എഴുതിക്കടന്ന പുഴകള്‍.
Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts
6

മരണവാര്‍ഡിലേക്ക് ഒരു താക്കോല്‍പ്പഴുത്


                  അ പ്രതീക്ഷിതമായി പിന്കഴുത്തിലേക്ക് ചാടിക്കയറി നഖമുനയാഴ്ത്തിത്തുടങ്ങിയ പൂച്ചയെ മുതുകില്‍നിന്നും  ഇത്തിരി മാംസംകൊടുത്ത് മെരുക്കിയെടുത്ത് വലിച്ചെറിഞ്ഞിട്ട്‌ ഇന്നേക്ക് കൃത്യം മൂന്ന്‌വര്‍ഷം. ഞാനിപ്പോള്‍ നില്‍ക്കുന്നത് ജനിമൃതികള്‍ക്കിടയിലെ മഹാസാഗരങ്ങളുടെ അഴിമുഖത്ത്, നിലാവിന് ഖേദം എന്ന് പേരുള്ള ഒരു രാത്രിക്ക് ചുവട്ടില്‍...പിന്നീട് എന്നില്‍നിന്നും മാറ്റിപ്പണിയപ്പെട്ട   കോശങ്ങളോരോന്നിലും ഞാന്‍ അന്നേവരെ ബലമായി പിടിച്ചുവെച്ച എന്റെതായ കൈയ്യടയാളങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.
 
             
  മു തുകിലും കൈമുട്ടുകളിലും ആഴത്തിലുള്ള വേദനാസത്രങ്ങളുണ്ടിപ്പോഴും. മനസ്സില്‍ വേദാന്തം  തോന്നുന്ന അപൂര്‍വനേരങ്ങളില്‍ ആ നോവിനെ മൃദുവായിഒന്നുഴിഞ്ഞു ജീവിതത്തിന്റെ മുഖത്തുനോക്കി ഞാന്‍ ഊറിച്ചിരിക്കാറുണ്ട്‌ ഇപ്പോഴും. മരണത്തിന്റെ ഗുഹവരെഎത്തി തിരിച്ചുപോരുന്ന ഒരാള്‍ക്ക്‌ ശേഷ ജീവിതം എന്തായിരിക്കും, എന്തായിരിക്കണം? വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാള്‍, രാഷ്ട്രപതിയുടെ ഒറ്റ കയ്യൊപ്പിന്റെ ഔദാര്യത്തില്‍ മാത്രം ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ സ്വന്തം ജീവിതത്തിന്റെ വിശ്വാസ്യത എന്തായാണ് അയാള്‍ക്ക്‌ അനുഭവപ്പെടുക! ഭരണകൂടത്തിന്റെ ദയ എന്ന ഒരത്ഭുതം പിന്നീടുള്ള അയാളുടെ ജീവിതത്തെ എമ്മട്ടിലൊക്കെ വേട്ടയാടുന്നുണ്ടാവണം... ആ അര്‍ത്ഥത്തില്‍ പില്‍ക്കാലജീവിതം തന്നെയാണ് അയാള്‍ക്കുള്ള ഏറ്റവുംനല്ല ശിക്ഷ. ഇത് മരണമുഖത്തു നിന്നും അവിശ്വസനീയമായി തിരിച്ചുപോരുന്ന ഓരോ ജീവിയുടെയും സ്ഥായീയുക്തിയാണ്.
                
പ ണ്ട് ഒരു പള്ളിക്കൂടംകാലത്ത് വീട്ടിലെ എലിപ്പെട്ടിയില്‍ കുരുങ്ങിയ ഒരെലിയെ, അടുത്ത പറമ്പിലെ പൊട്ടക്കുളത്തില്‍ മുക്കിക്കൊല്ലാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടിരുന്നു. ഒട്ടേറെനേരം കുളത്തിലെ വെള്ളത്തില്‍ മുക്കിപ്പിടിച്ച എലിയെ, നീ ഇനി പെട്ടിയിലല്ലാതെ അങ്ങിനെ സ്വയം മുങ്ങിമരിക്കൂ  എന്ന ക്രൂരതയോടെ കുളത്തിനടിയില്‍ തന്നെ തുറന്നു വിട്ടു. മറുകരയിലെ മരക്കുറ്റിയിലേക്ക് നീന്തിക്കയറിയ മൂഷികന്റെ ഒരു തിരിഞ്ഞു നോട്ടമുണ്ടായിരുന്നു. ( എലികളെ നീന്താന്‍ പഠിപ്പിച്ചത് ആരാണ് !!) പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം അടിമപ്പെട്ട റോഡപകടത്തില്‍ നിന്നും അവിശ്വസനീയമായി രക്ഷപ്പെട്ടു നടുറോട്ടില്‍ എഴുന്നേറ്റിരുന്നു ഞാനും അതേ തിരിഞ്ഞു നോട്ടം ജീവിതത്തിന് നേരെ നീട്ടി .. അന്നേരമാണ് ഞാന്‍ അറിയുന്നത് ഒരു ജീവിതത്തിന്റെ വില.. അത് എലിയുടെതായാലും.... മനുഷ്യന്റെതായാലും ഒന്നാണെന്ന്...

              
മ രണത്തില്‍ നിന്നും തിരിച്ചെത്തുന്നവരെ വല്ലാതെ അലട്ടുന്ന ഒരേകാന്തതയുണ്ട് അത് ഭയം മുളപ്പിക്കുന്നതല്ല, ജീവിതത്തിന്റെ അര്‍ത്ഥം നിരന്തരം അന്വേഷിച്ചു തുടങ്ങുന്നത് കൊണ്ട് സ്വയം അലഞ്ഞു മടുത്ത് പോകുമ്പോള്‍ ഏകാന്തത എന്ന ഒരഭയസത്രം മാത്രമേ അവന് മുന്നിലുള്ളൂ. അവിടെ ചെന്നിരുന്ന്‍  ശരീരത്തില്‍ അവശേഷിക്കുന്ന വൃണങ്ങളെ അവന്‍ ഉള്ളില്‍ കരഞ്ഞു കൊണ്ട് തഴുകും. അപ്പോള്‍ ആ വൃണങ്ങളോരോന്നും അയാള്‍ക്ക്‌ മകള്‍, മകന്‍, ഭാര്യ, അമ്മ, വീട്.... എന്നിങ്ങനെ ഏറ്റവും പ്രിയപ്പെട്ടവരായി പരിവര്‍ത്തനം ചെയ്യപ്പെടും. പിന്നീട് അയാള്‍ കിന്നാരംപറഞ്ഞു തുടങ്ങുക ആ വൃണങ്ങളോടാവും. വൃണങ്ങളോരോന്നും കരിഞ്ഞു തുടങ്ങുന്നതോടെ അയാള്‍ വീണ്ടും ഏകാകിയാവും.. അപ്പോള്‍ അയാളോട് ഇരുളില്‍ നിന്നും പഴയ അതേ പൂച്ച വിളിച്ചു ചോദിക്കും "ഞാന്‍ വരട്ടെ"
അന്നേരം ഏറ്റവും ഉചിതമായ ഉത്തരം വാക്കല്ല മൌനമാണ് അയാള്‍ക്ക്‌.

           
ഈ ഒരു ചാക്രികതക്കിടയില്‍ രണ്ട്‌ ചോദ്യങ്ങളാണ് അയാള്‍ക്ക്‌ ചോദിക്കാനുണ്ടാവുക. ജീവിതം എന്താണ്? അത് ജീവിച്ചു തീര്‍ക്കേണ്ടത് തന്നെയാണോ?  അപ്പോള്‍ ജീവിക്കാതെ തീര്‍ത്ത്‌ കളയുന്ന ജീവിതങ്ങളെ നാം എന്ത് വിളിക്കും? ജീവന്‍ ഉള്ളത് കൊണ്ട് മാത്രം ധാരാളിത്തത്തോടെ ജീവിക്കേണ്ടാതാണോ ജീവിതം? 

                 ഒ രു ജീവന്‍ തുടങ്ങുന്നത് തന്നെ ഒരു യുദ്ധത്തില്‍  നിന്നുമാണ്. പരകോടി അണ്ഡങളില്‍ നിന്നും ഒന്ന്  മാത്രം നീന്തിനീന്തി നൈസര്‍ഗിക സങ്കേതത്തിലെത്താനുള്ള യുദ്ധം. ഈ യുദ്ധത്തില്‍ ഞാന്‍ എന്ന അണ്ഡം ജയിച്ചത്‌ കൊണ്ട്മാത്രം ജീവിക്കനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെട്ട മറ്റു ജന്മങ്ങള്‍.... അല്ലെങ്കില്‍ അവര്‍ എനിക്ക് വഴിമാറിത്തന്നതായിരുന്നുവോ! എങ്കില്‍ ആ സ്നേഹത്തിനു പ്രതിഫലമായി അവരുടെ സ്വപ്നംപോലെ എനിക്ക് എന്റെ ജീവിതം വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നുവോ? ശരിക്കും ഞാന്‍ എങ്ങിനെയാണ്‌ നിരവധി കോടി അണ്ഡങ്ങളെ തോല്‍പ്പിച്ചുകളഞ്ഞത്! ഇന്നാണെങ്കില്‍ ചെറിയൊരു ആള്‍ക്കൂട്ടത്തിനു മുന്നില്‍പ്പോലും തനിച്ചു നില്‍ക്കാന്‍ അശക്തനായവന്‍, ഈ അശക്തി എനിക്ക് തന്നത് എന്റെ ജീവിതമായിരുന്നുവോ? ജീവിച്ച് ജീവിച്ച് അശക്തനായിത്തീരുക ഒരു ജീവിത വിജയമാണോ? മറ്റൊരാള്‍ക്ക് ജയിക്കാന്‍ വേണ്ടി മാത്രം മാറിക്കൊടുക്കുന്ന ലജ്ജാലുവായ ഞാന്‍, ആകാശത്തിലേക്ക്, മേഘങ്ങളിലേക്ക്, ജലത്തിലേക്ക്, എന്തിന് കുറെനേരം സ്വന്തം കൈവെള്ളയിലേക്ക് പോലും മിഴിയൂന്നുവാന്‍ പോലും ഭീരുവായ ഞാന്‍.... എന്നിട്ടും പ്രാഥമികമായ ആ  യുദ്ധത്തില്‍ എന്നെ ജയിപ്പിച്ച "ജീവിതം" എന്ന ഒരു സ്വപ്നമുണ്ടായിരുന്നുവോ? അമ്മ എന്ന കവചത്തില്‍ എന്നെകൊണ്ട് ചെന്നാക്കി തിരിച്ചുപോയ ഒരേ യുദ്ധത്തിലെ ആ വെളുത്ത പടയാളികളേ കാണതാവുമ്പോഴുള്ള ഏകാന്തത നാം പിന്നീട് അനുഭവിക്കുന്നത് ഒരു മരണത്തില്‍ നിന്നും രക്ഷപെട്ടു സ്വന്തം വീട്ടിലെത്തുമ്പോളാണ്. എനിക്ക് തന്നെ മടുപ്പുളവാക്കിയിരുന്ന എന്നിലെ ചില ദുശാട്യങ്ങളെ ഈ പൂച്ച ഒരു ഞൊടികൊണ്ട് മാറ്റിമറിച്ചിട്ട് ഏതോ ഇരുളില്‍ ഒളിച്ചിരിപ്പാണ്. ഇനിയും നീ ശരിയായില്ലെങ്കില്‍ ഞാനിവിടെത്തന്നെയുണ്ട്‌, നിന്റെ കഴുത്തിലേക്ക്‌ ചാടിവീഴാന്‍ പാകത്തില്‍ എന്ന് പറയുമ്പോലെ ഇരുട്ടും...                        .     

