എഴുതിക്കടന്ന പുഴകള്‍.
6

പതിയേ പെയ്യുന്ന ഒരാള്‍


            റഞ്ഞു തുടങ്ങുമ്പോള്‍ മഴപെയ്യുകയാണെന്നേ തോന്നൂ. മരത്തിന്റെ ഉച്ചിയില്‍ തട്ടി ശിഖരങ്ങളിലൂടെ താഴേക്കൊലിച്ച്, അതിലെ പക്ഷികളെ ഉണര്‍ത്താതെ, ഇലകളോടു കിന്നാരം പറയാന്‍ മെനക്കെടാതെ, ഉടല്‍ തടിയില്‍ ആവോളം ഉമ്മവെച്ച്, താഴ്വേരോളം ഒലിച്ചിറങ്ങുന്ന ഒരു രാത്രിമഴ. ആ മഴയെ നമുക്ക് ഷാജി.എന്‍. കരുണ്‍ എന്ന് വിളിക്കാം. ചുറ്റുവട്ടങ്ങള്‍ ഇങ്ങനെയായിപ്പോകുന്നുവല്ലോ എന്ന സങ്കടങ്ങള്‍, ഒറ്റ ഫ്രെയിമിലൊതുങ്ങാത്ത മഴയെപ്പോലെയാകുമ്പോള്‍ ഹൃദയമുള്ളവര്‍ അര്‍ത്ഥപൂര്‍ണ്ണമായ ഒരു നിശബ്ധത ബാക്കിവെക്കുന്നു. വാക്കുകള്‍ വാനപ്രസ്ഥത്തിനുപോകുമ്പോഴും പിറവിയെടുക്കുന്ന ചില  സുകൃത ദീപ്തികള്‍ ഇദ്ദേഹം നമുക്ക് നല്ല ചലച്ചിത്രങ്ങളിലൂടെ കാണിച്ചുതരുന്നു. വിശ്രുത സംവിധായകന്‍ പറഞ്ഞു തുടഞ്ഞുന്നു. ഫ്രെയിമില്‍ ഒളിപ്പിച്ചു വെക്കുന്ന വല്ലാത്ത മൌനത്തിന്റെ അമ്ലരുചിയോടെയല്ലാതെ, എന്നാല്‍ ഉച്ചസ്ഥായിയെ മൌനം കൊണ്ട് മെരുക്കിയെടുത്ത അനുഭൂതി പൂര്‍ണ്ണമായ പതിഞ്ഞ ശബ്ദത്തില്‍, അതില്‍ നിറയെ പോക്ക് വെയിലിന്റെ രുചിയുണ്ട്, അതിനപ്പുറം ആത്മസുഹൃത്ത്  ജി. അരവിന്ദന്‍ എന്ന അരവിന്ദേട്ടന്റെ പൂര്‍വ്വാശ്രമത്തിലെ മരവുരികളുടെ വല്ലാത്ത ഉടല്‍മണമുണ്ട്.            
പിറവി എന്ന ഒറ്റചിത്രം മലയാളത്തിലേക്ക് കൂട്ടി കൊണ്ട് വന്ന പാരിതോഷികങ്ങളേക്കുറിച്ച് നാം ആദ്യം അറിയേണ്ടതുണ്ട്. 1989 കാന്‍ ഫെസ്ടിവല്‍  ~ കാമറ  ഡി ഓണര്‍.  
1989 എടിന്ബെര്ഗ്  ~ചാര്‍ളി ചാപ്ലിന്‍ അവാര്‍ഡ്.
1989  ലോകാര്ണോ ഇന്റെര്നാഷണല്‍ ഫിലിം ഫെസ്ടിവല്‍. 
പ്രൈസ്  ഓഫ്  ദി  എസുമെനികാല്‍  ജൂറി  - സ്പെഷ്യല്‍  മെന്‍ഷന്‍, സില്‍വര്‍ ലെപേ
ര്‍ഡ്.     1989 നാഷണല്‍ ഫിലിം അവാര്‍ഡ്.
സുവര്‍ണ്ണ കമലം ~ നല്ല ചിത്രം.
സുവര്‍ണ്ണ കമലം ~ നല്ല സംവിധായകന്‍.
1989 ഹവായി ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്ടിവല്‍ നല്ല ചിത്രം.

1989  ചിക്കാഗോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്ടിവല്‍ ~സില്‍വര്‍  ഹുഗോ.
1990 ബെര്ഗാമോ ഇറ്റലി ~ബ്രോന്‍സെ റോസാ കാമുന. 
1990 ഫ്രിബെര്ഗ്
ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്ടിവല്‍  (സ്വിട്സര്‍ലാന്‍ഡ്‌ ) ~ഡിസ്ട്രിബ്യൂഷന്‍ ഹെല്പ്  അവാര്‍ഡ്‌.
1991 ഫജര്‍ ഫിലിം ഫെസ്ടിവല്‍ (ഇറാന്‍ )  ~ക്ര്യസ്ടല്‍  സിമോര്‍ഘ്  അവാര്‍ഡ്
എന്നീ പ്രമുഖമായവ തുടങ്ങി മുപ്പത്തിഒന്നു അവാര്‍ഡ്കളാണ് വാരിക്കൂട്ടിയത്.

     പിറവിയില്‍ നിന്നു തന്നെ തുടങ്ങാം " ജലത്തെ ഇത്രയും വിദഗ്ധമായി കഥയുടെ പശ്ചാത്തലത്തോടു സമന്വയിപ്പിച്ച ഒരു സിനിമ നമുക്കുണ്ടോ എന്നറിയില്ല, മഴയായും, പുഴയായും, ചുഴിയായും, കൈത്തോടായും പിറവിയില്‍ മഴ നാനാര്‍ത്ഥങ്ങളുടെ ജലസമൃദ്ധിയാണ്.  ഈച്ചരവാര്യരുടെ ആത്മകഥയുടെ പേരും "മരിച്ചിട്ടും നിങ്ങളെന്തിനാണ് അവനെ മഴയത്ത് കിടത്തുന്നത് "എന്നാണല്ലോ? ഇതെങ്ങിനെ സംഭവിച്ചു ?

"മഴ, ലോകത്തെല്ലാവര്‍ക്കും ഇഷ്ടമുള്ള പ്രകൃതിയുടെ മുഖമാണ്. മരുഭൂമിയില്‍ ജീവിക്കുന്ന നിങ്ങള്‍ ഒന്ന് കണ്ണടച്ചിരുന്നു നോക്കൂ, കേള്‍ക്കുന്നില്ലേ ആ മഴയിരമ്പം ! കണ്ണടച്ചു തന്നെ നമുക്കറിയാം   അതിന്റെ വിവിധ ഭാവങ്ങള്‍, മണങ്ങള്‍... ഒരുപക്ഷെ നിങ്ങള്‍ക്കത് കൂടുതല്‍ കിട്ടും മനസ്സില്‍...
ജലമാണ് എല്ലാത്തിന്റെയും ആധാരം, അതില്‍ നിന്നുയിര്ഭവിച്ചാതാണ് നാം കാണുന്നതെല്ലാം. അതുകൊണ്ട് ആലോചനയുള്ള ആര്‍ക്കും, എതോരര്‍ത്ഥത്തിലും ജലത്തെ ഉപയോഗിക്കാന്‍ കഴിയും. വീട്ടില്‍ വരുന്ന ഒരാള്‍ക്ക്‌ ഒരു ഗ്ലാസ് വെള്ളം കൊടുക്കുന്നതാണ് നമ്മുടെ സംസ്ക്കാരം.

"പക്ഷെ മഴയൊക്കെ നാമിപ്പോള്‍ പഴയത് പോലെ അനുഭവിക്കുന്നുണ്ടോ? ഇന്ന് ഞാന്‍ ഭാര്യയെ വിളിച്ചപ്പോള്‍ പറഞ്ഞത് ഇവിടെ ഭയങ്കരമഴയാ എന്നാണ് ! ഇന്ന് മഴതുടങ്ങിയതെയുള്ളൂ എന്നിട്ടും... "ഭയങ്കരം" എന്നത് ഭീതിയുയര്‍ത്തുന്ന ഒരു വാക്കല്ലേ?'
" നമുക്ക് കര്‍ഷകര്‍ നഷ്ടപ്പെട്ടതാണ് ഇതിന് കാരണം. മഴകാത്തുകിടകുന്ന കര്‍ഷകര്‍ നമുക്കിന്നില്ല. തമിഴ്നാട്ടിലെയോ, ആന്ധ്രയിലെയോ ജനത ഇത്തരം ഒരു പ്രയോഗം നടത്തുകയില്ല.ഓര്‍ത്ത്‌ നോക്കൂ നമുക്ക് നമ്മുടേതായ ഒരു ഫര്‍ണിച്ചര്‍ സംസ്ക്കാരം പോലുമുണ്ടായിരുന്നില്ല. വെറും നിലത്താണ് നാം ഇരുന്നുണ്ടത്. വിത്ത്‌ സൂക്ഷിക്കുന്ന പത്തായപ്പുറത്താണ് നാം അന്ന് കിടന്നിരുന്നത്. തഴപ്പായയായിരുന്നു അന്ന് നമ്മുടെ മെത്ത. നമുക്കിതൊക്കെ നഷ്ടമായി. ഓര്‍ത്തുനോക്കൂ ഈ മരുഭൂമിയില്‍ ഒരു ആല്‍മരം തഴച്ചു വളര്‍ന്നു നിന്നാലുള്ള ഭംഗി "    

 "അതിനര്‍ത്ഥം നമുക്ക് മഴകൊള്ളേണ്ട  അവശേഷിപ്പുകള്‍ കുറവും, മഴയില്‍നിന്നും സംരക്ഷിക്കപ്പെടേണ്ട കാര്യങ്ങള്‍ കൂടുതലും ആണെന്നാണോ?"
"തീര്‍ച്ചയായും, നമുക്ക് തിരുശേഷിപ്പുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്"
           
"നമുക്കിടയില്‍ നിന്നും കാണാതാവുന്ന ഒരാള്‍, അയാളെത്തേടി അലയുന്ന ഒരച്ഛന്‍‍,  ഇതാണല്ലോ പിറവിയുടെ പ്രമേയം? പിറവി പുറത്തിറങ്ങുന്ന കാലത്ത് നമുക്കറിവുള്ളത് ഒരു രാജന്റെ കഥമാത്രമാണ്, ഇന്നാണെങ്കില്‍ നമ്മുടെ അയല്‍ വീടുകളില്‍ നിന്നുപോലും ആളുകള്‍ എങ്ങോ ട്ടെന്നില്ലാതെ അപ്രത്യക്ഷമാവുകയാണ്. അതൊന്നും വിഷയീഭവിക്കുന്നേയില്ല, എങ്ങോട്ടാണ് നമ്മുടെ വളര്‍ച്ച?"
" ഞാനും ചിലപ്പോള്‍ അത്ഭുതപ്പെടാറുണ്ട് . രാജന്റെ തിരോധാനം നമ്മുടെ ഒരു ഭരണകൂടത്തെതന്നെ വീഴ്ത്തിയത്തിയ സംഭവമാണ്. എന്നാല്‍ ഇന്നോ? ഇതിന്റെ പ്രാഥമികപ്രശ്നം നമ്മുടെ വിദ്യാഭ്യാസത്തിന്റെതാണ്. നമ്മുടെ മൂല്യങ്ങള്‍, നമ്മുടെ സംസ്കാരം, നമ്മുടെ പൈതൃകം, ഇതൊന്നും നമ്മുടെ  സിലബസ്സെ അല്ല ഇപ്പോള്‍."
 
"പൈതൃകത്തെപറ്റി പറയുമ്പോളായാലും, മതത്തെപറ്റി പറയുമ്പോള്‍ അതൊരു  വിഷമഭിന്നം  തന്നെയല്ലേ?"
" മതം, നമുക്ക് വേണ്ടിയുള്ളത് എന്നതില്‍ നിന്നും കാര്യങ്ങള്‍ മാറിപ്പോയിരിക്കുന്നു. കേരളത്തെ കുറിച്ചു അത്ഭുതം കൂറുന്ന നിരവധി സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്നു.അതില്‍ ഒരാള്‍ ഈയിടെ എന്നെ വിളിച്ചിരുന്നു.എന്നിട്ട് പറഞ്ഞു ഞാനിപ്പോള്‍ കേരളത്തെ ഓര്‍ത്ത്‌ ലജ്ജിക്കുന്നു എന്ന്. ഒരു അദ്ധ്യാപകന്റെ കൈവെട്ടി എടുക്കുന്നതുവരെ നിങ്ങള്‍ എത്തിച്ചേര്ന്നല്ലോ എന്ന്. മൂല്യച്ച്യുതി എല്ലാ മേഖലയിലും വന്നുപെട്ടിട്ടുണ്ട്. മുന്‍പുണ്ടായിരുന്ന അച്ചടക്കമുള്ള പ്രേക്ഷകരല്ല നമുക്കിന്നുള്ളത്. ചലച്ചിത്രഗാനങ്ങളുടെ കാര്യം നോക്കൂ.. കടലാസില്‍ എഴുതിയാല്‍ വായിക്കാന്‍ കൊള്ളാത്തവയാണതൊക്കെ. പാട്ടുകള്‍ ഇന്ന് നിര്‍മ്മികുന്നത്  എന്ജിനിയറിങ്ങിന്റെ വൈദഗ്ധ്യം കൂട്ടുപിടിച്ചാണ്. പാടിയവനുപോലും ഇതുഞാന്‍ പടിയതാണെന്നു തോന്നുകയില്ല പാട്ട് കേള്‍ക്കുമ്പോള്‍"        

"സ്വം എന്നചിത്രത്തില്‍ കമ്പോസ്സിംഗ് രാഘവന്‍ മാഷും, പിറവിയില്‍ ജി. അരവിന്ദനും, വാനപ്രസ്ഥത്തില്‍ സാക്ഷാല്‍ സക്കീര്‍ ഹുസൈനും ആണല്ലോ? ഈ കാസ്റ്റിംഗ് എങ്ങിനെയാണ് സംഭവിക്കുന്നത്‌? കഥാപാത്രങ്ങളും നടനും ആണെങ്കില്‍ നമുക്കൊരു മുന്‍ധാരണ ഉണ്ടാവുമല്ലോ പാത്രസൃഷ്ടിവച്ചുതന്നെ?"
"പിറവിയില്‍ അരവിന്ദേട്ടന്റെ സാനിധ്യം എനിക്കാവശ്യമായിരുന്നു, അതൊരു കൂട്ടായ്മയുടെ സ്നേഹോദാരം കൂടിയാണ്. അദ്ദേഹത്തിന്റെ വിയോഗം നമുക്കിപ്പോഴും അനുഭവപ്പെടുന്നുണ്ട്. ചിലര്‍ അങ്ങിനെയാണ്. സ്വമ്മില്‍ രാഘവന്‍ മാഷിന്റെ ഇടപെടല്‍ എനിക്ക് വേണമെന്ന് തോന്നി. എന്റെ മനസ് മാഷിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. വാനപ്രസ്ഥം, അത്തരം ഒരു കഥാപരിസരത്തിനുചിതം സക്കീര്‍ തന്നെയാണെന്ന് തോന്നി. നമ്മുടെ സംസ്കൃതി എന്തെന്ന് ബോധ്യമുള്ള ഒരാള്‍.."
 
