എഴുതിക്കടന്ന പുഴകള്‍.
6

മരണവാര്‍ഡിലേക്ക് ഒരു താക്കോല്‍പ്പഴുത്


                  പ്രതീക്ഷിതമായി പിന്കഴുത്തിലേക്ക് ചാടിക്കയറി നഖമുനയാഴ്ത്തിത്തുടങ്ങിയ പൂച്ചയെ മുതുകില്‍നിന്നും  ഇത്തിരി മാംസംകൊടുത്ത് മെരുക്കിയെടുത്ത് വലിച്ചെറിഞ്ഞിട്ട്‌ ഇന്നേക്ക് കൃത്യം മൂന്ന്‌വര്‍ഷം. ഞാനിപ്പോള്‍ നില്‍ക്കുന്നത് ജനിമൃതികള്‍ക്കിടയിലെ മഹാസാഗരങ്ങളുടെ അഴിമുഖത്ത്, നിലാവിന് ഖേദം എന്ന് പേരുള്ള ഒരു രാത്രിക്ക് ചുവട്ടില്‍...പിന്നീട് എന്നില്‍നിന്നും മാറ്റിപ്പണിയപ്പെട്ട   കോശങ്ങളോരോന്നിലും ഞാന്‍ അന്നേവരെ ബലമായി പിടിച്ചുവെച്ച എന്റെതായ കൈയ്യടയാളങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.
 
             
  മു തുകിലും കൈമുട്ടുകളിലും ആഴത്തിലുള്ള വേദനാസത്രങ്ങളുണ്ടിപ്പോഴും. മനസ്സില്‍ വേദാന്തം  തോന്നുന്ന അപൂര്‍വനേരങ്ങളില്‍ ആ നോവിനെ മൃദുവായിഒന്നുഴിഞ്ഞു ജീവിതത്തിന്റെ മുഖത്തുനോക്കി ഞാന്‍ ഊറിച്ചിരിക്കാറുണ്ട്‌ ഇപ്പോഴും. മരണത്തിന്റെ ഗുഹവരെഎത്തി തിരിച്ചുപോരുന്ന ഒരാള്‍ക്ക്‌ ശേഷ ജീവിതം എന്തായിരിക്കും, എന്തായിരിക്കണം? വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാള്‍, രാഷ്ട്രപതിയുടെ ഒറ്റ കയ്യൊപ്പിന്റെ ഔദാര്യത്തില്‍ മാത്രം ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ സ്വന്തം ജീവിതത്തിന്റെ വിശ്വാസ്യത എന്തായാണ് അയാള്‍ക്ക്‌ അനുഭവപ്പെടുക! ഭരണകൂടത്തിന്റെ ദയ എന്ന ഒരത്ഭുതം പിന്നീടുള്ള അയാളുടെ ജീവിതത്തെ എമ്മട്ടിലൊക്കെ വേട്ടയാടുന്നുണ്ടാവണം... ആ അര്‍ത്ഥത്തില്‍ പില്‍ക്കാലജീവിതം തന്നെയാണ് അയാള്‍ക്കുള്ള ഏറ്റവുംനല്ല ശിക്ഷ. ഇത് മരണമുഖത്തു നിന്നും അവിശ്വസനീയമായി തിരിച്ചുപോരുന്ന ഓരോ ജീവിയുടെയും സ്ഥായീയുക്തിയാണ്.
                
ണ്ട് ഒരു പള്ളിക്കൂടംകാലത്ത് വീട്ടിലെ എലിപ്പെട്ടിയില്‍ കുരുങ്ങിയ ഒരെലിയെ, അടുത്ത പറമ്പിലെ പൊട്ടക്കുളത്തില്‍ മുക്കിക്കൊല്ലാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടിരുന്നു. ഒട്ടേറെനേരം കുളത്തിലെ വെള്ളത്തില്‍ മുക്കിപ്പിടിച്ച എലിയെ, നീ ഇനി പെട്ടിയിലല്ലാതെ അങ്ങിനെ സ്വയം മുങ്ങിമരിക്കൂ  എന്ന ക്രൂരതയോടെ കുളത്തിനടിയില്‍ തന്നെ തുറന്നു വിട്ടു. മറുകരയിലെ മരക്കുറ്റിയിലേക്ക് നീന്തിക്കയറിയ മൂഷികന്റെ ഒരു തിരിഞ്ഞു നോട്ടമുണ്ടായിരുന്നു. ( എലികളെ നീന്താന്‍ പഠിപ്പിച്ചത് ആരാണ് !!) പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം അടിമപ്പെട്ട റോഡപകടത്തില്‍ നിന്നും അവിശ്വസനീയമായി രക്ഷപ്പെട്ടു നടുറോട്ടില്‍ എഴുന്നേറ്റിരുന്നു ഞാനും അതേ തിരിഞ്ഞു നോട്ടം ജീവിതത്തിന് നേരെ നീട്ടി .. അന്നേരമാണ് ഞാന്‍ അറിയുന്നത് ഒരു ജീവിതത്തിന്റെ വില.. അത് എലിയുടെതായാലും.... മനുഷ്യന്റെതായാലും ഒന്നാണെന്ന്...

              
രണത്തില്‍ നിന്നും തിരിച്ചെത്തുന്നവരെ വല്ലാതെ അലട്ടുന്ന ഒരേകാന്തതയുണ്ട് അത് ഭയം മുളപ്പിക്കുന്നതല്ല, ജീവിതത്തിന്റെ അര്‍ത്ഥം നിരന്തരം അന്വേഷിച്ചു തുടങ്ങുന്നത് കൊണ്ട് സ്വയം അലഞ്ഞു മടുത്ത് പോകുമ്പോള്‍ ഏകാന്തത എന്ന ഒരഭയസത്രം മാത്രമേ അവന് മുന്നിലുള്ളൂ. അവിടെ ചെന്നിരുന്ന്‍  ശരീരത്തില്‍ അവശേഷിക്കുന്ന വൃണങ്ങളെ അവന്‍ ഉള്ളില്‍ കരഞ്ഞു കൊണ്ട് തഴുകും. അപ്പോള്‍ ആ വൃണങ്ങളോരോന്നും അയാള്‍ക്ക്‌ മകള്‍, മകന്‍, ഭാര്യ, അമ്മ, വീട്.... എന്നിങ്ങനെ ഏറ്റവും പ്രിയപ്പെട്ടവരായി പരിവര്‍ത്തനം ചെയ്യപ്പെടും. പിന്നീട് അയാള്‍ കിന്നാരംപറഞ്ഞു തുടങ്ങുക ആ വൃണങ്ങളോടാവും. വൃണങ്ങളോരോന്നും കരിഞ്ഞു തുടങ്ങുന്നതോടെ അയാള്‍ വീണ്ടും ഏകാകിയാവും.. അപ്പോള്‍ അയാളോട് ഇരുളില്‍ നിന്നും പഴയ അതേ പൂച്ച വിളിച്ചു ചോദിക്കും "ഞാന്‍ വരട്ടെ"
അന്നേരം ഏറ്റവും ഉചിതമായ ഉത്തരം വാക്കല്ല മൌനമാണ് അയാള്‍ക്ക്‌.

           
ഒരു ചാക്രികതക്കിടയില്‍ രണ്ട്‌ ചോദ്യങ്ങളാണ് അയാള്‍ക്ക്‌ ചോദിക്കാനുണ്ടാവുക. ജീവിതം എന്താണ്? അത് ജീവിച്ചു തീര്‍ക്കേണ്ടത് തന്നെയാണോ?  അപ്പോള്‍ ജീവിക്കാതെ തീര്‍ത്ത്‌ കളയുന്ന ജീവിതങ്ങളെ നാം എന്ത് വിളിക്കും? ജീവന്‍ ഉള്ളത് കൊണ്ട് മാത്രം ധാരാളിത്തത്തോടെ ജീവിക്കേണ്ടാതാണോ ജീവിതം? 

                 രു ജീവന്‍ തുടങ്ങുന്നത് തന്നെ ഒരു യുദ്ധത്തില്‍  നിന്നുമാണ്. പരകോടി അണ്ഡങളില്‍ നിന്നും ഒന്ന്  മാത്രം നീന്തിനീന്തി നൈസര്‍ഗിക സങ്കേതത്തിലെത്താനുള്ള യുദ്ധം. ഈ യുദ്ധത്തില്‍ ഞാന്‍ എന്ന അണ്ഡം ജയിച്ചത്‌ കൊണ്ട്മാത്രം ജീവിക്കനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെട്ട മറ്റു ജന്മങ്ങള്‍.... അല്ലെങ്കില്‍ അവര്‍ എനിക്ക് വഴിമാറിത്തന്നതായിരുന്നുവോ! എങ്കില്‍ ആ സ്നേഹത്തിനു പ്രതിഫലമായി അവരുടെ സ്വപ്നംപോലെ എനിക്ക് എന്റെ ജീവിതം വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നുവോ? ശരിക്കും ഞാന്‍ എങ്ങിനെയാണ്‌ നിരവധി കോടി അണ്ഡങ്ങളെ തോല്‍പ്പിച്ചുകളഞ്ഞത്! ഇന്നാണെങ്കില്‍ ചെറിയൊരു ആള്‍ക്കൂട്ടത്തിനു മുന്നില്‍പ്പോലും തനിച്ചു നില്‍ക്കാന്‍ അശക്തനായവന്‍, ഈ അശക്തി എനിക്ക് തന്നത് എന്റെ ജീവിതമായിരുന്നുവോ? ജീവിച്ച് ജീവിച്ച് അശക്തനായിത്തീരുക ഒരു ജീവിത വിജയമാണോ? മറ്റൊരാള്‍ക്ക് ജയിക്കാന്‍ വേണ്ടി മാത്രം മാറിക്കൊടുക്കുന്ന ലജ്ജാലുവായ ഞാന്‍, ആകാശത്തിലേക്ക്, മേഘങ്ങളിലേക്ക്, ജലത്തിലേക്ക്, എന്തിന് കുറെനേരം സ്വന്തം കൈവെള്ളയിലേക്ക് പോലും മിഴിയൂന്നുവാന്‍ പോലും ഭീരുവായ ഞാന്‍.... എന്നിട്ടും പ്രാഥമികമായ ആ  യുദ്ധത്തില്‍ എന്നെ ജയിപ്പിച്ച "ജീവിതം" എന്ന ഒരു സ്വപ്നമുണ്ടായിരുന്നുവോ? അമ്മ എന്ന കവചത്തില്‍ എന്നെകൊണ്ട് ചെന്നാക്കി തിരിച്ചുപോയ ഒരേ യുദ്ധത്തിലെ ആ വെളുത്ത പടയാളികളേ കാണതാവുമ്പോഴുള്ള ഏകാന്തത നാം പിന്നീട് അനുഭവിക്കുന്നത് ഒരു മരണത്തില്‍ നിന്നും രക്ഷപെട്ടു സ്വന്തം വീട്ടിലെത്തുമ്പോളാണ്. എനിക്ക് തന്നെ മടുപ്പുളവാക്കിയിരുന്ന എന്നിലെ ചില ദുശാട്യങ്ങളെ ഈ പൂച്ച ഒരു ഞൊടികൊണ്ട് മാറ്റിമറിച്ചിട്ട് ഏതോ ഇരുളില്‍ ഒളിച്ചിരിപ്പാണ്. ഇനിയും നീ ശരിയായില്ലെങ്കില്‍ ഞാനിവിടെത്തന്നെയുണ്ട്‌, നിന്റെ കഴുത്തിലേക്ക്‌ ചാടിവീഴാന്‍ പാകത്തില്‍ എന്ന് പറയുമ്പോലെ ഇരുട്ടും...                        .     

            
    മ ലക്കം മറിച്ചിലിനൊടുവില്‍ അമ്പതു മീറ്ററോളം തെന്നിനീങ്ങിയ വാഹനം ഇത്തിരികൂടെ നിരങ്ങി യിരുന്നെങ്കില്‍ മുതുകില്‍ നിന്നും, കൈമുട്ടുകളില്‍ നിന്നും, എന്റെ മജ്ജയും ഞാനീ കരിമ്പൂച്ചക്ക്  കൊടുക്കേണ്ടി വരുമായിരുന്നു. മറിഞ്ഞു വീണു നിരങ്ങിനീങ്ങിയ വാഹനം റോഡില്‍ ഉരച്ചുതീര്‍ത്ത എന്റെ മാംസം, അസ്ഥികളിലേക്ക് ആ ഉരപ്പ് എത്തുന്നതിനു മുമ്പേ എല്ലാം നിയന്ത്രിച്ചു നിര്‍ത്തിയ കൈകള്‍ ആരുടെതാണ്? ആ കൈകളാണ് എന്റെ മരണശിക്ഷയില്‍ ഇളവുനല്‍കിക്കൊണ്ട് കൈയൊപ്പ്‌ ചാര്‍ത്തിയത്.
                 
               ടാ
റും, ലോഹവും, ചോരയും, നിലവിളിയും, ചേര്‍ന്ന ഒരു ഗന്ധമാണ് മരണത്തിനെന്നു തിരിച്ചറിഞ്ഞു തിരിച്ചെത്തിയിട്ട്‌
ഇന്നേക്ക് മൂന്ന്‌ വര്‍ഷംതികയുന്നു. ഈ മൂന്ന് വര്‍ഷംകൊണ്ട് ഞാന്‍ ജീവിച്ചുതീര്‍ത്തത് എന്റെ മൊത്തം ജീവിതത്തിന്റെ എത്രയോ ഇരട്ടിയാണ്. 

                   ടന്നു പോകുന്നവരുടെയൊന്നും പേരുകള്‍ കൊത്തി വെക്കപ്പെടാത്ത  ഈ വഴിസത്രത്തില്‍ ഇത്തിരി നേരം ഇരുന്നു പ്രിയമുള്ളവനെ / പ്രിയമുള്ളവളെ, ഓര്‍ത്തുനോക്കുക നമുക്ക് നമ്മുടെ എത്ര പൂര്‍വ്വികരുടെ
പേരുകള്‍ ഓര്‍ത്തെടുക്കാനാവും! അച്ഛന്‍... വല്യച്ഛന്‍... മുത്തച്ഛന്‍... പിന്നെ...? അപ്പോള്‍ ഞാന്‍ എന്ന ജീവിതത്തിന്റെ ഓര്‍മ്മയുടെ പരമാവധി, എന്റെ മകളുടെ... മകളുടെ.... മകളുടെ... ഓര്‍മ്മക്കാലംവരെ മാത്രം! അതിനപ്പുറം ഞാന്‍ ജീവിച്ച എന്റെ ജീവിതം ? ഞാന്‍ കരഞ്ഞ കരച്ചിലുകള്‍... അലഞ്ഞ തീക്കാടുകള്‍.... പട്ടിണിതിന്ന് ഉറങ്ങിയ സുല്‍ത്താന്‍ ബത്തേരിയിലെയും, തിരുപ്പൂരെയും, മാട്ടുംഗയിലെയും, അശാന്തരാവുകള്‍... ഒക്കെ എന്റേത് മാത്രമായിരുന്നുവോ... ഞാന്‍ എന്റെ മാത്രം ഓഹാരിയാണോ... അച്ഛന്‍ അലഞ്ഞു തീര്‍ത്ത കനല്‍ വഴികളുടെ ബാക്കിയല്ലെ ഞാന്‍..  അതിലൊക്കെ കൂടെ കടന്നുപോയിക്കൊണ്ടല്ലേ ഞാന്‍ എന്നെ രൂപപ്പെടുത്തിയത്.... ആ രൂപപ്പെടലിന്റെ ആനുകൂല്യങ്ങളിലൂടെ സ്വരൂപിക്കപ്പെട്ടതല്ലേ എന്റെ മകള്‍.... അവള്‍ക്കു വേണ്ടി ഞാന്‍ സ്വപ്നം കാണുന്ന ആകാശം...

              
   രു വ്രണത്തില്‍ സ്വയം മറന്നു ഉഴിഞ്ഞിരിക്കുന്ന പോലെ വെറുതെ ഓര്‍ത്ത്, ഉള്ളില്‍ കരഞ്ഞ്, ഏകാന്തത അസഹ്യമാകുമ്പോള്‍ തനിക്ക് മാത്രം അഭയം പ്രാപിക്കാനുള്ള ഇടങ്ങളില്‍ സ്വയം അലഞ്ഞ്... ഇങ്ങനെയോക്കെയാവാം മരണത്തോളം പോയി തിരിച്ചെത്തിയ ഒരാളുടെ ദിനസരികള്‍.. അപ്പോള്‍ അയാള്‍ ആജീവനാന്തം സ്വപ്നം കണ്ട ചൂടുള്ള സൌഹൃദങ്ങളോ,  ഗൃഹാതുരമായ പ്രണയ ചാപല്യങ്ങളോ, രതിയുടെ ദിവ്യരസബോധ്യങ്ങളോ, പാപിയുടെ കുമ്പസാരവാമൊഴികളോ, അവനെ കൈപിടിച്ചു നടത്തുകയില്ല. അങ്ങിനെ വേച്ചു വേച്ചു നടന്നു നമുക്ക് വഴിമടുക്കുമ്പോളാണ് നടവഴിയിലെ ചെമ്പരത്തിക്കാടുകള്‍ക്കിടയില്‍ നിന്നും ആ പഴയ പൂച്ച നമ്മേനോക്കി ചിരിക്കുക ആ ചിരിക്ക്, "വരുന്നില്ലേ" എന്ന് മാത്രമാണര്‍ത്ഥം.     

               
      ഞാ ന്‍ മരിച്ചത് നിങ്ങള്‍ക്ക് മാത്രമാണ്, എനിക്ക് ഞാന്‍ മരിച്ചിട്ടില്ല എന്ന ഒരു തിരിച്ചറിവ് മരിച്ച ഒരാള്‍ക്ക്‌ ഉണ്ടാവുമെങ്കില്‍ അതിനുമപ്പുറം ഖേ
ദം മരിച്ച ഒരാള്‍ക്ക്‌ മറ്റെന്താണ് ? ആ ഖേദം ശരിയോ എന്നറിയാന്‍ നമുക്ക് മരണം വരേക്കും കാത്തിരിക്കേണ്ടതുണ്ട്. പ്രിയമുള്ളവനേ / പ്രിയമുള്ളവളെ, നീയാണ് ആദ്യം മരിക്കുന്നതെങ്കില്‍ നിരന്തരം എന്റെ ജാലകങ്ങളില്‍ വന്നുമുട്ടി എന്നെ കൈപിടിച്ച് അരൂപികളുടെ ഖേതങ്ങളിലേക്ക് വഴിനടത്തുക. അത്രമേല്‍ ജീവിതത്തില്‍ ഞാന്‍ ഏകാകിയായിത്തീരുന്നു.. ആ കരിമ്പൂച്ചയുടെ സൌഹൃദത്തിന് ശേഷം.

3

ഗര്‍ഭപാത്രത്തിന്റെ താക്കോല്‍


                                                      
        കേരളം ഒരു സംസ്കൃത സംസ്ഥാനമാണെന്നാണ് നാം വിധിവശാല്‍ ധരിച്ചുവശായിരിക്കുന്നത്. ഭൂപരിഷ്ക്കരണം മുതല്‍, സചേതനമായ വിദ്യാഭ്യാസ പരിഷ്കരണത്തിലൂടെ കടന്നുവന്നിട്ടുള്ള ഒരു ജനത എഴുപതുകളെക്കുറിച്ചോര്‍ത്താണ് ഇന്നും ഊറ്റം കൊള്ളുന്നതെന്ന് നാം അപ്പോഴും സ്വയം തിരിച്ചറിയുന്നില്ല. എഴുപതുകളും, എണ്‍പതുകളും നമുക്കു തന്നുപോയ വസന്തങ്ങളുടെ ഇടിമുഴക്കങ്ങളടക്കം നമുക്ക് മനോഹരമായൊരു ഗൃഹാതുരതയാണ് ഇന്ന്. നാം അതില്‍ എങ്ങിനെയൊക്കെ വ്യാകരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നത് ഓര്‍മ്മകളുടെ ആവേശങ്ങള്‍ കെട്ടടങ്ങുമ്പോള്‍ സ്വയം വിശകലനം ചെയ്യേണ്ടതാണ്. ഭൂതകാലം കുടിച്ച് എത്രകാലം ഒരു ജനതക്ക്  ജീവിക്കാനാവും. അന്നംതേടി കേരളം വിട്ടുപോയ പരകോടി ജന്മങ്ങളത്രയും ജീവന്‍ നിലനിര്‍ത്താന്‍ ചേര്‍ത്ത്പിടിക്കുന്ന ഒറ്റമൂലി അവന്റെ ഗൃഹാതുരതയാണ്.