            
    മ ലക്കം മറിച്ചിലിനൊടുവില്‍ അമ്പതു മീറ്ററോളം തെന്നിനീങ്ങിയ വാഹനം ഇത്തിരികൂടെ നിരങ്ങി യിരുന്നെങ്കില്‍ മുതുകില്‍ നിന്നും, കൈമുട്ടുകളില്‍ നിന്നും, എന്റെ മജ്ജയും ഞാനീ കരിമ്പൂച്ചക്ക്  കൊടുക്കേണ്ടി വരുമായിരുന്നു. മറിഞ്ഞു വീണു നിരങ്ങിനീങ്ങിയ വാഹനം റോഡില്‍ ഉരച്ചുതീര്‍ത്ത എന്റെ മാംസം, അസ്ഥികളിലേക്ക് ആ ഉരപ്പ് എത്തുന്നതിനു മുമ്പേ എല്ലാം നിയന്ത്രിച്ചു നിര്‍ത്തിയ കൈകള്‍ ആരുടെതാണ്? ആ കൈകളാണ് എന്റെ മരണശിക്ഷയില്‍ ഇളവുനല്‍കിക്കൊണ്ട് കൈയൊപ്പ്‌ ചാര്‍ത്തിയത്.
                 
               ടാ
റും, ലോഹവും, ചോരയും, നിലവിളിയും, ചേര്‍ന്ന ഒരു ഗന്ധമാണ് മരണത്തിനെന്നു തിരിച്ചറിഞ്ഞു തിരിച്ചെത്തിയിട്ട്‌
ഇന്നേക്ക് മൂന്ന്‌ വര്‍ഷംതികയുന്നു. ഈ മൂന്ന് വര്‍ഷംകൊണ്ട് ഞാന്‍ ജീവിച്ചുതീര്‍ത്തത് എന്റെ മൊത്തം ജീവിതത്തിന്റെ എത്രയോ ഇരട്ടിയാണ്. 

                   ക ടന്നു പോകുന്നവരുടെയൊന്നും പേരുകള്‍ കൊത്തി വെക്കപ്പെടാത്ത  ഈ വഴിസത്രത്തില്‍ ഇത്തിരി നേരം ഇരുന്നു പ്രിയമുള്ളവനെ / പ്രിയമുള്ളവളെ, ഓര്‍ത്തുനോക്കുക നമുക്ക് നമ്മുടെ എത്ര പൂര്‍വ്വികരുടെ
പേരുകള്‍ ഓര്‍ത്തെടുക്കാനാവും! അച്ഛന്‍... വല്യച്ഛന്‍... മുത്തച്ഛന്‍... പിന്നെ...? അപ്പോള്‍ ഞാന്‍ എന്ന ജീവിതത്തിന്റെ ഓര്‍മ്മയുടെ പരമാവധി, എന്റെ മകളുടെ... മകളുടെ.... മകളുടെ... ഓര്‍മ്മക്കാലംവരെ മാത്രം! അതിനപ്പുറം ഞാന്‍ ജീവിച്ച എന്റെ ജീവിതം ? ഞാന്‍ കരഞ്ഞ കരച്ചിലുകള്‍... അലഞ്ഞ തീക്കാടുകള്‍.... പട്ടിണിതിന്ന് ഉറങ്ങിയ സുല്‍ത്താന്‍ ബത്തേരിയിലെയും, തിരുപ്പൂരെയും, മാട്ടുംഗയിലെയും, അശാന്തരാവുകള്‍... ഒക്കെ എന്റേത് മാത്രമായിരുന്നുവോ... ഞാന്‍ എന്റെ മാത്രം ഓഹാരിയാണോ... അച്ഛന്‍ അലഞ്ഞു തീര്‍ത്ത കനല്‍ വഴികളുടെ ബാക്കിയല്ലെ ഞാന്‍..  അതിലൊക്കെ കൂടെ കടന്നുപോയിക്കൊണ്ടല്ലേ ഞാന്‍ എന്നെ രൂപപ്പെടുത്തിയത്.... ആ രൂപപ്പെടലിന്റെ ആനുകൂല്യങ്ങളിലൂടെ സ്വരൂപിക്കപ്പെട്ടതല്ലേ എന്റെ മകള്‍.... അവള്‍ക്കു വേണ്ടി ഞാന്‍ സ്വപ്നം കാണുന്ന ആകാശം...

              
   ഒ രു വ്രണത്തില്‍ സ്വയം മറന്നു ഉഴിഞ്ഞിരിക്കുന്ന പോലെ വെറുതെ ഓര്‍ത്ത്, ഉള്ളില്‍ കരഞ്ഞ്, ഏകാന്തത അസഹ്യമാകുമ്പോള്‍ തനിക്ക് മാത്രം അഭയം പ്രാപിക്കാനുള്ള ഇടങ്ങളില്‍ സ്വയം അലഞ്ഞ്... ഇങ്ങനെയോക്കെയാവാം മരണത്തോളം പോയി തിരിച്ചെത്തിയ ഒരാളുടെ ദിനസരികള്‍.. അപ്പോള്‍ അയാള്‍ ആജീവനാന്തം സ്വപ്നം കണ്ട ചൂടുള്ള സൌഹൃദങ്ങളോ,  ഗൃഹാതുരമായ പ്രണയ ചാപല്യങ്ങളോ, രതിയുടെ ദിവ്യരസബോധ്യങ്ങളോ, പാപിയുടെ കുമ്പസാരവാമൊഴികളോ, അവനെ കൈപിടിച്ചു നടത്തുകയില്ല. അങ്ങിനെ വേച്ചു വേച്ചു നടന്നു നമുക്ക് വഴിമടുക്കുമ്പോളാണ് നടവഴിയിലെ ചെമ്പരത്തിക്കാടുകള്‍ക്കിടയില്‍ നിന്നും ആ പഴയ പൂച്ച നമ്മേനോക്കി ചിരിക്കുക ആ ചിരിക്ക്, "വരുന്നില്ലേ" എന്ന് മാത്രമാണര്‍ത്ഥം.     

               
      ഞാ ന്‍ മരിച്ചത് നിങ്ങള്‍ക്ക് മാത്രമാണ്, എനിക്ക് ഞാന്‍ മരിച്ചിട്ടില്ല എന്ന ഒരു തിരിച്ചറിവ് മരിച്ച ഒരാള്‍ക്ക്‌ ഉണ്ടാവുമെങ്കില്‍ അതിനുമപ്പുറം ഖേ
ദം മരിച്ച ഒരാള്‍ക്ക്‌ മറ്റെന്താണ് ? ആ ഖേദം ശരിയോ എന്നറിയാന്‍ നമുക്ക് മരണം വരേക്കും കാത്തിരിക്കേണ്ടതുണ്ട്. പ്രിയമുള്ളവനേ / പ്രിയമുള്ളവളെ, നീയാണ് ആദ്യം മരിക്കുന്നതെങ്കില്‍ നിരന്തരം എന്റെ ജാലകങ്ങളില്‍ വന്നുമുട്ടി എന്നെ കൈപിടിച്ച് അരൂപികളുടെ ഖേതങ്ങളിലേക്ക് വഴിനടത്തുക. അത്രമേല്‍ ജീവിതത്തില്‍ ഞാന്‍ ഏകാകിയായിത്തീരുന്നു.. ആ കരിമ്പൂച്ചയുടെ സൌഹൃദത്തിന് ശേഷം.

2

വിരലും വിജാഗിരിയും



അമ്മയ്ക്കും  മകള്‍ക്കുമിടയിലെ
കരയുന്ന വിജാഗിരി ഞാന്‍!
അവിചാരിതമായി വന്ന അതിഥിയുടെ
ചൂണ്ടുവിരല്‍ തിന്നു ഞാന്‍ വിഷം തീണ്ടി.
വിരല്‍മുനമ്പിലെ കരിമഷിയായിരുന്നു
വിശക്കുന്ന ഏതൊരു ജനതയ്ക്കുമെന്ന പോലെ
എന്റെയും അജീര്‍ണ്ണം!.
മകള്‍ വീടിനെക്കാളും വലിയ വാതില്‍
അമ്മ അടുക്കളയിലും വലിയ കരി.
വാതില്‍ കടന്നു വരുന്ന അതിഥി
അത്താഴവും കഴിഞ്ഞു തിരിച്ചു പോകുമ്പോള്‍
പണ്ടത്തെപ്പോലെ വിരല്‍ മുനയല്ല
അവന്റെ കഴുത്തുതന്നെയാണ് എന്റെ സ്വപ്നം!
                     ഇത് ഒരുപക്ഷെ അശ്വതിയുടെതായി നമുക്ക് കിട്ടിയേക്കാവുന്ന ഒടുവിലത്തെ വരികളാവാം. ജീവിതം അത്രമേല്‍ അവര്‍ക്കുമേല്‍ ചുഴികളേര്‍പ്പെടുത്തുകയാണ്. അതില്‍ മുങ്ങിത്താണ് ഒടുവില്‍ അവശേഷിക്കുക എന്താണെന്ന് ആര്‍ക്കറിയാം. 
      