"പക്ഷെ തികച്ചും  കേരള പശ്ചാത്തലമുള്ളോരു കഥ സക്കീര്‍ എങ്ങിനെ ഉള്‍ക്കൊള്ളുന്നു?"
" അതാണ്‌ ഒരു കലാകാരന്റെ ധര്‍മ്മം, ദേശവും കാലവും അവിടെ പരിഗണന അര്‍ഹിക്കുന്നില്ല. പറയുന്നതാണ് വിഷയം. ഞാന്‍ എന്റെ എഴുത്ത് രീതി വെച്ചു സ്ക്രിപ്റ്റായപ്പോള്‍ തന്നെ അദ്ദേഹത്തെ ഏല്‍പ്പിച്ചു. അദ്ദേഹത്തിന് കൂടുതല്‍ സമയം കിട്ടാനും ഇതുപകരിച്ചു. "
'പക്ഷെ മലയാളി അല്ലാത്ത ഒരാള്‍ എന്ന എന്റെ അത്ഭുതം ഇപ്പോഴും നിലനില്‍ക്കുന്നു !"
"ഞാനൊരു ഉദാഹരണം പറയാം, നാമിരിക്കുന്ന ഈ ഹോട്ടല്‍ മുറി, ഒരു ജയിലോ, കോടതിയോ ആക്കാന്‍ ഞാന്‍ ഒരു കലാസംവിധായകനോടു പറഞ്ഞാല്‍, അയാള്‍ അത് വളരെ ഭംഗിയായി ചെയ്യും.അതാണ്‌ അയാളുടെ മിടുക്ക്"
 "നമ്മുടെ ചലച്ചിത്ര മേളകളെ വല്ലാതെ ആവേശിപ്പിച്ച ഒരാളായിരുന്നു എ. അയ്യപ്പന്‍, അയ്യപ്പനും ജോണ്‍ എബ്രഹാമും, അവര്‍ ജീവിച്ചു തീര്‍ത്തത്  മലയാളിയുടെതല്ലാത്ത ഒരു ജീവിതമാണ്. നമുക്കിടയില്‍ ഇതെങ്ങിനെ സംഭവിക്കുന്നു?"
" അവര്‍ തികച്ചും സത്യസന്ധരായത് കൊണ്ടുകൂടിയാണിത് സംഭവിക്കുന്നത്‌. അയ്യപ്പന്‍ നിര്‍മ്മിച്ചത് കവിതയല്ല, അതിന്റെ ദൃശ്യബിംബങ്ങള്‍ ആണ്. നമുക്കത് വേറിട്ട വായനാനുഭവമല്ല, ദൃശ്യാനുഭ
വം തന്നെയാണ്. പിന്നെ അവരുടെ ജീവിതം, നാം സമയത്തിന്റെ ഒരു ചട്ടക്കൂട്ടില്‍ ആണ് ജീവിക്കുന്നത്, നമ്മുടെ ചട്ടക്കൂട്ടിനുവിപരീതമായി ജീവിക്കുന്നവരൊക്കെ നമുക്ക് ഭ്രാന്തന്മാരാണ്. അവര്‍ തിരിച്ചു നമ്മെക്കുറിച്ചും ഇങ്ങനെ ആലോചിക്കുന്നുണ്ടാവാം. നാം അത് അറിയാതെ പോകുന്നു."                                         
"അടുത്ത
പ്രോജക്റ്റ്‌ സാക്ഷാല്‍ എം. എഫ്. ഹുസൈന്റെ കൂടെയാണല്ലോ സിനിമട്ടോഗ്രാഫിയുമായി, അതിന്റെ കഥാതന്തു?"
"വളരെ ഹ്രസ്വമായ ഒരു ചര്‍ച്ചയേ നടന്നിട്ടുള്ളു, മലയാളികളാണ് പൂര്‍വകാലത്ത് തയ്യല്‍ക്കാരനെ തീരെ ആശ്രയിക്കാതെ ജീവിച്ച ഒരേ ഒരു ജനത, നോക്കൂ  നാം പുരുഷന്മാര്‍ ഉടുക്കുന്നത് ഒരു മുണ്ടാണ്, തയ്യല്‍ക്കാരന്‍ വേണ്ട അതിന്. സ്ത്രീകള്‍, അവര്‍ക്ക് മേല്‍മുണ്ടും, മുലക്കച്ചയും, അതിനും ഒരു തയ്യല്‍ക്കാരന്‍ വേണ്ട.  ഈ ഒരു ആശയത്തെ പല ലോകകോണുകളില്‍ നിന്നും നോക്കുകയാണ് സംവിധായകന്‍ എം. എഫ്. ഹുസൈന്‍. അതില്‍ എനിക്കും ഒരു ഖേതത്തിന് ഇടമുണ്ട്,  ഇന്ത്യ ഇതില്‍ ലൊക്കേഷനേ അല്ല "
"ഹുസൈന്‍, പകരം വീട്ടുകയാണോ?"
"അല്ല, എനിക്ക് മനസ്സിലാവാത്തത്, നൂറ്റിമുപ്പതു കോടി ജനങ്ങള്‍ക്ക്‌ മേല്‍ കേവലം പതിനായിരത്തോളം ആളുകളുടെ ഇംഗിതങ്ങള്‍ എങ്ങിനെ നടപ്പാകുന്നു എന്നതാണ് !"         
"ഉടന്‍ തന്നെ ഉണ്ടാവുമോ ആ പ്രോജക്റ്റ് ?"
"ഇല്ല. അദ്ദേഹം ഒമാനില്‍ ചെയ്തുകൊണ്ടിരിക്കുന്ന ചില ബ്ര് ഹത് പദ്ധതികള്‍ കഴിഞ്ഞാല്‍ നടന്നേക്കാം.."
" താങ്കളുടെ അടുത്ത  സ്വന്തം സിനിമ ?"
" കടല്‍, ടി. പദ്മനാഭന്റെ കഥയെ ആസ്പദമാക്കി"
 
" താരങ്ങള്‍ ‍?"
"മോഹന്‍ലാല്‍ ഉണ്ട്, മുന്‍പേ തീരുമാനിച്ചതാണ്.അതിനിടയിലാണ് "കുട്ടിസ്രാങ്ക്' വന്നുഭവിച്ചത്. പിന്നെ ഒരു ഡോക്യുമെന്‍ട്രിയും ചെയ്യുന്നുണ്ട്  " നിങ്ങള്‍ എന്തിനു വെയിറ്റുചെയ്യുന്നു "
എന്ന വിഷയത്തില്‍ അധിഷ് ട്ടിതമായി. താങ്കള്‍ എന്തിനാണ് കാത്തിരിക്കുന്നതി എന്ന ചോദ്യം ഞാന്‍ ഏകദേശം നൂറുപേരോടു ചോദിച്ചു, അത്ഭുതകരമായ മറുപടിയായിരുന്നു "
"ഈ ചോദ്യം ഞാന്‍ താങ്കളോട് ചോദിക്കട്ടെ "താങ്കള്‍ എന്തിനാണ് വെയിറ്റു ചെയ്യുന്നത്?"
ഉത്തരം ചെറുചിരിയോടെ
" എന്റെ സിനിമകള്‍ക്കായി, എന്നോളം വെയിറ്റ് ചെയ്യുന്ന ആരും  ഉണ്ടാവുമെന്നു തോന്നുന്നില്ല "
"ശരിയാണ്. പിറവി(1998),സ്വം(1994),വാനപ്രസ്ഥം(1999),കുട്ടിസ്രാങ്ക് (2010).ഇത്ര വലിയ ഇടവേളകള്‍ എങ്ങിനെ ഉണ്ടാവുന്നു?"
"ഞാന്‍ നല്ല തിരക്കുകള്‍ക്കിടയിലാണ് ജീവിക്കുന്നത്, സിനിമയുമായി ബന്ധപ്പെട്ട, സിനിമാ മേളകള്‍പോലുള്ള നിരവധി കാര്യങ്ങളില്‍ ഞാന്‍ നിരന്തരം ഭാഗഭാക്കാണ്. അതിന്റെ ഒരു പ്രശ്നമുണ്ട്" 
"സൂപ്പര്‍ സ്റ്റാറുകളായാലും, വെണ്മണി വിഷ്ണുവിനെപ്പോലുള്ള സാധാരണ പ്രക്ഷകര്‍ക്ക് അത്ര  പരിചയമില്ലാത്ത നാടനായാലും വല്ലാത്ത മേയ്യൊതുക്കത്തോടെയാണ് താങ്കളുടെ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്?"
" അതതെന്റെ  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ലാല്‍ അവതരിപ്പിച്ച കുഞ്ഞുകുട്ടനായാലും, സുഹാസിനിയുടെ സുഭദ്രയായാലും, മമ്മൂട്ടിയുടെ കുട്ടിസ്രാങ്കായാലും അതിന്റെ പശ്ചാത്തലവുമായി അത്രയേറെ ഒട്ടി നില്‍ക്കുന്ന കഥാപാത്രങ്ങളാണവര്‍. പിന്നെ ഇവരൊക്കെ നല്ല നടന്‍മാരുമാണ്. വര്‍ഷങ്ങളായുള്ള ഇവരുടെ കുത്തകയെ തകര്‍ക്കാന്‍ മറ്റൊരു നടനും കഴിയാത്തത് അതുകൊണ്ട് കൂടിയാണ്."                    
"പഴയത് പോലെ സിനിമാട്ടൊഗ്രാഫിയിലേക്ക് ?"
"ചിലപ്പോള്‍ സംഭവിച്ചേക്കാം, ഹരിഹരന്‍  വിളിച്ചിരുന്നു. എം. ടി യുടെ രണ്ടാമൂഴം ചെയ്യുന്നതിനെപറ്റി. ചിലപ്പോള്‍ അടുത്ത വര്ഷം അത് സംഭവിച്ചേക്കാം"         
" ഒരു ചോദ്യം കൂടി, കലാകാരന്‍മാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുക എന്നത് ശരിയാണോ?"
"അത് ശരിയായ ഒരു നടപടിയായി തോന്നുന്നില്ല , നമുക്ക് കാര്യങ്ങള്‍ തുറന്നു സംസാരിക്കാം. അതിനുള്ള സൌകര്യവും, സാവകാശവും നമുക്കുണ്ട്. സംസ്കാരം എന്നൊന്ന് നാം രൂപീകരിച്ചതെന്തിനാണ് ! ഇത്തരം പ്രശ്നങ്ങളെ നാം അവധാനതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അതിനെക്കൂടി ചേര്‍ത്തു വെച്ചാണ് നാം സംസ്ക്കാരം എന്ന് പറയുന്നത്  "     

 "എനിക്ക് താങ്കളോട് വലിയൊരു കടപ്പാട് കൂടിയുണ്ട്, ഞാനിപ്പോള്‍ വച്ചുകൊണ്ടിരിക്കുന വീടിനു    "സ്വം" എന്ന് പേരിടാനാണ് നിശ്ചയിച്ചിരിക്കുന്നത്. അത് ഇന്ന് തീരുമാനിച്ചതല്ല. ആ ചിത്രം കണ്ട തൊണ്ണൂറുകളിലേ തീരുമാനിക്കപ്പെട്ടതാണ് !"
" സ്വം, ഉചിതം തന്നെ എന്റെ സ്വന്തം എന്നാണല്ലോ അര്‍ത്ഥം. നല്ലത്"
നാളെ കാണാം എന്ന ഉപവചനത്തോടെ  എഴുന്നേറ്റു, വാതില്‍ സാക്ഷ തുറക്കാന്‍ വിചാരിച്ചത്ര ശുഷ്ക്കാന്തി  കാണിക്കാതെ ഞാന്‍ അതുമായി മല്ലിടുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി
" വീട്ടില്‍ കൂടലിന് വിളിക്കൂ "
 ശുഷ്ക്കാന്തി കാണിക്കാത്തത് സക്ഷയല്ല ഞാനാണ് എന്നൊരു വീണ്ടുവിചാരമുണ്ടായത് അപ്പോളാണ്. പിന്തിരിഞ്ഞു നിന്നു അദ്ദേഹത്തിന്റെ നാട്ടിലെ ഫോണ്‍ നമ്പര്‍ വാങ്ങി യാത്ര പറഞ്ഞിറങ്ങി. നീണ്ടു  മലര്‍ന്നു കിടക്കുന്ന മരുഭൂമിയിലൂടെ കാറില്‍ തിരിച്ചു പോരുമ്പോള്‍, അവിചാരിതമായി വന്നു നിറഞ്ഞ പൊടിക്കാറ്റായിരുന്നു. പതിവുപോലെ ആസ്ത്മ രോഗിയായ ഞാന്‍ ശ്വാസംമുട്ടി പിടക്കേണ്ടാതാണ്. പക്ഷെ എനിക്കങ്ങിനെ അനുഭവപ്പെട്ടില്ല. ഒരു പക്ഷെ ഉള്ളില്‍ പ്രിയപ്പെട്ട ഒരാളെ
കാണ്കയാല്‍ ശരീരം എന്നോടു ദയ കാണിച്ചതാകാം. എനിക്കോര്‍മ്മയുണ്ട്  പ്രിയപ്പെട്ട സംവിധായകാ... കല്‍ക്കരി വണ്ടി ശര്ദ്ധിക്കുന്ന കൊടും ചൂടില്‍ നാമേതൊക്കെയോ മുന്‍ജന്മങ്ങളില്‍ ഒരേ കമ്പാര്‍ട്ടുമെന്റില്‍ യാത്രചെയ്തത് . അന്ന് പുറത്തെ പച്ചപ്പ്‌ കണ്ട്  രംഗബോധമില്ലാതെ ചാടി ആത്മഹത്യചെയ്ത്തവന്‍ ഞാന്‍... നീ കരുതും പോലെ തീവണ്ടിയിടിച്ചല്ല ഞാന്‍ മരിച്ചത്, വിഷം തീണ്ടി, അങ്ങനെ  തന്നെ എന്ന് വേണം കരുതാന്‍. കാരണം എനിക്ക് കുഞ്ഞികുട്ടന്‍   എന്ന പേരിട്ടത് നീതന്നെയാണല്ലോ.... നിന്റെ മടിശ്ശീലയില്‍ നിന്നും എന്റെ സുഭദ്രയെ തിരികെ തരിക നീയെനിക്ക് !                     
    