         "1950കളില്‍ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയില്‍ വന്‍മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത,ആരോഗ്യം,കുടുംബാസൂത്രണം, തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹികവികസനത്തെ "കേരളമോഡല്‍" എന്ന പേരില്‍ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്‌.
"
     

       ഇത്രയും വാക്കുകള്‍ കേരളത്തെപറ്റി വിക്കീപിഡിയ പറയുന്നതാണ്. രണ്ടായിരത്തിപതിനൊന്നില്‍ നമുക്ക് ഈവാക്കുകള്‍ വെറും വിക്കീപീഡിയയിലൂടെ വായിച്ചുപോകാനുള്ളതാണ്. അതില്‍ പറഞ്ഞ കേരളമോഡല്‍ ഇന്നതതെ അവസ്ഥയില്‍ എന്താണ്. സദ്ദാം ഹുസൈനെ തൂക്കി കൊന്നാലും നാം ഹര്‍ത്താല്‍ നടത്തുമെന്നുള്ളതോ? അതോ നിരീക്കാത്തത് ചെയ്‌താല്‍ അധ്യാപകന്റെ കൈവെട്ടുമെന്നുള്ളതോ? നമ്മുടെ സാക്ഷരത പള്ളിക്കാര്‍ക്കുള്ള വരുമാനമാര്‍ഗ്ഗം മാത്രമാണിന്ന്‍. അമ്പലവും പള്ളിയുംപോലെ മതം, വിദ്യാഭ്യാസവും കൃഷിചെയ്തു തുടങ്ങിയിരിക്കുന്നു. ആരോഗ്യ രംഗത്തെകുറിച്ച് പരാമര്‍ശിക്കാന്‍ വളരെയധികം ഉചിതമായ ഒരു സമയത്താണ് ഇത് കുറിക്കുന്നത്. മുന്‍മന്ത്രി ശ്രീമതി ടീച്ചറെക്കാളും മോശമായൊരു ആരോഗ്യമന്ത്രിയെ നമുക്കിനി കിട്ടാനില്ലെന്ന്‍ പത്തുനൂറ്റിയിരുപതു ദിവസം മുമ്പുവരെ വിശ്വസിച്ചവരാണ് നാം. എന്നാല്‍ വിശ്വാസം അതല്ലേഎല്ലാം എന്ന പരസ്യവാചകത്തെപ്പോ ലും ലജ്ജിപ്പിച്ചുകൊണ്ട്‌ ഉത്തമനായ ശ്രീമാന്‍ അടൂര്‍ പ്രകാശ് എന്ന ഡിസ്റ്റിലറി മുതലാളിയെ അവതരിപ്പിക്കാന്‍ വലതുപക്ഷത്തിനായി. എന്ത് കൊണ്ട് ഡോക്ടര്‍ ബി. ഇക്ബാലിനെപോലുള്ള ഹൃദയവും തലചോറുമുള്ള ഒരാളെ ഇടതുപക്ഷത്തിനു പോലും ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കാന്‍ കഴിഞ്ഞില്ല. മുന്‍മന്ത്രി ശ്രീമതി ടീച്ചറുടെ ഇംഗ്ലീഷ് പ്രസംഗതെറാപ്പി അറിയാത്തവര്‍ "ശ്രീമതി ടീച്ചര്‍" എന്ന്‌ യുട്യൂബില്‍ ഒന്ന് തിരയൂ. ഒരു ടീച്ചറാവാനുള്ള പരിജ്ഞാനം പോലും അവര്‍ക്കില്ലെന്ന് അപ്പോള്‍ നമുക്ക് മനസ്സിലാവും. ജനാധിപത്യം ചിലര്‍ക്ക് ചിലപ്പോള്‍ മഹാ ഭാഗ്യങ്ങളാണ് വരുത്തിവെക്കുന്നത്. ഈ മഹാഭാഗ്യത്തിന്റെ പരിഷ്ക്കരിച്ച പതിപ്പാണ്‌ പട്ടിക വകുപ്പ് മന്ത്രി ജയലക്ഷ്മിയുടെത്. വലതു പക്ഷത്തു  തെരഞ്ഞെടുക്കപ്പെട്ട വനിതാ സ്ഥാനാര്‍ഥികള്‍ ഒന്ന് പോലും ഉണ്ടായില്ലെന്നതാണ് ജയലക്ഷ്മിയുടെ യോഗ്യത! രോഗത്തെ ദയവുചെയ്ത് രാഷ്ട്രീയ വല്ക്കരിക്കരുതെന്നൊരു ഉപദേശം ആരോഗ്യമന്ത്രി എലിപ്പനി വിഷയത്തില്‍ ഇന്ന് ഉരുവിട്ടിട്ടുണ്ട്. പ്രിയപ്പെട്ട സര്‍, എത്ര രാഷ്ട്രീയ നേതാക്കള്‍ എലിപ്പനി ബാധിച്ചു കേരളത്തില്‍ മരിച്ചിട്ടുണ്ടെന്ന് നമ്മള്‍ തിരിച്ചൊരു ചോദ്യം ചോദിച്ചാലോ?
     നി കുടുംബാസൂത്രണം. "നാം രണ്ട് നമുക്ക് രണ്ട് " എന്ന മലയാളിയുടെ ബോധത്തിലേക്ക്‌ വാര്‍ന്നുവീണ ഒരു കുടുംബാസൂത്രണ സംഹിത ഉണ്ടായിരുന്നു നമുക്ക്. വിവരമുള്ളവര്‍ അതിനെ " നം ഒന്ന് നമുക്കൊന്ന് " എന്നൊരു അണുകുടുംബ സംഹിതയിലേക്ക് തര്‍ജ്ജിമ ചെയ്തു വരികയായിരുന്നു. അത് നമ്മുടെ ഒരു സംസ്ക്കാരത്തിന്റെ ഭാഗം കൂടിയായിരുന്നു ഒരളവുവരെ. തൊഴിലില്ലായ്മ എന്നിട്ടും നമുക്കിടയില്‍ വല്ലാത്ത ഉയര്‍ന്ന അനുപാതത്തിലാണ്. ഉരുവിലും കള്ളലോഞ്ചിലും കയറി രക്ഷപ്പെട്ട് പോയവര്‍ പെട്രോള്‍ കുഴിച്ചെടുക്കുന്നിടങ്ങളില്‍ എത്തിപ്പെട്ടി   ല്ലായിരുന്നെങ്കില്‍ കേരളം ഇന്നെന്താവുമായിരുന്നു. ഭീകരവാദം ഏത് തോതിലായിരുന്നു നമുക്കിടയില്‍ നഖമാഴ്തുമായിരുന്നത്. തത്വത്തില്‍ പെട്രോള്‍ അവതരിച്ച നാട്ടിനെക്കാള്‍ അതിന്റെ പ്രയോജനം കിട്ടിയത് കേരളത്തിനാണ്. കമ്മ്യൂണിസമല്ല കേരളത്തെ രക്ഷിച്ചത്‌ ഗള്‍ഫുനാടുക ളിലെ മണ്ണിനടിയിലെ പെട്രോളാണെന്നു ഞാന്‍ പറയും. (കേരളത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയും, വൈകിയാണെങ്കിലും അതു മനസ്സിലാക്കിയിരിക്കു ന്നു. അല്ലെങ്കില്‍ ഒരു തൊഴിലാളി വര്‍ഗ്ഗത്തിന്റെ ചാനല്‍ റിയാലിറ്റി ഷോ ഫൈനല്‍ അവതരിപ്പിക്കാനുള്ള വേദി എങ്ങിനെ ദുബായ് എന്ന, എണ്‍പതുകളില്‍ കമ്മ്യൂണിസ്റ്റുകാരന്‍ അഭിസംബോധന ചെയ്ത ഒരു ബൂര്‍ഷ്വാ നഗരത്തിനാകും!) അതിന്റെ അടിസ്ഥാനത്തില്‍ നാം നമ്മുടെ രുചിശീലം മുതല്‍ ലൈംഗികശീലം വരെമാറ്റിപ്പണിതു.
       

       ആവഴിക്കു നാളേക്കുള്ള നമ്മുടെ പലകണ്ണുകളും അടഞ്ഞുപോയി. മുന്‍പേ രണ്ട്കുട്ടികള്‍ എന്ന നിലയില്‍ നാം സംവിധാനം ചെയ്തിരുന്ന കുടുംബബോധത്തെ ഒരു കുഞ്ഞ് എന്ന നിലയിലേക്ക് പരാവര്‍ത്തനം ചെയ്യേണ്ടുന്ന കാലം അതിക്രമിച്ചിട്ട് കാലമേറെയായി. തൊഴില്‍,ഭൂമി, ജലം,എന്നിവയുടെ ദൌര്‍ലഭ്യത.... ആരോഗ്യരംഗത്തെ പിടുപ്പുകേട്, വൈദ്യതി ക്ഷാമം,ആഗോള സാമ്പത്തിക പ്രതിസന്ധി, എന്നിവയൊക്കെ മുന്‍ നിര്‍ത്തിയാണ് നാം ഇനി കുടുംബത്തെ സംവിധാനം ചെയ്യേണ്ടത്. എരിവിനു വേണമെങ്കില്‍ സ്വര്ണ്ണത്തിന്റെ വിലയും കൂടെ കണക്കാക്കാം.
       

       മേല്‍പറഞ്ഞതൊന്നും കേരളത്തില്‍ ഒരിക്കലും നേരെയാകാത്തവിധം താറുമറായിക്കിടക്കുകയാണ്. ഇതിനെ നേരാംവണ്ണം ശരിയാക്കാനാവാത്ത വിധം നമ്മുടെ പൌരബോധം കേട്ട്പോയിരിക്കുന്നു. രാഷ്ട്രീയക്കാരന് ഭരിക്കുക, ആജ്ഞാപിക്കുക, എതിരാളിയെ കുറ്റം പറയുക,ഹര്‍ത്താല്‍ നടത്തുക, എന്നതില്‍ കവിഞ്ഞു നമ്മുടെ രാഷ്ട്രീയം ഒന്നും നല്‍കുന്നില്ല.
ഉദാഹരണത്തിന്, കൊതുകിനെ നശിപ്പിക്കാന്‍ ഡി. വൈ. എഫ്. ഐ. ഈ വര്ഷം എന്ത് ചെയ്തു?
എലികളെ നശിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് എന്ത് ചെയ്തു?

മാലിന്യ സംസ്ക്കരണത്തിന് കേരളത്തിലെ അദ്ധ്യാപക സംഘടനകള്‍ എന്ത് ചെയ്തു... ചുരുങ്ങിയത് ഒരു ബോധവല്‍ക്കരണമെങ്കിലും? (സെന്സസ്സെടുക്കാനും, തെരഞ്ഞെടപ്പ്‌ പ്രക്രീയക്കും  ഇവര്‍ പോകുന്നത് അതിന്റെ സാമ്പത്തിക ഫലം ഓര്‍ത്തുകൊണ്ട്‌ മാത്രമാണ് ) ഈ ചോദ്യം ആരോട് ചോദിച്ചാലും കേള്‍ക്കുന്നവന്‍ പൊട്ടിച്ചിരിച്ചു പോകും. അതേ സമയം ഇവര്‍ ആരോഗ്യമന്ത്രിയെ വഴിയില്‍ തടയും! അപ്പോള്‍ കര്‍മ്മം എന്നത് ഞാന്‍ ചെയ്യേണ്ടുന്നതല്ല മറ്റാരോ ചെയ്യേണ്ടാതാണെന്ന അലമ്പ് വിശ്വാസത്തില്‍ കുടുങ്ങിക്കിടക്കുകയാണ് നാം. തത്വത്തില്‍ നമ്മുടെ യുവജനങ്ങളെ പ്രസ്ഥാനങ്ങളില്‍ കുരുക്കിയിട്ട് അവരുടെ പൌരബോധ ത്തെ ഊറ്റിക്കളയുകയാണ് നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങള്‍ ചെയ്യുന്നത്. ഒരു ഉദാഹരണം കൂടിവെക്കട്ടെ. ഒരു മുന്നണിക്കും വേണ്ടാതെ കെ. മുരളീധരന്‍ ഫുട്പാത്തില്‍ കിടന്നുറങ്ങിയ കാലത്തുപോലും പേരിനെങ്കിലും ഏതെങ്കിലും ഒരു അനുയായിയെ എങ്കിലും വിളിച്ച് ഒന്നിച്ചു ഒരു സര്‍ക്കാര്‍ ആശുപത്രി അല്ലെങ്കില്‍, ഏതെങ്കിലും ഒരു കെ. എസ്. ആര്‍. ടി. സി. മൂത്രപ്പുര കഴുകിയതായി ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? താന്‍ കോണ്ഗ്രസ്സി ല്‍ ചേര്‍ന്നാലേ ജനസേവനം നടത്താനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടൂ എന്നാണീ എക്സ്. ഗള്‍ഫുകാരന്‍ വിചാരിച്ചത്. അപ്പോള്‍ മേലപ്പറഞ്ഞ ക്രീയാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ആള്‍ ആരാണ് ?
       ണ്ട് വര്ഷം മുന്‍പേ കെ. സി. ബി. സി. സന്താനങ്ങളെ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഇടയന്‍മാരോട് ഒരു ആഹ്വാനം നടത്തിയിരുന്നു. സ്വന്തം അനുയായികളെ വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു പ്രത്യക്ഷന്യായം. അതുവഴി കേരളത്തില്‍ ഒരു സമ്മര്‍ദ്ദശക്തിയാവുക എന്നതും, തങ്ങള്‍ കെട്ടിവെച്ച പള്ളിക്കൂടങ്ങളിലേക്ക് കാശെണ്ണിവാങ്ങി പണപ്പെട്ടിനിറക്കാന്‍ കുഞ്ഞുങ്ങളെ ഉണ്ടാക്കുക എന്നതും പരോക്ഷലക്ഷ്യ വും. അതു ഫലംകണ്ടോ എന്ന് ഒരു സര്‍വേയും നമുക്ക് വിവരം തന്നില്ല. എന്നാല്‍ ഇതിലേറെ ഭീകരമായ വസ്തുത ഈ പ്രസ്താവനയെ അപലപിക്കാ ന്‍ കേരളത്തില്‍ ഒരു രാഷ്ട്രീഷയകക്ഷിയും ഇല്ലാതെപോയി എന്നതാണ്. വോട്ടുബാങ്കില്‍ കണ്ണിട്ടുനില്‍ക്കുന്ന നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളില്‍ ആര്  ഈ പൂച്ചക്ക് മണി കെട്ടും? ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ സഭ ആഴ്ചയില്‍ അഞ്ചു ദിവസ്സമെങ്കിലും അവധിനല്‍കി ഇണകളെ വീട്ടിലിരുത്ത ണം എന്നൊരു ഇടയലേഖനം ഇറക്കാന്‍ നോക്കുന്നേരത്താണ് പുതിയ
      "വുമണ്സ് കോഡ് ബില്‍ " എന്നൊരു സാധനം പുറപ്പെട്ടു വരുന്നത്.  അതായത് രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരില്‍  നിന്നും പിഴയീടാക്കാനുള്ള വകുപ്പുള്ളതും സ്ത്രീകളുടെതും, കുട്ടികളുടെതുമായ ക്ഷേമത്തിനായുള്ള ഒരു സാധനം സാക്ഷാല്‍ കൃഷ്ണയ്യര്‍ വക അവതരിക്കുന്നത്.
    

          നസംഖ്യ വര്‍ദ്ധനനവിനെതിരെ കര്‍ശന നിലപാടുകളുള്ള, രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്കെണ്ടതില്ലെന്നുള്ള പ്രസ്തുത ബില്‍ തികഞ്ഞ സാമൂഹികനീതി പ്രധാനംചെയ്യുന്നത് തന്നെയാ ണ്. ലോകത്തു മുഴുവനും ഇന്ന് പ്രത്യേകിച്ച് ഇന്ത്യയില്‍ ജനസംഖ്യ നിയന്ത്രണം കര്കശമായ നിയമവിധേയമാക്കി മാറ്റെണ്ടുന്ന കാലം കഴിഞ്ഞു. ലോകം ഒരു ആഗോളഗ്രാമമായി പരിണമിച്ചുകൊണ്ടിരിക്കു മ്പോള്‍ ഒരു കുഞ്ഞെങ്കിലും ഇന്ത്യയില്‍ പിറക്കാതിരിക്കുമ്പോള്‍ അതിന്റെ ഗുണഭോക്താവ് ഇന്ത്യമാത്രമല്ല ലോകം മുഴുവനുമാണ്. ആ കുഞ്ഞ് ചെയ്യേണ്ടുന്ന തൊഴിലില്‍ ഇടപെടാന്‍ ലോകത്തിന്റെ ഏത് മൂലയില്‍ നിന്നും കുഞ്ഞുങ്ങള്‍ പറന്നു വരും. ഇന്ത്യപോലൊരു ദരിദ്രരാജ്യത്ത് കുടുംബാസൂത്രണം ശക്തമായി നടപ്പാക്കാന്‍ അടിയന്തിരാവസ്ഥപോലെരു കറുത്ത കാലഘട്ടം വേണ്ടിവന്നു.അടിയന്തിരാവസ്ഥ കൊണ്ട് രാജ്യത്തി നുണ്ടായ ഒരേഒരുമെച്ചം അത് മാത്രമായിരിക്കാം ഒരു പക്ഷെ. ഇതില്‍ തന്നെ ചില ദുരന്തങ്ങള്‍ വന്നു പെട്ടിട്ടുണ്ടെങ്കിലും. 
      
        എന്നാല്‍ ഈ പുതിയ ബില്ലിനെതിരെ സഭകള്‍ ഇളകിത്തുടങ്ങി. കൂടുതല്‍ തവണ ഗര്‍ഭംധരിക്കുന്ന സ്ത്രീകളോടും, കൂടുതല്‍ തവണ അണ്ഡ വിക്ഷേപണം നടത്തുന്ന പുരുഷന്മാരോടുമാണ് സഭക്കിപ്പോള്‍ കൂടുതല്‍ ഇഷ്ടം... അവന്‍ സത്യവിശ്വാസി.. നല്ല ഇടയന്‍ ...  സ്വാശ്രയസ്കൂളുകള്‍ക്ക് കുട്ടികളെ ഉണ്ടാക്കിക്കൊടുക്കലല്ല തങ്ങളുടെ ജോലി എന്ന് കൃസ്ത്യന്‍ സമുദായത്തിലെ വിശ്വാസികള്‍ ഉച്ചത്തില്‍ പറയേണ്ടുന്ന കാലം അതി ക്രമിച്ചു. കെസിബിസി.യുടെ അല്മായകമ്മീഷന്‍ എങ്ങിനെ പ്രതികരിക്കുന്നു എന്ന് നോക്കൂ...
 
"ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്‌കരണ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച വിമന്‍സ് കോഡ് ബില്‍ മനുഷ്യത്വത്തോടും മനുഷ്യന്റെ സ്വകാര്യതയോടുമുള്ള വെല്ലുവിളിയാണ് രണ്ടു കുട്ടികള്‍ എന്നത് നിര്‍ബന്ധമാക്കുകയും, അത് ലംഘിച്ചാല്‍ സര്‍ക്കാര്‍ സഹായങ്ങള്‍ നിഷേധിക്കപ്പെടുക മാത്രമല്ല, പിഴയും ജയില്‍ശിക്ഷയും വേണമെന്നുമാണ് ശുപാര്‍ശ. നിക്ഷിപ്ത താത്പര്യമുള്ള ചിലരോട് മാത്രം ചര്‍ച്ചകള്‍ നടത്തിയാ ണ് ഏകപക്ഷീയമായി സമിതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നത്.

മാതാപിതാക്കളുടെ സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന വിമന്‍സ് കോഡ് ബില്‍ തള്ളിക്കളയുന്നതോടൊപ്പം ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്ന നിയമപരിഷ്‌കരണ സമിതിതന്നെ പിരിച്ചുവിടണമെന്നും അല്മായകമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ ആവശ്യപ്പെട്ടു."
  ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ശുപാര്‍ശ ചെയ്തിരിക്കുന്ന വിമന്‍സ് കോഡ് ബില്ലിലെ ശുപാര്‍ശകള്‍ വിശ്വാസങ്ങള്‍ക്കും ജീവന്റെ മൂല്യങ്ങള്‍ക്കുംനേരെ വെല്ലുവിളി ഉയര്‍ത്തുന്നതും മനുഷ്യമഹത്വത്തെയും മാതൃത്വത്തെയും അപമാനിക്കുന്നതുമാണെന്ന് സീറോമലബാര്‍ സഭ അല്മായകമ്മീഷന്‍ സെക്രട്ടി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. വിമന്‍സ് കോഡ് ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ തള്ളണമെന്നും തുടര്‍നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ശക്തമായി നേരിടുമെന്നും സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.
        

