സുഹൃത്തേ,
ഡി. വൈ. എഫ് .ഐ യുടെ പതിനൊന്നാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടന്നത് അറിഞ്ഞു കാണുമല്ലോ.എല്ലാവരെയും തുല്യരായി കാണുന്നതിനും അപ്പുറമുള്ള വിശാലമായ കാഴ്ചപ്പാടാണ് ശാസ്ത്രീയ സോഷ്യലിസത്തിന്റെ"അടിത്തറ" എന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡല്‍ഹി സയന്‍സ് ഫോറം വൈസ് പ്രസിഡണ്ട്
പ്രബീര്‍ ബുക്കായസ്ത പറഞ്ഞു. ഈ "അടി"ത്തറ ലക്ഷ്യമിടുന്നതെന്തെന്നു ആദ്യം പിടികിട്ടിയത് ഭാഗ്യവശാല്‍ ശ്രീ സക്കറിയക്കാണ്! ഒരു സാധാരണ പൗരനായിരുന്നെങ്കില്‍ ആര് ശ്രദ്ധിക്കാന്‍.. "കണ്ണാടികാണ്മോളവും" എന്നല്ലേ സക്കറിയയുടെവൃത്താന്തം,കണ്ണാടി കണ്ടസ്ഥിതിക്ക് ഇനിയെന്തെന്ന് വിശദീകരിക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട്. അല്ലെങ്കില്‍ " ബുദ്ധിജീവിക ളെക്കൊണ്ടെന്ത് പ്രയോജനം" എന്ന് മലയാളി ചിന്തിച്ചുതുടങ്ങും.
സക്കറിയ പ്രശ്നത്തില്‍ പിണറായി പറഞ്ഞത് "വേദി അറിഞ്ഞു പ്രസംഗിക്കമെന്നായിരുന്നു!" വ്യവസ്ഥിതികള്‍ക്കെതിരെ പ്രസംഗിച്ചും, പ്രവര്‍ത്തിച്ചുമല്ലേ കേരളത്തില്‍ കമ്മ്യുണിസം ഉദിച്ചുയര്‍ന്നത്? ഇ. എം. എസ്സും, എ . കെ. ജിയും, കുഞ്ഞമ്പുവും,എതിര്‍ത്ത് പ്രസംഗിച്ചല്ലേ ജനനായകരായത് !
ഡി. വൈ. എഫ് .ഐയുടെ സമ്മേളനത്തില്‍ പങ്കെടുക്കുക എന്ന അത്യാഹിതത്തില്‍ നിന്നും രക്ഷപ്പെടാന്‍ വി. എസ്സിന് ജ്യോതിബസുവിനെ കിടത്തിയിരിക്കുന്ന അത്യാഹിതവാര്‍ഡുവരെ ഒടിപ്പോകേണ്ടിവന്നു. ചില സൗഹൃതങ്ങള്‍ എപ്പോളാണ് ഉപകരിക്കുക എന്ന് പറയാനാവില്ല! പഴയ സഖാവിനു നല്ല നമസ്ക്കാരം.
ഈയിടെ നടന്ന സ്കൂള്‍ കലോത്സവത്തില്‍ സംസ്കൃതോല്‍സവത്തി ന്റെ വേദി സാമൂതിരി ഹൈസ്കൂളും, അറബിക് കലോത്സവത്തിന് സി . എച്. ഹാളുമായിരുന്നു! പിന്നെ മതമില്ലാതെന്തു ജീവന്‍ സഖാവേ?
സുപ്പര്‍താരങ്ങള്‍ ജ്വല്ലറിയുടെ അമ്പാസഡര്‍മാരാവുന്നാതാണ് കേരളം നേരിടുന്ന വിരളിലെണ്ണാവുന്ന പ്രശ്ന്നങ്ങളില്‍ ചിലത്! ആകയാല്‍ അവര്‍ അതില്‍ നിന്നും പിന്മാറണം എന്ന് സമ്മേളനം ആവശ്യപ്പെടുന്നു. ഇത്തരം പരസ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നവിഭ്രമങ്ങളില്‍ മലയാളി വീണുപോകുന്നത്രേ! ഇതേ ജ്വല്ലറിളുടെ പരസ്യങ്ങള്‍ അവസ്സാനിപ്പിക്കാന്‍ സഖാവ് ബ്രിട്ടാസ് നടത്തിപ്പുകാരനായ സി. പി. എം .( പ്രൈവറ്റ് ലിമിറ്റഡ് ) വക കമ്പനിയോടൊന്ന് ആവശ്യപ്പെടാമായിരുന്നില്ലേ... ജീവിതം തകര്‍ക്കുന്നതെന്ന് ഇടതുപക്ഷം വിളംബരം ചെയ്തിരുന്ന ഒറ്റഅക്കലോട്ടറി മുതല്‍, മസില്‍ പെരുപ്പിക്കുന്ന ടെലി ബ്രാന്റ് ചമ്മട്ടികള്‍ വരെ മറ്റേത് ചാനലുകളേയും കടത്തിവെട്ടി നിരന്തരം കാട്ടിക്കൂട്ടുന്നുണ്ടല്ലോ കൈരളി! ഇതില്‍പ്രക്ഷേപണം ചെയ്യുന്ന ഇക്കിളിഫോണ്‍വിളി പരിപാടികള്‍ക്കെതിരെ, ഇക്കിളി വാരികകള്‍ക്കെതിരെ, പിടിച്ചെടുത്തു കത്തിക്കല്‍ സമരം വരെ നടത്തിയ ആള്‍ക്കൂട്ട സംഘടനക്കൊന്നും പറയാനില്ലേ!
