ്മണ്‍പാതയിലെ ആ കഴുതപ്പുറത്തേറി സുല്‍ത്താന്‍ബത്തേരിവഴി പുല്പള്ളിയിലേക്കാണ്. വഴിയരികുകളിലെ ചായക്കുന്നുകളില്‍ സില്‍വര്‍ഓക് മരങ്ങള്‍  മിന്നാമിനുങ്ങുകളെ തുറന്നുവിടുന്ന രാത്രികളിലൂടെ... അതിന്റെ അരികുകളില്‍ സ്വയംവളര്‍ന്നു പൊങ്ങിയ പച്ചകര്പ്പൂരചെടികളുടെ ഇലകള്‍ മണത്ത് ഒന്ന് കുമ്പസരിക്കണം 
 

 ഒരേ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടായിട്ടും  ജെന്നിഫറിനും, സമുദ്രക്കുംവേണ്ടി എനിക്കെന്തു ചെയ്യാന്‍ കഴിഞ്ഞു എന്ന് അകത്തോട്ടു വളഞ്ഞുനിന്നു  ഉച്ചത്തില്‍ ചോദിക്കാന്‍ ഇതിലും അനുയോജ്യമായ സ്ഥലം വേറെങ്ങാണ് .      
ആര്‍ത്ത് പൊങ്ങുന്നിതാ വെറും പൊടിയില്‍ നിന്ന്
മനുഷ്യരക്തത്തിന്‍റെ നിലവിളി.
മുട്ടു കുത്തി വീഴുമ്പോള്‍ എന്‍ കുരലു ചീന്തി
തെറിക്കുന്നു വാക്കുകള്‍:
“അവനെ ഞാനറിയുന്നില്ല ദൈവമേ,
അവനു കാവലാള്‍ ഞാനല്ല ദൈവമേ!”

(എവിടെ ജോണ്‍?  ചുള്ളിക്കാട് )