            ഈ വാദത്തിലെ ജീവന്റെ മൂല്യങ്ങള്‍ക്കു നേരെ വെല്ലുവിളി ഉയര്‍ത്തുന്നതും, മനുഷ്യമഹത്വത്തെയും മാതൃത്വത്തെയും അപമാനിക്കു ന്നതുമാണ്  എന്ന വരികളെ ഒന്ന് വിശകലനം ചെയ്തുനോക്കൂ. സ്വന്തം വിശ്വാസികള്‍ എത്ര പ്രസവിക്കണമെന്നു നിശ്ചയിക്കാന്‍ മെത്രാന്‍മാര്‍ ക്കെന്ത് അധികാരം... ഈ വിളമ്പരത്തിലൂടെ സഭക്ക് അധികംകിട്ടുന്ന ക്രൈസ്തവ സന്താനങ്ങളെ സഭകള്‍ നിരുപാധികം ഏറ്റെടുക്കുമോ? മെത്രാന്‍മാര്‍ക്ക് കുടിപാര്‍ക്കാന്‍ അരമനയും, ഭുജിക്കാന്‍ വിശ്വാസികളുടെ ബാങ്ക് ബാലന്സുമുണ്ട്. എന്നാല്‍ സാദാവിശ്വാസികളുടെ  സ്ഥിതിയെന്താ ണ് ?അനുദിനം ഇടവകകളില്‍ മരിച്ചു ജീവിക്കുന്ന സമുദായക്കാരെ ചേര്‍ത്തു പിടിക്കാനാണ് തിരുമേനിമാര്‍ ഇറങ്ങിപ്പുറപ്പെടെണ്ടത് അല്ലാതെ ചാനല്‍ ചര്‍ച്ചകള്‍ക്ക് കോളം തികക്കാന്‍ സന്ധ്യാനേരത്തു തിരുമുഖം കാണിക്കാന ല്ല. മെത്രാന്‍ന്മാരുടെ ഈ വിളംബരത്തില്‍ ദൈവഹിതം ഒട്ടുമില്ല, മറിച്ചു വ്യാപാരഹിതം മാത്രമാണെന്ന് തിരിച്ചറിയാന്‍ രാവേറെ വിയര്ക്കെണ്ട തില്ല. ഇത്തരം പ്രഖ്യപനങ്ങളിലൂടെ സീറോമലബാര്‍ സഭ അക്ഷരാര്‍ഥ ത്തില്‍ സീറോ ആയിത്തീരുന്നു. സംപൂജ്യരായ തിരുമേനിമാര്‍ വെറും പൂജ്യമായിമാറുന്നു.  
        മത പോലുള്ള മുസ്ലിംസംഘടനകളുംകൂടെ വന്നിരിക്കുകയാണ് കരിങ്കൊടികളുമായി. ഈബില്‍ ശരീയത്തിനെതിരാണെന്നാണ് വാദം. ആ അര്‍ത്ഥത്തില്‍ സ്ത്രീക്ക് ഗര്‍ഭധാരണശേഷി സ്വമേധയാനഷ്ടമാവുന്നത് വരെ സന്താനോല്‍പ്പാദനം നടത്തേണ്ടതുണ്ട്. ദൈവം തരുന്നത് കൈനീട്ടി വാങ്ങുന്നു എന്നത് കുട്ടികളുടെ കാര്യത്തില്‍ വിശ്വാസികള്‍ ഉയര്‍ത്തിപ്പി ടിക്കുന്ന ഒരു മുദ്രാവാക്യമാണ്. എന്നാല്‍ ഇതേ ദൈവം നിശ്ചയിക്കുന്ന രോഗംമാറ്റാന്‍ ശസ്ത്രക്രീയ ചെയ്യാന്‍ ഇവര്‍ക്ക് മടിയില്ല.. സയന്‍സും, ടെക്നോളജിയും, പുരോഗമിക്കുമ്പോള്‍ മതം ഒരു പഴയ സോഫ്റ്റ്വെയറായി നിലനിന്നാല്‍ അതൊരു ദുരന്തമാവും, മതം അതിനെ ദിവ്യബലികളായി എഴുതിചേര്‍ത്താലും അത് ദുരന്തംതന്നെയാണ്, കൊല്ലപ്പെട്ടവന്റെ വീട്ടിനെങ്കിലും!
       

തിനെ പിന്താങ്ങി ജനാധിപത്യ മഹിളാ അസോസിയേഷന്‍വക ശ്രീമതി ഷൈലജടീച്ചര്‍ രംഗത്ത് വന്നുകഴിഞ്ഞു. ഈ പരിഷ്ക്കരണം സ്ത്രീത്വത്തിനെതിരാണെന്നാണ് അവരുടെ വാദം. രണ്ട്‌ കുഞ്ഞുങ്ങള്‍ മാത്രമേആകാവൂ എന്ന നിയമം ഒരു പൊതുസമൂഹത്തില്‍ എങ്ങിനെ സ്ത്രീകളുടെമാത്രം പ്രശ്നമാകും. എക്സ്പ്രസ് ഹൈവേ വന്നാല്‍ കേരളം രണ്ടായിമുറിഞ്ഞുപോകും എന്ന്‌ പ്രസ്താവിച്ച ഒരു രാഷ്ട്രീയ കക്ഷിയില്‍നിന്നും, അത് അവരുടെ അവസാനത്തെ വിഡ്ഢിത്വമായിരിക്കുമെന്നു വിശ്വസിച്ച നമ്മളാണ് കോമാളികള്‍. പോരാതെ ഇരുപത് വയസ്സിനു ശേഷം ആദ്യത്തെ കുഞ്ഞിനു ജന്മംനല്കുന അമ്മമാര്‍ക്ക് അമ്പതിനായിരംരൂപ പാരിതോഷികം നല്‍കാനുള്ള ഒരു നിര്‍ദേശവും ബില്ലിലുണ്ട്. കുട്ടികളുടെ ക്ഷേമത്തിനായി സംസ്ഥാന കമ്മീഷന്‍, ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുന്നതിന് ഷെല്‍ട്ടര്‍ ഹോം എന്നിവയും നിര്‍ദേശങ്ങളിലുണ്ട്. സ്‌കൂള്‍ പ്രവേശനസമയത്ത് തലവരിപ്പണം ഈടാക്കുന്നതും മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ അഭിമുഖത്തിന് വിധേയമാക്കുന്നതും തടയണമെന്നും കൃഷ്ണയ്യര്‍ ആവശ്യപ്പെടുന്നു. ഇതിന് നേരെ തിരുമേനിമാരോ, ടീച്ചര്മാരോ, കണ്ണടച്ചിട്ട് കാര്യമില്ല. കേരളത്തിലെ കോടാനുകോടികള്‍ ഈ ബില്ലിനെ നെഞ്ചേറ്റും. ഷൈലജടീച്ചരുടെ പ്രശ്നം ഈ കാണുന്നതൊന്നുമല്ല. ഒന്ന്, ഉമ്മന്‍ചാണ്ടി കൊണ്ടുവരുന്നതെന്തായാലും എതിര്‍ക്കുക.
രണ്ട്, ഈവിധം ഒരു പ്രസ്താവനയിലൂടെ ക്രിസ്ത്യാനികളെയും, മുസ്ലീങ്ങളെയും , പ്രീണിപ്പിച്ചു കൂടെ നിര്‍ത്തുക..
      ഇത് പാര്‍ട്ടിയുടെ ബുദ്ധിയാണ്. ഈ വിഷയത്തില്‍ പൊതുവേ പുരോഗമാനക്കാരെന്നു നടിക്കുന്ന ഇടതുപക്ഷത്തിനു നേരിട്ടിറങ്ങാന്‍ കഴിയില്ല, പകരം അടുക്കളച്ചുവരിലെ ആണിയില്‍തൂക്കിയ ഷൈലജടീച്ചര്‍ എന്ന ചട്ടുകത്തെ ഉപയോഗിച്ചു എന്ന് മാത്രം. ഈ വിഷയത്തോട് കേരളത്തിലെ ഓരോ സംഘനയും എങ്ങിനെ പ്രതികരിക്കുന്നു എന്ന് നോക്കിമാത്രം നമുക്ക് അവരെ വിലയിരുത്താനവും. കാരണം ഭൂപരിഷ്ക്കരണ നിയമത്തിനു ശേഷം കേരളത്തില്‍ നമുക്ക് മുമ്പിലുള്ള ഏറ്റവും നല്ല ഒരു നിയമ പരിഷ്ക്കരണമാണിത്.       
        പ്പോള്‍തന്നെ രണ്ടിലധികം കുഞ്ഞുങ്ങളുള്ളവര്‍ക്ക് നേരെ ഒരു നെറ്റിചുളിപ്പ് നമ്മുടെ സമൂഹത്തിലുണ്ട്. സാമൂഹിക ബോധവും, വിദ്യാഭ്യാസവുമില്ലാത്തവരെ നിലക്ക് നിര്‍ത്താനാണ് സാധാരണഗതിയില്‍ നിയമം കൊണ്ടുവരുന്നത്. അതിനെ തുരംഗം വെക്കാന്‍ ഒരച്ചനേയും അനുവദിച്ചു കൂടാ. അത് പള്ളിയിലെ അച്ഛനായാലും ശരി വീട്ടിലെ അച്ഛനായാലും ശരി.
ഈ ബില്‍ മനുഷ്യത്വത്തിനെതിരാണെന്ന്‍ സ്ഥാപിക്കുന്ന തിരുമേനിമാര്‍, കന്യാസ്ത്രീകളെ വിവാഹിതരാവാന്‍ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തുകയാണ് വേണ്ടത്. കന്യാസ്ത്രീകള്‍ വിവാഹിതരായാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്. കന്യാമറിയവും ഒരമ്മയായിരുന്നില്ലേ.. ആ തിരുരൂപത്തിന് മുമ്പില്‍ മുട്ട്കുത്തുമ്പോള്‍ തനിക്കു വിലക്കപ്പെട്ട മാതൃത്വമോര്‍ത്തു സ്വയം ചുരക്കാത്ത മാറിടമുള്ള ഒരു കന്യാസ്ത്രീപോലും ഒരു സഭയിലും ഉണ്ടാവില്ല. ആ വിശുദ്ധ നേരത്ത്  ജീസസ് അവരുടെ ഓരോരുത്തരുടെയും കുഞ്ഞാണ്. പുറമേ നിന്നു നോക്കുന്ന നാം ആ വേദനയെ പ്രാര്‍ത്ഥന എന്ന് തെറ്റിവായിക്കുന്നു. ചാരിറ്റിക്ക് കുടുംബം ഒരു തടസ്സമാണെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്. വീട്ടിലെ കാവല്‍ നായക്ക് ശ്രദ്ധ മാറിപ്പോകാതിരിക്കാന്‍ വരിയുടച്ച് കളയുന്നതിനു സമമാണിത്. മറിച്ച് ഒരു കുടുംബം അവര്‍ക്കുമുണ്ടാവുമ്പോള്‍ ചില ഗുണങ്ങള്‍ കൂടിയുണ്ട് താനും! ആശ്രമമുറ്റത്തെ കിണറ്റിലേയും, വെള്ളച്ചാലുകളിലേയും, കന്യാമരണങ്ങള്‍ക്ക് ഒരു പരിധിവരെയെങ്കിലും അറുതിയുണ്ടാവും.  തിരുമേനിമാര്‍ തലയറഞ്ഞു ചിന്തിക്കേണ്ട വിഷയം ഇതാണ്.              
        കേരളത്തില്‍ ഏറ്റവുമധികം ജനസാന്ദ്രതയുള്ള ജില്ല മലപ്പുറമാണ്. എന്ത് കൊണ്ട്? കെ. സി. ബി. സി. രണ്ട് വര്ഷം മുന്‍പേ വിളംബരം ചെയ്ത സന്താനവര്‍ധന പ്രഭാഷണം മലപ്പുറത്ത് വര്‍ഷങ്ങള്‍ക്കു മുമ്പെ മുസ്ലീംപള്ളികളില്‍ മൊല്ലാക്കമാര്‍ നടത്തി വന്നിരുന്നു. നേതാക്കന്‍മാര്‍ക്ക് വേണ്ടിയിരുന്നത് സാമുദായികവോട്ടുകള്‍ ഇരട്ടിപ്പിക്കുക എന്നത് മാത്രമായിരുന്നു. ഇങ്ങനെ അഞ്ചുവര്ഷംകൂടുമ്പോള്‍ വോട്ടുചെയ്യാന്‍ വേണ്ടി മാത്രം ജനിപ്പിച്ച ഒരു ആള്‍ക്കൂട്ടത്തെ ദുരന്തമാക്കാതെ നെഞ്ഞോട് ചേര്‍ത്തു പിടിച്ചത്  അറബ് നാടുകളിലെ പെട്രോമണി മാത്രമാണ്.
ഭരണപക്ഷത്തായത് കൊണ്ട് മാത്രമാണ് കുഞ്ഞാലിക്കുട്ടി ഈ ബില്ലിനെതിരെ ഒന്നും പറയാതിരിക്കുന്നത്. അല്ലെങ്കില്‍ ഈ ബില്ല് ഹറാമാണെന്ന് കാച്ചിക്കളഞ്ഞേനെ.
            തിരുമേനിമാര്‍ ആദ്യം കുട്ടികളെ ഉണ്ടാക്കാന്‍ പറയും, പിന്നെ തലവരി ചോദിക്കും, ഗത്യന്തര മില്ലതാവുന്നവരോട് അരമനയിലേക്കു പോരൂ വെള്ളക്കുപ്പായം തരാം എന്ന്പറയും ... വെള്ളാപ്പള്ളി നടേശനും, സുകുമാരന്‍നായരും ഇങ്ങനെ സ്വന്തം വര്ഗ്ഗത്തോട് സന്താനവര്‍ധനവിന് വേണ്ടി ഒരു വാറോല ഇറക്കിയാല്‍ കേരളത്തിന്റെ സ്ഥിതി എന്താണ്? കൃസ്ത്യാനികളെല്ലാം കേരളാകോണ്ഗ്രസ്സിനു വോട്ടുചെയ്യുന്നതും, സന്താന വര്‍ധനവിലൂടെ, കേരളത്തെ കൃസ്ത്യാനികള്‍ പിടിച്ചടക്കുന്നതുമാണ് കേരളത്തിലെ തിരുമേനിമാര്‍ സ്വപ്നംകാണുന്നത്. കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയില്‍ അത്തരം ഒരു വിഷം കുത്തിനിറക്കാന്‍  അമ്പലങ്ങളിലെ ശാന്തിക്കാരനാവാത്തിടത്തോളം കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണ്‌. അതു കൊണ്ടാണ് കേരളത്തില്‍ ഒരിടത്തും ബി. ജെ. പി. ഇന്നും പറ്റ് കുറിക്കാത്തത്. അല്ലാതെ പിണറായി വിജയനോ, ജയരാജന്‍മാരോ കാവല്‍നില്‍ക്കുന്നത് കൊണ്ടല്ല. ഇടക്ക് അവര്‍ അങ്ങിനെ ഫലിതം പറയാറുണ്ടെങ്കിലും...              
         
എതിരഭിപ്രായങ്ങള്‍ പറയുന്നവര്‍ കേരളത്തില്‍ പരമാവധി എത്ര ജനസംഖ്യയാവാം എന്ന്‌ ആധികാരികമായി പറയാന്‍ ബാധ്യസ്ഥരാ ണ്. സംസ്ഥാനത്തെ പ്രതിപക്ഷ കഷികള്‍ ഇതേവരെ ഈ വിഷയത്തില്‍ ഒന്നും പ്രതികരിച്ചുകണ്ടില്ല. വാസ്ഥവത്തില്‍ ഒന്നില്‍ കൂടുതല്‍ കുട്ടികളുള്ള വരില്‍നിന്നും നികുതി ഈടാക്കേണ്ട സ്ഥിതി ഇന്ന് കേരളത്തിലെങ്കിലും ഉണ്ട്. ഒരു കുഞ്ഞുമാത്രമാണെങ്കില്‍ ആ കുഞ്ഞിനു നൂറുശതമാനം വിദ്യാഭ്യാസവും,ചികിത്സയും,സര്‍ക്കാര്‍ ജോലിയും ഉറപ്പു വരുത്തിയാല്‍... ആ കുഞ്ഞ് അകാലത്തില്‍ മരിച്ചു പോവുകയാണെങ്കില്‍, അവന്റെ /അവളുടെ മാതാപിതാക്കളെ സര്‍ക്കാര്‍ നൂറു ശതമാനം ഏറ്റെടുക്കുകയാണെങ്കില്‍, ഒരു ബില്ലിന്റെയും പരിരക്ഷയില്ലാതെ ഇതേകാര്യം വളരെ ഫലപ്രദമായി കേരളത്തില്‍ നടപ്പാക്കവുന്നതെയുള്ളൂ..ഒരു തിരുമേനിയും ന്യൂസ് ഹവറുക ളില്‍ കയറിയിരുന്നു ശര്ദ്ധിക്കുകയില്ല... അതിന് ഇച്ചാശക്തിയുള്ള  ഒരു  മുഖ്യമന്ത്രിയാണ് വേണ്ടത്... തിരുമേനിമാരെയും പി.സി. ജോര്‍ജ്  എന്ന കവലക്കുരങ്ങനെയും പേടിക്കുന്ന ഒരു മുഖ്യമന്ത്രിയെ അല്ല. വേറൊരു കാര്യം ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ ചാനലുകള്‍ ക്ഷണിക്കേ ണ്ടത് മതഅധ്യക്ഷന്‍മാരെയാണോ, അതോ സാമുഹിക ചിന്തകരെയോ? കുളം കലങ്ങിയാലും ചാനലുകലുടെ റേറ്റ് കൂടട്ടെ എന്നേ  ഇവര്‍ക്ക് വിചാരമുള്ളൂ...  
 
    
         ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം കുശലം പറയാനെത്തുന്ന പെണ്‍വിശ്വാസികളുടെ അടിവയറ്റില്‍ നോക്കി പള്ളിയിലെ അച്ഛന്‍മാര്‍ ഇനിയും വിശേഷമൊന്നുമായില്ലേ കുഞ്ഞാടെ എന്ന്‌ ശാസിക്കുന്ന രംഗമൊ ന്നോര്‍ത്തു നോക്കൂ...             
        ഒന്ന് മാത്രം ഊന്നിപ്പറയട്ടെ കേരളത്തിലെ സ്ത്രീകളുടെ ഗര്‍ഭപത്രത്തി ല്‍ എത്ര അണ്ഡങ്ങള്‍ നിക്ഷേപിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാ ശം ആത്മാഭിമാനമുള്ള ഒരു പെണ്ണും ഒരു മെത്രാനും വിട്ടുകൊടുക്കരുത്. അത് അവളുടെ അവകാശമാണ്. കുഞ്ഞ് ഒന്നെങ്കില്‍ ഒന്ന് അതിനെ ആരോ ഗ്യത്തോടും, സ്നേഹത്തോടും വളര്‍ത്താനുള്ള അവകാശം അമ്മക്കാണ്  പിന്നെ അച്ഛനും... തെറ്റിദ്ധരിക്കരുത്, അരമനയിലെ അച്ഛനല്ല, വീട്ടിലെ അച്ഛന്... അതുകൊണ്ട് പ്രിയപ്പെട്ട കൂടപ്പിറപ്പുകളേ നിങ്ങളുടെ ഗര്‍ഭപാത്ര ത്തിന്റെ താക്കോല്‍ നിങ്ങളുടെ ഹൃദയത്തില്‍ തന്നെ സൂക്ഷിക്കൂ.. അല്ലെങ്കില്‍ ഉടനെ അതും മോഷണം പോയേക്കാം  
ആമേന്‍...
പ്രിയ വായനക്കാരാ/വായനക്കാരീ ഏറ്റുപറയൂ...
ആമേന്‍.          

2

ആതുര വിചാരം


      ന്നലത്തെ പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയുടെ ചുവടുപിടിച്ചു ചില വിശകലനങ്ങളാണ് ഇക്കുറി. വാര്‍ത്ത ഇതായിരുന്നു. "പത്തു വര്ഷം പൂര്‍ത്തിയാക്കിയ വിദേശ നേഴ്സുമാരെ സൗദി അറേബ്യ പിരിച്ചു വിടും". ഒറ്റനോട്ടത്തില്‍ ഈ വാര്‍ത്ത പുറമ്പോക്കില്‍ കിടക്കുന്ന ഞാനെന്തിനു വിശകലനം ചെയ്യണം എന്ന് നിങ്ങള്‍  ആലോചിക്കുന്നുണ്ടാവണം.എന്തുകൊണ്ടോ രണ്ട് ദിവസം മുഴുവന്‍ ആ വാര്‍ത്ത എന്തിനെന്നറിയാതെ ഉള്ളില്‍ കിടന്നുപുകഞ്ഞു. അങ്ങിനെയാണ് ഒരു വിശകലനത്തിന് ഞാന്‍ ആലോചിച്ചത്. ഈ വിശകലനത്തിന്റെ ഭൂമിക വാര്‍ത്തയിലേത്പോലെ സൗദി അല്ല. ഞാന്‍ ജീവിക്കുന്ന കുവൈത്ത് ആണ്.
   നിരവധി രോഗാവസ്ഥകളില്‍ എനിക്ക് പരിധിവിട്ട്  പല സഹായങ്ങളും ചെയ്തു തന്നിട്ടുള്ളവരാണ് ഇവിടുത്തെ നേഴ്സുമാര്‍. പ്രത്യകിച്ചു രണ്ട് വര്ഷം മുമ്പെ ഞാന്‍ ഇരയായ ഒരു റോഡ്‌ അപകടത്തിന്റെ സമയത്ത്. എന്നാല്‍ എനിക്ക് ലഭ്യമായ ചില ഉദാര സമീപനങ്ങലുടെ വെളിച്ചത്തിലല്ല ഞാന്‍ ഈ കു
റിപ്പിടുന്നതെന്ന് ആദ്യമേ കുമ്പസരിക്കട്ടെ.
     
    കുവൈറ്റില്‍ ഇന്ന് ജോലിക്ക് ചേരുന്ന ഒരു നേഴ്സിനു ശരാശരികിട്ടുന്ന ശമ്പളം അഞ്ഞൂറ് ദിനാറാണെന്നു നമുക്ക്കണക്കാക്കാം. അത്തരത്തില്‍ സൗദി മുന്നോട്ടു വെക്കുന്ന പത്തു വര്‍ഷത്തിന്റെ കാലയളവില്‍ കിട്ടിയേക്കാവുന്ന വരുമാനം നമുക്കൊന്ന് വിശകലനം ചെയ്തു നോക്കാം. 

10  X 12  = 120  മാസം 120 X 500 ദിനാര്‍ = 60,000 ദിനാര്‍. ഇതിനെ രൂപയിലാക്കുമ്പോള്‍ ഏകദേശം ഒരുകോടി രൂപയോളം വരും. കുടുംബനാഥന്‍ കൂടെയുള്ളവരാണെങ്കില്‍ അദ്ദേഹത്തിന്റെ വരുമാനം കൊണ്ട് വട്ടചെലവുകള്‍ ഒരുവിധം നടത്തിക്കൊണ്ടു പോകാന്‍ കഴിഞ്ഞേക്കാം.
      