അശ്വതി എന്ന ഗദ്ദാമ നാളെ (ഏഴാം തീയ്യതി ) തിരിച്ചു പോകുന്നു. രണ്ട്‌ മാസത്തെ ശംബള കുടിശ്ശിക ഈ മണ്ണില്‍ ബാക്കിയിട്ടുകൊണ്ട്. പതിവുപോലെ തന്നെ "യൂത്ത് ഇന്ത്യ" അശ്വതിയുടെ കാര്യത്തില്‍ ജാഗ്രത പാലിച്ചു. ഒരു ടിക്കറ്റ് ഒരുക്കിക്കൊടുക്കുന്നത് അവരാണ്. നാട്ടില്‍ അവര്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന തുടര്‍സഹായങ്ങള്‍ പെട്ടെന്ന് നിര്‍ത്താതിരിക്കാനുള്ള നടപടികളും അവര്‍ ആലോചിക്കുന്നു എന്നറിയാന്‍ കഴിഞ്ഞു.    
 അശ്വതി വരുന്ന  വിവരം അറിയിക്കാന്‍ അവരുടെ വീട്ടില്‍ വിളിച്ചപ്പോള്‍ അമ്മ നീതിസ്റ്റോറിലെ നീണ്ട വരികളിലെവിടെയോ ആയിരുന്നു. നാലാം ക്ലാസ്സ് കാരി ഇളയമകളായിരുന്നു ഫോണ്‍ എടുത്തത്. അപ്പോള്‍ അവള്‍ ഉച്ച ഊണിന്റെ ചോറ് അടുക്കളക്കലത്തില്‍ നിന്നും കോരിയെടുക്കുകയായിരുന്നു.
 അമ്മ വരുന്നു എന്നറിഞ്ഞപ്പോള്‍ അവള്‍ ചോറ് കാലത്തിലേക്ക് തിരികെയിട്ട്. "എന്റെ വയറു നിറഞ്ഞു" എന്നാണ് പറഞ്ഞത്. പിന്നെ തൊണ്ടയില്‍ സന്തോഷം കൊണ്ട് എന്തോവന്നു നിറയുന്നു എന്നും....
   അശ്വതിയുടെ ജിവിതയാത്രയില്‍ നമുക്ക് നന്മകള്‍ നേരാം.... പിന്നെ ഓണാശംസകളും..    
ആശ്വതിയിലേക്കൊരു ജാലകം 


0

ചോര നിറച്ച് കത്തിച്ച വിളക്കുകള്‍


ഒരു തണുപ്പുകാലത്തിന്റെ ബലിസ്മൃതികളില്‍ നിരന്തരം വന്നു നിറയുന്നു എന്ന് ഞാന്‍ വ്യാകുലപ്പെടുന്ന നഖചിത്രങ്ങളില്‍ ഒന്ന്  പ്രിയ വായനക്കാരാ, നിന്റെ ഹൃദയത്തിന്റെ ഭിത്തിയില്‍ കോറിയിടുന്നു. പുകപോലെ മഞ്ഞുപിടിച്ചു കിടക്കുകയായിരുന്നു അന്ന്. മരങ്ങള്‍ക്ക് ഇത്രമേല്‍ നിശ്ചലമായിക്കിടക്കാന്‍ പറ്റുമെന്ന് എന്നെ പഠിപ്പിച്ച ഒരു ദിവസം.
പള്ളിമുറ്റത്തെ കന്യാമറിയത്തിന്റെ വിസ്തൃതമായ ആകാശത്തിന് കൂടാരം കെട്ടുന്ന രണ്ടുമൂന്ന്‌ പേര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. വിരലുകളും, കണ്ണുകളും മാത്രമേ തണുപ്പിലൂടെ അവര്‍ പുറത്ത് കാട്ടുന്നുള്ളൂ. പുറത്തെ മാര്‍ബിള്‍ ബെഞ്ചിനകലെ  തൂണുകള്‍ക്കുമറപറ്റി ഒറ്റമരം പോലെ ഒരു സ്ത്രീ രൂപം നിലനിന്നു. അവള്‍ നിലത്ത് ഏതോഒരു സൂചികയില്‍ കണ്ണ്കൊളുത്തിവെച്ച് നില്‍ക്കുകയാണ്. 
 
 
 എന്ത് കൊണ്ടോ അപ്പോള്‍ എനിക്കോര്‍മ്മവന്നത് രണ്ട് രൂപകങ്ങളാണ്. വളരെപ്പണ്ട് തീവണ്ടിയില്‍ കുറ്റിപ്പുറത്തിറങ്ങി ഗുരുവായൂരേക്കുള്ള ബസ്സ്‌ തേടി നടക്കവേ മുന്നില്‍ വഴിമുറിച്ചു നില്‍ക്കുന്ന ഒരു കഴുത. കണ്ണുപൂട്ടി ധ്യാനത്തിലെന്നോണം അത് മറ്റെങ്ങോ ആയിരുന്നു മനസ്സ് കൊണ്ട്. ഒരു കഴുതയെ ഇത്ര അടുത്ത് കാണുന്നത് ആദ്യമായാണ്. അടുത്തുനിന്നു കാണുമ്പോള്‍ കഴുത വേറൊരു മൃഗമാണ്‌, മനുഷ്യനേപ്പോലെ....
അതിന്റെ അടഞ്ഞ കണ്പോളകളിലേക്ക് നോക്കൂ. തിരയടിക്കുന്ന അതിനകത്ത് ഉള്‍ക്കാഴ്ചയുടെ ഒരു വലിയ കണ്ണുണ്ട്. മനസ്സ്കൊണ്ട് ഇത്രയധികം വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു ജീവിവേറെ ഉണ്ടാവില്ല. നമുക്ക് മുന്നില്‍ നില്‍ക്കുമ്പോഴും അത്  മറ്റെങ്ങോആണ്. അതുകൊണ്ടായിരിക്കാം സമീപ പരിസരങ്ങളോട് ചടുലമായി അതിന് പ്രതികരിക്കാനാവാത്തത്. കഴുതയായിരിക്കുമ്പോള്‍തന്നെ സ്വയം മറ്റൊനായി അവരോധിക്കുകയും രണ്ടിനു മിടയിലൂടെയുള്ള ഒരു ജീവിതം ജീവിച്ചു തീര്‍ക്കാന്‍ തെരഞ്ഞെടുക്കുന്നതുമായ ഒരു ജീവിയാണ് കഴുത. അതു കൊണ്ടാവണം സര്‍ക്കസുകാര്‍ക്ക് കൂടി, അല്ലെങ്കില്‍ ഇറച്ചിക്കാര്‍ക്ക് കൂടി അതിനെ സ്വീകാര്യമായിത്തീരാത്തത്. "കഴുതയിറച്ചി" എന്നപേരില്‍ നിങ്ങള്‍ വാങ്ങിക്കൊണ്ടു പോയി കറിവെച്ചാല്‍ ആനയുടെയോ, കുതിരയുടെയോ ഇറച്ചിയായി അതു നിങ്ങളുടെ നാക്കിനോടു യുദ്ധം ചെയ്തേക്കാം. അതേ അവസ്ഥയിലും ആകൃതിയിലും ആണ്  എനിക്ക് മുന്നില്‍കാണായ പെണ്‍രൂപം  എന്ന് തോന്നിയതിലെ യുക്തി എന്തെന്ന് എനിക്കറിയില്ല.
   

 പിന്നെ എന്റെ ഓര്‍മ്മയിലേക്ക് ആ രൂപം വഴി ഓടിക്കയറിയത്, സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും പുല്പ്പള്ളിയിലെക്കുള്ള ശീതകാലയാത്രകളില്‍ എന്നും എന്നെ മോഹിപ്പിച്ച ചായക്കുന്നുകള്‍ക്കിടയില്‍ ചെകുത്താന്‍ കാലുകളെപ്പോലെ നില്‍ക്കുന്ന സില്‍വര്‍ഓക്ക് മരങ്ങളാണ്! നേരിയ കാറ്റുള്ള മഞ്ഞുകാലങ്ങളില്‍ ഇളംപച്ചനിറമുള്ള ഇലകളുടെ അടിവശത്തെ സില്‍വര്‍ നിറങ്ങള്‍ കാണിച്ചായിരിക്കും മരങ്ങള്‍ നില്‍ക്കുക. എന്താണോ ഞാന്‍ എന്നാല്‍ അതല്ല ഞാന്‍ എന്നൊരു ആത്മീയതത്വം അത്  നമ്മോട്‌ നിരന്തരം പറയുന്നുണ്ട് ആ വിധത്തില്‍ ചിന്തിക്കുമ്പോള്‍. ചായക്കുന്നുകളുടെ അതിരുകളില്‍ സ്വയംവളരുന്ന പച്ചകര്പ്പൂരചെടികളുടെ ഇലകള്‍ വിരലുകളില്‍ ഞെരടിമണത്തുകൊണ്ട് ആ കാഴ്ച കാണുന്ന ഒരു ശീതകാലസന്ധ്യ നമ്മെ മുന്‍ജന്മസ്മൃതികളിലെന്തെങ്കിലും ഓര്‍മ്മിപ്പിച്ചേക്കാം... മുമ്പിലെ ഈ പെണ്‍രൂപകം എന്തെ എന്നെ ആവഴി നടത്തിയത് എന്നതിനും എനിക്ക് ഉത്തരമില്ല. ഓര്‍മ്മകള്‍ക്ക് നാം ഉത്തരമെഴുതാറില്ലല്ലോ. മാര്‍ക്കിടുക മാത്ര മാണല്ലോ പതിവ്.                                          
 വ്യാകുലഭാരങ്ങളെ പ്രാര്‍ത്ഥനയിലേക്ക് പരിഭാഷപ്പെടുത്താനുള്ള ഒരിടവേളക്കായാണ് ഞാന്‍ മാര്‍ബിള്‍ ബെഞ്ചുകളില്‍ ഒന്നില്‍ ഇരുന്നത്. അതൊരു ശീലമായിരുന്നു എനിക്ക്. നിരവധി ശബ്ദങ്ങളില്‍നിന്നും ആകുലതകളില്‍നിന്നും മനസിനെ പൂജ്യത്തിലേക്ക് ഏകോപിപ്പിച്ചേ ഞാന്‍ പള്ളിക്കകത്ത് കയറാറുള്ളൂ. അത്തരം ഒരവസ്ഥ സൃഷ്ടിക്കാന്‍കഴിയാതെ വരുമ്പോള്‍ പള്ളിക്കകത്ത് കയറാതെ നിശബ്ദനായി ആള്‍ക്കൂട്ടത്തിലേക്ക്  തിരുച്ചുപോരുകയാണ് പതിവ്.  
തണുത്ത ആകാശത്തിലേക്ക് പറക്കാന്‍ വിമുഖമായ വെന്പിറാക്കള്‍ ഒറ്റയായും ഇണയായുംനടന്നു കന്യാമറിയത്തെ വണങ്ങി. ചിലപ്പോള്‍ പക്ഷികള്‍ക്കും ചിലത് പറയാനുണ്ടെന്ന് ഞാന്‍ അറിഞ്ഞത് അന്നാണ്. എന്റെ ഓര്‍മ്മകളുടെ പൌരാണികതയില്‍ ജഡായു എന്ന പക്ഷി ചിലത് അറിയിക്കുന്നുണ്ടെങ്കിലും അതിനപ്പുറം ചില വ്യാകരണങ്ങള്‍ തരുന്നുണ്ട് ഈ വെന്പിറാക്കള്‍.. പച്ച നിറത്തിലുള്ള പിന്‍ഗേറ്റിലൂടെ കടന്നുവന്ന ഒരു പെണ്‍കുട്ടിനേരെ കന്യാമറിയത്തിലേക്ക് നടന്നു കയറി. അവള്‍ ഏറെനേരം മുഖം കുനിച്ചുനിന്നു അവിടെ. കൊണ്ടുവന്ന മെഴുകുതിരി  "ഇവിടെ മെഴുകുതിരി കത്തിക്കരുത്"എന്ന ബോര്‍ഡിനു മുമ്പില്‍ വേദനയോടെ അവള്‍ നീക്കിവെച്ചു. മറിയമേ ഞാന്‍ നേര്‍ന്നുപോയല്ലോ  ഇതിനും കൂടി ഞാന്‍ പ്രാര്‍ത്ഥി
ക്കുന്നു എന്നമട്ടില്‍ അവള്‍ കുറച്ചേറെനേരം കന്യാമറിയത്തിനു മുന്‍പില്‍ മുട്ട്കുത്തി മുഖംകുനിച്ചു നിന്നു. വേഷവും രൂപവും അവളെ  എന്റെ രസനയെ ശ്രീലങ്കയിലേക്കാണ് നാട് കടത്തിയത്. ശേഷം എന്നേയും പിന്നിട്ട് അവള്‍ പള്ളിയിലേക്ക് കടന്നുപോകുംവഴി ആ ഒറ്റമരച്ചോട്ടില്‍ ഒന്ന് നിന്നതേയുള്ളൂ. വളരെ പെട്ടന്നാണ് ആ ഒറ്റമരം ഉച്ചത്തില്‍, അതായതു അതിന് നിര്‍മ്മിക്കാന്‍ കഴിയാവുന്നത്രയും ഉച്ചത്തില്‍ നിലവിളിക്കാന്‍  തുടങ്ങിയത് .               
   