    

6

എഴുത്താടുകളുടെ നല്ല ഇടയന്‍

27 /05 /2011       
സമയം കാലത്ത് പതിനൊന്ന്
വേദി:സക്സസ് ലൈന്‍  ഓഡിറ്റോറിയം 
ഞാനാണ് എഴുത്തച്ചന്‍ എന്ന അക്കപ്പോരിന്റെ കവാടത്തില്‍ അയാള്‍ മുഖം കുനിച്ച് ഇരുന്നു.
എന്നിട്ട് വളരെ വിനയാന്വിതനായി ഇങ്ങനെ പറഞ്ഞു
 "എനിക്കും ഒരെഴുത്തുകാരനാവാമെങ്കില്‍ ആര്‍ക്കും ഒരെഴുത്തുകാരനാവാം"
അയാള്‍ക്ക്‌ പേര്‍ ബെന്യാമിന്‍.
എഴുത്ത് കൊണ്ട് സ്വയം ഊതിക്കാച്ചപ്പെട്ടവന്‍. ഇപ്പോള്‍ അയാള്‍ക്ക്‌ നജീബിന്റെ മുഖമാണ്. ആള്‍പ്പാര്‍പ്പില്ലാത്ത വെളിംപ്രദേശത്തു മാത്രമല്ല ശീതികരിച്ച മുറിയിലും നമുക്ക് മരുഭൂമികള്‍ സൃഷ് ട്ടിക്കാം എന്ന് എനിക്കിന്നാണ് മനസ്സിലായത്.ഞാന്‍ മരുഭൂമിക്കപ്പുറത്തെ അബ്ദാലിയില്‍ നിന്നും ഓടിവന്നവന്‍‍.അവിചാരിതമായി കണ്ട് മുട്ടിയ ഒരു നാടന്‍ സുഹൃത്തിനോട് അബ്ദാലിയിലാണ് ജോലി എന്ന് പറഞ്ഞപ്പോള്‍ അവിടെ ഒത്തിരി മസറകള്‍ ഉണ്ടല്ലോ എന്ന് ഈയിടെ അവന്‍ അത്ഭുതം കൂറിയിരുന്നു." മസറ"എന്ന വാക്ക് എന്നെ ഉടലറ്റം പൊള്ളിച്ചുകളഞ്ഞു
ആ വാക്ക് എന്നെ പരിചയപ്പെടുത്തുന്നത് ബെന്യാമിന്റെ "അടുജീവിത"മാണ്.
ദൈവമേ എത്ര നജീബുമാരുടെ മസറകളും കടന്നാണ് ഞാന്‍ എന്റെ തൊഴിലിടത്തിലേക്ക് പോകുന്നത് എന്നൊരു വേവലാതി അന്ന് മുതല്‍ എന്നേ പിന്‍തുടര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു.വടക്കന്‍കാറ്റ്  ആഞ്ഞടിച്ചു ഓഫീസ് മുറിയിലേക്ക് ആട് മണംവന്നു നിറയുമ്പോളൊക്കെ അവയ്ക്ക് പിന്നില്‍ മുട്ട് കുത്തിയിരുന്നു പ്രാര്‍ത്ഥനപോലെ കരയുന്ന നജീബ് എന്റെ രാവുറക്കത്തെ ഒട്ടൊന്നുമല്ല വേട്ടയാടിക്കൊണ്ടിരുന്നത്...
ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു "എഴുത്ത് വഴി നജീബിനെ തുറന്നുവിട്ടതിനു ശേഷം അനുഭവിച്ച ശൂന്യതയെ ബെന്യാമിന്‍ എങ്ങിനെയാണ് അതിജീവിച്ചത്?"
"അത് എഴുത്തുകാരന്‍ നിരന്തരം അനുഭവിച്ചു പോരുന്ന യാതനകളുടെ തുടര്‍ച്ചയാണ്,ഞാന്‍ എഴുത്ത് നേരങ്ങളില്‍ നിരന്തരം നജീബുമായി ഉള്ളില്‍ സംസാരിക്കുകയും അയാളെ കാണുകയും ചെയ്തിരുന്നു.ജീവിതത്തിലെ നജീബിനെക്കാളും എനിക്കിഷ് ട്ടം പുസ്തകത്തിലെ നജീബിനെയാണ്."
"ഏകാന്തതയുടെ സെല്ലില്‍ അടക്കപ്പെട്ട രണ്ടുപേര്‍ തീര്‍ച്ചയായും പരസ്പരം പേരെങ്കിലും ചോദിക്കില്ലേ?മസറയിലെ നജീബിന്റെ സഹപ്രവര്‍ത്തകനെ താങ്കള്‍ "ഭീകരരൂപി" എന്നാണല്ലോ അഭിസംബോധന ചെയ്തിരിക്കുന്നത്?
"ശരിയാണ്,ഏകാന്തതയില്‍ കുടുങ്ങിപ്പോയ ഒരാളുടെ അടുത്ത് എത്തപ്പെടുന്ന ഒരു ചെറുപ്പക്കാരന്‍ അയാളോട് പേര് ചോദിച്ചാല്‍ അതറിഞ്ഞിട്ട് നിനക്കെന്തു വേണം എന്നഭാവത്തില്‍ ഇരിക്കുകയെ ഉള്ളൂ.അതിനപ്പുറം അയാളില്‍ നിന്നൊന്നും നാം പ്രതീക്ഷിക്കരുത്"
"നജീബ് ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസം ഉടയാതെ ഇങ്ങോളം നിലനില്‍ക്കുന്നതെങ്ങിനെയാണ്?"
"അത് നജീബിന്റെ വിശ്വാസമല്ല,ബെന്യാമിന്റെ വിശ്വാസമാണ്,ഒരു സ്വകാര്യം പറയട്ടെ,വിശ്വാസത്തിനാണ് ഇന്നേറെ വാണിജ്യ സാധ്യത,പിന്നെ കേട്ടെഴുത്തില്‍ ഒരു താളം കിട്ടിയത് നജീബ് ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസം കൊണ്ട് മാത്രമാണ് "      
"മരുഭൂമിയെ ഇത്രയധികം എങ്ങിനെ പരിചയപ്പെട്ടു?"
"ആടുജീവിതത്തിന്റെ പശ്ചാത്തല രൂപീകരണത്തിനായി ഞാന്‍ മരുഭൂമിയെക്കുറിച്ചുള്ള പത്തോളം പുസ്തകങ്ങള്‍ പഠിച്ചു,പിന്നെ ഏറെ കേട്ടറിഞ്ഞു,ഇത്തിരി കണ്ടും" 
"ആടുജീവിതം വായിച്ചതിനുശേഷം വായനക്കാരില്‍നിന്നും കിട്ടയ മനസ്സില്‍ തട്ടുന്ന അനുഭവം?"
"ഒത്തിരിയുണ്ട്,ഈയിടെ ആടുജീവിതം പാഠപുസ്തകമാക്കിയിരുന്നു.സ്കൂളിലും കോളേജിലും.മലബാര്‍ മേഖലയില്‍ നിന്നും ഒരു ടീച്ചര്‍ എന്നെ വിളിച്ചിരുന്നു.അവരുടെ കുട്ടികള്‍ ഒരുതീരുമാനമെടുത്തത്ത്രെ
ഇനി തങ്ങളുടെ ഉപ്പമാരോടോ,ചേട്ടന്‍ മാരാടോ അവര്‍ ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ ഒരു സാധനത്തിനും അവശ്യപ്പെടില്ലെന്ന്‍!"         
"ആടുജീവിതം സിനിമയാകപ്പെടുമ്പോള്‍ എത്രത്തോളം അതിന്റെ ഘടനയോടു നീതി പുലാര്‍ത്താനാവും?"
" അതിലെനിക്ക് ആശങ്കയുണ്ട് അതേസമയം ബ്ലെസ്സി എന്ന സംവിധായകനില്‍ എനിക്ക് വിശ്വാസവും.അടൂര്‍ ആടുജീവിതം സിനിമയാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു,അപ്പോഴേക്കും ബ്ലസ്സിയുമായി ചര്‍ച്ചകള്‍നടന്നു കഴിഞ്ഞിരുന്നു"
"
പൃഥ്വിരാജ് നജീബാകുന്നതില്‍ താങ്കള്‍ക്കു പൊരുത്തമുണ്ടോ?
" അദ്ദേഹം നല്ല സമര്‍പ്പണശീലമുള്ള നടനാണ്‌.കച്ചവട സിനിമകള്‍ അനുവദിക്കുന്നില്ലെന്ന് മാത്രം.നജീബിനുവേണ്ടി ശരീരം അത്രത്തോളം മെലിയിക്കാനുള്ള തയ്യാറെടുപ്പിലാണയാള്‍‍."
"ആട് ജീവിതം നായകന്റെ ആത്മഗതങ്ങളുടെ ഒരു ശേഖരമാണ്. ഉപനായകന്മാരാകട്ടെ മറ്റു രണ്ട് ദേശക്കാരും.ഒരു പ്രാദേശിക ചലച്ചിത്രത്തില്‍ എത്രമാത്രം സാധ്യത ഇതിനൊക്കെ?"
"പരിമിതികള്‍ ഏറെയാണ്‌ അതിനെ അതിജീവിക്കാന്‍ ബ്ലസ്സിക്ക് കഴിയും എന്ന് തന്നെയാണ് എന്റെ വിശ്വാസം."
"സിനിമയാവുമ്പോള്‍ പുതിയ കഥാപാത്രങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഇല്ലേ"
"ഉണ്ട് തീര്‍ച്ചയായും മൂന്ന് നാല് കഥാപാത്രങ്ങള്‍ കൂടിഉണ്ടാവും"
" പുതിയ എഴുത്ത് പദ്ധതികള്‍?"
"മഞ്ഞവെയില്‍ മരണങ്ങള്‍...നോവല്‍ ഏതാണ്ട് എഴുതിക്കഴിഞ്ഞു"
"സിനിമ റിലീസാകുന്നതിനു മുമ്പെ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്ന കാലത്ത്,പുസ്തകവും അതേമട്ടില്‍ പ്രത്യക്ഷപ്പെടുന്നത് എഴുത്തുകാരനെ എങ്ങിനെ ബാധിക്കും?"
"പുസ്തകമല്ല,എഴുത്താണ് പ്രചരിക്കുന്നത് അത് എഴുത്തുകാരന് ഗുണമേചെയ്യൂ,അതേസമയം അതിന്റെ വാണിജ്യ സാധ്യതകള്‍ക്ക് പ്രഹരമേല്‍പ്പിക്കുകയും ചെയ്യുന്നുണ്ട്.എന്നാലും പുസ്തകം കിട്ടാത്ത ഒരാളേ നെറ്റില്‍ ആ എഴുത്തിനു വേണ്ടി തെരയൂ..അത് ആ വായനക്കാരന്റെ അഭിവാഞ്ചയാണ്."
"അങ്ങിനെയെങ്കില്‍ എഴുത്തിന്റെ സത്വബോധം പുസ്തകം തന്നെയല്ലേ?"
"തീര്‍ച്ചയായും,എന്നാല്‍ പുസ്തകവും അപ്രത്യക്ഷമാവുന്ന കാലംവരും,പക്ഷെ അന്നും എഴുത്തുണ്ടാവും."
  "നജീബ് പഴയത് പോലെ ഇപ്പോഴും വേട്ടയാടുന്നുണ്ടോ?"
"ഇല്ല, എഴുതിക്കഴിഞ്ഞാല്‍ ആ കഥാപാത്രത്തെ ബോധപൂര്‍വം മറന്നു കളഞ്ഞില്ലെങ്കില്‍ എഴുത്തുകാരന് നിലനില്‍പ്പില്ല.അതിന്റെ തുടര്‍ച്ച പിന്നീടുള്ള എല്ലാഎഴുത്തുകളിലും അത് കൊണ്ടുവന്നിടും."                
   കൂടെ ഒന്നുകൂടെ പറയട്ടെ അബ്ബാസിയയില്‍ ഒരു വായന ശാല ഉത്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്.ജോണ്‍ മാത്യു എന്ന നല്ല മനുഷ്യന്റെ വിയര്‍പ്പുതുള്ളികള്‍.ജോലിയും പ്രാര്‍ത്ഥനയും,സീരിയലും കഴിഞ്ഞു നേരം കിട്ടുന്നുവെങ്കില്‍ അതുവഴി കടന്നു പോകുക.ജീവിക്കാന്‍ അപ്പവും, പ്രാര്‍ഥനകളും മാത്രം പോരാ പുസ്തകങ്ങള്‍കൂടി വേണമെന്നു പറഞ്ഞു കൊടുക്കേണ്ട ബാധ്യത നമുക്ക് മക്കളോടുണ്ട്. 
                  