  സൗദിയെപ്പോലെ ഒരുതീരുമാനം കുവൈറ്റിലും വരാന്‍ നാം ആഗ്രഹിക്കേണ്ടതുണ്ടോ എന്നതാണ് ഇനിയത്തെക്കാര്യം. ശക്തമായ ഒരു ഇടപെടലില്ലാതെ ഈ കൊയ്ത്തുകാലം ഇട്ടെറിഞ്ഞു നാട്ടിലേക്ക് തിരിച്ചു നടക്കാന്‍ ആരും താല്‍പ്പര്യപ്പെടില്ല. കണക്കെടുത്ത് നോക്കുമ്പോള്‍ ഒരു പക്ഷെ മറ്റേതൊരു ജനതെയെക്കാളും, ഇത്രയും പ്രായാധിക്യമുള്ള നേഴ്സുമാര്‍ മലയാളികളായിരിക്കും ഇവിടുത്തെ ആശുപത്രികളില്‍. ദിനാറുകള്‍ക്കപ്പുറ ത്തുനിന്ന്‍ ഉള്ളിലേക്ക് തിരിഞ്ഞുനോക്കി സ്വയം ഒരു കണക്കെടുപ്പ് നടത്തുമ്പോള്‍ വൈകിയെങ്കിലും അവര്‍ക്ക് തിരിച്ചറിയാനാകും തങ്ങള്‍ക്കു നഷ്ടപ്പെട്ടു പോയ ഒരു ജീവിതത്തെപറ്റി. സ്വന്തം വീട്ടില്‍ നിന്നുമകന്ന്‍, മക്കളില്‍നിന്നുമകന്ന് .... പത്തു വര്‍ഷത്തെ ഒരു സേവനരീതി എന്നൊരു നിയമം വരുമ്പോള്‍ ഈ അര്‍ത്ഥത്തില്‍  അവര്‍ക്ക് തിരിച്ചു കിട്ടുന്നത് അവരുടെ സ്വന്തം ജീവിതം തന്നെയാണ്.ഈ ഒരു കാലയളവില്‍ അവരുടെ മക്കള്‍ ടീനേജില്‍ എത്തിപ്പെടും കാലമായിരിക്കും. ഈ സമയത്താണ്  മക്കളെ ഇവിടെനിന്നും പ്ലസ് വണ്‍ ആവശ്യാര്‍ത്ഥം നാട്ടിലേക്ക് എക്സ്പോര്‍ട്ട്  ചെയ്യപ്പെടുത്. ഏറ്റവും അപകടകരമായ ഒരു സമയത്ത് നാം അവരെ നിരുപാധികം തുറന്നു വിടുകയാണ് ചെയ്യുന്നത്.  ഓര്‍ക്കുക വിവാഹിതരായി പത്തു വര്‍ഷത്തിനു ശേഷം നാം ജീവിച്ചിരിക്കുന്നത്‌ നമ്മുടെ മക്കള്‍ക്ക്‌ വേണ്ടിയാണ്. അപകടങ്ങള്‍ പടിവാതിലിലല്ല  കിടപ്പറയില്‍ പോലും പെറ്റുപെരുകും കാലമാണ്. ഈപ്പോഴ്ത്തെ ഒരു വേതന നിലവെച്ച് പത്തു വര്‍ഷത്തിനു ശേഷം സ്വന്തം മക്കളോടു കൂടെ നാട്ടിലേക്ക്‌ മടങ്ങിപ്പോയി അവരെ സുരക്ഷിതരായി സംരക്ഷിക്കുക്ക എന്നൊരു തീരുമാനമെടുക്കാന്‍ ഒരു സത്യവിശ്വാസിക്കും ഇന്ന് കഴിയില്ല. അതാണ്‌ ദിനാറിന്റെ മൂല്യം.
              ഈ വരുമാന സ്രോതസ്സുകൊണ്ട് നാട്ടില്‍ പണി കഴിപ്പിച്ചിട്ടിരിക്കുന്ന വീടുകള്‍ പുരവാസ്തുബലിക്ക് ശേഷം കാല്‍പ്പെരുമാറ്റമില്ലാതെ ഏകാന്ത തടവിലാണ്. വീടിനൊരു മനസ്സുണ്ടെന്നു നാം തിരിച്ചറിയുമ്പോള്‍ മാത്രമേ ആ ഖേതം നമുക്ക് പിടിതരികയുള്ളൂ. കറന്സിക്ക് മൂല്യമേറുരുമ്പോള്‍ നാം തത്വത്തില്‍ പലതും വിസ്മരിക്കപ്പെടുന്നുണ്ടെ ന്നത് അംഗീകരിച്ചേ മതിയാവൂ. നാട്ടിലെ പല സാധാരനക്കാര്‍ക്കും പൂട്ടിയിട്ട
വീടുകള്‍ ഒരുതരത്തില്‍ ഭാര്‍ഗവീനിലയങ്ങള്‍ തന്നെയാണ്.
             ഈയൊരു പത്തു വര്‍ഷകാലയളവ്‌ എന്ന രീതി വരുമ്പോള്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള ഒരു സാഹചര്യം കൂടിയാണത് സൃഷ്ട്ടിക്കുന്നത്. ഒരു കൈയ്യില്‍ മാത്രം സമ്പത്ത് സ്വരൂപിക്കപ്പെടുന്നതി ന്റെ ദൂഷ്യം ഒരു പരിധി വരെ ഇത് വഴി പിഴുതെറിയാന്‍ ഇത് വഴി സാധിക്കും. ഈ മേഖലയില്‍ അസാധാരണമായ പ്രൌഡിക്കും ഇത് തടയിടും. ഒരു പക്ഷെ നാട്ടിലെ നേഴ്സ്സിഗ് കോളേജുകളിലെ തലവരിപ്പണ നിരക്ക് കീഴോട്ടു പോകാനും ഇത് ഉപകരിച്ചേക്കാം.
 ത്തു വര്ഷം അദ്ധ്വാനിച്ചിട്ടും ഒന്നും  ഉണ്ടാക്കാനാ യില്ലെന്ന പരാധിക്കാര്‍ക്ക് നാട്ടില്‍ തിരിച്ചു പോയാലും അവിടെ സ്വകാര്യമേഖലയില്‍  തൊഴിലവസരങ്ങള്‍ ധാരാളം കിടക്കുന്നുണ്ട്.
ഇനി രോഗികളുടെ ഭാഗത്ത് നിന്നും ഒന്ന്  നിരീക്ഷിക്കാം. ആശുപത്രികളില്‍ രോഗികള്‍ ക്കാവശ്യം ആശ്വാസമാണ്. അതു നിരവധി വര്‍ഷത്തെ സേവനം വഴി സ്വയം മടുപ്പനുഭവപ്പെടുന്ന വരില്‍ നിന്നും കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ പത്തു വര്‍ഷത്തില്‍ താഴെ സര്‍വീസുള്ള പുതുമുഖങ്ങളില്‍ നിന്നും കിട്ടും, തീര്‍ച്ച.
                ഇനി ഇവിടെ തന്നെ സംജാതമാകുന്ന ചില സാമ്പത്തിക പൊരുത്തക്കേടുകളെപ്പറ്റി ആലോചിക്കാം. അബ്ബാസിയ മേഖലയില്‍ ഇത്ര യധികം വാടക വര്‍ധനവിന്റെ കാര്യം നേഴ്സുമാരുടെ ശമ്പളത്തെ അടിസ്ഥാനമാക്കിയാണെന്നത്  അവിതര്‍ക്കിതമാണ്. പറയുന്ന വാടക കൊടുത്ത് ഫ്ലാറ്റെടുക്കാന്‍ ഇവിടെ ആളുണ്ട്. ഇതിലും വലിയ സത്യം ഫ്ലാറ്റ് തരപ്പെടാന്‍ ഹാരിസ്സുമാര്‍ക്കുള്ള ( കാവല്‍ക്കാരന്‍ എന്ന് മലയാള ഭാഷ്യം. എന്നാല്‍ പെരുമാറ്റത്തില്‍ ഇവനാണ് മുതലാളി) കൈമടക്ക്‌  നൂറും കടന്നു നൂറ്റമ്പതും ഇരുന്നൂറുമാണ്. എന്ത് കൊണ്ട് നമുക്ക് ബില്‍ഡിഗ് ഓണറെ നേരിട്ട് ബന്ധപ്പെട്ട് ഈ കൈക്കൂലി ഒഴിവാക്കിക്കൊണ്ട് ഫ്ലാറ്റ് വാങ്ങിക്കൂട എന്ന് ആലോചിക്കാന്‍ ആര്‍ക്കും നേരം കിട്ടാത്തത് ഈ ഉയര്‍ന്ന ശമ്പളം
കൊണ്ട് മാത്രമാണ്. തത്വത്തില്‍ കൈക്കൂലി എന്നൊരു സംഗതി കൂടി നാം ഇവിടെ പരിശീലിപ്പിച്ചു വരികയാണ്. ആസ്സോസിയേഷനുകള്‍ ഒട്ടുമുക്കാലും ഓണം, ഈസ്റ്റര്‍, ഈദ്, മിനിമം പരിപടികളാല്‍ സ്വയം സമ്പൂര്‍ണ്ണമാവുമ്പോള്‍ നിശബ്ദതയിലൂടെ നമുക്ക് ഒന്ന് നഷ്ടമാകുന്നു നമ്മളെ തന്നെ. 
      ഒന്ന് മാത്രമേ മേല്ക്കുറിച്ച വരികളിലൂടെ പറയാനുള്ളൂ. ഒരു നിയമം വരും മുന്‍പേ, നേഴ്സിഗ് മേഖലയില്‍ പത്തുവര്ഷം തികച്ചവര്‍ സ്വയം വിരമിച്ചുപോകുക. ആ പിരിഞ്ഞുപോക്കും ഒരര്‍ത്ഥത്തില്‍ ആതുരസേവനമാണ്.

"To do what nobody else will do, a way that nobody else can do, in spite of all we go through; is to be a nurse."- Rawsi Williams



2

വിരലും വിജാഗിരിയും



അമ്മയ്ക്കും  മകള്‍ക്കുമിടയിലെ
കരയുന്ന വിജാഗിരി ഞാന്‍!
അവിചാരിതമായി വന്ന അതിഥിയുടെ
ചൂണ്ടുവിരല്‍ തിന്നു ഞാന്‍ വിഷം തീണ്ടി.
വിരല്‍മുനമ്പിലെ കരിമഷിയായിരുന്നു
വിശക്കുന്ന ഏതൊരു ജനതയ്ക്കുമെന്ന പോലെ
എന്റെയും അജീര്‍ണ്ണം!.
മകള്‍ വീടിനെക്കാളും വലിയ വാതില്‍
അമ്മ അടുക്കളയിലും വലിയ കരി.
വാതില്‍ കടന്നു വരുന്ന അതിഥി
അത്താഴവും കഴിഞ്ഞു തിരിച്ചു പോകുമ്പോള്‍
പണ്ടത്തെപ്പോലെ വിരല്‍ മുനയല്ല
അവന്റെ കഴുത്തുതന്നെയാണ് എന്റെ സ്വപ്നം!
                     ഇത് ഒരുപക്ഷെ അശ്വതിയുടെതായി നമുക്ക് കിട്ടിയേക്കാവുന്ന ഒടുവിലത്തെ വരികളാവാം. ജീവിതം അത്രമേല്‍ അവര്‍ക്കുമേല്‍ ചുഴികളേര്‍പ്പെടുത്തുകയാണ്. അതില്‍ മുങ്ങിത്താണ് ഒടുവില്‍ അവശേഷിക്കുക എന്താണെന്ന് ആര്‍ക്കറിയാം. 
      
ശ്വതി എന്ന ഗദ്ദാമ നാളെ (ഏഴാം തീയ്യതി ) തിരിച്ചു പോകുന്നു. രണ്ട്‌ മാസത്തെ ശംബള കുടിശ്ശിക ഈ മണ്ണില്‍ ബാക്കിയിട്ടുകൊണ്ട്. പതിവുപോലെ തന്നെ "യൂത്ത് ഇന്ത്യ" അശ്വതിയുടെ കാര്യത്തില്‍ ജാഗ്രത പാലിച്ചു. ഒരു ടിക്കറ്റ് ഒരുക്കിക്കൊടുക്കുന്നത് അവരാണ്. നാട്ടില്‍ അവര്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന തുടര്‍സഹായങ്ങള്‍ പെട്ടെന്ന് നിര്‍ത്താതിരിക്കാനുള്ള നടപടികളും അവര്‍ ആലോചിക്കുന്നു എന്നറിയാന്‍ കഴിഞ്ഞു.    
 അശ്വതി വരുന്ന  വിവരം അറിയിക്കാന്‍ അവരുടെ വീട്ടില്‍ വിളിച്ചപ്പോള്‍ അമ്മ നീതിസ്റ്റോറിലെ നീണ്ട വരികളിലെവിടെയോ ആയിരുന്നു. നാലാം ക്ലാസ്സ് കാരി ഇളയമകളായിരുന്നു ഫോണ്‍ എടുത്തത്. അപ്പോള്‍ അവള്‍ ഉച്ച ഊണിന്റെ ചോറ് അടുക്കളക്കലത്തില്‍ നിന്നും കോരിയെടുക്കുകയായിരുന്നു.
 അമ്മ വരുന്നു എന്നറിഞ്ഞപ്പോള്‍ അവള്‍ ചോറ് കാലത്തിലേക്ക് തിരികെയിട്ട്. "എന്റെ വയറു നിറഞ്ഞു" എന്നാണ് പറഞ്ഞത്. പിന്നെ തൊണ്ടയില്‍ സന്തോഷം കൊണ്ട് എന്തോവന്നു നിറയുന്നു എന്നും....
   അശ്വതിയുടെ ജിവിതയാത്രയില്‍ നമുക്ക് നന്മകള്‍ നേരാം.... പിന്നെ ഓണാശംസകളും..    
ആശ്വതിയിലേക്കൊരു ജാലകം 


0

ചോര നിറച്ച് കത്തിച്ച വിളക്കുകള്‍


രു തണുപ്പുകാലത്തിന്റെ ബലിസ്മൃതികളില്‍ നിരന്തരം വന്നു നിറയുന്നു എന്ന് ഞാന്‍ വ്യാകുലപ്പെടുന്ന നഖചിത്രങ്ങളില്‍ ഒന്ന്  പ്രിയ വായനക്കാരാ, നിന്റെ ഹൃദയത്തിന്റെ ഭിത്തിയില്‍ കോറിയിടുന്നു. പുകപോലെ മഞ്ഞുപിടിച്ചു കിടക്കുകയായിരുന്നു അന്ന്. മരങ്ങള്‍ക്ക് ഇത്രമേല്‍ നിശ്ചലമായിക്കിടക്കാന്‍ പറ്റുമെന്ന് എന്നെ പഠിപ്പിച്ച ഒരു ദിവസം.
പള്ളിമുറ്റത്തെ കന്യാമറിയത്തിന്റെ വിസ്തൃതമായ ആകാശത്തിന് കൂടാരം കെട്ടുന്ന രണ്ടുമൂന്ന്‌ പേര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. വിരലുകളും, കണ്ണുകളും മാത്രമേ തണുപ്പിലൂടെ അവര്‍ പുറത്ത് കാട്ടുന്നുള്ളൂ. പുറത്തെ മാര്‍ബിള്‍ ബെഞ്ചിനകലെ  തൂണുകള്‍ക്കുമറപറ്റി ഒറ്റമരം പോലെ ഒരു സ്ത്രീ രൂപം നിലനിന്നു. അവള്‍ നിലത്ത് ഏതോഒരു സൂചികയില്‍ കണ്ണ്കൊളുത്തിവെച്ച് നില്‍ക്കുകയാണ്. 
 
 
 എന്ത് കൊണ്ടോ അപ്പോള്‍ എനിക്കോര്‍മ്മവന്നത് രണ്ട് രൂപകങ്ങളാണ്. വളരെപ്പണ്ട് തീവണ്ടിയില്‍ കുറ്റിപ്പുറത്തിറങ്ങി ഗുരുവായൂരേക്കുള്ള ബസ്സ്‌ തേടി നടക്കവേ മുന്നില്‍ വഴിമുറിച്ചു നില്‍ക്കുന്ന ഒരു കഴുത. കണ്ണുപൂട്ടി ധ്യാനത്തിലെന്നോണം അത് മറ്റെങ്ങോ ആയിരുന്നു മനസ്സ് കൊണ്ട്. ഒരു കഴുതയെ ഇത്ര അടുത്ത് കാണുന്നത് ആദ്യമായാണ്. അടുത്തുനിന്നു കാണുമ്പോള്‍ കഴു വേറൊരു മൃഗമാണ്‌, മനുഷ്യനേപ്പോലെ....
അതിന്റെ അടഞ്ഞ കണ്പോളകളിലേക്ക് നോക്കൂ. തിരയടിക്കുന്ന അതിനകത്ത് ഉള്‍ക്കാഴ്ചയുടെ ഒരു വലിയ കണ്ണുണ്ട്. മനസ്സ്കൊണ്ട് ഇത്രയധികം വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു ജീവിവേറെ ഉണ്ടാവില്ല. നമുക്ക് മുന്നില്‍ നില്‍ക്കുമ്പോഴും അത്  മറ്റെങ്ങോആണ്. അതുകൊണ്ടായിരിക്കാം സമീപ പരിസരങ്ങളോട് ചടുലമായി അതിന് പ്രതികരിക്കാനാവാത്തത്. കഴുതയായിരിക്കുമ്പോള്‍തന്നെ സ്വയം മറ്റൊനായി അവരോധിക്കുകയും രണ്ടിനു മിടയിലൂടെയുള്ള ഒരു ജീവിതം ജീവിച്ചു തീര്‍ക്കാന്‍ തെരഞ്ഞെടുക്കുന്നതുമായ ഒരു ജീവിയാണ് കഴുത. അതു കൊണ്ടാവണം സര്‍ക്കസുകാര്‍ക്ക് കൂടി, അല്ലെങ്കില്‍ ഇറച്ചിക്കാര്‍ക്ക് കൂടി അതിനെ സ്വീകാര്യമായിത്തീരാത്തത്. "കഴുതയിറച്ചി" എന്നപേരില്‍ നിങ്ങള്‍ വാങ്ങിക്കൊണ്ടു പോയി കറിവെച്ചാല്‍ ആനയുടെയോ, കുതിരയുടെയോ ഇറച്ചിയായി അതു നിങ്ങളുടെ നാക്കിനോടു യുദ്ധം ചെയ്തേക്കാം. അതേ അവസ്ഥയിലും ആകൃതിയിലും ആണ്  എനിക്ക് മുന്നില്‍കാണായ പെണ്‍രൂപം  എന്ന് തോന്നിയതിലെ യുക്തി എന്തെന്ന് എനിക്കറിയില്ല.
   

 പിന്നെ എന്റെ ഓര്‍മ്മയിലേക്ക് ആ രൂപം വഴി ഓടിക്കയറിയത്, സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും പുല്പ്പള്ളിയിലെക്കുള്ള ശീതകാലയാത്രകളില്‍ എന്നും എന്നെ മോഹിപ്പിച്ച ചായക്കുന്നുകള്‍ക്കിടയില്‍ ചെകുത്താന്‍ കാലുകളെപ്പോലെ നില്‍ക്കുന്ന സില്‍വര്‍ഓക്ക് മരങ്ങളാണ്! നേരിയ കാറ്റുള്ള മഞ്ഞുകാലങ്ങളില്‍ ഇളംപച്ചനിറമുള്ള ഇലകളുടെ അടിവശത്തെ സില്‍വര്‍ നിറങ്ങള്‍ കാണിച്ചായിരിക്കും മരങ്ങള്‍ നില്‍ക്കുക. എന്താണോ ഞാന്‍ എന്നാല്‍ അതല്ല ഞാന്‍ എന്നൊരു ആത്മീയതത്വം അത്  നമ്മോട്‌ നിരന്തരം പറയുന്നുണ്ട് ആ വിധത്തില്‍ ചിന്തിക്കുമ്പോള്‍. ചായക്കുന്നുകളുടെ അതിരുകളില്‍ സ്വയംവളരുന്ന പച്ചകര്പ്പൂരചെടികളുടെ ഇലകള്‍ വിരലുകളില്‍ ഞെരടിമണത്തുകൊണ്ട് ആ കാഴ്ച കാണുന്ന ഒരു ശീതകാലസന്ധ്യ നമ്മെ മുന്‍ജന്മസ്മൃതികളിലെന്തെങ്കിലും ഓര്‍മ്മിപ്പിച്ചേക്കാം... മുമ്പിലെ ഈ പെണ്‍രൂപകം എന്തെ എന്നെ ആവഴി നടത്തിയത് എന്നതിനും എനിക്ക് ഉത്തരമില്ല. ഓര്‍മ്മകള്‍ക്ക് നാം ഉത്തരമെഴുതാറില്ലല്ലോ. മാര്‍ക്കിടുക മാത്ര മാണല്ലോ പതിവ്.                                          
 വ്യാകുലഭാരങ്ങളെ പ്രാര്‍ത്ഥനയിലേക്ക് പരിഭാഷപ്പെടുത്താനുള്ള ഒരിടവേളക്കായാണ് ഞാന്‍ മാര്‍ബിള്‍ ബെഞ്ചുകളില്‍ ഒന്നില്‍ ഇരുന്നത്. അതൊരു ശീലമായിരുന്നു എനിക്ക്. നിരവധി ശബ്ദങ്ങളില്‍നിന്നും ആകുലതകളില്‍നിന്നും മനസിനെ പൂജ്യത്തിലേക്ക് ഏകോപിപ്പിച്ചേ ഞാന്‍ പള്ളിക്കകത്ത് കയറാറുള്ളൂ. അത്തരം ഒരവസ്ഥ സൃഷ്ടിക്കാന്‍കഴിയാതെ വരുമ്പോള്‍ പള്ളിക്കകത്ത് കയറാതെ നിശബ്ദനായി ആള്‍ക്കൂട്ടത്തിലേക്ക്  തിരുച്ചുപോരുകയാണ് പതിവ്.  
തണുത്ത ആകാശത്തിലേക്ക് പറക്കാന്‍ വിമുഖമായ വെന്പിറാക്കള്‍ ഒറ്റയായും ഇണയായുംനടന്നു കന്യാമറിയത്തെ വണങ്ങി. ചിലപ്പോള്‍ പക്ഷികള്‍ക്കും ചിലത് പറയാനുണ്ടെന്ന് ഞാന്‍ അറിഞ്ഞത് അന്നാണ്. എന്റെ ഓര്‍മ്മകളുടെ പൌരാണികതയില്‍ ജഡായു എന്ന പക്ഷി ചിലത് അറിയിക്കുന്നുണ്ടെങ്കിലും അതിനപ്പുറം ചില വ്യാകരണങ്ങള്‍ തരുന്നുണ്ട് ഈ വെന്പിറാക്കള്‍.. പച്ച നിറത്തിലുള്ള പിന്‍ഗേറ്റിലൂടെ കടന്നുവന്ന ഒരു പെണ്‍കുട്ടിനേരെ കന്യാമറിയത്തിലേക്ക് നടന്നു കയറി. അവള്‍ ഏറെനേരം മുഖം കുനിച്ചുനിന്നു അവിടെ. കൊണ്ടുവന്ന മെഴുകുതിരി  "ഇവിടെ മെഴുകുതിരി കത്തിക്കരുത്"എന്ന ബോര്‍ഡിനു മുമ്പില്‍ വേദനയോടെ അവള്‍ നീക്കിവെച്ചു. മറിയമേ ഞാന്‍ നേര്‍ന്നുപോയല്ലോ  ഇതിനും കൂടി ഞാന്‍ പ്രാര്‍ത്ഥി
ക്കുന്നു എന്നമട്ടില്‍ അവള്‍ കുറച്ചേറെനേരം കന്യാമറിയത്തിനു മുന്‍പില്‍ മുട്ട്കുത്തി മുഖംകുനിച്ചു നിന്നു. വേഷവും രൂപവും അവളെ  എന്റെ രസനയെ ശ്രീലങ്കയിലേക്കാണ് നാട് കടത്തിയത്. ശേഷം എന്നേയും പിന്നിട്ട് അവള്‍ പള്ളിയിലേക്ക് കടന്നുപോകുംവഴി ആ ഒറ്റമരച്ചോട്ടില്‍ ഒന്ന് നിന്നതേയുള്ളൂ. വളരെ പെട്ടന്നാണ് ആ ഒറ്റമരം ഉച്ചത്തില്‍, അതായതു അതിന് നിര്‍മ്മിക്കാന്‍ കഴിയാവുന്നത്രയും ഉച്ചത്തില്‍ നിലവിളിക്കാന്‍  തുടങ്ങിയത് .               
   