 നിലവിളികള്‍ക്ക് ഒരു ആഗോളമാര്‍ക്കറ്റുണ്ട്. വിപണനം ചെയ്യാനറിയുന്നവന്‍ അത് വിദഗ്ധമായി വിപണനംചെയ്യും. അവിടെ നിലവിളികളുടെ ഉല്‍പ്പാദകര്‍ ആരെന്നത് ഒരുപ്രശ്നമല്ല. പക്ഷെ ഞാന്‍  "ഒരു പാവംമനുഷ്യന്‍" എന്ന് എന്ത്കൊണ്ടോ സ്വയം വിലയിട്ട ഒരു മനുഷ്യന് തിരിഞ്ഞുനോക്കാന്‍ പാകത്തില്‍ ഒരുകഴുത്ത് എന്റെ ദൈവം അവശേഷിപ്പിച്ചിട്ടുണ്ട് എന്നില്‍ ഇപ്പോഴും.
(പ്രിയ വായനക്കാരാ ഓര്‍ക്കൂ....തിരിഞ്ഞുനോക്കാതെ തിരിഞ്ഞുനോക്കാതെയാണ് നമുക്ക് നമ്മുടെ കഴുത്തുകളുടെ തനതുസ്വഭാവം നഷ്ടമായത്.)
 

 പാഞ്ഞുചെല്ലാന്‍ മാത്രം അകലത്തിലല്ല അവര്‍.നടനം മന്ദാക്രാന്തയില്‍! അതില്‍ ഞാനെന്റെ  അകംവേവുകള്‍ പൂഴ്ത്തിവെക്കുന്നു. ഓടിയെത്തിയവരില്‍ കന്യാമറിയത്തിന്റെ ആകാശം മറക്കുന്നവരും ഉണ്ടായിരുന്നു! പേടിച്ച ഒരുവെണ്‍പിറാവിന്റെ അവസ്ഥയിലായിരുന്നു,ഞാന്‍ ശ്രീലങ്കക്കാരിഎന്ന് നിരുപിച്ച പെണ്‍കുട്ടി.  
എന്നിലെ  മനുഷ്യന് മറ്റു ലക്ഷ്യങ്ങളില്ലാതെ  ഇടപെടാനുള്ള സമയമാണിതെന്ന്‍ പ്രാര്‍ത്ഥനയില്‍ വിശ്വാസമുള്ള എനിക്ക് തീരുമാനിക്കാതെവയ്യ.
ശ്രീലങ്കക്കാരിയാണ് ആദ്യം ഉരിയാടിയത്‌. ഒരു കുറ്റബോധാത്തോടെയെങ്കിലും!
 "
ഈ തണുത്ത വെളുപ്പാന്‍  കാലത്ത്  ഒരു ജാക്കറ്റ് പോലുമില്ലാതെ  നീയെങ്ങിനെവന്നു നില്‍ക്കുന്നൂ എന്നേ ഞാന്‍ ചോദിച്ചുള്ളൂ..."
അപ്പോളാണ് ഞാന്‍ അവളുടെ, ആ ഒറ്റമരത്തിന്റെ വേഷങ്ങളിലേക്ക് കൂപ്പുകുത്തിയത് .
ഇത്രയും നിസ്സാരവസ്ത്രം ധരിച്ച ഒരാളെ ഞാന്‍ ഇതേവരെ കണ്ടിട്ടില്ല ഈ തണുപ്പ് കാലത്ത് ! ഇന്നര്‍, ഔട്ടര്‍ എന്നൊക്കെപറഞ്ഞു ആറോ,ഏഴോ വസ്ത്രങ്ങളുടെ ലാളിത്യത്തിലാണ് ഞാന്‍ എന്ന നിസ്സാരന്‍ പ്രാര്‍ത്ഥിക്കാന്‍ വന്നിരിക്കുന്നത്  എന്നതില്‍ എന്റെ അധ്യാത്മികതയെ നിസംശയം  ദൈവം ചോദ്യംചെയ്യുമെന്ന് തീര്‍ച്ച .    
ശ്രീലങ്കക്കാരിക്കുപേര്‍ സമുദ്ര. നിരാലംബമായ ഒരു കുറ്റബോധം അവളില്‍ പടര്‍ന്നുപിടിക്കുന്നത് ഞാന്‍ അറിയുന്നു .
കരയുന്ന അപരിചിതയോട് നമുക്കാദ്യം ഒന്നേ ചോദിക്കാനൊന്നേ ഉള്ളൂ  ..
നിന്റെ  പേരെന്താണ്  ?
"ജെന്നിഫര്‍"
എന്നവള്‍ പറയുമ്പോള്‍ മെഴുകുതിരികള്‍ക്ക് അങ്ങിനെ ഒരു അര്‍ത്ഥമുണ്ടാകുമോ എന്നാണ് ഞാന്‍ ആലോചിച്ചത്. സമുദ്ര ഇപ്പോള്‍ മുന്‍നിശ്ചയങ്ങളൊന്നു മില്ലാതെ ജെന്നിഫറിന്റെ ചുമലില്‍ പിടിച്ചിരിക്കുകയാണ്. അല്ലെങ്കില്‍ അവള്‍ താഴേക്കുവീണുപോകുമോ എന്ന ഭയം അവളില്‍ നിലനിന്നു. കൂടാരപ്പണിക്കാര്‍ ജെന്നിഫറിനോട് അറബിയില്‍ എന്തെല്ലാമോ ചോദിച്ചു അവള്‍ വെറും നിലത്തുനോക്കി നിന്നതല്ലാതെ ഒന്നുംതന്നെ ഉരിയാടിയില്ല. കുറച്ച് നേരം കൂടി അവള്‍ക്കു മുമ്പില്‍ കാത്തുനിന്നിട്ട് അവര്‍ അവരുടെ ജോലിയിലേക്ക് തിരിച്ചുപോയി.ഉടലടയാലങ്ങളില്‍ നിന്നും അവള്‍ ഫിലിപ്പീന്‍സിന്റെ താവഴിയാണെന്നു മനസിലായി. 
 

 സമുദ്ര ഒന്നുകൂടി അവളെ കുലുക്കിവിളിച്ചു. അവള്‍ മോഹനിദ്രയില്‍ നിന്നും ഉണര്‍ന്നതുപോലെ നാലുപാടും നോക്കി. എന്നിട്ട് ഉച്ചത്തില്‍ നിലവിളിച്ചു കൊണ്ട് പറഞ്ഞു "എനിക്ക് നാട്ടില്‍ പോകണം."
അവളുടെ ചുമലില്‍നിന്നും സമുദ്രയുടെ പിടിഅയഞ്ഞു. അവള്‍ ജെന്നിഫറിനെ മാര്‍ബിള്‍ ബെഞ്ചിലേക്ക് പകര്‍ന്നു. സമുദ്ര ജെന്നിഫറിന്റെ  മുഖം കൈകളിലേക്ക് കോരിയെടുത്തു ചോദിച്ചു "എന്ത് പറ്റി?"
"എന്റെ ഭര്‍ത്താവ് മരിച്ചു."
ജെന്നിഫറില്‍ നിന്നും അടര്‍ന്നുവീണ നിലവിളിയില്‍ ഈ വാക്കുകളും ഉണ്ടായിരുന്നു. ബാബയോട് പലതവണ ചോദിച്ചുനാട്ടിലേക്ക് പോകാന്‍ അനുമതി കിട്ടിയില്ല. യാചിച്ചുകിട്ടിയ ദയയില്‍ ഈ പള്ളിയാത്ര മാത്രം തരപ്പെട്ടു. പക്ഷെ അകം പൊള്ളലില്‍ അവള്‍ക്കു നഷ്ടപ്പെട്ടത്‌ പ്രാര്‍
ത്ഥിക്കാനുള്ള വാക്കുകളും ഈ തണുപ്പും!
"ജെന്നിഫര്‍, നാം എത്രമേല്‍ അപരിചിതര്‍. നമുക്കൊന്ന്ചേര്‍ന്ന് പള്ളിക്കകത്ത് പോയിരിക്കാം. ഇത്തിരിനേരം. മനമുരുകി പ്രാര്‍
ത്ഥിക്കാന്‍ നമുക്കാവുമെങ്കില്‍ അതിന് ശ്രമിക്കാം"ഞാന്‍ പറഞ്ഞു.
ജെന്നിഫറും, സമുദ്രയും ആട്ടിന്‍കുട്ടികളെപോലെ എനിക്ക് പിറകെവന്നു. പള്ളിക്കകം ശൂന്യമായിരുന്നു. ക്രൂശിത രൂപവും, അതിലേറെ ക്രൂശിതയായ ജെന്നിഫറും, സമുദ്രയും ഞാനും മാത്രം.   
സമുദ്ര ബാഗില്‍ നിന്നും സിംഹളഭാഷയിലെ ബൈബിള്‍ പുറത്തെടുത്ത് ഉച്ചത്തില്‍ വായിക്കാന്‍ തുടങ്ങി. അത്  അത്രമേല്‍ രുചികരമായൊരു ഭാഷയായി എനിക്കാദ്യമായി അനുഭവപ്പെട്ടു.
 