സമ്മേളനത്തില്‍ അപലപിക്കപ്പെട്ട മറ്റൊരുകാര്യം ഫാന്‍സ് അസോസിയേഷനുകളെ ക്കുറിച്ചാണ്! യുവാക്കളുടെ ലക്ഷ്യ ബോധം നഷ്ട്ടപ്പെടുത്തുന്നു എന്നോമറ്റോ വിവക്ഷ! ഇത് ഡി. വൈ. എഫ്. ഐ.ക്കാരില്‍ നിന്നു തന്നെകേള്‍ക്കണം. കേരളത്തിലെ യുവജനസംഘട നകളും, വിദ്യാര്‍ത്ഥി സംഘടനകളും, പാര്‍ട്ടി സെക്രട്ടറിമാരുടെയൊ,ഹൈക്കമാന്റിന്റെയോ, ഫാന്‍സ് അസോസിയേ ഷനുകളായിട്ട് കാലമെത്രയായി.അതുകൊണ്ടല്ലെ, എസ്. എഫ് .ഐ.ക്കാര്‍ക്ക് സ്വാശ്രയകോളേജ് പ്രശ്നത്തില്‍ തള്ളക്കും,പിള്ളക്കും,കേടില്ലാത്ത വിധം ഒരു പൊറാട്ട് നാടകം കളിച്ചു കൂട്ടില്‍ കയറിപ്പോകേണ്ടി വന്നത്.എ.ഡി. ബി. വായ്പ്പക്കെതിരെ തെരുവില്‍ തലപൊട്ടിച്ചു ചോരഒഴുക്കിയഡി. വൈ. എഫ് .ഐക്ക്, സ്വന്തം തറവാട്ടുകാര്‍ അത് സ്വീകരിച്ചു തുടങ്ങിയപ്പോള്‍ തലയില്‍ മുണ്ടിട്ടുനടക്കേണ്ടിവന്നത്.തത്വത്തില്‍ സത്വബോധ മില്ലാത്ത ഈ സംഘടനകളല്ലേ ഒരു സമൂഹത്തിന്റെ തന്നെ സ്വപ്നങ്ങളെ തല്ലിക്കെടുത്തുന്നത്!
യഥാര്‍ത്ഥത്തില്‍ മാതൃസംഘടനകളില്‍ നിന്നും, ഈ സംഘടനകളെ വേര്‍പെടുത്തുക എന്നതല്ലേ കേരളത്തിനു മുമ്പിലുള്ള രക്ഷാമാര്‍ഗ്ഗം! അല്ലെങ്കില്‍ എസ്. എഫ്. ഐ.വഴി, ഡി. വൈ. എഫ് .ഐയിലൂടെ സി.പി എമ്മിലേക്ക് ബന്ദിയാക്കിപ്പിടിക്കപ്പെട്ടവരുടെയും, കെ. എസ്. യു. വഴി,യൂത്ത് കോണ്ഗ്രസ്സിലൂടെ, കോണ്‍ഗ്രസ്സിലേക്ക് ബന്ദിയാക്കിപ്പിടിക്കപ്പെട്ടവരു ടെയും,ഇരുകരകളായിമാറും കേരളം. ഇടതു കാലിലെ മന്ത്, വലതുകാലിലേക്കല്ലാതെ, വച്ചൊഴിയാന്‍ മറ്റിടം കിട്ടാതെ നാം ഉഴലും! വിശപ്പ് സഹിയാതെ വീട്ടിലുള്ളതെല്ലാം വിറ്റ് നാം പശിയടക്കും.. അത് സ്വന്തം അമ്മയായാലും, പെങ്ങളായാലും, മോള് തന്നെയായാല്‍പ്പോലും! കൂട്ടരെ നാം രണ്ടു ചെന്നായ്ക്കള്‍ക്കിടയിലെ കടിച്ചെടുക്കാന്‍ പാകത്തിലുള്ള ഒരു കഴുത്തായിട്ട് കാലമെത്രയായി ....