 നിലവിളികള്‍ക്ക് ഒരു ആഗോളമാര്‍ക്കറ്റുണ്ട്. വിപണനം ചെയ്യാനറിയുന്നവന്‍ അത് വിദഗ്ധമായി വിപണനംചെയ്യും. അവിടെ നിലവിളികളുടെ ഉല്‍പ്പാദകര്‍ ആരെന്നത് ഒരുപ്രശ്നമല്ല. പക്ഷെ ഞാന്‍  "ഒരു പാവംമനുഷ്യന്‍" എന്ന് എന്ത്കൊണ്ടോ സ്വയം വിലയിട്ട ഒരു മനുഷ്യന് തിരിഞ്ഞുനോക്കാന്‍ പാകത്തില്‍ ഒരുകഴുത്ത് എന്റെ ദൈവം അവശേഷിപ്പിച്ചിട്ടുണ്ട് എന്നില്‍ ഇപ്പോഴും.
(പ്രിയ വായനക്കാരാ ഓര്‍ക്കൂ....തിരിഞ്ഞുനോക്കാതെ തിരിഞ്ഞുനോക്കാതെയാണ് നമുക്ക് നമ്മുടെ കഴുത്തുകളുടെ തനതുസ്വഭാവം നഷ്ടമായത്.)
 

 പാഞ്ഞുചെല്ലാന്‍ മാത്രം അകലത്തിലല്ല അവര്‍.നടനം മന്ദാക്രാന്തയില്‍! അതില്‍ ഞാനെന്റെ  അകംവേവുകള്‍ പൂഴ്ത്തിവെക്കുന്നു. ഓടിയെത്തിയവരില്‍ കന്യാമറിയത്തിന്റെ ആകാശം മറക്കുന്നവരും ഉണ്ടായിരുന്നു! പേടിച്ച ഒരുവെണ്‍പിറാവിന്റെ അവസ്ഥയിലായിരുന്നു,ഞാന്‍ ശ്രീലങ്കക്കാരിഎന്ന് നിരുപിച്ച പെണ്‍കുട്ടി.  
എന്നിലെ  മനുഷ്യന് മറ്റു ലക്ഷ്യങ്ങളില്ലാതെ  ഇടപെടാനുള്ള സമയമാണിതെന്ന്‍ പ്രാര്‍ത്ഥനയില്‍ വിശ്വാസമുള്ള എനിക്ക് തീരുമാനിക്കാതെവയ്യ.
ശ്രീലങ്കക്കാരിയാണ് ആദ്യം ഉരിയാടിയത്‌. ഒരു കുറ്റബോധാത്തോടെയെങ്കിലും!
 "
ഈ തണുത്ത വെളുപ്പാന്‍  കാലത്ത്  ഒരു ജാക്കറ്റ് പോലുമില്ലാതെ  നീയെങ്ങിനെവന്നു നില്‍ക്കുന്നൂ എന്നേ ഞാന്‍ ചോദിച്ചുള്ളൂ..."
അപ്പോളാണ് ഞാന്‍ അവളുടെ, ആ ഒറ്റമരത്തിന്റെ വേഷങ്ങളിലേക്ക് കൂപ്പുകുത്തിയത് .
ഇത്രയും നിസ്സാരവസ്ത്രം ധരിച്ച ഒരാളെ ഞാന്‍ ഇതേവരെ കണ്ടിട്ടില്ല ഈ തണുപ്പ് കാലത്ത് ! ഇന്നര്‍, ഔട്ടര്‍ എന്നൊക്കെപറഞ്ഞു ആറോ,ഏഴോ വസ്ത്രങ്ങളുടെ ലാളിത്യത്തിലാണ് ഞാന്‍ എന്ന നിസ്സാരന്‍ പ്രാര്‍ത്ഥിക്കാന്‍ വന്നിരിക്കുന്നത്  എന്നതില്‍ എന്റെ അധ്യാത്മികതയെ നിസംശയം  ദൈവം ചോദ്യംചെയ്യുമെന്ന് തീര്‍ച്ച .    
ശ്രീലങ്കക്കാരിക്കുപേര്‍ സമുദ്ര. നിരാലംബമായ ഒരു കുറ്റബോധം അവളില്‍ പടര്‍ന്നുപിടിക്കുന്നത് ഞാന്‍ അറിയുന്നു .
കരയുന്ന അപരിചിതയോട് നമുക്കാദ്യം ഒന്നേ ചോദിക്കാനൊന്നേ ഉള്ളൂ  ..
നിന്റെ  പേരെന്താണ്  ?
"ജെന്നിഫര്‍"
എന്നവള്‍ പറയുമ്പോള്‍ മെഴുകുതിരികള്‍ക്ക് അങ്ങിനെ ഒരു അര്‍ത്ഥമുണ്ടാകുമോ എന്നാണ് ഞാന്‍ ആലോചിച്ചത്. സമുദ്ര ഇപ്പോള്‍ മുന്‍നിശ്ചയങ്ങളൊന്നു മില്ലാതെ ജെന്നിഫറിന്റെ ചുമലില്‍ പിടിച്ചിരിക്കുകയാണ്. അല്ലെങ്കില്‍ അവള്‍ താഴേക്കുവീണുപോകുമോ എന്ന ഭയം അവളില്‍ നിലനിന്നു. കൂടാരപ്പണിക്കാര്‍ ജെന്നിഫറിനോട് അറബിയില്‍ എന്തെല്ലാമോ ചോദിച്ചു അവള്‍ വെറും നിലത്തുനോക്കി നിന്നതല്ലാതെ ഒന്നുംതന്നെ ഉരിയാടിയില്ല. കുറച്ച് നേരം കൂടി അവള്‍ക്കു മുമ്പില്‍ കാത്തുനിന്നിട്ട് അവര്‍ അവരുടെ ജോലിയിലേക്ക് തിരിച്ചുപോയി.ഉടലടയാലങ്ങളില്‍ നിന്നും അവള്‍ ഫിലിപ്പീന്‍സിന്റെ താവഴിയാണെന്നു മനസിലായി. 
 

 സമുദ്ര ഒന്നുകൂടി അവളെ കുലുക്കിവിളിച്ചു. അവള്‍ മോഹനിദ്രയില്‍ നിന്നും ഉണര്‍ന്നതുപോലെ നാലുപാടും നോക്കി. എന്നിട്ട് ഉച്ചത്തില്‍ നിലവിളിച്ചു കൊണ്ട് പറഞ്ഞു "എനിക്ക് നാട്ടില്‍ പോകണം."
അവളുടെ ചുമലില്‍നിന്നും സമുദ്രയുടെ പിടിഅയഞ്ഞു. അവള്‍ ജെന്നിഫറിനെ മാര്‍ബിള്‍ ബെഞ്ചിലേക്ക് പകര്‍ന്നു. സമുദ്ര ജെന്നിഫറിന്റെ  മുഖം കൈകളിലേക്ക് കോരിയെടുത്തു ചോദിച്ചു "എന്ത് പറ്റി?"
"എന്റെ ഭര്‍ത്താവ് മരിച്ചു."
ജെന്നിഫറില്‍ നിന്നും അടര്‍ന്നുവീണ നിലവിളിയില്‍ ഈ വാക്കുകളും ഉണ്ടായിരുന്നു. ബാബയോട് പലതവണ ചോദിച്ചുനാട്ടിലേക്ക് പോകാന്‍ അനുമതി കിട്ടിയില്ല. യാചിച്ചുകിട്ടിയ ദയയില്‍ ഈ പള്ളിയാത്ര മാത്രം തരപ്പെട്ടു. പക്ഷെ അകം പൊള്ളലില്‍ അവള്‍ക്കു നഷ്ടപ്പെട്ടത്‌ പ്രാര്‍
ത്ഥിക്കാനുള്ള വാക്കുകളും ഈ തണുപ്പും!
"ജെന്നിഫര്‍, നാം എത്രമേല്‍ അപരിചിതര്‍. നമുക്കൊന്ന്ചേര്‍ന്ന് പള്ളിക്കകത്ത് പോയിരിക്കാം. ഇത്തിരിനേരം. മനമുരുകി പ്രാര്‍
ത്ഥിക്കാന്‍ നമുക്കാവുമെങ്കില്‍ അതിന് ശ്രമിക്കാം"ഞാന്‍ പറഞ്ഞു.
ജെന്നിഫറും, സമുദ്രയും ആട്ടിന്‍കുട്ടികളെപോലെ എനിക്ക് പിറകെവന്നു. പള്ളിക്കകം ശൂന്യമായിരുന്നു. ക്രൂശിത രൂപവും, അതിലേറെ ക്രൂശിതയായ ജെന്നിഫറും, സമുദ്രയും ഞാനും മാത്രം.   
സമുദ്ര ബാഗില്‍ നിന്നും സിംഹളഭാഷയിലെ ബൈബിള്‍ പുറത്തെടുത്ത് ഉച്ചത്തില്‍ വായിക്കാന്‍ തുടങ്ങി. അത്  അത്രമേല്‍ രുചികരമായൊരു ഭാഷയായി എനിക്കാദ്യമായി അനുഭവപ്പെട്ടു.
 

 ബസ് സ്റ്റോപ്പില്‍വെച്ചു പിരിയാന്‍നേരം സമുദ്ര ജെന്നിഫറിനോടു അവളുടെ മൊബൈല്‍ നമ്പര്‍ ചോദിച്ചു. അങ്ങിനെ ഒന്ന് അവളുടെ കൈവശം ഇല്ലായിരുന്നു. ടാക്സിയില്‍കയറി പിരിയാന്‍നേരം സമുദ്ര ജെന്നിഫറിന്റെ കൈകളില്‍ അഞ്ച് ദിനാറിന്റെ ഒരു ചുവന്ന നോട്ട്  വെച്ചു കൊടുത്തു. ജെന്നിഫര്‍ ഒരു മടിയുമില്ലതെയാണ് അതു വാങ്ങിയത്.പിന്നെ സമുദ്രയുടെ കണ്ണുകളിലേക്ക് കുറച്ചുനേരം  ആഴത്തില്‍ നോക്കിനിന്നു. കരയില്‍ നിന്നും ഒലിച്ചുപോകുന്ന ഒരാള്‍ കരയെ തിരിഞ്ഞുനോക്കുന്നത് പോലെയാണ് നീങ്ങിത്തുടങ്ങിയ ടാക്സിയിലിരുന്ന്‍  ജന്നിഫര്‍ ഞങ്ങളെ നോക്കിയത്.
ഇത്തിരിനേരം ഞാനും സമുദ്രയും ബസ് സ്റ്റോപ്പില്‍ ഒന്നും മിണ്ടാതെ നിന്നു. പറയുവാന്‍ ഏറെ ഉണ്ടാവുമ്പോളാണ് ഒരാള്‍ ഊമയായിപ്പോകുന്നത് എന്ന് അന്നേരം എനിക്ക് തോന്നി.
അവള്‍ക്കുള്ള ബസ്സ്  മുന്നില്‍ വന്നു നില്‍ക്കുന്നേരം ഞാന്‍ സമുദ്രയുടെ ഫോണ്‍നമ്പര്‍ ചോദിച്ചു. നനഞ്ഞ കണ്ണുകളോടെ അവള്‍ പറഞ്ഞു. നമുക്ക് പങ്കുവെക്കാന്‍ ജെന്നിഫറിന്റെ ഓര്‍മ്മകള്‍ മാത്രമല്ലേ ഉള്ളൂ. പരസ്പരം വിളിച്ചും പറഞ്ഞും നമുക്കതിന്റെ വിശുദ്ധി നഷ്ടമാക്കേണ്ട. എന്നെങ്കിലും എവിടെ വെച്ചെങ്കിലും നമുക്ക് കാണാം.
നാം വീണ്ടും കാണാതിരിക്കില്ല എന്നെനിക്കുറപ്പുണ്ട്. നമ്മള്‍ ജന്നിഫറിനേയും കാണും എന്നെങ്കിലും."
ബസ്സില്‍കയറി കാഴ്ചയുടെ അറ്റംവരെ
അവള്‍ കൈവീശിക്കാണിച്ചു.
 

 ചുമലിലേക്ക് അറ്റുവീഴാന്‍ പാകത്തില്‍ ഒരേകാന്തത എനിക്ക് മുകളില്‍ കാത്തുനില്‍ക്കുകയായിരുന്നു . അതില്‍ മുങ്ങിത്താണ് ഞാനേറെ നേരം ബസ്സ് കിട്ടാതെ നീലബെഞ്ചില്‍ തനിച്ചിരുന്നു.   
രോഗക്കിടക്കയിലായ സുഹൃത്തിന്റെ ഭാര്യ രേണുകയെ സന്ദര്‍ശിക്കാനാണ് ഈയ്യിടെ ആശുപത്രിയിലെത്തിയത്. ലോകത്തിലെവിടെയും ആശുപത്രികള്‍ക്ക് ഒരേമണമാണ്
ഒരേ ഭാവവും. അടുത്ത ബെഡിലെ മൂടിപ്പുതച്ചു കിടക്കുന്ന രൂപത്തെപ്പറ്റിയാണ് രേണുക കൂടുതലും പറഞ്ഞത്
"പാവം, കഴിഞ്ഞ ആഴ്ച ഓപ്പറേഷന്‍ കഴിഞ്ഞതാ... യൂട്രസ് അറുത്തു മാറ്റി... യൂട്രസ്സിനു പുറത്തും രണ്ട് മുഴകളുണ്ടായിരുന്നു. പോകാന്‍ ഒരിടമില്ലാത്തതിനാല്‍ ഡോക്ടരുടെ കാലുപിടിച്ചിട്ടു രണ്ട് മൂന്ന് ദിവസ്സം അധികം കിടത്തിയതാ. ദിവസ്സവും ഡോക്റ്റര്‍വന്നു വഴക്ക് പറയുന്നത് കേള്‍ക്കാം...
ഖാദിം വിസയില്‍ പുറത്തെവിടെയോ ജോലി ചെയ്യുകയായിരുന്നു. ഇപ്പോള്‍ അസുഖം കാരണം ആ ജോലിപോയി. താമസിച്ചിരുന്ന മുറിയിലെ ആരും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറല്ലത്രെ. എപ്പോഴും കണ്ണീര്‍ വാര്‍ക്കുന്നത് കാണാം."
 എനിക്കാമുഖമൊന്നു കാണണമെന്നുണ്ടായിരുന്നു. പക്ഷെ അടിമുടി മൂടിപ്പുതച്ചാണ് കിടപ്പ്. രേണുക യോടുള്ള കുശലാന്വേഷണങ്ങള്‍ പരമാവധി നീട്ടി, ബോധപൂര്‍വം കുറച്ചധികം നേരം ആശുപത്രിയില്‍ ചെലവഴിച്ചു. അതിനിടയിലാണ് ആ മുഖം കണ്ണീര്‍വാര്‍ത്തുകൊണ്ട് പുതപ്പിന് വെളിയില്‍ ചാടിയത്.
സമുദ്ര! 
ഒരാന്തലോടെയാണ് ഞാന്‍ അവളുടെ മെത്തക്കരികെ നിന്നത്. വല്ലാതെ ശോഷിച്ചുപോയിരിക്കുന്നു അവള്‍. അവള്‍ക്ക് എന്നെ മനസ്സിലായോ എന്നറിയില്ല. ഞാന്‍ പറഞ്ഞു " ഓര്‍മ്മയുണ്ടോ
ജെന്നിഫറിന്റെ ആ ദിവസ്സം.... നമ്മള്‍ ചേര്‍ന്നുനിന്നു നിന്റെ ഭാഷയില്‍   പ്രാര്‍ത്ഥിച്ചവര്‍..."      
സത്തചോര്‍ന്നുപോയ കണ്ണുകളില്‍ സാകൂതം വിടരുന്നതെന്താണ്?
അവള്‍ മറന്നുപോയൊരു ചിരി ആലോചിച്ചു കിടന്നു. പിന്നെ തലയിണക്ക് കീഴിലേക്ക് കണ്ണുകള്‍ കൊണ്ട് എന്തോ ആഗ്യംകാണിച്ചു. ഞാന്‍ തലയിണ പതിയെപൊക്കി നോക്കി. സിംഹള ഭാഷയിലെ ഒരു ബൈബിള്‍ എന്റെ കൈകളില്‍ കയറി വന്നു. അതിലെ ലിപിയറിയാതെ ഞാന്‍ അവള്‍ക്കു മുമ്പില്‍ നിരക്ഷരനായി. പ്രിയപ്പെട്ടവളെ, അശ്ലീലം കലരാതെ നിന്നെ ഞാനെങ്ങിനെയാണ് ഒന്ന് ആലിംഗനം ചെയ്യേണ്ടത്! ഒരു പ്രത്യാശയുടെ വിരല്നീട്ടം ഞാന്‍ നടത്തേണ്ടതല്ലേ ? പക്ഷെ എങ്ങിനെ? മുമ്പേ പങ്കെടുത്ത ഒരു ശ്രീലങ്കന്‍ പ്രാര്‍ത്ഥനാകൂട്ടത്തെ ഓര്‍മ്മവന്നു.. ആ വാതിലില്‍ ഒന്ന് മുട്ടി നോക്കാം... പഴയ ചില ഓര്‍മ്മകളില്‍ നിന്നും മുന്‍പേ ഒന്നിച്ചു ജോലിചെയ്ത ചില ശ്രീലങ്കക്കാരെയും കണ്ട് നോക്കാന്‍ തീരുമാനിച്ചാണ് ആശുപത്രി വിട്ടത്. പക്ഷെ ഒരുറപ്പും കൊടുക്കാന്‍ കഴിയാത്തതിനാല്‍ കയ്യില്‍ ഒരഞ്ചു ദിനാര്‍ മാത്രം വെച്ചു കൊടുത്തു. അന്നേരം ജെന്നിഫറിന്റെ കൈകളില്‍ പണ്ട്  വെച്ചു കൊടുത്ത അഞ്ചു ദിനാര്‍ അവള്‍ ഓര്‍ത്തോ എന്തോ?
 