 ബസ് സ്റ്റോപ്പില്‍വെച്ചു പിരിയാന്‍നേരം സമുദ്ര ജെന്നിഫറിനോടു അവളുടെ മൊബൈല്‍ നമ്പര്‍ ചോദിച്ചു. അങ്ങിനെ ഒന്ന് അവളുടെ കൈവശം ഇല്ലായിരുന്നു. ടാക്സിയില്‍കയറി പിരിയാന്‍നേരം സമുദ്ര ജെന്നിഫറിന്റെ കൈകളില്‍ അഞ്ച് ദിനാറിന്റെ ഒരു ചുവന്ന നോട്ട്  വെച്ചു കൊടുത്തു. ജെന്നിഫര്‍ ഒരു മടിയുമില്ലതെയാണ് അതു വാങ്ങിയത്.പിന്നെ സമുദ്രയുടെ കണ്ണുകളിലേക്ക് കുറച്ചുനേരം  ആഴത്തില്‍ നോക്കിനിന്നു. കരയില്‍ നിന്നും ഒലിച്ചുപോകുന്ന ഒരാള്‍ കരയെ തിരിഞ്ഞുനോക്കുന്നത് പോലെയാണ് നീങ്ങിത്തുടങ്ങിയ ടാക്സിയിലിരുന്ന്‍  ജന്നിഫര്‍ ഞങ്ങളെ നോക്കിയത്.
ഇത്തിരിനേരം ഞാനും സമുദ്രയും ബസ് സ്റ്റോപ്പില്‍ ഒന്നും മിണ്ടാതെ നിന്നു. പറയുവാന്‍ ഏറെ ഉണ്ടാവുമ്പോളാണ് ഒരാള്‍ ഊമയായിപ്പോകുന്നത് എന്ന് അന്നേരം എനിക്ക് തോന്നി.
അവള്‍ക്കുള്ള ബസ്സ്  മുന്നില്‍ വന്നു നില്‍ക്കുന്നേരം ഞാന്‍ സമുദ്രയുടെ ഫോണ്‍നമ്പര്‍ ചോദിച്ചു. നനഞ്ഞ കണ്ണുകളോടെ അവള്‍ പറഞ്ഞു. നമുക്ക് പങ്കുവെക്കാന്‍ ജെന്നിഫറിന്റെ ഓര്‍മ്മകള്‍ മാത്രമല്ലേ ഉള്ളൂ. പരസ്പരം വിളിച്ചും പറഞ്ഞും നമുക്കതിന്റെ വിശുദ്ധി നഷ്ടമാക്കേണ്ട. എന്നെങ്കിലും എവിടെ വെച്ചെങ്കിലും നമുക്ക് കാണാം.
നാം വീണ്ടും കാണാതിരിക്കില്ല എന്നെനിക്കുറപ്പുണ്ട്. നമ്മള്‍ ജന്നിഫറിനേയും കാണും എന്നെങ്കിലും."
ബസ്സില്‍കയറി കാഴ്ചയുടെ അറ്റംവരെ
അവള്‍ കൈവീശിക്കാണിച്ചു.
 

 ചുമലിലേക്ക് അറ്റുവീഴാന്‍ പാകത്തില്‍ ഒരേകാന്തത എനിക്ക് മുകളില്‍ കാത്തുനില്‍ക്കുകയായിരുന്നു . അതില്‍ മുങ്ങിത്താണ് ഞാനേറെ നേരം ബസ്സ് കിട്ടാതെ നീലബെഞ്ചില്‍ തനിച്ചിരുന്നു.   
രോഗക്കിടക്കയിലായ സുഹൃത്തിന്റെ ഭാര്യ രേണുകയെ സന്ദര്‍ശിക്കാനാണ് ഈയ്യിടെ ആശുപത്രിയിലെത്തിയത്. ലോകത്തിലെവിടെയും ആശുപത്രികള്‍ക്ക് ഒരേമണമാണ്
ഒരേ ഭാവവും. അടുത്ത ബെഡിലെ മൂടിപ്പുതച്ചു കിടക്കുന്ന രൂപത്തെപ്പറ്റിയാണ് രേണുക കൂടുതലും പറഞ്ഞത്
"പാവം, കഴിഞ്ഞ ആഴ്ച ഓപ്പറേഷന്‍ കഴിഞ്ഞതാ... യൂട്രസ് അറുത്തു മാറ്റി... യൂട്രസ്സിനു പുറത്തും രണ്ട് മുഴകളുണ്ടായിരുന്നു. പോകാന്‍ ഒരിടമില്ലാത്തതിനാല്‍ ഡോക്ടരുടെ കാലുപിടിച്ചിട്ടു രണ്ട് മൂന്ന് ദിവസ്സം അധികം കിടത്തിയതാ. ദിവസ്സവും ഡോക്റ്റര്‍വന്നു വഴക്ക് പറയുന്നത് കേള്‍ക്കാം...
ഖാദിം വിസയില്‍ പുറത്തെവിടെയോ ജോലി ചെയ്യുകയായിരുന്നു. ഇപ്പോള്‍ അസുഖം കാരണം ആ ജോലിപോയി. താമസിച്ചിരുന്ന മുറിയിലെ ആരും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറല്ലത്രെ. എപ്പോഴും കണ്ണീര്‍ വാര്‍ക്കുന്നത് കാണാം."
 എനിക്കാമുഖമൊന്നു കാണണമെന്നുണ്ടായിരുന്നു. പക്ഷെ അടിമുടി മൂടിപ്പുതച്ചാണ് കിടപ്പ്. രേണുക യോടുള്ള കുശലാന്വേഷണങ്ങള്‍ പരമാവധി നീട്ടി, ബോധപൂര്‍വം കുറച്ചധികം നേരം ആശുപത്രിയില്‍ ചെലവഴിച്ചു. അതിനിടയിലാണ് ആ മുഖം കണ്ണീര്‍വാര്‍ത്തുകൊണ്ട് പുതപ്പിന് വെളിയില്‍ ചാടിയത്.
സമുദ്ര! 
ഒരാന്തലോടെയാണ് ഞാന്‍ അവളുടെ മെത്തക്കരികെ നിന്നത്. വല്ലാതെ ശോഷിച്ചുപോയിരിക്കുന്നു അവള്‍. അവള്‍ക്ക് എന്നെ മനസ്സിലായോ എന്നറിയില്ല. ഞാന്‍ പറഞ്ഞു " ഓര്‍മ്മയുണ്ടോ
ജെന്നിഫറിന്റെ ആ ദിവസ്സം.... നമ്മള്‍ ചേര്‍ന്നുനിന്നു നിന്റെ ഭാഷയില്‍   പ്രാര്‍ത്ഥിച്ചവര്‍..."      
സത്തചോര്‍ന്നുപോയ കണ്ണുകളില്‍ സാകൂതം വിടരുന്നതെന്താണ്?
അവള്‍ മറന്നുപോയൊരു ചിരി ആലോചിച്ചു കിടന്നു. പിന്നെ തലയിണക്ക് കീഴിലേക്ക് കണ്ണുകള്‍ കൊണ്ട് എന്തോ ആഗ്യംകാണിച്ചു. ഞാന്‍ തലയിണ പതിയെപൊക്കി നോക്കി. സിംഹള ഭാഷയിലെ ഒരു ബൈബിള്‍ എന്റെ കൈകളില്‍ കയറി വന്നു. അതിലെ ലിപിയറിയാതെ ഞാന്‍ അവള്‍ക്കു മുമ്പില്‍ നിരക്ഷരനായി. പ്രിയപ്പെട്ടവളെ, അശ്ലീലം കലരാതെ നിന്നെ ഞാനെങ്ങിനെയാണ് ഒന്ന് ആലിംഗനം ചെയ്യേണ്ടത്! ഒരു പ്രത്യാശയുടെ വിരല്നീട്ടം ഞാന്‍ നടത്തേണ്ടതല്ലേ ? പക്ഷെ എങ്ങിനെ? മുമ്പേ പങ്കെടുത്ത ഒരു ശ്രീലങ്കന്‍ പ്രാര്‍ത്ഥനാകൂട്ടത്തെ ഓര്‍മ്മവന്നു.. ആ വാതിലില്‍ ഒന്ന് മുട്ടി നോക്കാം... പഴയ ചില ഓര്‍മ്മകളില്‍ നിന്നും മുന്‍പേ ഒന്നിച്ചു ജോലിചെയ്ത ചില ശ്രീലങ്കക്കാരെയും കണ്ട് നോക്കാന്‍ തീരുമാനിച്ചാണ് ആശുപത്രി വിട്ടത്. പക്ഷെ ഒരുറപ്പും കൊടുക്കാന്‍ കഴിയാത്തതിനാല്‍ കയ്യില്‍ ഒരഞ്ചു ദിനാര്‍ മാത്രം വെച്ചു കൊടുത്തു. അന്നേരം ജെന്നിഫറിന്റെ കൈകളില്‍ പണ്ട്  വെച്ചു കൊടുത്ത അഞ്ചു ദിനാര്‍ അവള്‍ ഓര്‍ത്തോ എന്തോ?
 

 അകാരണമായി ചില വരികള്‍ ഓര്‍മ്മയുടെ അകങ്ങളില്‍ നിന്നും എന്നെ വേട്ടയാടി  
കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നൊയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?
നമുക്കിപ്പൊഴീ ആര്‍ദ്രയെ
ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം!
വരിക സഖീ, അരികത്ത് ചേര്‍ന്ന് നില്‍ക്കൂ,
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായ് നില്‍ക്കാം
....
പഴയ  ശ്രീലങ്കന്‍ പരിചയക്കാരില്‍ നിന്നാണ് സമുദ്രയെ ഏറ്റെടുക്കാമെന്ന ആശാവഹമായ ഒരു വാഗ്ദാനം കിട്ടിയത്. ഇടനാഴിയിലെ വെളിച്ചങ്ങളുടെ ചതുരജാലകങ്ങള്‍ കടന്നു സമുദ്രയുടെ വാര്‍ഡില്‍ കാലനക്കം കേള്‍പ്പിക്കാതെ ഞാന്‍ കയറി. അവളെ വിസ്മയിപ്പിക്കാന്‍...
പക്ഷെ, അതിലും മുമ്പേ അവളെന്നെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നുവോ? അവളുടെ മെത്ത ശൂന്യമായിരുന്നു. ആ ശൂന്യത ഒരു വെളുത്ത കടലായി എനിക്ക് മുമ്പില്‍ തിരയടിച്ചു. ആരോട് ചോദിക്കും എന്നറിയാതെ ഞാന്‍ ഒരു പകലിന്റെ തളര്ച്ചയായി കുറേനേരം മെത്തക്കരികില്‍ നിന്നു. അതിനപ്പുറം ഒരു നിസ്സഹായനെന്തു ചെയ്യാന്‍....
 പള്ളി മുറ്റത്തെ കാന്‍വാസ് മേല്‍ക്കൂര മുഴുവനായും പണിതു കഴിഞ്ഞിരിക്കുന്നു.അതിന് കീഴ്‌ കന്യാമറിയം
പകല്‍ച്ചൂടില്‍ വെന്തുരുകി മുഖംകുനിച്ചു നിന്നു. വാങ്ങിയ മെഴുകുതിരികള്‍ കത്തിക്കാനിടമില്ലാതെ കയ്യില്‍ കിടന്നു. പിന്നെ മാതാവിന് മുന്‍പില്‍ സ്വയം ഒരു മെഴുകുതിരിയായി ഞാന്‍ എരിഞ്ഞു. പള്ളിയിലെ ബെഞ്ചില്‍ കുറേനേരം ഇരുന്ന്‍, നിശബ്ദത ഒരു ക്രൂശിതരൂപമാകുന്നത് സ്വയം അനുഭവിച്ചു. പിന്ബെഞ്ചില്‍ എങ്ങുനിന്നോവന്നു നിറഞ്ഞ ഒരാള്‍ക്കൂട്ടം എനിക്കറിയാത്ത ഭാഷയില്‍ ബൈബിള്‍ വചനങ്ങള്‍ ഉച്ചത്തില്‍പാടാന്‍ തുടങ്ങി. പിന്നെ മുട്ടുകുത്തിനിന്നു അവര്‍ സ്വയം നിശബ്ദതവരിച്ചു. മരിച്ച ആര്‍ക്കോ വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥനയാണതെന്ന് ഭാഷയില്ലാതെ ഞാന്‍ തിരിച്ചറിഞ്ഞു. സംഭാഷണങ്ങള്‍ക്കിടയില്‍ നിന്നും ഞാന്‍ മരിച്ചയാളിന്റെ പേര്‍ ഉരുത്തിരിച്ചെടുത്തു.
ജാതകത്തില്‍ അവള്‍ക്കു പേര്‍ ജെന്നിഫര്‍. എങ്കില്‍ അതു എനിക്കറിയാവുന്ന ജെന്നിഫറായിരിക്കുമോ? ആരും പേര്‍ചൊല്ലി വിളിക്കാനില്ലാതെ ഒരു ഒറ്റമരം ജന്മന്തരങ്ങളിലെവിടെയോ മഞ്ഞുപുതച്ചു  കിടന്നു.  
 