സമയം വൈകുന്നേരം ഏഴര
വേദി: പ്രവാസി ഓഡിറ്റോറിയം
        സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത എന്നൊരു പ്രയോഗം എന്റെ മുത്തശ്ശിയില്‍നിന്നും കടമെടുക്കുന്നു.എന്തിനാണ് എല്ലാവരും ഇത്രയും ജാഗ്രത്തായിരിക്കുന്നത് എന്നറിയില്ല.ആ നിശബ്ദത നജീബിനുള്ളതാണ്,ശേഷം നജീബിനെ നമുക്ക് പറഞ്ഞുതന്ന ബെന്യാമിനും.കുവൈത്തിലെ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ ആരെയും ബോധിപ്പിക്കാനല്ലാതെ എനിക്കുവേണ്ടി ഞാന്‍ ആദ്യാവസാനംവരെ വന്നിരുന്ന ഒരു പകലറുതി.അതിനെ പ്രൌഡഗംഭീരമാക്കുന്നത് ഒരു പക്ഷെ നജീബ് ജീവിച്ചു തീര്‍ത്ത ആട് ജീവിതമാണ്.പുറമ്പോക്ക് ജീവിതത്തിന് ബെന്യാമിന്‍ സംഭാവന ചെയ്ത ആഗാധമായ വാക്കാണ്‌ "ആട്ജീവിതം".മലയാളത്തില്‍ ഇങ്ങനെ ഒരു രൂപകം ഉയര്‍ത്തിക്കൊണ്ടു വന്നത് ഒരു പക്ഷെ സക്കറിയയായിരുന്നു "ഭാസ്ക്കരപട്ടേലരും എന്റെ ജീവിതവും" എന്ന കൃതിയിലൂടെ തൊമ്മി എന്ന പേര് അടിമത്വത്തിന്റെ നാനാര്‍ത്ഥമാകുന്നത് നാം അനുഭവിച്ചതാണ്‌.അനുസരിക്കുക,എന്ന ഒറ്റ കര്‍മ്മം മാത്രമേ തൊമ്മിക്കും,നജീബിനും ജീവിതം വച്ചുനീട്ടുന്നുള്ളൂ,
ഒരു പുസ്തകം വായിക്കാതെയും അതിനെപ്പറ്റി അഭിപ്രായം പറയാന്‍ കഴിയും എന്നും എനിക്കു മനസ്സിലായത്‌ ഇന്നാണ്.
"എനിക്ക് സംശയമായി.മായിന്‍..? അതെന്താണ്... തോട്ടിയോ വെള്ളമോ? എങ്കില്‍ പിന്നെ അര്‍ബാബ് പറഞ്ഞ മസറ എന്താണ്? മാസറയാണോ മായിനാണോ വെള്ളം...?ആര്‍ക്കറിയാം".ഞാനും ചിലത് പഠിച്ചു തുടങ്ങുകയാണ്... ജീവിതത്തില്‍ പാഠങ്ങള്‍ ഒഴിഞ്ഞിട്ട് നേരമില്ല..
 ചര്‍ച്ചയില്‍ ചിലത് പറയാന്‍ ഞാനും കരുതിയിരുന്നു സമയക്കുറവുമൂലം ഇടംകിട്ടിയില്ല. അതുകൊണ്ട് പറച്ചില്‍ എഴുത്തിലൊതുക്കുന്നു.കുവൈത്തില്‍‍ എത്തിപ്പെട്ട ആദ്യകാലങ്ങളില്‍ ഭീകരമായി അനുഭവിച്ച ഏകാന്തത അകറ്റാന്‍ എനിക്കൊരു വഴിയെ ഉണ്ടായിരുന്നുള്ളൂ.ഫര്‍വാനിയയില്‍നിന്നും ഫഹാഹിലേക്ക് പോകുന്ന നാല്‍പ്പത്തിഒന്നാംനമ്പര്‍ ബസ്സില്‍ കയറി ഇരിക്കുക.ശീതീകര
ണിയോ,എന്തിന് ജനല്‍ചില്ലുകള്‍പോലുമോ ഇല്ലാത്ത പഴഞ്ചന്‍ ബസ്സായിരിന്നു അത്.ഇരുപുറത്തെയും മരുഭൂമികള്‍ താണ്ടി ബസ്സ് ഒരു മണിക്കൂറിനകം അക്കരെ എത്തും..പിന്നെ തിരിച്ചിങ്ങോട്ടും.അത്തരം ഒരു യാത്രയിലാണ് ഞാന്‍ ഹബീബിനെ പരിചയപ്പെടുന്നത്.ബസ്സില്‍ ഞാനും ഡ്രൈവറും മാത്രമേ അതുവരെ ഉണ്ടായിരുന്നുള്ളൂ. വഴിയില്‍ നിന്നാണവന്‍.ബസ്സില്‍ കയറിയത്.എന്നോട് എന്തോ പറയാനുണ്ടെന്ന പോലെ അവന്‍ എന്റെ സീറ്റില്‍ തന്നെ വന്നിരുന്നു.മുഖവുരക്ക് സമയമില്ലാത്തവനെപ്പോലെ നേരിട്ട് അതിലേക്കിറങ്ങി.
"പൊതുമാപ്പ് അടുത്തെങ്ങാനും ഉണ്ടാവുമോ?"
പൊതുമാപ്പ് എന്നവാക്ക് ഞാന്‍ ഒരുപാട് നേരം മനസ്സിലിട്ട് ചവച്ചു.ആര് ആര്‍ക്കു മാപ്പ് കൊടുക്കുന്നു. ഇവന്‍ ചെയ്ത കുറ്റം എന്താവാം..എന്നിങ്ങനെ അതെന്റെ ഉള്ളിലേക്ക് നിരവധി ചോദ്യങ്ങള്‍ വലിച്ചു കൊണ്ട് വന്നു.
ഹബീബ് അവന്റെ കഥ പറയാനാരംഭിച്ചു.ചാവക്കാട്ട് നിന്നും മരുഭൂമിയിലെ പ്രാവ് വളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് വയറ്റുപിഴപ്പിനു പലായനം ചെയ്തവന്‍..പൊള്ളുന്ന ചൂടില്‍ ഓരോ പ്രാവുകളും ചത്തൊടുങ്ങുമ്പോള്‍ ചാട്ടവാറടി ശമ്പളമായി കൈപ്പറ്റിയവന്‍.ഒടുവില്‍ മരണത്തിലേക്കായാലും അത് ഒരു രക്ഷപ്പെടലാണെന്നുറച്ച്‌ ഓടിപ്പോരുകയാണ്.
"നിന്റെ കയ്യില്‍ സിവില്‍ ഐഡിയുണ്ടോ?" ഞാന്‍ ചോദിച്ചു. അതെന്താണെന്ന് അവനറിയി ല്ലായിരുന്നു!അതില്ലെങ്കില്‍ പോലീസ് പിടിക്കാനുള്ള സാധ്യത ഞാന്‍ പറഞ്ഞു    
"അവര്‍ തല്ലുമോ ചേട്ടാ"എന്നൊരു ചോദ്യം ഭയത്തോടെ അവന്‍ എന്നോട് ചോദിച്ചു.
"രണ്ട്‌ ദിവസമായി എന്തെങ്കിലും കഴിച്ചിട്ട് "
നിനച്ചിരിക്കാതെ ഒരു തുള്ളി കണ്ണുനീര്‍ അവന്റെ കണ്ണുകളില്‍ നിന്നും എന്റെ കൈത്തണ്ടയില്‍ ഇറ്റിവീണു.പിന്നെ തെല്ലൊരു കുറ്റബോധത്തോടെ അതവന്‍ തുടച്ചുകളഞ്ഞു.പ്രിയ ഹബീബ് നീ ഇറ്റിച്ച ഈ കണ്ണുനീര്‍ എന്റെ മനസ്സിലാണെന്ന് പറയാന്‍ എനിക്ക് കൊതിതോന്നി.തിരിച്ചു വരാനുള്ള ചെലവും കഴിച്ചു കീശയില്‍ അവശേഷിക്കുന്നത് അര ദിനാര്‍ മാത്രമാണെനിക്ക്.ഞാന്‍ അതവന് കൊടുത്തു.മടിയില്ലാതെ അവനതു വാങ്ങിയെങ്കിലും എന്നെ ഞെട്ടിച്ചുകൊണ്ട്,അടുത്ത ബസ് സ്റ്റോപ്പില്‍  അവന്‍ ഇറങ്ങി.അത് മരുഭൂമിയിലേക്ക് മാത്രം തുറന്നു കിടക്കുന്നതായിരുന്നു. മരുഭൂമിയില്‍ കാല്നടക്കാര്‍തീര്‍ത്ത ഒറ്റയടിപ്പാതയുടെ അടയാളംപോലും ഇല്ലായിരുന്നു! എന്നിട്ടും അവനതിലൂടെ നടന്ന് എങ്ങോട്ടാണ് പോകുന്നത്.ബസ്സിലിരുന്നു നോട്ടമെത്തും വരെ ഞാനവനെ തിരിഞ്ഞുനോക്കി.അദൃശ്യനായി അവനെ വഴിനടത്താന്‍ ഇബാഹിം ഖാദരി അവന്റെ മുമ്പിലുണ്ടാവുമോ? 
ആടുജീവിതം രക്ഷപ്പെട്ടു പോന്ന നജീബിന്റെ ഇതിഹാസം മാത്രമല്ല മണലടരുകള്‍ക്കിടയില്‍ ഒടുങ്ങി പ്പോയ ഹക്കീമിന്റെ കഥകൂടിയാണെന്ന് ബെന്യാമിന്‍ ആണയിടുന്നു.ജീവിതം ഒരു ചീട്ടു കളിപോലെയാണ്.മോശം ചീട്ടുകള്‍ കയ്യില്‍ വന്നു പെട്ടാലും കളിച്ചു ജയിക്കുക എന്നതാണ് നമുക്ക് നമ്മോടു ചെയ്യാനുള്ള നേര്.കയ്യില്‍ ഏതു ചീട്ടുകള്‍ കൊണ്ട് വന്നിടണം എന്ന് തീരുമാനിക്കുന്നത്  ആരാണ്?     
ആടുജീവിതം വര്‍ഷങ്ങള്‍ക്കിപ്പുറം വായിച്ചപ്പോള്‍ ഉള്‍ക്കിടിലത്തോടെ ഹബീബ് എന്റെ ഓര്‍മ്മയില്‍ വന്നുനിറഞ്ഞു.ഹബീബ് നജീബിനെപ്പോലെ കരക്കണഞ്ഞിട്ടുണ്ടാവുമോ?അതോ ഹക്കീമിനെപ്പോലെ......പ്രിയ ബെന്യാമിന്‍ ഇത് ആടുജീവിതമല്ല "പ്രാവുജീവിതം"...                             നാലഞ്ചു മാസങ്ങള്‍ക്ക് മുന്പ് എന്റെ ബ്ലോഗുവഴി അര്ബ്ബാബിന്റെ വീട്ടില്‍ കുടുങ്ങിപ്പോയ അശ്വതി എന്ന ഒരു എഴുത്തുകാരിയെ പരിചയപ്പെടുത്തിയിരുന്നു.ഏകദേശം നാലായിരത്തിലധികം വായന അശ്വതിയുടെ ജീവിതത്തിന് കിട്ടി.സൌദിയില്‍ നിന്നും, ബഹറിനില്‍നിന്നും,ഇറ്റലിയില്‍ നിന്നും വരെ വിവരങ്ങള്‍ തിരക്കിക്കൊണ്ട് വിളികള്‍ വന്നു.ഇതുതന്നെയാണ് ആടുജീവിതത്തിനു കിട്ടിയ പിന്തുണയും.വിരലിലെണ്ണാവുന്ന ചില ധനസഹായങ്ങള്‍കൊണ്ട് അവരുടെ ചില്ലറ കടങ്ങളൊക്കെ വീട്ടി."ഗദ്ദാമ" എന്ന ചിത്രത്തിന്റെ പാട്ടുകള്‍ ടിവിയില്‍ കാണുമ്പോളൊക്കെ ഭയന്ന് നിലവിളിക്കുന്ന മക്കളെക്കുറിച്ചോര്‍ത്തു വേദനിച്ചു കൊണ്ട് അവരുടെ ഫോണ്‍ ഈയിടെ വന്നിരുന്നു.അവര്‍ക്ക് ധൈര്യം പകരാന്‍ "ആടുജീവിതം" ആ കൈകളില്‍ എത്തിക്കാന്‍ പലതവണ ശ്രമിച്ചു.കഴിഞ്ഞില്ല.
ഇത് "അടുക്കള ജീവിതം"
എത്ര കണ്ണികള്‍ വേണം ഒരു ചങ്ങലയാവാന്‍.... എത്ര വേഷങ്ങള്‍ വേണം ഒരു ജീവിതമാകാന്‍!
അശ്വതിയുടെ കഥയറിഞ്ഞ് മാസാദ്യദിനങ്ങളില്‍ സ്ഥിരമായി അരിയും ഉപ്പും മുളകും വെളിച്ചെണ്ണയുമൊക്കെയായി അവരുടെ വീട്ടിലേക്ക് കയറി വരുന്ന രണ്ട്‌ മൂന്ന്‌ പേരുണ്ട്....അശ്വതിയുടെ അമ്മയെ ഓരോതവണ വിളി
ക്കുമ്പോഴും അവര്‍ മറന്നുപോകാതെ അത്ഭുതത്തോടെ ചോദിക്കുന്ന ഒരു കാര്യമുണ്ട്
"മോനെ ആകുഞ്ഞുങ്ങളൊക്കെ ആരാണ്?"
  ഒട്ടുവൈകാരികമായിത്തന്നെ പറയട്ടെ പ്രിയ വായനക്കാരാ അത് കുവൈത്തിലെ യൂത്ത് ഇന്ത്യയുടെ പ്രതിനിധികളാണ്!അവരുടെ ജീവിതത്തിലേക്ക് ദൈവം അയച്ചുകൊണ്ടിരികുന്ന ഇബ്രാഹിം  ഖാദരിമാര്‍!ഈ ഒരു കാഴ്ചപ്പാടുള്ള സംഘടന ബെന്യാമിന്റെ ആടുജീവിതത്തെ തിരിച്ചറിയുന്നത്‌ കരളുകൊണ്ട് വായിച്ചായിരിക്കും എന്നെനിക്കുറപ്പുണ്ട്.അത് കൊണ്ടാണ് എഴുത്തുകാരനെ ആദരിക്കുന്നതിനോടൊപ്പം തന്നെ നജീബിന് സഹായധനം എത്തിക്കാനും അവര്‍ മറന്നു പോകാത്തത്.ഇത് ഒരെഴുത്തുകാരന്റെ കൂടി ഭാഗ്യമാണ്.തനിക്കുള്ള ഉപഹാരത്തോടൊപ്പം തന്റെ കഥാപാത്രത്തിനുള്ള ഉപഹാരവുമായി തിരിച്ചുപോകുക എന്നത്!ബെന്യാമിന്‍ അതര്‍ഹിക്കുന്നുണ്ട്. നജീബും.
ജിവിതം ഒരു തുടര്‍ച്ചയാണ്,ജീവിതത്തില്‍ നാം കെട്ടിയാടുന്ന വേഷപ്പകര്ച്ചകൊണ്ട് മാത്രം കൊണ്ടല്ല,നമുക്കുശേഷം അതേ വേഷത്തില്‍ വന്നുനിറയുന്ന മറ്റുള്ളവരകൊണ്ടുകൂടി.നജീബിന്റെ ദുരിതത്തിന്റെ ആ ഭൂമികയില്‍ ഇപ്പോള്‍ അര്‍ബാബിനോപ്പം മറ്റൊരു നജീബ് തന്റെ വിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട്‌ ഒരു ഇബ്രാഹിം ഖാദരിയേയും കാത്തിരിക്കുകയാവും! പരമകാരുണികനായ പരംപോരുളേ,നീ അവന്റെ വഴിയിടങ്ങളിലും നിലാവ് വീഴ്ത്തുക.കൊച്ചു കൊച്ചു ആവലാതികള്‍ കൊണ്ട് നിറക്കുന്ന നമ്മുടെ  പ്രാര്‍ത്ഥനകള്‍ക്കിടയില്‍ നാം അവന് വേണ്ടിക്കൂടി പ്രാര്‍ത്ഥിക്കേണ്ടതുണ്ടെന്ന്‍ ബെന്യാമിന്‍ നമ്മേ അടുജീവിതം കൊണ്ട് ഓര്‍മ്മപ്പെടുത്തുന്നു. അതുകൊണ്ട് "ആടുജീവിതം"പ്രവാസിയുടെ നേര്‍ചിത്രം മാത്രമല്ല,പ്രവാസിയുടെ വിശുദ്ധ പുസ്തകം കൂടിയായിത്തീരുന്നു.         
          "മൂന്നാഴ്ചകള്‍ കൂടി പിന്നെയും കഴിഞ്ഞു.എന്തെങ്കിലും കള്ളപേപ്പറുകളുമായി അര്‍ബാബ് എന്നെ വീണ്ടും തേടിവരുമോ എന്ന പേടിയിലാണ് ഞാന്‍ അത്രയുംദിവസം കഴിച്ചു കൂട്ടിയത്.എന്നാല്‍ അര്‍ബാബ് പിന്നെവന്നില്ല.മറ്റാരെയെങ്കിലും അയാള്‍ക്ക്‌ ലഭിച്ചുകാണണം.അള്ളാഹുവിന്റെ സ്നേഹം ആ നിസ്സഹായനൊപ്പമിരിക്കട്ടെ... (ആടുജീവിതം)  
                       