 അകാരണമായി ചില വരികള്‍ ഓര്‍മ്മയുടെ അകങ്ങളില്‍ നിന്നും എന്നെ വേട്ടയാടി  
കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നൊയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?
നമുക്കിപ്പൊഴീ ആര്‍ദ്രയെ
ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം!
വരിക സഖീ, അരികത്ത് ചേര്‍ന്ന് നില്‍ക്കൂ,
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായ് നില്‍ക്കാം
....
പഴയ  ശ്രീലങ്കന്‍ പരിചയക്കാരില്‍ നിന്നാണ് സമുദ്രയെ ഏറ്റെടുക്കാമെന്ന ആശാവഹമായ ഒരു വാഗ്ദാനം കിട്ടിയത്. ഇടനാഴിയിലെ വെളിച്ചങ്ങളുടെ ചതുരജാലകങ്ങള്‍ കടന്നു സമുദ്രയുടെ വാര്‍ഡില്‍ കാലനക്കം കേള്‍പ്പിക്കാതെ ഞാന്‍ കയറി. അവളെ വിസ്മയിപ്പിക്കാന്‍...
പക്ഷെ, അതിലും മുമ്പേ അവളെന്നെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നുവോ? അവളുടെ മെത്ത ശൂന്യമായിരുന്നു. ആ ശൂന്യത ഒരു വെളുത്ത കടലായി എനിക്ക് മുമ്പില്‍ തിരയടിച്ചു. ആരോട് ചോദിക്കും എന്നറിയാതെ ഞാന്‍ ഒരു പകലിന്റെ തളര്ച്ചയായി കുറേനേരം മെത്തക്കരികില്‍ നിന്നു. അതിനപ്പുറം ഒരു നിസ്സഹായനെന്തു ചെയ്യാന്‍....
 പള്ളി മുറ്റത്തെ കാന്‍വാസ് മേല്‍ക്കൂര മുഴുവനായും പണിതു കഴിഞ്ഞിരിക്കുന്നു.അതിന് കീഴ്‌ കന്യാമറിയം
പകല്‍ച്ചൂടില്‍ വെന്തുരുകി മുഖംകുനിച്ചു നിന്നു. വാങ്ങിയ മെഴുകുതിരികള്‍ കത്തിക്കാനിടമില്ലാതെ കയ്യില്‍ കിടന്നു. പിന്നെ മാതാവിന് മുന്‍പില്‍ സ്വയം ഒരു മെഴുകുതിരിയായി ഞാന്‍ എരിഞ്ഞു. പള്ളിയിലെ ബെഞ്ചില്‍ കുറേനേരം ഇരുന്ന്‍, നിശബ്ദത ഒരു ക്രൂശിതരൂപമാകുന്നത് സ്വയം അനുഭവിച്ചു. പിന്ബെഞ്ചില്‍ എങ്ങുനിന്നോവന്നു നിറഞ്ഞ ഒരാള്‍ക്കൂട്ടം എനിക്കറിയാത്ത ഭാഷയില്‍ ബൈബിള്‍ വചനങ്ങള്‍ ഉച്ചത്തില്‍പാടാന്‍ തുടങ്ങി. പിന്നെ മുട്ടുകുത്തിനിന്നു അവര്‍ സ്വയം നിശബ്ദതവരിച്ചു. മരിച്ച ആര്‍ക്കോ വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥനയാണതെന്ന് ഭാഷയില്ലാതെ ഞാന്‍ തിരിച്ചറിഞ്ഞു. സംഭാഷണങ്ങള്‍ക്കിടയില്‍ നിന്നും ഞാന്‍ മരിച്ചയാളിന്റെ പേര്‍ ഉരുത്തിരിച്ചെടുത്തു.
ജാതകത്തില്‍ അവള്‍ക്കു പേര്‍ ജെന്നിഫര്‍. എങ്കില്‍ അതു എനിക്കറിയാവുന്ന ജെന്നിഫറായിരിക്കുമോ? ആരും പേര്‍ചൊല്ലി വിളിക്കാനില്ലാതെ ഒരു ഒറ്റമരം ജന്മന്തരങ്ങളിലെവിടെയോ മഞ്ഞുപുതച്ചു  കിടന്നു.  
 

 ഇപ്പോള്‍ നോവുകൊണ്ടും ഓര്‍മ്മകള്‍ കൊണ്ടും ഞാന്‍ ഓടുന്നത് കുറ്റിപ്പുറത്തെ ചെമ്മണ്‍പാതയിലെ ആ കഴുതപ്പുറത്തേറി സുല്‍ത്താന്‍ബത്തേരിവഴി പുല്പള്ളിയിലേക്കാണ്. വഴിയരികുകളിലെ ചായക്കുന്നുകളില്‍ സില്‍വര്‍ഓക് മരങ്ങള്‍  മിന്നാമിനുങ്ങുകളെ തുറന്നുവിടുന്ന രാത്രികളിലൂടെ... അതിന്റെ അരികുകളില്‍ സ്വയംവളര്‍ന്നു പൊങ്ങിയ പച്ചകര്പ്പൂരചെടികളുടെ ഇലകള്‍ മണത്ത് ഒന്ന് കുമ്പസരിക്കണം 
 

 ഒരേ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടായിട്ടും  ജെന്നിഫറിനും, സമുദ്രക്കുംവേണ്ടി എനിക്കെന്തു ചെയ്യാന്‍ കഴിഞ്ഞു എന്ന് അകത്തോട്ടു വളഞ്ഞുനിന്നു  ഉച്ചത്തില്‍ ചോദിക്കാന്‍ ഇതിലും അനുയോജ്യമായ സ്ഥലം വേറെങ്ങാണ് .      
ആര്‍ത്ത് പൊങ്ങുന്നിതാ വെറും പൊടിയില്‍ നിന്ന്
മനുഷ്യരക്തത്തിന്‍റെ നിലവിളി.
മുട്ടു കുത്തി വീഴുമ്പോള്‍ എന്‍ കുരലു ചീന്തി
തെറിക്കുന്നു വാക്കുകള്‍:
“അവനെ ഞാനറിയുന്നില്ല ദൈവമേ,
അവനു കാവലാള്‍ ഞാനല്ല ദൈവമേ!”

(എവിടെ ജോണ്‍?  ചുള്ളിക്കാട് ) 

6

പതിയേ പെയ്യുന്ന ഒരാള്‍


            റഞ്ഞു തുടങ്ങുമ്പോള്‍ മഴപെയ്യുകയാണെന്നേ തോന്നൂ. മരത്തിന്റെ ഉച്ചിയില്‍ തട്ടി ശിഖരങ്ങളിലൂടെ താഴേക്കൊലിച്ച്, അതിലെ പക്ഷികളെ ഉണര്‍ത്താതെ, ഇലകളോടു കിന്നാരം പറയാന്‍ മെനക്കെടാതെ, ഉടല്‍ തടിയില്‍ ആവോളം ഉമ്മവെച്ച്, താഴ്വേരോളം ഒലിച്ചിറങ്ങുന്ന ഒരു രാത്രിമഴ. ആ മഴയെ നമുക്ക് ഷാജി.എന്‍. കരുണ്‍ എന്ന് വിളിക്കാം. ചുറ്റുവട്ടങ്ങള്‍ ഇങ്ങനെയായിപ്പോകുന്നുവല്ലോ എന്ന സങ്കടങ്ങള്‍, ഒറ്റ ഫ്രെയിമിലൊതുങ്ങാത്ത മഴയെപ്പോലെയാകുമ്പോള്‍ ഹൃദയമുള്ളവര്‍ അര്‍ത്ഥപൂര്‍ണ്ണമായ ഒരു നിശബ്ധത ബാക്കിവെക്കുന്നു. വാക്കുകള്‍ വാനപ്രസ്ഥത്തിനുപോകുമ്പോഴും പിറവിയെടുക്കുന്ന ചില  സുകൃത ദീപ്തികള്‍ ഇദ്ദേഹം നമുക്ക് നല്ല ചലച്ചിത്രങ്ങളിലൂടെ കാണിച്ചുതരുന്നു. വിശ്രുത സംവിധായകന്‍ പറഞ്ഞു തുടഞ്ഞുന്നു. ഫ്രെയിമില്‍ ഒളിപ്പിച്ചു വെക്കുന്ന വല്ലാത്ത മൌനത്തിന്റെ അമ്ലരുചിയോടെയല്ലാതെ, എന്നാല്‍ ഉച്ചസ്ഥായിയെ മൌനം കൊണ്ട് മെരുക്കിയെടുത്ത അനുഭൂതി പൂര്‍ണ്ണമായ പതിഞ്ഞ ശബ്ദത്തില്‍, അതില്‍ നിറയെ പോക്ക് വെയിലിന്റെ രുചിയുണ്ട്, അതിനപ്പുറം ആത്മസുഹൃത്ത്  ജി. അരവിന്ദന്‍ എന്ന അരവിന്ദേട്ടന്റെ പൂര്‍വ്വാശ്രമത്തിലെ മരവുരികളുടെ വല്ലാത്ത ഉടല്‍മണമുണ്ട്.            
പിറവി എന്ന ഒറ്റചിത്രം മലയാളത്തിലേക്ക് കൂട്ടി കൊണ്ട് വന്ന പാരിതോഷികങ്ങളേക്കുറിച്ച് നാം ആദ്യം അറിയേണ്ടതുണ്ട്. 1989 കാന്‍ ഫെസ്ടിവല്‍  ~ കാമറ  ഡി ഓണര്‍.  
1989 എടിന്ബെര്ഗ്  ~ചാര്‍ളി ചാപ്ലിന്‍ അവാര്‍ഡ്.
1989  ലോകാര്ണോ ഇന്റെര്നാഷണല്‍ ഫിലിം ഫെസ്ടിവല്‍. 
പ്രൈസ്  ഓഫ്  ദി  എസുമെനികാല്‍  ജൂറി  - സ്പെഷ്യല്‍  മെന്‍ഷന്‍, സില്‍വര്‍ ലെപേ
ര്‍ഡ്.     1989 നാഷണല്‍ ഫിലിം അവാര്‍ഡ്.
സുവര്‍ണ്ണ കമലം ~ നല്ല ചിത്രം.
സുവര്‍ണ്ണ കമലം ~ നല്ല സംവിധായകന്‍.
1989 ഹവായി ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്ടിവല്‍ നല്ല ചിത്രം.

1989  ചിക്കാഗോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്ടിവല്‍ ~സില്‍വര്‍  ഹുഗോ.
1990 ബെര്ഗാമോ ഇറ്റലി ~ബ്രോന്‍സെ റോസാ കാമുന. 
1990 ഫ്രിബെര്ഗ്
ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്ടിവല്‍  (സ്വിട്സര്‍ലാന്‍ഡ്‌ ) ~ഡിസ്ട്രിബ്യൂഷന്‍ ഹെല്പ്  അവാര്‍ഡ്‌.
1991 ഫജര്‍ ഫിലിം ഫെസ്ടിവല്‍ (ഇറാന്‍ )  ~ക്ര്യസ്ടല്‍  സിമോര്‍ഘ്  അവാര്‍ഡ്
എന്നീ പ്രമുഖമായവ തുടങ്ങി മുപ്പത്തിഒന്നു അവാര്‍ഡ്കളാണ് വാരിക്കൂട്ടിയത്.

     പിറവിയില്‍ നിന്നു തന്നെ തുടങ്ങാം " ജലത്തെ ഇത്രയും വിദഗ്ധമായി കഥയുടെ പശ്ചാത്തലത്തോടു സമന്വയിപ്പിച്ച ഒരു സിനിമ നമുക്കുണ്ടോ എന്നറിയില്ല, മഴയായും, പുഴയായും, ചുഴിയായും, കൈത്തോടായും പിറവിയില്‍ മഴ നാനാര്‍ത്ഥങ്ങളുടെ ജലസമൃദ്ധിയാണ്.  ഈച്ചരവാര്യരുടെ ആത്മകഥയുടെ പേരും "മരിച്ചിട്ടും നിങ്ങളെന്തിനാണ് അവനെ മഴയത്ത് കിടത്തുന്നത് "എന്നാണല്ലോ? ഇതെങ്ങിനെ സംഭവിച്ചു ?

"മഴ, ലോകത്തെല്ലാവര്‍ക്കും ഇഷ്ടമുള്ള പ്രകൃതിയുടെ മുഖമാണ്. മരുഭൂമിയില്‍ ജീവിക്കുന്ന നിങ്ങള്‍ ഒന്ന് കണ്ണടച്ചിരുന്നു നോക്കൂ, കേള്‍ക്കുന്നില്ലേ ആ മഴയിരമ്പം ! കണ്ണടച്ചു തന്നെ നമുക്കറിയാം   അതിന്റെ വിവിധ ഭാവങ്ങള്‍, മണങ്ങള്‍... ഒരുപക്ഷെ നിങ്ങള്‍ക്കത് കൂടുതല്‍ കിട്ടും മനസ്സില്‍...
ജലമാണ് എല്ലാത്തിന്റെയും ആധാരം, അതില്‍ നിന്നുയിര്ഭവിച്ചാതാണ് നാം കാണുന്നതെല്ലാം. അതുകൊണ്ട് ആലോചനയുള്ള ആര്‍ക്കും, എതോരര്‍ത്ഥത്തിലും ജലത്തെ ഉപയോഗിക്കാന്‍ കഴിയും. വീട്ടില്‍ വരുന്ന ഒരാള്‍ക്ക്‌ ഒരു ഗ്ലാസ് വെള്ളം കൊടുക്കുന്നതാണ് നമ്മുടെ സംസ്ക്കാരം.

"പക്ഷെ മഴയൊക്കെ നാമിപ്പോള്‍ പഴയത് പോലെ അനുഭവിക്കുന്നുണ്ടോ? ഇന്ന് ഞാന്‍ ഭാര്യയെ വിളിച്ചപ്പോള്‍ പറഞ്ഞത് ഇവിടെ ഭയങ്കരമഴയാ എന്നാണ് ! ഇന്ന് മഴതുടങ്ങിയതെയുള്ളൂ എന്നിട്ടും... "ഭയങ്കരം" എന്നത് ഭീതിയുയര്‍ത്തുന്ന ഒരു വാക്കല്ലേ?'
" നമുക്ക് കര്‍ഷകര്‍ നഷ്ടപ്പെട്ടതാണ് ഇതിന് കാരണം. മഴകാത്തുകിടകുന്ന കര്‍ഷകര്‍ നമുക്കിന്നില്ല. തമിഴ്നാട്ടിലെയോ, ആന്ധ്രയിലെയോ ജനത ഇത്തരം ഒരു പ്രയോഗം നടത്തുകയില്ല.ഓര്‍ത്ത്‌ നോക്കൂ നമുക്ക് നമ്മുടേതായ ഒരു ഫര്‍ണിച്ചര്‍ സംസ്ക്കാരം പോലുമുണ്ടായിരുന്നില്ല. വെറും നിലത്താണ് നാം ഇരുന്നുണ്ടത്. വിത്ത്‌ സൂക്ഷിക്കുന്ന പത്തായപ്പുറത്താണ് നാം അന്ന് കിടന്നിരുന്നത്. തഴപ്പായയായിരുന്നു അന്ന് നമ്മുടെ മെത്ത. നമുക്കിതൊക്കെ നഷ്ടമായി. ഓര്‍ത്തുനോക്കൂ ഈ മരുഭൂമിയില്‍ ഒരു ആല്‍മരം തഴച്ചു വളര്‍ന്നു നിന്നാലുള്ള ഭംഗി "    

 "അതിനര്‍ത്ഥം നമുക്ക് മഴകൊള്ളേണ്ട  അവശേഷിപ്പുകള്‍ കുറവും, മഴയില്‍നിന്നും സംരക്ഷിക്കപ്പെടേണ്ട കാര്യങ്ങള്‍ കൂടുതലും ആണെന്നാണോ?"
"തീര്‍ച്ചയായും, നമുക്ക് തിരുശേഷിപ്പുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്"
           
"നമുക്കിടയില്‍ നിന്നും കാണാതാവുന്ന ഒരാള്‍, അയാളെത്തേടി അലയുന്ന ഒരച്ഛന്‍‍,  ഇതാണല്ലോ പിറവിയുടെ പ്രമേയം? പിറവി പുറത്തിറങ്ങുന്ന കാലത്ത് നമുക്കറിവുള്ളത് ഒരു രാജന്റെ കഥമാത്രമാണ്, ഇന്നാണെങ്കില്‍ നമ്മുടെ അയല്‍ വീടുകളില്‍ നിന്നുപോലും ആളുകള്‍ എങ്ങോ ട്ടെന്നില്ലാതെ അപ്രത്യക്ഷമാവുകയാണ്. അതൊന്നും വിഷയീഭവിക്കുന്നേയില്ല, എങ്ങോട്ടാണ് നമ്മുടെ വളര്‍ച്ച?"
" ഞാനും ചിലപ്പോള്‍ അത്ഭുതപ്പെടാറുണ്ട് . രാജന്റെ തിരോധാനം നമ്മുടെ ഒരു ഭരണകൂടത്തെതന്നെ വീഴ്ത്തിയത്തിയ സംഭവമാണ്. എന്നാല്‍ ഇന്നോ? ഇതിന്റെ പ്രാഥമികപ്രശ്നം നമ്മുടെ വിദ്യാഭ്യാസത്തിന്റെതാണ്. നമ്മുടെ മൂല്യങ്ങള്‍, നമ്മുടെ സംസ്കാരം, നമ്മുടെ പൈതൃകം, ഇതൊന്നും നമ്മുടെ  സിലബസ്സെ അല്ല ഇപ്പോള്‍."
 
"പൈതൃകത്തെപറ്റി പറയുമ്പോളായാലും, മതത്തെപറ്റി പറയുമ്പോള്‍ അതൊരു  വിഷമഭിന്നം  തന്നെയല്ലേ?"
" മതം, നമുക്ക് വേണ്ടിയുള്ളത് എന്നതില്‍ നിന്നും കാര്യങ്ങള്‍ മാറിപ്പോയിരിക്കുന്നു. കേരളത്തെ കുറിച്ചു അത്ഭുതം കൂറുന്ന നിരവധി സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്നു.അതില്‍ ഒരാള്‍ ഈയിടെ എന്നെ വിളിച്ചിരുന്നു.എന്നിട്ട് പറഞ്ഞു ഞാനിപ്പോള്‍ കേരളത്തെ ഓര്‍ത്ത്‌ ലജ്ജിക്കുന്നു എന്ന്. ഒരു അദ്ധ്യാപകന്റെ കൈവെട്ടി എടുക്കുന്നതുവരെ നിങ്ങള്‍ എത്തിച്ചേര്ന്നല്ലോ എന്ന്. മൂല്യച്ച്യുതി എല്ലാ മേഖലയിലും വന്നുപെട്ടിട്ടുണ്ട്. മുന്‍പുണ്ടായിരുന്ന അച്ചടക്കമുള്ള പ്രേക്ഷകരല്ല നമുക്കിന്നുള്ളത്. ചലച്ചിത്രഗാനങ്ങളുടെ കാര്യം നോക്കൂ.. കടലാസില്‍ എഴുതിയാല്‍ വായിക്കാന്‍ കൊള്ളാത്തവയാണതൊക്കെ. പാട്ടുകള്‍ ഇന്ന് നിര്‍മ്മികുന്നത്  എന്ജിനിയറിങ്ങിന്റെ വൈദഗ്ധ്യം കൂട്ടുപിടിച്ചാണ്. പാടിയവനുപോലും ഇതുഞാന്‍ പടിയതാണെന്നു തോന്നുകയില്ല പാട്ട് കേള്‍ക്കുമ്പോള്‍"        

"സ്വം എന്നചിത്രത്തില്‍ കമ്പോസ്സിംഗ് രാഘവന്‍ മാഷും, പിറവിയില്‍ ജി. അരവിന്ദനും, വാനപ്രസ്ഥത്തില്‍ സാക്ഷാല്‍ സക്കീര്‍ ഹുസൈനും ആണല്ലോ? ഈ കാസ്റ്റിംഗ് എങ്ങിനെയാണ് സംഭവിക്കുന്നത്‌? കഥാപാത്രങ്ങളും നടനും ആണെങ്കില്‍ നമുക്കൊരു മുന്‍ധാരണ ഉണ്ടാവുമല്ലോ പാത്രസൃഷ്ടിവച്ചുതന്നെ?"
"പിറവിയില്‍ അരവിന്ദേട്ടന്റെ സാനിധ്യം എനിക്കാവശ്യമായിരുന്നു, അതൊരു കൂട്ടായ്മയുടെ സ്നേഹോദാരം കൂടിയാണ്. അദ്ദേഹത്തിന്റെ വിയോഗം നമുക്കിപ്പോഴും അനുഭവപ്പെടുന്നുണ്ട്. ചിലര്‍ അങ്ങിനെയാണ്. സ്വമ്മില്‍ രാഘവന്‍ മാഷിന്റെ ഇടപെടല്‍ എനിക്ക് വേണമെന്ന് തോന്നി. എന്റെ മനസ് മാഷിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. വാനപ്രസ്ഥം, അത്തരം ഒരു കഥാപരിസരത്തിനുചിതം സക്കീര്‍ തന്നെയാണെന്ന് തോന്നി. നമ്മുടെ സംസ്കൃതി എന്തെന്ന് ബോധ്യമുള്ള ഒരാള്‍.."
 