 ഇപ്പോള്‍ നോവുകൊണ്ടും ഓര്‍മ്മകള്‍ കൊണ്ടും ഞാന്‍ ഓടുന്നത് കുറ്റിപ്പുറത്തെ ചെമ്മണ്‍പാതയിലെ ആ കഴുതപ്പുറത്തേറി സുല്‍ത്താന്‍ബത്തേരിവഴി പുല്പള്ളിയിലേക്കാണ്. വഴിയരികുകളിലെ ചായക്കുന്നുകളില്‍ സില്‍വര്‍ഓക് മരങ്ങള്‍  മിന്നാമിനുങ്ങുകളെ തുറന്നുവിടുന്ന രാത്രികളിലൂടെ... അതിന്റെ അരികുകളില്‍ സ്വയംവളര്‍ന്നു പൊങ്ങിയ പച്ചകര്പ്പൂരചെടികളുടെ ഇലകള്‍ മണത്ത് ഒന്ന് കുമ്പസരിക്കണം 
 

 ഒരേ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടായിട്ടും  ജെന്നിഫറിനും, സമുദ്രക്കുംവേണ്ടി എനിക്കെന്തു ചെയ്യാന്‍ കഴിഞ്ഞു എന്ന് അകത്തോട്ടു വളഞ്ഞുനിന്നു  ഉച്ചത്തില്‍ ചോദിക്കാന്‍ ഇതിലും അനുയോജ്യമായ സ്ഥലം വേറെങ്ങാണ് .      
ആര്‍ത്ത് പൊങ്ങുന്നിതാ വെറും പൊടിയില്‍ നിന്ന്
മനുഷ്യരക്തത്തിന്‍റെ നിലവിളി.
മുട്ടു കുത്തി വീഴുമ്പോള്‍ എന്‍ കുരലു ചീന്തി
തെറിക്കുന്നു വാക്കുകള്‍:
“അവനെ ഞാനറിയുന്നില്ല ദൈവമേ,
അവനു കാവലാള്‍ ഞാനല്ല ദൈവമേ!”

(എവിടെ ജോണ്‍?  ചുള്ളിക്കാട് ) 

64

ചിറകു തിന്നുന്ന പക്ഷികള്‍




         എണ്ണത്തിന്റെ കാര്യത്തില്‍ നമുക്കേറ്റവും കൂടുതലുള്ള അവയവം മനുഷ്യന്റെ വിരലുകളാണ്. ഒരു പക്ഷെ സ്വയം എന്നതിനേക്കാള്‍ അപരന്നുവേണ്ടിയാവും ദൈവം അതു കരുതിയത്‌,എന്നാല്‍ സ്വയം ചൊറിഞ്ഞ്, അത്മാനുഭൂതിനുകരാനാണ് നാം ഒരുപക്ഷെ അവയത്രയും ഒന്നിച്ച് ഇന്ന് ഉപയോഗിക്കുന്നത് !
        ഞാനൊരു കഥ പറയുകയല്ല, കഥയുടെ ഉടല്‍ഘടനകളെ അഴിച്ചുപണിയുന്ന ഒരു പെണ്‍ജീവി തത്തിലേക്ക് ജാലകം തുറന്നിടുകയാണ്. ടി .സി .അശ്വതി ഒരു ഖദ്ദാമയാണ്.ഒരു പക്ഷെ തീയറ്ററുകളില്‍ നാളെയിറങ്ങി പണം വാരിയേക്കാവുന്ന, ദുബായിയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന, കാവ്യാ മാധവന്‍ അവതരിപ്പിക്കുന്ന കമല്‍ ചിത്രത്തിന്‍റെ അംഗഭംഗിയല്ല അവള്‍‍. നിരക്കെതകര്‍ന്നു പോയ ഒരു കപ്പല്‍ച്ചേദത്തിന്റെ കൈയൊപ്പ്‌ നമ്മുടെ ഹൃദയത്തെ നിരന്തരം അഭിസംഭോധനചെയ്യുന്നുണ്ട്, കാതോര്ത്താല്‍ മാത്രം കേള്‍ക്കാവുന്ന തരംഗവ്യാപ്തിയില്‍. പക്ഷെ, ഒരൊഴിവ് ദിനത്തിന്റെ പ്രാര്‍ഥ നക്കുള്ള പരക്കം പാച്ചിലിനിടയില്‍പോലും, നാമൊന്നു ചെവിവട്ടം പിടിക്കാന്‍ മറന്നു പോകുന്നു. ഒരു സൃഷ്ടി നടത്തണമെന്നുണ്ടായപ്പോള്‍ ദൈവം നിങ്ങളെ തന്നെ സൃഷ്ടിച്ചതെന്തുകൊണ്ടായിരിക്കാം എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ ? ദൈവത്തിനു നമുക്ക് മേലുള്ള ചില പ്രതീക്ഷകളില്‍ എത്ര ശതമാനം നമുക്ക് സാക്ഷാത്കരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ! മതമേതായാലും വിശുദ്ധ പുസ്തകവുമെടുത്തുകൊണ്ട് പ്രാര്‍ഥനാലയത്തിലേക്കുള്ള വാരാന്ത്യത്തിലെ കവാത്തില്‍ എല്ലാം തീരുന്നുണ്ടോ!  ‌       