5

ദ്വിഭാഷികളുടെ ചിരി


"അപ്പ ആര്‍ക്കാണ് വോട്ടു ചെയ്തത്?"
ഇന്നലെ അഞ്ചു വയസ്സുകാരി മകള്‍ ഉമ്മുഖുല്സു അവിചാരിതമായി ചോദിച്ചതാണിത്.
തെരഞ്ഞെടുപ്പു കഴിഞ്ഞു നാളേറെയായി.ഉത്സവം കഴിഞ്ഞു ആനപ്പിണ്ടത്തിന്റെ മണവും മാഞ്ഞു. സമാധാനിച്ചിരിക്കുമ്പോളാണ് മകള്‍ ഹൃദയത്തിലേക്ക് ഒരു വാള്‍വീശിയത്.ശരിയാണ് അവസരം കിട്ടിയിരുന്നെങ്കില്‍ ഞാന്‍ ആര്‍ക്കാണ് വോട്ടു ചെയ്യുമായിരുന്നത്.നാം യഥാര്‍ത്ഥത്തില്‍  ആരെയെങ്കിലും തെരഞ്ഞെടുക്കുന്നുണ്ടോ?
"തെരഞ്ഞെടുപ്പു കഴിഞ്ഞു" എന്ന സത്യത്തെ നമുക്കിങ്ങനെ വിഗ്രഹിച്ചു സമാസം പറയാം
തെരഞ്ഞെടുപ്പ് :തെരഞ്ഞെടുക്കുക എന്നാല്‍ പലതില്‍ നിന്നും ഏറ്റവും ഉചിതമായ ഒന്നിനെ സ്വീകരിക്കുക എന്നതാണല്ലോ.ഏറ്റവും ഉചിതമായത് ഒന്നേ ഉണ്ടാവാന്‍ സാധ്യതയുള്ളൂ എന്നിരിക്കെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആശങ്ക എന്നത് എന്താണ്.ഇതിനെ വേറൊരര്‍ത്ഥത്തില്‍ നോക്കിക്കാണാം.ശരിക്കും
നാം ഒരാളെ തെരഞ്ഞെടുക്കുന്നുണ്ടോ?മുന്‍കൂട്ടി നിശ്ചയിച്ച ഒരാളെ പിന്തുണക്കുക മാത്രമല്ലേ ചെയ്യുന്നുള്ളൂ.ഈ പിന്തുണയുടെ അടിസ്ഥാനം എന്താണ്.അത് രാഷ്ട്രീയാധിഷ്ടിതമാണെങ്കില്‍,മനുഷ്യന്റെ തത്വാധിഷ്ടിത പ്രശ്നങ്ങളെ നമ്മുടെ യജമാനന്‍മാര്‍ എങ്ങിനെയാണ് നോക്കിക്കാണുക.എന്ത് കൊണ്ടാണ് നമുക്ക് ചാരായം നിരോധിക്കാനും എന്റോ സള്‍ഫാന്‍ നിരോധിക്കാതിരിക്കാനും കഴിയുന്നത്‌.        
"തെരഞ്ഞെടുപ്പു കഴിഞ്ഞു"എന്നതിലെ കഴിഞ്ഞു എന്നത് കൈവിട്ടുപോയി എന്ന ഒരു വ്യംഗ്യാര്‍ത്ഥമാണ് ധ്വനിപ്പിക്കുന്നത്.മരണാസന്നനായി അത്യാഹിതവിഭാഗത്തില്‍ കിടക്കുന്ന രോഗിയുടെ ബന്ധു വരാന്തയില്‍ നില്‍ക്കുന്ന നമ്മോട്‌ പറയുക "കഴിഞ്ഞു" എന്നുമാത്രമാണ്.ഒരു ചിതയുടെ ഗന്ധത്തിലേക്ക് അത് നമ്മെ വഴിനടത്തുന്നു. ഭൂതകാലത്തിന്റെ കൈയ്യൊപ്പിനെ അത് ഓര്‍മ്മിപ്പിക്കുന്നു.പൊതുജനത്തിന്റെ കാര്യംകഴിഞ്ഞു ഇനി അധികാരം കിട്ടുന്നവന്റെ ഊഴമാണ്.അവന്‍ ചാട്ടവാറെടുത്താലും നാം അവന്റെ ഊഴംകഴിയും വരെകാത്തിരിക്കുകയെ നിവൃത്തിയുള്ളൂ.ഫലത്തില്‍ അഞ്ചു വര്‍ഷത്തേക്കുള്ള വേട്ടക്കാരെ നാം കരാര്‍പ്രകാരം നിശ്ചയിക്കുകയാണ്.ഈ കരാര്‍ മാമാങ്കത്തില്‍ അവര്‍ പലവിധം ഇരകള്‍ ചൂണ്ടകളില്‍ കോര്‍ത്തെറിയുന്നു.നാം ചെറുമീനുകള്‍ ആര്‍ത്തിയോടെ അതില്‍കൊത്തി ചങ്ക്കീറി നിലവിളിക്കുന്നു.അധികാരം കിട്ടുമ്പോള്‍ അവരുടെ കാതുകള്‍ ഉന്മാദാവസ്ഥയില്‍ അടഞ്ഞു പോകുന്നു. കണ്ണുകള്‍ അര്‍ദ്ധനിമീലിതങ്ങളെന്നു നാം തെറ്റി വായിക്കുന്ന അന്ധ മിഴികളാവുന്നു.അങ്ങനെ കണ്ണുംകാതും ഇല്ലാത്ത ഒരു മാംസപിണ്ഡമായി അവര്‍ പരിണമിക്കുന്നു.അവരെ നാം ആര്‍ത്തിയോടെ നേതാവെന്ന് വിളിക്കുന്നു.
           അതുകൊണ്ടാണ് കേരളത്തില്‍,ലോകത്തിലാദ്യമായി ബാലറ്റ്പെട്ടിയിലൂടെ അധികാരത്തില്‍വന്ന നമ്മുടെ കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ഇത്തവണ മുന്നോട്ടുവെക്കാനുണ്ടായിരുന്ന ഏകആശയം മധ്യവയസ്കന്നായ ഒരാള്‍ മുമ്പെന്നോനുണഞ്ഞു എന്ന്പറയപ്പെടുന്ന ഐസ്ക്രീമിന്റെ പേരില്‍ അയാളെ തടവിലിടും എന്ന ഒറ്റ അജണ്ട മാത്രമായിപ്പോയത്.എന്റോസല്‍ഫാനേക്കാളും വിഷം പണ്ട് കഴിച്ചുപോയ ഒരുകപ്പ് ഐസ്ക്രീമിനുണ്ടെന്ന് അവര്‍ നമ്മോട്‌ ആണയിടുന്നത്. പെണ്‍വാണിഭത്തിലകപ്പെട്ട പെണ്‍കുട്ടികളുടെ മുഖം ഒരുതുണ്ട് തുണിയില്‍നിന്നും പുറത്തേക്ക് വഴുതിപ്പോകുന്നതും കാത്തു നാം രിക്കുന്ന അതേ അക്ഷമയോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ അറസ്റ്റിന് നാം കാത്തിരിക്കുന്നത്.അത് നമ്മുടെതന്നെ ഉള്ളിലുള്ള അശാന്തരതിയെ തൃപ്തിപ്പെടുത്താനുള്ളതാണ്.
        