"പക്ഷെ തികച്ചും  കേരള പശ്ചാത്തലമുള്ളോരു കഥ സക്കീര്‍ എങ്ങിനെ ഉള്‍ക്കൊള്ളുന്നു?"
" അതാണ്‌ ഒരു കലാകാരന്റെ ധര്‍മ്മം, ദേശവും കാലവും അവിടെ പരിഗണന അര്‍ഹിക്കുന്നില്ല. പറയുന്നതാണ് വിഷയം. ഞാന്‍ എന്റെ എഴുത്ത് രീതി വെച്ചു സ്ക്രിപ്റ്റായപ്പോള്‍ തന്നെ അദ്ദേഹത്തെ ഏല്‍പ്പിച്ചു. അദ്ദേഹത്തിന് കൂടുതല്‍ സമയം കിട്ടാനും ഇതുപകരിച്ചു. "
'പക്ഷെ മലയാളി അല്ലാത്ത ഒരാള്‍ എന്ന എന്റെ അത്ഭുതം ഇപ്പോഴും നിലനില്‍ക്കുന്നു !"
"ഞാനൊരു ഉദാഹരണം പറയാം, നാമിരിക്കുന്ന ഈ ഹോട്ടല്‍ മുറി, ഒരു ജയിലോ, കോടതിയോ ആക്കാന്‍ ഞാന്‍ ഒരു കലാസംവിധായകനോടു പറഞ്ഞാല്‍, അയാള്‍ അത് വളരെ ഭംഗിയായി ചെയ്യും.അതാണ്‌ അയാളുടെ മിടുക്ക്"
 "നമ്മുടെ ചലച്ചിത്ര മേളകളെ വല്ലാതെ ആവേശിപ്പിച്ച ഒരാളായിരുന്നു എ. അയ്യപ്പന്‍, അയ്യപ്പനും ജോണ്‍ എബ്രഹാമും, അവര്‍ ജീവിച്ചു തീര്‍ത്തത്  മലയാളിയുടെതല്ലാത്ത ഒരു ജീവിതമാണ്. നമുക്കിടയില്‍ ഇതെങ്ങിനെ സംഭവിക്കുന്നു?"
" അവര്‍ തികച്ചും സത്യസന്ധരായത് കൊണ്ടുകൂടിയാണിത് സംഭവിക്കുന്നത്‌. അയ്യപ്പന്‍ നിര്‍മ്മിച്ചത് കവിതയല്ല, അതിന്റെ ദൃശ്യബിംബങ്ങള്‍ ആണ്. നമുക്കത് വേറിട്ട വായനാനുഭവമല്ല, ദൃശ്യാനുഭ
വം തന്നെയാണ്. പിന്നെ അവരുടെ ജീവിതം, നാം സമയത്തിന്റെ ഒരു ചട്ടക്കൂട്ടില്‍ ആണ് ജീവിക്കുന്നത്, നമ്മുടെ ചട്ടക്കൂട്ടിനുവിപരീതമായി ജീവിക്കുന്നവരൊക്കെ നമുക്ക് ഭ്രാന്തന്മാരാണ്. അവര്‍ തിരിച്ചു നമ്മെക്കുറിച്ചും ഇങ്ങനെ ആലോചിക്കുന്നുണ്ടാവാം. നാം അത് അറിയാതെ പോകുന്നു."                                         
"അടുത്ത
പ്രോജക്റ്റ്‌ സാക്ഷാല്‍ എം. എഫ്. ഹുസൈന്റെ കൂടെയാണല്ലോ സിനിമട്ടോഗ്രാഫിയുമായി, അതിന്റെ കഥാതന്തു?"
"വളരെ ഹ്രസ്വമായ ഒരു ചര്‍ച്ചയേ നടന്നിട്ടുള്ളു, മലയാളികളാണ് പൂര്‍വകാലത്ത് തയ്യല്‍ക്കാരനെ തീരെ ആശ്രയിക്കാതെ ജീവിച്ച ഒരേ ഒരു ജനത, നോക്കൂ  നാം പുരുഷന്മാര്‍ ഉടുക്കുന്നത് ഒരു മുണ്ടാണ്, തയ്യല്‍ക്കാരന്‍ വേണ്ട അതിന്. സ്ത്രീകള്‍, അവര്‍ക്ക് മേല്‍മുണ്ടും, മുലക്കച്ചയും, അതിനും ഒരു തയ്യല്‍ക്കാരന്‍ വേണ്ട.  ഈ ഒരു ആശയത്തെ പല ലോകകോണുകളില്‍ നിന്നും നോക്കുകയാണ് സംവിധായകന്‍ എം. എഫ്. ഹുസൈന്‍. അതില്‍ എനിക്കും ഒരു ഖേതത്തിന് ഇടമുണ്ട്,  ഇന്ത്യ ഇതില്‍ ലൊക്കേഷനേ അല്ല "
"ഹുസൈന്‍, പകരം വീട്ടുകയാണോ?"
"അല്ല, എനിക്ക് മനസ്സിലാവാത്തത്, നൂറ്റിമുപ്പതു കോടി ജനങ്ങള്‍ക്ക്‌ മേല്‍ കേവലം പതിനായിരത്തോളം ആളുകളുടെ ഇംഗിതങ്ങള്‍ എങ്ങിനെ നടപ്പാകുന്നു എന്നതാണ് !"         
"ഉടന്‍ തന്നെ ഉണ്ടാവുമോ ആ പ്രോജക്റ്റ് ?"
"ഇല്ല. അദ്ദേഹം ഒമാനില്‍ ചെയ്തുകൊണ്ടിരിക്കുന്ന ചില ബ്ര് ഹത് പദ്ധതികള്‍ കഴിഞ്ഞാല്‍ നടന്നേക്കാം.."
" താങ്കളുടെ അടുത്ത  സ്വന്തം സിനിമ ?"
" കടല്‍, ടി. പദ്മനാഭന്റെ കഥയെ ആസ്പദമാക്കി"
 
" താരങ്ങള്‍ ‍?"
"മോഹന്‍ലാല്‍ ഉണ്ട്, മുന്‍പേ തീരുമാനിച്ചതാണ്.അതിനിടയിലാണ് "കുട്ടിസ്രാങ്ക്' വന്നുഭവിച്ചത്. പിന്നെ ഒരു ഡോക്യുമെന്‍ട്രിയും ചെയ്യുന്നുണ്ട്  " നിങ്ങള്‍ എന്തിനു വെയിറ്റുചെയ്യുന്നു "
എന്ന വിഷയത്തില്‍ അധിഷ് ട്ടിതമായി. താങ്കള്‍ എന്തിനാണ് കാത്തിരിക്കുന്നതി എന്ന ചോദ്യം ഞാന്‍ ഏകദേശം നൂറുപേരോടു ചോദിച്ചു, അത്ഭുതകരമായ മറുപടിയായിരുന്നു "
"ഈ ചോദ്യം ഞാന്‍ താങ്കളോട് ചോദിക്കട്ടെ "താങ്കള്‍ എന്തിനാണ് വെയിറ്റു ചെയ്യുന്നത്?"
ഉത്തരം ചെറുചിരിയോടെ
" എന്റെ സിനിമകള്‍ക്കായി, എന്നോളം വെയിറ്റ് ചെയ്യുന്ന ആരും  ഉണ്ടാവുമെന്നു തോന്നുന്നില്ല "
"ശരിയാണ്. പിറവി(1998),സ്വം(1994),വാനപ്രസ്ഥം(1999),കുട്ടിസ്രാങ്ക് (2010).ഇത്ര വലിയ ഇടവേളകള്‍ എങ്ങിനെ ഉണ്ടാവുന്നു?"
"ഞാന്‍ നല്ല തിരക്കുകള്‍ക്കിടയിലാണ് ജീവിക്കുന്നത്, സിനിമയുമായി ബന്ധപ്പെട്ട, സിനിമാ മേളകള്‍പോലുള്ള നിരവധി കാര്യങ്ങളില്‍ ഞാന്‍ നിരന്തരം ഭാഗഭാക്കാണ്. അതിന്റെ ഒരു പ്രശ്നമുണ്ട്" 
"സൂപ്പര്‍ സ്റ്റാറുകളായാലും, വെണ്മണി വിഷ്ണുവിനെപ്പോലുള്ള സാധാരണ പ്രക്ഷകര്‍ക്ക് അത്ര  പരിചയമില്ലാത്ത നാടനായാലും വല്ലാത്ത മേയ്യൊതുക്കത്തോടെയാണ് താങ്കളുടെ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്?"
" അതതെന്റെ  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ലാല്‍ അവതരിപ്പിച്ച കുഞ്ഞുകുട്ടനായാലും, സുഹാസിനിയുടെ സുഭദ്രയായാലും, മമ്മൂട്ടിയുടെ കുട്ടിസ്രാങ്കായാലും അതിന്റെ പശ്ചാത്തലവുമായി അത്രയേറെ ഒട്ടി നില്‍ക്കുന്ന കഥാപാത്രങ്ങളാണവര്‍. പിന്നെ ഇവരൊക്കെ നല്ല നടന്‍മാരുമാണ്. വര്‍ഷങ്ങളായുള്ള ഇവരുടെ കുത്തകയെ തകര്‍ക്കാന്‍ മറ്റൊരു നടനും കഴിയാത്തത് അതുകൊണ്ട് കൂടിയാണ്."                    
"പഴയത് പോലെ സിനിമാട്ടൊഗ്രാഫിയിലേക്ക് ?"
"ചിലപ്പോള്‍ സംഭവിച്ചേക്കാം, ഹരിഹരന്‍  വിളിച്ചിരുന്നു. എം. ടി യുടെ രണ്ടാമൂഴം ചെയ്യുന്നതിനെപറ്റി. ചിലപ്പോള്‍ അടുത്ത വര്ഷം അത് സംഭവിച്ചേക്കാം"         
" ഒരു ചോദ്യം കൂടി, കലാകാരന്‍മാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുക എന്നത് ശരിയാണോ?"
"അത് ശരിയായ ഒരു നടപടിയായി തോന്നുന്നില്ല , നമുക്ക് കാര്യങ്ങള്‍ തുറന്നു സംസാരിക്കാം. അതിനുള്ള സൌകര്യവും, സാവകാശവും നമുക്കുണ്ട്. സംസ്കാരം എന്നൊന്ന് നാം രൂപീകരിച്ചതെന്തിനാണ് ! ഇത്തരം പ്രശ്നങ്ങളെ നാം അവധാനതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അതിനെക്കൂടി ചേര്‍ത്തു വെച്ചാണ് നാം സംസ്ക്കാരം എന്ന് പറയുന്നത്  "     

 "എനിക്ക് താങ്കളോട് വലിയൊരു കടപ്പാട് കൂടിയുണ്ട്, ഞാനിപ്പോള്‍ വച്ചുകൊണ്ടിരിക്കുന വീടിനു    "സ്വം" എന്ന് പേരിടാനാണ് നിശ്ചയിച്ചിരിക്കുന്നത്. അത് ഇന്ന് തീരുമാനിച്ചതല്ല. ആ ചിത്രം കണ്ട തൊണ്ണൂറുകളിലേ തീരുമാനിക്കപ്പെട്ടതാണ് !"
" സ്വം, ഉചിതം തന്നെ എന്റെ സ്വന്തം എന്നാണല്ലോ അര്‍ത്ഥം. നല്ലത്"
നാളെ കാണാം എന്ന ഉപവചനത്തോടെ  എഴുന്നേറ്റു, വാതില്‍ സാക്ഷ തുറക്കാന്‍ വിചാരിച്ചത്ര ശുഷ്ക്കാന്തി  കാണിക്കാതെ ഞാന്‍ അതുമായി മല്ലിടുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി
" വീട്ടില്‍ കൂടലിന് വിളിക്കൂ "
 ശുഷ്ക്കാന്തി കാണിക്കാത്തത് സക്ഷയല്ല ഞാനാണ് എന്നൊരു വീണ്ടുവിചാരമുണ്ടായത് അപ്പോളാണ്. പിന്തിരിഞ്ഞു നിന്നു അദ്ദേഹത്തിന്റെ നാട്ടിലെ ഫോണ്‍ നമ്പര്‍ വാങ്ങി യാത്ര പറഞ്ഞിറങ്ങി. നീണ്ടു  മലര്‍ന്നു കിടക്കുന്ന മരുഭൂമിയിലൂടെ കാറില്‍ തിരിച്ചു പോരുമ്പോള്‍, അവിചാരിതമായി വന്നു നിറഞ്ഞ പൊടിക്കാറ്റായിരുന്നു. പതിവുപോലെ ആസ്ത്മ രോഗിയായ ഞാന്‍ ശ്വാസംമുട്ടി പിടക്കേണ്ടാതാണ്. പക്ഷെ എനിക്കങ്ങിനെ അനുഭവപ്പെട്ടില്ല. ഒരു പക്ഷെ ഉള്ളില്‍ പ്രിയപ്പെട്ട ഒരാളെ
കാണ്കയാല്‍ ശരീരം എന്നോടു ദയ കാണിച്ചതാകാം. എനിക്കോര്‍മ്മയുണ്ട്  പ്രിയപ്പെട്ട സംവിധായകാ... കല്‍ക്കരി വണ്ടി ശര്ദ്ധിക്കുന്ന കൊടും ചൂടില്‍ നാമേതൊക്കെയോ മുന്‍ജന്മങ്ങളില്‍ ഒരേ കമ്പാര്‍ട്ടുമെന്റില്‍ യാത്രചെയ്തത് . അന്ന് പുറത്തെ പച്ചപ്പ്‌ കണ്ട്  രംഗബോധമില്ലാതെ ചാടി ആത്മഹത്യചെയ്ത്തവന്‍ ഞാന്‍... നീ കരുതും പോലെ തീവണ്ടിയിടിച്ചല്ല ഞാന്‍ മരിച്ചത്, വിഷം തീണ്ടി, അങ്ങനെ  തന്നെ എന്ന് വേണം കരുതാന്‍. കാരണം എനിക്ക് കുഞ്ഞികുട്ടന്‍   എന്ന പേരിട്ടത് നീതന്നെയാണല്ലോ.... നിന്റെ മടിശ്ശീലയില്‍ നിന്നും എന്റെ സുഭദ്രയെ തിരികെ തരിക നീയെനിക്ക് !                     
    
    

6

എഴുത്താടുകളുടെ നല്ല ഇടയന്‍

27 /05 /2011       
സമയം കാലത്ത് പതിനൊന്ന്
വേദി:സക്സസ് ലൈന്‍  ഓഡിറ്റോറിയം 
ഞാനാണ് എഴുത്തച്ചന്‍ എന്ന അക്കപ്പോരിന്റെ കവാടത്തില്‍ അയാള്‍ മുഖം കുനിച്ച് ഇരുന്നു.
എന്നിട്ട് വളരെ വിനയാന്വിതനായി ഇങ്ങനെ പറഞ്ഞു
 "എനിക്കും ഒരെഴുത്തുകാരനാവാമെങ്കില്‍ ആര്‍ക്കും ഒരെഴുത്തുകാരനാവാം"
അയാള്‍ക്ക്‌ പേര്‍ ബെന്യാമിന്‍.
എഴുത്ത് കൊണ്ട് സ്വയം ഊതിക്കാച്ചപ്പെട്ടവന്‍. ഇപ്പോള്‍ അയാള്‍ക്ക്‌ നജീബിന്റെ മുഖമാണ്. ആള്‍പ്പാര്‍പ്പില്ലാത്ത വെളിംപ്രദേശത്തു മാത്രമല്ല ശീതികരിച്ച മുറിയിലും നമുക്ക് മരുഭൂമികള്‍ സൃഷ് ട്ടിക്കാം എന്ന് എനിക്കിന്നാണ് മനസ്സിലായത്.ഞാന്‍ മരുഭൂമിക്കപ്പുറത്തെ അബ്ദാലിയില്‍ നിന്നും ഓടിവന്നവന്‍‍.അവിചാരിതമായി കണ്ട് മുട്ടിയ ഒരു നാടന്‍ സുഹൃത്തിനോട് അബ്ദാലിയിലാണ് ജോലി എന്ന് പറഞ്ഞപ്പോള്‍ അവിടെ ഒത്തിരി മസറകള്‍ ഉണ്ടല്ലോ എന്ന് ഈയിടെ അവന്‍ അത്ഭുതം കൂറിയിരുന്നു." മസറ"എന്ന വാക്ക് എന്നെ ഉടലറ്റം പൊള്ളിച്ചുകളഞ്ഞു
ആ വാക്ക് എന്നെ പരിചയപ്പെടുത്തുന്നത് ബെന്യാമിന്റെ "അടുജീവിത"മാണ്.
ദൈവമേ എത്ര നജീബുമാരുടെ മസറകളും കടന്നാണ് ഞാന്‍ എന്റെ തൊഴിലിടത്തിലേക്ക് പോകുന്നത് എന്നൊരു വേവലാതി അന്ന് മുതല്‍ എന്നേ പിന്‍തുടര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു.വടക്കന്‍കാറ്റ്  ആഞ്ഞടിച്ചു ഓഫീസ് മുറിയിലേക്ക് ആട് മണംവന്നു നിറയുമ്പോളൊക്കെ അവയ്ക്ക് പിന്നില്‍ മുട്ട് കുത്തിയിരുന്നു പ്രാര്‍ത്ഥനപോലെ കരയുന്ന നജീബ് എന്റെ രാവുറക്കത്തെ ഒട്ടൊന്നുമല്ല വേട്ടയാടിക്കൊണ്ടിരുന്നത്...
ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു "എഴുത്ത് വഴി നജീബിനെ തുറന്നുവിട്ടതിനു ശേഷം അനുഭവിച്ച ശൂന്യതയെ ബെന്യാമിന്‍ എങ്ങിനെയാണ് അതിജീവിച്ചത്?"
"അത് എഴുത്തുകാരന്‍ നിരന്തരം അനുഭവിച്ചു പോരുന്ന യാതനകളുടെ തുടര്‍ച്ചയാണ്,ഞാന്‍ എഴുത്ത് നേരങ്ങളില്‍ നിരന്തരം നജീബുമായി ഉള്ളില്‍ സംസാരിക്കുകയും അയാളെ കാണുകയും ചെയ്തിരുന്നു.ജീവിതത്തിലെ നജീബിനെക്കാളും എനിക്കിഷ് ട്ടം പുസ്തകത്തിലെ നജീബിനെയാണ്."
"ഏകാന്തതയുടെ സെല്ലില്‍ അടക്കപ്പെട്ട രണ്ടുപേര്‍ തീര്‍ച്ചയായും പരസ്പരം പേരെങ്കിലും ചോദിക്കില്ലേ?മസറയിലെ നജീബിന്റെ സഹപ്രവര്‍ത്തകനെ താങ്കള്‍ "ഭീകരരൂപി" എന്നാണല്ലോ അഭിസംബോധന ചെയ്തിരിക്കുന്നത്?
"ശരിയാണ്,ഏകാന്തതയില്‍ കുടുങ്ങിപ്പോയ ഒരാളുടെ അടുത്ത് എത്തപ്പെടുന്ന ഒരു ചെറുപ്പക്കാരന്‍ അയാളോട് പേര് ചോദിച്ചാല്‍ അതറിഞ്ഞിട്ട് നിനക്കെന്തു വേണം എന്നഭാവത്തില്‍ ഇരിക്കുകയെ ഉള്ളൂ.അതിനപ്പുറം അയാളില്‍ നിന്നൊന്നും നാം പ്രതീക്ഷിക്കരുത്"
"നജീബ് ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസം ഉടയാതെ ഇങ്ങോളം നിലനില്‍ക്കുന്നതെങ്ങിനെയാണ്?"
"അത് നജീബിന്റെ വിശ്വാസമല്ല,ബെന്യാമിന്റെ വിശ്വാസമാണ്,ഒരു സ്വകാര്യം പറയട്ടെ,വിശ്വാസത്തിനാണ് ഇന്നേറെ വാണിജ്യ സാധ്യത,പിന്നെ കേട്ടെഴുത്തില്‍ ഒരു താളം കിട്ടിയത് നജീബ് ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസം കൊണ്ട് മാത്രമാണ് "      
"മരുഭൂമിയെ ഇത്രയധികം എങ്ങിനെ പരിചയപ്പെട്ടു?"
"ആടുജീവിതത്തിന്റെ പശ്ചാത്തല രൂപീകരണത്തിനായി ഞാന്‍ മരുഭൂമിയെക്കുറിച്ചുള്ള പത്തോളം പുസ്തകങ്ങള്‍ പഠിച്ചു,പിന്നെ ഏറെ കേട്ടറിഞ്ഞു,ഇത്തിരി കണ്ടും" 
"ആടുജീവിതം വായിച്ചതിനുശേഷം വായനക്കാരില്‍നിന്നും കിട്ടയ മനസ്സില്‍ തട്ടുന്ന അനുഭവം?"
"ഒത്തിരിയുണ്ട്,ഈയിടെ ആടുജീവിതം പാഠപുസ്തകമാക്കിയിരുന്നു.സ്കൂളിലും കോളേജിലും.മലബാര്‍ മേഖലയില്‍ നിന്നും ഒരു ടീച്ചര്‍ എന്നെ വിളിച്ചിരുന്നു.അവരുടെ കുട്ടികള്‍ ഒരുതീരുമാനമെടുത്തത്ത്രെ
ഇനി തങ്ങളുടെ ഉപ്പമാരോടോ,ചേട്ടന്‍ മാരാടോ അവര്‍ ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ ഒരു സാധനത്തിനും അവശ്യപ്പെടില്ലെന്ന്‍!"         
"ആടുജീവിതം സിനിമയാകപ്പെടുമ്പോള്‍ എത്രത്തോളം അതിന്റെ ഘടനയോടു നീതി പുലാര്‍ത്താനാവും?"
" അതിലെനിക്ക് ആശങ്കയുണ്ട് അതേസമയം ബ്ലെസ്സി എന്ന സംവിധായകനില്‍ എനിക്ക് വിശ്വാസവും.അടൂര്‍ ആടുജീവിതം സിനിമയാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു,അപ്പോഴേക്കും ബ്ലസ്സിയുമായി ചര്‍ച്ചകള്‍നടന്നു കഴിഞ്ഞിരുന്നു"
"
പൃഥ്വിരാജ് നജീബാകുന്നതില്‍ താങ്കള്‍ക്കു പൊരുത്തമുണ്ടോ?
" അദ്ദേഹം നല്ല സമര്‍പ്പണശീലമുള്ള നടനാണ്‌.കച്ചവട സിനിമകള്‍ അനുവദിക്കുന്നില്ലെന്ന് മാത്രം.നജീബിനുവേണ്ടി ശരീരം അത്രത്തോളം മെലിയിക്കാനുള്ള തയ്യാറെടുപ്പിലാണയാള്‍‍."
"ആട് ജീവിതം നായകന്റെ ആത്മഗതങ്ങളുടെ ഒരു ശേഖരമാണ്. ഉപനായകന്മാരാകട്ടെ മറ്റു രണ്ട് ദേശക്കാരും.ഒരു പ്രാദേശിക ചലച്ചിത്രത്തില്‍ എത്രമാത്രം സാധ്യത ഇതിനൊക്കെ?"
"പരിമിതികള്‍ ഏറെയാണ്‌ അതിനെ അതിജീവിക്കാന്‍ ബ്ലസ്സിക്ക് കഴിയും എന്ന് തന്നെയാണ് എന്റെ വിശ്വാസം."
"സിനിമയാവുമ്പോള്‍ പുതിയ കഥാപാത്രങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഇല്ലേ"
"ഉണ്ട് തീര്‍ച്ചയായും മൂന്ന് നാല് കഥാപാത്രങ്ങള്‍ കൂടിഉണ്ടാവും"
" പുതിയ എഴുത്ത് പദ്ധതികള്‍?"
"മഞ്ഞവെയില്‍ മരണങ്ങള്‍...നോവല്‍ ഏതാണ്ട് എഴുതിക്കഴിഞ്ഞു"
"സിനിമ റിലീസാകുന്നതിനു മുമ്പെ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്ന കാലത്ത്,പുസ്തകവും അതേമട്ടില്‍ പ്രത്യക്ഷപ്പെടുന്നത് എഴുത്തുകാരനെ എങ്ങിനെ ബാധിക്കും?"
"പുസ്തകമല്ല,എഴുത്താണ് പ്രചരിക്കുന്നത് അത് എഴുത്തുകാരന് ഗുണമേചെയ്യൂ,അതേസമയം അതിന്റെ വാണിജ്യ സാധ്യതകള്‍ക്ക് പ്രഹരമേല്‍പ്പിക്കുകയും ചെയ്യുന്നുണ്ട്.എന്നാലും പുസ്തകം കിട്ടാത്ത ഒരാളേ നെറ്റില്‍ ആ എഴുത്തിനു വേണ്ടി തെരയൂ..അത് ആ വായനക്കാരന്റെ അഭിവാഞ്ചയാണ്."
"അങ്ങിനെയെങ്കില്‍ എഴുത്തിന്റെ സത്വബോധം പുസ്തകം തന്നെയല്ലേ?"
"തീര്‍ച്ചയായും,എന്നാല്‍ പുസ്തകവും അപ്രത്യക്ഷമാവുന്ന കാലംവരും,പക്ഷെ അന്നും എഴുത്തുണ്ടാവും."
  "നജീബ് പഴയത് പോലെ ഇപ്പോഴും വേട്ടയാടുന്നുണ്ടോ?"
"ഇല്ല, എഴുതിക്കഴിഞ്ഞാല്‍ ആ കഥാപാത്രത്തെ ബോധപൂര്‍വം മറന്നു കളഞ്ഞില്ലെങ്കില്‍ എഴുത്തുകാരന് നിലനില്‍പ്പില്ല.അതിന്റെ തുടര്‍ച്ച പിന്നീടുള്ള എല്ലാഎഴുത്തുകളിലും അത് കൊണ്ടുവന്നിടും."                
   കൂടെ ഒന്നുകൂടെ പറയട്ടെ അബ്ബാസിയയില്‍ ഒരു വായന ശാല ഉത്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്.ജോണ്‍ മാത്യു എന്ന നല്ല മനുഷ്യന്റെ വിയര്‍പ്പുതുള്ളികള്‍.ജോലിയും പ്രാര്‍ത്ഥനയും,സീരിയലും കഴിഞ്ഞു നേരം കിട്ടുന്നുവെങ്കില്‍ അതുവഴി കടന്നു പോകുക.ജീവിക്കാന്‍ അപ്പവും, പ്രാര്‍ഥനകളും മാത്രം പോരാ പുസ്തകങ്ങള്‍കൂടി വേണമെന്നു പറഞ്ഞു കൊടുക്കേണ്ട ബാധ്യത നമുക്ക് മക്കളോടുണ്ട്. 
                  