       ഒരു കഞ്ചാവുവലിക്കാരന്റെ കത്തി മൂര്‍ച്ചയില്‍ വളരെ ലളിതമായി പിടഞ്ഞമര്‍ന്ന ഒരാളുടെ ഭാര്യയാണ് അശ്വതി.അയാള്‍ അവശേഷിപ്പിച്ച മൂക്കോളം കടവും, രണ്ട് പൊടിപ്പെണ്‍മക്കളും അവളെ ഖദ്ദാമ വേഷത്തില്‍ കയറ്റിയിരുത്തി നമുക്കിടയിലേക്ക്‌ നാട്കടത്തി.ഉള്ളിലിരമ്പുന്ന കണ്ണീര്‍ കടലില്‍ വല്ലാതെ താഴ്ന്നുപോകുമ്പോള്‍ അവള്‍ വല്ലപ്പോഴും എന്നോടു നിലവിളിക്കും.
" കുഴല്‍ കിണറിന്റെ വായില്‍ വീണു പോയ ഒരാളോടുള്ള ദയ നീ കാട്ടണേ, എന്നോട് എന്തെങ്കിലും നീ കുറെനേരം സംസാരിക്കണേ, അല്ലെങ്കില്‍  ഞാന്‍ വീണ്ടും വീണ്ടും ആഴങ്ങളിലേക്ക് വീണു പോകും,ആര്‍ത്തിയോടെ വല്ലപ്പോഴും ഞാനൊന്ന് മേലോട്ട് നോക്കിക്കോട്ടേ "
ഒരു നിലാവുള്ള രാത്രിയില്‍ കാറ്റ്കുലച്ച  മരുഭൂമിയിലെ ഖൈമയില്‍ (കൂടാരം) നിന്നും എനിക്കൊരു നിലവിളി കിട്ടി
" ഇന്നത്തെ ദിവസമറിയാമോ?"
എന്റെ ഓര്‍മയില്‍ പ്രത്യേകതകളൊന്നുമില്ലത്ത, വരവ് ചെലവ്കളുടെ കണക്കെടുപ്പില്‍ ഇത്തിരി സന്തുഷ്ട്നായ ദിവസം
" ഇന്ന് തിരുവാതിര ഞാറ്റുവേലയാ മാഷെ!"
"നടാനൊന്നുമില്ലാത്തവര്‍ക്കെ
ന്ത് തിരുവാതിര ഞാറ്റുവേല"
" അങ്ങനെ പറയരുത്, നമുക്ക് നിലാവ്നടാം, കാറ്റ് നടാം,"
" എന്നിട്ട് വേണം കൊടുങ്കാറ്റു കൊയ്യാന്‍ "
" ഇപ്പോ കൃഷി വല്ല്യമെച്ചമില്ലാത്ത കാലമല്ലേ, മാഷ്‌ കാറ്റ് വിതച്ചോളൂ, ഇളം കാറ്റേ കൊയ്യൂ !"
              അങ്ങനെയുള്ള ചില സംഭാഷണങ്ങളിലൂടെയാണ് അശ്വതിയുടെ ഇടനാഴികളില്‍ ഞാന്‍ ഇരച്ചുകയറിയത്, ഏകണോമിക്സില്‍ ബിരുദം, പഠനകാലത്ത്‌ അത്യാവശ്യം കവിതാവാസന, നേഴ്സിംഗ് പഠനം ലേബര്‍ റൂമില്‍ ചോരകണ്ട് ഭയന്നു ബോധമറ്റു വീഴും വരെ.
                  ഇരുന്നൂറ്റി അറുപതു രൂപ ഏതു ദാരിദ്ര്യത്തിലും വിനിമയം ചെയ്യാനാവാതെ വീട്ടില്‍ കിടപ്പുണ്ട്! കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ  രക്തംപുരണ്ട കറന്‍സികള്‍. ഏതു വറുതിയിലും അച്ഛന്റെ രക്തം വിനിമയം ചെയ്യപ്പെടന്നവാതെ മൂന്നിലും,ആറിലും പഠിക്കുന്ന കുഞ്ഞുങ്ങള്‍.
                     ജാലകങ്ങളില്ലാത്ത മുറിയാണ് അശ്വതിക്ക്. ഒരു
ഖദ്ദാമ നിലാവ് കാണേണ്ടതിന്റെ സാംഗത്യം ആര്‍ക്കു ചോദ്യം ചെയ്യാനാവും!അവരുടെ യജമാനന്‍, ബാബയും മാമയും തമ്മിലുള്ള നിരന്തരം വഴക്കിന്റെ ഉച്ചസ്ഥായി, മാമയേയും, അശ്വതിയെയും കാറിലിട്ടുകൊണ്ടുള്ള ബാബയുടെ   മരണപ്പാച്ചിലാണ്.ആ മരണവേഗമാണ് അയാളിലെ രോഷം നനച്ചുകൊടുത്തുന്നത്. ആ പാച്ചിലിലങ്ങോളം പിന്‍സീറ്റില്‍ കാല്‍മുട്ടുകള്‍ക്കിടയില്‍ തലപൂഴ്ത്തി ഒരു ഒട്ടകപ്പക്ഷിയെപ്പോലെ അശ്വതി ഭയന്നിരിക്കും. ജീവന്‍ തിരിച്ചുകിട്ടിയതിന്റെ അണപ്പോടെ നാലാം കാലത്തില്‍ അവര്‍ ആഹ്ലാദം പ്രകടിപ്പിക്കാന്‍ ചിലപ്പോള്‍ എന്നെ വിളിക്കും.  
           മറ്റു ചിലപ്പോള്‍ നിലാവ് പൂക്കുന്ന ചില രാവറുതികളില്‍ എന്റെ ഉറക്കത്തെ തുലച്ചുകളഞ്ഞു കൊണ്ട് അശ്വതിയുടെ വിളിയെത്തും.
 "മാഷ്ക്ക് ‌എന്നെക്കൊണ്ട് ഇടങ്ങാറായി, ക്ഷമിക്കണം ഇത്ര സ്വാതന്ത്യമെടുത്തു സംസാരിക്കാന്‍ എനിക്കാരുമില്ല. നല്ല നിലാവ്, മൂക്ക് വട്ടം പിടിച്ചാല്‍ നമുക്കിവിടെയും കിട്ടും നാട്ടില്‍ പൂക്കുന്ന ഇലഞ്ഞിമണം.മണക്കാനൊന്നുമില്ലാതെ ദരിദ്രമായിക്കിടന്ന എന്റെ മൂക്കിനെ വല്ലപ്പോഴും സമ്പന്നമാക്കികൊണ്ടിരിക്കുന്നത് അശ്വതിയുടെ അസമയത്തെ വിളികളാണ് !       
"എനിക്കെന്തെങ്കിലും കുറച്ചു പുസ്തകങ്ങള്‍ കൊണ്ട്‌തരൂ, ഇല്ലെങ്കില്‍ ഞാന്‍ ചത്തു പോകും മാഷേ" എന്നൊരു നിലവിളി അശ്വതിയില്‍ നിന്നും ഉയര്‍ന്ന ദിവസം ഞാന്‍ വല്ലാതെ വീര്‍പ്പുമുട്ടിയിരുന്നു . നേരിട്ട് കാണുവാന്‍ ഒരു നിര്‍വാഹവുമില്ലാത്ത കോട്ടയില്‍ പാര്‍ക്കുന്ന അശ്വതിക്ക് എങ്ങിനെ പുസ്തകങ്ങള്‍ എത്തിക്കും, ഒരുപാട് ആലോചനകള്‍ക്കൊടുവില്‍ ഒരുപഴുതു കണ്ടു, അവരുടെ അയല്‍ വീട്ടിലെ മലയാളി ഡ്രൈവര്‍ വശം കൊടുത്തുവിട്ടു.
          അലമാരയില്‍ നിന്നും ആനന്ദിന്റെ " മരുഭൂമികള്‍ ഉണ്ടാവുന്നത് " എം ടി യുടെ "രണ്ടാമൂഴം" വി ടി കൊച്ചുവാവായുടെ " വൃദ്ധസദനം" എന്നിവ എടുത്തു വെക്കുമ്പോള്‍ മനസ്സില്‍ ഇങ്ങനത്തെ ഗൌരവരചനകള്‍ മാത്രം വായിക്കുന്ന ഒരാളാണ് ഞാന്‍ എന്ന് അശ്വതി അറിയട്ടെ എന്നൊരു സ്വകാര്യ അഹങ്കാരവും എനിക്കു ണ്ടായിരുന്നു.
          അന്ന് രാത്രി എന്നെ ലജ്ജിപ്പിച്ചു കൊണ്ട് അശ്വതി പറഞ്ഞതിത്ര മാത്രം "മൂന്നില്‍ കുറഞ്ഞ തവണയെങ്കിലും ഞാന്‍ വായിക്കാത്ത ഒരു പുസ്തകമെങ്കിലും കിട്ടിയില്ലല്ലോ മാഷേ!  ആനന്ദിന്റെ കുന്ദന്റെ മനസ്സാണ് നിനക്ക്. ചിലപ്പോള്‍ അതൊരു കൊളാഷുപോലെ നീ വ്യതിരിക്തമാക്കികളയും! മറ്റു ചിലപ്പോള്‍ അപരന്നുവേണ്ടി കലാപം കൂട്ടും, എന്നിട് സ്വസ്ഥമായി വാതിലടച്ചുറങ്ങും, അത്രയേ ഉള്ളൂ നിന്റെ സാമൂഹിക പ്രതിബദ്ധത.
           ചിലപ്പോള്‍ വാക്കുകളേക്കാള്‍ കലാപം കൂട്ടുന്ന നിശബ്ദത കൊണ്ട് അശ്വതി സമ്പ ന്നയാവും. മറ്റുചിലപ്പോള്‍ ഇടപ്പഴുതില്ലാത്ത പറച്ചിലുകള്‍ക്കിടയില്‍ യജമാനന്റെ കാലൊച്ച അകലെയെങ്ങാനും കേട്ടാല്‍ അങ്ങേത്തലക്കല്‍
ഭയത്തിന്റെ നിശബ്ദത വിടരും, മരുഭൂമികള്‍ പൂക്കുന്നത് പോലെ. 
വല്ലാത്ത നിലളിയാണ് ഒരു ദിവസത്തെ രാവറുതി എനിക്ക് അശ്വതി തന്നത്. കണ്ണീരൊലിപ്പിന്റെ ഇടവഴികളിലൂടെ അശ്വതി എന്നെ കൂട്ടിക്കൊണ്ടുപോയ ഖേതത്തിന്റെ താവഴികള്‍. അമ്മ തിരിച്ചു വരാന്‍ വേണ്ടി കരഞ്ഞു വിളിച്ച എട്ട് വയസ്സ്കാരിയോട് അശ്വതിയിലെ അമ്മ.
   " മോളെ ,അമ്മ അങ്ങോട്ട്‌  വന്നാലെങ്ങിനെയാ? അമ്മ അയക്കുന്ന പണം കൊണ്ടല്ലേ മോള്‍ക്ക്‌ ഉടുപ്പ് വാങ്ങുന്നത് ? ചോറു കഴിക്കാന്‍  പറ്റുന്നത് ?മരുന്ന് വാങ്ങിത്തരാന്‍ പോലും നമുക്കാരാ മോളെ ഉള്ളത്   
" അമ്മാ, അമ്മ ഇങ്ങോട്ട് വന്നോള്ളൂ, ചോറു  വെക്കാന്‍ അരി ഞാന്‍ കൊണ്ട് വന്നിട്ടുണ്ട് "
സ്കൂള്‍ വക ഈദിന് കിട്ടിയ അഞ്ചുകിലോ അരിയാണ് അവളുടെ ധൈര്യം! 
                   വീട്ടില്‍ വിളിക്കുമ്പോളൊക്കെ എന്റെ ഭാര്യയുടെ സ്ഥിരംപരാതി നാല് വയസ്സുകാരി ഉമ്മുഖുല്സു ഭക്ഷണം കഴിക്കാന്‍ താല്പര്യം പ്രകടിപ്പിക്കാത്തതാണ് !ദിവസങ്ങളോളമാണ് ഈ എട്ട് വയസ്സ്കാരി എന്റെ ഉറക്കത്തെ വേട്ടയാടിയത്. മാസങ്ങളായി എന്റെ ചെറിയ വരുമാനത്തിന്റെ വളരെ ചെറിയൊരു പങ്ക് ഈ എട്ട് വയസ്സുകാരിക്കാണ്.അശ്വതിയുടെ അമ്മ ഇപ്പോള്‍ എന്റെയും അമ്മയാണ്, ഒരു പക്ഷെ അതിലേറെ!
ഒരു വറുതിക്കാലത്ത് അവര്‍ പറഞ്ഞതിങ്ങനെ
" അമൃതാനന്തമയിവക ഒരു അയല്‍ക്കൂട്ടമുണ്ട് ഞങ്ങള്‍ക്ക്. അതില്‍നിന്നും ആയിരം രൂപ ലോണെടുത്തു മോനെ. പലിശയില്ല, മാസത്തില്‍ നൂറു രൂപവച്ചു അടച്ചു തീര്‍ത്താല്‍ മതി"
     ശരിക്കും "ഗോഡ്സ് ഓഫ് സ്മോള്‍ തിങ്ങ്സ്‌ " അതിന്റെ നിഷ്കളങ്കത എനിക്കനുഭവപ്പെടുന്നുണ്ട് പലപ്പോഴും ആ അമ്മ വാക്കില്‍!
പനിച്ചു കിടന്ന എനിക്ക് അമ്പലപ്പുഴ പാല്‍പ്പായസം നേരുന്നു ചിലപ്പോള്‍ ആ ഗ്രാമ്യ സ്നേഹം! വിളിക്കാന്‍ വൈകിയാല്‍ എന്തിനെന്നില്ലാതെ വ്യാകുലമാവുന്നു, എന്റെ അമ്മ വളരെ പിശുക്കോടെ എനിക്ക് വിളമ്പുന്ന ഒന്ന് !  
   
രണ്ട് ദിനാറിന്റെയും, മൂന്നു ദിനാറിന്റെയും, രണ്ടു ചിട്ടികളുടെ ഉടമയാണ് അശ്വതി! അവരോട് പലതവണ പറഞ്ഞ ഒരു കാര്യമുണ്ട്.
     "നിങ്ങളെയൊക്കെയാണ് ശരിക്കും ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്‍ അധ്യക്ഷയാക്കേണ്ടത് "  
         ചെറിയ കുടില്‍, ആസ്ബസ്ടോസ് മേഞ്ഞ്‌ ഇത്തിരി വെടിപ്പാക്കിയത് വഴി ബാക്കിയായ ഒരു ലക്ഷത്തോളം രൂപയാണ് അശ്വതിയുടെ പേടിസ്വപ്നം. മാസാന്ത്യത്തില്‍ കയ്യില്‍ കിട്ടുന്ന നാല്‍പ്പതു ദിനാര്‍ കൊണ്ട് തുഴഞ്ഞെത്താനാവാത്തത്ര ദൂരം. പലിശ കയറിക്കയറി മേല്‍ക്കൂര പൊളിച്ചു തുടങ്ങി യിരിക്കുന്നു.
 