ആന്ധ്രയിലെ കര്‍ഷകര്‍ അവര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍,അവര്‍ക്ക് മഴകിട്ടിയാല്‍, ഉല്‍പ്പാദിപ്പിച്ചേക്കാവുന്ന അരി രണ്ട് രൂപയ്ക്കു നമുക്ക് വിളമ്പുമെന്നു വേട്ടക്കാര്‍ നമ്മോട്‌ ഫലിതം പറയുന്നു.ഫലിതവും ചിലപ്പോള്‍ കുറ്റബോധത്തില്‍ നിന്നുമുണ്ടാവുമെന്നു നാം ചില നേരങ്ങളില്‍ ഇങ്ങനെ തിരിച്ചറിയുന്നു. ഈ അരിയുടെ വിത്തുകള്‍ ആന്ധ്രയിലെ ഏതൊക്കെയോ പത്തായപ്പുര കളില്‍ വയലുകാത്തു കിടക്കുകയാണെന്നും ഈ നെന്മണികള്‍ വിളഞ്ഞു കതിരാവുന്നതും സ്വപ്നം കണ്ടാണ്‌ ഇങ്ങേത്തലക്കല്‍ ഒരു ഭരണകൂടം അതിന്റെ പ്രകടന പത്രിക എഴുതിയതെന്നും ഓര്‍ക്കുമ്പോള്‍ ഫലിതം ഒരു പൊട്ടിച്ചിരിയുടെ  അമ്മയാവുന്നു.മാര്‍ക്കറ്റില്‍ രണ്ട്‌ രൂപയ്ക്കു അരിയെത്തിക്കാന്‍ വേണ്ടി കൃഷിചെയ്യുന്ന ഒരു കര്‍ഷകനെ ഇടതുപക്ഷം രണ്ടായിരത്തി പതിനൊന്നില്‍ സ്വപ്നം കാണുന്നു എന്നിടത്തു ആനന്ദിന്റെ ഗോവര്ധനന്റെ യാത്രകള്‍ ആരംഭിക്കുന്നു.അത് സര്‍ഗാത്മകത ഉള്ളില്‍ ഉരുത്തിരിയുന്നവന് മാത്രം ഉള്‍ക്കൊള്ളാനാവുന്ന ഫലിതം  
                ഇനി ഐസ്ക്രീം രാഷ്ട്രീയം.റജീന ഒരു സ്ത്രീലിംഗ ഇരയായിരുന്നില്ല ഒരിക്കലും.അവള്‍ നമ്മെ ഞെട്ടിച്ചത് അവള്‍ നമുക്ക് മുന്നില്‍ ഉയര്‍ത്തി പ്പിടിച്ച വേട്ടക്കാരന്റെ മുഖംകൊണ്ട് മാത്രമാണ്.കുറച്ചു കാശിന് ആവശ്യം വരുമ്പോള്‍ അവള്‍ ഇനിയും നമ്മുടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടും. അങ്ങനെ ഉറക്കം നഷ്ടപ്പെടാതിരിക്കാന്‍ വേട്ടക്കാര്‍ എപ്പോഴും മടിശ്ശീലയുമായി അവള്‍ക്കു പിന്നില്‍ ഗാജരൂകരായിരിക്കും.ഈ ജാഗ്രത നമ്മുടെ ജനാധിപത്യത്തെ ശാന്തമായൊഴുക്കാന്‍ ശീലിപ്പിക്കും. 
            അഭയകേസുപോലെ മലയാളിക്ക് സ്വന്തമായൊരു ഉത്തരമുള്ള സമസ്യതന്നെയാണ് റജീന കേസും.സ്ഥിരബുദ്ധിയുള്ള ഒരാള്‍ക്ക് ഇനിയൊരു കേടതിവിധിയുടെ ആവശ്യമില്ല.അതൊരു സാങ്കേതികക്രമം മാത്രമാണിനി.എന്നിട്ടും ഇടത്പക്ഷത്തിന്റെ മുഖ്യഅജണ്ട ഇതാണ്.
വി,എസ്സിന്റെ പടംവെച്ചുള്ള വോട്ടുപിടുത്തം പാര്ട്ടിവിരുദ്ധമായി കണ്ടെത്തപ്പെടുന്നത് തെരഞ്ഞെടുപ്പിന് ശേഷമാണ്.ഈ കണ്ടെത്തല്‍ തന്നെ വി.എസ്സിന് ഇനി ആ കസേരയിലേക്ക് ഊഴമില്ലെന്നുള്ള വ്യംഗ്യാര്‍ത്ഥമാണ്.അപ്പോള്‍ ജനമിളകും എന്നൊരു താക്കീത് നമ്മുടെ ഉള്ളി
ല്‍ വലിഞ്ഞു മുറുകുന്നില്ലേ ! 
"എടോ ഗോപാലകൃഷ്ണാ... അതൊക്കെ ഞങ്ങള്‍ തന്നെ പ്ലാന്‍ചെയ്ത തെരുവ് നാടകങ്ങളല്ലേ" എന്നൊരു ചിരി പാര്‍ട്ടിസെക്രട്ടറി അപ്പോള്‍ ചിരിക്കും.             
        ഇരകളുടെ ഭാഗത്ത് നില്‍ക്കുന്നു എന്ന് നമ്മെ വ്യമോഹിപ്പിക്കാന്‍ അവര്‍ പാര്‍ട്ടിക്കകത്ത് ഒരു കൃത്രിമ ഇരയെ സൃഷ്ട്ടിക്കുന്നു.എന്നിട്ട് നോക്കൂ ഈ ഇര നിങ്ങള്‍ക്കൊപ്പമാണ് എന്നും നിലകൊണ്ടിരുന്നതെന്ന് നമ്മെ വിശ്വസിപ്പിക്കുന്നു.അങ്ങിനെ വി.എസ്.എന്ന ഇര സഹതാപതരംഗ ങ്ങളിലൂടെ കസേര നിലനിര്‍ത്താന്‍ നമുക്കിടയിലേക്കിറങ്ങി വരുന്നു. വി.എസ്സിന് സീറ്റ് നിഷേധിച്ചു എന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പരത്തി അവര്‍ സ്വന്തം അണികളേക്കൊണ്ട് പ്രതിഷേധം സംഘടിപ്പിക്കുന്നു.ഒന്നും ചെയ്യുവാനില്ലാത്തത് കൊണ്ട് കണ്ണീര്‍സീരിയല്‍ കണ്ടു മനമുരുകിയ ഒരാള്‍ക്കൂട്ടം പാവം വി. എസ്. എന്ന് കരയുന്നു.ഇതിന്റെ പിന്നില്‍ പതിയിരിക്കുന്ന 
രണ്ട് പകടമുണ്ട്.കെട്ടുപാടുകളില്ലാതെ വി,എസ്. അധികാരത്തിലെത്തിയാല്‍ ഒറ്റവര്ഷംകൊണ്ട് നാട് നന്നായിപ്പോകും എന്ന് നാമൊക്കെ ഉള്ളില്‍ വളര്‍ത്തിയെടുത്ത അന്ധവിശ്വാസം.ഇത് മതാന്ധതയെക്കാള്‍ വലിയ ഭീകരതയാണ്. ഇതാണ് യഥാര്‍ത്ഥ ചൂഷണം.ചുരുക്കിപ്പറഞ്ഞാല്‍ ഈ അന്ധവിശ്വാസത്തിന്റെ പേരിലായിരിക്കും കമ്മ്യൂണിസ്റ്റുപാര്‍ട്ടി ചിലപ്പോള്‍ കേരളത്തില്‍ അധികാരത്തിലേറുക. 
രണ്ടാമത്തേത് വി.എസ്‌ ഇരയുടെ പ്രതിച്ഛായയിലേക്ക് താഴ്ന്നിരുന്നു സ്വന്തം ഭൂതകാലത്തിന്റെ സമരച്ചരിത്രങ്ങളെ സ്വയം നിരാകരിക്കുന്നു എന്നത്.
സ്വന്തം ഭൂതകാലത്തിന്റെ അടിസ്ഥാനത്തില്‍ ഇരതേടുന്ന ഒരേഒരു ജീവി മനുഷ്യന്‍ മാത്രമായിരിക്കെ വി. എസ്‌ ആ ധീരഭൂതകാലത്തെ പാടേ  നിരാകരിച്ചുകൊണ്ട്‌ സ്വയം ഇരയായി അനുയാത്ര ചെയ്യുകയാണ്.ഇത് സ്വയം നിരാകരിക്കല്‍ മാത്രമല്ല കേരളചരിത്ര നിരാസം കൂടിയാണ്.ഇത് മാര്‍ക്സ്സിസ്റ്റു പാര്‍ട്ടി എന്ന കോര്‍പ്പറേറ്റു പാര്‍ട്ടിയുടെ ഒരു മുതലാളിത്ത തന്ത്രം മാത്രം.നമുക്ക് ഭക്ഷണം നിര്‍മ്മിച്ച്‌ നല്‍ക്കുകയും അതുവഴി നമ്മളിലേക്ക് നിരവധി രോഗങ്ങള്‍ ഇറക്കുമതി വെയ്യുകയും അതേ രോഗത്തിനുള്ള മരുന്നു മുമ്പ് ഭക്ഷണം നിര്‍മ്മിച്ച്‌തന്ന അതേ കമ്പനി തന്നെ വിപണനം ചെയ്യുകയും ചെയ്യുന്ന അതേ മുതലാളിത സംവിധാനത്തിന്റെ പരിഷ്കരിച്ച പതിപ്പ് വഴി പാര്‍ട്ടി സെക്രട്ടറി വേട്ടക്കാരനും,മുഖ്യമന്ത്രി  ഇരയുമാണെന്ന അവബോധം അവര്‍ സ്വയം സൃഷ്ട്ടിച്ചു.ഇപ്പോള്‍ നാം വേട്ടക്കാരനോ, ഇരക്കോ വോട്ട് ചെയ്തെ പറ്റൂ.എങ്ങിനെയായാലും ഗുണഭോക്താവ് ഒന്ന് തന്നെ!ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അതേ പഴയതന്ത്രം,ഭിന്നിപ്പിച്ചു ഫലം കൊയ്യുക എന്ന മറ്റൊരു ചുരുക്കെഴു ത്തിലേക്ക്‌ മാറ്റിയെഴുതപ്പെടുന്നു.     
        എതിര്‍പക്ഷത്തോ കഥയേറെ വിഭിന്നമായിരുന്നില്ല.വി.എസ്സിന് ഒരു മകനുണ്ടെന്ന വിവരം അവര്‍ അറിയുന്നത് ഈയ്യിടെയാണ്.ആ തിരിച്ചറിവ് കടന്നു നിരവധി മക്കള്‍ കേരളത്തില്‍ ഇതൊക്കെ നോക്കി കാണുന്നു ണ്ടെന്ന് അവര്‍ മറന്നുപോയി.മറന്നു പോകുക എളുപ്പമാണ്.ഓര്‍ത്തിരിക്കു മ്പോളാണ് ഖദറില്‍ ചുളിവുകള്‍ വീഴുക.അത് ഭംഗിയുള്ള കര്യമാകില്ല. ഇങ്ങനെ എല്ലാം ഓര്‍ത്തിരിക്കേണ്ടതിനാലാവാം നീണ്ടു കൊലുന്നനെയുള്ള ഒരു മനുഷ്യന്‍ പണ്ട് അര്‍ദ്ധനഗ്നനായത്.
                      എന്തായാലും ഒരു പക്ഷം ജയിക്കും.ഉപശാലകളിലെ കസേരകള്‍ സിന്ധുജോയി മാരെക്കൊണ്ട് നിറയും.നമ്മള്‍ ഈ മന്ത് കുടഞ്ഞു മറ്റേ കാലിലാക്കാന്‍ ഇനി ഒരഞ്ചുവര്ഷം കൂടി കാത്തിരിക്കണം. അപ്പോളേക്കും പ്രിയ വായനക്കാരാ,നമ്മളിലെത്രപേര്‍ ആതമഹത്യ ചെയ്യാതെ ബാക്കിയുണ്ടാവും.
മകള്‍ ഉമ്മുഖുല്സുവിനു
പറഞ്ഞുകൊടുക്കാന്‍ കുറുക്കന്‍മാരുടെതല്ലാത്ത ഒരു കഥ എന്നാണെനിക്കുണ്ടാവുക.   
"അപ്പ ആര്‍ക്കാണ് വോട്ടു ചെയ്തത്?" എന്ന ചോദ്യത്തിന്  ഞാനൊരു മറുചോദ്യമായിരുന്നു ചോദിച്ചത്.
"മോള്‍ ആര്‍ക്കാണ് വോട്ടു ചെയ്തത്?" 
ഉത്തരം ഇങ്ങനെ
"കുറുക്കന് "
"മോളെ എന്നെങ്കിലും വോട്ടവകാശം കിട്ടുമ്പോള്‍ ഞാനും നിന്റെ പാര്ട്ടിക്കാരനാവും.വേറാരാണ് നമുക്കുള്ളത്?"എന്ന് ചോദിക്കാനാവാതെ ഞാന്‍ ഫോണ്‍വച്ചു.     
                                                        
***
വാല്‍ക്കുറിപ്പ്
നീണ്ട അവധിക്കുവേണ്ടി നീണ്ട സിസേറിയനുകള്‍ നടത്തിയ ഡോക്ടര്‍മാരോടു രണ്ട് ചോദ്യം.
1) നിങ്ങള്ക്ക് പോസ്ടുമോര്‍ട്ടത്തിന്റെ ഡ്യൂട്ടിയായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു?
2)ഡോക്ടര്‍ ബിനായക് സെന്‍ എന്ന മനുഷ്യനെ അറിയുമോ?   
ഫലശ്രുതി ഇങ്ങനെ,ആശുപത്രികളാണല്ലോ ഇപ്പോള്‍ കുറുക്കന്‍മാരുടെ രാജധാനി  