സമയം വൈകുന്നേരം ഏഴര
വേദി: പ്രവാസി ഓഡിറ്റോറിയം
        സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത എന്നൊരു പ്രയോഗം എന്റെ മുത്തശ്ശിയില്‍നിന്നും കടമെടുക്കുന്നു.എന്തിനാണ് എല്ലാവരും ഇത്രയും ജാഗ്രത്തായിരിക്കുന്നത് എന്നറിയില്ല.ആ നിശബ്ദത നജീബിനുള്ളതാണ്,ശേഷം നജീബിനെ നമുക്ക് പറഞ്ഞുതന്ന ബെന്യാമിനും.കുവൈത്തിലെ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ ആരെയും ബോധിപ്പിക്കാനല്ലാതെ എനിക്കുവേണ്ടി ഞാന്‍ ആദ്യാവസാനംവരെ വന്നിരുന്ന ഒരു പകലറുതി.അതിനെ പ്രൌഡഗംഭീരമാക്കുന്നത് ഒരു പക്ഷെ നജീബ് ജീവിച്ചു തീര്‍ത്ത ആട് ജീവിതമാണ്.പുറമ്പോക്ക് ജീവിതത്തിന് ബെന്യാമിന്‍ സംഭാവന ചെയ്ത ആഗാധമായ വാക്കാണ്‌ "ആട്ജീവിതം".മലയാളത്തില്‍ ഇങ്ങനെ ഒരു രൂപകം ഉയര്‍ത്തിക്കൊണ്ടു വന്നത് ഒരു പക്ഷെ സക്കറിയയായിരുന്നു "ഭാസ്ക്കരപട്ടേലരും എന്റെ ജീവിതവും" എന്ന കൃതിയിലൂടെ തൊമ്മി എന്ന പേര് അടിമത്വത്തിന്റെ നാനാര്‍ത്ഥമാകുന്നത് നാം അനുഭവിച്ചതാണ്‌.അനുസരിക്കുക,എന്ന ഒറ്റ കര്‍മ്മം മാത്രമേ തൊമ്മിക്കും,നജീബിനും ജീവിതം വച്ചുനീട്ടുന്നുള്ളൂ,
ഒരു പുസ്തകം വായിക്കാതെയും അതിനെപ്പറ്റി അഭിപ്രായം പറയാന്‍ കഴിയും എന്നും എനിക്കു മനസ്സിലായത്‌ ഇന്നാണ്.
"എനിക്ക് സംശയമായി.മായിന്‍..? അതെന്താണ്... തോട്ടിയോ വെള്ളമോ? എങ്കില്‍ പിന്നെ അര്‍ബാബ് പറഞ്ഞ മസറ എന്താണ്? മാസറയാണോ മായിനാണോ വെള്ളം...?ആര്‍ക്കറിയാം".ഞാനും ചിലത് പഠിച്ചു തുടങ്ങുകയാണ്... ജീവിതത്തില്‍ പാഠങ്ങള്‍ ഒഴിഞ്ഞിട്ട് നേരമില്ല..
 ചര്‍ച്ചയില്‍ ചിലത് പറയാന്‍ ഞാനും കരുതിയിരുന്നു സമയക്കുറവുമൂലം ഇടംകിട്ടിയില്ല. അതുകൊണ്ട് പറച്ചില്‍ എഴുത്തിലൊതുക്കുന്നു.കുവൈത്തില്‍‍ എത്തിപ്പെട്ട ആദ്യകാലങ്ങളില്‍ ഭീകരമായി അനുഭവിച്ച ഏകാന്തത അകറ്റാന്‍ എനിക്കൊരു വഴിയെ ഉണ്ടായിരുന്നുള്ളൂ.ഫര്‍വാനിയയില്‍നിന്നും ഫഹാഹിലേക്ക് പോകുന്ന നാല്‍പ്പത്തിഒന്നാംനമ്പര്‍ ബസ്സില്‍ കയറി ഇരിക്കുക.ശീതീകര
ണിയോ,എന്തിന് ജനല്‍ചില്ലുകള്‍പോലുമോ ഇല്ലാത്ത പഴഞ്ചന്‍ ബസ്സായിരിന്നു അത്.ഇരുപുറത്തെയും മരുഭൂമികള്‍ താണ്ടി ബസ്സ് ഒരു മണിക്കൂറിനകം അക്കരെ എത്തും..പിന്നെ തിരിച്ചിങ്ങോട്ടും.അത്തരം ഒരു യാത്രയിലാണ് ഞാന്‍ ഹബീബിനെ പരിചയപ്പെടുന്നത്.ബസ്സില്‍ ഞാനും ഡ്രൈവറും മാത്രമേ അതുവരെ ഉണ്ടായിരുന്നുള്ളൂ. വഴിയില്‍ നിന്നാണവന്‍.ബസ്സില്‍ കയറിയത്.എന്നോട് എന്തോ പറയാനുണ്ടെന്ന പോലെ അവന്‍ എന്റെ സീറ്റില്‍ തന്നെ വന്നിരുന്നു.മുഖവുരക്ക് സമയമില്ലാത്തവനെപ്പോലെ നേരിട്ട് അതിലേക്കിറങ്ങി.
"പൊതുമാപ്പ് അടുത്തെങ്ങാനും ഉണ്ടാവുമോ?"
പൊതുമാപ്പ് എന്നവാക്ക് ഞാന്‍ ഒരുപാട് നേരം മനസ്സിലിട്ട് ചവച്ചു.ആര് ആര്‍ക്കു മാപ്പ് കൊടുക്കുന്നു. ഇവന്‍ ചെയ്ത കുറ്റം എന്താവാം..എന്നിങ്ങനെ അതെന്റെ ഉള്ളിലേക്ക് നിരവധി ചോദ്യങ്ങള്‍ വലിച്ചു കൊണ്ട് വന്നു.
ഹബീബ് അവന്റെ കഥ പറയാനാരംഭിച്ചു.ചാവക്കാട്ട് നിന്നും മരുഭൂമിയിലെ പ്രാവ് വളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് വയറ്റുപിഴപ്പിനു പലായനം ചെയ്തവന്‍..പൊള്ളുന്ന ചൂടില്‍ ഓരോ പ്രാവുകളും ചത്തൊടുങ്ങുമ്പോള്‍ ചാട്ടവാറടി ശമ്പളമായി കൈപ്പറ്റിയവന്‍.ഒടുവില്‍ മരണത്തിലേക്കായാലും അത് ഒരു രക്ഷപ്പെടലാണെന്നുറച്ച്‌ ഓടിപ്പോരുകയാണ്.
"നിന്റെ കയ്യില്‍ സിവില്‍ ഐഡിയുണ്ടോ?" ഞാന്‍ ചോദിച്ചു. അതെന്താണെന്ന് അവനറിയി ല്ലായിരുന്നു!അതില്ലെങ്കില്‍ പോലീസ് പിടിക്കാനുള്ള സാധ്യത ഞാന്‍ പറഞ്ഞു    
"അവര്‍ തല്ലുമോ ചേട്ടാ"എന്നൊരു ചോദ്യം ഭയത്തോടെ അവന്‍ എന്നോട് ചോദിച്ചു.
"രണ്ട്‌ ദിവസമായി എന്തെങ്കിലും കഴിച്ചിട്ട് "
നിനച്ചിരിക്കാതെ ഒരു തുള്ളി കണ്ണുനീര്‍ അവന്റെ കണ്ണുകളില്‍ നിന്നും എന്റെ കൈത്തണ്ടയില്‍ ഇറ്റിവീണു.പിന്നെ തെല്ലൊരു കുറ്റബോധത്തോടെ അതവന്‍ തുടച്ചുകളഞ്ഞു.പ്രിയ ഹബീബ് നീ ഇറ്റിച്ച ഈ കണ്ണുനീര്‍ എന്റെ മനസ്സിലാണെന്ന് പറയാന്‍ എനിക്ക് കൊതിതോന്നി.തിരിച്ചു വരാനുള്ള ചെലവും കഴിച്ചു കീശയില്‍ അവശേഷിക്കുന്നത് അര ദിനാര്‍ മാത്രമാണെനിക്ക്.ഞാന്‍ അതവന് കൊടുത്തു.മടിയില്ലാതെ അവനതു വാങ്ങിയെങ്കിലും എന്നെ ഞെട്ടിച്ചുകൊണ്ട്,അടുത്ത ബസ് സ്റ്റോപ്പില്‍  അവന്‍ ഇറങ്ങി.അത് മരുഭൂമിയിലേക്ക് മാത്രം തുറന്നു കിടക്കുന്നതായിരുന്നു. മരുഭൂമിയില്‍ കാല്നടക്കാര്‍തീര്‍ത്ത ഒറ്റയടിപ്പാതയുടെ അടയാളംപോലും ഇല്ലായിരുന്നു! എന്നിട്ടും അവനതിലൂടെ നടന്ന് എങ്ങോട്ടാണ് പോകുന്നത്.ബസ്സിലിരുന്നു നോട്ടമെത്തും വരെ ഞാനവനെ തിരിഞ്ഞുനോക്കി.അദൃശ്യനായി അവനെ വഴിനടത്താന്‍ ഇബാഹിം ഖാദരി അവന്റെ മുമ്പിലുണ്ടാവുമോ? 
ആടുജീവിതം രക്ഷപ്പെട്ടു പോന്ന നജീബിന്റെ ഇതിഹാസം മാത്രമല്ല മണലടരുകള്‍ക്കിടയില്‍ ഒടുങ്ങി പ്പോയ ഹക്കീമിന്റെ കഥകൂടിയാണെന്ന് ബെന്യാമിന്‍ ആണയിടുന്നു.ജീവിതം ഒരു ചീട്ടു കളിപോലെയാണ്.മോശം ചീട്ടുകള്‍ കയ്യില്‍ വന്നു പെട്ടാലും കളിച്ചു ജയിക്കുക എന്നതാണ് നമുക്ക് നമ്മോടു ചെയ്യാനുള്ള നേര്.കയ്യില്‍ ഏതു ചീട്ടുകള്‍ കൊണ്ട് വന്നിടണം എന്ന് തീരുമാനിക്കുന്നത്  ആരാണ്?     
ആടുജീവിതം വര്‍ഷങ്ങള്‍ക്കിപ്പുറം വായിച്ചപ്പോള്‍ ഉള്‍ക്കിടിലത്തോടെ ഹബീബ് എന്റെ ഓര്‍മ്മയില്‍ വന്നുനിറഞ്ഞു.ഹബീബ് നജീബിനെപ്പോലെ കരക്കണഞ്ഞിട്ടുണ്ടാവുമോ?അതോ ഹക്കീമിനെപ്പോലെ......പ്രിയ ബെന്യാമിന്‍ ഇത് ആടുജീവിതമല്ല "പ്രാവുജീവിതം"...                             നാലഞ്ചു മാസങ്ങള്‍ക്ക് മുന്പ് എന്റെ ബ്ലോഗുവഴി അര്ബ്ബാബിന്റെ വീട്ടില്‍ കുടുങ്ങിപ്പോയ അശ്വതി എന്ന ഒരു എഴുത്തുകാരിയെ പരിചയപ്പെടുത്തിയിരുന്നു.ഏകദേശം നാലായിരത്തിലധികം വായന അശ്വതിയുടെ ജീവിതത്തിന് കിട്ടി.സൌദിയില്‍ നിന്നും, ബഹറിനില്‍നിന്നും,ഇറ്റലിയില്‍ നിന്നും വരെ വിവരങ്ങള്‍ തിരക്കിക്കൊണ്ട് വിളികള്‍ വന്നു.ഇതുതന്നെയാണ് ആടുജീവിതത്തിനു കിട്ടിയ പിന്തുണയും.വിരലിലെണ്ണാവുന്ന ചില ധനസഹായങ്ങള്‍കൊണ്ട് അവരുടെ ചില്ലറ കടങ്ങളൊക്കെ വീട്ടി."ഗദ്ദാമ" എന്ന ചിത്രത്തിന്റെ പാട്ടുകള്‍ ടിവിയില്‍ കാണുമ്പോളൊക്കെ ഭയന്ന് നിലവിളിക്കുന്ന മക്കളെക്കുറിച്ചോര്‍ത്തു വേദനിച്ചു കൊണ്ട് അവരുടെ ഫോണ്‍ ഈയിടെ വന്നിരുന്നു.അവര്‍ക്ക് ധൈര്യം പകരാന്‍ "ആടുജീവിതം" ആ കൈകളില്‍ എത്തിക്കാന്‍ പലതവണ ശ്രമിച്ചു.കഴിഞ്ഞില്ല.
ഇത് "അടുക്കള ജീവിതം"
എത്ര കണ്ണികള്‍ വേണം ഒരു ചങ്ങലയാവാന്‍.... എത്ര വേഷങ്ങള്‍ വേണം ഒരു ജീവിതമാകാന്‍!
അശ്വതിയുടെ കഥയറിഞ്ഞ് മാസാദ്യദിനങ്ങളില്‍ സ്ഥിരമായി അരിയും ഉപ്പും മുളകും വെളിച്ചെണ്ണയുമൊക്കെയായി അവരുടെ വീട്ടിലേക്ക് കയറി വരുന്ന രണ്ട്‌ മൂന്ന്‌ പേരുണ്ട്....അശ്വതിയുടെ അമ്മയെ ഓരോതവണ വിളി
ക്കുമ്പോഴും അവര്‍ മറന്നുപോകാതെ അത്ഭുതത്തോടെ ചോദിക്കുന്ന ഒരു കാര്യമുണ്ട്
"മോനെ ആകുഞ്ഞുങ്ങളൊക്കെ ആരാണ്?"
  ഒട്ടുവൈകാരികമായിത്തന്നെ പറയട്ടെ പ്രിയ വായനക്കാരാ അത് കുവൈത്തിലെ യൂത്ത് ഇന്ത്യയുടെ പ്രതിനിധികളാണ്!അവരുടെ ജീവിതത്തിലേക്ക് ദൈവം അയച്ചുകൊണ്ടിരികുന്ന ഇബ്രാഹിം  ഖാദരിമാര്‍!ഈ ഒരു കാഴ്ചപ്പാടുള്ള സംഘടന ബെന്യാമിന്റെ ആടുജീവിതത്തെ തിരിച്ചറിയുന്നത്‌ കരളുകൊണ്ട് വായിച്ചായിരിക്കും എന്നെനിക്കുറപ്പുണ്ട്.അത് കൊണ്ടാണ് എഴുത്തുകാരനെ ആദരിക്കുന്നതിനോടൊപ്പം തന്നെ നജീബിന് സഹായധനം എത്തിക്കാനും അവര്‍ മറന്നു പോകാത്തത്.ഇത് ഒരെഴുത്തുകാരന്റെ കൂടി ഭാഗ്യമാണ്.തനിക്കുള്ള ഉപഹാരത്തോടൊപ്പം തന്റെ കഥാപാത്രത്തിനുള്ള ഉപഹാരവുമായി തിരിച്ചുപോകുക എന്നത്!ബെന്യാമിന്‍ അതര്‍ഹിക്കുന്നുണ്ട്. നജീബും.
ജിവിതം ഒരു തുടര്‍ച്ചയാണ്,ജീവിതത്തില്‍ നാം കെട്ടിയാടുന്ന വേഷപ്പകര്ച്ചകൊണ്ട് മാത്രം കൊണ്ടല്ല,നമുക്കുശേഷം അതേ വേഷത്തില്‍ വന്നുനിറയുന്ന മറ്റുള്ളവരകൊണ്ടുകൂടി.നജീബിന്റെ ദുരിതത്തിന്റെ ആ ഭൂമികയില്‍ ഇപ്പോള്‍ അര്‍ബാബിനോപ്പം മറ്റൊരു നജീബ് തന്റെ വിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട്‌ ഒരു ഇബ്രാഹിം ഖാദരിയേയും കാത്തിരിക്കുകയാവും! പരമകാരുണികനായ പരംപോരുളേ,നീ അവന്റെ വഴിയിടങ്ങളിലും നിലാവ് വീഴ്ത്തുക.കൊച്ചു കൊച്ചു ആവലാതികള്‍ കൊണ്ട് നിറക്കുന്ന നമ്മുടെ  പ്രാര്‍ത്ഥനകള്‍ക്കിടയില്‍ നാം അവന് വേണ്ടിക്കൂടി പ്രാര്‍ത്ഥിക്കേണ്ടതുണ്ടെന്ന്‍ ബെന്യാമിന്‍ നമ്മേ അടുജീവിതം കൊണ്ട് ഓര്‍മ്മപ്പെടുത്തുന്നു. അതുകൊണ്ട് "ആടുജീവിതം"പ്രവാസിയുടെ നേര്‍ചിത്രം മാത്രമല്ല,പ്രവാസിയുടെ വിശുദ്ധ പുസ്തകം കൂടിയായിത്തീരുന്നു.         
          "മൂന്നാഴ്ചകള്‍ കൂടി പിന്നെയും കഴിഞ്ഞു.എന്തെങ്കിലും കള്ളപേപ്പറുകളുമായി അര്‍ബാബ് എന്നെ വീണ്ടും തേടിവരുമോ എന്ന പേടിയിലാണ് ഞാന്‍ അത്രയുംദിവസം കഴിച്ചു കൂട്ടിയത്.എന്നാല്‍ അര്‍ബാബ് പിന്നെവന്നില്ല.മറ്റാരെയെങ്കിലും അയാള്‍ക്ക്‌ ലഭിച്ചുകാണണം.അള്ളാഹുവിന്റെ സ്നേഹം ആ നിസ്സഹായനൊപ്പമിരിക്കട്ടെ... (ആടുജീവിതം)