എന്റെ സുഹൃത്തുക്കള്‍ക്കിടയില്‍  അശ്വതിയുടെ പ്രശ്നങ്ങള്‍ പലതവണ അവതരിപ്പിച്ചു. നാം വെറുതെ ഫോണ്‍ വിളിച്ചും, പുകച്ചും കളയുന്ന ചില്ലിക്കാശു മതി അശ്വതിയുടെ ചെറിയ കടം വീട്ടി അവരെ സ്വതന്ത്രയാക്കാന്‍.
" പെണ്‍വിഷയമാണ്, ആവശ്യമില്ലാതെ പ്രശ്നങ്ങളില്‍ പോയി വീഴണ്ട, അവള്‍ വല്ല കടുംകൈയും ചെയ്താല്‍ ഫോണ്‍ നമ്പര്‍ വഴി നീയാണകത്താവുക" എന്നൊരു മോശമല്ലാത്ത ഉപദേശവും.
മിനിയാന്ന് നട്ടുച്ചനേരം അപ്രതീഷിതമായി അശ്വതി വിളിച്ചു
" മാഷേ എനിക്കിത്തിരി ധൈര്യം വേണം"
"എന്ത് പറ്റി ?"
" എന്റെ ധൈര്യത്തിനാണ് മാഷേ ഞാനിപ്പോള്‍ വിളിക്കുന്നത്.‌ വീട്ടില്‍  ബാബ മാത്രമേയുള്ളൂ, അവന്‍ എന്നെ ടി വി കാണാന്‍ ഹാളിലേക്ക് വിളിച്ചു, അതില്‍ നിറയെ നീലചിത്രങ്ങളാണ്, ഞാനിപ്പോള്‍ വാതിലടച്ചു  എന്റെ മുറിയിലിരിക്കു കയാണ്. മാഷെന്റെ ഹൃദയമിടിപ്പ് കേള്‍ക്കുന്നില്ലേ"
"അശ്വതീ, എനിക്കെന്താണ് ചെയ്യാന്‍ കഴിയുക, നീ ഒരു കോട്ടയിലാണല്ലോ! ഞാന്‍ ആരോടു സഹായം ചോദിക്കും?"
" ടെന്ഷനടിക്കേണ്ട മാഷെ, വാതിലിനിപ്പുറം ഞാനൊരു കത്തിയും പിടിച്ചാണിരിക്കുന്നത്‌. ചിലപ്പോള്‍ അടുക്കളവരെ ഓടാന്‍ സൗകര്യം കിട്ടിയില്ലെങ്കിലോ."
ഒരു കത്തി മുനക്കിരുവശവും ഞാനും,അശ്വതിയും മണിക്കൂറുകളോളം വിയര്‍ത്ത് കഴിഞ്ഞു!
" അശ്വതീ, നമുക്ക് ആകാശം ഇടിഞ്ഞു വീഴാന്‍ പ്രാര്‍ഥിക്കാം, ഒരു നിസ്സഹായന്  ഇതില്‍ കവിഞ്ഞെന്തു ചെയ്യാന്‍ കഴിയും"
 അല്ലെങ്കില്‍ ഞാനെന്താണ് ഉപദേശിക്കുക, നീ അയാള്‍ക്ക്‌ വഴങ്ങി കുടുംബത്തെ സംരക്ഷിക്കണമെന്നോ!അല്ലങ്കില്‍ അയാളെ കുത്തി മലര്‍ത്തി നീയും അത്മഹത്യ ചെയ്യൂ എന്നൊ! 
" മാഷ്‌ തളരരുത്, മാഷാണെനിക്കിപ്പോള്‍ ധൈര്യം തരേണ്ടത് "‌  
മഴ പെയ്യാതെ ഒഴിഞ്ഞു പോയി, പക്ഷെ എപ്പോഴും ചാടി വീഴാന്‍ പതുങ്ങിയിരിക്കുന്നൊരു പൂച്ചയാണയാള്‍.
അന്ന് രാത്രി ഉറക്കം വരാഞ്ഞപ്പോള്‍ അശ്വതിയെ ഒന്ന് കൂടി വിളിച്ച്
" അരുതായ്ക എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ നീ എന്ത് ചെയ്യ് മായിരുന്നു?"

"എന്താലോചിക്കാന്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു" 
" പിന്നെ മക്കള്‍ ?"
" അച്ഛനില്ലാതെ അവരിത്ര വരെ എത്തിയില്ലേ ?അമ്മയില്ലെങ്കിലും നിങ്ങള്‍ ജീവിക്കുമെന്ന ധൈര്യം ഞാന്‍ നിരന്തരം കൊടുക്കാറുണ്ട് മാഷേ, ദൈവം ഇവിടെവരെ വിളക്ക്കാണിച്ചു തന്നില്ലേ"
       എന്നെ നിരന്തരം അത്ഭുതപ്പെടുത്തിയത് അശ്വതിക്ക് ഒന്നിലും പരാതിയില്ലെ ന്നുള്ളതിലാണ്. പരാതി നാം ആരോടുപറയും, എല്ലാവരും ഓടുകയല്ലേ മാഷേ, എന്നൊരു ഭാവം!
കടം നിറഞ്ഞു മൂക്കോളം മുങ്ങിക്കൊണ്ടിരിക്കുന്ന അശ്വതിക്ക്മേല്‍ ചാടി വീഴാന്‍ പഴുത് നോക്കി ഇപ്പോള്‍ ഒരു കാട്ടുപൂച്ചയും കാത്തിരിപ്പുണ്ട്‌ !  എനിക്ക് അടുപ്പമുള്ള അസോസിയേഷന്‍ വ്യക്തിത്വങ്ങള്‍ കൂടുതലില്ല! എന്നെ നന്നായി അറിയാവുന്ന ഒരു ചേച്ചിയോട് ഈ കാര്യം അവതരിപ്പിച്ചു നോക്കി. ശരിയാണ് അവര്‍ പറയുന്നത് ഒരു അസോസിയേഷന് ഇടപെടാനുള്ള ചേരുവകളൊന്നുമില്ലത്ത അശ്വതിയുടെ കഥയില്‍ അവളുടെ അത്മഹത്യ കൊണ്ട്‌ അവള്‍ക്കു വേണമെങ്കില്‍ എരിവു ചേര്‍ക്കാം. അല്ലെങ്കില്‍ മക്കള്‍ക്കാര്‍ക്കെങ്കിലും മാരകരോഗം പിടിപെടണം. ഇത്തരം മിനിമം യോഗ്യതകളൊന്നുമില്ലാത്ത അശ്വതി പടിക്കുപുറത്തു നില്‍ക്കട്ടെ. 
"ഇല്ല മാഷേ എന്റെ മക്കള്‍" എന്നൊരു സ്നേഹത്തിന്റെ അര്ധോക്തിയില്‍ അവള്‍ക്കു പലപ്പോഴും വാക്കുകള്‍ നഷ്ടപ്പെടുന്നു    

   മിക്കവാറും അസോസിയേഷന് ധീരമായി ഇടപെടാനുള്ള ഒരവസരം അശ്വതി അടുത്തുതന്നെ ഉണ്ടാക്കിത്തന്നേക്കാം,ആത്മഹത്യ കൊണ്ട് ! അത് വരെ നമുക്ക്കാത്തിരിക്കാം.
അശ്വതി ആത്മഹത്യ ചെയ്യുകയാണെങ്കില്‍ ഞാനൊരു കുറിപ്പിടാം. 65029247  ഇത് എന്റെ നമ്പര്‍. അവരുടെ അമ്മയെയോ, കുട്ടികളെയോ വിളിച്ച് ആര്‍ക്കെങ്കിലും അനുശോചിക്കണമെന്നുണ്ടെങ്കില്‍ അവരുടെ വീട്ടു നമ്പര്‍ എന്റെ കൈവശം ഉണ്ട്
അഹം ബ്രഹ്മാസ്മി ...
ഇനി പ്രാര്‍ത്ഥിക്കുമ്പോള്‍ ചേര്‍ത്തുപിടിച്ച കൈകള്‍ക്കിടയില്‍ നിന്നും രണ്ടിറ്റു കണ്ണീര്‍ ദൈവത്തിന്റെ ഭാഷയില്‍ നമ്മളെ ചോദ്യം ചെയ്യും.നമുക്ക് ക്രമേണ പ്രാര്‍ത്ഥനയ്ക്ക് ഭാഷ നഷ്ടപ്പെടും.വിശുദ്ധ പുസ്തകത്തിലെ ലിപികളൊട് ഹൃദയത്തിന്റെ വെള്ളെഴുത്ത് യുദ്ധം ചെയ്യും. ആര്‍ദ്രവചനങ്ങള്‍ കൈമോശം വന്ന സമൂഹത്തിന്റെ മരുന്നുകള്‍ക്ക്മേല്‍ രോഗങ്ങള്‍ മുദ്രകൂട്ടുന്നത്‌ ഇതിനാലാവാം. കപിലവസ്തു ശാന്തമാണ്. ഉച്ചരിക്കാന്‍ വാക്കുകള്‍ നഷ്ടപ്പെട്ട ഒരു സമൂഹത്തിന് സമാധാനം, പുകപെറുന്ന ഒരു കരിന്തിരി മാത്രമാണ് ! അപരന്റെ മുറിവില്‍  ജാഗ്രതയോടെ മരുന്ന് വെക്കുന്ന വരോടാണ് ദൈവത്തിന് പ്രിയം എന്ന് നാം പഠിക്കാന്‍, ദൈവത്തിന്  ഇനിയും ഒരുപാടു കഥകള്‍ പറയേണ്ടിവരും...!



മഞ്ഞു മൂടിയതെല്ലാം
നിഷ്കളങ്കമാണെന്ന്
ഒരു പുലര്‍കാലം...
നനഞ്ഞത്‌ ചേര്‍ത്ത് പിടിക്കുമ്പോളാണ്
ഹൃദയം സത്യം പറയുന്നതെന്ന്
ഒരു മഴക്കാലം...
എല്ലാം കൊഴിയാന്‍ വേണ്ടിയാണെന്ന്
ഓര്‍മ്മപ്പെടുത്തുമ്പോലെ
ഒരു പൂക്കാലം...
"ഇതിനിടയിലെന്തിനീ വേനലെന്ന് "  മകള്‍
"നമ്മള്‍ ആര്‍ക്കും വേണ്ടാത്ത മരുഭൂമികള്‍ക്ക്
കാവലിരിക്കാനെന്ന്"അമ്മ
                           ഋതുക്കളോരോന്നും ഓര്‍മ്മപ്പെടുത്തുന്നത് ( ടി .സി. അശ്വതി )‌