1

അകത്ത് ആത്മഹത്യചെയ്യുന്ന വാക്കുകള്‍

പറയുവാന്‍ നാക്കില്ലാത്തതോ,പറയുവാന്‍ ഭാഷയില്ലത്തതോ ഏതാണ് ഒരു ജനതയെ സംബന്ധിച്ചിടത്തോളം വലിയ ദുരന്തം?തീര്‍ച്ചയായും ഭാഷയുള്ള ഒരു ജനതക്കേ അതിന്റെ ഭാഷകൊണ്ട് പ്രയോജനമുള്ളൂ..ഏതൊരു ജീവിയുടെയും നാക്ക് അതിന്റെ മറ്റൊരവയവം പോലെയല്ല,അത് അപരന്നുവേണ്ടിയുള്ളതാണ്.സ്വയം സംസാരിക്കാന്‍ നമുക്ക് നാക്കിന്റെ ആവശ്യമില്ലലോ.ഭാഷമരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്റെ നാക്കാണ് അവന് അശ്ലീലം.
തെലുങ്കാനക്ക് വേണ്ടി സ്വന്തം ശരീരം കത്തിച്ചുകളഞ്ഞു ഭാഷയെ സ്നേഹിക്കുന്ന തെലുങ്കന്‍ അവന്റെ മരണം കൊണ്ട് മുന്നോട്ടുവെക്കുന്ന വാക്കെന്താണ്.അത് അവസാന പിടച്ചില്‍വരെ തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്ന ഉച്ചാരണ ശുദ്ധിയില്ലാത്ത കേവലം ഞരക്കമല്ല.ജീവിതത്തില്‍ അവന്‍ പറഞ്ഞ ഏറ്റവും വിശുദ്ധിയുള്ള വാക്കാണ്‌.
ജീവിതത്തെ പലപ്പോഴും നമുക്ക് യുക്തിഭദ്രമായി അളന്നിടുന്നത് വലിയ വിഡ്ഢിത്തരമാണ്.അയുക്തിയുടെ പരകൊടികള്‍ സൃഷ്ടിച്ചുകൊണ്ട് ജീവിതഭദ്രതയെ നിരന്തരം വെല്ലുവിളിച്ചു കൊണ്ടിരിക്കുകയാണ്.ജീവിതം തെരുവിലായാലും,മന്ദിരത്തിലായാലും സാമ്പ്രദായികമായ അളന്നിടലുകള്‍ സാധൂകരിക്കുന്ന ആഹ്ലാദങ്ങള്‍ക്കപ്പുറം നമ്മേ ഉറക്കം കെടുത്തുന്ന ചില പൊള്ളലുകള്‍ ഏതൊരു ജനത്തെയും അവന്റെ മര്‍മ്മത്തിന്റെ ആഴങ്ങളില്‍ സൂക്ഷിക്കുന്നുണ്ട്. ഒരു പക്ഷെ അതായിരിക്കും അവന്റെ സത്വത്തിന്റെ കൈയ്യൊപ്പ്.അല്ലെങ്കില്‍ അവന്റെ ജനിതക വിത്ത്‌.
ഭാഷയ്ക്ക്‌ വേണ്ടിയുള്ള ഖോരയുദ്ധമാണ് രണ്ടോ,മൂന്നോ,ഏറിയാല്‍ അഞ്ചോ ദിനാര്‍ വിലയുള്ള മാംസളിമയായി ശ്രീലങ്കക്കാരികളെ നമ്മുടെ ശയ്യാഗൃഹങ്ങളിലേക്ക് കൊണ്ടുവന്നു കിടത്തുന്നത്.ഇവിടെ,കേവലം വ്യക്തിജീവിതത്തിന്റെ വീഴ്ച്ചകളായല്ല, ഭാഷക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ തുടര്ച്ചകളായിത്തന്നെയാണ് നാം ഇതിനെ കൂട്ടിവായിക്കേണ്ടതാണ്.നീളന്‍യുദ്ധം തകര്‍ത്ത് കളഞ്ഞ സമ്പദ്ഘടനയുടെ ആഴങ്ങളെ അവള്‍ നികത്തികൊണ്ടുവരുന്നത്‌ സ്വന്തം മാംസം അപരന്റെ കാമാതുരതക്ക് നേരെ വലിച്ചെറിഞ്ഞുകൊണ്ടാണ്.അപ്പോള്‍ അവളുടെ പൂമുഖത്തുനിന്നും നാം വായിച്ചെടുക്കേണ്ടത് " ഇതാണെന്റെ ഓഹരി" എന്ന നിശബ്ദ നിലവിളികളേയാണ്.ഈ വേദന യുദ്ധത്തടവുകാരനായി പിടുച്ച്‌ കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെട്ട ഏതൊരു തമിഴ് യുവാവിന്റെതിലും ഭീകരമാണ്.
ഇതേ കയങ്ങളിലേക്ക് മുങ്ങിപ്പോയ ലോകമെമ്പാടുമുള്ള ബലികളെ ഭരണകൂടയുക്തികൊണ്ട് ഭദ്രമായി നേരിടുന്നത് കൊണ്ടുമാത്രമാണ് നാം അറിയാതെ പോകുന്നത്.നാം അറിയാത്തതുകൊണ്ട് ഒരിക്കലും ഇല്ല എന്നര്‍ത്ഥം വരുന്നില്ല.കുരുടന്‍ ഭൂമിയില്‍ വെളിച്ചമില്ലെന്നു വിലപിക്കുന്നത് പോലെയാണത്.
ഈ പശ്ചാത്തലത്തില്‍ നിന്നുവേണം അത്രയധികം സുഖലോലുപതയില്‍ ജീവിച്ചുപോരുന്ന നാം ഭാഷയെ തെറ്റായി ഉച്ചരിക്കുകയും അതൊരു നവലോകമായി മാറ്റിയെടുക്കുകയും ചെയ്യുന്നതിലെ ഭീകരത തിരിച്ചറിയേണ്ടത്. നാം എന്നിട്ടും അത്തരം നവകോമാളികള്‍ക്ക് പാര്‍പ്പിടം അനുവദിക്കുന്നതിലെ അര്‍ത്ഥാന്തരന്യാസം തിരിച്ചറിയേണ്ടത്.
കൊല്ലപ്പെട്ടവന്റെ നിസ്സംഗത മുഖത്തു സൂക്ഷിക്കുന്ന ഒരു ജനതയില്‍ നിന്നും അവന്റെ ദേശീയ ഗാനമായി ഉയരുക നെടുവീര്‍പ്പ് മാത്രമാണ്.നെടുവീര്‍പ്പുകള്‍ക്ക് എല്ലലോകത്തും,എല്ലാ കാലത്തും, ഒരേ ഭാഷയാണ്. ആര്‍ക്കും തര്‍ജ്ജിമ ചെയ്യാന്‍ കഴിയാത്ത ആദിമഭാഷ!
നീരാവിയില്‍ പുഴുങ്ങിയെടുക്കപ്പെട്ടവര്‍ ഉപേക്ഷിച്ച കുപ്പായങ്ങളില്‍ പ്രിയ വായനക്കാരാ... നിന്റെ ചോര പുരണ്ടതെങ്ങിനെയാണ്! എനിക്ക് നിന്നെ സംശയമുണ്ട്.. പ്രതിപ്പട്ടികയില്‍ നീയില്ലെങ്കിലും ഒറ്റുകാരന്റെ ഭൂമികയില്‍നിന്നും നിനക്ക് തലയൂരാനാവില്ല.കാലത്തിന് അതിന്റെതായ ഒരു ദിവസമുണ്ട്. അതാണ്‌ സംസ്കരത്തിന്റെ സത്യവാങ്ങ്മൂലം.

2

ഭയം ആകാശം തൊടുമ്പോള്‍


      അക്കങ്ങളില്‍ നിന്നും ഒരാള്‍ പൊടുന്നനെ പൂജ്യത്തിലേക്ക് വീണു പോകുമ്പോള്‍ അനാദിയില്‍ നിന്നും നീണ്ടു വരുന്ന ആ അദൃശ്യമായ വലിയ കരങ്ങള്‍ തന്നെ എന്റെ പ്രതീക്ഷ. മരുഭൂമിയുടെ ശൂന്യതയില്‍ നിന്നും എന്നും എന്നെ തേടിയെത്തുന്ന അശരീരിയുടെ ആ വലിയ പിന്തുണ.അത് ചിലപ്പോള്‍ മതാതീതവും ദേശാതീതവും ആയിരുന്നു.
നിനച്ചിരിക്കാതെ ജോലി നഷ്ടപ്പെട്ടു.എന്റെ അകങ്ങളില്‍ ഞാന്‍ വല്ലാതെ കുടുങ്ങിപ്പോയി.വീട് പാതിയില്‍ എത്തി നില്‍ക്കുന്നു.നാട്ടില്‍ രോഗാതുരരുടെ ഒരു നിരതന്നെ.അമ്മ,മകള്‍,ഭാര്യ...എന്നിങ്ങനെ.ഉറക്കത്തിന്റെ ആനുകൂല്യം നഷ്ടപ്പെട്ടിട്ട് ആഴ്ചകളായി.ഏതു വാതിലിലാണ് മുട്ടിവിളിക്കെണ്ടതെന്നറിയില്ല.കൈകള്‍ക്കു സ്വന്തം വിരലുകള്‍ നഷ്ട്ടപ്പെട്ടത്‌ പോലെ,അല്ലെങ്കില്‍ എനിക്ക് ഞാന്‍ തന്നെ നഷ്ടപ്പെട്ടത്പോലെ.
ഈ മാസം പത്താം തീയ്യതി നാട്ടിലേക്കു പോകനിരുന്നതായിരുന്നു.വിളിക്കുംബോളൊക്കെ എന്നാണ് വരിക എന്ന് ചോദിക്കുന്ന മകളെ നേരിടാനാവാതെ നാട്ടിലേക്ക് വിളിച്ചിട്ട് ദിവസങ്ങളായി.വിളക്കിലെ എണ്ണതീര്‍ന്നു ഇരുട്ടില്‍ ഞാന്‍ എപ്പോള്‍ വേണമെങ്കിലും വീണു പോയേക്കാം.ഒന്നും ചെയ്യുവാനില്ലായ്മയുടെ തവുകാരനാണ് ഞാനിപ്പോള്‍!തടവറയില്‍ മുട്ടുകള്‍ക്കിടയില്‍ തലപൂഴ്ത്തിയിരിക്കുന്ന ആ ആള്രൂപം ഞാന്‍ തന്നെയാണ്.ഭയം അത്രമേല്‍ എനിക്ക്മേല്‍ വിളവെടുക്കുകയാണ്.എന്റെ പ്രിയ കൂട്ടുകാരാ എനിക്ക് കുറച്ചു ധൈര്യം തരൂ.അത്രയധികം ഞാന്‍ തകര്‍ന്നു പോയിരിക്കുന്നു. കപ്പല്‍ച്ചേദത്തില്‍ നിന്നും എന്നെ വീണ്ടെടുക്കാന്‍ നീ മാത്രമേ എനിക്കുള്ളൂ ഇപ്പോള്‍.....

5

ഉളുപ്പും ഉണ്മയും


മനുഷ്യന് ഉളുപ്പില്ലാതവുമ്പോള്‍ അവന്‍/അവള്‍ എന്താവും ?
കുറഞ്ഞ പക്ഷം അവന്‍ / അവള്‍ സിന്ധു ജോയിയെങ്കിലും ആവും.എങ്കില്‍ അവള്‍ സമരമുഖത്ത് കാലോടിച്ചതെന്തിന്.ഒരാള്‍ സ്വന്തം അവയവത്തോടു നീതികാണിച്ചില്ലെങ്കില്‍ അവള്‍ എങ്ങിനെയാണ്‌ അവളുടെ സമൂഹത്തോട് നീതികാണിക്കുക.കാലാണ് ഒരാളെ നില്‍ക്കാല്‍ ശീലിപ്പിക്കുന്നത്.അത് ഉറച്ചുനില്‍ക്കാനും,സത്വം നഷ്ടപ്പെടാതെ വഴിതേടാനുമുള്ളതാണ്.ഒറ്റ ദിവസം കൊണ്ട് ഞാന്‍ ഉമ്മന്‍ ചാണ്ടിയുടെ രണ്ടാമത്തെ മകളാണെന്ന് പറയാന്‍ സിന്ധുവിന് കഴിയുന്നു.കാരണം സിന്ധു ഒരു രാഷ്ട്രീയക്കാരിയാണ്.ഈ അച്ഛനെതിരെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവള്‍ മത്സരിച്ചു തോറ്റത്.
അല്ഫോന്സ് കണ്ണന്താനം ബി.ജെ. പി യില്‍.എന്നിട്ടും അദ്ദേഹം കരയുന്നത് ഇന്ത്യയിലെ പാവങ്ങളെക്കുറിച്ചാണ്.ചെറിയ കാലംകൊണ്ട് അദ്ദേഹം പൂര്‍ണ്ണരാഷ്ട്രീയക്കാരനായി.ഇനി അധികാരം കിട്ടിയാല്‍ മാത്രംമതി,അദ്ദേഹം എല്ലാം ശരിയക്കികൊള്ളും.ഈ മലക്കം മറിച്ചിടയില്‍ നമ്മള്‍ തീര്‍ച്ചയായും നമ്മുടെ അടയാളങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. പൊതുജനനം എന്ന സാധുമൃഗത്തിന്റെ അടയാളം.
കണ്ണൂരിലെ പി.ശശി കഴിത്തു വേദനവഴിയാണ് പുറത്ത് പോയതെന്ന് നാം അറിയുന്നു. പിന്നീട് പാര്‍ട്ടി അതിയാന്‍ കുറ്റക്കാരനാനെന്നു കണ്ടെത്തി."രോഗം ഒരു കുറ്റമാണോ സാര്‍"ഇത് തോപ്പില്‍ ഭാസിയുടെ പ്രശസ്തമായ‌ അശ്വമേധത്തിലെ അതിപ്രശസ്തമായ ഒരു സംഭാഷണമാണ്. ഇത് കെട്ട് നാം അന്തംവിട്ട് കൈയ്യടിച്ചവരാണ്.പക്ഷെ എന്പതുകളിലാണെന്നു മാത്രം.പി.ശശി എപ്പോഴും കണ്ണൂരില്‍ ഇടതു പക്ഷത്തിന്റെ നാക്കായിരുന്നു. ഇപ്പോള്‍ അവിടെയും ഇവിടെയും പറഞ്ഞു കേള്‍ക്കുന്ന കഥകള്‍വഴി അറിയുന്നു.അദ്ദേഹം ഇടത്പക്ഷത്തിന്റെ നാക്ക് മാത്രമല്ല ലിങ്കം കൂടിയാണെന്ന്.സിന്ധു ജോയ് കരയുന്നു,എന്നെ സംരക്ഷിക്കാത്ത അച്യുതാനന്ദന് കേരളത്തിലെ സ്ത്രീസമൂഹത്തെ എങ്ങിനെ സംരക്ഷിക്കാന്‍ കഴിയുമെന്ന്! പ്രിയ സിന്ധു,പറയൂ ശശി ചെയ്ത കുറ്റം എന്താണ്.അതറിയാന്‍ വലതുപക്ഷത്തെ ആര്‍ക്കും താല്‍പ്പര്യം ഉണ്ടാവില്ല. കാരണം ഇടത്തും വലതും എന്നത് പരസ്പരം കൊടുക്കല്‍ വാങ്ങലുകലുടെ ഒരു സംവിധാനമാണ്. അത് തകര്‍ന്നാല്‍ കേരളത്തിലെങ്കിലും ജനാധിപത്യം തകരും.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇതുന്റെ പൂര്‍വച്ചലനങ്ങള്‍ നമുക്ക് ഒന്നോര്‍ത്തു പോകാം.ഗൌരിഅമ്മയും,എം.വി രാഘവനും,കൊണ്ഗ്രസ്സുകാരുടെ കൂടെ! മുരളീധരനും, കരുണാകരനും,മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ വാതിലില്‍ മുട്ടി നോക്കി.വി.എസ്.വാതില്‍ തുറന്നു കൊടുക്കാന്‍ അനുവദിക്കാത്തത് കൊണ്ട് മാത്രം അവര്‍ വീണ്ടും കോണ്ഗ്രസ്സുകാരായി. കെ.ടി.ജലീലും,ചെറിയാന്‍ ഫിലിപ്പും,പി. ജെ. ജോസെഫും, മറുകണ്ടം ചാടി.ഇനി ചാടാന്‍ ആരൊക്കെ ബാക്കി കിടക്കുന്നു?
പി.കെ.കുഞ്ഞാലിക്കുട്ടിയെ ലീഗില്‍ നിന്നും പുറത്താക്കുകയാണെങ്കില്‍ അദ്ദേഹം നാളെ ചിലപ്പോള്‍ സി. പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായേക്കാം.മദനിയേക്കാള്‍ എന്തുകൊണ്ടും യോഗ്യന്‍ തന്നെ ടിയാന്‍.കസേര അതെവിടെയായാലും ഓടിപ്പോയി ഇരിക്കാന്‍ പാകത്തില്‍ ഒരു പൃഷ്ടം ഇവരിലൊക്കെ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്.ഇവിടെ കാലല്ല,പൃഷ്ടമാണ് ഉദാത്തം.
എന്നെങ്കിലും നമ്മള്‍ പ്രവാസികള്‍ക്ക് വോട്ടവകാശം കിട്ടുമ്പോള്‍ മറക്കരുത് മുഴുത്ത പൃഷ്ടം നോക്കിവേണം വോട്ടവകാശം വിനിയോഗിക്കാന്‍.രാഷ്ട്രീയം നോക്കിയല്ല.
നേതാക്കള്‍ ഒരുപാടുണ്ട് നമുക്ക്... സിന്ധു ജോയ്, ശോഭനാ ജോര്‍ജ്, ജയ ഡാലി, കെ. മുരളീധരന്‍, ചെയാന്‍ ഫിലിപ്, കെ.ടി ജലീല്‍... ഉചിതമായ പൃഷ്ടം തെരഞ്ഞെടുക്കാന്‍ വീട്ടുകാരെ ഓര്‍മ്മപ്പെടുത്താന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്....
ഓര്‍ക്കുക, ജനാധിപത്യം ചിലപ്പോള്‍ ഗുഹ്യഭാഗങ്ങളിലും വിടരും! അത് നേതാക്കളെക്കാള്‍ ഒരു ജനതയുടെ അവകാശമാണ്....

3

ഇവര്‍ ആരുടെ കുട്ടികള്‍

                                           
വിശ്വാസം നഷ്ടപ്പെടുന്ന ആധുനിക ജനാധിപത്യ സംവിധാനത്തില്‍ ചുരുക്കം ചില നീരാറാഡിയമാരെ ഒഴിച്ചുനിര്‍ത്തിയാല്‍ നമുക്ക് ഒരുപരിധിവരെ ആശ്വാസം തരുന്നത് മാധ്യമങ്ങള്‍ തന്നെയാണ്.അത് നിരന്തരം കണ്ണുകള്‍ തുറന്നു വെക്കുകയും, നമ്മെ കണ്ണുകള്‍ പൂട്ടിവെക്കാതിരിക്കാന്‍ ശീലിപ്പിക്കുകയും ചെയ്യുന്നു.ഒരു നായ മനുഷ്യനെ കടിച്ചാല്‍ അത് വാര്‍ത്തയല്ല,ഒരു മനുഷ്യന്‍ നായയെ കടിച്ചാല്‍ അത് വാര്‍ത്തയാണ് !എന്നതാണ് ജേര്‍ണ്ണലിസം ക്ലാസുകളിലെ ആദ്യപാഠം.
    അതുകൊണ്ടാണ് വ്യത്യസ്തതകള്‍ക്ക് വേണ്ടിയുള്ള പത്രപ്രവര്‍ത്തകരുടെ പരക്കം പാച്ചിലുകള്‍.ആ പാച്ചിലിനിടെ ഇരകളും വേട്ടക്കാരും ഉണ്ടാവുന്നു.മലയാളത്തിന്റെ                "വിക്കീ ലീക്സ്"ഇന്ത്യാവിഷന്‍ നിരന്തരം ചിലരുടെ ഉറക്കം കെടുത്തുന്നത് അത്കൊണ്ട്        കൂടിയാണ്.
        എന്റോസള്‍ഫാനും കടന്നു ഇന്ത്യാവിഷന്‍ ഇപ്പോള്‍ വന്നെത്തിനില്‍ക്കുന്ന ഐസ്ക്രീം വിവാദം,ഉറക്കമില്ലാത്തവരുടെ ഒരാള്‍ക്കൂട്ടം കേരളത്തിനു സമ്മാനിച്ചി രിക്കുകയാണ്.ഇതില്‍ ഏതാണ് ഭീകരം എന്ന് വിവേചിച്ചറിയാനുള്ള സ്വാതന്ത്ര്യം വായനക്കാരന് വിടുന്നു.
എന്റോസള്‍ഫാന്‍ വഴി,കെ. വി. തോമസ്‌ കേരളത്തില്‍ മാത്രമല്ല ഡല്‍ഹിയിലും പ്രശസ്തനായി എന്ന് തെളിയിക്കുന്നു അദ്ദേഹത്തിന്‌ ഈയ്യിടെ കിട്ടിയ ചില അധിക ചുമതലകള്‍.പദവിയില്‍ നിന്നും ഒഴിവാക്കപ്പെടേണ്ട ഒരു പ്രസ്താവന നടത്തിയ ഒരാളെ നമ്മുടെ ഭരണകൂടം എങ്ങിനെയാണ് സംരക്ഷിക്കു ന്നതെന്ന് നോക്കുക ഇവിടെ നാം പൊതുജനങ്ങള്‍ക്കെന്ത് കാര്യം എന്ന് വിചാരിച്ച് ഒഴിഞ്ഞുമാറിയിരിക്കുന്നത്,ബോധപൂര്‍വ്വം വോട്ട് അസാധുവാക്കി സ്വന്തം വീട്ടില്‍ വന്നിരുന്ന് ആശ്വസിക്കുന്നതിലും നിന്ദാപരമാണ് !
കുഞ്ഞാലിക്കുട്ടി വിവാദത്തില്‍ ഇന്ത്യാവിഷന്‍ ചെയ്തു വന്നത് സ്ലാഘനീയമാണെ ന്നാണ് പിണറായി പക്ഷം.ഇതേ സ്ലാഘനീയത കൈരളിചാനലും ചെയ്തിരുന്നു ഒരിക്കല്‍, ഫാരീസ് അബൂബക്കറുമായി ഒരു അഭിമുഖം ശ്രീമാന്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയിരുന്നു.ജനങ്ങള്‍ ആഗ്രഹിച്ചിരുന്ന ഒരു അഭിമുഖം.അതിന്റെ ശമ്പളം ബ്രിട്ടാസ് ഡെല്‍ഹിയി പോയി പാര്‍ട്ടി ശാസനയായാണ് ഏറ്റുവാങ്ങിയത്.ലാവലിന്‍ പ്രശ്നത്തില്‍...കണ്ടല്‍ പാര്‍ക്ക് പ്രശ്നത്തില്‍...ലോട്ടറി പ്രശ്നത്തില്‍..., കൈരളി ചാനലിന് ഇന്ത്യാവിഷന്‍ കാണിച്ച മാതൃക പിന്തുടരാന്‍ കഴിയുമോ! സ്വന്തം തെറ്റുകള്‍ പുറത്ത് വരുമ്പോള്‍ അത് മാധ്യമ സിന്ധിക്കേറ്റായി മാറ്റപ്പെടുകയും, തങ്ങള്‍ക്ക്‌ ഗുണമുള്ള വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ അത് അഭിനന്തനാര്‍ഹ വുമാകുന്നതിനെ നാം ഗൌരവമായിത്തന്നെ കാണണം.
  ഇന്ത്യാവിഷന്‍ ചെയര്‍മാനോട് മുസ്ലീംലീഗ് രാജിവെക്കാന്‍ പറഞ്ഞ വാര്‍ത്ത ഇതെഴുതുമ്പോള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ് !തെറ്റുകള്‍ മൂടി വെക്കാനല്ല മാധ്യമങ്ങള്‍,പുറത്ത്കൊണ്ട് വരാനാണ്.തീര്‍ച്ചയായും ഒരു രാഷ്ട്രീയ പാര്‍ട്ടി നിലനില്‍ക്കേണ്ടത് ഇരകളുടെ കൂടെയാണ് വേട്ടക്കാരന്റെ കൂടെയല്ല.വേണമെങ്കില്‍ ഈ പ്രശ്നത്തെ രണ്ട്‌ വേട്ടക്കാര്‍ തമ്മിലുള്ള പരാക്രമമായി നമുക്ക് ലളിതവല്ക്കരിക്കാം, കുഞ്ഞാലിക്കുട്ടി എന്ന വലിയ വേട്ടക്കാരനും മുനീര്‍ എന്ന ചെറിയ വേട്ടക്കാരനും! ഇതില്‍ ചെറിയ വേട്ടക്കാരന്‍ വധിക്കപ്പെടുക എന്നതാണ് യുദ്ധനിയമം.ഈ യുദ്ധത്തിലെങ്കിലും മിയമം ലംഘിക്കുകയില്ലെന്ന് നമുക്കാശിക്കാം.ഈ ഐസ് സ്ക്രീം ആട്ടക്കഥയില്‍ വിചിത്രമായ രീതിയില്‍ ഇരകള്‍ വേട്ടക്കാരനെ
പരസ്പരപൂരകമായി വെട്ടിലാക്കുന്നത് കാണാം.ഒന്ന്,റജീന എന്ന ഇര കുഞ്ഞാലിക്കുട്ടി എന്ന വേട്ടക്കാരനെ വെട്ടിലാക്കും വിധം. രണ്ട്, മുനീര്‍ എന്ന രാഷ്ട്രീയഇര കുഞ്ഞാലിക്കുട്ടി എന്ന വേട്ടക്കാരനെ വെട്ടിലാകും വിധം.മൂന്ന്,റജീന എന്ന ഇര അജിത എന്ന ആക്ടിവിസ്ടിനെ മൊഴിമാറ്റിപ്പറഞ്ഞു വെട്ടിലാക്കും വിധം.നാല്,റൗഫ് എന്ന വേട്ട ക്കാരന്‍ കുഞ്ഞാലിക്കുട്ടി എന്ന വേട്ടക്കാരനെ വെട്ടിലാക്കുംവിധം.ഈ പട്ടിക നമുക്ക് എങ്ങിനെയൊക്കെ നീട്ടാം എന്ന് പ്രിയ വായനക്കാരാ താങ്കള്‍ക്ക് ഈ അവസരത്തി ല്‍ ആലോചിക്കാം.ഇപ്പോള്‍ ശ്രീമാന്‍ മുനീര്‍ മുസ്ലീംലീഗില്‍ നിന്നും രാജിവച്ചു ഇന്ത്യാവിഷനെ കൂടുതല്‍ ശക്തമാക്കുകയാണെങ്കില്‍ മലയാളത്തിനു അതൊരു മുതല്‍ ക്കൂട്ടായിരിക്കും.രാഷ്ട്രീയം തന്നെ വേണമെന്നില്ലല്ലോ ഡോക്റ്റര്‍ മുനീറിന് ജീവിക്കാന്‍. രാഷ്ട്രീയക്കാരന്‍ മുനീറിനെക്കൊണ്ട് കേരളത്തിനും ഒന്നും കിട്ടാനില്ല.കുഞ്ഞാലിക്കു ട്ടി,വരുന്ന തെരഞ്ഞെടുപ്പിന് നോമിനേഷന്‍ കൊടുക്കുന്ന ദിവസം വെടിപൊട്ടിക്കു വാന്‍ കാത്തിരിക്കുകയായിരുന്നു അളിയന്‍ റൌഫ് എന്നാണ് ഒരു കേള്‍വി, അങ്ങിനെയാണെങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ നില വല്ലാതെ പരുങ്ങലിലാവുമാ യിരുന്നു.അത് കൊണ്ടാണ് കുഞ്ഞാലിക്കുട്ടി കാലേക്കൂട്ടി വെടിപൊട്ടിച്ചത്.വരുന്ന രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷം വരുന്ന തെരഞ്ഞെടുപ്പില്‍ നാം മലയാളികള്‍ ഒക്കെ മറക്കും,നമ്മുടെ മാധ്യമങ്ങള്‍ മറക്കും,അന്നേരം വീണുകിട്ടുന്ന പുതിയ ഇരകള്‍ക്ക്മേല്‍ നാം സാകൂതം നമ്മുടെ ഇംഗിതങ്ങള്‍ നടപ്പാക്കും.ഈ മറവിയെപ്പറ്റി നാം സാധാരണക്കാരേക്കാള്‍ നന്നായി നമ്മുടെ നേതാക്കള്‍ക്ക് ബോധ മുണ്ട്. അല്ലെങ്കില്‍ ഓരോ അഞ്ച് വര്‍ഷത്തിന് ശേഷവും നാം പഴയഅതേ കറകള്‍ നമ്മുടെ വിശുദ്ധവസ്ത്രങ്ങളില്‍ അണിയാന്‍ മിനക്കെടില്ലലോ!ജനാധിപത്യത്തിന് തീര്‍ച്ചയാ യും നമ്മുടെ നിഘണ്ടുവിലെങ്കിലും "ഉളുപ്പില്ലാത്ത മറവി"എന്നൊരു അര്‍ഥം കൂടി എഴുതി ചേര്‍ക്കേണ്ട കാലം എന്നേ കഴിഞ്ഞു!
ശ്രീ വി.എസ്സിന് നമ്മുടെ ആഭ്യന്തരവകുപ്പ് കൂടി ഉണ്ടായിരുന്നെങ്കില്‍ കുഞ്ഞാലിക്കുട്ടി യുടെനില എന്താകുമായിരുന്നു എന്നും ഞാനീവേളയില്‍ വിചാരപ്പെടുന്നു.പരമകാരു ണികനായ പിണറായി കാത്തു. പെണ്‍വാണിഭക്കാരെ കൈയ്യാമം വച്ച് തെരുവിലൂടെ നടത്തിക്കാന്‍ വി,എസ്.സൂക്ഷിച്ച ആ കൈയ്യാമം നമ്മുടെ അവബോ ധത്തിന്റെ ചുവരില്‍ ഇപ്പോഴും പൊടിപിടിച്ചു കാത്തിരിപ്പാണ്.ഇതിന്റെ പൂര്‍ണ്ണ ചിത്രം ഒരുപക്ഷെ നമുക്ക് കിട്ടുക എന്നെങ്കിലും പാര്‍ട്ടിയില്‍ നിന്നും പുറത്താക്ക പ്പെടുന്ന വി. എസ്. എഴുതുന്ന അദ്ദേഹത്തിന്റെ ആത്മകഥയിലൂടെയായിരിക്കും 
നമുക്ക് കാത്തിരിക്കാം... വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നാണല്ലോ ചരിത്രം നമ്മോട്‌ ചിലപ്പോള്‍ വിളിച്ചുപറയുന്നത്.